യഹോവയിൽ പ്രത്യാശവെക്കുക
“യഹോവയിൽ പ്രത്യാശിക്കുകയും അവന്റെ വഴി അനുസരിക്കുകയും ചെയ്യുക, ഭൂമിയെ അവകാശമാക്കുവാൻ അവൻ നിന്നെ ഉയർത്തും. ദുഷ്ടൻമാർ ഛേദിക്കപ്പെടുമ്പോൾ നീ അതു കാണും.”—സങ്കീർത്തനം 37:34.
1, 2. മനുഷ്യവർഗ്ഗം എവിടെ നിൽക്കുന്നതായി കാണപ്പെടുന്നു, ഐക്യരാഷ്ട്രങ്ങൾ ഉൾപ്പെട്ടിരിക്കുന്നതെങ്ങനെ?
ബുദ്ധിപരമായി മനുഷ്യകുടുംബം അതിന്റെ വികാസത്തിന്റെ ഏററവും മുന്നേറിയ ഘട്ടത്തിലെത്തിയിരിക്കുകയാണ്. അതിന്റെ ശ്രമഫലമായി അത് ഒടുവിൽ ന്യൂക്ലിയർ യുഗത്തിലെത്തി. ആണവശക്തി സമൃദ്ധമായി ഊർജ്ജം പ്രദാനം ചെയ്യാനും അങ്ങനെ ആഗോളമായി മഹത്തായ കാര്യങ്ങൾക്കു തുടക്കമിടാനും പ്രാപ്തമെന്ന് കാണപ്പെടുന്നു. വിരോധാഭാസമെന്നു പറയട്ടെ, അത് മനുഷ്യവർഗ്ഗത്തിന് അങ്ങേയററത്തെ ഉപദ്രവം വരുത്തിക്കൂട്ടുന്നതിനുള്ള വഴിയും ഒരുക്കിയിരിക്കുന്നു.
2 ഒരു ന്യൂക്ലിയർ വിപത്തിൽ മനുഷ്യകുടുംബം അതിനെത്തന്നെ നശിപ്പിക്കുന്നതിന് തടസ്സമായി നിൽക്കുന്നതെന്താണ്? അത് ഐക്യരാഷ്ട്രങ്ങളാണെന്നു തോന്നാം, അനേകം ഭരണ സമ്പ്രദായങ്ങളോടുകൂടിയ ഏതാണ്ട് 159 അംഗരാഷ്ട്രങ്ങൾ അതിനുണ്ടെന്ന് അത് വീമ്പിളക്കുന്നു. ഈ ഭരണകൂടങ്ങൾ രാഷ്ട്രീയമായി അന്യോന്യം യോജിപ്പിലല്ല. ഓരോന്നും അതിന്റെ ഭരണ സമ്പ്രദായമാണ് ശ്രേഷ്ഠം, അത്യുത്തമം, എന്നു വിശ്വസിക്കുന്നു. തന്നിമിത്തം യു. എൻ. അതിൽത്തന്നെ ഛിദ്രിച്ച ഒരു സമൂഹമാണ്. ദേശീയ അഹന്തയും സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അഭിലാഷവുമാണ് പ്രബലപ്പെട്ടിരിക്കുന്നത്. മാത്രവുമല്ല, നിരവധി രാഷ്ട്രങ്ങൾ ദൈവവിശ്വാസത്തെ തള്ളിപ്പറഞ്ഞ് നിരീശ്വരത്വം സ്വീകരിച്ചിരിക്കുന്നു.
3. ദൈവത്തെ സംബന്ധിച്ച ക്രൈസ്തവലോകത്തിന്റെ വീക്ഷണം ദൈവത്തിന്റെതന്നെ വീക്ഷണത്തിൽനിന്ന് വ്യത്യസ്തമായിരിക്കുന്നതെങ്ങനെ?
3 ദൈവമില്ലാത്തവരെന്ന് തരംതിരിക്കപ്പെടാനാഗ്രഹിക്കാതെ, യേശുവിനോടും ആളത്വമുള്ള ഒരു പരിശുദ്ധാത്മാവിനോടും ത്രിയേക ബന്ധമുള്ള “പിതാവായ ദൈവ”ത്തോടുള്ള ഒന്നിപ്പിൽ യേശുക്രിസ്തുവിൽ വിശ്വാസം അവകാശപ്പെടുന്ന രാഷ്ട്രങ്ങൾക്ക് ക്രൈസ്തവലോകം എന്നപേർ ഇപ്പോഴും ബാധകമാകുന്നു. ത്രിത്വത്തിലെ അംഗങ്ങൾ സമതുല്യരാണെന്ന് തറപ്പിച്ചു പറയപ്പെടുന്നു. എന്നാൽ യേശുവിന്റെ പിതാവ് യെശയ്യാ പ്രവാചകനെക്കൊണ്ട് ഈ തിരിച്ചറിയിക്കൽ വാക്കുകൾ എഴുതിച്ചു: “ഞാൻ യഹോവയാകുന്നു. അതാകുന്നു എന്റെ നാമം; ഞാൻ എന്റെ സ്വന്തം മഹത്വം മറെറാരുത്തനും എന്റെ സ്തുതി വാർത്ത പ്രതിമകൾക്കും കൊടുക്കുകയില്ല.” (യെശയ്യാവ് 42:8) ഈ യഹോവ അല്ലെങ്കിൽ യാഹ്വെ (യെരൂശലേം ബൈബിൾ) തനിക്കുവേണ്ടി ഒരു അതുല്യ ചരിത്രരേഖ സൃഷ്ടിച്ചിട്ടുണ്ട്.
4. ഐക്യരാഷ്ട്രങ്ങൾ മനുഷ്യവർഗ്ഗത്തെ എന്തിൽനിന്നു വ്യതിചലിപ്പിക്കുകയാണ്?
