ദൈവത്തിന്റെ വചനം സത്യമാകുന്നു
“സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ. നിന്റെ വചനം സത്യമാകുന്നു.”—യോഹന്നാൻ 17:17
1. എബ്രായസങ്കീർത്തനക്കാരൻ ബൈബിളിനെ എങ്ങനെ വീക്ഷിച്ചു, എന്നാൽ അനേകർ അതിനെ ഇന്ന് എങ്ങനെ വീക്ഷിക്കുന്നു?
“നിന്റെ വചനം എന്റെ പാദത്തിന് ഒരു വിളക്കും എന്റെ പാതക്ക് ഒരു പ്രകാശവും ആകുന്നു.”(സങ്കീർത്തനം 119:105)എബ്രായസങ്കീർത്തനക്കാരൻ അങ്ങനെയാണ് പറഞ്ഞത്. ഇന്ന് ഒരു ന്യൂനപക്ഷത്തിനുമാത്രമേ ദൈവവചനത്തോടു അതുപോലെയുള്ള ആദരവുള്ളു. ഈ 20-ാം നൂററാണ്ടിൽ ദൈവവചനം വിശുദ്ധബൈബിൾ എന്ന നിലയിൽ ലിഖിതരൂപത്തിൽ സ്ഥിതിചെയ്യുന്നു. അത് ചരിത്രത്തിലെ ഏതു പുസ്തകത്തേക്കാളുമധികം ഭാഷകളിൽ വിവർത്തനംചെയ്യപ്പെടുകയും കൂടുതൽ വിപുലമായി വിതരണംചെയ്യപ്പെടുകയും ചെയ്തിരിക്കുന്നു. എന്നിരുന്നാലും, മിക്കവരും തങ്ങളുടെ പാദങ്ങൾക്ക് ഒരു വിളക്കെന്ന നിലയിൽ അതിനെ സ്വീകരിക്കാൻ വിസമ്മതിക്കുന്നു. ക്രിസ്ത്യാനികൾ എന്നവകാശപ്പെടുന്നവർപോലും, ഏറിയ കൂറും, തങ്ങളുടെ പാതയെ പ്രകാശിപ്പിക്കാൻ ബൈബിൾവെളിച്ചത്തെ അനുവദിക്കുന്നതിനു പകരം സ്വന്തം ആശയങ്ങൾ പിന്തുടരാൻ ഏറെ ഇഷ്ടപ്പെടുന്നു.—2 തിമൊഥെയോസ് 3:5.
2, 3. യഹോവയുടെ സാക്ഷികൾ ബൈബിളിനെ എങ്ങനെ വീക്ഷിക്കുന്നു, ഇത് അവർക്ക് എന്തു പ്രയോജനങ്ങൾ കൈവരുത്തിയിരിക്കുന്നു?
2 ഇതിനു കടകവിരുദ്ധമായി യഹോവയുടെ സാക്ഷികളായ നാം സങ്കീർത്തനക്കാരനോടു യോജിക്കുന്നു. നമ്മേസംബന്ധിച്ചിടത്തോളം ബൈബിൾ ദൈവദത്തമായ ഒരു വഴികാട്ടിയാണ്. “എല്ലാ തിരുവെഴുത്തും ദൈവത്താൽ നിശ്വസ്തവും പഠിപ്പിക്കലിനും ശാസിക്കലിനും കാര്യങ്ങൾ നേരെയാക്കുന്നതിനും നീതിയിൽ ശിക്ഷണംകൊടുക്കുന്നതിനും പ്രയോജനകരവുമാകുന്നു”വെന്ന് നമുക്കറിയാം. (2 തിമൊഥെയോസ് 3:16) ഇന്നത്തെ അനേകരിൽനിന്നു വ്യത്യസ്തമായി, ധാർമ്മികതയുടെ കാര്യത്തിലും നടത്തയുടെ കാര്യത്തിലും നാം പരീക്ഷണം നടത്താനാഗ്രഹിക്കുന്നില്ല. ബൈബിൾ നമ്മോടു പറയുന്നതുകൊണ്ട് ശരിയെന്തെന്ന് നമുക്കറിയാം.
3 ഇതു നമുക്ക് വലിയ പ്രയോജനങ്ങൾ കൈവരുത്തിയിരിക്കുന്നു. നാം യഹോവയെ അറിയാനിടയായിരിക്കുന്നു, നാം ഭൂമിക്കും മനുഷ്യവർഗ്ഗത്തിനുംവേണ്ടിയുള്ള അവന്റെ മഹനീയമായ ഉദ്ദേശ്യങ്ങൾ മനസ്സിലാക്കിയിരിക്കുന്നു, തന്നിമിത്തം നമുക്കും നമ്മുടെ കുടുംബങ്ങൾക്കും ഒരു ശോഭനമായ ഭാവി സാദ്ധ്യമാണെന്ന് നമുക്കുറപ്പുണ്ട്. “ഞാൻ നിന്റെ നിയമത്തെ എത്ര സ്നേഹിക്കുന്നു! ദിവസം മുഴുവൻ അത് എന്റെ താത്പര്യമാകുന്നു. നിന്റെ കല്പന എന്നെ എന്റെ ശത്രുക്കളെക്കാൾ ജ്ഞാനിയാക്കുന്നു, എന്തുകൊണ്ടെന്നാൽ അത് അനിശ്ചിതകാലത്തോളം എന്റേതാകുന്നു”വെന്നു പറഞ്ഞ സങ്കീർത്തനക്കാരനോട് നാം മുഴുഹൃദയാ യോജിക്കുന്നു.—സങ്കീർത്തനം 119:97, 98.
നടത്തയിലൂടെ സാക്ഷീകരിക്കൽ
4. ബൈബിളിനെ ദൈവവചനമായി അംഗീകരിക്കുന്നത് നമ്മുടെമേൽ എന്തു കടപ്പാടു വരുത്തുന്നു?
