സനാപനമേററ ക്രിസ്ത്യാനികളെന്ന നിലയിൽ ദൈവികഭക്തി പിന്തുടരുക
“എന്നിരുന്നാലും, ദൈവമനുഷ്യാ, നീ. . . നീതി, ദൈവികഭക്തി . . . പിന്തുടരുക.”—1 തിമൊഥെയോസ് 6:11
1. നിങ്ങളുടെ ജീവിതത്തിലെ അതിപ്രധാനദിവസമേതാണെന്നുള്ള ചോദ്യത്തിന് നിങ്ങൾ എങ്ങനെ ഉത്തരം പറയും? നിങ്ങൾ അങ്ങനെ ഉത്തരം പറയുന്നതെന്തുകൊണ്ട്?
നിങ്ങളുടെ ജീവിതത്തിലെ അതിപ്രധാന ദിവസമേതാണ്? നിങ്ങൾ യഹോവയുടെ ഒരു സ്നാപനമേററ സാക്ഷിയാണെങ്കിൽ, ‘ഞാൻ സ്നാപനമേററ ദിവസംതന്നെ!’ എന്നു നിങ്ങൾ ഉത്തരം പറയുമെന്നു സംശയമില്ല. തീർച്ചയായും, സ്നാപനം നിങ്ങളുടെ ജീവിതത്തിലെ ഒരു അതിപ്രധാന നടപടിയാണ്. നിങ്ങൾ യഹോവയുടെ ഇഷ്ടം ചെയ്യുന്നതിന് കലവറകൂടാതെ പൂർണ്ണമായി ഒരു സമർപ്പണം ചെയ്തിരിക്കുന്നുവെന്നതിന്റെ ഒരു ബാഹ്യപ്രതീകമാണത്. നിങ്ങളുടെ സ്നാപനം അത്യുന്നതദൈവമായ യഹോവയുടെ ഒരു ശുശ്രൂഷകനായുള്ള നിങ്ങളുടെ നിയമനത്തിന്റെ തീയതിയെ കുറിക്കുന്നു.
2. (എ)സ്നാപനം നിങ്ങളുടെ ക്രിസ്തീയഗതിയിൽ നിങ്ങൾ സ്വീകരിക്കുന്ന അവസാനനടപടിയല്ലെന്ന് എങ്ങനെ ദൃഷ്ടാന്തീകരിക്കാം? (ബി) സ്നാപനമേൽക്കുന്നതിനുമുമ്പ് നിങ്ങൾ ഏതു പ്രാഥമികനടപടികൾ സ്വീകരിച്ചു?
2 എന്നിരുന്നാലും, സ്നാപനം നിങ്ങൾ നിങ്ങളുടെ ക്രിസ്തീയഗതിയിൽ അവസാനമായി സ്വീകരിക്കുന്ന നടപടിയാണോ? അശേഷമല്ല! ദൃഷ്ടാന്തീകരിക്കുന്നതിന്: അനേകം രാജ്യങ്ങളിൽ വിവാഹചടങ്ങ് ആസൂത്രണത്തിന്റെയും ഒരുക്കത്തിന്റെയും (സാധാരണയായി പ്രേമാഭ്യർത്ഥനയുടെയും) അവസാനത്തെ കുറിക്കുന്നു. അതേസമയം, അത് വിവാഹിതഇണകളായി ഒരുമിച്ചുള്ള ജീവിതത്തിന്റെ തുടക്കത്തെ കുറിക്കുന്നു. അതുപോലെതന്നെ, നിങ്ങളുടെ സ്നാപനം നിങ്ങൾ പ്രധാനപ്പെട്ട നിരവധി പ്രാഥമികനടപടികൾ സ്വീകരിച്ച ഒരു ഒരുക്കകാലഘട്ടത്തിന്റെ പരിസമാപ്തിയാണ്. നിങ്ങൾ ദൈവത്തെയും ക്രിസ്തുവിനെയുംകുറിച്ചുള്ള പരിജ്ഞാനം സമ്പാദിച്ചു. (യോഹന്നാൻ 17:3) സത്യദൈവമെന്ന നിലയിൽ യഹോവയാം ദൈവത്തിലും നിങ്ങളുടെ രക്ഷകൻ എന്ന നിലയിൽ ക്രിസ്തുവിലും ദൈവവചനമെന്ന നിലയിൽ ബൈബിളിലും നിങ്ങൾ വിശ്വാസം പ്രകടിപ്പിച്ചുതുടങ്ങി. (പ്രവൃത്തികൾ 4:12; 1 തെസ്സലൊനീക്യർ 2:13; എബ്രായർ 11:6) നിങ്ങളുടെ മുൻ പ്രവർത്തനഗതിസംബന്ധിച്ചു അനുതപിച്ചുകൊണ്ടും ഒരു നീതിയുള്ള ഗതിയിലേക്കു പരിവർത്തനംചെയ്തുകൊണ്ടും നിങ്ങൾ ആ വിശ്വാസം പ്രകടമാക്കി. (പ്രവൃത്തികൾ 3:19) അനന്തരം നിങ്ങൾ യഹോവയുടെ ഇഷ്ടം ചെയ്യാൻ നിങ്ങളെത്തന്നെ അവനു സമർപ്പിക്കാൻ ഒരു തീരുമാനമെടുത്തു. (മത്തായി 16:24) ഒടുവിൽ, നിങ്ങൾ സ്നാപനമേററു.—മത്തായി 28:19, 20.
3. (എ) നമ്മുടെ സ്നാപനം ദൈവത്തിനായുള്ള ഒരു സമർപ്പിത ജീവിതത്തിന്റെ തുടക്കത്തെ കുറിക്കുന്നുവെന്ന് നമുക്ക് എങ്ങനെ പ്രകടമാക്കാൻ കഴിയും? (ബി) ഏതു ചോദ്യങ്ങൾ ഉദിക്കുന്നു, ഉത്തരങ്ങൾ നമുക്ക് അതീവ താല്പര്യമുള്ളവയായിരിക്കേണ്ടതെന്തുകൊണ്ട്?