4 ഐക്യരാഷ്ട്രങ്ങൾ, ദൈവനാമത്തിന് തക്ക ബഹുമാനവും അംഗീകാരവും കൊടുക്കുന്നതിൽനിന്ന് മാറിനിന്നിരിക്കുന്നു, അത് യാതൊരു വിധത്തിലും അതിന് ബഹുമതിയായിരുന്നിട്ടില്ല. ആ നാമം വഹിക്കുന്ന ആളിൽ പ്രത്യാശവെക്കാൻ അതു മനുഷ്യവർഗ്ഗത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. മനുഷ്യവർഗ്ഗമാണെങ്കിൽ ഇപ്പോൾ അത്യന്തം നൈരാശ്യം പൂണ്ട അവസ്ഥയെ അഭിമുഖീകരിക്കുകയുമാണ്. എന്നിരുന്നാലും, മനുഷ്യവർഗ്ഗത്തിന് ഇപ്പോൾ വെച്ചുപുലർത്താവുന്ന വിലപ്പെട്ട ഏക പ്രത്യാശക്കുള്ള അടിസ്ഥാനം ദൈവം നൽകിയിരിക്കുന്നതായി കാണുന്നതിനാൽ ഉചിതമായിത്തന്നെ അവൻ “പ്രത്യാശയുടെ ദൈവം” എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. (റോമർ 15:13, കിംഗ് ജെയിംസ് വേർഷ്യൻ) അവൻ നൽകുന്ന പ്രത്യാശ അനേകം സ്ത്രീപുരുഷൻമാരെ ബലപ്പെടുത്തുകയും പുലർത്തുകയും ചെയ്തിരിക്കുന്നു.
പ്രാരംഭം മുതൽ—പ്രത്യാശ!
5. പ്രത്യാശയുടെ അടിസ്ഥാനം എപ്പോൾ ഇടപ്പെട്ടു?
5 മനുഷ്യ കുടുംബത്തിന്റെ ചരിത്രത്തിന്റെ പ്രാരംഭത്തിൽ തന്നെ ആ പ്രത്യാശ വെച്ചുപുലർത്തുന്നതിനുള്ള അടിസ്ഥാനം ഇടപ്പെട്ടു. അതെ, നമ്മുടെ ആദ്യമാതാപിതാക്കളെ മദ്ധ്യപൂർവ്വദേശത്തെ അവരുടെ ഏദൻതോട്ടഭവനത്തിൽ നിന്ന് പുറത്താക്കുന്നതിന് തൊട്ടു മുമ്പ് അത് ഇടപ്പെട്ടു. ആ തോട്ടത്തെ അഥവാ പറുദീസയെക്കുറിച്ച് എബ്രായഭാഷയിൽ എഴുതപ്പെട്ട രേഖ കെട്ടുകഥയല്ല, തങ്ങളുടെ സ്രഷ്ടാവിനെ ആരാധിക്കുന്നതിൽനിന്ന് തിരിച്ചുകളയുന്ന ആളുകളുടെ പുരാണകഥയല്ല.—ഉല്പത്തി 2:7—3:24.
6. മനുഷ്യവർഗ്ഗത്തിന് പ്രത്യാശയുടെ ആവശ്യമുണ്ടായതെങ്ങനെ?
6 നാലായിരത്തിൽപ്പരം വർഷം കഴിഞ്ഞ് ക്രിസ്തീയ അപ്പോസ്തലനായ പൗലോസ് ഇങ്ങനെ എഴുതാൻ നിശ്വസ്തനാക്കപ്പെട്ടു: “ഏക മനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിലേക്കു പ്രവേശിച്ചു, അങ്ങനെ സകല മനുഷ്യരും പാപം ചെയ്തിരുന്നതുകൊണ്ട് മരണം അവരിലേക്കെല്ലാം വ്യാപിച്ചു.” (റോമർ 5:12) തന്റെ എഴുത്തുകളിൽ മറെറാന്നിൽ അവൻ കുററക്കാരനായ ആ ഏകമനുഷ്യനെ തിരിച്ചറിയിച്ചു: “ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ, ക്രിസ്തുവിൽ എല്ലാവരും ജീവിപ്പിക്കപ്പെടും.” (1 കൊരിന്ത്യർ 15:22) ലൂക്കോസ് എന്നു പേരുണ്ടായിരുന്ന ഒരു വൈദ്യൻ തന്റെ സുവിശേഷത്തിന്റെ 3-ാം അദ്ധ്യായത്തിൽ ആദാംവരെ പിമ്പോട്ടുള്ള യേശുവിന്റെ വംശാവലി രേഖപ്പെടുത്തി. ഏദനിൽനിന്ന് പുറത്താക്കപ്പെടുന്നതിനു മുമ്പ് ആദാം യഹോവയുടെ പ്രത്യാശാ ദൂത് കേട്ടിരുന്നു.—ലൂക്കോസ് 3:23-38.
7. ആദാം ജീവിച്ചിരുന്നപ്പോൾത്തന്നെ ദൈവം എന്തു പ്രോത്സാഹജനകമായ കാര്യം ചെയ്തു?
