ഭാഗ്യം പറച്ചിൽ—ഇന്നും പ്രചാരത്തിലിരിക്കുന്നു
“വ്യാപകമായ പ്രബുദ്ധതയുടെയും വിദ്യാഭ്യാസത്തിന്റെയും കാലമായ ഇന്ന് മന്ത്രവാദം, അന്ധവിശ്വാസം എന്നിവയിൽ അധിഷ്ഠിതമായ വിശ്വാസങ്ങളുടെ കാപട്യം തുറന്നുകാട്ടുക അനാവശ്യം ആയിരിക്കും എന്നൊരുവൻ ചിന്തിച്ചേക്കാം.” ഇത് 18 നോബൽ സമ്മാനജേതാക്കൾ ഉൾപ്പെടെ 186 പ്രശസ്ത ശാസ്ത്രജ്ഞൻമാർ ഒപ്പിട്ട ഒരു പ്രഖ്യാപനത്തിന്റെ ഭാഗമാണ്. അവർ എന്തിനെക്കുറിച്ചാണ് സംസാരിച്ചുകൊണ്ടിരുന്നത്? നക്ഷത്രങ്ങളെ ഉപയോഗിച്ചുകൊണ്ടുള്ള ഭാവികഥനത്തിന്റെ സാധാരണ രൂപമായ ജ്യോതിഷത്തെക്കുറിച്ച്. “അതു ആധുനിക സമുദായത്തിലെങ്ങും പടർന്നു പിടിക്കുന്നു” എന്നവർ പറയുന്നു. നിങ്ങൾ വ്യക്തിപരമായി ഏതെങ്കിലും രൂപത്തിലുള്ള ഭാവികഥനത്തിൽ വിശ്വസിക്കുന്നുണ്ടോ? അതോ നിങ്ങൾ സംശയാലുക്കളാണോ? അല്ലെങ്കിൽ ഈ പ്രമുഖരായ ശാസ്ത്രജ്ഞൻമാരെപ്പോലെ ശക്തമായി അതിനെ എതിർക്കുന്നവരാണോ? ഈ വിഷയം സംബന്ധിച്ചുള്ള നിങ്ങളുടെ വീക്ഷണം പ്രധാനമാണ്. അത് എന്തുകൊണ്ടാണ് എന്ന് നമുക്കു നോക്കാം.
ഈ തൊഴിൽ അത്യന്തം വ്യാപകമാണ്. ഭാഗ്യംപറച്ചിലുകാരുടെ പാരീസിലെ ഒരു സമ്മേളനത്തിങ്കൽ അതിന്റെ വക്താവ് പറഞ്ഞതനുസരിച്ച് ഓരോ 6 മാസവും 40 ലക്ഷം ഫ്രഞ്ചുകാർ അതീന്ദ്രിയ വിദഗ്ദ്ധരുടെ അടുക്കൽ പോകുന്നു. നിർണ്ണയം ചെയ്യപ്പെട്ടപ്രകാരം ഐക്യനാടുകളിൽ 1,75,000 അംശകാല ജ്യോൽസ്യൻമാരും 10,000 മുഴുസമയ ജ്യോൽസ്യൻമാരും ഉണ്ട്. ഗ്രേററ് ബ്രിട്ടണിലും അസംഖ്യം പേരുണ്ട്. അവിടെ അവർക്ക് സ്വന്തം വിദ്യാലയങ്ങളും ഉണ്ട്. ഫ്രഞ്ച് മാസികയായ കാമിന്റെറെസ്സെ [Cam’interesse (അത് രസാവഹം ആണ്)] ഇങ്ങനെ അഭിപ്രായപ്രകടനം നടത്തുന്നു: “ഏററവും ഉന്നതമായി വികസിച്ച സമൂഹങ്ങളുൾപ്പെടെ എല്ലായിടത്തും നാം സമാനമായ സ്ഥിതിവിവരക്കണക്കുകൾ കാണുന്നു. നമ്മുടെ നൂററാണ്ടിന്റെ അന്ത്യത്തിങ്കൽ അതീന്ദ്രിയവിദഗ്ദ്ധർ തഴച്ചുവളർന്നുകൊണ്ടിരിക്കുന്നു.”
അവരോടാലോചന ചോദിക്കുന്നതാർ?—എന്തുകൊണ്ട്?
