യഥാർത്ഥ സ്നേഹിതർക്കു വേണ്ടിയുള്ള അന്വേഷണം
ഒരു ചെറുപ്പക്കാരന് ഒരു മോട്ടോർ സൈക്കിൾ അപകടത്തിൽ ഗുരുതരമായി മുറിവേററു. ആഴ്ചകളോളം അയാൾ അബോധാവസ്ഥയിലായിരുന്നു. തുടർന്ന് സാവധാനം സുഖം പ്രാപിച്ചു. “എനിക്ക് എത്ര പരിചയക്കാരുണ്ടോ അത്ര തന്നെ ഉത്തമസ്നേഹിതരും ഉണ്ടായിരുന്നെങ്കിൽ ഞാൻ വളരെ വേഗം സുഖം പ്രാപിക്കുമായിരുന്നു,” എന്ന് അയാൾ പറഞ്ഞു. ‘എനിക്ക് അപകടത്തിന് മുമ്പുണ്ടായിരുന്ന ഒട്ടേറെ സ്നേഹിതൻമാർ എന്നെ ഉപേക്ഷിച്ചുപോയി. പക്ഷേ യഥാർത്ഥ സ്നേഹിതർ വളരെ രോഗസൗഖ്യം പകരുന്നവരാണ്.’
ഇന്നത്തെ സൗഹൃദ ശൂന്യമായ ലോകത്തിന്റെ ഒരു തനി സവിശേഷതയാണ് ഈ സ്ഥിതിവിശേഷം. എല്ലാ കാര്യങ്ങളും ഭംഗിയായി നീങ്ങുമ്പോൾ സ്നേഹിതർ എന്നു പറയുന്നവർ അനേകരുണ്ടായിരിക്കും. പക്ഷേ എന്തെങ്കിലും വിപത്തുണ്ടാകുമ്പോൾ അവർ പോയിമറയുന്നു. യഥാർത്ഥ സ്നേഹിതരെ കണ്ടെത്തുക സാധാരണ ഗതിയിൽ വലിയ പ്രയാസം ആണ്.
എങ്കിലും, ഊഷ്മളതയുള്ള ഒന്നോ രണ്ടോ യഥാർത്ഥ സ്നേഹിതരുണ്ടായിരിക്കുക എന്നത് ജീവിതത്തിൽ ഒരു വലിയ മാററം വരുത്തുന്നു. ഈ വിഷയത്തിലെ വിദഗ്ദ്ധർ ഇങ്ങനെ പറയുന്നു: “ഉററ വ്യക്തി ബന്ധങ്ങൾക്കുവേണ്ടിയുള്ള ആഗ്രഹം നമ്മുടെ നാളുകളിലെ ഒരു പ്രമുഖ ചർച്ചാവിഷയം ആണ്. കൂടാതെ ഒരു പഴയ ചൊല്ല് പറയുന്നതുപോലെ: ‘വിഷമകാലത്തെ സ്നേഹിതരത്രെ യഥാർത്ഥ സ്നേഹിതർ’.
ഒരു കാലത്ത് ആളുകൾക്ക് മററുള്ളവരുടെ കാര്യത്തിൽ ഏറിയ പരിഗണനയുണ്ടായിരുന്നു. അന്ന് അവർ തങ്ങളുടെ സ്നേഹിതരെയോ അയൽക്കാരെയോ സഹായിക്കാൻ സന്നദ്ധരും ആയിരുന്നു. പക്ഷേ, ഒന്നാം ലോകമഹായുദ്ധത്തിങ്കലെ വഴിത്തിരിവിൻ കാലഘട്ടം മനുഷ്യബന്ധങ്ങളെ പൊതുവിൽ വഷളാക്കിത്തീർത്തു. കൃതജ്ഞതാരഹിതവും നിർവ്വികാരവും ആയ ഞാൻ-മുമ്പേ എന്ന മനോഭാവമാണ് ഇക്കാലത്തെ ഭരിക്കുന്ന പ്രമാണം.
ഈ ദുരവസ്ഥ 19 നൂററാണ്ടുകൾക്കു മുമ്പ് പിൻവരുന്ന വാക്കുകളിൽ മുൻകൂട്ടി പറയപ്പെട്ടിട്ടുണ്ട്: “അന്ത്യനാളുകളിൽ ഒരു ക്രിസ്ത്യാനിയായിരിക്കുക വളരെ പ്രയാസമായിരിക്കാൻ പോവുകയാണ്. കാരണം ആളുകൾ അവരെത്തന്നെയും അവരുടെ പണത്തെയും മാത്രമെ സ്നേഹിക്കുകയുള്ളൂ; അവർ അഹംഭാവികളും വമ്പുപറയുന്നവരും ദൈവദൂഷകരും മാതാപിതാക്കളെ അനുസരിക്കാത്തവരും അവരോട് നന്ദിയില്ലാത്തവരും അറുവഷളരും ആയിരിക്കും. അവർ കഠിനരും മററുള്ളവർക്ക് ഒരിക്കലും വഴങ്ങാത്തവരും ആയിരിക്കും. അവർ നിരന്തര ഭോഷ്കാളികളും കുഴപ്പക്കാരും ദുർവൃത്തിയിൽ ലംഘനം കാണാത്തവരും ആയിരിക്കും, അവർ പരുഷരും ക്രൂരരും ആയിരിക്കും, ശ്രേഷ്ഠരാകാൻ ശ്രമിക്കുന്നവരെ അവർ നിന്ദിക്കുകയും ചെയ്യും. അവർ തങ്ങളുടെ സ്നേഹിതരെ ഒററിക്കൊടുക്കും.”—2 തിമൊഥെയൊസ് 3:1-4, ദ ലിവിംഗ് ബൈബിൾ.