7 സ്വാഭാവികമായി, നിങ്ങൾ ആ ദൂതിന്റെ ഉള്ളടക്കം അറിയാനാഗ്രഹിക്കണം. എന്നാൽ അതു വായിക്കുന്നതിനു മുമ്പ് ദീർഘകാലമായി യഹോവ ഒരു പ്രത്യാശാദാതാവായിട്ടിരിക്കുന്നുവെന്ന വസ്തുത ശ്രദ്ധിക്കുക. ആദിയിൽ ആദാം ദൈവത്തിന്റെ ഭൗമിക പുത്രനായിരുന്നു, സന്താനങ്ങളെ ഉളവാക്കാൻ ദൈവം അവനെ അനുവദിച്ചു. നിങ്ങൾ ഭീഷണമായ ഒരു സാഹചര്യം മുൻകൂട്ടിക്കാണുകയാണെങ്കിൽ, നിങ്ങൾ നിങ്ങളുടെ സന്താനങ്ങളെ പ്രോത്സാഹിപ്പിക്കാൻ അല്ലെങ്കിൽ അവർക്കു പ്രത്യാശ കൊടുക്കാൻ ആഗ്രഹിച്ചേക്കാം. സമാനമായ ഒന്നു ദൈവം ചെയ്തു. വ്യക്തിപരമായി ആദാമിന്റെമേൽ കുററവിധിയുടെ വാക്കുകൾ ദൈവം ഉച്ചരിക്കുന്നതു കേട്ടശേഷം അവന്റെ സന്താനങ്ങൾക്കുവേണ്ടി പ്രത്യാശയുടെ വാക്കുകൾ ഉച്ചരിക്കുന്നത് ആദാം കേട്ടു.
8. ഉല്പത്തി 3:15 പ്രത്യാശക്ക് ഒരു അടിസ്ഥാനം നൽകിയതെങ്ങനെ?
8 പ്രത്യാശ നൽകുന്ന ഈ ദൈവത്തിൽനിന്നുള്ള ആ വാക്കുകൾ എന്തായിരുന്നു? ആദാമിന്റെ പാപത്തിൽ ഉൾപ്പെട്ടിരുന്ന ഒരു “സർപ്പ”ത്തോടു ദൈവം ഇങ്ങനെ പറഞ്ഞു: “ഞാൻ നിനക്കും സ്ത്രീക്കും തമ്മിലും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും [സന്താനം] തമ്മിലും ശത്രുത്വം വെക്കും. അവൻ നിന്നെ തലയിൽ ചതയ്ക്കും, നീ അവനെ കുതികാലിൽ ചതയ്ക്കും.” (ഉല്പത്തി 3:14, 15) ആ വാക്കുകൾ എങ്ങനെ പ്രത്യാശ ഉയർത്തുന്നതായി പറയാൻ കഴിയുമെന്ന് നിങ്ങൾ സംശയിച്ചേക്കാം. ആദ്യമായി, “സർപ്പ”ത്തിന്റെ തല ചതയ്ക്കപ്പെടണമെന്ന് നാം മനസ്സിലാക്കുന്നു.
9. ഉല്പത്തി 3:14, 15-ൽ പരാമർശിച്ച “പാമ്പ്” ആരായിരുന്നു?
9 വെളിപ്പാട് 12:9-ൽ ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: “അങ്ങനെ മുഴുനിവസിത ഭൂമിയെയും വഴിതെററിക്കുന്ന, പിശാചും സാത്താനുമെന്നു വിളിക്കപ്പെട്ടവനായ ആദ്യപാമ്പ്, മഹാസർപ്പം, താഴോട്ടു വലിച്ചെറിയപ്പെട്ടു; അവൻ ഭൂമിയിലേക്ക് വലിച്ചെറിയപ്പെട്ടു, അവന്റെ ദൂതൻമാരും അവനോടുകൂടെ വലിച്ചെറിയപ്പെട്ടു.” അതെ, ഏദനിൽ ഉൾപ്പെട്ടിരുന്ന “പാമ്പ്” പിശാചായ സാത്താൻ എന്നറിയപ്പെട്ട ദുഷ്ടാത്മ ജീവിയല്ലാതെ മററാരുമല്ലായിരുന്നു. ആ പ്രതീകാത്മക സർപ്പത്തിന് സ്വർഗ്ഗത്തിൽ ദൂതൻമാർ ഉണ്ടാകാനിടയായെന്നു മാത്രമല്ല, ഇവിടെ ഭൂമിയിലും അവന് ഒരു “സന്തതി” ഉണ്ടായി. ആ സന്തതിയും തക്കസമയത്ത് അവനോടുകൂടെ ആസ്തിക്യത്തിൽ നിന്ന് തകർത്തുനീക്കപ്പെടും.
10. യേശു “പാമ്പി”ന്റെ തിരിച്ചറിയിക്കലിനെ സ്ഥിരീകരിച്ചതെങ്ങനെ?
10 നമ്മുടെ ആദ്യമാതാപിതാക്കളുടെ വീഴ്ചക്കു പിമ്പിലെ “പാമ്പ്” പിശാചാണെന്നുള്ള ഈ തിരിച്ചറിയലിനെ സ്ഥിരീകരിച്ചുകൊണ്ട് യേശുക്രിസ്തു ഒന്നാം നൂററാണ്ടിലെ യഹൂദ മതനേതാക്കൻമാരെ സംബന്ധിച്ച് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ നിങ്ങളുടെ പിതാവായ പിശാചിൽ നിന്നുള്ളവരാണ്, നിങ്ങൾ നിങ്ങളുടെ പിതാവിന്റെ ഇച്ഛകൾ ചെയ്യാൻ ആഗ്രഹിക്കുന്നു. ആ ഒരുവൻ അവൻ തുടങ്ങിയപ്പോൾ ഒരു മനുഷ്യഘാതകനായിരുന്നു, അവൻ സത്യത്തിൽ ഉറച്ചുനിന്നില്ല. . . . അവൻ നുണ പറയുമ്പോൾ, അവൻ തന്റെ സ്വന്തം പ്രകൃതമനുസരിച്ച് പറയുന്നു, എന്തുകൊണ്ടെന്നാൽ അവൻ ഒരു നുണയനും നുണയുടെ അപ്പനുമാകുന്നു.” (യോഹന്നാൻ 8:44) യേശു ആ മതവൈരികളെ “അണലി സന്തതികൾ” എന്നും വിളിച്ചു.—മത്തായി 12:34; 23:33.
