നിങ്ങൾ ഉൾപ്പെടുന്ന സാർവ്വത്രിക കോടതിക്കേസ്
“‘നിങ്ങളുടെ വിവാദാത്മക വ്യവഹാരം മുന്നോട്ടു കൊണ്ടുവരിക’ എന്ന് യഹോവ പറയുന്നു. ‘നിങ്ങളുടെ വാദങ്ങൾ ഹാജരാക്കുക.’”—യെശയ്യാവ് 41:21.
1, 2. (എ) വാദം നടത്തേണ്ടതുള്ള ഏററം നിർണ്ണായകമായ കോടതിക്കേസിൽ ഉൾപ്പെട്ടിരിക്കുന്നതാർ? (ബി) എന്താണ് വിവാദപ്രശ്നമായിരിക്കുന്നത്?
ചരിത്രത്തിലുടനീളം എണ്ണമററ കോടതിക്കേസുകൾ ഉണ്ടായിട്ടുണ്ട്. ഇവയിൽ ഒരു പക്ഷത്തിനുവേണ്ടി അല്ലെങ്കിൽ മറുപക്ഷത്തിനുവേണ്ടി വാദിക്കാൻ സാക്ഷികളെ കൊണ്ടുവരികയും തെളിവുകൾ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. ഈ കേസുകളിൽ അനേകത്തിലും വ്യക്തികളാണ് ഉൾപ്പെട്ടിരുന്നത്. അതേസമയം മററു ചിലത് ഏറെ ആളുകളെ ബാധിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ വാദിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാർവ്വത്രിക കോടതിക്കേസിനോടു താരതമ്യപ്പെടുത്തുമ്പോൾ അങ്ങനെയുള്ള കേസുകളെല്ലാം അപ്രധാനമായിത്തീരുകയാണ്. അത് ചരിത്രത്തിലെ ഏററം നിർണ്ണായകമായ കോടതിക്കേസ് ആണ്. അതിന്റെ ഫലങ്ങൾ ഭൂമിയിലെ ഓരോ വ്യക്തിയെയും ബാധിക്കും, ഉൾപ്പെടാനിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും.
2 ഈ കേസിലെ മുഖ്യ ആൾ അഖിലാണ്ഡത്തിലെ ഏററവും ഉയർന്ന വ്യക്തിയായ യഹോവയാം ദൈവമാണ്, “ആകാശങ്ങളുടെ സ്രഷ്ടാവും അവയെ വിരിക്കുന്ന മഹാനുമായവൻ; ഭൂമിയെയും അതിലെ ഉല്പന്നത്തെയും നിരത്തുന്നവൻ, അതിലെ ജനത്തിന് ശ്വാസം കൊടുക്കുന്നവൻ.” (യെശയ്യാവ് 42:5) എന്താണു വിവാദപ്രശ്നം? അവന്റെ ദൈവത്വമാണു വിവാദപ്രശ്നം—ഭൂമിയും അതിലെ നിവാസികളും ഉൾപ്പെടെ മുഴു അഖിലാണ്ഡത്തിൻമേലും അവനുള്ള ഭരണാധിപത്യത്തിന്റെ നീതിതന്നെ. ഇതിനെ സാർവ്വത്രിക പരമാധികാരത്തിന്റെ വിവാദപ്രശ്നം എന്നു വിളിക്കാൻ കഴിയും.
3. സാർവ്വത്രിക പരമാധികാരത്തിന്റെ വിവാദപ്രശ്നത്തിൽ ഏതു ചോദ്യങ്ങൾ അടിസ്ഥാനപരമായിട്ടുള്ളതാണ്?
3 ഈ വിവാദപ്രശ്നത്തിൽ അടിസ്ഥാനപരമായി ഈ ചോദ്യങ്ങൾ ഉൾപ്പെട്ടിരിക്കുന്നു: നിങ്ങളുടെ ജീവനും ഭാവിഗതിയും അർപ്പിക്കാൻ തക്കവണ്ണം ആരാധിക്കപ്പെടുന്ന ദൈവങ്ങളിൽ ഏതു ദൈവം വളരെ ആശ്രയയോഗ്യനെന്നു തെളിയിച്ചിരിക്കുന്നു? ഏതു ദൈവം യഥാർത്ഥത്തിൽ സ്ഥിതിചെയ്തിരിക്കുന്നു, ഏതു ദൈവം കേവലം മനുഷ്യ കണ്ടുപിടുത്തങ്ങളായിരിക്കുന്നു? മനുഷ്യവർഗ്ഗത്തെ അതിന്റെ ഇപ്പോഴത്തെ ആശയററ അവസ്ഥയിൽനിന്ന് വിടുവിക്കാനും യഥാർത്ഥ സമാധാനത്തിനും ഭദ്രതക്കും ഐശ്വര്യത്തിനും ആരോഗ്യത്തിനും ഉറപ്പുവരുത്താനും കഴിവുള്ള ജീവനുള്ള ഒരു യഥാർത്ഥ പരമോന്നത ദൈവം ഉണ്ടോ?
4. തങ്ങൾ ഇപ്പോൾത്തന്നെ ദൈവത്തിൽ വിശ്വസിക്കുന്നുവെന്ന് പറയുന്നതുകൊണ്ട് വിവാദപ്രശ്നമില്ലെന്നു വിചാരിക്കുന്നവരെക്കുറിച്ച് എന്തു പറയാൻ കഴിയും?
