മനുഷ്യവർഗ്ഗത്തെ ആർ സമാധാനത്തിലേക്ക് നയിക്കും?
മനുഷ്യർക്ക് സമാധാനം കൈവരുത്താൻ കഴിയുകയില്ലെന്നുള്ള വസ്തുതക്ക് നാം ഒരിക്കലും സമാധാനം കാണുകയില്ലെന്ന് അർത്ഥമുണ്ടോ? ഇല്ല. ഭൂമിയിലെ സമാധാനത്തിന്റെ ആത്യന്തികമായ തടസ്സം നമ്മെക്കാൾ ശക്തനായ സാത്താൻ ആണെന്നപോലെതന്നെ, അന്തിമമായി മനുഷ്യവർഗ്ഗത്തെ സമാധാനത്തിലേക്ക് നയിക്കുന്ന, സാത്താനേക്കാൾ വളരെയധികം ശക്തനായ ഒരുവൻ ഉണ്ട്. സാത്താനെക്കുറിച്ചു പറയുന്ന ബൈബിൾ ഈ ഒരുവനെക്കുറിച്ചും പറയുന്നുണ്ട്. അത് ഇപ്രകാരം പറയുന്നു: “രാജകീയ ഭരണം അവന്റെ തോളിൽ വരും. അവന് അത്ഭുതവാനായ ഉപദേഷ്ടാവ്, ശക്തനാം ദൈവം, നിത്യപിതാവ്, സമാധാനപ്രഭു എന്നു പേർവിളിക്കപ്പെടും.” (യെശയ്യാവ് 9:6, 7) ഈ സമാധാനപ്രഭു ആരാണ്? യേശുക്രിസ്തുവല്ലാതെ മററാരുമല്ല, അവൻ നമ്മേക്കാൾ വളരെയധികം യോഗ്യനാകയാൽ അവന് സമാധാനം കൈവരുത്താൻ കഴിയും. ഏതു വിധങ്ങളിൽ?
മാനുഷയോഗ്യതകളേക്കാൾ അധികം
ഒരു സംഗതി, യേശു മരണത്തിനു വിധേയനായ മർത്യനല്ല. അവൻ ഒരു മനുഷ്യനെപ്പോലെ ജീവിക്കുകയും ഒരു ബലിമരണം വരിക്കുകയും ചെയ്തു എന്നതു സത്യംതന്നെ. എന്നാൽ അവൻ പിന്നീട് അമർത്യ സ്വർഗ്ഗീയ ജീവനിലേക്ക് ഉയിർപ്പിക്കപ്പെട്ടു, ഈ അവസ്ഥയിലാണ് അവൻ സമാധാനപ്രഭുവായിത്തീർന്നിരിക്കുന്നത്. അതുകൊണ്ടാണ് ഒരു പ്രവചനം ഇപ്രകാരം പറയുന്നത്: “അവന്റെ രാജ്യത്തിന് അവസാനമുണ്ടാകയില്ല.” (ലൂക്കോസ് 1:32, 33) പൗരസ്ത്യ ചക്രവർത്തിയായിരുന്ന അശോകനിൽനിന്നു വ്യത്യസ്തമായി യേശു തന്റെ നല്ല വേല താഴ്ന്ന പിൻഗാമികളാൽ നശിപ്പിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിന് അനന്തമായി ജീവിച്ചിരിക്കും.