ഇന്നത്തെ ലോകത്തിന്റെ വിഷാദാത്മകവും അതേസമയം എത്ര കൃത്യവും ആയ ഒരു ചിത്രം! അത് ഒററ നോട്ടത്തിൽ യഥാർത്ഥസ്നേഹിതരെ കണ്ടെത്തുന്ന കാര്യത്തിൽ ആശക്ക് വക നൽകുന്നില്ലായിരിക്കാം. എങ്കിലും ഇന്നും യഥാർത്ഥ സ്നേഹിതരെ കണ്ടെത്തുക സാദ്ധ്യമാണ്. അവർ എത്ര വിലയേറിയവർ ആണെന്നോ! നിങ്ങൾക്കെപ്പോഴും സഹായത്തിനും ആശ്വാസത്തിനും ഊഷ്മളമായ സഖിത്വത്തിനും വേണ്ടി അവരിലേക്കു തിരിയാൻ കഴിയും. എന്നാൽ, യഥാർത്ഥ സ്നേഹിതരെ വ്യാജസ്നേഹിതരിൽ നിന്ന് വേർതിരിച്ചു കാണേണ്ടത് ജീവൽപ്രധാനമാണ്.
എല്ലാ “സ്നേഹിതരും” യഥാർത്ഥ സ്നേഹിതരല്ല
തുടക്കത്തിൽ പരാമർശിച്ച അപകടത്തിൽ മുറിവേററ ആ ചെറുപ്പക്കാരൻ ഒരു ഫുട്ബോൾ ടീം അംഗം ആയിരുന്നതുകൊണ്ട് അയാൾക്ക് ധാരാളം “സ്നേഹിതരു”ണ്ടായിരുന്നു. ക്ലബ്ബുകളിലെയോ ചെറിയ സമൂഹങ്ങളിലെയോ അംഗങ്ങൾ പരസ്പരം ഉററബന്ധം സ്ഥാപിക്കാറുണ്ട്. പക്ഷേ അത്തരം “സുഹൃദ്ബന്ധങ്ങൾ” അത്ര സ്ഥിരമായിരിക്കാറില്ല. ധാരാളം “സ്നേഹിതരു”ണ്ടായിരുന്നിട്ട് അവരെല്ലാം നഷ്ടപ്പെടുക എന്നത് നിരാശാജനകവും ആണ്. ആ ചെറുപ്പക്കാരനുണ്ടായ അനുഭവം അതാണ്. പരിചയക്കാരെ സമ്പാദിക്കുക എളുപ്പമാണ്; യഥാർത്ഥ സ്നേഹിതരെ നേടുക വിഷമവും.
സമ്പന്നരായ ആളുകൾക്കും ഉയർന്ന സ്ഥാനമഹിമയുള്ളവർക്കും “സ്നേഹിതരെ” സമ്പാദിക്കുക എളുപ്പമാണ്. ബൈബിൾ പറയുന്നതുപോലെ: “ധനവാൻമാർക്ക് സ്നേഹിതരേറെയുണ്ട്.” “പ്രധാനികളായ ആളുകളുടെ പ്രീതി ലഭിക്കാൻ ഓരോരുത്തനും ശ്രമിക്കുന്നു; ദാനം ചെയ്യുന്നവന്റെ സൗഹൃദം ഓരോരുത്തനും അവകാശപ്പെടുന്നു.” (സദൃശവാക്യങ്ങൾ 14:20; 19:6, ററഡേയ്സ് ഇംഗ്ലീഷ് വേർഷൻ) പക്ഷേ അവരിൽ ഗൂഢതാത്പര്യങ്ങളില്ലാത്തവർ എത്രയുണ്ട്? സ്നേഹിതർ അനവധിയുള്ള ആളുകളുടെ പണമോ പ്രതാപമോ നഷ്ടപ്പെടുമ്പോൾ അതിവേഗം അവർക്ക് സകല സ്നേഹിതരെയും നഷ്ടപ്പെടുന്നു.
ശാരീരികമായ ആകർഷകത്വം ഉള്ള ആളുകൾക്കും പലപ്പോഴും “സ്നേഹിതർ” അധികമുണ്ടായിരിക്കും—അവരിൽ പലരെയും കേവലം ശാരീരിക ഘടകങ്ങളായിരിക്കും സ്വാധീനിച്ചിരിക്കുക. പക്ഷേ, അത്തരം “സുഹൃദ്ബന്ധങ്ങൾ” വളരെ ദ്രോഹപൂർവ്വകമായിരിക്കും. അവ പ്രതികൂല ഘട്ടങ്ങളിൽ വെയിലത്ത് മൂടൽ മഞ്ഞ് എന്നപോലെ മങ്ങിമറയും.