4 തങ്ങൾ ഇപ്പോൾത്തന്നെ ദൈവത്തിൽ വിശ്വസിക്കുന്നുവെന്നു പറയുന്നതുകൊണ്ട് തങ്ങൾക്ക് വിവാദപ്രശ്നമില്ലെന്ന് അനേകർ വിചാരിക്കുന്നു. എന്നാൽ തങ്ങൾ ആരാധിക്കുന്ന ദൈവം യഥാർത്ഥത്തിൽ സത്യദൈവമാണെന്നുള്ളതിന്, അവന്റെ വാഗ്ദത്തങ്ങൾ വിശ്വാസ്യമാണെന്നുള്ളതിന്, അവന്റെ ഉദ്ദേശ്യങ്ങളും നിയമങ്ങളും തങ്ങളുടെ ജീവിതത്തെ നയിക്കുന്നുവെന്നതിന്, അവർക്കു തെളിവു ഹാജരാക്കാൻ കഴിയുമോ? അങ്ങനെയുള്ളവർ ഉവ്വ് എന്ന് ഉത്തരം പറയുന്നുവെങ്കിൽ, അപ്പോൾ അവർ ഈ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ പ്രാപ്തരായിരിക്കേണ്ടതാണ്: വിശ്വസനീയമായ വാഗ്ദത്തങ്ങൾ നൽകുന്ന ഒരു സത്യദൈവം ഉണ്ടെന്നുള്ളതിന് എന്താണ് തെളിവ്? മനുഷ്യവർഗ്ഗത്തെയും ഭൂമിയെയും സംബന്ധിച്ച ദൈവോദ്ദേശ്യം എന്താണ്? ദൈവത്തിന്റെ സമയവിവരപ്പട്ടികയിൽ നാം എവിടെ സ്ഥിതിചെയ്യുന്നു, സത്വരഭാവി എന്തു കൈവരുത്തും? നാം അവനെ ഉയർത്തിപ്പിടിക്കുന്നതിന് നാം എന്തു ചെയ്യാൻ അവൻ ആഗ്രഹിക്കുന്നു?
5. തങ്ങളുടെ ദൈവവിശ്വാസത്തെ പിന്താങ്ങാൻ തെളിവ് ഹാജരാക്കാത്ത ആളുകളെ ആരോട് ഉപമിക്കാൻ കഴിയും?
5 ദൈവത്തിൽ വിശ്വസിക്കുന്നുവെന്നു പറയുന്ന മിക്കയാളുകളും ഈ ചോദ്യങ്ങൾക്ക് ആധികാരികമായി ഉത്തരം പറയാൻ അപ്രാപ്തരാണ്. ഒന്നാം നൂററാണ്ടിൽ ദൈവത്തിൽ വിശ്വസിക്കുന്നുവെന്ന് അവകാശപ്പെട്ടവരും എന്നാൽ പ്രവൃത്തികൾ ആ അവകാശവാദത്തെ പൊള്ളയാക്കിയവരുമായവരോട് അങ്ങനെയുള്ളവരെ ഉപമിക്കാൻ കഴിയും. അവരെ സംബന്ധിച്ച് ദൈവവചനം ഇങ്ങനെ പറയുന്നു: “തങ്ങൾ ദൈവത്തെ അറിയുന്നുവെന്ന് അവർ പരസ്യമായി പ്രഖ്യാപിക്കുന്നു, എന്നാൽ അവർ തങ്ങളുടെ പ്രവൃത്തികളാൽ അവനെ തള്ളിപ്പറയുന്നു.” അതെ “പ്രവൃത്തികളില്ലാത്ത വിശ്വാസം മൃതമാണ്.” (തീത്തോസ് 1:16; യാക്കോബ് 2:26) അതുകൊണ്ട്, ദൈവത്തിൽ വിശ്വസിക്കുന്നുവെന്ന് പറയുന്നവരെങ്കിലും അതിനെ പിന്താങ്ങാൻ ഈടുററ തെളിവു നൽകാൻ കഴിയാത്തവർ ആരാധനാലക്ഷ്യങ്ങളെന്നനിലയിൽ പണ്ടേ അപ്രത്യക്ഷപ്പെട്ട വ്യാജദൈവങ്ങളിൽ വിശ്വസിച്ചിരുന്ന കഴിഞ്ഞ നൂററാണ്ടുകളിലെ ആളുകളെക്കാൾ ഒരു പ്രകാരത്തിലും വ്യത്യസ്തരല്ല.
പരീക്ഷണകേസുകൾ
6, 7. (എ) പുരാതന ഈജിപ്ററുകാരുടെ മതത്തെ വർണ്ണിക്കുക. (ബി) യഹോവയും ഈജിപ്ററിലെ ദൈവങ്ങളും തമ്മിലുള്ള വിവാദപ്രശ്നത്തിൽ യിസ്രായേല്യർ ഉൾപ്പെട്ടിരുന്നതെങ്ങനെ?
6 ഇതിന്റെ ഒരു ദൃഷ്ടാന്തമായിരുന്നു നമ്മുടെ പൊതുയുഗത്തിന് ഏതാണ്ട് 1500 വർഷം മുമ്പ് പുരാതന ഈജിപ്ററിലെ ദൈവങ്ങൾക്കെതിരെ ഉന്നയിക്കപ്പെട്ട കേസ്. ഈജിപ്ററുകാർ കാള, പൂച്ച, പശു, ചീങ്കണ്ണി, പ്രാപ്പിടിയൻ, തവള, കുറുക്കൻ, സിംഹം, സർപ്പം, കഴുകൻ, ചെന്നായ് മുതലായ മൃഗങ്ങൾ ഉൾപ്പെടെ ഒട്ടേറെ ദൈവങ്ങളെ ആരാധിച്ചു. ഈ മൃഗങ്ങളിലനേകവും ദൈവത്തിന്റെയോ ദേവിയുടെയോ അവതാരങ്ങളായി പരിഗണിക്കപ്പെട്ടിരുന്നു. ഇവയിലൊന്നിനെ മനഃപൂർവ്വം കൊല്ലുന്നത് മരണശിക്ഷ കൈവരുത്തി. വിശുദ്ധ മൃഗങ്ങൾ സുഗന്ധവർഗ്ഗമിട്ടു സൂക്ഷിക്കപ്പെടുകയും വിപുലമായ ശവസംസ്ക്കാരങ്ങൾ കൊടുക്കപ്പെടുകയും ചെയ്തു.
