പ്രകൃതി ആകുന്ന പുസ്തകവും ബൈബിളും
“പ്രപഞ്ചം എന്നെ അമ്പരപ്പിക്കുന്നു! ഒരു ഘടികാര നിർമ്മാതാവില്ലാതെ അത്തരമൊരു ‘ഘടികാര’ത്തിന് സ്ഥിതിചെയ്യാൻ കഴിയുമെന്ന് എനിക്ക് സങ്കൽപ്പിക്കാൻ കഴിയുന്നില്ല.”
—വോൾട്ടയർ, 18-ാം നൂററാണ്ടിലെ ഫ്രഞ്ച് തത്വചിന്തകൻ.
കൃത്യതയുള്ള ഒരു വാച്ച് അതിന്റെ നിർമ്മാതാവിന്റെ വൈദഗ്ദ്ധ്യത്തോടും ബുദ്ധികൗശലത്തോടുമുള്ള ആദരവ് ഉണർത്തുന്നു. എന്നാൽ നമുക്ക് ചുററുമുള്ള പ്രപഞ്ചത്തെ സംബന്ധിച്ചെന്ത്? അതിന് ഒരളവിലെങ്കിലും അതിന്റെ സ്രഷ്ടാവിന്റെ വ്യക്തിത്വത്തെ വെളിപ്പെടുത്താൻ കഴിയുമോ?
ഏതാണ്ട് 2,000 വർഷങ്ങൾക്കു മുമ്പ് ബൈബിളെഴുത്തുകാരിൽ ഒരാളായിരുന്ന അപ്പോസ്തലനായ പൗലോസ് ഈ ചോദ്യത്തിന് ഒരുത്തരം നൽകി: “എന്തെന്നാൽ [ദൈവത്തിന്റെ] അദൃശ്യ ഗുണങ്ങൾ, അവന്റെ നിത്യശക്തിയും ദൈവത്വവും പോലും ലോക സൃഷ്ടിമുതൽ വ്യക്തമായി കാണപ്പെടുന്നു, എന്തുകൊണ്ടെന്നാൽ അവ നിർമ്മിത വസ്തുക്കൾ മുഖേന ഗ്രഹിക്കപ്പെടുന്നു.” (റോമർ 1:20) അതുകൊണ്ട് ഈ പ്രകൃതിയാകുന്ന പുസ്തകത്തെ നിരീക്ഷിക്കുന്നതിൽ നിന്ന് നമുക്ക് എന്ത് പഠിക്കാൻ കഴിയും?
ഘടികാര നിർമ്മാതാവിനെ സംബന്ധിച്ച് ഘടികാരം നമ്മെ പഠിപ്പിക്കുന്നത്
ഒരു ഗംഭീരമായ വെള്ളച്ചാട്ടം, കൊടുങ്കാററിന്റെ സമയത്തെ സമുദ്രം, ആയിരക്കണക്കിന് നക്ഷത്രങ്ങൾ നിറഞ്ഞിരിക്കുന്ന തെളിഞ്ഞ ഒരു രാത്രിയിലെ ആകാശം—ഇവ ശക്തനായ ഒരു സ്രഷ്ടാവിനെക്കുറിച്ച് നമ്മെ ചിന്തിപ്പിക്കുന്ന ചില കാര്യങ്ങളാണ്. ഗ്രഹങ്ങളുടെ ഭ്രമണപഥങ്ങളുടെ കൃത്യതയ്ക്ക്, സ്രഷ്ടാവ് ഒരു മഹാസംഘാടകൻ, ഒരു ഘടികാര നിർമ്മാതാവ്, ആയിരിക്കണമെന്ന്, വോൾട്ടെയറിനെയെന്നപോലെ നമ്മെയും അനുസ്മരിപ്പിക്കാൻ കഴിയും.—സങ്കീർത്തനം 104:1.
