വാഗ്ദത്തദേശത്തു നിന്നുള്ള രംഗങ്ങൾ
നസറെത്ത് പ്രവാചകന്റെ ഭവനം
“ജനക്കൂട്ടം ‘ഇത് ഗലീലയിലെ നസറെത്തിൽനിന്നുള്ള പ്രവാചകനായ യേശുവാണ്!’ എന്നു പറഞ്ഞുകൊണ്ടിരുന്നു.” ഉവ്വ്, യേശുവിന്റെ ശുശ്രൂഷാകാലത്തുപോലും അവനെക്കുറിച്ചുള്ള കേവല പരാമർശനം, ഇപ്പോൾ പ്രസിദ്ധമായിരിക്കുന്ന നസറെത്ത് നഗരത്തെ ഓർമ്മയിലേക്കു വരുത്തുമായിരുന്നു. അതുകൊണ്ട് അവനെ അറസ്ററുചെയ്യാൻ വന്നവർ തങ്ങൾ യേശുവിനെ എന്നല്ല, പിന്നെയോ “നസറായനായ യേശുവിനെ” അന്വേഷിക്കയാണ് എന്നാണ് പറഞ്ഞത്.—മത്തായി 21:11; 26:71; യോഹന്നാൻ 18:3-5; പ്രവൃത്തികൾ 26:9.
മുകളിൽ കൊടുത്തിരിക്കുന്ന ചിത്രം, ഇന്നു നിങ്ങൾ നസറെത്ത് സന്ദർശിക്കുകയാണെങ്കിൽ എന്തു കണ്ടെത്തുമെന്ന് കാണിക്കുന്നു. ഒരു ദൂതൻ “ഗലീലയിലെ നസറെത്ത് എന്നു പേരുള്ള ഒരു നഗരത്തിൽ” മറിയയോട് അവൾ ദൈവപുത്രനെ പ്രസവിക്കും എന്നു പറയുന്നതിന് വന്നപ്പോഴത്തേക്കാൾ വളരെ വലുതാണ് അത്. (ലൂക്കോസ് 1:26-33) അന്ന് നസറെത്ത് ഏറെയും അടുത്തപേജിൽ കാണിച്ചിരിക്കുന്ന, മലഞ്ചെരുവിലെ ചതുരഗൃഹങ്ങളോടുകൂടിയ ഗ്രാമം പോലെയായിരുന്നു. സാധ്യതയനുസരിച്ച് യോസേഫും മറിയയും ഇവയിലൊന്നിലേതുപോലുള്ള ഒരു ഭവനത്തിൽ പാർത്തിരുന്നു. എന്നാൽ മറിയ യേശുവിനെ പ്രസവിക്കുന്നതിനു തൊട്ടുമുമ്പ് തെക്ക് ബേത്ലഹേമിലേക്കു പോകേണ്ടിവന്നു, അവിടെ യേശു പിറന്നു. പിന്നീട് അവർ ഹെരോദാവിന്റെ കൊലപാതകപരമായ ലക്ഷ്യങ്ങളിൽ നിന്ന് കുട്ടിയെ സംരക്ഷിക്കുന്നതിന് ഈജിപ്ററിലേക്ക് ഓടിപ്പോയി. അതിനുശേഷം “അവർ ഗലീലയിലെ തങ്ങളുടെ നഗരമായ നസറെത്തിലേക്കു മടങ്ങിപ്പോയി.”—ലൂക്കോസ് 2:4, 39; മത്തായി 2:13-23.
അതുകൊണ്ട് യേശു വളർന്നത് യെരുശലേമിനെപ്പോലെയൊ തിബര്യാസിനെപ്പോലെയൊ ബഹളം നിറഞ്ഞ ഒരു കേന്ദ്രത്തിലായിരുന്നില്ല, പിന്നെയോ ഒരു ശാന്തമായ സ്ഥലത്തായിരുന്നു. നസറെത്ത് ലോവർ ഗലീലയിലെ കുന്നുകളാൽ ചുററപ്പെട്ട ഒരു തടത്തിൽ ആയിരുന്നു സ്ഥിതിചെയ്തിരുന്നത്. അവിടെ ധാന്യവും മുന്തിരിയും ഒലിവും അത്തിയും സമൃദ്ധമായിരുന്നു. അവിടെ വേനൽ ഉല്ലാസപ്രദമായ തണുപ്പുള്ളതായിരുന്നു, എന്നിരുന്നാലും ശീതകാലം അപ്പർ ഗലീലയിലെപ്പോലെ അത്ര കഠിനമായിരുന്നില്ല.