7 പുരാതനയിസ്രായേൽ ആരാധിച്ച ദൈവമായ യഹോവ ആ ദൈവങ്ങൾക്കെല്ലാം എതിരായിരുന്നു. അന്ന് അടിമത്തത്തിലായിരുന്ന യഹോവയുടെ ജനത്തെ വിടുവിക്കാൻ അവന്റെ പ്രതിനിധിയായിരുന്ന മോശ ഫറവോനോടാവശ്യപ്പെടാൻ അയയ്ക്കപ്പെട്ടു. കാരണം യഹോവ അവർക്കു സ്വാതന്ത്ര്യം വാഗ്ദത്തം ചെയ്തിരുന്നു. (പുറപ്പാട് 3:6-10) എന്നാൽ ഫറവോൻ ഇങ്ങനെ പ്രഖ്യാപിച്ചു: “യിസ്രായേലിനെ വിട്ടയയ്ക്കാൻ ഞാൻ അവന്റെ ആജ്ഞ അനുസരിക്കേണ്ടതിന് യഹോവ ആർ? ഞാൻ യഹോവയെ അശേഷം അറിയുന്നില്ല, എന്തിനധികം, ഞാൻ യിസ്രായേലിനെ വിട്ടയയ്ക്കാൻ പോകുന്നില്ല.” (പുറപ്പാട് 5:2) ഈജിപ്ററിലെ ദൈവങ്ങൾ യഹോവയെക്കാൾ ശ്രേഷ്ഠരാണെന്ന് ഫറവോന് ഉറപ്പുതോന്നി.
8, 9. (എ) യഹോവ ഈജിപ്ററിലെ ദൈവങ്ങളുടെമേൽ തന്റെ ശ്രേഷ്ഠത തെളിയിച്ചതെങ്ങനെ? (ബി) സംഭവിച്ചതിന്റെ വീക്ഷണത്തിൽ, ഈജിപ്ററിലെ ദൈവങ്ങളെക്കുറിച്ച് എന്തു പറയാൻ കഴിയും?
8 തന്റെ വാഗ്ദത്തങ്ങൾ നിറവേററാനും തന്റെ ജനത്തെ സംരക്ഷിക്കാനും പ്രാപ്തനായ സത്യദൈവം ആരാണെന്നു തെളിയും? ഉത്തരം പെട്ടെന്നുതന്നെ കിട്ടുമായിരുന്നു. “ഈജിപ്ററിലെ സകല ദൈവങ്ങളുടെമേലും ഞാൻ ന്യായവിധി നടത്തും” എന്ന് യഹോവ മുൻകൂട്ടിപ്പറഞ്ഞു (പുറപ്പാട് 12:12) അവൻ ആ പ്രവചനം നിറവേററിയോ? ഉവ്വ്! യഹോവ ഈജിപ്ററിലെ ദൈവങ്ങളെ താഴ്ത്താനുദ്ദേശിച്ചുള്ള പത്തു വിനാശക ബാധകൾ വരുത്തി. ആ ദൈവങ്ങളിലാർക്കും ഈജിപ്ററുകാരെ സംരക്ഷിക്കാൻ കഴിഞ്ഞില്ല. പത്താമത്തെ ബാധ വിശേഷാൽ അർത്ഥഗർഭമായിരുന്നു, എന്തെന്നാൽ അത് ഫറവോന്റേതുൾപ്പെടെയുള്ള ആദ്യജാതൻമാരെ കൊന്നു. അത് അവരുടെ മുഖ്യദൈവമായിരുന്ന റാ (ആമോൻ റാ) യിക്കിട്ടുള്ള നേരിട്ടുള്ള ഒരു പ്രഹരമായിരുന്നു, എന്തുകൊണ്ടെന്നാൽ ഈജിപ്ററിലെ ഭരണാധിപൻമാർ തങ്ങളേത്തന്നെ റായുടെ പുത്രൻമാരായ ദൈവങ്ങളെന്നു പരിഗണിച്ചിരുന്നു. ഈജിപ്ററുകാരെ സംബന്ധിച്ചടത്തോളം ഫറവോന്റെ ആദ്യജാതന്റെ മരണം ഒരു ദൈവത്തിന്റെ മരണത്തെ അർത്ഥമാക്കി.
9 എന്നിരുന്നാലും, യഹോവയുടെ സംരക്ഷണം ഉണ്ടായിരുന്നതുകൊണ്ട് യിസ്രായേല്യ ആദ്യജാതൻമാരിൽ ഒരുവൻപോലും കൊല്ലപ്പെട്ടില്ല. താൻ വാഗ്ദത്തം ചെയ്തിരുന്ന സ്വാതന്ത്ര്യം ദൈവം തന്റെ ജനത്തിനു കൊടുക്കുകയും ചെയ്തു. ഈജിപ്ററിലെ വ്യാജദൈവങ്ങൾക്കിട്ടുള്ള അന്തിമപ്രഹരം എന്ന നിലയിൽ ഫറവോനും അവന്റെ സൈന്യവും—അവരിൽ ഓരോരുത്തനും—ചെങ്കടലിൽ നശിപ്പിക്കപ്പെട്ടു. അങ്ങനെ യഹോവ സത്യദൈവമെന്നു തെളിഞ്ഞു. അവന്റെ വാഗ്ദത്തങ്ങളായിരുന്നു നിവർത്തിക്കപ്പെട്ടത്, അവന്റെ ആരാധകരായിരുന്നു സംരക്ഷിക്കപ്പെട്ടത്. (പുറപ്പാട് 14:21-31) മറിച്ച്, ഈജിപ്ററിലെ ദൈവങ്ങൾ അവരുടെ ആരാധകരെ സഹായിക്കാൻ അപ്രാപ്തരായിരുന്നു. ആ ദൈവങ്ങൾ യഥാർത്ഥത്തിൽ സ്ഥിതിചെയ്തിട്ടുപോലുമില്ലായിരുന്നു, പിന്നെയോ മനുഷ്യരുടെ കണ്ടുപിടുത്തങ്ങളായിരുന്നു.
10. യഹോവയുടെ ആരാധകരെയും അശൂറിനെയും ഏത് വിവാദപ്രശ്നം അഭിമുഖീകരിച്ചു?
