‘ദൈവം നിങ്ങളുടെ പരിശീലനം പൂർത്തിയാക്കും’
ഒരു കായികതാരം ഒരു പ്രധാനപ്പെട്ട കായിക മത്സരത്തിനുവേണ്ടി ഒരുങ്ങുന്നതിന് കഠിനമായി പരിശീലിക്കേണ്ടതുണ്ട്. ആ മഹാദിവസം അയാൾ തന്റെ കഴിവിന്റെ പരമാവധി സാധ്യമായ പ്രകടനം കാഴ്ചവെക്കുന്നതിന് അയാൾ തന്റെ ശരീരത്തെ പരുവപ്പെടുത്തുന്നതിന് ആഗ്രഹിക്കും. ക്രിസ്ത്യാനികളും കഠിന പരിശീലനം നേടണം, എന്നാൽ ഒരു വ്യത്യസ്തമായ ലക്ഷ്യത്തിൽ. അപ്പോസ്തലനായ പൗലോസ് പറഞ്ഞു: “ദൈവിക ഭക്തി നിങ്ങളുടെ ലക്ഷ്യം ആക്കിക്കൊണ്ട് നിങ്ങളെത്തന്നെ പരിശീലിപ്പിക്കുക.”—1 തിമൊഥെയോസ് 4:7.
അപ്രകാരം, ഒരു ക്രിസ്ത്യാനി ആത്മീയമായി തന്നെത്തന്നെ പരുവപ്പെടുത്തിക്കൊണ്ടിരിക്കണം. ഒരു കായിക താരം തന്റെ ശരീരത്തെ കെട്ടുപണിചെയ്യുന്നതു പോലെ ക്രിസ്ത്യാനി തന്റെ ആത്മീയ ബലവും സഹിഷ്ണുതയും കെട്ടുപണിചെയ്യുന്നു. അയാൾ ദൈവവചനമായ ബൈബിൾ പഠിച്ചുകൊണ്ടും പ്രാർത്ഥനയിലൂടെയും സഹക്രിസ്ത്യാനികളോടൊത്ത് നിരന്തരം സഹവസിച്ചുകൊണ്ടും തന്റെ വിശ്വാസത്തിന്റെ പരസ്യ പ്രഖ്യാപനം നടത്തിക്കൊണ്ടും ഇതു ചെയ്യുന്നു.
ഒരു കായിക താരത്തിന് മിക്കപ്പോഴും ഒരു പരിശീലകൻ ഉണ്ടായിരിക്കും, ക്രിസ്ത്യാനികൾക്കും ഒരു പരിശീലകൻ ഉണ്ട്. ആര്? യഹോവയാം ദൈവം തന്നെയല്ലാതെ മററാരുമല്ല. അപ്പോസ്തലനായ പത്രോസ് ഇപ്രകാരം എഴുതിക്കൊണ്ട് ക്രിസ്തീയ പരിശീലന പരിപാടിയിൽ യഹോവയാം ദൈവത്തിനുള്ള താത്പര്യത്തെ ചൂണ്ടിക്കാണിക്കുന്നു: “സകല അനർഹ ദയയുടെയും ദൈവം . . . നിങ്ങളുടെ പരിശീലനം പൂർത്തിയാക്കും, അവൻ നിങ്ങളെ ഉറപ്പിക്കും, അവൻ നിങ്ങളെ ബലപ്പെടുത്തും.” (1 പത്രോസ് 5:10) യഹോവ നമുക്ക് എന്തു പരിശീലനം നൽകുന്നു? അനേകവിധങ്ങളിൽ, നാം ക്രിസ്ത്യാനികളായിട്ട് നിൽക്കാൻ ആഗ്രഹിക്കുന്നെങ്കിൽ എല്ലാം ജീവൽപ്രധാനവുമാണ്.