കൂടാതെ, യേശു പാപത്താൽ കളങ്കപ്പെടുത്തപ്പെടാത്തവനാണ്. അവന്റെ ഭരണം ദൈവികജ്ഞാനത്തിലും ശരിയായ തത്വങ്ങളിലും അടിസ്ഥാനപ്പെട്ടതായിരിക്കും. പ്രവാചകനായ യെശയ്യാവ് ഇപ്രകാരം മുൻകൂട്ടിപ്പറഞ്ഞു: “അവന്റെമേൽ യഹോവയുടെ ആത്മാവ് ഉണ്ടായിരിക്കും, ജ്ഞാനത്തിന്റെയും ഗ്രാഹ്യത്തിന്റെയും ആത്മാവ്, ഉപദേശത്തിന്റെയും ബലത്തിന്റെയും ആത്മാവ്, പരിജ്ഞാനത്തിന്റെയും യഹോവാഭയത്തിന്റെയും ആത്മാവ് . . . അവൻ കേവലം തന്റെ കണ്ണുകൾക്ക് പ്രത്യക്ഷപ്പെടുന്നതുപോലെ ന്യായംവിധിക്കയില്ല, കേവലം തന്റെ ചെവികൾകൊണ്ട് കേൾക്കുന്നതിനനുസരിച്ച് ശാസിക്കയുമില്ല. അവൻ എളിയവരെ നീതിയോടെതന്നെ ന്യായംവിധിക്കും.” (യെശയ്യാവ് 11:2-4) ഒരു മുൻ യുഗത്തിലെ യൂറോപ്യൻമാരെപ്പോലെ, യേശു വിദേശരാജ്യങ്ങളിൽ യുദ്ധം ചെയ്യാൻവേണ്ടി സ്വദേശത്തു മാത്രം സമാധാനം നിലനിർത്തുകയില്ല. അവന്റെ കീഴിൽ സമാധാനം സാർവത്രികമായിരിക്കും.
കൂടാതെ, യേശുവിന് സമാധാനം സ്ഥാപിക്കാനുള്ള ശക്തിയുണ്ട്. പ്രവചനം ഇങ്ങനെ പറയുന്നു: “യഹോവയുടെ ആത്മാവ് . . . , ഉപദേശത്തിന്റെയും ബലത്തിന്റെയും ആത്മാവ്,” അവന്റെമേൽ ഉണ്ട്. അഖിലാണ്ഡസൃഷ്ടിപ്പിന്റെയും ബൈബിൾ റിപ്പോർട്ടു ചെയ്തിരിക്കുന്ന നീതിയുടെ ശക്തമായ സകല പ്രവർത്തനങ്ങളുടെയും പിമ്പിൽ ഈ ആത്മാവാണുണ്ടായിരുന്നത്. വലിയ എതിരാളിയായ സാത്താനുപോലും ദൈവത്തിന്റെ ആത്മാവിന്റെ ശക്തിയെ വിജയപൂർവം നേരിടുന്നതിന് യാതൊരു ആയുധവുമില്ല.
സമാധാനത്തിലേക്കുള്ള പടികൾ
യേശു എങ്ങനെ മനുഷ്യവർഗ്ഗത്തെ സമാധാനത്തിലേക്കു നയിക്കും? അവൻ തുടങ്ങിക്കഴിഞ്ഞു എന്ന് അറിയുന്നതിൽ നിങ്ങൾ അതിശയിച്ചേക്കാം. പ്രവചനപുസ്തകമായ വെളിപ്പാടിൽ, യേശു ദൈവത്തിൽനിന്ന് ഒരു സ്വർഗ്ഗീയരാജ്യത്തിൽ രാജത്വം സ്വീകരിക്കുന്നതായി കാണപ്പെടുന്നു. (വെളിപ്പാട് 11:15) നാം ബൈബിൾപ്രവചനങ്ങൾ പരിശോധിക്കുകയും അവയെ നമ്മുടെ നൂററാണ്ടിലെ സംഭവങ്ങളോട് താരതമ്യപ്പെടുത്തുകയും ചെയ്യുന്നെങ്കിൽ രാജാവെന്ന നിലയിൽ സ്വർഗ്ഗത്തിൽ യേശുവിന്റെ സിംഹാസനാരോഹണം 1914-ൽ നടന്നതായി നാം മനസ്സിലാക്കും. (മത്തായി 24:3-42) അത് ഭൂമിയിൽ സമാധാനം കൈവരുത്തുന്നതിനുള്ള ഒരു പ്രമുഖ പടിയായിരുന്നു.