4 അതുകൊണ്ട് തന്റെ പിതാവിനെ സംബോധനചെയ്തുകൊണ്ടുള്ള യേശുവിന്റെ വാക്കുകളോട് യോജിക്കാൻ നമുക്ക് സകല കാരണവുമുണ്ട്: “നിന്റെ വചനം സത്യമാകുന്നു.” (യോഹന്നാൻ 17:17) എന്നാൽ ഈ വസ്തുതയുടെ അംഗീകരണം നമ്മുടെമേൽ ഒരു കടപ്പാടു വെക്കുന്നു. ദൈവവചനം സത്യമാണെന്ന് തിരിച്ചറിയാൻ നാം മററുള്ളവരെ സഹായിക്കണം. ഈ വിധത്തിൽ നം അനുഭവിക്കുന്ന അനുഗ്രഹങ്ങൾ അവർക്കും ആസ്വദിക്കാൻകഴിയും. ആ വിധത്തിൽ നമുക്ക് അവരെ എങ്ങനെ സഹായിക്കാൻ കഴിയും? ഒരു സംഗതി, നാം നമ്മുടെ ദൈനംദിനജീവിതത്തിൽ ബൈബിൾതത്വങ്ങൾ ബാധകമാക്കാൻ സകല ശ്രമവും ചെയ്യണമെന്നുള്ളതാണ്. ആ വിധത്തിൽ, ബൈബിളിന്റെ മാർഗ്ഗമാണ് യഥാർത്ഥത്തിൽ ഏററവും നല്ലതെന്ന് നീതിഹൃദയികളായവർ മനസ്സിലാക്കും.
5. നമ്മുടെ നടത്തയാൽ സാക്ഷീകരിക്കുന്നതു സംബന്ധിച്ച് പത്രോസ് എന്തു ബുദ്ധിയുപദേശം നൽകി?
5 ഇതായിരുന്നു അവിശ്വാസികളായിരുന്ന ഭർത്താക്കൻമാരുണ്ടായിരുന്ന ക്രിസ്തീയ സ്ത്രീകളോടുള്ള അപ്പോസ്തലനായ പത്രോസിന്റെ ബുദ്ധിയുപദേശത്തിന്റെ സാരം. അവൻ അവരോട് ഇങ്ങനെ പറഞ്ഞു: “ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കൻമാരിൽ ആരെങ്കിലും വചനത്തോട് അനുസരണമുള്ളവരല്ലെങ്കിൽ, അവരുടെ ഭാര്യമാരുടെ നടത്തയാൽ ഒരു വാക്കുംകൂടാതെ അവരെ നേടേണ്ടതിന് നിങ്ങളുടെ സ്വന്ത ഭർത്താക്കൻമാർക്ക് കീഴ്പ്പെട്ടിരിക്കുക.” (1 പത്രോസ് 3:1) അവൻ പിൻവരുന്നപ്രകാരം പറഞ്ഞപ്പോൾ, സകല ക്രിസ്ത്യാനികൾക്കും—പുരുഷൻമാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും—കൊടുത്ത ബുദ്ധിയുപദേശത്തിലെ തത്വവും ഇതായിരുന്നു: “നിങ്ങളെക്കുറിച്ച് ദുഷ്പ്രവൃത്തിക്കാർ എന്ന് അവർ പറയുന്ന കാര്യത്തിൽ ജനതകളുടെ ഇടയിലെ നിങ്ങളുടെ നടത്ത നല്ലതായി നിലനിർത്തുക, അവർ ദൃക്സാക്ഷികളായിരിക്കുന്ന നിങ്ങളുടെ സൽപ്രവൃത്തികളുടെ ഫലമായി അവർ അവന്റെ പരിശോധനയുടെ നാളിൽ ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിനുതന്നെ.”—1 പത്രോസ് 2:12; 3:16.
ബൈബിളിന്റെ മികച്ച ജ്ഞാനം
6. ബൈബിളിനെ വിലമതിക്കാൻ നാം മററുള്ളവരെ സഹായിക്കണമെന്ന് കാണാൻ പത്രോസ് നമ്മെ എങ്ങനെ സഹായിക്കുന്നു?
6 കൂടാതെ, ക്രിസ്ത്യാനികൾ പത്രോസ് ബുദ്ധിയുപദേശിക്കുന്നതുപോലെ ചെയ്യുകയാണെങ്കിൽ അവർക്ക് ബൈബിളിനെ വിലമതിക്കാൻ മററുള്ളവരെ സഹായിക്കാൻ കഴിയും: “നിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ച് ന്യായം ആവശ്യപ്പെടുന്ന ഏവന്റെയും മുമ്പാകെ സൗമ്യപ്രകൃതത്തോടെയും അഗാധമായ ആദരവോടെയും ഒരു പ്രതിവാദം നടത്താൻ എല്ലായ്പ്പോഴും ഒരുക്കത്തോടെ ക്രിസ്തുവിനെ നിങ്ങളുടെ ഹൃദയങ്ങളിൽ കർത്താവായി വിശുദ്ധീകരിക്കുക.” (1 പത്രോസ് 3:15) ക്രിസ്തീയശുശ്രൂഷകർ ബൈബിളിനുവേണ്ടി പ്രതിവാദംനടത്താനും അതു ദൈവവചനമാണെന്നു മററുള്ളവരോടു വിശദീകരിക്കാനും പ്രാപ്തരായിരിക്കണം. അവർക്ക് അത് എങ്ങനെ ചെയ്യാൻ കഴിയും?
7. ബൈബിളിനെ സംബന്ധിച്ച എന്തു വസ്തുത അതു ദൈവവചനമാണെന്ന് പ്രകടമാക്കുന്നു?