3 എന്നിരുന്നാലും, നിങ്ങളുടെ സ്നാപനം ദൈവത്തിനുള്ള സമർപ്പിത വിശുദ്ധസേവനത്തിന്റേതായ ഒരു ജീവിതത്തിന്റെ അവസാനമല്ല, പിന്നെയോ തുടക്കമാണ്. ഒരു ബൈബിൾപണ്ഡിതൻ പ്രസ്താവിച്ചതുപോലെ, ക്രിസ്തീയജീവിതം ‘ഒരു പ്രാരംഭ വികാരമൂർച്ഛയും അതേതുടർന്നുള്ള സ്ഥായിയായ നിഷ്ക്രിയത്വവു’മായിരിക്കരുത്. ആ സ്ഥിതിക്ക്, നിങ്ങളുടെ സംഗതിയിൽ, സ്നാപനം കേവലം ഒരു ‘പ്രാരംഭ വികാരമൂർച്ഛ’യെ പ്രതിനിധാനംചെയ്യുന്നില്ലെന്ന് നിങ്ങൾക്ക് എങ്ങനെ പ്രകടമാക്കാൻ കഴിയും? അത് ദൈവികഭക്തിയുടെ ഒരു ആജീവനാന്തഗതി പിന്തുടരുന്നതിനാലാണ്. ഈ ദൈവികഭക്തി എന്താണ്? അതു പിന്തുടരേണ്ടതാവശ്യമായിരിക്കുന്നതെന്തുകൊണ്ട്? അതു നിങ്ങൾക്ക് നിങ്ങളുടെ ജീവിതത്തിൽ കൂടുതൽ പൂർണ്ണമായി എങ്ങനെ നട്ടുവളർത്താൻ കഴിയും? ഉത്തരങ്ങൾ നമുക്ക് അതീവതാൽപര്യമുള്ളവയായിരിക്കണം, എന്തെന്നാൽ നാം യഹോവയുടെ ന്യായവിധിയുടെ അടുത്തുവരുന്ന ദിവസത്തെ അതിജീവിക്കണമെങ്കിൽ നാം “ദൈവികഭക്തിപ്രവൃത്തികൾ” മുഖേന തിരിച്ചറിയപ്പെടുന്ന ആളുകളായിരിക്കണം.—2 പത്രോസ് 3:11, 12.
ദൈവികഭക്തിയുടെ അർത്ഥം
4. എന്തു ചെയ്യാൻ പൗലോസ് തിമൊഥെയോസിനെ ബുദ്ധിയുപദേശിച്ചു, ഈ സമയത്ത് തിമൊഥെയോസിനെസംബന്ധിച്ച് എന്തു സത്യമായിരുന്നു?
4 ക്രി.വ. 61നും 64നുമിടക്ക് ഒരു സമയത്ത് അപ്പോസ്തലനായ പൗലോസ് ക്രിസ്തീയശിഷ്യനായ തിമൊഥെയോസിന് തന്റെ ആദ്യത്തെ നിശ്വസ്തലേഖനമെഴുതി. പണസ്നേഹത്തിനു വരുത്തിക്കൂട്ടാൻ കഴിയുന്ന അപകടങ്ങളെ വർണ്ണിച്ച ശേഷം പൗലോസ് ഇങ്ങനെ എഴുതി: “എന്നിരുന്നാലും, ദൈവമനുഷ്യാ, നീ ഈ കാര്യങ്ങളിൽനിന്ന് ഓടിപ്പോകുക. എന്നാൽ ദൈവികഭക്തി . . . പിന്തുടരുക.” (1 തിമൊഥെയോസ് 6:9-11) രസാവഹമായി, ഈ സമയത്ത് ഒരുപക്ഷേ തിമൊഥെയോസ് അവന്റെ പ്രാരംഭ 30കളിലായിരുന്നിരിക്കണം. ഈ സമയമായപ്പോഴേക്ക് അവൻ അപ്പോസ്തലനായ പൗലോസിനോടുകൂടെ വിപുലമായി സഞ്ചരിച്ചിരുന്നു, സഭകളിൽ മേൽവിചാരകൻമാരെയും ശുശ്രൂഷാദാസൻമാരെയും നിയമിക്കാനുള്ള അധികാരവും അവനു കൊടുക്കപ്പെട്ടിരുന്നു. (പ്രവൃത്തികൾ 16:3; 1 തിമൊഥെയോസ് 5:22) എന്നിരുന്നാലും, പൗലോസ് സമർപ്പിതനും സ്നാപനമേററവനും പക്വതയുള്ളവനുമായ ഈ ക്രിസ്തീയപുരുഷനോട് ദൈവികഭക്തി പിന്തുടരാൻ ഉപദേശിച്ചു.
5. “ദൈവികഭക്തി”യെന്ന പദപ്രയോഗത്തിന്റെ അർത്ഥമെന്താണ്?
5 “ദൈവികഭക്തി” എന്ന പദപ്രയോഗത്താൽ പൗലോസ് എന്താണ് അർത്ഥമാക്കിയത്? യൂസേബിയാ എന്ന മൂല ഗ്രീക്ക്പദത്തെ അക്ഷരീയമായി “നല്ല ബഹുമാനം പ്രകടമാക്കൽ” എന്നു വിവർത്തനംചെയ്യാൻ കഴിയും. അതിന്റെ അർത്ഥംസംബന്ധിച്ച്, നാം ഇങ്ങനെ വായിക്കുന്നു: “യൂസേബിയാ സമകാലിക ലിഖിതങ്ങളിലുള്ള വ്യക്തിപരമായ മതഭക്തിയെ സൂചിപ്പിക്കുന്ന ഒരു അർത്ഥത്തിൽ ചിലപ്പോൾ പ്രത്യക്ഷപ്പെടുന്നു . . . എന്നാൽ റോമൻ കാലഘട്ടത്തിൽ പ്രചാരത്തിലിരുന്ന ഗ്രീക്കിൽ അതിന്റെ കൂടുതൽ സാമാന്യമായ അർത്ഥം ‘വിശ്വസ്തത’ എന്നായിരുന്നു. . . . ക്രിസ്ത്യാനികൾക്ക്, യൂസേബിയാ ദൈവത്തോടുള്ള ഏററവും ഉയർന്ന തരം ഭക്തിയാണ്.” (നൈഗൽ റേറണറാലുള്ള ക്രിസ്തീയപദങ്ങൾ) അതുകൊണ്ട്, തിരുവെഴുത്തുകളിൽ ഉപയോഗിച്ചിരിക്കുന്ന പ്രകാരം “ദൈവികഭക്തി” എന്ന പദപ്രയോഗം വ്യക്തിപരമായി യഹോവയാം ദൈവത്തോടുള്ള വിശ്വസ്തതസഹിതമുള്ള ബഹുമാനത്തെ അഥവാ ഭക്തിയെ പരാമർശിക്കുന്നു.