10 ദൈവത്വം ഉൾപ്പെട്ട മറെറാരു കേസ് ഏതാണ്ട് എട്ടു നൂററാണ്ടുകൾക്കുശേഷം, ഹിസ്കീയാവു രാജാവിന്റെ കാലത്ത് മുൻപന്തിയിലേക്കു വന്നു.a യഹോവയുടെ ആരാധകർ ഘോരമായ അശൂർ ലോകശക്തിയാൽ ഭീഷണിപ്പെടുത്തപ്പെടുകയായിരുന്നു, അത് അതിന്റെ പാതയിലെ സകല ജനതകളെയും ജയിച്ചടക്കിയിരുന്നു. ഇപ്പോൾ അത് യഹോവയുടെ ഭൂമിയിലെ ആരാധനയെ പ്രതിനിധാനം ചെയ്ത “യഹോവയുടെ സിംഹാസനം” ഉണ്ടായിരുന്ന നഗരമായിരുന്ന യെരൂശലേമിന്റെ കീഴടങ്ങൽ ആവശ്യപ്പെട്ടു. (1 ദിനവൃത്താന്തം 29:23) അശൂര്യർ ‘മററു രാജ്യങ്ങളെയെല്ലാം നശിപ്പിക്കുകയും ആ രാജ്യങ്ങളിലെ ദൈവങ്ങൾ ദൈവങ്ങളായിരിക്കാതെ മമനുഷ്യന്റെ കൈപ്പണിയായിരുന്നതുകൊണ്ട് അവയെ തീയിലിടുകയും ചെയ്തിരുന്നു’വെന്ന് യഹൂദയിലെ രാജാവായിരുന്ന ഹിസ്ക്കീയാവ് സമ്മതിച്ചു പറഞ്ഞിരുന്നു.—യെശയ്യാവ് 37:18, 19.
11. യഹോവ തന്റെ ആരാധകരെ എങ്ങനെ വിടുവിച്ചു, ഇത് എന്തു പ്രകടമാക്കി?
11 അപ്പോൾ വിശ്വസ്തനായ ഹിസ്ക്കീയാവ് യഹോവയുടെ സംരക്ഷണത്തിനായി അപേക്ഷിച്ചുകൊണ്ട് അവനോടു പ്രാർത്ഥിച്ചു. ഒരൊററ അശൂര്യ ആയുധവും യെരൂശലേമിൽ പ്രഹരിക്കുകയില്ലെന്ന് യഹോവ വാഗ്ദാനം ചെയ്തു. (യെശയ്യാവ് 37:33) ആ പ്രവചനമനുസരിച്ച് ഒരൊററ ആയുധവും പ്രഹരിച്ചില്ല. പകരം, “യഹോവയുടെ ദൂതൻ പുറപ്പെട്ട് അശൂര്യരുടെ പാളയത്തിൽ ഒരുലക്ഷത്തി എൺപത്തയ്യായിരം പേരെ വെട്ടിവീഴ്ത്താൻ തുടങ്ങി.” ആ ഞെരിക്കുന്ന പരാജയത്തിനു ശേഷം അശൂർ രാജാവായ സെൻഹെരീബ് പിൻവാങ്ങി. പിന്നീട് അവൻ തന്റെ ദൈവമായ നിസ്രോക്കിനെ ആരാധിച്ചുകൊണ്ടിരുന്നപ്പോൾ അവന്റെ പുത്രൻമാർ അവനെ നിഗ്രഹിച്ചു. (യെശയ്യാവ് 37:36-38) അങ്ങനെ യഹോവ തന്റെ ആരാധകരെ വിടുവിക്കാൻ കഴിയുന്ന യഥാർത്ഥപ്രവചനത്തിന്റെ ദൈവമാണെന്ന് അവൻ വീണ്ടും തെളിയിച്ചു. അശൂറിലെയും ചുററുപാടുമുണ്ടായിരുന്ന ജനതകളിലെയും ദൈവങ്ങൾ അവയുടെ അനുഗാമികളെ സംരക്ഷിക്കാൻ പ്രാപ്തിയില്ലാത്ത, സ്ഥിതിചെയ്യാത്ത, വ്യാജദൈവങ്ങളാണെന്ന് തെളിഞ്ഞു.
12. ബേൽശസ്സർ ഏതു വിധത്തിൽ യഹോവയെ പരിഹസിച്ചു?
12 ഏതാണ്ടു രണ്ടു നൂററാണ്ടുകൾക്കുശേഷം, അടുത്ത ലോകശക്തിയായിരുന്ന ബാബിലോൻ, അവിശ്വസ്തരായിരുന്ന തന്റെ ജനത്തെ ബന്ദികളായി പിടിക്കാൻ ദൈവം അനുവദിച്ചു. ബാബിലോന്റെ മുഖ്യസവിശേഷത അതിന്റെ ബഹുദൈവങ്ങളും ദേവികളും ആരാധനാലയങ്ങളുമായിരുന്നു. എന്നാൽ അഹന്തയുടെ ഒരു വീമ്പിളക്കലിൽ ബാബിലോന്യരാജാവായ ബേൽശസ്സർ യഹോവയെ പരിഹസിച്ചു. ഒരു വമ്പിച്ച വിരുന്നിൽ, യെരൂശലേമിലെ ആലയത്തിൽനിന്നു പിടിച്ചെടുത്തിരുന്ന വിശുദ്ധ പാത്രങ്ങൾ കൊണ്ടുവരാൻ അവൻ ആജ്ഞാപിച്ചു. “രാജാവും അവന്റെ മഹത്തുക്കളും അവന്റെ വെപ്പാട്ടികളും അവന്റെ ഉപഭാര്യമാരും അവയിൽനിന്നു കുടിച്ചു. അവർ വീഞ്ഞു കുടിച്ചു, അവർ പൊന്നും വെള്ളിയും ചെമ്പും ഇരുമ്പും മരവും കല്ലും കൊണ്ടുള്ള ദൈവങ്ങളെ സ്തുതിച്ചു.”—ദാനിയേൽ 5:1-4.
13. യഹോവ ദാനിയേലിനെക്കൊണ്ട് ബേൽശസ്സറിനോട് എന്തു പറയിച്ചു?