7 ഒരു പ്രേരണാത്മകമായ ന്യായവാദഗതി സദൃശവാക്യങ്ങളുടെ പുസ്തകത്തിൽ കാണപ്പെടുന്നു. അവിടെ നാം ഇങ്ങനെ വായിക്കുന്നു: “എന്റെ മകനേ, ജ്ഞാനത്തിനു ചെവികൊടുക്കത്തക്കവണ്ണം നീ എന്റെ മൊഴികളെ കൈക്കൊള്ളുകയും എന്റെ സ്വന്തം കല്പനകളെ നിധിപോലെ സൂക്ഷിക്കുകയും ചെയ്യുമെങ്കിൽ . . . , നീ ദൈവപരിജ്ഞാനംതന്നെ കണ്ടെത്തും. എന്തെന്നാൽ യഹോവതന്നെ ജ്ഞാനം നൽകുന്നു; അവന്റെ വായിൽനിന്ന് പരിജ്ഞാനവും വിവേചനയുമുണ്ട്.” (സദൃശവാക്യങ്ങൾ 2:1-6) ദൈവത്തിന്റെ സ്വന്തം ജ്ഞാനം ബൈബിളിന്റെ പേജുകളിൽ കാണപ്പെടുന്നു. ഒരു ആത്മാർത്ഥതയുള്ളയാൾ ആ മഹത്തായ ജ്ഞാനം കാണുമ്പോൾ ബൈബിൾ വെറും മനുഷ്യവചനത്തെക്കാൾ കവിഞ്ഞതാണെന്ന് തിരിച്ചറിയാതിരിക്കാൻ അയാൾക്കു കഴിയുകയില്ല.
8, 9. ധനം സമ്പാദിക്കുന്നതു സംബന്ധിച്ച് ഒരു സന്തുലിതവീക്ഷണം പുലർത്തുന്നതിനെക്കുറിച്ചുള്ള ബൈബിൾബുദ്ധിയുപദേശം ശരിയാണെന്ന് പ്രകടമാക്കപ്പെട്ടിരിക്കുന്നതെങ്ങനെ?
8 ചുരുക്കംചില ദൃഷ്ടാന്തങ്ങൾ പരിചിന്തിക്കുക. ഇന്ന്, സാമ്പത്തികാടിസ്ഥാനത്തിലാണ് സാധാരണയായി ജീവിതവിജയം അളക്കപ്പെടുന്നത്. ഒരു മനുഷ്യൻ എത്രയേറെ സമ്പാദിക്കുന്നുവോ അത്രയധികം വിജയിയാണയാൾ എന്നു വിചാരിക്കപ്പെടുന്നു. എന്നിരുന്നാലും, ഭൗതികകാര്യങ്ങൾക്ക് വളരെയധികം ഊന്നൽകൊടുക്കുന്നതിനെതിരെ ബൈബിൾ മുന്നറിയിപ്പു നൽകുന്നു. അപ്പോസ്തലനായ പൗലോസ് ഇങ്ങനെ എഴുതി: “ധനികരാകാൻ തീരുമാനിച്ചിരിക്കുന്നവർ പരീക്ഷയിലും കെണിയിലും മനുഷ്യരെ നാശത്തിലേക്കും കെടുതിയിലേക്കും ആഴ്ത്തിക്കളയുന്ന നിരർത്ഥകവും ഹാനികരവുമായ അനേകം ആഗ്രഹങ്ങളിലും വീഴുന്നു. എന്തെന്നാൽ പണസ്നേഹം ഹാനികരമായ സകലതരം കാര്യങ്ങളുടെയും ഒരു മൂലമാകുന്നു, ഈ സ്നേഹത്തിനുവേണ്ടി എത്തിപ്പിടിച്ചുകൊണ്ട് ചിലർ വിശ്വാസത്തിൽനിന്ന് വഴിതെററിക്കപ്പെടുകയും അനേകം വേദനകളോടെ ആസകലം തങ്ങളേത്തന്നെ കുത്തുകയും ചെയ്തിരിക്കുന്നു.”—1 തിമൊഥെയോസ് 6:9, 10; മത്തായി 6:24 താരതമ്യപ്പെടുത്തുക.
9 ഈ മുന്നറിയിപ്പ് എത്ര ഉചിതമാണെന്ന് അനുഭവം പ്രകടമാക്കിയിരിക്കുന്നു. ഒരു ക്ലിനിക്കൽ മനഃശാസ്ത്രജ്ഞൻ ഇങ്ങനെ പ്രസ്താവിക്കുന്നു: “ഒന്നാമനും സമ്പന്നനും ആകുന്നത് നിങ്ങളെ കൃതാർത്ഥനോ സംതൃപ്തനോ യഥാർത്ഥമായി ആദരണീയനോ പ്രിയങ്കരനോ ആക്കുന്നില്ല.” അതെ, ധനം അന്വേഷിച്ചുകൊണ്ട് തങ്ങളുടെ ഊർജ്ജമെല്ലാം ചെലവിടുന്നവർ മിക്കപ്പോഴും പാരുഷ്യവും വൈഫല്യവും തോന്നുന്നതിൽ കലാശിക്കുന്നു. തിരുവെഴുത്തുകൾ പണത്തിന്റെ മൂല്യം അംഗീകരിക്കെ കൂടുതൽ പ്രധാനമായ ഒന്നിലേക്കു വിരൽചൂണ്ടുന്നു: “പണം ഒരു സംരക്ഷണത്തിനുവേണ്ടിയായിരിക്കുന്നതുപോലെ, ജ്ഞാനം ഒരു സംരക്ഷണത്തിനുവേണ്ടിയാണ്; എന്നാൽ പരിജ്ഞാനത്തിന്റെ പ്രയോജനം ജ്ഞാനംതന്നെ അതിന്റെ ഉടമകളെ സംരക്ഷിക്കുന്നുവെന്നതാണ്.”—സഭാപ്രസംഗി 7:12.
10. നമ്മുടെ സഹവാസങ്ങളെ സൂക്ഷിക്കണമെന്നുള്ള ബൈബിൾബുദ്ധിയുപദേശം നാം അനുസരിക്കേണ്ടതെന്തുകൊണ്ട്?
