വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
■ യേശു പ്രത്യക്ഷപ്പെട്ടതായി 1 കൊരിന്ത്യർ 15:5-ൽ പരാമർശിച്ചിരിക്കുന്ന “പന്ത്രണ്ടു പേർ” ആരായിരുന്നു?
1 കൊരിന്ത്യർ 15:5-ൽ പരാമർശിച്ചിരിക്കുന്ന പ്രത്യക്ഷത തോമസ്സും ഉൾപ്പെട്ടിരുന്ന, യോഹന്നാൻ 20:26-29-ൽ പറഞ്ഞിരിക്കുന്നതാണെന്ന് തോന്നുന്നു. എന്നിരുന്നാലും, ഇത് അപ്പോസ്തലൻമാരെ ഒരു സംഘമെന്ന നിലയിൽ പരാമർശിക്കുന്നു, സാധ്യതയനുസരിച്ച് മത്ഥിയാസും ഉൾപ്പെട്ടിരുന്നു.
പുനരുത്ഥാനത്തെക്കുറിച്ച് സംസാരിക്കുകയിൽ പൗലോസ്, യേശു ഉയിർപ്പിക്കപ്പെട്ടശേഷം മനുഷ്യർക്ക് പ്രത്യക്ഷപ്പെട്ടതിനെക്കുറിച്ച് എഴുതി. ക്രിസ്തു “കേഫാവിനും പിന്നീട് പന്ത്രണ്ടുപേർക്കും പ്രത്യക്ഷനായി. അതിനുശേഷം അവൻ അഞ്ഞൂറിനുമേൽ സഹോദരൻമാർക്ക് പ്രത്യക്ഷനായി” എന്ന് അപ്പോസ്തലൻ പറഞ്ഞു.—1 കൊരിന്ത്യർ 15:5, 6.
ശിഷ്യൻമാർ എന്ന നിലയിൽ യേശുവിനെ അനുഗമിച്ചവരിൽ നിന്ന് അവൻ 12 അപ്പോസ്തലൻമാരെ തിരഞ്ഞെടുത്തു. (മത്തായി 10:2-5) യൂദാ ഇസ്കരിയോത്താ 12-ൽ ഒരുവനായിരുന്നു. എന്നാൽ അവൻ വിശ്വാസ വഞ്ചകനായിത്തീരുകയും യേശുവിനെ ഒററിക്കൊടുക്കുകയും ചെയ്തശേഷം സ്വയം കെട്ടിഞാന്നു മരിച്ചു. (മത്തായി 26:20-25; 27:3-10) അതുകൊണ്ട് ക്രിസ്തുവിന്റെ മരണത്തിന്റെയും ഉയിർപ്പിന്റെയും സമയത്ത് ആദ്യത്തെ 12 പേരിൽ 11 വിശ്വസ്ത അപ്പോസ്തലൻമാർ മാത്രമേ ഉണ്ടായിരുന്നുള്ളു. യേശു തന്റെ ഉയിർപ്പിന്റെയും സ്വർഗ്ഗാരോഹണത്തിന്റെയും ഇടക്ക് പല ശിഷ്യൻമാർക്ക് പ്രത്യക്ഷനായി. അതിനുശേഷം അപ്പോസ്തലൻമാർ യൂദാസിനു പകരം ആളെ എടുക്കേണ്ടതിന്റെ ആവശ്യം തിരിച്ചറിഞ്ഞു. ദിവ്യ മാർഗ്ഗനിർദ്ദേശത്തിൻ കീഴിൽ മത്ഥിയാസിനെ തിരഞ്ഞെടുക്കുകയും “അവൻ പതിനൊന്ന് അപ്പോസ്തലൻമാരോടുകൂടെ എണ്ണപ്പെടുകയും ചെയ്തു.”—പ്രവൃത്തികൾ 1:6-26.
ആ സമയത്ത് യൂദാസ് മരിക്കയും മത്ഥിയാസിനെ അതുവരെ തിരഞ്ഞെടുക്കാതിരിക്കയും ചെയ്തിരിക്കെ യേശു “പന്ത്രണ്ട് പേർക്ക്” പ്രത്യക്ഷപ്പെട്ടു എന്ന് പൗലോസ് എന്തുകൊണ്ട് എഴുതിയെന്ന് ചിലർ അതിശയിച്ചിട്ടുണ്ട്. കൃത്യമായി പറഞ്ഞാൽ അപ്പോൾ അവിടെ യേശു ആരംഭത്തിൽ നിയോഗിച്ചയച്ച “പതിനൊന്ന് അപ്പോസ്തലൻമാർ” മാത്രമെ ഉണ്ടായിരുന്നുള്ളു.—ലൂക്കോസ് 6:13-16.
ഒരു അംഗം ഹാജരില്ലെങ്കിലും ഒരു കൂട്ടത്തെ ഒരുമിച്ച് പരാമർശിക്കുന്നത് സാധാരണമാണ്. (ഡയറക്ടർമാരുടെ ബോർഡ് തീരുമാനിച്ചു . . . “മൂപ്പൻമാരുടെ സംഘം” ഒരുമിച്ചുകൂടി. . . .) അതുകൊണ്ട് “പന്ത്രണ്ട്” എന്ന പദം ഒരു സന്ദർഭത്തിൽ ഒന്നോ രണ്ടോ പേർ ഹാജരില്ലെങ്കിലും അപ്പോസ്തലൻമാരുടെ മുഴുസംഘത്തെയും പരാമർശിക്കാൻ നന്നായി ഉപയോഗിച്ചിരുന്നിരിക്കണം. (പ്രവൃത്തികൾ 6:1-6 വരെ താരതമ്യം ചെയ്യുക.) യേശു ആദ്യം അടച്ചിട്ടിരുന്ന ഒരു മുറിയിൽ ശിഷ്യൻമാർക്ക് പ്രത്യക്ഷനായപ്പോൾ, “പന്ത്രണ്ടുപേരിൽ ഒരുവനായിരുന്ന തോമസ്, . . . അവരോടുകൂടെ ഉണ്ടായിരുന്നില്ല.” എട്ടുദിവസങ്ങൾക്കുശേഷം അവൻ സന്നിഹിതനായിരുന്നു, ഏതൊരു അനിശ്ചിതത്വത്തെയും നീക്കുകയും ചെയ്തു. (യോഹന്നാൻ 20:19-29) മത്ഥിയാസിനെ യൂദാസിനു പകരം നിയോഗിച്ചിട്ടില്ലായിരുന്നെങ്കിലും അവൻ ഒരു ദീർഘകാല ശിഷ്യനായിരുന്നു. (പ്രവൃത്തികൾ 1:21, 22) അവൻ ആദ്യകാല അപ്പോസ്തലൻമാരോട് അടുത്ത് സഹവസിച്ചിരുന്നതിനാലും അതിനുശേഷം ഉടൻതന്നെ അവരോടു കൂടെ “എണ്ണപ്പെടുകയും” ചെയ്തതിനാലും “പന്ത്രണ്ടു പേർക്ക്” യേശു പ്രത്യക്ഷമായി എന്നുള്ള നേരത്തത്തെ പ്രസ്താവനയിൽ സാധ്യതയനുസരിച്ച് മത്ഥിയാസിനെയും ഉൾപ്പെടുത്തിയിരുന്നിരിക്കും. (w87 1/15)