ദൈവികഭക്തിയുള്ള ആളുകൾക്ക് വിടുതൽ അടുത്തിരിക്കുന്നു
“ദൈവികഭക്തിയുള്ള ആളുകളെ പീഡാനുഭവത്തിൽനിന്നു വിടുവിക്കാനും, എന്നാൽ നീതികെട്ടവരെ, . . . ന്യായവിധിദിവസത്തിൽ ഛേദിക്കപ്പെടുന്നതിന് സൂക്ഷിക്കാനും യഹോവക്കറിയാം.”—2 പത്രോസ് 2:9.
1. (എ) നമ്മുടെ നാളിൽ ഏതു ക്ലേശകരമായ അവസ്ഥകൾ മനുഷ്യവർഗ്ഗത്തെ അഭിമുഖീകരിക്കുന്നു? (ബി) ഇതിന്റെ വീക്ഷണത്തിൽ, നാം ഏതു ചോദ്യങ്ങൾ പരിചിന്തിക്കാൻപോകുകയാണ്?
സകല മനുഷ്യവർഗ്ഗത്തിനും ജീവിതപ്രശ്നങ്ങൾ പെരുകുകയാണ്. ഒരുവൻ ജീവിക്കുന്നത് ഭൗതികവസ്തുക്കൾ ധാരാളമുള്ളിടത്തായാലും അവ കുറവുള്ളിടത്തായാലും ഇതു സത്യമാണ്. എല്ലായിടത്തും അരക്ഷിതത്വം നിലവിലിരിക്കുന്നു. വ്യാകുലപ്പെടുന്നതിനു അനിശ്ചിതമായ സാമ്പത്തികാവസ്ഥകൾ പോരാഞ്ഞിട്ടെന്നപോലെ, ഗുരുതരമായ പരിസ്ഥിതിപ്രശ്നങ്ങൾ ഭൂഗ്രഹത്തെ ആക്രമിക്കുകയും അതിലെ സകല ജീവനെയും ഭീഷണിപ്പെടുത്തുകയുമാണ്. രോഗം വ്യാപകമാണ്. സാംക്രമികരോഗങ്ങൾ, ഹൃദ്രോഗങ്ങൾ, അർബ്ബുദവ്യാധി എന്നിവ വമ്പിച്ച ജീവഹാനി വരുത്തിക്കൂട്ടുന്നു. ദുർമ്മാർഗ്ഗം മാനുഷവികാരങ്ങൾക്കും കുടുംബജീവിതത്തിനും പരക്കെ വിനാശം വിതച്ചിരിക്കുന്നു. ഇതിനെല്ലാം പുറമേ, ലോകം അക്രമംകൊണ്ടു നിറഞ്ഞിരിക്കുന്നു. മനുഷ്യസമുദായം അഭിമുഖീകരിക്കുന്ന അവസ്ഥാവിശേഷത്തിന്റെ വീക്ഷണത്തിൽ നാം യാഥാർത്ഥ്യബോധത്തോടെ ചോദിക്കുകയാണ്: നേരത്തെയുള്ള ഒരു വിടുതൽ പ്രതീക്ഷിക്കാൻ ഈടുററ അടിസ്ഥാനമുണ്ടോ? ഉണ്ടെങ്കിൽ അത് എങ്ങനെ കൈവരും, ആർക്കുവേണ്ടി?—ഹബക്കൂക്ക് 1:2; 2:1-3 താരതമ്യംചെയ്യുക.
2, 3. (എ) 2പത്രോസ് 2:9-ൽ പറഞ്ഞിരിക്കുന്നത് ഉറപ്പുനൽകുന്നതാണെന്ന് നാം ഇന്നു കണ്ടെത്തുന്നതെന്തുകൊണ്ട്? (ബി) വിടുതലിന്റെ ഏതു പ്രവർത്തനങ്ങൾ പ്രോൽസാഹനത്തിന്റെ ഒരു അടിസ്ഥാനമെന്ന നിലയിൽ ബൈബിൾ ചൂണ്ടിക്കാട്ടുന്നു?