6. ഒരു ക്രിസ്ത്യാനി തന്റെ ദൈവികഭക്തിയുടെ തെളിവു നൽകുന്നതെങ്ങനെ?
6 എന്നിരുന്നാലും, ഈ ദൈവികഭക്തി കേവലം ഒരു ആരാധനാപരമായ വികാരം മാത്രമല്ല. “പ്രവൃത്തികളില്ലാത്ത വിശ്വാസം ചത്തതാ”യിരിക്കുന്നതുപോലെ, ദൈവികഭക്തിയും ഒരുവന്റെ ജീവിതത്തിൽ പ്രകടിതമായിരിക്കണം. (യാക്കോബ് 2:26) പുതിയനിയമപദങ്ങളിൽ വില്യം ബർക്ലേ ഇങ്ങനെ എഴുതി: “[യൂസേബിയായും ബന്ധപ്പെട്ട പദങ്ങളും] ആ ഭയാദരവുകളുടെ വികാരത്തെ പ്രകടിപ്പിക്കുന്നുവെന്നു മാത്രമല്ല, പിന്നെയോ അവ ആ ഭയത്തിനു യോജിക്കുന്ന ഒരു ആരാധനയെയും ആ ആദരവിനു യോജിക്കുന്ന സജീവമായ അനുസരണത്തിന്റെ ഒരു ജീവിതത്തെയും അർത്ഥമാക്കുന്നു.” യൂസേബിയാ കൂടുതലായി “ജീവിതത്തിന്റെ എല്ലാ വശങ്ങളിലും ദൈവത്തെക്കുറിച്ചുള്ള വളരെ പ്രായോഗികമായ ഒരു ബോധ”മെന്ന് നിർവചിക്കപ്പെടുന്നു. (മീഖായേൽ ഗ്രീൻ രചിച്ച ദി സെക്കണ്ട എപ്പിസിൽ ജനറൽ ഓഫ പീററർ ആൻഡ ജനറൽ എപ്പിസിൽ ഓഫ ജൂഡ) ആ സ്ഥിതിക്ക്, ക്രിസ്ത്യാനി തന്റെ ജീവിതരീതിയാൽ യഹോവയോടുള്ള തന്റെ വ്യക്തിപരമായ ബന്ധത്തിനു തെളിവുനൽകണം.—1 തിമൊഥെയോസ് 2:2; 2 പത്രോസ് 3:11.
കഠിനശ്രമം ആവശ്യം
7. തിമൊഥെയോസ് സ്നാപനമേററിരുന്നിട്ടും ദൈവികഭക്തി “പിന്തുടരാൻ” പ്രോൽസാഹിപ്പിച്ചപ്പോൾ പൗലോസ് എന്താണർത്ഥമാക്കിയത്?
7 എന്നാൽ, ദൈവികഭക്തി വളർത്തുകയും പ്രകടമാക്കുകയും ചെയ്യുന്നതിൽ എന്താണുൾപ്പെട്ടിരിക്കുന്നത്? അത് കേവലം സ്നാപനമേൽക്കുന്നതിന്റെ ഒരു സംഗതിയാണോ? സ്നാപനമേററിരുന്നിട്ടും തിമൊഥെയോസ് അതു “പിന്തുടരാൻ [അക്ഷരീയമായി ‘നീ പിന്തുടർന്നുകൊണ്ടിരിക്കുക’]” പ്രോൽസാഹിപ്പിക്കപ്പെട്ടുവെന്ന് ഓർക്കുക.a (1 തിമൊഥെയോസ് 6:11, (കിംഗഡം ഇൻറർലീനിയർ) പ്രസ്പഷ്ടമായി, പൗലോസ് ശിഷ്യനായ തിമൊഥെയോസിന് ദൈവികഭക്തിയുടെ കുറവുണ്ടായിരുന്നുവെന്ന് സൂചിപ്പിക്കുകയായിരുന്നില്ല. പകരം, ആകാംക്ഷയോടും തീക്ഷ്ണതയോടുംകൂടെ അതു തുടർന്നു പിന്തുടരേണ്ടതിന്റെ ആവശ്യം അവൻ ബോദ്ധ്യപ്പെടുത്തുകയായിരുന്നു. (ഫിലിപ്പിയർ 3:14 താരതമ്യപ്പെടുത്തുക.) വ്യക്തമായും ഇത് ഒരു ആജീവനാന്ത യത്നം ആയിരിക്കണമായിരുന്നു. സ്നാപനമേററ എല്ലാ ക്രിസ്ത്യാനികളെയുംപോലെ, തിമൊഥെയോസിന് ദൈവികഭക്തി പ്രകടമാക്കുന്നതിൽ തുടർന്ന് അഭിവൃദ്ധിപ്പെടാൻ കഴിയുമായിരുന്നു.
8. സമർപ്പിതനും സ്നാപനമേററവനുമായ ഒരു ക്രിസ്ത്യാനിക്ക് ദൈവികഭക്തി പിന്തുടരാൻ കഠിനശ്രമമാവശ്യമാണെന്ന് പത്രോസ് പ്രകടമാക്കിയതെങ്ങനെ?