എന്നാൽ വാസ്തവമതാണെങ്കിൽ, 1914-ൽ ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതെന്തുകൊണ്ട്? നമ്മുടെ നൂററാണ്ട് ചരിത്രത്തിൽ മറെറാരിക്കലും കാണപ്പെടാത്ത ഹീനമായ യുദ്ധങ്ങൾ ദർശിച്ചതെന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ സ്വർഗ്ഗീയരാജാവിന്റെ ആദ്യ നടപടി സാത്താനെ എന്നേക്കുമായി സ്വർഗ്ഗത്തിൽനിന്ന് ബഹിഷ്കരിക്കുകയും ഭൂമിയുടെ പ്രദേശത്തേക്ക് ചുഴററി എറിയുകയും ചെയ്യുക എന്നതായിരുന്നു. ഫലമെന്തായിരുന്നു? പ്രവചനം പറയുന്നു: “ഭൂമിക്കും സമുദ്രത്തിനും അയ്യോ കഷ്ടം, പിശാച് തനിക്ക് ഒരു ഹ്രസ്വകാലഘട്ടമാണുള്ളതെന്നറിഞ്ഞുകൊണ്ട് വലിയ കോപത്തോടെ നിങ്ങളുടെ അടുക്കലേക്ക് ഇറങ്ങിവന്നിരിക്കുന്നു.” (വെളിപ്പാട് 12:7-12) നമ്മുടെ നൂററാണ്ടിലെ മഹായുദ്ധങ്ങൾ സാത്താന്റെ കോപത്തോടു ബന്ധപ്പെട്ടവയാണ്. എന്നാൽ ശ്രദ്ധിക്കൂ: സാത്താന്റെ കോപം “ഒരു ഹ്രസ്വകാലഘട്ട”ത്തേക്കാണ്. പ്രതിസന്ധി ഉടൻ അവസാനിക്കും!
അത് അവസാനിക്കുന്നതിനുമുമ്പ് സമാധാനപ്രഭു സമാധാനത്തിനുവേണ്ടി കൂടുതലായി മർമ്മപ്രധാനമായ ഒരുക്കങ്ങൾ നടത്തുന്നു. തുടക്കത്തിൽതന്നെ ക്രിസ്തു മുഖാന്തരം സമാധാനം കൈവരുത്താനുള്ള ദൈവത്തിന്റെ ഉദ്ദേശ്യം മനുഷ്യവർഗ്ഗം അറിയേണ്ടതുണ്ട്. അതനുസരിച്ച് നമ്മുടെ കാലത്ത് “രാജ്യത്തിന്റെ ഈ സുവാർത്ത സകലജനതകൾക്കും സാക്ഷ്യമായി നിവസിതഭൂമിയിലെല്ലാം പ്രസംഗിക്കപ്പെടും” എന്ന് യേശു പ്രവചിച്ചു. (മത്തായി 24:14) ഇതിന്റെ നിവൃത്തിയായി സുവാർത്ത ഗോളത്തിന്റെ ഏതു കോണിലും യഹോവയുടെ സാക്ഷികൾ പ്രസംഗിച്ചുകൊണ്ടിരിക്കയാണ്.
അനന്തരം, നീതിഹൃദയികൾ സമാധാനത്തിന്റെ മാർഗ്ഗത്തിൽ പഠിപ്പിക്കപ്പെടേണ്ടതുണ്ട്. ബൈബിൾ ഇങ്ങനെ വാഗ്ദത്തം ചെയ്യുന്നു: “നിന്റെ പുത്രൻമാരെല്ലാം യഹോവയാൽ പഠിപ്പിക്കപ്പെട്ട ആളുകളായിരിക്കും, നിന്റെ പുത്രൻമാരുടെ സമാധാനം സമൃദ്ധമായിരിക്കും.” (യെശയ്യാവ് 54:13) ഇപ്പോൾത്തന്നെ ദശലക്ഷക്കണക്കിനു നീതിഹൃദയികൾക്ക് ഈ വിദ്യാഭ്യാസം ലഭിക്കുന്നുണ്ട്.