13 ഇത് യഹോവക്ക് നേരിട്ടുള്ള ഒരു അവഹേളനവും ബാബിലോന്യ ദൈവങ്ങളുടെ നാമത്തിൽ അവനോടുള്ള ഒരു വെല്ലുവിളിയുമായിരുന്നു. അപ്പോൾ യഹോവ തന്റെ പ്രവാചകനായ ദാനിയേലിനെക്കൊണ്ട് ബേൽശസ്സർ രാജാവിനും വിരുന്നിൽ ഹാജരായിരുന്ന എല്ലാവർക്കും സധൈര്യം സാക്ഷ്യം വഹിപ്പിച്ചു. ദാനിയേൽ യഹോവയുടെ ദൈവത്വത്തെ മുറുകെപ്പിടിക്കുകയും ബേൽശസ്സർ രാജാവിനോട് ഇങ്ങനെ പറയുകയും ചെയ്തു: “നീ നിന്റെ ഹൃദയത്തെ താഴ്ത്തിയിട്ടില്ല . . . എന്നാൽ സ്വർഗ്ഗങ്ങളിലെ കർത്താവിനെതിരെ നീ നിന്നേത്തന്നെ ഉയർത്തി, . . . യാതൊന്നും കാണാത്തതോ യാതൊന്നും കേൾക്കാത്തതോ യാതൊന്നും അറിയാത്തതോ ആയ വെറും വെള്ളികൊണ്ടും പൊന്നുകൊണ്ടും ചെമ്പുകൊണ്ടും ഇരുമ്പുകൊണ്ടും മരംകൊണ്ടും കല്ലുകൊണ്ടുമുള്ള ദൈവങ്ങളെ നീ സ്തുതിച്ചിരിക്കുന്നു; എന്നാൽ നിന്റെ ശ്വാസം ആരുടെ കയ്യിൽ ഇരിക്കുന്നുവോ, നിന്റെ വഴികളെല്ലാം ആരുടേതാണോ ആ ദൈവത്തെ നീ മഹത്വീകരിച്ചിട്ടില്ല.”—ദാനിയേൽ 5:22, 23.
14. താനാണ് സത്യദൈവമെന്ന് യഹോവ എങ്ങനെ പ്രകടമാക്കി?
14 പിന്നീട് ദാനിയേൽ യഹോവയുടെ സന്ദേശം അറിയിച്ചു, അത് ഇതായിരുന്നു: “ഗർവ്വിഷ്ഠനായ ബേൽശസ്സർ രാജാവും ബാബിലോനും അന്നുരാത്രിതന്നെ മേദ്യരാലും പാർസികളാലും മറിച്ചിടപ്പെടും! (ദാനിയേൽ 5:24-27) ഈ പ്രവചനം നിവർത്തിച്ചോ? ഉവ്വ്. “അന്നു രാത്രിതന്നെ കൽദയ രാജാവായ ബേൽശസ്സർ കൊല്ലപ്പെടുകയും മേദ്യനായ ദാര്യാവേശിനുതന്നെ രാജ്യം കിട്ടുകയും ചെയ്തു.” (ദാനിയേൽ 5:30, 31) വീണ്ടും ഈജിപ്ററിന്റെയും അശൂരിന്റെയും കാര്യത്തിലെന്നപോലെ യഹോവ സത്യദൈവമെന്ന്, തന്റെ വാഗ്ദത്തങ്ങളെ നിവർത്തിക്കുന്ന ദൈവമെന്ന്, തെളിഞ്ഞു. ദൈവദാസൻമാർക്കു പ്രയോജനം കിട്ടി, എന്തുകൊണ്ടെന്നാൽ അവർ അടിമത്തത്തിൽ നിന്നു വിടുവിക്കപ്പെടുകയും തങ്ങളുടെ സ്വദേശത്തേക്കു മടങ്ങിപ്പോകുകയും ചെയ്തു. വ്യാജ ദൈവങ്ങളെ പിന്തുടരുന്നതിൽ തുടർന്നവർക്ക് വിപത്തു നേരിട്ടു.
നമ്മുടെ കാലത്തേക്കുള്ള പ്രവചനങ്ങൾ
15. (എ) അനേകം ബൈബിൾ പ്രവചനങ്ങൾക്ക് എന്ത് സവിശേഷതയുണ്ട്? (ബി) നാം “ദൈവം” എന്ന പദം ഉപയോഗിക്കുമ്പോൾ എന്തിനെയും പരാമർശിക്കുന്നുണ്ട്?
15 പ്രവാചകനായ യെശയ്യാവ് പണ്ട് പുരാതന കാലങ്ങളിൽ ഒരു നിവൃത്തിയുണ്ടായ പ്രവചനങ്ങൾ രേഖപ്പെടുത്താൻ നിശ്വസ്തനാക്കപ്പെട്ടു. എന്നാൽ മിക്കപ്പോഴും ബൈബിൾ പ്രവചനത്തിൽ നമ്മുടെ കാലത്തോടു ബന്ധപ്പെട്ട വലിപ്പമേറിയ മറെറാരു നിവൃത്തി ഉണ്ട്. യെശയ്യാവ് എഴുതിയ അനേകം കാര്യങ്ങൾ സംബന്ധിച്ച് വാസ്തവമിതായിരുന്നു. അവന്റെ സന്ദേശത്തിന്റെ ഒരു ഭാഗത്ത് സകല ജനതകളോടും അവരുടെ ദൈവങ്ങളോടുമുള്ള യഹോവയുടെ ആധുനികനാളിലെ വെല്ലുവിളി സംബന്ധിച്ച പ്രവചനങ്ങൾ അടങ്ങിയിരുന്നു. “ദൈവങ്ങൾ” എന്ന പദത്താൽ ഞങ്ങൾ പരാമർശിക്കുന്നത് ഇന്ന് വിഗ്രഹാരാധക ജനതകളെന്നു വിളിക്കപ്പെടുന്നവ ഉൾപ്പെടെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള ആളുകൾ നേരിട്ടാരാധിക്കുന്ന ദൈവങ്ങളെ മാത്രമല്ല ആ വാക്കിന്റെ നിർവ്വചനത്തിനു യോജിക്കുന്ന വസ്തുക്കളെയുമാണ്. “ദൈവം” എന്ന പദത്തിന്റെ ഒരു നിഘണ്ടു നിർവചനം ഇതാണ്: “യാഥാർത്ഥ്യത്തിന്റെ ഒരു പ്രത്യേക വശത്തെ അല്ലെങ്കിൽ ഭാഗത്തെ നിയന്ത്രിക്കുന്നവൻ, പരമോന്നത മൂല്യമുള്ള ഒരു ആൾ അഥവാ വസ്തു.”