8 സമർപ്പിതനും സ്നാപനമേററവനുമായ ഒരു ക്രിസ്ത്യാനിക്ക് ദൈവികഭക്തി പിന്തുടരുന്നതിന് കഠിനശ്രമം ആവശ്യമാണ്. ‘ദിവ്യസ്വഭാവത്തിൽ പങ്കുകാരായിത്തീരു’ന്നതിനുള്ള പ്രത്യാശയുള്ള സ്നാപനമേററ ക്രിസ്ത്യാനികൾക്ക് എഴുതിയപ്പോൾ അപ്പോസ്തലനായ പത്രോസ് ഇങ്ങനെ പറഞ്ഞു: “അതെ, ഈ കാരണത്താൽത്തന്നെ, പ്രതികരണമായി നിങ്ങൾ ആത്മാർത്ഥമായ സകല ശ്രമവും സംഭാവനചെയ്യുന്നതിനാൽ നിങ്ങളുടെ വിശ്വാസത്തിന് സൽഗുണവും നിങ്ങളുടെ സൽഗുണത്തിനു പരിജ്ഞാനവും നിങ്ങളുടെ പരിജ്ഞാനത്തിന് ആത്മനിയന്ത്രണവും നിങ്ങളുടെ ആത്മനിയന്ത്രണത്തിന് സഹിഷ്ണുതയും നിങ്ങളുടെ സഹിഷ്ണുതക്ക് ദൈവികഭക്തിയും പ്രദാനംചെയ്യുക.” (2 പത്രോസ് 1:4-6) പ്രസ്പഷ്ടമായി, സ്നാപനത്തിനു നമ്മേത്തന്നെ ഏൽപ്പിച്ചുകൊടുക്കുന്നതിന് ഒരളവിലുള്ള വിശ്വാസം ആവശ്യമാണ്. എന്നിരുന്നാലും, സ്നാപനത്തേ തുടർന്ന് കേവലം നാമമാത്രക്രിസ്ത്യാനിത്വത്തിൽ തൃപ്തിപ്പെട്ടുകൊണ്ട് നമുക്ക് അലസരായിരിക്കാവുന്നതല്ല. എന്നാൽ നാം ക്രിസ്തീയജീവിതത്തിൽ പുരോഗതി പ്രാപിക്കുമ്പോൾ നാം നമ്മുടെ വിശ്വാസത്തിന് പ്രദാനംചെയ്യപ്പെടാവുന്ന ദൈവികഭക്തിയുൾപ്പെടെയുള്ള മററു സൽഗുണങ്ങൾ വികസിപ്പിക്കുന്നതിൽ തുടരേണ്ടയാവശ്യമുണ്ട്. ഇതിനു നമ്മുടെ ഭാഗത്ത് ആത്മാർത്ഥശ്രമം വേണമെന്നു പത്രോസ് പറയുന്നു.
9. (എ) “പ്രദാനംചെയ്യുക” എന്നതിനുള്ള ഗ്രീക്ക്പദം ദൈവികഭക്തി വളർത്തുന്നതിന് ആവശ്യമായ ശ്രമത്തിന്റെ അളവിനെ ദൃഷ്ടാന്തീകരിക്കുന്നതെങ്ങനെ? (ബി) എന്തു ചെയ്യാനാണ് പത്രോസ് നമ്മെ പ്രോൽസാഹിപ്പിക്കുന്നത്?
9 “പ്രദാനംചെയ്യുക” എന്നതിന് പത്രോസ് ഉപയോഗിക്കുന്ന ഗ്രീക്ക് പദത്തിന് (എപ്പികൊറേഗോ) കൗതുകകരമായ ഒരു പശ്ചാത്തലമുണ്ട്, ആവശ്യമായിരിക്കുന്ന ശ്രമത്തിന്റെ അളവിനെ വിശദമാക്കുകയുംചെയ്യുന്നു. അത് അക്ഷരീയമായി “ഒരു ഗായകഗണത്തിന്റെ നായകൻ” എന്നർത്ഥമുള്ള (കൊറേഗോസ) എന്ന ഒരു നാമത്തിൽനിന്നാണ് ഉത്ഭവിക്കുന്നത്. അത് ഒരു നാടകം നടത്തുന്നതിൽ പരിശീലനത്തിന്റെയും ഒരു ഗായകഗണത്തെ പോററുന്നതിന്റെയും സകല ചെലവുകളും വഹിച്ച ഒരുവനെ പരാമർശിച്ചു. അങ്ങനെയുള്ള മനുഷ്യർ തങ്ങളുടെ നഗരത്തോടുള്ള സ്നേഹത്തിൽനിന്ന് സ്വമേധയാ ഈ ഉത്തരവാദിത്വം ഏറെറടുക്കുകയും സ്വന്തം പോക്കററിൽനിന്ന് ചെലവുകൾ വഹിക്കുകയും ചെയ്തിരുന്നു. ഒരു ശ്രേഷ്ഠമായ പരിപാടിക്കാവശ്യമായതെല്ലാം പ്രദാനംചെയ്യുന്നതിന് ധാരാളിത്വത്തോടെ ചെലവിടുന്നത് അങ്ങനെയുള്ളവർക്ക് അഭിമാനമായിരുന്നു. ആ പദം “കൊടുക്കുക, സമൃദ്ധമായി പ്രദാനംചെയ്യുക” എന്ന അർത്ഥംവരത്തക്കവണ്ണം വളർന്നു. (2 പത്രോസ് 1:11 താരതമ്യപ്പെടുത്തുക.) അതുകൊണ്ട് പത്രോസ് നമുക്കുതന്നെ ഒരളവിലുള്ള ദൈവികഭക്തി കൊടുക്കാനല്ല, പിന്നെയോ ഈ വിലയേറിയ ഗുണത്തിന്റെ സാദ്ധ്യമാകുന്നിടത്തോളം പൂർണ്ണമായ പ്രകാശനത്തിനാണ് പ്രോൽസാഹിപ്പിക്കുന്നത്.
10, 11. (എ) ദൈവികഭക്തി നട്ടുവളർത്തുന്നതിനും പ്രകടമാക്കുന്നതിനും ശ്രമം ആവശ്യമായിരിക്കുന്നതെന്തുകൊണ്ട്? (ബി) നമുക്ക് പോരാട്ടത്തിൽ എങ്ങനെ വിജയിക്കാൻ കഴിയും?