നേരിട്ടുള്ള ശിക്ഷണം
പത്രോസിനു തന്നെ യഹോവയിൽ നിന്ന് നേരിട്ട് പരിശീലനം ലഭിച്ചു. അവന്റെ അനുഭവത്തിൽനിന്ന് നമുക്ക് വളരെയധികം പഠിക്കാൻ കഴിയും. ചിലപ്പോൾ പത്രോസിന്റെ പരിശീലനം വേദനാജനകമായിരുന്നു. പത്രോസ്, യേശു ദൈവോദ്ദേശ്യപ്രകാരം പോകുന്നതിനെ നിരുത്സാഹപ്പെടുത്താൻ ശ്രമിക്കുകയും യേശു, “സാത്താനേ എന്നെ വിട്ട് പിന്നിൽ പോകൂ! നീ എനിക്ക് ഒരു ഇടർച്ചയാകുന്നു, എന്തുകൊണ്ടെന്നാൽ നീ ദൈവത്തിന്റെ വിചാരങ്ങളല്ല മനുഷ്യരുടേതത്രേ ചിന്തിക്കുന്നത്” എന്ന് മറുപടിപറയുകയും ചെയ്തപ്പോൾ അവൻ എത്ര വിഷമിച്ചിരിക്കുമെന്ന് സങ്കൽപ്പിക്കുക. (മത്തായി 16:23) പല വർഷങ്ങൾക്കുശേഷം മാനുഷഭയം, അവൻ ബുദ്ധിശൂന്യമായി പെരുമാറുന്നതിലേക്ക് നയിച്ചപ്പോൾ അവൻ എപ്രകാരം വിചാരിച്ചു എന്നും സങ്കൽപ്പിക്കുക. ആ അവസരത്തിൽ അപ്പോസ്തലനായ പൗലോസ് യഹോവയുടെ ശിക്ഷണം പ്രയോഗിച്ചു: “കേഫാവ് [പത്രോസ്] അന്ത്യോക്ക്യയിൽ വന്നപ്പോൾ അവനിൽ കുററമുള്ളതായി കണ്ടതിനാൽ ഞാൻ അവനോട് മുഖാമുഖമായി എതിർത്തു നിന്നു.”—ഗലാത്യർ 2:11-14.
എന്നിരുന്നാലും രണ്ടു സന്ദർഭത്തിലും യഹോവ പത്രോസിനെ പരിശീലിപ്പിക്കുകയായിരുന്നു. “യാതൊരു ശിക്ഷണവും തൽക്കാലം സന്തോഷകരമല്ല, എന്നാൽ ദുഃഖകരമാണ് എന്നു തോന്നും; എന്നുവരികിലും അതിനാൽ പരിശീലിപ്പിക്കപ്പെട്ടവർക്ക് അത് പിന്നീട് നീതി എന്ന സമാധാനഫലം കൈവരുത്തും” എന്ന് അവൻ മനസ്സിലാക്കി. (എബ്രായർ 12:11) യഹോവയിൽ നിന്ന് ശിക്ഷണരൂപത്തിലുള്ള ആ ശക്തമായ ശാസനകൾ സ്വീകരിച്ചതിനാൽ പത്രോസ് കാര്യങ്ങൾസംബന്ധിച്ച ശരിയായ വീക്ഷണം ലഭിക്കുന്നതിന് സഹായിക്കപ്പെടുകയും ജീവൽപ്രധാന ക്രിസ്തീയഗുണങ്ങളായ സൗമ്യതയിലും എളിമയിലും പരിശീലിപ്പിക്കപ്പെടുകയും ചെയ്തു.—സദൃശവാക്യങ്ങൾ 3:34; 15:33.
സാഹചര്യങ്ങൾ കൈകാര്യം ചെയ്യൽ
കൈകാര്യം ചെയ്യാൻ പ്രയാസകരമായ സാഹചര്യങ്ങൾ ഉളവാകാൻ—ചിലപ്പോൾ ഇവ ക്രിസ്തീയ സഭക്കുള്ളിൽപോലുമായിരിക്കാം—അനുവദിച്ചുകൊണ്ട് യഹോവക്ക് നമ്മെ പരിശീലിപ്പിക്കാൻ കഴിയും. നാം മാർഗ്ഗനിർദ്ദേശത്തിനായി പ്രാർത്ഥിക്കയും നാം പഠിച്ച ബൈബിൾ തത്വങ്ങൾ പ്രായോഗികമാക്കുകയും ചെയ്തുകൊണ്ടും ആ തത്വങ്ങൾ ബാധകമാക്കുന്നത് എപ്പോഴും ഏററവും നല്ല വിധമായിരിക്കുന്നതെപ്രകാരമാണ് എന്ന് കണ്ടുകൊണ്ടും നാം ക്രിസ്ത്യാനികൾ എന്ന നിലയിൽ വളർച്ച പ്രാപിക്കുന്നു.
