കോപം—അതെന്താണ്?
“കോപിക്കാനുള്ള നിങ്ങളുടെ ദൈവദത്തമായ പ്രാപ്തിയെ അടിച്ചമർത്തുന്നതിലൂടെ നിങ്ങൾ നിങ്ങളെത്തന്നെ കൊല്ലുകയാണ് ചെയ്യുന്നത്.” ന്യൂസ് വീക്ക് മാസികയിൽ ഉദ്ധരിക്കപ്പെട്ട ഒരു ലേഖനം ഇങ്ങനെ മുന്നറിയിപ്പ് നൽകി. അടിച്ചമർത്തപ്പെടുന്ന കോപം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം, വിഷാദരോഗം, ഉത്ക്കണ്ഠ, മദ്യാസക്തി എന്നിവ ഉളവാക്കുന്നുവെന്ന ആശയം വർഷങ്ങളായി പല ശാസ്ത്രജ്ഞൻമാർ പ്രചരിപ്പിച്ചിട്ടുണ്ട്.
അതേസമയം, സഹസ്രാബ്ദങ്ങളായി ബൈബിൾ ഇങ്ങനെ മുന്നറിയിപ്പ് നൽകുന്നു: “കോപം ഒഴിവാക്കി, ക്രോധം ഉപേക്ഷിക്കുക.” (സങ്കീർത്തനം 37:8) ബൈബിളിന്റെ രോഗനിർണ്ണയം സൂക്ഷ്മസ്പർശിയാണ്: “കോപിക്കാൻ നിന്റെ ആത്മാവിൽ നീ ബദ്ധപ്പെടരുത്: എന്തെന്നാൽ മൂഢൻമാരുടെ മാർവ്വിലല്ലോ കോപം വസിക്കുന്നത്.”—സഭാപ്രസംഗി 7:9, ജയിംസ് രാജാവിന്റെ ഭാഷാന്തരം.
ആരാണ് ശരി, ലോക വിദഗ്ദ്ധരോ അതോ ബൈബിളോ? വാസ്തവത്തിൽ കോപം എന്താണ്? കോപം പ്രകടിപ്പിച്ചുതീർക്കുന്നത് നമുക്ക് നല്ലതാണോ?
കോപം പ്രകടിപ്പിച്ചുതീർക്കുക
“കോപം” എന്നത് അസന്തുഷ്ടിയുടെയും വിരോധത്തിന്റെയും ശക്തമായ വികാരാനുഭവം അഥവാ പ്രതികരണം വിവരിക്കുന്ന ഒരു പൊതുവായ പദം ആണ്. കോപത്തിന്റെ തീവ്രതയെ അല്ലെങ്കിൽ അതു പ്രകടിപ്പിക്കുന്ന വിധത്തെ വെളിവാക്കുന്ന മററു പദങ്ങളുമുണ്ട്. ക്രോധം വളരെ രൂക്ഷമായ കോപത്തെ സൂചിപ്പിക്കുന്നു. രോഷം വിനാശകരമായേക്കാം. അമർഷം ഒരു നീതിയുക്തമായ കാരണത്തെ പ്രതിയുള്ള കോപത്തെ പരാമർശിച്ചേക്കാം. ക്രോധം പ്രതികാരം ശിക്ഷ എന്നിവയെയും പലപ്പോഴും സൂചിപ്പിച്ചേക്കാം.
കോപം സാധാരണ, പ്രത്യേക കാരണത്തെ പ്രതി ആയിരിക്കാം: നമുക്ക് എന്തെങ്കിലും കാര്യം സംബന്ധിച്ചായിരിക്കും കോപം തോന്നുന്നത്. പക്ഷേ, നാം കോപം എങ്ങനെ പ്രകടിപ്പിക്കുന്നു അഥവാ കൈകാര്യം ചെയ്യുന്നു എന്നതിലാണ് വ്യത്യാസമത്രയും.