2 നമ്മുടെ നാളിൽ സംഭവിക്കുന്നത് നമ്മെ മനുഷ്യചരിത്രത്തിലെ അത്യന്തം പ്രാധാന്യമുള്ള ചില കാലങ്ങൾ അനുസ്മരിപ്പിക്കുന്നു. അപ്പോസ്തലനായ പത്രോസ് ആ സന്ദർഭങ്ങളിൽ ദൈവം നിർവഹിച്ച വിടുതൽപ്രവർത്തനങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുകയും അനന്തരം ഈ ഉറപ്പുനൽകുന്ന നിഗമനത്തിലെത്തുകയും ചെയ്യുന്നു: “ദൈവികഭക്തിയുള്ള ആളുകളെ പീഡാനുഭവത്തിൽനിന്നു വിടുവിക്കാൻ യഹോവക്കറിയാം.” (2 പത്രോസ് 2:9) 2 പത്രോസ് 2:4-10 വരെയുള്ള ആ പ്രസ്താവനയുടെ സന്ദർഭം ശ്രദ്ധിക്കുക:
3 “ദൈവം പാപം ചെയ്ത ദൂതൻമാരെ ശിക്ഷിക്കുന്നതിൽനിന്ന് തീർച്ചയായും പിൻവാങ്ങാതെ അവരെ ററാർട്ടറസിൽ തള്ളിക്കൊണ്ട് ന്യായവിധിക്കായി സൂക്ഷിക്കാൻ കൂരിരിട്ടിൻകൂപങ്ങളിൽ ഇടുകയും, അവൻ ഒരു പുരാതനലോകത്തെ ശിക്ഷിക്കുന്നതിൽനിന്ന് പിൻവാങ്ങാതെ ഭക്തികെട്ട ആളുകളുടെ ഒരു ലോകത്തിൽ ഒരു പ്രളയംവരുത്തിയപ്പോൾ ഒരു നീതിപ്രസംഗിയായ നോഹയെ വേറെ ഏഴുപേരോടുകൂടെ സൂക്ഷിക്കുകയും, സോദോം ഗോമോറാ എന്നീ നഗരങ്ങളെ ചുട്ടുചാമ്പലാക്കിക്കൊണ്ട് അവരെ അവൻ കുററംവിധിക്കുകയും, നിയമത്തെ ധിക്കരിക്കുന്ന ആളുകളുടെ അഴിഞ്ഞ നടത്തയിലെ ആശക്തിയാൽ അതിയായി ദുഃഖിതനായ നീതിമാനായ ലോത്തിനെ അവൻ വിടുവിക്കുകയും ചെയ്തുവെങ്കിൽ—എന്തെന്നാൽ ആ നീതിമാനായ മനുഷ്യൻ അവരുടെ ഇടയിൽ അനുദിനം വസിക്കവേ താൻ കാണുകയും കേൾക്കുകയും ചെയ്തവയാൽ അവരുടെ നിയമരഹിതപ്രവൃത്തികൾ ഹേതുവായി തന്റെ നീതിയുള്ള ദേഹിയെ ദണ്ഡിപ്പിക്കുകയായിരുന്നു—ദൈവികഭക്തിയുള്ള ആളുകളെ പീഡാനുഭവത്തിൽനിന്നു വിടുവിക്കാനും, എന്നാൽ നീതികെട്ടവരെ, വിശേഷാൽ ജഡത്തെ മലിനപ്പെടുത്താനുള്ള ആഗ്രഹത്തോടെ അതിന്റെ പിന്നാലെ പോകുകയും കർതൃത്വത്തെ പുച്ഛിക്കുകയും ചെയ്യുന്നവരെ ന്യായവിധിദിവസത്തിൽ ഛേദിക്കപ്പെടുന്നതിന് സൂക്ഷിക്കാനും യഹോവക്കറിയാം.” ആ തിരുവെഴുത്തുകൾ പ്രകടമാക്കുന്നതുപോലെ, നോഹയുടെ നാളിലും ലോത്തിന്റെ നാളിലും നടന്നത് നമുക്ക് അർത്ഥസമ്പൂർണ്ണമാണ്.