10 ബൈബിളിന് അങ്ങനെയുള്ള അനേകം ചട്ടങ്ങളുണ്ട്. മറെറാന്ന് ഇതാണ്: “ജ്ഞാനികളോടുകൂടെ നടക്കുന്നവൻ ജ്ഞാനിയായിത്തീരും, എന്നാൽ മൂഢൻമാരോട് ഇടപാടുള്ളവൻ പരാജയപ്പെടും.” (സദൃശവാക്യങ്ങൾ 13:20) ഇതും അനുഭവത്താൽ സത്യമെന്നു തെളിഞ്ഞിരിക്കുന്നു. സമപ്രായക്കാരിൽനിന്നുള്ള സമ്മർദ്ദം യുവജനങ്ങളെ മുഴുക്കുടിയിലേക്കും മയക്കുമരുന്നുദുരുപയോഗത്തിലേക്കും ദുർമ്മാർഗ്ഗത്തിലേക്കും നയിച്ചിരിക്കുന്നു. അസഭ്യഭാഷ ഉപയോഗിക്കുന്നവരോടുകൂടെ സഹവസിക്കുന്നവർ ഒടുവിൽ സമാനമായ അറെക്കത്തക്ക ഭാഷയുപയോഗിക്കുന്നു. അനേകർ തങ്ങളുടെ മുതലാളിമാരിൽനിന്നു മോഷ്ടിക്കുന്നു, എന്തുകൊണ്ടെന്നാൽ ‘സകലരും അതുചെയ്യുന്നു’. സത്യത്തിൽ ബൈബിൾ പറയുന്നതുപോലെ “ചീത്ത സഹവാസങ്ങൾ പ്രയോജനകരങ്ങളായ ശീലങ്ങളെ പാഴാക്കുന്നു.”—1 കൊരിന്ത്യർ 15:33.
11. മനഃശാസ്ത്രപരമായ ഒരു പഠനം സുവർണ്ണനിയമം അനുസരിക്കുന്നതിന്റെ ജ്ഞാനം പ്രകടമാക്കിയതെങ്ങനെ?
11 ബൈബിളിലെ അതിപ്രസിദ്ധമായ ബുദ്ധിയുപദേശ ശകലങ്ങളിലൊന്ന് സുവർണ്ണനിയമമെന്നു വിളിക്കപ്പെടുന്നതാണ്: “അതുകൊണ്ട്, മനുഷ്യർ നിങ്ങൾക്കു ചെയ്യണമെന്നു നിങ്ങളാഗ്രഹിക്കുന്ന സകല കാര്യങ്ങളും നിങ്ങളും അതുപോലെതന്നെ അവർക്കു ചെയ്യണം.” (മത്തായി 7:12) മനുഷ്യവർഗ്ഗം ഈ നിയമം അനുസരിക്കുകയാണെങ്കിൽ ലോകം വ്യക്തമായും മെച്ചപ്പെട്ട ഒരു സ്ഥലമായിരിക്കും. എന്നിരുന്നാലും പൊതുവെ മനുഷ്യർ ഈ നിയമം അനുസരിക്കുന്നില്ലെങ്കിലും നിങ്ങൾ വ്യക്തിപരമായി അങ്ങനെ ചെയ്യുന്നതു മെച്ചമാണ്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ നാം മററുള്ളവർക്കുവേണ്ടി കരുതാനും അവരിൽ തല്പരരായിരിക്കാനുമാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. (പ്രവൃത്തികൾ 20:35) ആളുകൾ മററുള്ളവരെ സഹായിക്കുമ്പോൾ അവർ എങ്ങനെ പ്രതികരിക്കുന്നുവെന്ന് കണ്ടുപിടിക്കാൻ ഐക്യനാടുകളിൽ നടത്തപ്പെട്ട ഒരു മനഃശാസ്ത്രപഠനം ഈ നിഗമനത്തിലെത്തി: “അപ്പോൾ, മററുള്ളവർക്കുവേണ്ടി കരുതുകയെന്നത് നമ്മേക്കുറിച്ചു കരുതുന്നതുപോലെതന്നെ മാനുഷസ്വഭാവത്തിന്റെ ഒരു ഭാഗമാണ് എന്നു കാണപ്പെടുന്നു.”—മത്തായി 22:39.
ബൈബിളിന്റെ ബുദ്ധിയുപദേശം അദ്വിതീയമാംവണ്ണം ജ്ഞാനപൂർവകം
12. ബൈബിളിനെ അനുപമമാക്കുന്ന ഒരു സംഗതിയെന്ത്?
12 തീർച്ചയായും ഇന്ന് ബൈബിളിനു വെളിയിൽ ബുദ്ധിയുപദേശത്തിന്റെ അനേകം ഉറവകളുണ്ട്. പത്രങ്ങളിൽ ബുദ്ധിയുപദേശപംക്തികളുണ്ട്. പുസ്തകക്കടകളിൽ സ്വയം പഠിച്ചു ചെയ്യാൻ സഹായിക്കുന്ന പുസ്തകങ്ങൾ നിറഞ്ഞിരിക്കുന്നു. കൂടാതെ, വ്യത്യസ്ത മണ്ഡലങ്ങളിൽ ബുദ്ധിയുപദേശങ്ങൾ നൽകുന്ന മനഃശാസ്ത്രജ്ഞൻമാരും ഉപദേശവിദഗ്ദ്ധരും മററുള്ളവരുമുണ്ട്. എന്നാൽ ബൈബിൾ കുറഞ്ഞപക്ഷം മൂന്നു വശങ്ങളിൽ അദ്വിതീയമാണ്. ഒന്ന്, അതിന്റെ ബുദ്ധിയപദേശം എല്ലായപ്പോഴും പ്രയോജനകരമാണ്. അത് ഒരിക്കലും കേവലം സിദ്ധാന്തമായിരിക്കുന്നില്ല, അത് ഒരിക്കലും നമുക്ക് ഹാനികരമായിരിക്കുന്നില്ല. ബൈബിൾബുദ്ധിയുപദേശമനുസരിക്കുന്ന ഏതൊരുവനും “നിന്റെ സ്വന്തം ഓർമ്മിപ്പിക്കലുകൾ വളരെ ആശ്രയയോഗ്യമെന്നു തെളിഞ്ഞിരിക്കുന്നു”വെന്നു ദൈവത്തോടു പ്രാർത്ഥിച്ചുപറഞ്ഞ സങ്കീർത്തനക്കാരനോടു യോജിക്കേണ്ടിയിരിക്കുന്നു.—സങ്കീർത്തനം 93:5.
13. ജ്ഞാനത്തിന്റെ മാനുഷ ഉറവുകളെക്കാൾ ബൈബിൾ വളരെയേറെ ശ്രേഷ്ഠമാണെന്ന് പ്രകടമാക്കുന്നതെന്ത്?