അടുത്ത നടപടി
സമാധാനം കൈവരുത്തുന്ന പ്രക്രിയയിൽ മറെറാരു നിർണ്ണായക നടപടിക്കുള്ള സമയം മിക്കവാറും ആയിരിക്കയാണ്. അതെന്താണ്? അനേകർക്കും പേർ അറിയാമെങ്കിലും യഥാർത്ഥ ഉദ്ദേശ്യം അധികംപേർക്കറിയാൻപാടില്ലാത്ത ഒന്നുതന്നെ. ബൈബിൾ അതിനെ “സർവശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധം” അല്ലെങ്കിൽ അർമ്മഗെദ്ദോൻ എന്നു വിളിക്കുന്നു. (വെളിപ്പാട് 16:14, 16) അനേകരും അർമ്മഗെദ്ദോൻ നാഗരികത്വത്തെ നശിപ്പിക്കുന്ന ഒരു ന്യൂക്ലിയർ യുദ്ധമാണെന്ന് വിചാരിക്കുന്നു. മറിച്ച് സമാധാനത്തിന് മർമ്മപ്രധാനമായിരിക്കുന്ന കാര്യങ്ങൾ നേടുന്നതിന് സമാധാനപ്രഭുവായ യേശുവിന്റെ നേരിട്ടുള്ള ഒരു പ്രവർത്തനമാണത്.
ഒന്നാമതായി അർമ്മഗെദ്ദോൻ സമാധാനത്തിന്റെ സകല മാനുഷികപ്രതിബന്ധങ്ങളും നീക്കം ചെയ്യും. സങ്കീർത്തനം 37:10-ലെ പ്രവചനം ഇങ്ങനെ പറയുന്നു: “അൽപ്പകാലവും കൂടെ കഴിഞ്ഞാൽ ദുഷ്ടൻ മേലാൽ ഉണ്ടായിരിക്കയില്ല; നീ അവന്റെ സ്ഥലത്തിനു ശ്രദ്ധ കൊടുക്കും, അവൻ ഉണ്ടായിരിക്കയില്ല.” അതെ, യേശു “ദുഷ്ടനെ—യുദ്ധംചെയ്യുന്നവരെയും കുററപ്പുള്ളികളെയും ഭീകരപ്രവർത്തകരെയും വലിയ സമാധാനപ്രഭുവിനെ സ്വീകരിക്കാൻ വിസമ്മതിക്കുന്ന സകലരെയും—ഭൗമിക രംഗത്തുനിന്ന് നീക്കംചെയ്യും. അവർക്ക് ഈ ഗോളത്തിൻമേൽ തുടർന്നുജീവിക്കാൻ കൂടുതലായ അവകാശമുണ്ടായിരിക്കയില്ല.—വെളിപ്പാട് 19:19-21.
രണ്ടാമതായി അർമ്മഗെദ്ദോനിൽ ദാനിയേലിന്റെ ഈ പ്രവചനം നിവൃത്തിയേറും: “ആ രാജാക്കൻമാരുടെ കാലത്ത് സ്വർഗ്ഗത്തിലെ ദൈവം ഒരിക്കലും നശിപ്പിക്കപ്പെടുകയില്ലാത്ത ഒരു രാജ്യം സ്ഥാപിക്കും. രാജ്യംതന്നെ മറേറതെങ്കിലും ജനത്തിന് ഏൽപ്പിക്കപ്പെടുകയില്ല. അത് ഈ രാജ്യങ്ങളെയെല്ലാം തകർക്കുകയും അവസാനിപ്പിക്കുകയും ചെയ്യും. അതുതന്നെ അനിശ്ചിതകാലങ്ങളോളം നിൽക്കും.” (ദാനിയേൽ 2:44) മിക്കപ്പോഴും യുദ്ധത്തിലേക്കു നയിച്ച ദേശീയ ഭിന്നതകൾ നീക്കപ്പെടും. ഒടുവിൽ നമുക്കാശ്രയിക്കാൻ കഴിയുന്ന ഒരു ഭരണാധികാരിയുടെ കീഴിൽ ഒരു ലോകഗവൺമെൻറ് ഉണ്ടായിരിക്കും!