നോഹയുടെ നാളിൽ നിലവിലിരുന്ന ആത്മാവ്
4. നോഹയുടെ നാളിൽ ഭൂമി പാഴാക്കപ്പെട്ടതായി ദൈവം വീക്ഷിച്ചതെന്തുകൊണ്ട്? (സങ്കീർത്തനം 11:5)
4 ഉല്പത്തി 6-ാം അദ്ധ്യായത്തിലെ ചരിത്രവിവരണം നോഹയുടെ നാളിൽ ഭൂമി യഹോവയുടെ ദൃഷ്ടിയിൽ പാഴാക്കപ്പെട്ടിരുന്നുവെന്ന് നമ്മെ അറിയിക്കുന്നു. എന്തുകൊണ്ട്? അക്രമം നിമിത്തം. ഇത് കുററകരമായ അക്രമത്തിന്റെ ഒററപ്പെട്ട കേസുകളായിരുന്നില്ല. “ഭൂമി അക്രമംകൊണ്ടു നിറഞ്ഞു”വെന്ന് ഉല്പത്തി 6:11 റിപ്പോർട്ടുചെയ്യുന്നു.
5. (എ) മനുഷ്യരുടെ ഭാഗത്തെ ഏതു മനോഭാവം നോഹയുടെ നാളിലെ അക്രമത്തിനു സംഭാവനചെയ്തു? (ബി) അഭക്തിയെക്കുറിച്ചു നോഹ എന്തു മുന്നറിയിപ്പു നൽകിയിരുന്നു?
5 അതിന്റെ പിമ്പിൽ എന്താണുണ്ടായിരുന്നത്? 2 പത്രോസിൽനിന്ന് ഉദ്ധരിക്കപ്പെട്ട തിരുവെഴുത്ത് ഭക്തികെട്ട ജനത്തെ പരാമർശിക്കുന്നു. അതെ, അഭക്തിയുടെ ഒരു ആത്മാവ് മനുഷ്യകാര്യങ്ങളെ ബാധിച്ചിരുന്നു. ഇതിൽ ദിവ്യനിയമത്തോടുള്ള ഒരു പൊതു അനാദരവുമാത്രമല്ല, ദൈവത്തോടുതന്നെയുള്ള ഒരു ധിക്കാരമനോഭാവവും ഉൾപ്പെട്ടിരുന്നു.a മനുഷ്യർ ദൈവത്തോടു ധിക്കാരം കാട്ടുമ്പോൾ അവർ സഹമനുഷ്യനോട് ദയാപൂർവം ഇടപെടുമെന്ന് എങ്ങനെ പ്രതീക്ഷിക്കാൻ കഴിയും? നോഹ ജനിക്കുന്നതിനുമുമ്പുതന്നെ ഈ അഭക്തി വളരെ പ്രബലപ്പെട്ടിരുന്നതിനാൽ ഹാനോക്ക് പരിണതഫലത്തേക്കുറിച്ചു പ്രവചിക്കാൻ യഹോവ ഇടവരുത്തി. (യൂദാ 14, 15) ദൈവത്തോടുള്ള അവരുടെ ധിക്കാരം തീർച്ചയായും ഒരു ദിവ്യന്യായവിധിനിർവഹണം വരുത്തിക്കൂട്ടുമായിരുന്നു.
6, 7. പ്രളയത്തിനു മുമ്പു സംജാതമായ ദുഷിച്ച അവസ്ഥകളിൽ ദൂതൻമാർ ഉൾപ്പെട്ട ഏതു സാഹചര്യം ഒരു മുഖ്യഘടകമായിരുന്നു?
6 ആ നാളുകളിലെ അക്രമത്തിനു സംഭാവനചെയ്ത മറെറാരു സ്വാധീനവുമുണ്ടായിരുന്നു. ഉല്പത്തി 6:1, 2 പിൻവരുന്നപ്രകാരം പറയുമ്പോൾ അതിലേക്കു ശ്രദ്ധതിരിക്കുന്നു: “ഇപ്പോൾ മനുഷ്യർ ഭൂതലത്തിൽ എണ്ണത്തിൽ പെരുകിത്തുടങ്ങുകയും അവർക്കു പുത്രിമാർ ജനിക്കുകയും ചെയ്തപ്പോൾ സത്യദൈവത്തിന്റെ പുത്രൻമാർ മനുഷ്യരുടെ പുത്രിമാർ സുമുഖികളാണെന്ന് ഗൗനിക്കാൻ തുടങ്ങി; അവർ തങ്ങൾക്കിഷ്ടപ്പെട്ടവരെയെല്ലാം ഭാര്യമാരായി എടുത്തു.” ആ സത്യദൈവത്തിന്റെ പുത്രൻമാർ ആരായിരുന്നു? വെറും മനുഷ്യരല്ലായിരുന്നു. മനുഷ്യർ നൂററാണ്ടുകളിൽ സുമുഖികളായ സ്ത്രീകളെ ശ്രദ്ധിക്കുകയും വിവാഹംകഴിക്കുകയും ചെയ്തുകൊണ്ടാണിരുന്നത്. ആ ദൈവപുത്രൻമാർ ജഡമെടുത്ത ദൈവദൂതൻമാരായിരുന്നു. യൂദാ 6-ൽ അവർ “തങ്ങളുടെ ആദിമസ്ഥാനം കാത്തുകൊള്ളാതെ തങ്ങളുടെ ഉചിതമായ സ്വന്തം വാസസ്ഥലം ഉപേക്ഷിച്ച ദൂതൻമാർ” എന്നു വർണ്ണിക്കപ്പെട്ടിരിക്കുന്നു.—1 പത്രോസ് 3:19, 20 താരതമ്യംചെയ്യുക.