ഭൂമിയിലെ ഉൽപ്പന്നങ്ങളുടെ വൈവിദ്ധ്യവും—നമുക്ക് സമൃദ്ധമായി ലഭിക്കുന്ന ഫലങ്ങളും സസ്യങ്ങളും—ദൈവത്തിന്റെ ഔദാര്യത്തിന് സാക്ഷ്യം വഹിക്കുന്നു. ദൈവം “ആഹാരവും നല്ല സന്തോഷവും കൊണ്ട് നിങ്ങളുടെ ഹൃദയങ്ങളെ പൂർണ്ണമായി നിറച്ചുകൊണ്ട് നിങ്ങൾക്ക് ആകാശത്തുനിന്ന് മഴയും ഫലപുഷ്ടിയുള്ള കാലങ്ങളും നൽകി നൻമ ചെയ്തതിനാൽ തന്നെക്കുറിച്ചുതന്നെ സാക്ഷ്യം നൽകാതിരുന്നില്ല” എന്ന് പ്രഖ്യാപിച്ചപ്പോൾ പൗലോസ് ഇതിനെ സ്ഥിരീകരിക്കയാണുണ്ടായത്.—പ്രവൃത്തികൾ 14:17.
ഘടികാരം നമ്മോട് പറയാത്തത്
പ്രകൃതിയാകുന്ന പുസ്തകത്തിന്റെ കൂടുതലായ പരിശോധന ദൈവത്തിന്റെ മററ് ഗുണങ്ങളെക്കുറിച്ച് നമ്മെ പഠിപ്പിക്കുന്നു. എന്നാൽ നാം സൃഷ്ടിയിൽ നിന്ന് പഠിക്കുന്നതിനെ മാത്രം ആശ്രയിക്കുകയാണെങ്കിൽ ദൈവത്തെക്കുറിച്ചുള്ള നമ്മുടെ അറിവ് എല്ലായ്പ്പോഴും പരിമിതമായിരിക്കും. പ്രകൃതിയുടെ ആശയത്തിന്റെ ഒരു ചരിത്ര ബാഹ്യരൂപം എന്ന തന്റെ പുസ്തകത്തിൽ ഫ്രഞ്ച് ഗ്രൻഥകാരനായ റോബർട്ട് ലെനോബുൾ ഇത് വിശദീകരിക്കുന്നു. “മനുഷ്യൻ എല്ലായ്പ്പോഴും പ്രകൃതിയുടെ മർമ്മത്തിലേക്ക് തുളച്ചുകയറി അതിന്റെ രഹസ്യം കണ്ടുപിടിക്കാൻ അതിലേക്ക് തന്റെ ശ്രദ്ധ തിരിക്കും, അത് ഒരിക്കൽ ഒരു പരീക്ഷണശാലയിൽ നിന്ന് ലഭിക്കയില്ലാത്ത ഒരു രഹസ്യമാണ്.” ലാ ക്രോയിക്സ് എന്ന കത്തോലിക്കാ ദിനപ്പത്രം നടത്തിയ വോട്ടെടുപ്പിൽ പങ്കെടുത്ത ഫ്രെഞ്ചുകാരിൽ പകുതിയിലധികം പേർ—വിശ്വാസികളായിരുന്നാലും നിരീശ്വരരായിരുന്നാലും—ഇതിനോട് യോജിക്കുകയും “ഒട്ടേറെ കാര്യങ്ങൾ ദാർശനികവും മതപരവുമായ മണ്ഡലത്തിലുള്ളതാകയാൽ പ്രപഞ്ചത്തിന്റെ ഒരു മതിയായ വിശദീകരണം നൽകാൻ ശാസ്ത്രത്തിന് ഒരിക്കലും സാദ്ധ്യമാവുകയില്ല” എന്ന് സമ്മതിക്കുകയും ചെയ്തു.