അർമ്മഗെദ്ദോൻ എപ്പോൾ വരും? ബൈബിൾ പറയുന്നില്ല. എന്നാൽ പ്രവചനനിവൃത്തിയായുള്ള ലോകസംഭവങ്ങൾ അത് വളരെ വേഗം വരുമെന്ന് സൂചിപ്പിക്കുന്നു. ഒരു സത്വരമുന്നോടിയായിരിക്കുന്ന ഒരു സംഭവത്തെ ബൈബിൾ വ്യക്തമായി മുൻകൂട്ടിപ്പറയുന്നു. അപ്പോസ്തലനായ പൗലോസ് ഇങ്ങനെ പറയുന്നു: “അവർ ‘സമാധാനവും സുരക്ഷിതത്വവും’ എന്ന് പറയുന്നതെപ്പോഴോ അപ്പോൾ പെട്ടെന്നുള്ള നാശം അവരുടെമേൽ ക്ഷണത്തിൽ വരേണ്ടതാണ്.” (1 തെസ്സലോനിക്യർ 5:3) പിന്നീട്, അർമ്മഗെദ്ദോനോടെ മൂർദ്ധന്യത്തിലെത്തുന്ന പെട്ടെന്നുള്ള നാശത്തിനുശേഷം ഉടൻതന്നെ സമാധാനത്തിന്റെ ഏററം വലിയ തടസ്സം നീക്കപ്പെടും. സാത്താന്റെ “ഹ്രസ്വ കാലഘട്ടം” തീരും, അവനു മേലാൽ ഇവിടെ ഭൂമിയിൽ കുഴപ്പംചെയ്യാൻ കഴിയാത്ത ഒരവസ്ഥയിൽ അവൻ ആക്കപ്പെടും. (വെളിപ്പാട് 20:1-3) എന്തോരാശ്വാസം!
സമാധാനമുള്ള ഒരു ലോകം
ആ കാലത്തെ അവസ്ഥയെ മനസ്സിൽ ചിത്രീകരിക്കുക. സങ്കീർത്തനക്കാരൻ ഇങ്ങനെ പ്രവചിച്ചു: “സൗമ്യതയുള്ളവർ തന്നെ ഭൂമിയെ കൈവശമാക്കും, തീർച്ചയായും അവർ സമാധാനസമൃദ്ധിയിൽ പരമാനന്ദം കണ്ടെത്തും.” (സങ്കീർത്തനം 37:11) ഈ സൗമ്യതയുള്ളവർ യെശയ്യാവിലെ മനോഹരമായ പ്രവചനം നിറവേററുന്നതിൽ തുടരും: “അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ കോതുകത്രികകളായും അടിച്ചുതീർക്കേണ്ടിവരും. ജനത ജനതക്കെതിരെ വാളുയർത്തുകയില്ല, അവർ മേലാൽ യുദ്ധം അഭ്യസിക്കുകയില്ല.” (യെശയ്യാവ് 2:4)
ഒടുവിൽ, ഏദെനുശേഷം ആദ്യമായി സകല മനുഷ്യജീവികളും യഹോവയാം ദൈവത്തിന്റെ അനുഗ്രഹങ്ങൾ ആസ്വദിക്കും, അവൻ തന്റെ വാഗ്ദത്തം നിറവേററും: “നോക്കൂ! ദൈവത്തിന്റെ കൂടാരം മനുഷ്യവർഗ്ഗത്തോടുകൂടെയാകുന്നു, അവൻ അവരോടുകൂടെ വസിക്കും, അവർ അവന്റെ ജനങ്ങളായിരിക്കും. ദൈവം തന്നെ അവരോടുകൂടെ ഉണ്ടായിരിക്കും. അവൻ അവരുടെ കണ്ണുകളിൽനിന്ന് കണ്ണുനീരെല്ലാം തുടച്ചുകളയും, മേലാൽ മരണം ഉണ്ടായിരിക്കയില്ല, വിലാപമോ മുറവിളിയോ വേദനയോ ഇനി ഉണ്ടായിരിക്കയില്ല. മുൻകാര്യങ്ങൾ കടന്നുപോയിരിക്കുന്നു.”—വെളിപ്പാട് 21:3, 4.