പത്രോസ് യേശുവിന്റെ അപ്പോസ്തലൻമാരുടെ ഇടയിൽ ഉളവായ വ്യക്തിത്വ സംഘട്ടനങ്ങളിൽ ഉൾപ്പെട്ടിരുന്നു. ഇതിന്റെ വിവരണം നാം വായിക്കുമ്പോൾ യേശു ഈ സംഘട്ടനങ്ങളെ—യഥാർത്ഥത്തിൽ അപൂർണ്ണതയുടെയും പരിചയക്കുറവിന്റെയും ഫലങ്ങളായിരുന്നവയെ—തന്റെ അനുഗാമികളെ അവശ്യ ക്രിസ്തീയഗുണങ്ങളായിരിക്കുന്ന സ്നേഹവും എളിമയും ക്ഷമയും പരിശീലിപ്പിക്കുന്നതിനുള്ള അവസരങ്ങളായി ഉപയോഗിച്ച വിധം കാണുന്നത് രസാവഹമാണ്.—മത്തായി 18:15-17, 21, 22; ലൂക്കോസ് 22:24-27.
പൗലോസും വ്യക്തിത്വ സംഘട്ടനങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. (പ്രവൃത്തികൾ 15:36-40; ഫിലിപ്യർ 4:2) അത്തരം പ്രശ്നങ്ങൾ ക്രിസ്ത്യാനികൾക്ക് പരിശീലനം ലഭിക്കുന്നതിനുള്ള അവസരം നൽകുന്നതെപ്രകാരമാണെന്ന് അവൻ വിശദീകരിച്ചു: “ആർക്കെങ്കിലും മറെറാരാൾക്കെതിരെ പരാതിക്ക് ഒരു കാരണമുണ്ടെങ്കിൽ സൗജന്യമായി പൊറുക്കുകയും ക്ഷമിക്കുകയും ചെയ്യുന്നതിൽ തുടരുക. യഹോവ നിങ്ങളോട് സൗജന്യമായി ക്ഷമിച്ചതുപോലെതന്നേ നിങ്ങളും ചെയ്യുക. എന്നാൽ ഈ കാര്യങ്ങൾക്കെല്ലാം പുറമെ നിങ്ങൾ തന്നെ സ്നേഹം ധരിക്കുക, എന്തുകൊണ്ടന്നാൽ അത് ഐക്യത്തിന്റെ ഒരു സമ്പൂർണ്ണ ബന്ധമാകുന്നു.”—കൊലോസ്യർ 3:13, 14.
ഒന്നാം നൂററാണ്ടിൽ കൂടുതൽ കുടിലമായ ഒരു അപകടം ക്രിസ്ത്യാനികളുടെ ഇടയിൽ പ്രത്യക്ഷപ്പെട്ടു. പത്രോസ് ഇതു സംബന്ധിച്ച് മുന്നറിയിപ്പു നൽകി: “നിങ്ങളുടെ ഇടയിൽ വ്യാജോപദേഷ്ടാക്കൻമാർ ഉണ്ടാകയും ചെയ്യും. ഇവർതന്നെ സാവകാശം നാശകരമായ വിഭാഗങ്ങൾ ഉളവാക്കുകയും അവരെ വിലക്കു വാങ്ങിയ നാഥനെത്തന്നെ തള്ളിക്കളയുകയും തങ്ങൾക്കുതന്നെ ശീഘ്രനാശം കൈവരുത്തുകയും ചെയ്യും. അതുകൂടാതെ അനേകർ അവരുടെ അഴിഞ്ഞ നടത്തയുടെ പ്രവർത്തനങ്ങളെ അനുകരിക്കുകയും അവർ മുഖാന്തരം സത്യത്തിന്റെ മാർഗ്ഗം ദുഷിച്ചു പറയപ്പെടാൻ ഇടയാകുകയും ചെയ്യും.” (2 പത്രോസ് 2:1, 2) ഈ അനുഭവം അനുതാപമില്ലാത്ത “വ്യാജോപദേഷ്ടാക്കൻമാരു”ടെ നാശത്തിൽ കലാശിക്കാനിടയാക്കും. (2 പത്രോസ് 2:3) എന്നാൽ വിശ്വസ്തരായി നിലനിന്നവരെസംബന്ധിച്ചെന്ത്?