വിവേചനയുണ്ടായിരിക്കുക
ഉവ്വ്, സ്നേഹിതരുടെ കാര്യത്തിൽ ഒരു തെരഞ്ഞെടുപ്പ് നടത്തുന്നത് വിവേകമായിരിക്കും. വ്യാജ സുഹൃത്തുക്കൾ പലപ്പോഴും ഗൂഢലക്ത്യങ്ങളോടെ മററുള്ളവരെ പാട്ടിലാക്കാൻ ശ്രമിക്കുന്ന സ്തുതിപാഠകർ മാത്രം ആയിരിക്കും. “തന്റെ അയൽക്കാരനെ പുകഴ്ത്തുന്നവൻ അവന്റെ പാദങ്ങൾക്ക് വലവിരിക്കുന്നു.”—സദൃശവാക്യങ്ങൾ 29:5, ദ ജെറുസലേം ബൈബിൾ.
അതുകൊണ്ട് നിങ്ങളുടെ ഇപ്പോഴത്തെ സുഹൃദ്വലയത്തെക്കുറിച്ച് ചിന്തിക്കുക. അവർ നിങ്ങളെ നൻമക്കാണോ തിൻമക്കാണോ സ്വാധീനിക്കുന്നത്? അവർ സ്വാർത്ഥപ്രിയരോ, നിർബന്ധബുദ്ധികളോ, ദുരഭിമാനികളോ ആണോ? അവർ എടുത്തുചാട്ടം കാണിക്കുന്നവരോ സാഹസപ്രിയരോ ആണോ? വിപരീതലിംഗ വർഗ്ഗത്തിലുള്ളവരോടുള്ള അവരുടെ മനോഭാവം എന്താണ്? അവർ മര്യാദയും ബഹുമാനവും കാണിക്കുന്നവരാണോ? അതോ അവർ കവിഞ്ഞ പരിചയം കാണിക്കുന്നവരോ വാസ്തവത്തിൽ ദുർമ്മാർഗ്ഗികളോ ആണോ? നിങ്ങളുടെ നിരന്തര സഹകാരികൾ സത്യസന്ധരോ ആശ്രയയോഗ്യരോ ആണോ? അവർ മയക്കുമരുന്നുപയോഗിക്കുന്നവരോ, മുഴുക്കുടിയൻമാരോ ആണോ? അങ്ങനെയാണെങ്കിൽ നിങ്ങൾ അപകടത്തിലാണ്. നിങ്ങൾ സത്യസന്ധനോ, സ്വഭാവശുദ്ധിയുള്ളവനോ, വിനയാന്വിതനോ ആയിരിക്കാം, എങ്കിലും സ്മരിക്കുക: “മോശമായ സഹവാസങ്ങൾ പ്രയോജനപ്രദങ്ങളായ ശീലങ്ങളെ പാഴാക്കുന്നു.”—1 കൊരിന്ത്യർ 15:33.
വഷളൻമാരായ സഹകാരികളുണ്ടായിരിക്കുന്നതിന്റെ അപകടം നിങ്ങൾ അവരെ അനുകരിക്കാൻ തുടങ്ങും എന്നതാണ്. സാവകാശം, ഒരുപക്ഷേ തിരിച്ചറിയാനാകാത്ത വിധം, അവരുടെ വഴികളും മനോഭാവങ്ങളും നിങ്ങളിലേക്ക് പകരപ്പെടും. ബൈബിൾ പറയുന്നതുപോലെ: “ജ്ഞാനികളോട് കൂടെ നടക്കുക നീയും ജ്ഞാനിയായിത്തീരും. നിങ്ങൾ മൂഢൻമാരായ ആളുകളുമായി സൗഹൃദത്തിലേർപ്പെട്ടാൽ നിങ്ങൾ നശിച്ചുപോകും.”—സദൃശവാക്യങ്ങൾ 13:20 TEV
സ്നേഹിതരെ സമ്പാദിക്കുമ്പോൾ ഒരു തെററായ ചുവട് വയ്ക്കുക എളുപ്പമാണ്. എന്നാൽ നിരാശരാകരുത്. ഇപ്പോൾ തന്നെ ദശലക്ഷക്കണക്കിന് ശ്രേഷ്ഠരും സൗഹൃദമുള്ളവരുമായ ആളുകൾ ഉണ്ട്. ആ സ്ഥിതിക്ക് അത്തരം യഥാർത്ഥ സ്നേഹിതരെ നിങ്ങൾക്ക് എങ്ങനെ കണ്ടെത്താൻ കഴിയും? (w87 9/15)
[4-ാം പേജിലെ ചിത്രം]
നിങ്ങളുടെ സഹകാരികൾക്ക് നിങ്ങളെ ശക്തമായി സ്വാധീനിക്കാൻ കഴിയും.