7 മനുഷ്യരായി ജഡം ധരിച്ച ഈ മനുഷ്യാതീത ജീവികൾ മനുഷ്യപുത്രിമാരുമായി ബന്ധങ്ങളിലേർപ്പെട്ടപ്പോൾ ഫലമെന്തായിരുന്നു? “ആ നാളുകളിലും, അതിനുശേഷവും, ഭൂമിയിൽ നെഫിലിം ഉണ്ടെന്നു തെളിഞ്ഞു, അന്ന് സത്യദൈവത്തിന്റെ പുത്രൻമാർ മനുഷ്യരുടെ പുത്രിമാരുമായി ബന്ധങ്ങളിലേർപ്പെടുന്നതിൽ തുടരുകയും അവർ അവർക്കു പുത്രൻമാരെ പ്രസവിക്കുകയുംചെയ്തു, അവരായിരുന്നു പുരാതന ബലവാൻമാർ, കീർത്തിപ്പെട്ട പുരുഷൻമാർ.” അതെ, ആ പ്രകൃതിവിരുദ്ധ ബന്ധത്തിന്റെ സന്തതികളായിരുന്നു നെഫിലിം, തങ്ങളുടെ മികച്ച ശക്തി മററുള്ളവരോടു ക്രൂരമായി പെരുമാറാൻ ഉപയോഗിച്ച ശക്തൻമാർ.—ഉല്പത്തി 6:4.
8. ഭൂമിയിലെ വഷളായ അവസ്ഥകളോടു യഹോവ എങ്ങനെ പ്രതികരിച്ചു?
8 അവസ്ഥ എത്ര വഷളായിത്തീർന്നു? അത് “ഭൂമിയിൽ മമനുഷ്യന്റെ വഷളത്വം പെരുകിയിരിക്കുന്നുവെന്നും അവന്റെ ഹൃദയചിന്തകളുടെ ഓരോ ചായ്വും എല്ലാ സമയത്തും ചീത്ത മാത്രമാണെന്നും യഹോവ കണ്ട” ഘട്ടത്തിലെത്തി. യഹോവ ഇതിനോട് എങ്ങനെ പ്രതികരിച്ചു? “താൻ ഭൂമിയിൽ മനുഷ്യരെ ഉണ്ടാക്കിയിരുന്നതിൽ യഹോവക്കു ദുഃഖംതോന്നി, അവന് തന്റെ ഹൃദയത്തിൽ വേദന തോന്നി.” മനുഷ്യവർഗ്ഗത്തെ സൃഷ്ടിച്ചപ്പോൾ ദൈവം ഒരു തെററുചെയ്തുവെന്ന് അവൻ വിചാരിച്ചുവെന്ന് ഇതിന് അർത്ഥമില്ല. എന്നാൽ, താൻ മനുഷ്യരെ സൃഷ്ടിച്ചശേഷം അവരെ നശിപ്പിക്കാൻ തനിക്ക് കടപ്പാടുണ്ടാകത്തക്കവണ്ണം അവരുടെ നടത്ത അത്ര ദുഷ്ടമായിത്തീർന്നതിലാണ് അവന് സങ്കടം തോന്നിയത്.—ഉല്പത്തി 6:5-7.