ഒരു ഉറച്ച പ്രത്യാശ
അപ്പോൾ മനുഷ്യവർഗ്ഗത്തെ ആർ സമാധാനത്തിലേക്കു നയിക്കും? നിയമിത സമാധാനപ്രഭുവായ യേശുക്രിസ്തു. ഇത് ഇന്ന് നമുക്ക് പ്രായോഗികമായ ഒരു പ്രത്യാശയാണോ? ശരി, ബൈബിളിന്റെ വാഗ്ദത്തങ്ങൾ വിശ്വസനീയമല്ലെങ്കിൽ സമാധാനത്തിന് യഥാർത്ഥ പ്രത്യാശയുണ്ടായിരിക്കയില്ല. മനുഷ്യർ അവസാനമില്ലാതെ യുദ്ധം ചെയ്യുന്നതിലും അന്യോന്യം കൊല്ലുന്നതിലും തുടരും. എന്നാൽ ബൈബിൾ വിശ്വസനീയമാണ. ക്രിസ്തുവിൻകീഴിലുള്ള ദൈവരാജ്യം സമാധാനം കൈവരുത്തും. യഹോവയുടെ സാക്ഷികൾ നിങ്ങളുടെ ഭവനത്തിലേക്കു കൊണ്ടുവരുന്ന രാജ്യസുവാർത്ത ശ്രദ്ധിക്കാനും നിങ്ങൾതന്നെ ഇതു മനസ്സിലാക്കാനും ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. അനന്തരം, ആ സമയം വന്നെത്തുമ്പോൾ ഭൂമിയെ അവകാശമാക്കുന്നവരും സമാധാനസമൃദ്ധിയിൽ ആനന്ദിക്കുന്നവരുമായ സൗമ്യതയുള്ളവരിൽ നിങ്ങൾ ഉൾപ്പെടട്ടെ. (w90 4⁄1)
ഈ ലേഖനത്തിൽ ചർച്ചചെയ്യപ്പെട്ടിരിക്കുന്ന സമാധാനപ്രത്യാശ ബൈബിളിൽനിന്നാണ്. ഇന്ന് അനേകർ മേലാൽ ബൈബിൾ വിശ്വസിക്കുന്നില്ലാത്തതിനാൽ നിങ്ങൾ, ഈ പ്രത്യാശ പ്രായോഗികമാണോ എന്ന് ചോദ്യം ചെയ്തേക്കാം. യഹോവയുടെ സാക്ഷികൾ അത് പ്രായോഗികമാണെന്ന് ദൃഢമായി വിശ്വസിക്കുന്നു. അവർ ബൈബിൾ ദൈവത്തിന്റെ നിശ്വസ്തവചനമാണെന്നും, അതുകൊണ്ട് പൂർണ്ണമായും ആശ്രയയോഗ്യമാണെന്നും അംഗീകരിക്കുന്നു. 1989-ൽ ഈ വസ്തുതസംബന്ധിച്ച് അനേകം തെളിവുകൾ അവതരിപ്പിച്ചുകൊണ്ട് അവർ, ബൈബിൾ—ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ? എന്ന ശീർഷകത്തിൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു.
സമാധാനത്തെസംബന്ധിച്ച ബൈബിളിന്റെ വാഗ്ദാനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നവംബർ 1, 1991-ലെ വീക്ഷാഗോപുരത്തിൽ “ലോകസമാധാനം—അത് യഥാർത്ഥത്തിൽ എന്തർത്ഥമാക്കും?” എന്ന ലേഖനത്തിൽ പ്രത്യക്ഷപ്പെടും.
[8-ാം പേജിലെ ആകർഷകവാക്യം]
യേശുവിനു മാത്രമേ മനുഷ്യവർഗ്ഗത്തെ സമാധാനത്തിലേക്കു നയിക്കുന്നതിനുള്ള യോഗ്യതയുള്ളു
[9-ാം പേജിലെ ആകർഷകവാക്യം]
ഇന്ന്, രാജ്യത്തിന്റെ സുവാർത്ത ഗോളത്തിന്റെ എല്ലാ മുക്കിലും പ്രസംഗിക്കപ്പെട്ടു കൊണ്ടിരിക്കുന്നു