13 രണ്ടാമത്, ബൈബിൾ കാലത്തെ അതിജീവിച്ചിരിക്കുന്നു. (1 പത്രോസ് 1:25; യെശയ്യാവ് 40:8) മാനുഷ ഉറവുകളിൽനിന്നുള്ള ബുദ്ധിയുപദേശം മാററംഭവിക്കുന്നതിൽ കുപ്രസിദ്ധമാണ്. ഒരു വർഷത്തിൽ ഫാഷ്യനായിരിക്കുന്നത് അടുത്തതിൽ മിക്കപ്പോഴും വിമർശിക്കപ്പെടുന്നു. എന്നിരുന്നാലും, ബൈബിൾ ഏതാണ്ട് 2,000 വർഷംമുമ്പ് പൂർത്തീകരിക്കപ്പെട്ടതാണെങ്കിലും അതിൽ ഇപ്പോൾ ലഭ്യമായിരിക്കുന്നതിലേക്കും ജ്ഞാനപൂർവകമായ ബുദ്ധിയുപദേശം അടങ്ങിയിരിക്കുന്നു. അതിലെ വചനങ്ങൾ സാർവലൗകികമായി ബാധകമാണ്. നാം ജീവിക്കുന്നത് ആഫ്രിക്കയിലായാലും ഏഷ്യയിലായാലും ദക്ഷിണ ഉത്തര അമേരിക്കാകളിലായാലും യൂറോപ്പിലായാലും സമുദ്രദ്വീപുകളിലായാലും അവ തുല്യഫലത്തോടെ ബാധകമാകുന്നു.
14. ദൈവവചനത്തിലെ ബുദ്ധിയുപദേശം മികച്ചതായിരിക്കുന്നത് ഏതു വിധത്തിൽ?
14 ഒടുവിൽ, വിപുലമായ വ്യാപ്തിയിലുള്ള ബൈബിൾബുദ്ധിയുപദേശം കിടയററതാണ്. “യഹോവതന്നെ ജ്ഞാനം നൽകുന്നു”വെന്ന് ഒരു ബൈബിൾസദൃശവാക്യം പറയുന്നു. നാം ഏതു തീരുമാനത്തെയോ പ്രശ്നത്തെയോ അഭിമുഖീകരിച്ചാലും അതു പരിഹരിക്കാൻ നമ്മെ സഹായിക്കുന്ന ജ്ഞാനം ബൈബിളിലുണ്ട്. (സദൃശവാക്യങ്ങൾ 2:6) കുട്ടികൾ, കൗമാരപ്രായക്കാർ, മാതാപിതാക്കൾ, പ്രായമുള്ളവർ, തൊഴിലാളികൾ, മുതലാളികൾ, അധികാരികൾ എന്നിവരെല്ലാം ബൈബിളിലെ ജ്ഞാനം തങ്ങൾക്കു ബാധകമാണെന്നു കണ്ടെത്തുന്നു. (സദൃശവാക്യങ്ങൾ 4:11) യേശുവിന്റെയും അവന്റെ അപ്പോസ്തലൻമാരുടെയും കാലത്ത് അറിയപ്പെടാതിരുന്ന സാഹചര്യങ്ങളെ നാം അഭിമുഖീകരിക്കുമ്പോൾപോലും ബൈബിൾ നമുക്ക് പ്രായോഗികമായ ബുദ്ധിയുപദേശം നൽകുന്നു. ദൃഷ്ടാന്തത്തിന്, പണ്ട് ഒന്നാം നൂററാണ്ടിൽ മദ്ധ്യപൂർവദേശത്ത് പുകവലി അറിയപ്പെട്ടിരുന്നില്ല. ഇന്ന് അത് വിപുലവ്യാപകമാണ്. “എന്തിന്റെയെങ്കിലും അധികാരത്തിൻകീഴിൽ [അല്ലെങ്കിൽ നിയന്ത്രണത്തിൻകീഴിൽ] വരുത്തപ്പെടു”ന്നതിനെ ഒഴിവാക്കാനും “ജഡത്തിന്റെയും ആത്മാവിന്റെയും സകല മാലിന്യ”ത്തിൽനിന്നും ശുദ്ധരായിരിക്കാനുമുള്ള ബൈബിൾബുദ്ധിയുപദേശം ശ്രദ്ധിക്കുന്ന ഏവനും ഈ ശീലം ഒഴിവാക്കും, അത് ആസക്തിയുളവാക്കുന്നതും ആരോഗ്യത്തിന് വിനാശകരവുമാണ്.—1 കൊരിന്ത്യർ 6:12; 2 കൊരിന്ത്യർ 7:1.
നമ്മുടെ ദീർഘകാല നൻമക്ക്
15. ബൈബിൾ കാലഹരണപ്പെട്ടതാണെന്ന് അനേകർ അവകാശപ്പെടുന്നതെന്തുകൊണ്ട്?
15 ബൈബിൾ 20-ാം നൂററാണ്ടിൽ കാലഹരണപ്പെട്ടതും അപ്രസക്തവുമാണെന്ന് അനേകർ പറയുന്നു. എന്നിരുന്നാലും, അവർ കേൾക്കാനാഗ്രഹിക്കുന്നതു ബൈബിൾ പറയുന്നില്ലെന്നുള്ളതായിരിക്കാം കാരണം. തിരുവെഴുത്തുബുദ്ധിയുപദേശം അനുസരിക്കുന്നത് നമ്മുടെ ദീർഘകാലപ്രയോജനത്തിന് ഉതകുന്നു, എന്നാൽ മിക്കപ്പോഴും അതിന് ക്ഷമയും ശിക്ഷണവും ആത്മത്യാഗവും ആവശ്യമാണ്—സത്വരസംതൃപ്തി തേടാൻ നമ്മെ പ്രോൽസാഹിപ്പിക്കുന്ന ഒരു ലോകത്തിൽ ജനപ്രീതികരങ്ങളായ സ്വഭാവവിശേഷങ്ങളല്ലവ.—സദൃശവാക്യങ്ങൾ 1:1-3.
16, 17. ബൈബിൾ ലൈംഗികസൻമാർഗ്ഗത്തിന്റെ ഏതു ഉയർന്ന പ്രമാണങ്ങൾ വെക്കുന്നു, ആധുനികകാലങ്ങളിൽ അവ അവഗണിക്കപ്പെട്ടിരിക്കുന്നതെങ്ങനെ?