രസകരമായൊരു സംഗതി, ചില വിദഗ്ദ്ധർ കോപം പ്രകടിപ്പിച്ചുതീർക്കുന്നത് പ്രയോജനകരം ആയിരിക്കുമെന്ന് തീർത്തു പറയുന്നുണ്ടെങ്കിലും കോപം പ്രകടിപ്പിച്ചുതീർക്കുന്ന അനേക ആളുകൾ ആത്മാഭിമാനക്തതം, വിഷാദരോഗം, കുററബോധം, വൈരാഗ്യാധിക്യം ഉത്ക്കണ്ഠ എന്നിവ അനുഭവിക്കുന്നതായി അടുത്ത കാലത്തെ മനഃശാസ്ത്ര പഠനങ്ങൾ കാണിച്ചിരിക്കുന്നുവെന്നതാണ്. കൂടാതെ ചിലപ്പോഴൊക്കെ ക്രുദ്ധമായ പൊട്ടിത്തെറി, നിലവിളി, കരച്ചിൽ, അല്ലെങ്കിൽ ശാരീരിക ആക്രമണം എന്നിവയുടെ അകമ്പടിയോടെ “കോപം പുറത്തുവിടുന്നത്” അഥവാ “ആവി അഴിച്ചുവിടുന്നത്” അതു പരിഹരിക്കുന്നതിനേക്കാളധികം പ്രശ്നങ്ങൾ പുതുതായി സൃഷ്ടിക്കുന്നു. കോപി അധികം ക്രുദ്ധനാകുകയും മററുള്ളവരുടെ വൃണിത വികാരങ്ങൾ ഏറെ വൃണിതമായിത്തീരുകയും ചെയ്യും—സദൃശവാക്യങ്ങൾ 30:33; ഉല്പത്തി 49:6,7.
നാം കോപിച്ച് അലറി ആക്രോശിക്കുമ്പോൾ പലപ്പോഴും പ്രതീക്ഷിക്കുന്ന ഫലം നമുക്ക് കൈവരുകയില്ല കാരണം മറെറ ആൾ സാധാരണയായി തിരിഞ്ഞടിക്കാൻ പ്രകോപിപ്പിക്കപ്പെടുന്നു. ഉദാഹരണത്തിന് നിങ്ങൾ ഒരു കാർ ഓടിക്കുമ്പോൾ നിങ്ങളെ അലോരസപ്പെടുത്താൻ മറെറാരു ഡ്രൈവർ എന്തെങ്കിലും ചെയ്യുന്നു. അതിനോടുള്ള പ്രതിവർത്തനം എന്ന നിലയിൽ നിങ്ങൾ അലറുകയും ഹോൺ ഇരമ്പിക്കുകയും ചെയ്യുന്നു. നിങ്ങളുടെ പൊട്ടിത്തെറി നിങ്ങളുടെ ക്രോധപാത്രത്തെ പകരം വീട്ടാൻ അനായാസം പ്രകോപിപ്പിക്കും. ചിലപ്പോൾ അത്തരം ഒരു സാഹചര്യം ദുരന്തങ്ങൾക്കിടവരുത്തിയിട്ടുണ്ട്. ദൃഷ്ടാന്തത്തിന് ന്യൂയോർക്കിലെ ബ്രൂക്ലിനിലുള്ള ഒരു മനുഷ്യൻ തെരുവിലെ കാർപാർക്ക് ചെയ്യുന്ന സ്ഥലത്തെച്ചൊല്ലിയുണ്ടായ ഒരു വാഗ്വാദത്തിനിടയിൽ കൊല്ലപ്പെട്ടു. പിൻവരുന്നപ്രകാരം പറയവെ ബൈബിൾ പ്രശ്നം ഉയർത്തിക്കാട്ടുന്നു: “കോപശീലനായ ഒരു മനുഷ്യൻ ശണ്ഠ ഇളക്കിവിടുന്നു, ക്രോധാഭിമുഖ്യം ഉള്ളവന്റെ ഭാഗത്തോ ലംഘനങ്ങളുണ്ട്.” (സദൃശവാക്യങ്ങൾ 29:22) പിൻവരുന്ന ബുദ്ധിയുപദേശം പിന്തുടരുന്നത് എത്ര വിവേകമാണ്: “ആർക്കും തിൻമക്ക് പകരം തിൻമ ചെയ്യരുത് . . . സാദ്ധ്യമെങ്കിൽ, നിങ്ങളെ ആശ്രയിച്ചിരിക്കുന്നിടത്തോളം സകല മനുഷ്യരോടും സമാധാനമായിരിക്കുക!”—റോമർ 12:17, 18.