പ്രത്യാശ സജീവമായി നിലനിർത്തപ്പെടുന്നു
11. ഉല്പത്തി 3:15 പ്രത്യാശക്ക് എന്തു കൂടുതലായ കാരണം നൽകി?
11 പ്രതീകാത്മക സർപ്പത്തിന്റെ തല ചതയ്ക്കൽ സംബന്ധിച്ചുള്ള ദിവ്യ വാഗ്ദത്തം യഥാർത്ഥത്തിൽ ഭാവിയിൽ ആസ്തിക്യത്തിൽ വരാനിരുന്ന സകല മനുഷ്യകുടുംബത്തിന്റെയും മുമ്പാകെ ഒരു ഹൃദയോഷ്മളമായ പ്രത്യാശ വെച്ചു. ഉല്പത്തി 3:15-ന്റെ മററു വശങ്ങൾ പരിശോധിക്കുന്നതിനാൽ എന്തുകൊണ്ടെന്ന് നമുക്കു കാണാൻ കഴിയും. സ്ത്രീയുടെ “സന്തതി”യെക്കുറിച്ചു പറഞ്ഞിരിക്കുന്നു. ആ “സന്തതി”യുടെ തിരിച്ചറിയൽ ദീർഘകാലം മർമ്മമായി മറഞ്ഞിരുന്നു. എന്നാൽ യഹോവ ആ തിരിച്ചറിയപ്പെടാത്ത “സന്തതി”യെ പ്രതീകാത്മക സർപ്പവും അതിന്റെ ദൈവവിരുദ്ധ “സന്തതി”യുമായി ശത്രുതയിൽ നിർത്തുമെന്നു വ്യക്തമായിരുന്നു. “സ്ത്രീ”യുടെ “സന്തതി”ക്ക് വിജയം വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു, അതെ, ഉറപ്പാക്കപ്പെട്ടിരുന്നു! അതിന്റെ വിജയം മനുഷ്യവർഗ്ഗത്തിന്റെ മുമ്പാകെ ഒരു പ്രത്യാശയായി വെക്കപ്പെട്ടു. അങ്ങനെ മനുഷ്യകുടുംബത്തിലെ അംഗങ്ങൾക്ക് ആ “സ്ത്രീ”യുടെ “സന്തതി”യുടെ വരവിനുവേണ്ടി പ്രത്യാശിക്കാൻ കഴിയുമായിരുന്നു.
12. കാലക്രമത്തിൽ, “സ്ത്രീ”യുടെ “സന്തതി”യെക്കുറിച്ച് എന്തുംകൂടെ വെളിപ്പെടുത്തപ്പെട്ടു?
12 നൂററാണ്ടുകൾകൊണ്ട്, ഈ “സന്തതി” തന്റെ ഏകജാതനായ പുത്രനാണെന്ന് ദൈവം വെളിപ്പെടുത്തി; മശിഹായായിത്തീരുന്നതിനും ഒരു മറുവിലയാഗമായി തന്റെ ജീവനെ അർപ്പിക്കുന്നതിനും അവൻ ഭൂമിയിലേക്കയക്കപ്പെട്ടു. (ഉല്പത്തി 22:17, 18; ഗലാത്യർ 3:16; 1 യോഹന്നാൻ 2:2; വെളിപ്പാട് 5:9, 10) ഈ കാരണത്താൽ യഹോവയുടെ സാക്ഷികളുടെ പ്രത്യാശ ഐക്യരാഷ്ട്രങ്ങളിൽ സ്ഥിതിചെയ്യുന്നില്ല. അത് ജീവനുള്ള ഒരു യേശുക്രിസ്തുവിൽ, യഹോവയാം ദൈവത്തിന്റെ മുഖ്യ വക്താവിൽ, സ്ഥിതിചെയ്യുന്നു. ക്രിസ്തു സ്വർഗ്ഗത്തിൽ യഹോവയുടെ വലതു വശത്ത് ഇരിക്കുന്നതിന് മരിച്ചവരിൽനിന്ന് ഉയർത്തതുകൊണ്ട് അവൻ ജീവിക്കുന്നുവെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. പൗലോസ് പറയുന്ന പ്രകാരം: “നാം ഈ ആയുസ്സിൽ മാത്രം [ആ ആയുസ്സിൽ നമ്മുടെ 20-ാം നൂററാണ്ടും ഉൾപ്പെടുന്നു] ക്രിസ്തുവിൽ പ്രത്യാശിച്ചിരിക്കുന്നുവെങ്കിൽ നാം സകല മനുഷ്യരിലും വച്ച് ഏററവും സഹതപിക്കപ്പെടേണ്ടവരാണ്. എന്നിരുന്നാലും, ഇപ്പോൾ ക്രിസ്തു മരിച്ചവരിൽ നിന്ന് ഉയർപ്പിക്കപ്പെട്ടിരിക്കുന്നു, മരണത്തിൽ നിദ്രപ്രാപിച്ചിരിക്കുന്നവരുടെ ആദ്യഫലങ്ങൾതന്നെ.” (1 കൊരിന്ത്യർ 15:19, 20) ഈ മാസികയുടെ പേജുകളിൽ മിക്കപ്പോഴും ബൈബിൾപരമായി സ്ഥാപിക്കപ്പെട്ടിരിക്കുന്നതുപോലെ, യേശുക്രിസ്തു ഇപ്പോൾ സ്വർഗ്ഗീയ രാജാവായി അവരോധിക്കപ്പെട്ടിരിക്കുകയാണ്.—വെളിപ്പാട് 11:15.
13, 14. യഹോവയുടെ സാക്ഷികൾ എവിടെ തങ്ങളുടെ പ്രത്യാശ അർപ്പിക്കുന്നു, അവർ അതു സംബന്ധിച്ച് എന്തു ചെയ്യുന്നു?