16 ലൈംഗികസൻമാർഗ്ഗത്തിന്റെ കാര്യമെടുക്കുക. തിരുവെഴുത്തുപ്രമാണങ്ങൾ വളരെ കർശനമാണ്. ലൈംഗിക അടുപ്പത്തിനുള്ള ഏകസ്ഥാനം ദാമ്പത്യബന്ധത്തിനുള്ളിൽ മാത്രമാണ്. ദാമ്പത്യബന്ധത്തിനു പുറത്തെ അത്തരം സകല അടുപ്പവും വിലക്കപ്പെട്ടിരിക്കുകയാണ്. നാം വായിക്കുന്നു: “ദുർവൃത്തരോ വിഗ്രഹാരാധകരോ വ്യഭിചാരികളോ പ്രകൃതിവിരുദ്ധോദ്ദേശ്യങ്ങൾക്കായി സൂക്ഷിക്കപ്പെടുന്ന പുരുഷൻമാരോ പുരുഷൻമാരോടുകൂടെ ശയിക്കുന്ന പുരുഷൻമാരോ . . . ദൈവരാജ്യം അവകാശപ്പെടുത്തുകയില്ല.” (1 കൊരിന്ത്യർ 6:9, 10) മാത്രവുമല്ല, ക്രിസ്ത്യാനികൾക്ക് ബൈബിൾ ഏകഭർത്തൃത്വം ആവശ്യപ്പെടുന്നു—ഒരു ഭാര്യക്ക് ഒരു ഭർത്താവ്. (1 തിമൊഥെയോസ് 3:2) ഉപേക്ഷണമോ വേർപാടോ അനുവദിക്കപ്പെടാവുന്ന അങ്ങേയററത്തെ കേസുകളുണ്ടായിരിക്കാമെങ്കിലും വിവാഹബന്ധം പൊതുവേ ആജീവനാന്തമുള്ളതാണെന്ന് ബൈബിൾ പറയുന്നു. യേശു തന്നെ പറഞ്ഞു: “ആദിമുതൽ അവരെ സൃഷ്ടിച്ചവൻ അവരെ ആണും പെണ്ണുമായി ഉണ്ടാക്കുകയും ‘ഈ കാരണത്താൽ ഒരു പുരുഷൻ തന്റെ അപ്പനെയും അമ്മയെയും വിടുകയും തന്റെ ഭാര്യയോടു പററിനിൽക്കുകയുംചെയ്യും, ഇരുവരും ഒരു ജഡമായിരിക്കും’ എന്നുപറയുകയും ചെയ്തു . . . തന്നിമിത്തം അവർ മേലാൽ രണ്ടല്ല, ഒരു ജഡമാണ്. ആകയാൽ ദൈവം കൂട്ടിച്ചേർത്തതിനെ യാതൊരു മനുഷ്യനും വേർപിരിക്കാതിരിക്കട്ടെ.”—മത്തായി 19:4-6, 9; 1 കൊരിന്ത്യർ 7:12-16.
17 ഇന്ന് ഈ പ്രമാണങ്ങൾ പരക്കെ അവഗണിക്കപ്പെടുന്നു. അഴിഞ്ഞ ലൈംഗികനടപടികൾ അനുവദിക്കപ്പെടുന്നു. ഡെയ്ററിംഗ് നടത്തുന്ന യുവജനങ്ങളുടെ ഇടയിലെ ലൈംഗികബന്ധങ്ങൾ സാധാരണഗതിയിലുള്ളതെന്നു വീക്ഷിക്കപ്പെടുന്നു. വിവാഹത്തിന്റെ പ്രയോജനംകൂടാതെയുള്ള ഒരുമിച്ചുപാർക്കൽ അംഗീകരിക്കപ്പെടുന്നു. വിവാഹിത ഇണകളുടെ ഇടയിൽ അവിഹിത ലൈംഗികവ്യാപാരങ്ങൾ അസാധാരണമല്ല. ഈ ആധുനികലോകത്തിൽ വിവാഹമോചനം സർവത്ര വ്യാപിച്ചിരിക്കുന്നു. എന്നിലുന്നാലും, ഈ അയഞ്ഞ നിലവാരങ്ങൾ സന്തുഷ്ടി കൈവരുത്തിയിട്ടില്ല. ഇതിന്റെ ദുഷ്ഫലങ്ങൾ, ഏതായാലും കർശനമായ ധാർമ്മികപ്രമാണങ്ങൾക്കു നിർബന്ധം പിടിക്കുന്നതിൽ ബൈബിൾ ശരിയായിരുന്നുവെന്ന് തെളിയിച്ചിരിക്കുന്നു.
18, 19. യഹോവയുടെ ധാർമ്മികപ്രമാണങ്ങളുടെ വിപുലവ്യാപകമായ അവഗണനയിൽനിന്ന് എന്തു ഫലമുണ്ടായിരിക്കുന്നു?
18 ലേഡീസ ഹോം ജേണൽ ഇങ്ങനെ പ്രസ്താവിച്ചു: “അറുപതുകളുടെയും എഴുപതുകളുടെയും മാതൃകയിലുള്ള ലൈംഗികതയുടെ ഊന്നൽ അതിരററ മാനുഷസംതൃപ്തിക്കു പകരം ഗുരുതരമായ മാനുഷദുരിതമാണ് വരുത്തിക്കൂട്ടിയത്.” ഇവിടെ പരാമർശിക്കപ്പെട്ട ഗുരുതരമായ “മാനുഷദുരിത”ത്തിൽ മാതാപിതാക്കളുടെ വിവാഹമോചനത്താൽ ആഘാതമേൽക്കുന്ന കുട്ടികളുടെ ദുരിതവും അഗാധമായ വൈകാരികവേദനയനുഭവിക്കുന്ന മുതിർന്നവരുടെ ദുരിതവും ഉൾപ്പെടുന്നു. അതിൽ മാതാപിതാക്കളിലൊരാൾ മാത്രമുള്ള കുടുംബങ്ങളുടെ വർദ്ധനവും ബാല്യപ്രായത്തിൽത്തന്നെ കുട്ടികളുണ്ടായിരിക്കുന്ന അവിവാഹിതരായ പെൺകുട്ടികളുടെ പെരുപ്പവും ഉൾപ്പെടുന്നു. തന്നെയുമല്ല, അതിൽ, ജനിററൽ ഹേർപ്പിസ്, ഗൊണോറിയാ, സിഫിലിസ്, ക്ലാമിഡിയാ, എയ്ഡ്സ് എന്നിവപോലെ ലൈംഗികമായി പരത്തപ്പെടുന്ന രോഗങ്ങളുടെ വ്യാപനവും ഉൾപ്പെടുന്നു.
