യേശുവിന്റെ ജീവിതവും ശുശ്രൂഷയും
യായിറോസിന്റെ ഭവനം വിട്ടുപോന്ന് നസറത്ത് വീണ്ടും സന്ദർശിക്കുന്നു
യേശുവിന് അതൊരു തിരക്കേറിയ ദിവസം ആയിരുന്നു—ദെക്കപ്പൊലിസിൽ നിന്നുള്ള കടൽയാത്ര, രക്തസ്രാവമുള്ള സ്ത്രീയെ സുഖപ്പെടുത്തൽ, യായിറോസിന്റെ പുത്രിയെ ഉയർപ്പിക്കൽ. എന്നാൽ ദിവസം ഇനിയും കഴിഞ്ഞിട്ടില്ല. യേശു യായിറോസിന്റെ ഭവനം വിട്ടുപോരവെ രണ്ടു കുരുടൻമാർ ഇങ്ങനെ നിലവിളിച്ചുകൊണ്ട് പിൻതുടരുന്നു: “ദാവീദു പുത്രാ, ഞങ്ങളോട് കരുണയുണ്ടാകേണമേ.”
യേശുവിനെ ദാവീദുപുത്രൻ എന്നു സംബോധന ചെയ്തതിലൂടെ ഈ മനുഷ്യർ, അവൻ ദാവീദിന്റെ സിംഹാസനത്തിന്റെ അവകാശിയാണെന്നും തൻമൂലം അവൻ വാഗ്ദത്ത മശിഹായാകുന്നുവെന്നുമുള്ള കാര്യത്തിൽ വിശ്വാസം പ്രകടിപ്പിക്കുകയായിരുന്നു. പക്ഷേ യേശു അവരുടെ സഹായാഭ്യർത്ഥനയെ അവഗണിക്കുന്നതായി തോന്നി. ഒരുപക്ഷേ അവരുടെ നിശ്ചയദാർഢ്യം പരീക്ഷിക്കുന്നതിനായിരിക്കാം അവൻ അങ്ങനെ ചെയ്തത്. എന്നാൽ അവർ ശ്രമം ഉപേക്ഷിക്കുന്നില്ല. യേശു താമസിക്കുന്നിടത്തേക്ക് അവർ അവനെ അനുഗമിച്ചു. അവൻ വീട്ടിനുള്ളിൽ പ്രവേശിച്ചപ്പോൾ അവരും അവന്റെ പിന്നാലെ അകത്തു കടക്കുന്നു.
അവിടെ വച്ച് യേശു അവരോട്, “എനിക്കിതു ചെയ്യാൻ കഴിയും എന്ന് നിങ്ങൾക്കു വിശ്വാസം ഉണ്ടോ?” എന്ന് ചോദിക്കുന്നു.
അവർ ശുഭാപ്തി വിശ്വാസത്തോടെ “ഉവ്വ്, കർത്താവേ” എന്നുത്തരം പറയുന്നു.
അതുകൊണ്ട് യേശു അവരുടെ കണ്ണുകളിൽ തൊട്ടുകൊണ്ട് ഇങ്ങനെ പറയുന്നു: “നിങ്ങളുടെ വിശ്വാസം പോലെ നിങ്ങൾക്കു ഭവിക്കട്ടെ.” ഉടനെ അവർക്കു കാണാൻ കഴിയുന്നു! അപ്പോൾ യേശു അവർക്ക് കർശനമായ ഒരു താക്കീത് നൽകുന്നു: “ഈ കാര്യം ആരും അറിയാനിടയാകരുത്.” പക്ഷേ അവർ ആനന്ദം കൊണ്ട് നിറഞ്ഞ് യേശുവിന്റെ കൽപ്പന മറക്കുകയും നാട്ടിൻപുറത്തൊക്കെയും അവനെക്കുറിച്ച് പറഞ്ഞു നടക്കുകയും ചെയ്തു.
ഈ ആളുകൾ പോയ ഉടനെതന്നെ മററുള്ളവർ ഭൂതഗ്രസ്തനായ ഒരാളെ കൊണ്ടുവരുന്നു. യേശു ഭൂതത്തെ പുറത്താക്കുന്നു, ഉടനെതന്നെ അയാൾ സംസാരിക്കാൻ തുടങ്ങുന്നു. ഈ രണ്ടു അത്ഭുതങ്ങൾ കണ്ട് ജനം ആശ്ചര്യപ്പെട്ടുകൊണ്ട് ഇങ്ങനെ പറയുന്നു: “ഇസ്രായേലിൽ ഇതുപോലെ ഒന്നും മുമ്പൊരിക്കലും കണ്ടിട്ടില്ല.”
പരീശൻമാരും അവിടെയുണ്ടായിരുന്നു. അത്ഭുതങ്ങൾ അവർക്കു നിഷേധിക്കാൻ കഴിയുന്നില്ല. പക്ഷേ അവരുടെ ദുഷ്ടമായ അവിശ്വാസം നിമിത്തം യേശുവിന്റെ അത്ഭുതപ്രവൃത്തികളുടെ ഉറവിടം സംബന്ധിച്ച് അവർ തങ്ങളുടെ ദുരാരോപണം തുടരുന്നു: “ഭൂതങ്ങളുടെ അധിപതിയെക്കൊണ്ടാണ് അവൻ ഭൂതങ്ങളെ പുറത്താക്കുന്നത്.”