വിടുതലിലേക്കു നയിച്ച ഗതി
9. (എ) ദൈവം നോഹയോട് പ്രീതിയോടെ ഇടപെട്ടതെന്തുകൊണ്ട്? (ബി) ദൈവം നോഹക്ക് മുന്നമേ എന്തു അറിവു കൊടുത്തു?
9 നോഹയെസംബന്ധിച്ചടത്തോളം, അവൻ “യഹോവയുടെ ദൃഷ്ടിയിൽ പ്രീതി കണ്ടെത്തി. . . . നോഹ ഒരു നീതിമാനായ മനുഷ്യൻ ആയിരുന്നു. അവൻ തന്റെ സമകാലീനരുടെ ഇടയിൽ നിഷ്ക്കളങ്കനെന്നു തെളിഞ്ഞു. നോഹ സത്യദൈവത്തോടുകൂടെ നടന്നു.” (ഉല്പത്തി 6:8, 9) അതുകൊണ്ട് താൻ ഒരു ആഗോള പ്രളയം വരുത്താൻപോകുകയാണെന്ന് യഹോവ നോഹക്ക് മുന്നമേ അറിയിപ്പുകൊടുക്കുകയും ഒരു പെട്ടകം പണിയാൻ അവനോടു നിർദ്ദേശിക്കുകയും ചെയ്തു. നോഹക്കും അവന്റെ കുടുംബത്തിനും പുറമേയുള്ള സകല മനുഷ്യവർഗ്ഗവും ഭൂതലത്തിൽനിന്ന് തുടച്ചുനീക്കപ്പെടും. നോഹ പെട്ടകത്തിൽ കയറേറണ്ടിയിരുന്ന ഓരോ അടിസ്ഥാനവർഗ്ഗത്തിന്റെയും ഏതാനും ചില പ്രതിനിധികൾ ഒഴിച്ച് മൃഗസൃഷ്ടിയും നശിപ്പിക്കപ്പെടുമായിരുന്നു.—ഉല്പത്തി 6:13, 14, 17.
10. (എ) സംരക്ഷണം മുന്നിൽകണ്ടുകൊണ്ട് എന്ത് ഒരുക്കം നടത്തേണ്ടതുണ്ടായിരുന്നു, അത് എത്ര വലിയ ഒരു ജോലിയായിരുന്നു? (ബി) നോഹ തന്റെ നിയമനം കൈകാര്യംചെയ്ത രീതിസംബന്ധിച്ച് എന്താണ് ശ്രദ്ധാർഹമായിട്ടുള്ളത്?
10 മുന്നമേയുള്ള അറിവ് നോഹയുടെമേൽ ഒരു ഭാരിച്ച ഉത്തരവാദിത്തം വെച്ചു. പെട്ടകം പണിയണം. അത് ഏതാണ്ട് 14,00,000 ഘനയടി വ്യാപ്തമുള്ള ഒരു വലിയ പെട്ടിയുടെ ആകൃതിയിലായിരിക്കണമായിരുന്നു. നോഹ അതിൽ ആഹാരം സംഭരിച്ചശേഷം സംരക്ഷിക്കുന്നതിനുവേണ്ടി മൃഗങ്ങളും പക്ഷികളുമായി “സകലതരം ജഡത്തെയും” അകത്തുകടത്തണമായിരുന്നു. അതു വർഷങ്ങളിലെ വേല ആവശ്യമാക്കിത്തീർക്കുന്ന ഒരു പദ്ധതിയായിരുന്നു. നോഹ എങ്ങനെ പ്രതികരിച്ചു? അവൻ “ദൈവം അവനോടു കല്പിച്ചിരുന്നതുപോലെയെല്ലാമനുസരിച്ചു ചെയ്യാൻ തുടങ്ങി. അവൻ അങ്ങനെതന്നെ ചെയ്തു.”—ഉല്പത്തി 6:14-16, 19-22; എബ്രായർ 11:7.
11. തന്റെ സ്വന്തം കുടുംബത്തിന്റെ കാര്യത്തിൽ നോഹയുടെമേൽ എന്തു മർമ്മപ്രധാനമായ ഉത്തരവാദിത്തം സ്ഥിതിചെയ്തിരുന്നു?