19 ഇതിന്റെയെല്ലാം വീക്ഷണത്തിൽ ഒരു സാമൂഹ്യശാസ്ത്രപ്രൊഫസ്സർ ഇങ്ങനെ പ്രസ്താവിച്ചു: “ഒരുപക്ഷേ നമ്മുടെ പൗരൻമാരുടെ ആവശ്യങ്ങളോടും രോഗത്തിൽനിന്നുള്ള വിമുക്തി, അനാവശ്യമായ ഗർഭധാരണത്തിൽനിന്നുള്ള വിമുക്തി എന്നിങ്ങനെയുള്ള അവരുടെ സ്വാതന്ത്ര്യത്തിന്റെ അവകാശത്തോടും ഏററവും പ്രതികരണംകാട്ടുന്ന ഒരു നയമെന്ന നിലയിൽ ദാമ്പത്യപൂർവ വർജ്ജനത്തെ പ്രോൽസാഹിപ്പിക്കുന്നത് നമുക്കെല്ലാം കൂടുതൽ മെച്ചമായിരിക്കുകയില്ലേയെന്ന് പരിചിന്തിക്കാൻ നാം വേണ്ടത്ര വളർന്നിട്ടുണ്ടായിരിക്കാം.” ബൈബിൾ ശരിയായിത്തന്നെ പ്രസ്താവിക്കുന്നു: “യഹോവയെ തന്റെ ആശ്രയമാക്കുകയും ധിക്കാരികളായ ആളുകളിലേക്കോ വ്യാജങ്ങൾ വിശ്വസിക്കുന്നവരിലേക്കോ തന്റെ മുഖംതിരിക്കാതിരിക്കുകയും ചെയ്യുന്ന ദൃഢഗാത്രനായ മനുഷ്യൻ സന്തുഷ്ടനാകുന്നു.” (സങ്കീർത്തനം 40:4) ബൈബളിന്റെ ജ്ഞാനത്തിൽ ആശ്രയിക്കുന്നവർ ബൈബിളിനെ ധിക്കരിക്കുകയും കുറേക്കൂടെ അയഞ്ഞ ഒരു ധാർമ്മികസംഹിത സന്തുഷ്ടി കൈവരുത്തുന്നുവെന്നു പറയുകയും ചെയ്യുന്നവരുടെ ഭോഷ്ക്കുകളാൽ വഞ്ചിക്കപ്പെടുന്നില്ല. കർശനമെങ്കിലും ബൈബിളിലെ ജ്ഞാനപൂർവകമായ പ്രമാണങ്ങൾ ഏററവും ഗുണകരമാണ്.
പ്രയാസകരമായ ജീവിതപ്രശ്നങ്ങൾ
20. തങ്ങളുടെ ജീവിതത്തിൽ ഗുരുതരമായ ദാരിദ്ര്യത്തെ അഭിമുഖീകരിക്കേണ്ടിയിരിക്കുന്നവർക്ക് ഏതു ബൈബിൾ തത്വങ്ങൾ സഹായകമെന്നു തെളിഞ്ഞിരിക്കുന്നു?
20 ജീവിതത്തിൽ നാം അഭിമുഖീകരിക്കുന്ന പ്രയാസകരമായ പ്രശ്നങ്ങളെ കൈകാര്യംചെയ്യാനും ബൈബിളിന്റെ ജ്ഞാനം നമ്മെ സഹായിക്കുന്നു. ദൃഷ്ടാന്തത്തിന്, നിരവധി രാജ്യങ്ങളിൽ അതീവഗുരുതരമായ ദാരിദ്ര്യത്തിൽ ജീവിക്കുന്ന ക്രിസ്ത്യാനികളുണ്ട്. എന്നിരുന്നാലും അവർ തങ്ങളുടെ ദാരിദ്ര്യത്തെ നേരിടുകയും പിന്നെയും സന്തുഷ്ടി കണ്ടെത്തുകയുംചെയ്യുന്നു. എങ്ങനെ? ദൈവത്തിന്റെ നിശ്വസ്തവചനം അനുസരിക്കുന്നതിനാൽ. അവർ സങ്കീർത്തനം 55:22ലെ ആശ്വാസദായകമായ വചനങ്ങൾ ഗൗരവമായി എടുക്കുന്നു: “നിന്റെ ഭാരങ്ങൾ യഹോവയുടെമേൽത്തന്നെ ഇട്ടുകൊൾക, അവൻതന്നെ നിന്നെ പുലർത്തും.” അവർ സഹിച്ചുനിൽക്കുന്നതിനുള്ള ശക്തിക്കായി ദൈവത്തിൽ ആശ്രയിക്കുന്നു. അനന്തരം അവർ ബൈബിൾ തത്വങ്ങൾ ബാധകമാക്കുകയും പുകവലിയും മദ്യപാനവുംപോലെയുള്ള ഹാനികരവും അമിതചെലവുവരുത്തുന്നതുമായ ശീലങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നു. ബൈബിൾ ശുപാർശചെയ്യുന്നതുപോലെ അവർ കർമ്മോൽസുകരാണ്. അങ്ങനെ മിക്കപ്പോഴും അലസരോ നൈരാശ്യത്തിനു വഴിപ്പെടുന്നവരോ പരാജയപ്പെടുമ്പോൾ അവർക്കു തങ്ങളുടെ കുടുംബങ്ങളെ പോററാൻ കഴിയുമെന്ന് അവർ കണ്ടെത്തുന്നു. (സദൃശവാക്യങ്ങൾ 6:6-11; 10:26) തന്നെയുമല്ല, അവർ “അനീതിചെയ്യുന്നവരോട് അസൂയപ്പെടരുത്” എന്ന ബൈബിൾമുന്നറിയിപ്പ് അനുസരിക്കുന്നു. (സങ്കീർത്തനം 37:1) അവർ ചൂതാട്ടത്തെയോ മയക്കുമരുന്നുവിൽപ്പനപോലെയുള്ള കുററകൃത്യങ്ങളെയോ ആശ്രയിക്കുന്നില്ല. ഈ കാര്യങ്ങൾ തങ്ങളുടെ പ്രശ്നങ്ങൾക്ക് ഒരു സത്വരപരിഹാരം വാഗ്ദാനംചെയ്തേക്കാം. എന്നാൽ ദീർഘകാലഫലമാണ് മെച്ചം.