16. ക്രൈസ്തവലോകം ഉൾപ്പെടെയുള്ള ജനതകളിലെ ആളുകൾ ഇന്ന് ഏതു ദൈവങ്ങളെ ആരാധിക്കുന്നു?
16 ഇന്നു ദൈവങ്ങൾ എന്നു പരിഗണിക്കപ്പെടുന്നവരിൽ ഹിന്ദുക്കൾ ആരാധിക്കുന്ന ദശലക്ഷക്കണക്കിനു ദൈവങ്ങളും ബുദ്ധമതക്കാരും ഷിന്റോമതക്കാരും, ജഡാത്മവാദികളും മററു മതക്കാരും ആരാധിക്കുന്ന ദൈവങ്ങളും ഉൾപ്പെടുന്നു. അതിൽ ഭൗതികത്വ ദൈവവും ഉൾപ്പെടുന്നു, ഭൂമിയിലെ മിക്കയാളുകൾക്കും പരമോന്നതമൂല്യമുള്ള സംഗതി, അവരുടെ ജീവിതത്തിലെ മുഖ്യപ്രേരകഘടകം, ആയിരിക്കുന്നത് അതാണ്. അതിൽ രാഷ്ട്രങ്ങൾ ഭദ്രതക്കും രക്ഷക്കും വേണ്ടി നോക്കുന്ന സൈനികശക്തിയും ശാസ്ത്രവുമാകുന്ന ദൈവങ്ങളും ഉൾപ്പെടുന്നു. ക്രൈസ്തവലോകത്തിൽപോലും ദൈവത്തിൽ വിശ്വസിക്കുന്നുവെന്നു പറയുന്ന മിക്കവരും യഥാർത്ഥമായി അവനിൽ ആശ്രയിക്കുകയോ വിശ്വസ്തമായി അവനെ സേവിക്കുകയോ ചെയ്യുന്നില്ല; പകരം അവർ തങ്ങളുടെ മുഖ്യഭക്തിയുടെ ലക്ഷ്യമെന്നനിലയിൽ ആളുകളെ അല്ലെങ്കിൽ വസ്തുക്കളെ ആശ്രയിക്കുകയും സേവിക്കുകയും ചെയ്യുന്നു.
17. യെശയ്യാവിന്റെ സന്ദേശത്തിന്റെ വലിപ്പമേറിയ നിവൃത്തി എന്തിലേക്കു വിരൽ ചൂണ്ടുന്നു?
17 യെശയ്യാവിന്റെ സന്ദേശത്തിന്റെ വലിപ്പമേറിയ നിവൃത്തി നമ്മുടെ കാലത്തെ അങ്ങനെയുള്ള സകല ദൈവങ്ങളുടെയും നേരേ വിരൽ ചൂണ്ടുന്നു. ഒന്നിച്ചുകൂടി “സംസാരിക്കാൻ” യഹോവ ദേശീയ സംഘങ്ങളോടു പറയുന്നു. അവൻ അവരെ വെല്ലുവിളിക്കുന്നു: “നമുക്കു ന്യായവിധിക്കുവേണ്ടിത്തന്നെ ഒരുമിച്ചുകൂടിവരാം.” (യെശയ്യാവ് 41:1) ഇന്ന്, നാം ഈ ലോകത്തിന്റെ “ന്യായവിധി” കാലത്താണ് ജീവിക്കുന്നത്. അത് 2 തിമൊഥെയോസ് 3:1-5-ലും മത്തായി 24:1-14-ലും മുൻകൂട്ടിപ്പറഞ്ഞിരിക്കുന്ന അതിന്റെ “അന്ത്യനാളുകളി”ലാണ്. ഈ കാലത്ത് ഭാവി കൃത്യമായി മുൻകൂട്ടിപ്പറയാനും അങ്ങനെ തങ്ങൾ ദൈവങ്ങളാണെന്നു തെളിയിക്കാനും യഹോവ ജനതകളുടെ ദൈവങ്ങളെ വെല്ലുവിളിക്കുകയാണ്. അവർക്കു കഴിയുമെങ്കിൽ തങ്ങളുടെ അനുയായികളെ രക്ഷിക്കാനും അവരെ വെല്ലുവിളിക്കുന്നു. “നിങ്ങളുടെ വിവാദാത്മക വ്യവഹാരം മുന്നോട്ടു കൊണ്ടുവരിക,” എന്ന് അവൻ പ്രസ്താവിക്കുന്നു. “നിങ്ങളുടെ വാദങ്ങൾ ഹാജരാക്കുക . . . സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ ഞങ്ങളോടു പറയുകയും ചെയ്യുക.”—യെശയ്യാവ് 41:21, 22.
18. സർവ്വശക്തനായ ദൈവം തന്നേത്തന്നെ എങ്ങനെ തിരിച്ചറിയിക്കുന്നു, അവൻ തന്റെ ആരാധകർക്ക് എന്തു വാഗ്ദത്തം നൽകുന്നു?