11 ആ വേല ചെയ്തുകൊണ്ടിരുന്നപ്പോൾത്തന്നെ നോഹക്ക് തന്റെ കുടുംബത്തിന്റെ ആത്മീയത കെട്ടുപണിചെയ്യാനും സമയം വിനിയോഗിക്കണമായിരുന്നു. അവർ തങ്ങളുടെ ചുററുമുണ്ടായിരുന്ന ആളുകളുടെ അക്രമാസക്തവഴികളും ധിക്കാരമനോഭാവവും സ്വീകരിക്കുന്നതിനെതിരെ കാത്തുസൂക്ഷിക്കപ്പെടേണ്ടതുണ്ടായിരുന്നു. അവർ ദൈനംദിന ജീവിതകാര്യങ്ങളിൽ അമിതമായി ആമഗ്നരായിത്തീരാതിരിക്കുന്നത് പ്രധാനമായിരുന്നു. അവർ ചെയ്യേണ്ടതിന് ദൈവം ഒരു വേല കൊടുത്തിരുന്നു. അവർ തങ്ങളുടെ ജീവിതത്തെ അതിനു ചുററും കെട്ടിപ്പടുക്കുന്നതു മർമ്മപ്രധാനമായിരുന്നു. നോഹയുടെ കുടുംബം അവന്റെ നിർദ്ദേശം സ്വീകരിക്കുകയും അവന്റെ വിശ്വാസത്തിൽ പങ്കുപററുകയും ചെയ്തുവെന്ന് നമുക്കറിയാം, എന്തുകൊണ്ടെന്നാൽ നോഹയും അവന്റെ ഭാര്യയും അവരുടെ മൂന്നു പുത്രൻമാരും പുത്രൻമാരുടെ ഭാര്യമാരും—മൊത്തം എട്ടുപേർ—അംഗീകാരമുള്ളവരായി തിരുവെഴുത്തുകളിൽ പറയപ്പെട്ടിരിക്കുന്നു.—ഉല്പത്തി 6:18; 1 പത്രോസ് 3:20.
12. രണ്ടു പത്രോസ് 2:5-ൽ പ്രകടമാക്കപ്പെട്ടിരിക്കുന്ന പ്രകാരം നോഹ എന്ത് ഉത്തരവാദിത്തം വിശ്വസ്തമായി നിറവേററി?
12 നോഹക്ക് മറെറാരു ഉത്തരവാദിത്തവുമുണ്ടായിരുന്നു—വരാനിരുന്ന ജലപ്രളയത്തെക്കുറിച്ചു മുന്നറിയിപ്പുകൊടുക്കുകയും അതു വരുന്നതെന്തുകൊണ്ടെന്നു അറിയിക്കുകയും. അവൻ വിശ്വസ്തമായി ആ ഉത്തരവാദിത്തം നിറവേററിയെന്നു പ്രകടമാണ്, എന്തുകൊണ്ടെന്നാൽ അവൻ ദൈവവചനത്തിൽ “ഒരു നീതിപ്രസംഗി”യെന്നു പരാമർശിക്കപ്പെട്ടിരിക്കുന്നു.—2 പത്രോസ് 2:5.
13. നോഹ തന്റെ ദൈവദത്തമായ നിയമനത്തിൽ ശ്രദ്ധിച്ചപ്പോൾ ഏത് അവസ്ഥകളെ അവൻ അഭിമുഖീകരിച്ചു?
13 ഇപ്പോൾ നോഹ ആ നിയമനം നിറവേററിയ സാഹചര്യങ്ങളെക്കുറിച്ചു ചിന്തിക്കുക. നിങ്ങളെത്തന്നെ അവന്റെ സ്ഥാനത്തു നിർത്തുക. നിങ്ങൾ നോഹയോ അവന്റെ ഒരു കുടുംബാംഗമോ ആയിരുന്നെങ്കിൽ നിങ്ങൾ നെഫിലിമും ഭക്തികെട്ട മനുഷ്യരും പ്രോൽസാഹിപ്പിച്ച അക്രമത്താൽ ചുററപ്പെടുമായിരുന്നു. നിങ്ങൾ മത്സരികളായിരുന്ന ദൂതൻമാരുടെ സ്വാധീനത്തെ നേരിട്ട് അഭിമുഖീകരിക്കുമായിരുന്നു. നിങ്ങൾ പെട്ടകംപണിയിലേർപ്പെടുമ്പോൾ നിങ്ങൾ പരിഹാസപാത്രമാകുമായിരുന്നു. വർഷംതോറും നിങ്ങൾ വരാനിരുന്ന പ്രളയത്തെക്കുറിച്ച് മുന്നറിയിപ്പുകൊടുക്കുമ്പോൾ ആളുകൾ അനുദിനജീവിതവ്യാപാരങ്ങളിൽ വളരെയധികം ആമഗ്നരായിരിക്കുന്നതിനാൽ “ജലപ്രളയം വന്ന് അവരെയെല്ലാം ഒഴുക്കിക്കൊണ്ടുപോകുന്നതുവരെ” “അവർ ഗൗനിച്ചില്ലെ”ന്നും നിങ്ങൾ കണ്ടെത്തുമായിരുന്നു.—മത്തായി 24:39; ലൂക്കോസ് 17:26, 27.