യോസേഫ് ഒരുപക്ഷേ ആധുനിക നസറെത്തിലെ ഈ ഒന്നുപോലുള്ള ഒരു പണിശാലയിൽ ഒരു തച്ചനായി ജോലിചെയ്തുകൊണ്ട് തന്റെ ഭാര്യയെയും പുത്രൻമാരെയും പുത്രിമാരെയും പോററിയിരുന്നു. അവൻ പട്ടണത്തിലെ ഭവനങ്ങൾക്കുവേണ്ടി മേൽക്കൂരയുടെ തുലാങ്ങളും കതകുകളും അല്ലെങ്കിൽ മേശകളും സ്ററൂളുകളും മരംകൊണ്ടുള്ള മററു സാമാനങ്ങളും നിർമ്മിച്ചിരുന്നിരിക്കും. യേശു നിരീക്ഷിക്കയും പഠിക്കുകയും ചെയ്തിരുന്നുവെന്ന് നമുക്കറിയാം, എന്തുകൊണ്ടെന്നാൽ അവനും “തച്ചൻ” എന്ന് വിളിക്കപ്പെട്ടിരുന്നു. (മർക്കോസ് 6:3; മത്തായി 13:55) നസറെത്തിനു ചുററുമുണ്ടായിരുന്ന കൃഷിപ്പണി മററു ജോലികളിലേക്കും നയിച്ചിരിക്കാൻ സാധ്യതയുണ്ട്. ഒരുപക്ഷേ യേശു ഈ മൃഗങ്ങളുടെമേൽ കാണപ്പെടുന്നതുപോലുള്ള ഒരു നുകം രൂപപ്പെടുത്തിയിരുന്നിരിക്കും. അതേസമയം യോസേഫ് കലപ്പകൾ അല്ലെങ്കിൽ നുകത്തിന്റെ പിന്നിൽ കെട്ടി വലിക്കുന്നതരം മെതിവണ്ടികൾ ഉണ്ടാക്കുന്നതിന് തന്റെ ഉപകരണങ്ങൾ ഉപയോഗിച്ചിരുന്നിരിക്കും.—2 ശമുവേൽ 24:22; യെശയ്യാവ് 44:13.
ഒരു ബാലൻ എന്ന നിലയിൽ യേശു എട്ടുമൈൽ വടക്കുള്ള “ഗലീലയിലെ കാനാ”പോലെ നസറെത്തിനു ചുററുമുള്ള പ്രദേശങ്ങളിലേക്ക് നടന്നിരിക്കും, പിന്നീട് അവിടെയായിരുന്നു അവൻ തന്റെ ആദ്യത്തെ അത്ഭുതം പ്രവർത്തിച്ചത്. (യോഹന്നാൻ 2:1-12) ഏകദേശം ആറുമൈൽ തെക്കുകിഴക്കുള്ള യിസ്രെയേൽ താഴ്വരയിലേക്കും മോരേ കുന്നിലേക്കും നടന്ന് യേശു 17-ാം പേജിൽ കാണുന്ന നയിൻ നഗരത്തിൽ എത്തിയിരിക്കും.a (ന്യായാധിപൻമാർ 6:33; 7:1) യേശുവിന്റെ ആദ്യത്തെ പ്രസംഗപര്യടന സമയത്ത് അവൻ നയീനു സമീപം ഒരു ശവസംസ്കാര ഘോഷയാത്രയെ അഭിമുഖീകരിച്ചുവെന്നോർക്കുക. അനുകമ്പാർദ്രനായി അവൻ ഒരു വിധവയുടെ മകനെ ഉയിർപ്പിച്ചു.—ലൂക്കോസ് 7:11-16.
നസറെത്ത് ദേശത്തിലെ ഏതെങ്കിലും മുഖ്യ പാതകൾക്കരികിലല്ല സ്ഥിതിചെയ്തിരുന്നത്, എന്നിരുന്നാലും അവിടെനിന്ന് അത്തരം പാതകളിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാൻകഴിയുമായിരുന്നു. നിങ്ങൾക്കിത് യഹോവയുടെ സാക്ഷികളുടെ 1990-ലെ കലണ്ടറിന്റെ കവർഭൂപടത്തിൽനിന്ന് കാണാൻ കഴിയും, അതിൽ ഇന്നത്തെ നസറെത്തിന്റെ ഒരു വലിയ ചിത്രവുമുണ്ട്. യിസ്രെയേൽ താഴ്വരയിൽകൂടിയുള്ള കിഴക്കു-പടിഞ്ഞാറു പാത അക്രെ തുറമുഖത്തെ അല്ലെങ്കിൽ റേറാളിമായ്സിനെ ഗലീലാകടലുമായും യോർദ്ദാൻ താഴ്വരയുമായും ബന്ധിപ്പിച്ചിരുന്നു. അതിനു കുറുകെ പോകുന്നതായിരുന്നു ഡമാസ്കസ്സിൽനിന്ന് തെക്കോട്ടുവന്ന് ശമര്യയിലൂടെ കടന്ന് യെരുശലേമിലേക്ക് പോയിരുന്ന പാത.