മന്ത്രവാദ“ശാസ്ത്രങ്ങളിലും” അതിന്റെ ഏററവും പ്രചാരമേറിയ രൂപമായ ജ്യോതിഷത്തിലും താത്പര്യമുള്ളവർ തുച്ഛമായ വിദ്യാഭ്യാസം മാത്രമുള്ള താഴ്ന്ന കിടയിലുള്ള ആളുകൾ മാത്രമാണെന്നാണ് ചിലർ കരുതിയേക്കാവുന്നത്. പക്ഷേ ഒരു പ്രശസ്ത ഫ്രഞ്ച് ജ്യോൽസ്യയായ മാഡം സോളീൽ ഇങ്ങനെ വെളിപ്പെടുത്തുന്നു: “വലതുപക്ഷക്കാരായാലും ഇടതുപക്ഷക്കാരായാലും വിഭിന്ന വീക്ഷണഗതിയുള്ള സകല രാഷ്ട്രീയക്കാരും വിദേശ രാഷ്ട്രത്തലവൻമാരും എന്റെ അരികെ വരുന്നു. എന്റെ സഹായാർത്ഥികളിൽ പുരോഹിതൻമാരും കമ്മ്യൂണിസ്ററുകാരും ഉണ്ട്.” ഇതിനോടുള്ള യോജിപ്പിൽ, ലി ഫിഗാരോ എന്ന ഗൗരവസ്വഭാവമുള്ള ഒരു ദിനപ്പത്രത്തിൽ ഫ്രഡറിക് ഡിയുഡോൺ എന്ന മാന്ത്രികൻ മരിച്ചപ്പോൾ പ്രത്യക്ഷപ്പെട്ട ഒരു ലേഖനം അദ്ദേഹം “പാരീസിലെ വ്യക്തി പ്രമുഖരും മന്ത്രിമാരും ഉദ്യോഗസ്ഥപ്രമുഖരും എഴുത്തുകാരും നടൻമാരും അടങ്ങുന്ന ഒരു വലിയ സംഘത്തെ” ആകർഷിച്ചിരുന്നു എന്നു അനുസ്മരിച്ചു.
ബെററ് വയ്ക്കേണ്ടതെങ്ങനെ എന്നറിയാൻ പന്തയക്കാർ ജ്യോൽസ്യൻമാരോട് ആലോചന ചോദിക്കുന്നു. തങ്ങളുടെ പണം എങ്ങനെ നിക്ഷേപിക്കേണം എന്നറിയാൻ അവരെ സമീപിക്കുന്നു. യാത്രപുറപ്പെടേണ്ടതെപ്പോൾ എന്നും പാകം ചെയ്യേണ്ട വിഭവങ്ങളേവ എന്നും നിങ്ങളോട് പറയാനും ജ്യോൽസ്യൻമാർ സന്നദ്ധരാണ്. ഭാവി കഥനം മററു രംഗങ്ങളെയും കൈയ്യടക്കിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിലുള്ള പോലീസ് ഡിപ്പാർട്ടുമെൻറുകൾ ക്രിമിനൽ പുള്ളികളെയും കാണാതായ ആളുകളെയും അന്വേഷിക്കാൻ ദർശകരുടെ സഹായം തേടുന്നു. ഫ്രഞ്ചു വാരികയായ ലീഫിഗാരോ മാഗസിൻ പറയുന്നതനുസരിച്ച് യു. എസ്. എസ്. ആറിലെ രഹസ്യ മിലിറററി താവളങ്ങളിൽ എന്താണ് നടക്കുന്നത് എന്നത് സംബന്ധിച്ച് വിവരം നൽകാൻ പെൻറഗൺ ദ്വിതീയ ദർശന സിദ്ധിയുള്ള 34 പേരെ നിയമിച്ചിരിക്കുന്നു.” റഷ്യക്കാരും മനഃശ്ശക്തിയിൽ ആശ്രയിക്കുന്നു എന്ന് യു. എസ്. കോൺഗ്രസ്സ് അംഗമായ ചാൾസ് റോസ് പറഞ്ഞതായി അതേ മാസിക റിപ്പോർട്ട് ചെയ്യുന്നു.
ജ്യോതിഷം ഇന്നും പ്രചാരത്തിലിരിക്കുന്നതെന്തുകൊണ്ട്? അത് നിരുപദ്രവിയായ ഒരു വിനോദമോ നേരംപോക്കോ ആണോ? ഭാവി എന്തു കരുതിയിരിക്കുന്നുവെന്നറിയാനുള്ള ഒരു മാർഗ്ഗമാണോ അത്?—അല്ലെങ്കിൽ ഇതിലും മെച്ചമായ ഒരു മാർഗ്ഗമുണ്ടോ? ഈ സുപ്രധാന ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയുമോ എന്ന് നമുക്ക് നോക്കാം. (w87 3/1)