13 തീർച്ചയായും, യേശു മനുഷ്യവർഗ്ഗത്തിന്റെ പ്രത്യാശയെന്നനിലയിൽ യഹോവയെ മാററി തൽസ്ഥാനത്തു വന്നില്ല. സങ്കീർത്തനം 37:34 ഇപ്പോഴും ബാധകമായി നിലനിൽക്കുന്നു: “യഹോവയിൽ പ്രത്യാശിക്കുകയും അവന്റെ വഴി അനുസരിക്കുകയും ചെയ്യുക, ഭൂമിയെ അവകാശമാക്കുവാൻ അവൻ നിന്നെ ഉയർത്തും. ദുഷ്ടൻമാർ ഛേദിക്കപ്പെടുമ്പോൾ, നീ അതു കാണും.” ഇപ്പോഴും യഹോവയിൽ പ്രത്യാശിച്ചുകൊണ്ടിരിക്കേണ്ടതും മനുഷ്യനിർമ്മിത സ്ഥാപനങ്ങളിൽ പ്രത്യാശിക്കുന്നതിൽനിന്ന് വിട്ടുമാറാൻ സകലരെയും പ്രോത്സാഹിപ്പിക്കേണ്ടതും ആവശ്യമാണ്.
14 ഈ വസ്തുതക്കു ചേർച്ചയായി, യഹോവയുടെ സാക്ഷികൾ രാജ്യസുവാർത്ത പ്രസംഗിക്കുന്നതിൽ 208 രാജ്യങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നു. അങ്ങനെ ചെയ്യുന്നതിൽനിന്ന് അവരെ തടയാൻ കഴികയില്ല. മതസ്ഥാപനങ്ങളാൽ സഹായിക്കപ്പെടുന്നതും പ്രേരിപ്പിക്കപ്പെടുന്നതുമായ രാഷ്ട്രീയ സ്ഥാപനങ്ങൾക്ക് അവരെ തടയാൻ ശ്രമിക്കുന്നതിനുള്ള ദിവ്യാവകാശമില്ല. ബേത്ളഹേമിലെ ദാവീദിനെപ്പോലെ നമുക്ക് യഹോവയുടെ സാക്ഷികളായിരിക്കുന്നതിലും അവനിൽ പ്രത്യാശിക്കുന്നതിലും തുടരാൻ കഴിയും, അവൻ ഇങ്ങനെ എഴുതി:
15. ദാവീദ് രാജാവിന് യഹോവയിൽ ഏതുതരം പ്രത്യാശ ഉണ്ടായിരുന്നു?
15 “യഹോവ എന്റെ ഇടയനാകുന്നു; എനിക്ക് മുട്ടുണ്ടാകുകയില്ല. പച്ചപ്പുൽപ്പുറങ്ങളിൽ അവൻ എന്നെ കിടത്തുന്നു; നിശ്ചലമായ വെള്ളങ്ങൾക്കരികെ അവൻ എന്നെ നടത്തുന്നു. അവൻ എന്റെ ദേഹിയെ പുനഃസ്ഥിതീകരിക്കുന്നു: അവൻ തന്റെ നാമത്തിനുവേണ്ടി എന്നെ നീതിപാതകളിൽ നടത്തുന്നു. മരണനിഴലിന്റെ താഴ്വരയിലൂടെ ഞാൻ നടന്നാലും ഞാൻ യാതൊരു തിൻമയെയും ഭയപ്പെടുകയില്ല; എന്തെന്നാൽ നീ എന്നോടുകൂടെയുണ്ട്; നിന്റെ വടിയും നിന്റെ ദണ്ഡും, അവ എന്നെ ആശ്വസിപ്പിക്കുന്നു. എന്റെ ശത്രുക്കളുടെ സാന്നിദ്ധ്യത്തിൽ നീ എന്റെ മുമ്പാകെ ഒരു മേശ ഒരുക്കുന്നു: നീ എന്റെ തലയെ എണ്ണകൊണ്ട് അഭിഷേകം ചെയ്തിരിക്കുന്നു; എന്റെ പാനപാത്രം നിറഞ്ഞുകവിയുന്നു. തീർച്ചയായും എന്റെ ആയുസ്സിൻ നാളുകളിലെല്ലാം നൻമയും സ്നേഹദയയും എന്നെ പിന്തുടരും; ഞാൻ യഹോവയുടെ ഭവനത്തിൽ എന്നേക്കും വസിക്കും.”—സങ്കീർത്തനം 23, അമേരിക്കൻ പ്രമാണഭാഷാന്തരം
16. യേശുവിനു ദാവീദിന്റേതുപോലെയുള്ള വീക്ഷണമുണ്ടായിരുന്നുവെന്ന് പറയാൻ കഴിയുന്നതെന്തുകൊണ്ട്?
16 ദാവീദുരാജാവ് പുരാതനയിസ്രായേൽ ഗോത്രങ്ങൾക്കുവേണ്ടിയുള്ള യഹോവയുടെ ആത്മീയ ഇടയൻ ആയിരുന്നു. അവൻ യെരൂശലേം ആ ജനതയുടെ തലസ്ഥാനമായിത്തീരുന്നതിനുള്ള വഴിതുറന്നു. അവിടെ അവന്റെ പുത്രനായ ശലോമോൻ 40 വർഷം വാണു. നല്ല കാരണത്താൽ, യേശുക്രിസ്തുവിനെക്കുറിച്ച് “ദാവീദിന്റെ പുത്രൻ” എന്നു പറയപ്പെട്ടിരിക്കുന്നു. (ലൂക്കോസ് 1:31; 18:39; 20:41) ദാവീദ് യഹോവയാം ദൈവത്തിൽ ആശ്രയിച്ചുവെങ്കിൽ, അവന്റെ ഭൗമിക സന്തതിയായ യേശുക്രിസ്തു അതുപോലെതന്നെ ചെയ്യും. അവൻ അങ്ങനെ ചെയ്തു.