ആ അനുഭവം അവരുടെ വ്യക്തമായ ചിന്താപ്രാപ്തികളെ ഉണർത്താൻ അവരെ പരിശീലിപ്പിച്ചു. (2 പത്രോസ് 3:1) വ്യാജോപദേശങ്ങൾ നുഴഞ്ഞുകയറുന്നതിനെതിരെയുള്ള അവരുടെ ജാഗ്രത തങ്ങളുടെ വിശ്വാസത്തിന്റെ ന്യായങ്ങൾ സംബന്ധിച്ച് പുനരവലോകനം ചെയ്യുന്നത് ആവശ്യമാക്കിത്തീർത്തിരിക്കും. “വ്യാജോപദേഷ്ടാക്കൻമാരു”ടെ പ്രവർത്തനങ്ങളുടെ ദുഷിച്ച ഫലങ്ങൾ കണ്ടതിനാൽ അവരുടെ ക്രിസ്തീയ സത്യത്തിലുള്ള ബോദ്ധ്യം കുറേക്കൂടെ ഉറയ്ക്കാൻ ഇടയാകുമായിരുന്നു.—2 പത്രോസ് 3:3-7.
ദൃഷ്ടാന്തത്തിന്, ഒരു സഭയിൽ വാർദ്ധക്യത്തിലെത്തിയിരുന്ന യോഹന്നാൻ അപ്പോസ്തലന്റെ അധികാരത്തോട് ആദരവ് ഇല്ലാതിരുന്നവനും യോഹന്നാൻ അയച്ചിരുന്ന ദൂതൻമാരെ സ്വീകരിക്കാൻ മടിക്കുക മാത്രമല്ല അപ്രകാരം ചെയ്തിരുന്നവരെ കൂട്ടായ്മയിൽ നിന്നു പുറത്താക്കാൻ ശ്രമിക്കുകപോലും ചെയ്തിരുന്ന ഒരു അധികാരമോഹിയായിരുന്ന ദിയൊത്രെഫേസ് യോഹന്നാനോട് എതിർത്തു. ഇത് ദിയൊത്രെഫേസ് ആയിരുന്ന അതേ സഭയിലെ ആത്മാർത്ഥതയുള്ള എല്ലാ ക്രിസ്ത്യാനികൾക്കും വേദനാജനകമായിരുന്നിരിക്കും. എന്നാൽ ഇത്, അവർ ‘തിൻമയുടെ അനുകാരികൾ’ അല്ലെന്ന് പ്രകടമാക്കുന്നതിനും അങ്ങനെ അവർക്ക് യഹോവയോടും അപ്പോസ്തലിക അധികാരത്തോടുമുള്ള വിശ്വസ്തതയിൽ പുരോഗമനപരമായ പരിശീലനം ലഭിക്കുന്നതിനും ഉള്ള അവസരം പ്രദാനം ചെയ്യുക തന്നെ ചെയ്തു.—3 യോഹന്നാൻ 9-12.
ക്രിസ്തീയേതരരോടുള്ള പെരുമാററത്തിൽ
യേശു തന്റെ അനുഗാമികൾ ലോകത്തിന്റെ ഭാഗമല്ല എന്ന് പറഞ്ഞു. (യോഹന്നാൻ 17:16) ഒരു ക്രിസ്ത്യാനിയുടെ പ്രാഥമിക ഉത്തരവാദിത്വം യഹോവയോടും അവന്റെ രാജ്യത്തോടുമാണ്. അവൻ ദൈവത്തിന്റെ ധാർമ്മിക നിലവാരങ്ങൾ കാക്കാൻ പരിശ്രമിക്കുന്നു, അതുകൊണ്ട് അവന്റെ മുഖ്യ താൽപ്പര്യങ്ങളും പരിഗണനകളും ലോകത്തിന്റേതിൽനിന്ന് വ്യത്യസ്തമായിരിക്കും. എന്നിരുന്നാലും ഒരു ക്രിസ്ത്യാനിക്ക് ലോകത്തിൽ ജീവിച്ചേ തീരൂ, ഇത് ഒഴികഴിവില്ലാതെ സമ്മർദ്ദങ്ങൾക്ക് ഇടയാക്കുന്നു.