10 എന്നാൽ ദൈവികഭക്തി നട്ടുവളർത്താനും പ്രകടമാക്കാനും അങ്ങനെയുള്ള ശ്രമം ആവശ്യമായിരിക്കുന്നതെന്തുകൊണ്ട്? വീഴ്ചഭവിച്ച ജഡത്തിനെതിരായ പോരാട്ടമുണ്ടെന്നുള്ളതാണ് ഒരു സംഗതി. “മമനുഷ്യന്റെ ഹൃദയത്തിന്റെ ചായ്വ് അവന്റെ ബാല്യംമുതൽ വഷളായതുകൊണ്ട്” ദൈവത്തോടുള്ള സജീവമായ അനുസരണത്തിന്റെ ഒരു ജീവിതം നയിക്കുക എളുപ്പമല്ല. (ഉല്പത്തി 8:21; റോമർ 7:21-23) “ക്രിസ്തുയേശുവിനോടുള്ള സഹവാസത്തിൽ ദൈവികഭക്തിയോടെ ജീവിപ്പാൻ ആഗ്രഹിക്കുന്നവരെല്ലാം പീഡിപ്പിക്കപ്പെടുകയുംചെയ്യും,” അപ്പോസ്തലനായ പൗലോസ് പറയുന്നു. (2 തിമൊഥെയോസ് 3:12) അതെ, ദൈവത്തെ പ്രസാദിപ്പിക്കുന്ന ഒരു വിധത്തിൽ ജീവിക്കാൻ ശ്രമിക്കുന്ന ക്രിസ്ത്യാനി ലോകത്തിൽനിന്നു വ്യത്യസ്തനായിരിക്കണം. അവന് വ്യത്യസ്തപ്രമാണസംഹിതയും വ്യത്യസ്ത ലക്ഷ്യങ്ങളുമുണ്ട്. യേശു മുന്നറിയിപ്പു നൽകിയതുപോലെ, ഇത് ദുഷ്ടലോകത്തിന്റെ വിദ്വേഷം ഉണർത്തുന്നു.—യോഹന്നാൻ 15:19; 1 പത്രോസ് 4:4.
11 എന്നിരുന്നാലും, നമുക്ക് പോരാട്ടത്തിൽ ജയിക്കാൻ കഴിയും, എന്തുകൊണ്ടെന്നാൽ, “ദൈവിക ഭക്തിയുള്ള ആളുകളെ പീഡാനുഭവത്തിൽനിന്ന് വിടുവിക്കാൻ യഹോവക്കറിയാം.” (2 പത്രോസ് 2:9) എന്നിരുന്നാലും, നാം തുടർന്നും ദൈവികഭക്തി പിന്തുടർന്നുകൊണ്ട് നമ്മുടെ ഭാഗം നിർവഹിക്കേണ്ടതാണ്.
ദൈവികഭക്തി നട്ടുവളർത്തൽ
12. തികവേറിയ അളവിൽ ദൈവികഭക്തി വളർത്തുന്നതിന് ആവശ്യമായിരിക്കുന്നതെന്തെന്ന് പത്രോസ് സൂചിപ്പിക്കുന്നതെങ്ങനെ?
12 അപ്പോൾ നിങ്ങൾക്ക് തികവേറിയ അളവിൽ ഈ ദൈവികഭക്തി എങ്ങനെ നട്ടുവളർത്താൻ കഴിയും? അപ്പോസ്തലനായ പത്രോസ് ഒരു സൂചന നൽകുന്നു. നമ്മുടെ വിശ്വാസത്തിനു പ്രദാനംചെയ്യേണ്ട ഗുണങ്ങൾ പട്ടികപ്പെടുത്തിയപ്പോൾ അവൻ 2 പത്രോസ് 1:5, 6ൽ പരിജ്ഞാനത്തെ ദൈവികഭക്തിക്കു മുമ്പേ പട്ടികപ്പെടുത്തുന്നു. അതേ അദ്ധ്യായത്തിൽ അവൻ നേരത്തെ ഇങ്ങനെ എഴുതി: “അവന്റെ ദിവ്യശക്തി നമ്മെ വിളിച്ചവനെസംബന്ധിച്ചുള്ള സൂക്ഷ്മപരിജ്ഞാനത്തിലൂടെ ജീവനെയും ദൈവികഭക്തിയെയും ബാധിക്കുന്ന സകലവും നമുക്ക് സൗജന്യമായി നൽകിയിരിക്കുന്നു.” (2 പത്രോസ് 1:3) അങ്ങനെ പത്രോസ് ദൈവികഭക്തിയെ യഹോവയെക്കുറിച്ചുള്ള സൂക്ഷ്മപരിജ്ഞാനത്തോടു ബന്ധിപ്പിക്കുന്നു.
13. ദൈവികഭക്തി വളർത്തുന്നതിൽ സൂക്ഷ്മപരിജ്ഞാനം അത്യന്താപേക്ഷിതമായിരിക്കുന്നതെന്തുകൊണ്ട്?