18 താൻ ആരാണെന്ന് സർവ്വശക്തനായ ദൈവം തിരിച്ചറിയിക്കുന്നു: “ഞാൻ യഹോവയാകുന്നു. അതാണ് എന്റെ പേർ; ഞാൻ എന്റെ സ്വന്തം മഹത്വം മറെറാരുവനും എന്റെ സ്തുതി കൊത്തപ്പെട്ട പ്രതിമകൾക്കും കൊടുക്കുകയില്ല.” (യെശയ്യാവ് 42:8) തന്നെ ഉയർത്തിപ്പിടിക്കുന്നവരോട് അവൻ പറയുന്നു: “ഭയപ്പെടരുത്, എന്തെന്നാൽ ഞാൻ നിന്നോടുകൂടെയുണ്ട്. അങ്ങുമിങ്ങും ഉററുനോക്കരുത്, എന്തെന്നാൽ ഞാനാണ് നിന്റെ ദൈവം. ഞാൻ നിന്നെ ഊർജ്ജസ്വലനാക്കും. ഞാൻ നിന്നെ യഥാർത്ഥമായി സഹായിക്കും.” അവൻ അവരോട് ഇങ്ങനെ വാഗ്ദാനം ചെയ്യുന്നു: “നിന്നോടു കയർക്കുന്ന എല്ലാവരും ലജ്ജിതരാകുകയും അവമാനിതരാക്കപ്പെടുകയും ചെയ്യും. നിന്നോടു ശണ്ഠയിടുന്ന മനുഷ്യർ നാസ്തിപോലെയാകുകയും നശിച്ചുപോകുകയും ചെയ്യും.” “നിനക്കെതിരെ നിർമ്മിക്കപ്പെടുന്ന ഏതായുധത്തിനും വിജയം ലഭിക്കുകയില്ല . . . ഇത് യഹോവയുടെ ദാസൻമാരുടെ പരമ്പരാവകാശമാകുന്നു.”—യെശയ്യാവ് 41:10, 11; 54:17.
19, 20. (എ) കാര്യങ്ങൾക്ക് തീരുമാനമുണ്ടാക്കുന്നതിന് യഹോവക്ക് ഒരു നിയമിതസമയമുണ്ടെന്ന് യെശയ്യാവ് പ്രകടമാക്കുന്നതെങ്ങനെ? (ബി) ഈ “അന്ത്യനാളുകളിൽ” യഹോവ ആരെ കൊണ്ടുവരുന്നു, അവർ അവനെ എങ്ങനെ പ്രതിനിധാനം ചെയ്യുന്നു?
19 ദീർഘകാലം, നൂററാണ്ടുകളിൽ, യഹോവ ജനതകളെ സ്വന്തം വഴിയിൽ പോകാൻ അനുവദിച്ചു. എന്നിരുന്നാലും, ഭൂമിയിലെ കാര്യങ്ങൾ നേരെയാക്കാനുള്ള അവന്റെ നിയമിത സമയം വന്നിരിക്കുകയാണ്. അതുകൊണ്ട് അവൻ പ്രഖ്യാപിക്കുന്നു: “ഞാൻ ദീർഘകാലം മിണ്ടാതിരുന്നു. ഞാൻ മൗനമായി തുടർന്നു. ഞാൻ ആത്മനിയന്ത്രണം പാലിച്ചുകൊണ്ടിരുന്നു.” എന്നാൽ ഇപ്പോൾ, “ഒരു ബലവാനായ മനുഷ്യനെപ്പോലെ യഹോവതന്നെ മുന്നോട്ടുപോകും. ഒരു യോദ്ധാവിനെപ്പോലെ അവൻ തീക്ഷ്ണത ഉണർത്തും. അവൻ ആക്രോശിക്കും, അതെ, അവൻ ഒരു പോർവിളി അയയ്ക്കും; അവന്റെ ശത്രുക്കളുടെമേൽ അവൻ ശക്തിയേറിയവനെന്നു പ്രകടമാക്കും.” (യെശയ്യാവ് 42:13, 14) യെശയ്യായുടെയും മററു ബൈബിളെഴുത്തുകാരുടെയും, അതുപോലെതന്നെ യേശുവിന്റെയും പ്രവചനങ്ങളിൽ ഈ “അന്ത്യനാളുകളിൽ” താൻ ഒരു ജനത്തെ, അവർ ഒരു കോടതിക്കേസിൽ സാക്ഷികളായിരിക്കുന്നതുപോലെ തനിക്ക് തീക്ഷ്ണമായ സാക്ഷ്യം വഹിക്കാൻ എഴുന്നേൽപ്പിക്കുന്നതിനെക്കുറിച്ച് യഹോവ മുൻകൂട്ടിപ്പറയുന്നു.
20 തന്നെ സേവിക്കാൻ യഹോവ പുറപ്പെടുവിച്ചുകൊണ്ടുവരുന്ന ജനം അവൻ സത്യദൈവവും തന്റെ ആരാധകരുടെ രക്ഷകനും വ്യാജദൈവങ്ങളുടെയും അവരുടെ അനുയായികളുടെയും നാശകനുമാണെന്നുള്ളതിന് തെളിവ് സമർപ്പിക്കുന്നു. ഇന്ന് യഹോവയുടെ ജനം ‘ഭൂമിയുടെ അററത്തുനിന്ന് സകല ജനതകളിൽനിന്നും ദ്വീപുകളിൽനിന്നും, പർവ്വതങ്ങളുടെ ശിഖരത്തിൽനിന്നും അവന്റെ സ്തുതിപാടുന്നു.’ (യെശയ്യാവ് 42:10-12) ഇത് യെശയ്യായുടെ മറെറാരു പ്രവചനത്തെ നിവർത്തിക്കുന്നു, അതിങ്ങനെ മുൻകൂട്ടിപ്പറഞ്ഞു: “[നമ്മുടെ കാലത്തെ] നാളുകളുടെ അന്തിമഭാഗത്ത് . . . യഹോവയുടെ ആലയമുള്ള [അവന്റെ സത്യാരാധന] പർവ്വതം പർവ്വതങ്ങളുടെ ശിഖരത്തിൻമേൽ ദൃഢമായി സ്ഥാപിതമാകും, അത് തീർച്ചയായും കുന്നുകൾക്കു മീതെ [മറെറല്ലാത്തരം ആരാധനക്കും മീതെ] ഉയർത്തപ്പെടും; അതിലേക്ക് സകല ജനതകളും [അവയിൽ നിന്നുള്ള ആളുകൾ] ഒഴുകേണ്ടതാണ്.” അവർ എന്തുചെയ്യാൻ മററുള്ളവരെ പ്രോത്സാഹിപ്പിക്കുന്നു? “ജനങ്ങളേ, വരുവിൻ, നമുക്ക് യഹോവയുടെ പർവ്വതത്തിലേക്ക് കയറിപ്പോകാം” എന്ന് അവർ പരമാർത്ഥഹൃദയമുള്ളവരോട് അഭ്യർത്ഥിക്കുന്നു, “അവൻ തന്റെ വഴികളെക്കുറിച്ച് നമ്മെ പഠിപ്പിക്കും, നാം അവന്റെ പാതകളിൽ നടക്കും.”—യെശയ്യാവ് 2:2-4.