പത്രോസ് തന്റെ നീണ്ട ശുശ്രൂഷയുടെ കാലത്ത്, ക്രിസ്ത്യാനികൾക്ക് ലോകത്തിന്റെ അവകാശവാദങ്ങളെ അവരുടെ മനസാക്ഷിയുടെ ആജ്ഞകളോട് സമനിലയിൽ നിർത്തുന്നതിന് പ്രയാസകരമായ തീരുമാനങ്ങൾ ചെയ്യേണ്ടിവന്ന അനേക സന്ദർഭങ്ങൾ കണ്ടിരിക്കും. പത്രോസിന്റെ ആദ്യത്തെ ലേഖനത്തിൽ ക്രിസ്ത്യാനികൾക്ക് “ഒരു നല്ല മനസ്സാക്ഷി പരിരക്ഷിക്കാൻ” കഴിയത്തക്കവണ്ണം ഇതുചെയ്യുന്ന വിധം സംബന്ധിച്ച് വിശേഷമായ, പ്രായോഗിക ബുദ്ധിയുപദേശം നൽകി.—1 പത്രോസ് 2:13-20; 3:1-6, 16.
തീർച്ചയായും ക്രിസ്ത്യാനികൾ എന്ന നിലയിൽ നാം മേലാൽ ഈ വ്യവസ്ഥിതിയുടെ അവകാശവാദങ്ങൾ പരിഗണിക്കേണ്ട ആവശ്യമില്ലാത്ത കാലത്തിനുവേണ്ടി മുന്നോട്ടു നോക്കുന്നു. എന്നാൽ, അതിനിടയിൽ നാം സഹിഷ്ണുതയിൽ പരിശീലിപ്പിക്കപ്പെടുകയും പ്രലോഭനത്തിന്റെയും ഭക്തിവിരുദ്ധ സ്വാധീനങ്ങളുടെയും മുമ്പിൽ നമ്മുടെ വിശ്വസ്തത പ്രകടിപ്പിക്കാൻ അനുവദിക്കപ്പെടുകയും ചെയ്തിരിക്കുന്നു. നാം വിവിധ സാഹചര്യങ്ങളിൽ ബൈബിൾ തത്വങ്ങൾ ബാധകമാക്കുന്നതിലും നാം എങ്ങനെ പ്രവർത്തിക്കണമെന്ന് യഹോവ ആഗ്രഹിക്കുന്നു എന്ന് നമുക്കറിയാവുന്ന വിധത്തിൽ ധൈര്യപൂർവം പ്രവർത്തിക്കുന്നതിലും നമുക്ക് പരിചയം സിദ്ധിക്കുമ്പോൾ നാം പ്രായോഗിക ജ്ഞാനത്തിലും ധൈര്യത്തിലും പരിശീലിപ്പിക്കപ്പെടുകയാണ്. നാം ഈ വ്യവസ്ഥിതിയിൽ ജീവിക്കയും വിജയപൂർവം അനേകം പ്രയാസകരമായ പ്രശ്നങ്ങളെ കൈകാര്യം ചെയ്യുകയും ചെയ്തതിനാൽ നമുക്ക് എത്രയധികം കൂടുതൽ പരിശീലനം ലഭിച്ചു എന്ന് ചിന്തിക്കുക!
പീഡനത്തിൻമദ്ധ്യെ
പത്രോസ് നമ്മുടെ ദൈവിക പരിശീലനം സംബന്ധിച്ച് പറഞ്ഞപ്പോൾ അവൻ പ്രത്യേകാൽ പീഡനത്തെ പരാമർശിക്കയായിരുന്നു. ക്രിസ്ത്യാനികൾ പീഡനം പ്രതീക്ഷിക്കണമെന്ന് അവൻ പ്രകടമാക്കി: “ജാഗ്രത പാലിക്കുക, ഉണർന്നിരിക്കുക. നിങ്ങളുടെ എതിരാളിയായ പിശാച് അലറുന്ന സിംഹത്തെപ്പോലെ ആരെയെങ്കിലും വിഴുങ്ങാൻ തെരഞ്ഞ് ചുററിനടക്കുന്നു.”—1 പത്രോസ് 5:8; 2 തിമൊഥെയോസ് 3:12 കൂടെ കാണുക.