13 യഥാർത്ഥത്തിൽ, സൂക്ഷ്മപരിജ്ഞാനമില്ലാതെ ദൈവികഭക്തി നട്ടുവളർത്തുക അസാദ്ധ്യമാണ്. എന്തുകൊണ്ട്? ശരി, ദൈവികഭക്തി യഹോവയോട് വ്യക്തിപരമായിട്ടുള്ളതാണെന്നും നാം ജീവിക്കുന്ന വിധത്താലാണ് അതു തെളിയുന്നതെന്നും ഓർക്കുക. അങ്ങനെ യഹോവയെക്കുറിച്ചുള്ള സൂക്ഷ്മപരിജ്ഞാനം അത്യന്താപേക്ഷിതമാണ്, എന്തുകൊണ്ടെന്നാൽ അതിൽ അവനെ വ്യക്തിപരമായും അടുത്തും അറിയുന്നത് ഉൾപ്പെടുന്നു, അവന്റെ ഗുണങ്ങളും വഴികളും പൂർണ്ണമായും പരിചിതമാക്കുന്നതുതന്നെ. അതിൽപരമായി, അതിൽ അവനെ അനുകരിക്കാൻ ശ്രമിക്കുന്നത് ഉൾപ്പെടുന്നു. (എഫേസ്യർ 5:1) യഹോവയാം ദൈവത്തെക്കുറിച്ചു പഠിക്കുന്നതിലും നമ്മുടെ ജീവിതത്തിൽ അവന്റെ ഗുണങ്ങളും വഴികളും പ്രതിഫലിപ്പിക്കുന്നതിലും നാം എത്ര പുരോഗമിക്കുന്നുവോ അത്രയധികം നാം അവനെ അറിയാനിടയാകുന്നു. (2 കൊരിന്ത്യർ 3:18; 1 യോഹന്നാൻ 2:3-6 താരതമ്യപ്പെടുത്തുക.) ഇതു ക്രമത്തിൽ, യഹോവയുടെ വിലപ്പെട്ട ഗുണങ്ങളുടെ ആഴമേറിയ വിലമതിപ്പിൽ, ദൈവികഭക്തിയുടെ പൂർണ്ണതയേറിയ അളവിൽ, കലാശിക്കുന്നു.
14. സൂക്ഷ്മപരിജ്ഞാനം നേടുന്നതിന് നമ്മുടെ വ്യക്തിപരമായ പഠനപരിപാടിയിൽ എന്തുൾപ്പെടണം, എന്തുകൊണ്ട്?
14 നിങ്ങൾ അത്തരം സൂക്ഷ്മപരിജ്ഞാനം എങ്ങനെയാണ് ആർജ്ജിക്കുന്നത്? കുറുക്കുവഴികളില്ല. സൂക്ഷ്മപരിജ്ഞാനം നേടുന്നതിന്, നാം ദൈവവചനവും ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങളും പഠിക്കുന്നതിൽ ഉൽസുകരായിരിക്കണം. അങ്ങനെയുള്ള വ്യക്തിപരമായ പഠനത്തിൽ ദിവ്യാധിപത്യസ്കൂളിനോടുള്ള ബന്ധത്തിൽ പട്ടികപ്പെടുത്തിയിരിക്കുന്നതുപോലെയുള്ള നിരന്തരമായ ഒരു ബൈബിൾവായനാപരിപാടിയും ഉൾപ്പെടണം. (സങ്കീർത്തനം 1:2) ബൈബിൾ യഹോവയിൽനിന്നുള്ള ഒരു ദാനമായതുകൊണ്ട് നാം വ്യക്തിപരമായ ബൈബിൾപഠനത്തിൽ നിർവഹിക്കുന്നത് നാം ആ ദാനത്തെ എത്രയധികം വിലമതിക്കുന്നുവെന്നതിനെ പ്രതിഫലിപ്പിക്കുന്നു. നിങ്ങളുടെ വ്യക്തിപരമായ ബൈബിൾപഠനശീലങ്ങൾ യഹോവയുടെ ആത്മീയ കരുതലുകളോടുള്ള നിങ്ങളുടെ വിലമതിപ്പിന്റെ ആഴത്തെക്കുറിച്ച് എന്തു വെളിപ്പെടുത്തുന്നു?—സങ്കീർത്തനം 119:97.
15, 16. (എ) വ്യക്തിപരമായ ബൈബിൾപഠനത്തിനുള്ള ഒരു ആത്മീയ വിശപ്പു വളർത്തുന്നതിന് നമ്മെ എന്തിനു സഹായിക്കാൻകഴിയും? (ബി) വ്യക്തിപരമായ ബൈബിൾപഠനം നാം ദൈവികഭക്തി വളർത്തുന്നതിൽ കലാശിക്കണമെങ്കിൽ ദൈവവചനത്തിന്റെ ഒരു ഭാഗം വായിക്കുമ്പോൾ എന്തു ചെയ്യണം?
15 ചിലർക്ക് വായിക്കുന്നതും പഠിക്കുന്നതും എളുപ്പമല്ലെന്നു സമ്മതിക്കുന്നു. എന്നാൽ സമയമെടുക്കുന്നതിനാലും ശ്രമിക്കുന്നതിനാലും നിങ്ങൾക്ക് വ്യക്തിപരമായ ബൈബിളദ്ധ്യയനത്തിനായി ഒരു ആത്മീയ വിശപ്പ് വളർത്താൻ കഴിയും. (1 പത്രോസ് 2:2) നിങ്ങൾ യഹോവയാം ദൈവം നിങ്ങൾക്കുവേണ്ടി ചെയ്തിട്ടുള്ളതിനോടും ചെയ്തുകൊണ്ടിരിക്കുന്നതിനോടും ഇനി ചെയ്യാൻ പോകുന്നതിനോടുമെല്ലാമുള്ള വിലമതിപ്പോടെ ധ്യാനിക്കുമ്പോൾ നിങ്ങളുടെ ഹൃദയം നിങ്ങൾക്കു കഴിയുന്നിടത്തോളം അവനെക്കുറിച്ചു പഠിക്കാൻ നിങ്ങളെ പ്രേരിപ്പിക്കും.—സങ്കീർത്തനം 25:4.
16 എന്നാൽ വ്യക്തിപരമായ അത്തരം ബൈബിൾപഠനം നിങ്ങൾ ദൈവികഭക്തി വളർത്തുന്നതിൽ കലാശിക്കണമെങ്കിൽ നിങ്ങളുടെ ലക്ഷ്യം കേവലം പേജുകണക്കിനു വിവരങ്ങൾ വായിച്ചുതള്ളുകയെന്നതോ നിങ്ങളുടെ മനസ്സിനെ വിവരങ്ങൾ കൊണ്ടു നിറക്കുകയെന്നതോ ആയിരിക്കരുത്. പകരം, നിങ്ങൾ ദൈവവചനത്തിന്റെ ഒരു ഭാഗം വായിക്കുമ്പോൾ, നിങ്ങൾ വിവരങ്ങൾ സംബന്ധിച്ചു വിചിന്തനംചെയ്യാൻ സമയമെടുക്കണം, ഇത് യഹോവയുടെ സ്നേഹനിർഭരമായ ഗുണങ്ങളെക്കുറിച്ചും വഴികളെക്കുറിച്ചും എന്നെ എന്തു പഠിപ്പിക്കുന്നു? ഈ കാര്യങ്ങളിൽ എനിക്ക് അധികമായി എങ്ങനെ യഹോവയെപ്പോലെ ആയിരിക്കാൻകഴിയും? എന്നിങ്ങനെയുള്ള ചോദ്യങ്ങൾ നിങ്ങളോടുതന്നെ ചോദിച്ചുകൊണ്ടുതന്നെ.