21. ജനതകളുടെ ദൈവങ്ങളോടായുള്ള യഹോവയുടെ വെല്ലുവിളിയാൽ ഏത് ചോദ്യങ്ങൾ ഉന്നയിക്കപ്പെടുന്നു?
21 അങ്ങനെ, ഒരു കോടതിയെ സംബോധന ചെയ്യുന്നതുപോലെ, യഹോവ പറയുന്നു: “ജനതകളെല്ലാം ഒരു സ്ഥലത്തു കൂടിവരട്ടെ, ദേശീയ സംഘങ്ങൾ ഒരുമിച്ചു കൂടട്ടെ . . . അവർ നീതിമാൻമാരെന്നു പ്രഖ്യാപിക്കപ്പെടേണ്ടതിന്, അവർ തങ്ങളുടെ സാക്ഷികളെ കൊണ്ടുവരട്ടെ, അല്ലെങ്കിൽ അവർ കേട്ടിട്ട് ‘ഇതാണു സത്യം!’ എന്നു പറയട്ടെ.” (യെശയ്യാവ് 43:9) ഇത് ജനതകളുടെ ദൈവങ്ങളോട് നേരിട്ടുള്ള ഒരു വെല്ലുവിളിയാണ്. അവരിൽ ആർക്കെങ്കിലും ഭാവിയിൽ എന്തു സ്ഥിതിചെയ്യുന്നുവെന്ന് പറയാൻ കഴിയുമോ? അവർക്ക് കഴിഞ്ഞ കാലത്ത് ഇതു ചെയ്യാൻ കഴിഞ്ഞിട്ടുണ്ടോ? അങ്ങനെയുള്ള ദൈവങ്ങൾ നമ്മുടെ ഭക്തിക്ക് അർഹതയുള്ള സത്യവാൻമാരാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നുള്ളതിന് ഈടുററ തെളിവോടെ സാക്ഷ്യം വഹിക്കാൻ അവർക്ക് ആരെയെങ്കിലും കണ്ടെത്താൻ കഴിയുമോ? ജനതകളുടെ ദൈവങ്ങളും അവരുടെ അനുഗാമികളും നമ്മുടെ കാലത്ത് എന്തു രേഖ ഉളവാക്കിയിട്ടുണ്ട്? അത് പുരാതന ഈജിപ്ററുകാരുടെയും അശൂര്യരുടെയും ബാബിലോന്യരുടെയും ദൈവങ്ങൾ ഉളവാക്കിയിട്ടുള്ളതിനെക്കാൾ അല്പമെങ്കിലും മെച്ചമാണോ? മറിച്ച്, യഹോവക്കു സാക്ഷ്യം വഹിക്കുന്നവർ യഹോവ സത്യദൈവം, നമ്മുടെ ആരാധനക്ക് യോഗ്യനായ ഏകൻ, ആണെന്നുള്ളതിന് ഈടുററ തെളിവ് ഹാജരാക്കിയിട്ടുണ്ടോ? അടുത്ത ലേഖനം ഈ കാര്യങ്ങൾ ചർച്ച ചെയ്യും. (w88 2/1)
[അടിക്കുറിപ്പുകൾ]
a യഹോവയിലുള്ള ഹിസ്ക്കീയാവിന്റെ ആശ്രയത്തിന് യഹോവ എങ്ങനെ പ്രതിഫലം കൊടുത്തെന്ന് ജനുവരി 15-ലെ വാച്ച്ടവർ ചർച്ച ചെയ്തു. ആ നാടകീയ സംഭവങ്ങളിലും ദൈവത്വമാണ് ഉൾപ്പെട്ടിരുന്നത്.
പുനരവലോകന ചോദ്യങ്ങൾ
◻ സാർവ്വത്രിക പരമാധികാരത്തിന്റെ വിവാദപ്രശ്നം എന്താണ്?
◻ ജനതകളുടെ ഏതു ദൈവങ്ങളാണ് ഇന്ന് വിവാദപ്രശ്നത്തിൽ ഉൾപ്പെട്ടിരിക്കുന്നത്?
◻ മൂന്നു പരീക്ഷണകേസുകളുടെ ഏതു പരിണതഫലം വ്യാജദൈവങ്ങളുടെമേലുള്ള യഹോവയുടെ ശ്രേഷ്ഠതയെ പ്രകടമാക്കുന്നു?
◻ യഹോവ നമ്മുടെ നാളിൽ കാര്യങ്ങൾക്ക് തീരുമാനമുണ്ടാക്കുമെന്ന് യെശയ്യാവ് പ്രകടമാക്കുന്നതെങ്ങനെ?
◻ ഇന്ന് സകല മതങ്ങളുടെയും അനുയായികളെക്കുറിച്ച് ഏതു ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കേണ്ടതുണ്ട്?
[12-ാം പേജിലെ ചിത്രം]
ഈജിപ്ററിലെ ദൈവങ്ങൾ സത്യദൈവമായ യഹോവയുടെ മുമ്പാകെ അശക്തരായിരുന്നു
13-ാം പേജിലെ ചിത്രം]
സത്യദൈവം അശൂറിലെ ദൈവങ്ങൾക്കിട്ടും അവരുടെ അനുയായികൾക്കിട്ടും ഒരു ഞെരിക്കുന്ന പ്രഹരമേൽപ്പിച്ചു
14-ാം പേജിലെ ചിത്രം]
ദാനിയേൽ ബാബിലോനിലെ വ്യാജദൈവങ്ങളുടെ ആരാധകർക്ക് യഹോവയുടെ സന്ദേശം ഏൽപ്പിച്ചുകൊടുത്തു