പത്രോസ് ഇതു സംബന്ധിച്ച് പറയാൻ യോഗ്യനായിരുന്നു, എന്തുകൊണ്ടെന്നാൽ അവൻ വ്യക്തിപരമായി പീഡനം സഹിച്ചിരുന്നു. ക്രിസ്തീയ സഭയുടെ പ്രാരംഭ കാലങ്ങളിൽ അവനെയും മററ് അപ്പോസ്തലൻമാരെയും പ്രഹരിക്കുകയും പ്രസംഗം നിർത്താൻ അവരോട് ആജ്ഞാപിക്കുകയും ചെയ്തു. അവരുടെ പ്രതികരണം എന്തായിരുന്നു? അവർ “അവന്റെ നാമത്തിനുവേണ്ടി അപമാനം ഏൽക്കാൻ യോഗ്യർ എന്ന് എണ്ണപ്പെടുകയാൽ സന്നദ്രീമിന്റെ മുമ്പിൽ നിന്ന് സന്തോഷത്തോടെ പോയി.”—പ്രവൃത്തികൾ 5:41.
അതുകൊണ്ട്, “നേരേമറിച്ച്, ക്രിസ്തുവിന്റെ കഷ്ടങ്ങളിൽ പങ്കുള്ളവരാകുന്തോറും സന്തോഷിച്ചുകൊണ്ടിരിക്കുവിൻ, അങ്ങനെ നിങ്ങൾ അവന്റെ മഹത്വത്തിന്റെ വെളിപ്പാടിൽ ഉല്ലസിക്കുന്നതിനും അതിയായി ആനന്ദിക്കുന്നതിനും ഇടയായേക്കാം. ക്രിസ്തുവിന്റെ നാമത്തിനുവേണ്ടി നിന്ദിക്കപ്പെടുന്നെങ്കിൽ, നിങ്ങൾ സന്തുഷ്ടരാണ്, എന്തുകൊണ്ടെന്നാൽ മഹത്വത്തിന്റെ ആത്മാവ്, വൈത്തിന്റെ ആത്മാവുതന്നെ നിങ്ങളിൽ വസിക്കുന്നു.”—1 പത്രോസ് 4:13, 14.
അതെ, നേരിട്ടുള്ള പീഡനത്തിന് ഒരു വിധത്തിലുള്ള പരിശീലനമായിരിക്കാൻ കഴിയും. അതിൻകീഴിൽ, ഒരു ക്രിസ്ത്യാനി ദൈവാത്മാവിൽ കൂടുതൽ ആശ്രയിക്കാൻ പഠിക്കുന്നു. അയാളുടെ വിശ്വാസം ഒരു “പരിശോധിക്കപ്പെട്ട ഗുണ”മായി വികാസം പ്രാപിക്കുന്നു. (1 പത്രോസ് 1:7) അയാൾ യഹോവയുടെ ശക്തിയുടെ അടിസ്ഥാനത്തിൽ ധൈര്യത്തിൽ പരിശീലിപ്പിക്കപ്പെടുന്നു. (2 തിമൊഥെയോസ് 1:7) അയാൾ ക്ഷമയും സഹിഷ്ണുതയും വികസിപ്പിക്കുകയും യേശുവിനെപ്പോലെ ‘അയാൾ അനുഭവിച്ച കഷ്ടങ്ങളാൽ അനുസരണം പഠിക്കുകയും’ ചെയ്യുന്നു.—എബ്രായർ 5:8; 1 പത്രോസ് 2:23, 24.
യഹോവ നമ്മുടെ പരിശീലനം പൂർത്തിയാക്കുന്നു
തീർച്ചയായും, പീഡനം ഉൾപ്പെടെ ഒരു ക്രിസ്ത്യാനി സഹിക്കുന്ന പ്രയാസകരമായ പ്രശ്നങ്ങൾ ദൈവത്തിൽനിന്ന് വരുന്നതല്ല. യാക്കോബ് ഇപ്രകാരം ബുദ്ധിയുപദേശിക്കുന്നു: “പരീക്ഷയിൻകീഴിൽ ആയിരിക്കുമ്പോൾ, ആരും, ‘ഞാൻ ദൈവത്താൽ പരീക്ഷിക്കപ്പെടുന്നു’ എന്ന് പറയരുത്. എന്തുകൊണ്ടന്നാൽ ദൈവത്തെ ദോഷങ്ങളാൽ പരീക്ഷിക്കാൻ കഴിയുകയില്ല, അവൻ തന്നെ ആരെയും പരീക്ഷിക്കുന്നുമില്ല.” (യാക്കോബ് 1:13) ആളുകൾ പിഴവുകൾ വരുത്തുകയൊ അല്ലെങ്കിൽ തങ്ങളുടെ തന്നെ തിരഞ്ഞെടുപ്പിൻ സ്വാതന്ത്ര്യത്തിൽ നിന്ന് തെററു ചെയ്യുകയൊ ചെയ്യുന്നതുൾപ്പെടെ പല കാരണങ്ങളാൽ പ്രശ്നങ്ങൾ പൊന്തിവന്നേക്കാം. എന്നിരുന്നാലും, അത്തരം കാര്യങ്ങൾ സംഭവിക്കുകതന്നെ ചെയ്യുന്നതിനാൽ യഹോവ അവയെ തന്റെ ദാസൻമാരെ ജീവൽപ്രധാനമായ ക്രിസ്തീയ ഗുണങ്ങളിൽ പരിശീലിപ്പിക്കുന്നതിന് ഉപയോഗിക്കുന്നു.