17. യേശു യഹോവയിൽ പ്രത്യാശിച്ചിരുന്നുവെന്ന് എന്തു തെളിവുണ്ട്?
17 ദാവീദിന്റെ അത്യന്തം പ്രസിദ്ധനായ ഭൗമിക സന്തതിയായ യേശുക്രിസ്തു സങ്കീർത്തനം 37:34-ലെ ബുദ്ധിയുപദേശം അനുസരിച്ചുവെന്നതിന്റെ തെളിവായി, താൻ ദണ്ഡനസ്തംഭത്തിൽ അന്ത്യശ്വാസം വലിച്ചപ്പോൾ ഇങ്ങനെ പറഞ്ഞു: “പിതാവേ, ഞാൻ എന്റെ ആത്മാവിനെ നിന്റെ കൈകളിൽ ഭരമേൽപ്പിക്കുന്നു.” (ലൂക്കോസ് 14:36) അവൻ, സങ്കീർത്തനം 31:5-ൽ ദൈവത്തെ സംബോധന ചെയ്തുകൊണ്ട് “നിന്റെ കൈയിൽ ഞാൻ എന്റെ ആത്മാവിനെ ഭരമേൽപ്പിക്കുന്നു” എന്നു ദാവീദു പറഞ്ഞ വാക്കുകൾ ഉദ്ധരിക്കുകയും നിവർത്തിക്കുകയുമായിരുന്നു. യേശുവിന്റെ പ്രത്യാശ ദാവീദുരാജാവിന്റേതുപോലെ നിരാശയിലായില്ല. ക്രിസ്തു മൂന്നാം ദിവസം മരിച്ചവരിൽനിന്ന് ഉയർപ്പിക്കപ്പെട്ടു. നാല്പതുദിവസം കഴിഞ്ഞ് അവൻ തന്റെ സ്വർഗ്ഗീയപിതാവിന്റെ അടുക്കലേക്ക് മടങ്ങിപ്പോയി. 1914-ലെ ജാതികളുടെ കാലങ്ങളുടെ അവസാനത്തിൽ യഹോവ ഭൂമിയുടെ ഭരണാധികാരിയായിത്തീരാൻ തന്റെ പുത്രനെ ഉയർത്തി.
ഇപ്പോൾ പ്രത്യാശക്കുള്ള ഒരു സമയം
18. ഇതു പ്രത്യാശക്കുള്ള ഒരു ഉചിതമായ സമയമായിരിക്കുന്നതെന്തുകൊണ്ട്?
18 ഇന്ന്, 6014 എ. എം. (ലോകവർഷം) മനുഷ്യ കുടുംബത്തെ ഭാവിയിലേക്കെത്തിക്കുമ്പോൾ, മനുഷ്യകുടുംബത്തിന് എന്തു പ്രത്യാശയാണു പുലർത്താൻ കഴിയുന്നത്? ആ ചോദ്യം ഇപ്പോൾ ഏററവും ഉചിതമാണ്, എന്തുകൊണ്ടെന്നാൽ നാം ബൈബിളാനന്തരയുഗത്തിലായിട്ട് ഏകദേശം 1900 വർഷമായി. ദാവീദ് സങ്കീർത്തനം 37:34 എഴുതിയ ശേഷം ദീർഘകാലം കഴിഞ്ഞിരിക്കുന്നു.
19. നമുക്ക് പ്രത്യാശ നൽകിക്കൊണ്ട് യഹോവ യേശുവിനുവേണ്ടി എന്തു ചെയ്തു?
19 യേശുവിനെ മരിച്ചവരിൽനിന്ന് ഉയർത്തെഴുന്നേൽപ്പിച്ച സർവ്വശക്തനാം ദൈവമായ യഹോവയാം ദൈവം ഹൃസ്വദൃഷ്ടിയുള്ള മനുഷ്യർ ആവശ്യപ്പെടുന്നതിനെക്കാൾ വളരെ മഹത്തരമായ ഒരു റോൾ യേശുവിന് നിയോഗിച്ചുകൊടുത്തിട്ടുണ്ട്. തന്റെ ഏകജാതനായ പുത്രനെ ഉയർപ്പിച്ചതിനാലും സ്വർഗ്ഗങ്ങളിൽ തന്റെ വലതുഭാഗത്തേക്ക് ഉയർത്തിയതിനാലും യഹോവയാം ദൈവം നിലച്ചുപോകാത്തതായ നമ്മുടെ ആത്യന്തിക പ്രത്യാശയോടെ നാം അവനിലേക്കു നോക്കുന്നതിന് വർദ്ധിതമായ കാരണം നൽകുന്നു. “നാം ഈ പ്രത്യാശയാൽ രക്ഷിക്കപ്പെടുന്നു” എന്ന് നിശ്വസ്ത എഴുത്തുകാരനായ പൗലോസ് പറയുന്നതുപോലെ, അതിന് നമ്മുടെ സന്തുഷ്ട നിത്യജീവനെ അർത്ഥമാക്കാൻ കഴിയും.—റോമർ 8:24.
20. യഹോവ ഇപ്പോഴും “പ്രത്യാശയുടെ ദൈവം” ആണെന്ന് നമുക്കു പറയാൻ കഴിയുന്നതെന്തുകൊണ്ട്?