17. (എ) ഹോശയായുടെ പുസ്തകത്തിൽനിന്ന് നാം യഹോവയുടെ കരുണയെസംബന്ധിച്ച് എന്തു പഠിക്കുന്നു? (ബി) യഹോവയുടെ കരുണയെക്കുറിച്ചുള്ള വിചിന്തനം നമ്മെ എങ്ങനെ ബാധിക്കണം?
17 ഒരു ദൃഷ്ടാന്തം പരിചിന്തിക്കുക. കുറേകാലം മുമ്പ് ദിവ്യാധിപത്യശുശ്രൂഷാസ്ക്കൂളിലെ നമ്മുടെ നിയമിത ബൈബിൾവായന നാം ഹോശയാപുസ്തകം വായിച്ചുതീർക്കാനിടയാക്കി. ഈ ബൈബിൾ പുസ്തകം വായിച്ചശേഷം നിങ്ങൾക്ക് നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കാൻ കഴിയുമായിരുന്നു: ‘ഞാൻ ഒരു വ്യക്തിയെന്ന നിലയിൽ യഹോവയെക്കുറിച്ച്—അവന്റെ ഗുണങ്ങളെയും വഴികളെയുംകുറിച്ച്—ഈ പുസ്തകത്തിൽനിന്ന് എന്തു പഠിക്കുന്നു?’ പിൽക്കാല ബൈബിളെഴുത്തുകാർ ഈ പുസ്തകം ഉപയോഗിച്ചിരിക്കുന്ന രീതി നാം അതിൽനിന്ന് യഹോവയുടെ ആർദ്രകരുണയെക്കുറിച്ച് വളരെയധികം പഠിക്കുന്നുവെന്ന് സൂചിപ്പിക്കുന്നു. (മത്തായി 9:13-നെ ഹോശേയ 6:6-നോടും റോമർ 9:22-26-നെ ഹോശയാ 1:10-നോടും 2:21-23-നോടും താരതമ്യപ്പെടുത്തുക.) ഇസ്രായേലിനോടു കരുണ കാണിക്കാനുള്ള യഹോവയുടെ സന്നദ്ധത ഹോശയായുടെ ഭാര്യയായ ഗോമറിനോടുള്ള അവന്റെ ഇടപെടലിനാൽ ചിത്രീകരിക്കപ്പെട്ടു. (ഹോശയാ 1:2; 3:1-5) ഇസ്രായേലിൽ രക്തച്ചൊരിച്ചിലും മോഷണവും ദുർവൃത്തിയും വിഗ്രഹാരാധനയും പ്രബലപ്പെട്ടിരുന്നെങ്കിലും യഹോവ ‘ഇസ്രായേലിന്റെ ഹൃദയത്തോടു സംസാരിച്ചു.’ (ഹോശയാ 2:13, 14; 4:2) അങ്ങനെയുള്ള കരുണ കാണിക്കാൻ യഹോവക്ക് കടപ്പാടില്ലായിരുന്നു, എന്നാൽ തന്റെ “സ്വന്തം സ്വതന്ത്രമായ ഇച്ഛ”യാൽ അങ്ങനെ ചെയ്യും, എന്നാൽ ഇസ്രായേൽ ഹൃദയംഗമമായ അനുതാപം പ്രകടമാക്കുകയും തങ്ങളുടെ പാപഗതിയിൽനിന്ന് തിരിഞ്ഞുവരുകയും ചെയ്യണമായിരുന്നു. (ഹോശയാ 14:4; ഹോശയാ 3:3 താരതമ്യപ്പെടുത്തുക.) നിങ്ങൾ യഹോവയുടെ അസാധാരണ കരുണയെക്കുറിച്ച് ഇങ്ങനെ വിചിന്തനംചെയ്യുമ്പോൾ അതു നിങ്ങളുടെ ഹൃദയത്തെ ഉത്തേജിപ്പിക്കുകയും അവനോടുള്ള നിങ്ങളുടെ വ്യക്തിപരമായ ബന്ധത്തെ ബലിഷ്ഠമാക്കുകയുംചെയ്യും.
18. ഹോശയായിൽ ദൃഢീകരിച്ചിരിക്കുന്ന പ്രകാരം യഹോവയുടെ കരുണയെക്കുറിച്ചു വിചിന്തനംചെയ്തശേഷം നിങ്ങൾക്ക് നിങ്ങളോടുതന്നെ എന്തു ചോദിക്കാവുന്നതാണ്?