അതുകൊണ്ട്, കോപം പ്രകടിപ്പിച്ചുതീർക്കുന്നത് നമ്മെ സാമൂഹ്യമായി സഹായിക്കുകയില്ല. പക്ഷേ, നമുക്കത് ശാരീരികമായി ഗുണം ചെയ്യുമോ? ഇല്ല എന്ന് നിരവധി ഡോക്ടർമാർ നിഗമനം ചെയ്തിരിക്കുന്നു. കോപം പ്രകടിപ്പിക്കുന്ന പ്രവണതയുള്ള ആളുകൾക്ക് ഏററവും ഉയർന്ന രക്തസമ്മർദ്ദ നിലവാരമാണുള്ളത്. കോപം ഹൃദയസംബന്ധമായ ക്രമക്കേടുകളോ തലവേദനയോ മൂക്കിലൂടെ രക്തം വാർന്നൊഴുക്കോ തലകറക്കമോ ശബ്ദോച്ചാരണ തകരാറുകളോ ഉളവാക്കിയിരിക്കുന്നുവെന്ന് ചിലർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം ജീവദാതാവ് ഇങ്ങനെ വിശദീകരിക്കുന്നു: “പ്രശാന്തമായ ഹൃദയം ജഡിക ശരീരിക്ക് ജീവനത്രെ.” (സദൃശവാക്യങ്ങൾ 14:30) യേശു പറഞ്ഞു: “സമാധാന പ്രിയർ സന്തുഷ്ടരാകുന്നു, എന്തെന്നാൽ അവർ ‘ദൈവപുത്രൻമാർ’ എന്ന് വിളിക്കപ്പെടുന്നു.”—മത്തായി 5:9.
കോപഹേതുക്കൾ
കോപത്തിന്റെ ചില മൂലകാരണങ്ങൾ നമ്മുടെ ആത്മാഭിമാനത്തിൻമേലുള്ള ആക്രമണം, വ്യക്തിപരമായ വിമർശനം, നിന്ദ, വേറുകൃത്യത്തോടുകൂടിയ പെരുമാററം, അന്യായമായി ഭവിക്കുന്ന ഇച്ഛാഭംഗം എന്നിവയാണ്. ആളുകൾ കുപിതരാകുമ്പോൾ അവർ ഒരു ദൃഢമായ സന്ദേശമാണ് പറഞ്ഞറിയിക്കുന്നത്: “നിങ്ങൾ എന്റെ സന്തുഷ്ടിയും സുരക്ഷിതത്വവും അപകടപ്പെടുത്തുകയാണ്! നിങ്ങൾ എന്റെ അന്തസ്സിനെ ഹനിക്കുകയാണ്! നിങ്ങൾ എന്റെ ആത്മാഭിമാനത്തെ അപഹരിച്ചുകളയുകയാണ്! നിങ്ങൾ എന്നെ മുതലെടുക്കുകയാണ്!”