ഏതാണ്ട് 3,500 വർഷങ്ങൾക്കുമുമ്പ് വിശ്വസ്തനായിരുന്ന ഇയ്യോബ് ഇതേ നിഗമനത്തിലെത്തി. അവൻ ഈ ചോദ്യം ഉന്നയിച്ചു: “എന്നാൽ ജ്ഞാനം—അത് എവിടെ കണ്ടെത്താൻ കഴിയും, ഇപ്പോൾ വിവേകത്തിന്റെ സ്ഥലമെവിടെയാണ്?” ഈ ജ്ഞാനം പ്രകൃതിയാകുന്ന പുസ്തകത്തിൽ കണ്ടെത്താൻ കഴിയുമോ? “‘അത് എന്നിലില്ല!’ എന്ന് ആഴി തന്നെ പറഞ്ഞിരിക്കുന്നു. ‘അത് എങ്കലില്ല!’ എന്ന് സമുദ്രവും പറഞ്ഞിരിക്കുന്നു. ജീവിച്ചിരിക്കുന്ന സകലരുടെയും കണ്ണുകളിൽനിന്നുപോലും അത് മറഞ്ഞിരിക്കുന്നു. ആകാശങ്ങളിലെ പറവജാതികളിൽ നിന്ന് അത് മറയ്ക്കപ്പെട്ടിരിക്കുന്നു.”—ഇയ്യോബ് 28:12, 14, 21.
ആ സ്ഥിതിക്ക് ഈ ജ്ഞാനം കണ്ടെത്താൻ നാം എവിടേക്ക് പോകണം? അതേ പുസ്തകം ഉത്തരം നൽകുന്നു: “അതിന്റെ വഴി ഗ്രഹിച്ചിട്ടുള്ള ഏകൻ ദൈവമാണ്, അവൻ തന്നെ അതിന്റെ സ്ഥലമറിഞ്ഞിരിക്കുന്നു.” (ഇയ്യോബ് 28:23) ദൈവം തന്റെ വചനമാകുന്ന ബൈബിൾ മുഖാന്തരം മനുഷ്യവർഗ്ഗത്തിന് തന്റെ ജ്ഞാനം പങ്കുവച്ചിരിക്കുന്നു.
ബൈബിളിൽ നിന്നുള്ള അനുപമമായ അറിവ്
ബൈബിൾ മനുഷ്യവർഗ്ഗത്തിന്റെ ഉൽഭവത്തിലേക്ക് നമുക്ക് അനുപമമായ ഉൾക്കാഴ്ച നൽകുന്നു. ദൈവം ഭൂമിയെ ഒരുക്കിയശേഷം ആദ്യ മനുഷ്യജോടിയെ അവിടെ ആക്കിവെച്ചു എന്ന് അത് നമ്മോടു പറയുന്നു. നമ്മുടെ ആദ്യമാതാപിതാക്കൾക്ക് പൂർണ്ണതയുള്ള ചുററുപാടുകളിൽ എന്നേക്കും ജീവിക്കാൻ കഴിയുമായിരുന്നു. എന്നാൽ അവർ മൽസരിച്ചു. അവരുടെ പാപത്താൽ അവർ മനുഷ്യവർഗ്ഗത്തെ ബാധിച്ചിരിക്കുന്ന സകല തിൻമകൾക്കും വഴി തുറന്നു—പാപവും മരണവും ഉൾപ്പെടെ.—ഉൽപ്പത്തി, അദ്ധ്യായങ്ങൾ 1-3; റോമർ 5:12-21.