20 അപ്പോസ്തലൻ തുടർന്നുപറയുന്നു: “എന്നാൽ കാണപ്പെടുന്ന പ്രത്യാശ പ്രത്യാശയല്ല, എന്തെന്നാൽ ഒരു മനുഷ്യൻ ഒരു സംഗതി കാണുമ്പോൾ അയാൾ അതിനുവേണ്ടി പ്രത്യാശിക്കുന്നുവോ? എന്നാൽ നാം കാണുന്നില്ലാത്തതിനുവേണ്ടി നാം പ്രത്യാശിക്കുന്നുവെങ്കിൽ നാം സഹിഷ്ണതയോടെ അതിനുവേണ്ടി കാത്തിരിക്കുന്നു.” (റോമർ 8:24, 25) അങ്ങനെ ആ ആദ്യപ്രത്യാശ ഇപ്പോഴും നിലനിൽക്കുന്നു, അതെ, മനുഷ്യവർഗ്ഗത്തിൻമേൽ മഹത്തായ ഒരു നിവൃത്തിയോടടുക്കുന്നു. (2 പത്രോസ് 3:13; വെളിപ്പാട് 21:4, 5) അത് സകല മനുഷ്യവർഗ്ഗത്തിനും വേണ്ടിയുള്ള ഒരു പ്രത്യാശയാണെന്നുള്ള കാരണത്താൽതന്നെ അത് എല്ലാവരെയും അറിയിക്കാൻ അർഹമാണ്. അത് നമ്മുടെ “പ്രത്യാശയുടെ ദൈവ”ത്തിന്റെ ആശയമാണ്.
21, 22. സമീപഭാവിയിൽ രാഷ്ട്രങ്ങൾ എന്തു ചെയ്യുമെന്ന് നമുക്ക് പ്രതീക്ഷിക്കാൻ കഴിയും?
21 എല്ലാ കാലങ്ങളിലും വച്ച് ഇതാണ് ഈ ആശയം നടപ്പിലാക്കാനുള്ള സമയം. ഐക്യരാഷ്ട്രങ്ങളിലെ ചില രാഷ്ട്രങ്ങൾ സകല വസ്തുവിന്റെയും കേന്ദ്രബിന്ദുവിനെക്കുറിച്ചുള്ള ശാസ്ത്രീയഗ്രാഹ്യം നേടിയിരിക്കുന്ന നമ്മുടെ യുഗത്തിൽപോലും ഈ ഗവൺമെൻറുകളിലെ നേതാക്കൻമാർക്ക് പ്രശ്നപരിഹാരം ഏതെങ്കിലും ഉയർന്ന ബുദ്ധിശാലിക്ക് വിട്ടുകൊടുക്കേണ്ടതിന്റെ ആവശ്യം തോന്നുന്നില്ല.—ഉല്പത്തി 11:6 താരതമ്യപ്പെടുത്തുക.
22 ജനപ്രീതിയുള്ള മതം മുമ്പെന്നത്തേതിലുമധികമായി രക്ഷയില്ലാതെ പ്രതിരോധം നടത്തുകയാണ്. അവയുടെ വിഭാഗീയ സ്വാധീനം നീക്കപ്പെടേണ്ടതാണ്. ഭരണ ഘടകങ്ങൾ അവയുടെ ശ്രേഷ്ഠത കാട്ടുകയും കിട്ടാവുന്നതെല്ലാം നേടാൻ ലോകവ്യവസ്ഥിതിയെ ഇത്രയും നാൾ ഈമ്പിക്കുടിക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന പരാദമതങ്ങളിൽനിന്ന് അവയെത്തന്നെ മോചിപ്പിക്കുകയും ചെയ്യുമെന്ന് ബൈബിൾ പ്രകടമാക്കുന്നു. ആ സ്ഥിതിക്ക് രാഷ്ട്രീയ ഘടകം ഈ പ്രവർത്തനഗതി സ്വീകരിക്കുന്നത് അതിശയമല്ല. മതത്തിൻമേൽ ഈ ആക്രമണം നടത്തിയിട്ട് സുരക്ഷിതമായി അവർ പുറത്തുവരുന്നത്, അവരുടെ വീക്ഷണത്തിൽ, ആരാധിക്കപ്പെടുകയും സേവിക്കപ്പെടുകയും ചെയ്യാൻ അർഹതയുള്ള ഒരു ദൈവമില്ലെന്നുള്ളതിന്റെ സൂചനയായിരിക്കും. അപ്പോൾ അവർ ദൈവത്തിന്റെ ശേഷിക്കുന്ന സാക്ഷികൾക്കെതിരെ തിരിയുമെന്നാണ് പ്രാവചനിക സൂചന. അവരുടെ ദൈവവിരുദ്ധ ആക്രമണത്തിന്റെ പരകോടിയെന്നനിലയിൽ യഹോവയുടെ സാക്ഷികളുടെമേൽ ഏററവും അനായാസമായ വിജയം ലഭിക്കാൻ അവർ പ്രതീക്ഷിക്കും.—വെളിപ്പാട് 17:12-17; യെഹെസ്ക്കേൽ 38:10-23.
23, 24. രാഷ്ട്രങ്ങൾ യഹോവയുടെ ജനത്തിനെതിരെ നടത്തുന്ന ആക്രമണത്തോട് അവൻ എങ്ങനെ പ്രതികരിക്കും?
23 എന്നിരുന്നാലും, ഒരിക്കലും യുദ്ധത്തിൽ തോററിട്ടില്ലാത്ത സൈന്യങ്ങളുടെ യഹോവയുമായി പോരാട്ടത്തിലേർപ്പെടാൻ മുതിരുന്ന ഒരുവന് നേരിടേണ്ടിവരുന്ന ലജ്ജാവഹമായ പരാജയം അവർ ഒടുവിൽ അറിയേണ്ടിവരും. അവർ ഏക സത്യദൈവത്തിന്റെ മുഖ്യ എതിരാളിയുടെ, അതായത് “ഈ വ്യവസ്ഥിതിയുടെ ദൈവമായ” സാത്താനായ “സർപ്പ”ത്തിന്റെ ലക്ഷ്യങ്ങൾക്ക് സേവനമനുഷ്ഠിക്കുകയായിരുന്നുവെന്ന് ഇത് തെററില്ലാത്തവിധം വ്യക്തമാക്കും.—2 കൊരിന്ത്യർ 4:4.