ചിലപ്പോൾ ആളുകൾ കോപത്തെ മററുചിലകാര്യം മറച്ചുപിടിക്കാനുള്ള ഒരു മറയായി ഉപയോഗിക്കാറുണ്ട്. ദൃഷ്ടാന്തത്തിന് ന്യൂയോർക്ക് നഗരിയിലെ 14 വയസ്സുകാരനായ ഒരു ആൺകുട്ടി സദാ കോപിഷ്ഠൻ ആയിരുന്നു, അവൻ എപ്പോഴും കലഹങ്ങളിലേർപ്പെടുമായിരുന്നു. ഒരു ഡോക്ടറിന്റെ സഹായത്താൽ ഒടുവിൽ അവൻ ഇങ്ങനെ സമ്മതിച്ചു പറഞ്ഞു: “എന്റെ കാര്യം സർവ്വത്ര നേരെയായി എന്ന് ഞാൻ ഒരിക്കലും പറയുകയില്ല. എനിക്ക് സഹായം ആവശ്യമുണ്ട്, എനിക്ക് സംസാരിക്കാൻ ആരെങ്കിലും വേണം . . . ആളുകൾ എന്നെ ഇഷ്ടപ്പെടാൻ പോകുന്നില്ല എന്നതാണ് എന്റെ ഭയം.” അതുകൊണ്ട് അവന് വാസ്തവത്തിൽ വേണ്ടിയിരുന്നത് ശ്രദ്ധയും പ്രിയവുമായിരുന്നു.
കാലിഫോർണിയായിലെ ഒരു വിവാഹിത ദമ്പതികൾ, ഭാര്യ തന്റെ സ്നേഹിതയെ സന്ദർശിക്കാൻ പോകുന്ന ഓരോ സന്ദർഭത്തിലും കുപിതമായ പൊട്ടിത്തെറിയിലേർപ്പെടുമായിരുന്നു. ഭർത്താവിന്റെ ക്രുദ്ധമായ പെരുമാററം ഭാര്യയിൽ അതേ വിധമുള്ള പ്രതികരണം സൃഷ്ടിച്ചു. ഒരു വിദഗ്ദ്ധോപദേശകന്റെ മുമ്പാകെവച്ച് ഭർത്താവ് താൻ മുമ്പൊരിക്കലും വെളിപ്പെടുത്തിയിട്ടില്ലാത്ത ഒരു കാര്യം ഭാര്യയോട് പറഞ്ഞു. അൽപ്പനേരത്തേയ്ക്കുപോലും തന്റെ ഭാര്യ തന്നെ കൂടാതെ വെളിയിൽ പോയാൽ ഹൃദയത്തിന്റെ അടിത്തട്ടിൽ അവൾ തന്നെ എന്നെന്നേക്കുമായി ഉപേക്ഷിച്ചുപോകുമോ എന്നയാൾ ഭയപ്പെട്ടിരുന്നു, കാരണം, അയാളുടെ സ്വന്ത പിതാവ് അയാളെ താൻ കുട്ടിയായിരുന്നപ്പോൾ ഉപേക്ഷിച്ചുപോയി. തന്റെ ഭർത്താവിന്റെ കോപത്തിന്റെ ഗൂഢമായ കാരണം ഭാര്യ മനസ്സിലാക്കിയതോടെ—ഉപേക്ഷിച്ചുപോകുമോ എന്ന ഭയം—അയാളോടുള്ള തന്റെ കോപം ഉപേക്ഷിച്ച് തന്റെ സ്നേഹത്തിന്റെ ഉറപ്പയാൾക്ക് നൽകുന്നതിന് അവൾക്ക് കഴിഞ്ഞു.
ഇപ്രകാരം കോപം ഒരു രോഗലക്ഷണമായിരുന്നേക്കാം. അത്തരം കേസുകളിൽ, അന്തർഗതമായ കാരണം മനസ്സിലാക്കിക്കൊണ്ട് അതു ഉചിതമായി കൈകാര്യം ചെയ്യാൻ നമുക്ക് പഠിക്കാം. (w87 7/1)
[4-ാം പേജിലെ ചിത്രം]
കോപം പ്രകടിപ്പിച്ചു തീർക്കുന്നത് അനാരോഗ്യകരമായിരിക്കും എന്ന് നിരവധി ഡോക്ടർമാർ നിഗമനം ചെയ്തിരിക്കുന്നു