ഈ സാഹചര്യത്തിന് പരിഹാരം വരുത്തുന്നതിന് ദൈവം സ്വീകരിച്ച നടപടികളെക്കുറിച്ചും ബൈബിൾ വിശദമായി നമ്മോട് പറയുന്നു. ആദാമിനും ഹവ്വായ്ക്കും ശേഷം ആയിരക്കണക്കിന് വർഷങ്ങൾ കഴിഞ്ഞ് ദൈവത്തിന്റെ സ്വന്ത പുത്രനായ യേശു, ദൈവത്തോട് നിരപ്പിക്കപ്പെടുന്നതിനുള്ള അവസരം മനുഷ്യവർഗ്ഗത്തിനു കൊടുക്കാൻ ഭൂമിയിലേക്ക് വന്നു. അങ്ങനെ ക്രിസ്തു തന്നിൽ വിശ്വാസമർപ്പിക്കുകയും തന്റെ ബലിയുടെ മൂല്യത്തെ തിരിച്ചറിയുകയും ചെയ്യുന്ന മനുഷ്യർക്ക് ഒരു പറുദീസാ ആയിത്തീരുന്ന ഭൂമിയിലെ നിത്യജീവന്റെ പ്രതീക്ഷ നീട്ടിക്കൊടുത്തു.—ലൂക്കോസ് 23:43; യോഹന്നാൻ 3:16.
ഈ പ്രത്യാശ നമുക്കെല്ലാം നൽകപ്പെടുന്നു. അത് സാക്ഷാത്ക്കരിക്കുന്നതിന് നാം ‘ഏക സത്യദൈവത്തെയും അവൻ അയച്ച യേശുക്രിസ്തുവിനെയും കുറിച്ചുള്ള സൂക്ഷ്മപരിജ്ഞാനം’ സമ്പാദിക്കേണ്ടിയിരിക്കുന്നു. നാം ആ പ്രത്യാശയ്ക്കനുയോജ്യമായി ജീവിക്കുകയും വേണം. ഈ സൂക്ഷ്മപരിജ്ഞാനം ബൈബിളിൽ കാണപ്പെടുന്നു.—യോഹന്നാൻ 17:3; യാക്കോബ് 2:24-26.
മനുഷ്യൻ എവിടെനിന്ന് വന്നു? മരണശേഷം എന്തു സംഭവിക്കുന്നു? മനുഷ്യവർഗ്ഗത്തിന്റെ പ്രശ്നങ്ങൾക്കുള്ള കാരണങ്ങൾ എന്ത്? എന്നെങ്കിലും അവ പരിഹരിക്കപ്പെടുമെന്നുള്ള പ്രത്യാശയുണ്ടോ? ദൈവം എപ്പോൾ, എങ്ങനെ, മനുഷ്യരാശിക്കുവേണ്ടി പൂർണ്ണതയുള്ള അവസ്ഥകൾ കൈവരുത്തും? എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് വിശദമായ ഉത്തരം കിട്ടാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? എങ്കിൽ അഖിലാണ്ഡത്തിന്റെ ദൈവത്തിൽനിന്നുള്ള ഉത്തരങ്ങൾ നിങ്ങൾക്ക് നൽകുന്നതും “നിത്യജീവന്റെ പ്രത്യാശയ്ക്കുള്ള അടിസ്ഥാനം” അടങ്ങിയിരിക്കുന്നതുമായ ഏക പുസ്തകമായ ബൈബിൾ പരിശോധിക്കാൻ ഞങ്ങൾ നിങ്ങളെ പ്രോൽസാഹിപ്പിക്കുന്നു. വാച്ച്ടവർ സൊസൈററിയുടെ പ്രസിദ്ധീകരണങ്ങളുടെ ഉദ്ദേശ്യം നിങ്ങളുടെ ബൈബിളിൽ ഈ ഉത്തരങ്ങൾ കണ്ടെത്തുന്നതിന് നിങ്ങളെ സഹായിക്കുക എന്നതാണ്.—തീത്തോസ് 1:1, 2. (w88 3/1)
[10-ാം പേജിലെ ചിത്രം]
പ്രപഞ്ചം ദൈവത്തിന്റെ വ്യക്തിത്വത്തിന്റെ വശങ്ങൾ വെളിപ്പെടുത്തുന്നു
[11-ാം പേജിലെ ചിത്രം]
ബൈബിളിനു മാത്രമെ മനുഷ്യനെയും ഭൂമിയെയും സംബന്ധിച്ച ദൈവോദ്ദേശ്യങ്ങളെക്കുറിച്ച് നമ്മോടു പറയാൻ കഴിയൂ