24 ഇത് അവർക്ക് എന്തോരപമാനമായിരിക്കും! അവർ പ്രകടമാക്കാനാശിച്ചത് ധാർഷ്ട്യത്തിന്റെ പാരമ്യമെന്നു തെളിയും, ആകാശത്തിന്റെയും ഭൂമിയുടെയും ദൈവത്തിന്റെതന്നെ രോഷം ജ്വലിപ്പിക്കൽ. നിസ്സാര മനുഷ്യവർഗ്ഗത്തോട് അവന് ഇങ്ങനെ പറയാൻ കഴിയും: “‘എന്തെന്നാൽ ജനങ്ങളായ നിങ്ങളുടെ വിചാരങ്ങളല്ല എന്റെ വിചാരങ്ങൾ, എന്റെ വഴികൾ നിങ്ങളുടെ വഴികളുമല്ല’ എന്ന് യഹോവയുടെ അരുളപ്പാട്. ‘എന്തെന്നാൽ ആകാശങ്ങൾ ഭൂമിയെക്കാൾ ഉയർന്നിരിക്കുന്നതുപോലെ, എന്റെ വഴികൾ നിങ്ങളുടെ വഴികളെക്കാളും എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങളെക്കാളും ഉയർന്നിരിക്കുന്നു. എന്തെന്നാൽ കോരിച്ചോരിയുന്ന മഴയും മഞ്ഞും ആകാശത്തുനിന്ന് വീഴുകയും അത് യഥാർത്ഥത്തിൽ ഭൂമിയെ പൂരിതമാക്കുകയും വിളയിക്കുകയും മുളപ്പിക്കുകയും വിതക്കാരനു വിത്തും ഭക്ഷിക്കുന്നവന് അപ്പവും യഥാർത്ഥമായി കൊടുക്കുകയും ചെയ്യുന്നതുപോലെയെന്നു തെളിയും. എന്റെ വായിൽനിന്ന് പുറപ്പെടുന്ന എന്റെ വചനം. അത് നിഷ്ഫലമായി എന്റെ അടുക്കലേക്കു മടങ്ങുകയില്ല, എന്നാൽ എനിക്കു പ്രസാദമുള്ളത് അതു തീർച്ചയായും ചെയ്യും, ഞാൻ അതയച്ച കാര്യത്തിൽ അതിന് ഒരു വിജയം ലഭിക്കും.’”—യെശയ്യാവ് 55:8-11.
25. അപ്പോൾ, “പ്രത്യാശയുടെ ദൈവം” എന്ന നിലയിൽ യഹോവയിലേക്ക് നമുക്കിപ്പോൾ നോക്കാൻ നല്ല കാരണമുള്ളതെന്തുകൊണ്ട്?
25 മമനുഷ്യന്റെ ഈ സ്രഷ്ടാവ് തനിക്കുതന്നെ ഉള്ളതുപോലെയുള്ള സൂക്ഷ്മ സംവേദകത്വം മനുഷ്യഹൃദയത്തിൽ കൊടുത്തിട്ടുണ്ട്. “എന്തെന്നാൽ സൈന്യങ്ങളുടെ യഹോവ പറഞ്ഞിരിക്കുന്നത് ഇതാണ്, ‘നിങ്ങളെ കവർച്ച ചെയ്തുകൊണ്ടിരുന്ന ജനതകളുടെ അടുക്കലേക്ക് അവൻ എന്നെ മഹത്വത്തിനുവേണ്ടി അയച്ചിരിക്കുന്നു; എന്തുകൊണ്ടെന്നാൽ നിങ്ങളെ തൊടുന്നവൻ എന്റെ കൺമണിയെ തൊടുന്നു!” (സെഖര്യാവ് 2:8) ആ സ്ഥിതിക്ക്, യഹോവയുടെ സാക്ഷികൾ യഹോവയിൽ പ്രത്യാശിക്കേണ്ടതുണ്ട്. അവൻ തന്റെ സാർവ്വത്രിക പരമാധികാരത്തിന്റെ അത്യന്തം അഴകാർന്ന ഭൂഷണമെന്നനിലയിൽ ആ പ്രത്യാശയെ സാക്ഷാത്ക്കരിക്കും. അവൻ സ്വർഗ്ഗത്തിലും ഭൂമിയിലുമെല്ലാമുള്ള തന്റെ സൃഷ്ടികളുടെ സമുന്നതപ്രത്യാശകൾക്കനുഗുണമായി വർത്തിക്കുന്ന അത്യുന്നതനും സർവ്വശക്തനും നിത്യനുമായ ദൈവമാണെന്ന് കൂടുതലായ ഏതൊരു തർക്കത്തിനും അതീതമായി തെളിയിക്കുന്നതായിരിക്കും. ഹല്ലേലുയ്യാ.—സങ്കീർത്തനം 150:6. (w87 12/15)
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
◻ ജനതകളുടെ പ്രത്യാശ വഞ്ചകമായിരിക്കുന്നതെന്തുകൊണ്ട്?
◻ ഉല്പത്തി 3:15-ൽ ദൈവം പ്രത്യാശക്ക് ഒരു അടിസ്ഥാനം നൽകിയതെങ്ങനെ?
◻ സങ്കീർത്തനം 37:34 സംബന്ധിച്ച യേശുവിന്റെ നിലപാട് എന്തായിരുന്നു?
◻ ഇപ്പോൾ നമുക്ക് പ്രത്യാശക്കു കാരണമുള്ളതെന്തുകൊണ്ട്?
[18-ാം പേജിലെ ചിത്രം]
ആടുകൾ അവയുടെ ഇടയനെ അനുഗമിക്കുന്നതുപോലെ, ദാവീദ് യഹോവയിലേക്കു നോക്കുകയും അവനിൽ പ്രത്യാശിക്കുകയും ചെയ്തു
[കടപ്പാട്]
Pictorial Archive (Near Eastern History) Est.