ഈ സംഭവങ്ങൾക്കുശേഷം അൽപ്പം കഴിഞ്ഞ് യേശു തന്റെ നാടായ നസറേത്തിലേക്ക് മടങ്ങിപ്പോവുന്നു. ഈ പ്രാവശ്യം അവന്റെ ശിഷ്യൻമാർ അവനോടൊപ്പമുണ്ട്. ഏകദേശം ഒരു വർഷത്തിനു മുമ്പ് അവൻ സിന്നഗോഗ് സന്ദർശിച്ച് അവിടെ പഠിപ്പിച്ചിരുന്നു. പുരുഷാരം അവന്റെ ലാവണ്യവാക്കുകളിൽ ആദ്യം ആശ്ചര്യപ്പെട്ടെങ്കിലും അവർ പിന്നീട് അവന്റെ ഉപദേശത്തിൽ നീരസപ്പെടുകയും അവനെ കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. തന്റെ പഴയ അയൽവാസികളെ സഹായിക്കാൻ യേശു മറെറാരു ശ്രമം ചെയ്യുന്നു.
മററു സ്ഥലങ്ങളിൽ പുരുഷാരം യേശുവിന്റെ ചുററും തടിച്ചുകൂടിയിരുന്നെങ്കിലും ഇവിടെ അവർ അങ്ങനെ ചെയ്തു കാണാറില്ല. അതുകൊണ്ട് യേശു ശബത്ത് ദിവസം ഉപദേശിക്കുന്നതിനുവേണ്ടി സിന്നഗോഗുകളിൽ പോകുന്നു. അവനെ ശ്രദ്ധിച്ച മിക്കവരും അത്ഭുതസ്തംബ്ധരായി. “ഈ മനുഷ്യന് ഈ ജ്ഞാനവും ഈ അത്ഭുതപ്രവൃത്തികളും എവിടെ നിന്നു കിട്ടി?” എന്നവർ ചോദിക്കുന്നു. “ഇവൻ തച്ചന്റെ മകൻ അല്ലയോ? ഇവന്റെ അമ്മ മറിയയും ഇവന്റെ സഹോദരൻമാർ യാക്കോബ്, യോസേഫ്, ശീമോൻ, യൂദാ എന്നിവരുമല്ലയോ? ഇവന്റെ സഹോദരിമാർ എല്ലാവരും നമ്മോടുകൂടെയല്ലയോ? അപ്പോൾ എവിടെ നിന്നാണ് ഇവനിതൊക്കെയും ലഭിച്ചത്?”
‘യേശു നമ്മെപ്പോലെതന്നെ ഈ നാട്ടുകാരനാണ്,’ എന്നവർ ന്യായവാദം ചെയ്യുന്നു. ‘അവൻ വളർന്നു വരുന്നത് നാം കണ്ടിരിക്കുന്നു, അവന്റെ വീട്ടുകാരെ നമുക്കറിയാം. അവനെങ്ങനെ മശിഹായായിരിക്കാൻ കഴിയും? അതുകൊണ്ട് തെളിവുകളെല്ലാം ഉണ്ടായിരുന്നിട്ടും—അവന്റെ മഹാജ്ഞാനവും അത്ഭുതപ്രവൃത്തികളും—അവർ അവനെ തള്ളിക്കളഞ്ഞു. അവന്റെ സ്വന്ത ബന്ധുക്കൾപോലും അവനോടുള്ള അടുത്ത പരിചയം നിമിത്തം അവങ്കൽ ഇടറുകയാൽ യേശു ഇങ്ങനെ പറയാൻ കാരണമായി: “ഒരു പ്രവാചകൻ തന്റെ സ്വന്തഭവനത്തിലും ചാർച്ചക്കാരുടെയിടയിലും സ്വന്തനാട്ടിലുമല്ലാതെ അനാദരിക്കപ്പെടുന്നില്ല.”
വാസ്തവമായും അവരുടെ വിശ്വാസമില്ലായ്മയിൽ യേശു അത്ഭുതപ്പെടുന്നു. അതുകൊണ്ട് അവൻ അവിടെയുള്ള രോഗികളുടെമേൽ കൈവച്ച് അവരെ സുഖപ്പെടുത്തിയതല്ലാതെ വേറെ യാതൊരത്ഭുതവും ചെയ്തില്ല.—മത്തായി 9:27-34; 13:54-58; മർക്കോസ് 6:1-6; യെശയ്യാവ് 9:7.
◆ യേശുവിനെ ദാവീദിന്റെ പുത്രനെന്ന് സംബോധന ചെയ്യുക വഴി തങ്ങൾ എന്തു വിശ്വസിക്കുന്നു എന്ന് കുരുടൻമാർ പ്രകടമാക്കി?
◆ പരീശൻമാർ യേശുവിന്റെ അത്ഭുതങ്ങളെക്കുറിച്ച് എന്തു വിശദീകരണത്തിൽ എത്തിച്ചേർന്നു?
◆ നസ്രേത്തിലുള്ളവരെ സഹായിക്കാൻ യേശു മടങ്ങിച്ചെന്നത് കരുണാർദ്രമായ നടപടിയായിരുന്നതെന്തുകൊണ്ട്?
◆ നസ്രേത്തിൽ യേശുവിനു ലഭിച്ച സ്വീകരണം എങ്ങനെയുള്ളതായിരുന്നു? എന്തുകൊണ്ട്? (w87 7/1)
[9-ാം പേജ് നിറയെയുള്ള ചിത്രം]