നോഹയുടെ അനുഭവം നിങ്ങൾക്ക് എന്തർത്ഥമാക്കുന്നു?
14. നോഹയെയും അവന്റെ കുടുംബത്തെയും അഭിമുഖീകരിച്ച സാഹചര്യം മനസ്സിലാക്കാൻ ഇന്നു നമുക്കു പ്രയാസമില്ലെന്നു നാം കണ്ടെത്തുന്നതെന്തുകൊണ്ട്?
14 ഞങ്ങളുടെ മിക്ക വായനക്കാർക്കും അങ്ങനെയുള്ള ഒരു അവസ്ഥ സങ്കൽപ്പിക്കാൻ അശേഷം പ്രയാസമില്ല. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ നമ്മുടെ നാളിലെ അവസ്ഥകൾ ഏറെയും നോഹയുടെ നാളിലേതുപോലെതന്നെയാണ്. ഇതു പ്രതീക്ഷിക്കേണ്ടതാണെന്ന് യേശുക്രിസ്തു പറയുകയുണ്ടായി. വ്യവസ്ഥിതിയുടെ സമാപനത്തിങ്കലെ തന്റെ സാന്നിദ്ധ്യത്തിന്റെ സമയത്തെക്കുറിച്ചുള്ള അവന്റെ വലിയ പ്രവചനത്തിൽ “നോഹയുടെ നാളുകൾപോലെതന്നെയായിരിക്കും മനുഷ്യപുത്രന്റെ സാന്നിദ്ധ്യം” എന്ന് യേശു മുൻകൂട്ടിപ്പറഞ്ഞു.—മത്തായി 24:37.
15, 16. (എ) നോഹയുടെ നാളിലെപ്പോലെ ഇന്നു ഭൂമി അക്രമം കൊണ്ടു നിറഞ്ഞിരിക്കുന്നുവെന്നതു സത്യമായിരിക്കുന്നതെന്തുകൊണ്ട്? (ബി) യഹോവയുടെ ദാസൻമാർ പ്രത്യേകിച്ച് ഏതു അക്രമത്തിനു വിധേയരാക്കപ്പെട്ടിരിക്കുന്നു?
15 അത് അങ്ങനെയായിത്തീർന്നിട്ടുണ്ടോ? ഇന്നു ലോകം അക്രമംകൊണ്ടു നിറഞ്ഞിരിക്കുന്നുവോ? ഉവ്വ്! ഈ നൂററാണ്ടിലെ യുദ്ധങ്ങളിൽ പത്തുകോടിയിലധികം പേർ മരിച്ചിരിക്കുന്നു. ഞങ്ങളുടെ വായനക്കാരിൽ ചിലർക്ക് നേരിട്ട് ഇതിന്റെ ഫലം അനുഭവപ്പെട്ടിട്ടുണ്ട്. അതിലുമധികം പേർ തങ്ങളുടെ പണവും മററു വിലയുള്ള വസ്തുക്കളും തട്ടിയെടുക്കാൻ മുതിരുന്ന കുററപ്പുള്ളികളാൽ ഭീഷണിപ്പെടുത്തപ്പെട്ടിട്ടുണ്ട്. കുട്ടികൾ സ്ക്കൂളിലെ അക്രമത്തിനു വിധേയരാക്കപ്പെട്ടിട്ടുണ്ട്.