21, 22. (എ) ഒരു ക്രിസ്തീയസ്ത്രീ ബൈബിളിൽനിന്ന് എങ്ങനെ സഹായവും ആശ്വാസവും നേടി?(ബി) ബൈബിളിനെസംബന്ധിച്ച ഏതു കൂടുതലായ വസ്തുത അതു ദൈവവചനമാണെന്നു തിരിച്ചറിയുന്നതിനു നമ്മെ സഹായിക്കുന്നു?
21 ബൈബിളനുസരിക്കുന്നത് വളരെ ദരിദ്രരായവരെ യഥാർത്ഥത്തിൽ സഹായിക്കുന്നുണ്ടോ? ഉവ്വ്, അനേകമനേകം അനുഭവങ്ങൾ അതു തെളിയിക്കുന്നു. ഏഷ്യയിലെ ഒരു ക്രിസ്തീയ വിധവ ഇങ്ങനെ എഴുതുന്നു: “ഞാൻ ദാരിദ്ര്യരേഖയോടടുത്താണ് ജീവിക്കുന്നതെങ്കിലും ഞാൻ നീരസപ്പെടുകയോ ദുഃഖിക്കുകയോ ചെയ്യുന്നില്ല. ബൈബിൾസത്യം ഒരു ക്രിയാത്മക വീക്ഷണംകൊണ്ട് എന്നെ നിറക്കുന്നു.” യേശു നൽകിയ ശ്രദ്ധേയമായ ഒരു വാഗ്ദാനം അവളുടെ കാര്യത്തിൽ നിറവേറിയിരിക്കുന്നുവെന്ന് അവൾ റിപ്പോർട്ടുചെയ്യുന്നു. യേശു ഇങ്ങനെ പറഞ്ഞു: “അപ്പോൾ, ഒന്നാമതായി രാജ്യവും അവന്റെ നീതിയും അന്വേഷിച്ചുകൊണ്ടേയിരിക്കുക, ഈ മറെറല്ലാ വസ്തുക്കളും നിങ്ങൾക്ക് കൂട്ടപ്പെടും.” (മത്തായി 6:33) തന്റെ ദൈവസേവനത്തെ ജീവിതത്തിൽ ഒന്നാമതു വെക്കുന്നതിനാൽ അവൾക്ക് ഒരു വിധത്തിലല്ലെങ്കിൽ മറെറാരു വിധത്തിൽ എല്ലായ്പ്പോഴും ഭൗതിക ജീവിതാവശ്യങ്ങൾ സാധിച്ചുകിട്ടുന്നുവെന്ന് അവൾ സാക്ഷ്യപ്പെടുത്തുന്നു. അവളുടെ ക്രിസ്തീയസേവനം അവളുടെ ദാരിദ്ര്യത്തെ സഹനീയമാക്കുന്ന ഒരു മാന്യതയും ജീവിതലക്ഷ്യവും അവൾക്കു നൽകുന്നു.
22 സത്യമായി ബൈബിൾ ജ്ഞാനത്തിന്റെ ആഴം അത് യഥാർത്ഥത്തിൽ ദൈവവചനമാണെന്ന് പ്രകടമാക്കുന്നു. മുഴുവനായും മനുഷ്യനാൽ ഉളവാക്കപ്പെട്ട ഒരു പുസ്തകത്തിന് ഇത്രയധികം വ്യത്യസ്ത ജീവിതവശങ്ങളെ കൈകാര്യംചെയ്യാനും ഇത്ര അഗാധ വിവേചന പ്രകടമാക്കാനും ഇത്ര പരസ്പരയോജിപ്പോടെ ശരിയായിരിക്കാനും കഴികയില്ല. എന്നാൽ ബൈബിളിന്റെ ദിവ്യ ഉത്ഭവത്തെ പ്രകടമാക്കുന്ന ഒരു വസ്തുത അതു സംബന്ധിച്ചുണ്ട്. അതിന് ആളുകളിൽ ഗുണകരമായ മാററങ്ങൾ വരുത്താനുള്ള ശക്തിയുണ്ട്. ഞങ്ങൾ ഇത് അടുത്ത ലേഖനത്തിൽ ചർച്ചചെയ്യുന്നതായിരിക്കും. (w90 4⁄1)
നിങ്ങൾക്ക് വിശദീകരിക്കാൻ കഴിയുമോ?
◻ യഹോവയുടെ സാക്ഷികൾ ബൈബിളിനെ ദൈവവചനമായി അംഗീകരിച്ചിരിക്കുന്നതുകൊണ്ട് ഏതു വിധത്തിൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു?
◻ ദൈവവചനത്തിൽ വിശ്വസിക്കുന്നവർ എന്ന നിലയിൽ നമുക്ക് എന്ത് കടപ്പാടുണ്ട്, ഈ കടപ്പാട് നിറവേററാൻ നമ്മുടെ നടത്തക്ക് നമ്മെ എങ്ങനെ സഹായിക്കാൻ കഴിയും?
◻ ബൈബിളിന്റെ ജ്ഞാനപൂർവകമായ ബുദ്ധിയുപദേശത്തെ വെറും മാനുഷ ബുദ്ധിയുപദേശത്തെക്കാൾ ശ്രേഷ്ഠമാക്കുന്നതെന്ത്?
◻ ബൈബിൾജ്ഞാനത്തിന്റെ ആഴത്തെ പ്രകടമാക്കുന്ന ചില ദൃഷ്ടാന്തങ്ങളേവ?