നസറെത്തിന് അതിന്റെ സ്വന്തമായ ഒരു സിന്നഗോഗുണ്ടായിരുന്നു, യേശുവിന്റെ ശുശ്രൂഷയുടെ പ്രാരംഭകാലത്ത് അവൻ “തന്റെ പതിവനുസരിച്ച്” അവിടെ പോയി. അവൻ യെശയ്യാവ് 61:1, 2 തനിക്കുതന്നെ ബാധകമാക്കിക്കൊണ്ട് വായിച്ചു. പട്ടണവാസികൾ എങ്ങനെ പ്രതികരിക്കും? അവരിൽ ചിലർ അവന്റെ വളർച്ച നിരീക്ഷിച്ചിരുന്നവരും ആശാരിപ്പണി ചെയ്തതിന് അവന് കൂലികൊടുത്തവർ പോലുമായിരുന്നിരിക്കാം. അവർ കോപിഷ്ഠരായിത്തീരുകയും അവനെ മലയുടെ അഗ്രത്തിൽ നിന്ന് തള്ളിയിടാൻ ശ്രമിക്കുകയും ചെയ്തു, എന്നാൽ യേശു രക്ഷപ്പെട്ടു. (ലൂക്കോസ് 4:16-30) തെളിവനുസരിച്ച്, അവൻ പിന്നീട് നയീനിലും മററുള്ളിടങ്ങളിലും ചെയ്ത കാര്യങ്ങൾ സംബന്ധിച്ച് നസറെത്തിൽ അറിവു കിട്ടി, കാരണം അവൻ തിരികെ വന്ന് സ്ഥലത്തെ സിന്നഗോഗിൽ പഠിപ്പിച്ചപ്പോൾ ആരും അവനെ കൊല്ലുന്നതിനെക്കുറിച്ച് സംസാരിച്ചില്ല. എന്നിട്ടും “അവൻ അവിടെ വളരെ വീര്യപ്രവൃത്തികൾ ചെയ്തില്ല,” എന്തുകൊണ്ടെന്നാൽ നസറെത്തിലെ പരിചയക്കാർ ഒരു പ്രവാചകൻ എന്ന നിലയിൽ അവനിൽ വിശ്വാസം പ്രകടിപ്പിച്ചില്ല.—മത്തായി 13:53-58.
മർക്കോസ് യേശുവിന്റെ പ്രതികരണം രേഖപ്പെടുത്തുന്നു: “ഒരു പ്രവാചകൻ തന്റെ സ്വന്തപ്രദേശത്തും തന്റെ ബന്ധുക്കളുടെയിടയിലും തന്റെ സ്വന്തം ഭവനത്തിലുമല്ലാതെ ബഹുമാനിക്കപ്പെടാതിരിക്കുന്നില്ല.” ഇത് നസറെത്തിലുള്ള അനേകരെസംബന്ധിച്ചും സത്യമായിരുന്നു എന്നത് എത്ര ദയനീയം! എന്നിരുന്നാലും നാം ബഹുമാനിക്കാൻ ഇഷ്ടപ്പെടുന്ന പ്രവാചകന്റെ ഭവനം എന്ന നിലയിൽ നമുക്ക് ആ നഗരത്തെ സംബന്ധിച്ച് ചിന്തിക്കാൻ കഴിയും.—മർക്കോസ് 6:4. (w90 3⁄1)
[അടിക്കുറിപ്പ്]
a നസറെത്ത് യഹോവയുടെ സാക്ഷികളുടെ 1990-ലെ കലണ്ടറിലെ കവർഭൂപടത്തിൽ #2 ആണ്. മോരെക്കുന്ന് #3ന് തൊട്ടുതാഴെ ദൃശ്യമാണ്.
[10-ാം പേജിലെ ചിത്രത്തിന് കടപ്പാട]
Pictorial Archive (Near Eastern History) Est.