18 എന്നാൽ കൂടുതൽ ആവശ്യമാണ്. “കരുണയുള്ളവർ സന്തുഷ്ടരാകുന്നു, എന്തുകൊണ്ടെന്നാൽ അവരോടു കരുണ കാണിക്കപ്പെടും” എന്നു യേശു പറഞ്ഞു. (മത്തായി 5:7) അതുകൊണ്ട്, ഹോശയായുടെ പുസ്തകത്തിൽ ഊന്നിപ്പറഞ്ഞിരിക്കുന്നപ്രകാരം യഹോവയുടെ കരുണയെക്കുറിച്ച് വിചിന്തനംചെയ്തശേഷം നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക: ‘എനിക്ക് മററുള്ളവരോടുള്ള ഇടപെടലിൽ യഹോവയുടെ കരുണയെ എങ്ങനെ മെച്ചമായി അനുകരിക്കാൻകഴിയും? എനിക്കെതിരായി പാപം ചെയ്യുകയോ എന്നെ ഇടറിക്കുകയോ ചെയ്ത ഒരു സഹോദരനോ സഹോദരിയൊ ക്ഷമ യാചിക്കുന്നുവെങ്കിൽ ഞാൻ “സന്തോഷത്തോടെ ക്ഷമിക്കുന്നുവോ?” (റോമർ 12:8; എഫേസ്യർ 4:32) നിങ്ങൾ സഭയിൽ ഒരു നിയമിത മൂപ്പനായി സേവിക്കുന്നുവെങ്കിൽ, നിങ്ങൾക്കു നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കാവുന്നതാണ്: ‘നീതിന്യായകാര്യങ്ങൾ കൈകാര്യംചെയ്യുമ്പോൾ, വിശേഷിച്ച് ഒരു ദുഷ്പ്രവൃത്തിക്കാരൻ ഹൃദയംഗമമായ അനുതാപത്തിന്റെ യഥാർത്ഥതെളിവു നൽകുമ്പോൾ, എനിക്ക് എങ്ങനെ “ക്ഷമിക്കാൻ ഒരുങ്ങി”നിൽക്കുന്ന യഹോവയെ മെച്ചമായി അനുകരിക്കാൻകഴിയും? (സങ്കീർത്തനം 86:5; സദൃശവാക്യങ്ങൾ 28:13) ‘ക്ഷമ കാണിക്കുന്നതിന് ഒരു അടിസ്ഥാനമായി ഞാൻ എന്തിനായി നോക്കണം?’—ഹോശയാ 5:4ഉം 7:14ഉം താരതമ്യപ്പെടുത്തുക.
19, 20. (എ) ഒരു സമ്പൂർണ്ണമായ രീതിയിൽ ബൈബിൾപഠനം നടത്തുമ്പോൾ എന്തു ഫലമുണ്ടാകുന്നു? (ബി) ദൈവികഭക്തി നട്ടുവളർത്തുന്നതിൽ കൂടുതലായ സഹായമായിരിക്കുന്നതെന്താണ്, അടുത്ത ലേഖനം എന്തു ചർച്ചചെയ്യും?
19 ഇത്ര സമ്പൂർണ്ണമായ രീതിയിൽ നിർവഹിക്കപ്പെടുമ്പോൾ നിങ്ങളുടെ വ്യക്തിപരമായ ബൈബിൾപഠനം എത്ര പ്രതിഫലദായകമായിത്തീരുന്നു! നിങ്ങളുടെ ഹൃദയം യഹോവയുടെ വിലയേറിയ ഗുണങ്ങളോടുള്ള വിലമതിപ്പുകൊണ്ട് നിറയും. നിങ്ങളുടെ ജീവിതത്തിൽ ഈ ഗുണങ്ങളെ അനുകരിക്കാൻ തുടർച്ചയായി ശ്രമിക്കുന്നതിനാൽ നിങ്ങൾ അവനോടുള്ള നിങ്ങളുടെ വ്യക്തിപരമായ ബന്ധത്തെ ബലിഷ്ഠമാക്കുന്നതായിരിക്കും. അങ്ങനെ നിങ്ങൾ യഹോവയുടെ സമർപ്പിതനും സ്നാപനംചെയ്തവനുമായ ഒരു ദാസനെന്ന നിലയിൽ ദൈവികഭക്തി പിന്തുടരുന്നതായിരിക്കും.—1 തിമൊഥെയോസ് 6:11.
20 ഈ വിലപ്പെട്ട ഗുണം നട്ടുവളർത്തുന്നതിൽ കൂടുതലായ ഒരു സഹായം ദൈവികഭക്തിയുടെ പൂർണ്ണതയുള്ള ദൃഷ്ടാന്തമായ യേശുക്രിസ്തുവിൽ കണ്ടെത്താൻ കഴിയും. യേശുവിന്റെ ദൃഷ്ടാന്തം പിന്തുടരുന്നത് ദൈവികഭക്തി നട്ടുവളർത്തുന്നതിലും പ്രകടമാക്കുന്നതിലും നിങ്ങളെ എങ്ങനെ സഹായിക്കും? അടുത്ത ലേഖനം ഇതും ബന്ധപ്പെട്ട ചോദ്യങ്ങളും പരിചിന്തിക്കുന്നതായിരിക്കും. (w90 3⁄1)
[അടിക്കുറിപ്പ്]
a ഡയക്കോ (“പിന്തുടരുക”) എന്ന ഗ്രീക്ക് പദത്തെ സംബന്ധിച്ച് ദി ന്യൂ ഇൻറർനാഷനൽ ഡികഷണറി ഓഫ ന്യൂ റെറസററമെൻറ തിയോളജി പൗരാണിക എഴുത്തുകളിൽ ഈ പദത്തിന് “അക്ഷരീയമായി ഓടിക്കുക, പിന്തുടരുക, പിന്നാലെ ഓടുക എന്നും . . . ആലങ്കാരികമായി എന്തിനെയെങ്കിലും തീക്ഷ്ണമായി പിന്തുടരുക, എന്തെങ്കിലും നേടാൻ ശ്രമിക്കുക, കിട്ടാൻ ശ്രമിക്കുക” എന്നുമാണ് അർത്ഥ”മെന്ന് വിശദീകരിക്കുന്നു.
നിങ്ങൾ എങ്ങനെ പ്രതിവചിക്കും?
◻ സ്നാപനം നിങ്ങളുടെ ക്രിസ്തീയഗതിയിൽ നിങ്ങൾ ഒടുവിൽ സ്വീകരിക്കുന്ന നടപടിയല്ലാത്തതെന്തുകൊണ്ട്?
◻ “ദൈവികഭക്തി”യെന്നതിന്റെ അർത്ഥമെന്ത്, നിങ്ങൾ അതിന്റെ തെളിവു നൽകുന്നതെങ്ങനെ?
◻ ദൈവികഭക്തി വളർത്താൻ കഠിനശ്രമം ആവശ്യമായിരിക്കുന്നതെന്തുകൊണ്ട്?
◻ നിങ്ങൾക്ക് തികവേറിയ അളവിൽ എങ്ങനെ ദൈവികഭക്തി നട്ടുവളർത്താൻ കഴിയും?