ഇയ്യോബ്, യിരെമ്യാവ്, പത്രോസ്, പൗലോസ് മുതലായ ബൈബിൾകാലങ്ങളിലെ എല്ലാ ദൈവദാസൻമാരും ഈ വിധത്തിൽ പരിശീലിപ്പിക്കപ്പെട്ടു. നാമും, വിവിധ പ്രയാസ സാഹചര്യങ്ങളെ നേരിടുമ്പോൾ അവയെ പരിശീലനത്തിനുവേണ്ടിയുള്ള ഒരു ഉറവ് എന്ന നിലയിൽ യഹോവ അനുവദിക്കുന്നതാണെന്ന് വീക്ഷിക്കണം. യഹോവയുടെ ശക്തിയിൽ നാം അവയെ അഭിമുഖീകരിക്കുമ്പോൾ, നാം അനുസരണത്തിലും ജ്ഞാനത്തിലും എളിമയിലും ധൈര്യത്തിലും സ്നേഹത്തിലും സഹനശക്തിയിലും മററ് അനേക ഗുണങ്ങളിലും പരിശീലിപ്പിക്കപ്പെടും.—യാക്കോബ് 1:2-4.
നമ്മുടെ പരിശീലനത്തിന്റെ ഈ അവസ്ഥ ഒരുനാൾ തീരുമെന്ന് അറിഞ്ഞുകൊണ്ട് നാം പ്രോൽസാഹിപ്പിക്കപ്പെടുകയും ചെയ്യുന്നു. അതുകൊണ്ട്, പത്രോസ് ഇപ്രകാരം പറഞ്ഞുകൊണ്ട് തന്റെ സഹക്രിസ്ത്യാനികളെ ആശ്വസിപ്പിക്കുന്നു: “നിങ്ങൾ അൽപ്പ കാലത്തേക്ക് കഷ്ടം സഹിച്ചശേഷം, നിങ്ങളെ ക്രിസ്തുയേശുവിനോടുള്ള ഐക്യത്തിൽ തന്റെ നിത്യ മഹത്വത്തിലേക്ക് വിളിച്ച സകല അനർഹദയയുടെയും ദൈവംതന്നേ നിങ്ങളുടെ പരിശീലനം പൂർത്തിയാക്കും, അവൻ നിങ്ങളെ ഉറപ്പിക്കും അവൻ നിങ്ങളെ ബലപ്പെടുത്തും.” (1 പത്രോസ് 5:10) ഈ വാക്കുകൾ പറുദീസാഭൂമിയിലെ നിത്യജീവനുവേണ്ടി നോക്കിയിരിക്കുന്ന “മഹാപുരുഷാര”ത്തിനും തുല്യശക്തിയോടെ ബാധകമാകുന്നു.
ആ വിചാരം തന്നെ നമ്മെ, അനുരഞ്ജനപ്പെടുകയില്ല എന്ന തീരുമാനത്തോടെ ഈ പരിശീലന അനുഭവത്തിന് ക്ഷമയോടെ വശംവദരാകുന്നതിന് സഹായിക്കും. അങ്ങനെ നാം പൗലോസിന്റെ പ്രോത്സാഹകരമായ ഈ വാക്കുകളുടെ സത്യത അനുഭവിക്കും: “അതുകൊണ്ട് നമുക്ക് നൻമ ചെയ്യുന്നത് ഉപേക്ഷിക്കാതിരിക്കാം, എന്തുകൊണ്ടെന്നാൽ ക്ഷീണിച്ചു പോകാതിരുന്നാൽ നാം തക്ക കാലത്ത് കൊയ്യും.”—ഗലാത്യർ 6:9. (w87 6/15)