16 എന്നിരുന്നാലും, യഹോവയുടെ ദാസൻമാർക്ക് യുദ്ധത്തിന്റെയും കുററകരമായ പൊതു അക്രമത്തിന്റെയും കെടുതികളെക്കാളധികം അനുഭവപ്പെടുന്നു. അവർ ലോകത്തിന്റെ ഭാഗമായിരിക്കാതെ ദൈവികഭക്തിയുള്ള ആളുകളായിരിക്കാൻ ശ്രമിക്കുന്നതുകൊണ്ടും അവർ അക്രമത്തിനു വിധേയരാക്കപ്പെടുന്നു. (2 തിമൊഥെയോസ് 3:10-12) ചിലപ്പോൾ ആ അക്രമം കേവലം ഉന്തിന്റെയോ തള്ളിന്റെയോ രൂപത്തിലായിരിക്കാം; മററു സമയങ്ങളിൽ വസ്തുനാശവും ദുഷ്ടമായ പ്രഹരങ്ങളും കൊലകൾ പോലും ഉൾപ്പെടുന്നു.—മത്തായി 24:9.
17. ഇന്ന് അക്രമം വ്യാപകമാണോ? വിശദീകരിക്കുക.
17 അങ്ങനെയുള്ള അക്രമങ്ങളിലേർപ്പെടവേ, ഭക്തികെട്ടവർ ചിലപ്പോൾ ദൈവത്തോടുള്ള തങ്ങളുടെ പുച്ഛംപോലും നിർലജ്ജം പ്രഖ്യാപിച്ചിട്ടുണ്ട്. ആഫ്രിക്കയിലെ ഒരു പ്രദേശത്ത്, പോലീസ് ഇങ്ങനെ പ്രഖ്യാപിച്ചു: “ഗവൺമെൻറ് ഞങ്ങളുടേതാണ്. ദൈവമെന്നൊരുത്തനുണ്ടെങ്കിൽ അവന്റെ അടുക്കൽപോയി നിങ്ങളെ സഹായിക്കാൻ ആവശ്യപ്പെടുക.” യഹോവയുടെ സാക്ഷികൾ തുറുങ്കുകളിലും തടങ്കൽപാളയങ്ങളിലും ജർമ്മനി, സാക്സെൻഹോസനിലെ ബാരനോവ്സ്ക്കിയെപ്പോലുള്ള മനുഷ്യരെ അഭിമുഖീകരിച്ചിട്ടുണ്ട്. “ഞാൻ യഹോവയുമായുള്ള ഒരു പോരാട്ടം ഏറെറടുത്തിരിക്കുകയാണ്. ഞാനാണോ യഹോവയാണോ കൂടുതൽ ശക്തനെന്ന് നമുക്കു കാണാം” എന്ന് അയാൾ പരിഹസിച്ചു. അധികം താമസിയാതെ ബാരനോവ്സ്ക്കി രോഗം ബാധിച്ചു മരിച്ചു; എന്നാൽ മററു ചിലർ സമാനമായ ഒരു മനോഭാവം പ്രകടമാക്കുന്നതിൽ തുടരുകയാണ്. പീഡനത്തിന്റെ ഒരു കുരിശുയുദ്ധത്തിലേർപ്പെടുന്ന ഉദ്യോഗസ്ഥൻമാർ മാത്രമല്ല ദൈവത്തോടുള്ള ധിക്കാരം പ്രകടമാക്കുന്നത്. ലോകത്തിനു ചുററും ദൈവദാസൻമാർ കാണുകയും കേൾക്കുകയും ചെയ്യുന്ന കാര്യങ്ങൾ അവയിൽ ഏർപ്പെടുന്നവർക്ക് ഹൃദയങ്ങളിൽ ദൈവഭയമില്ലെന്നുള്ളതിന്റെ തെളിവാണ്.
18. ദുഷ്ടാത്മാക്കൾ ഏതു വിധങ്ങളിൽ മനുഷ്യവർഗ്ഗത്തിന്റെ പ്രക്ഷുബ്ധാവസ്ഥക്ക് സംഭാവനചെയ്യുന്നു?
18 ഏറെയും നോഹയുടെ കാലത്തെപ്പോലെയായിരിക്കുന്ന ഈ നാളുകളിൽ നാമും ദുഷ്ടാത്മാക്കളുടെ ഇടപെടലുകൾക്കു സാക്ഷികളാണ്. (വെളിപ്പാട് 12:7-9) ഈ ഭൂതങ്ങൾ നോഹയുടെ നാളുകളിൽ ജഡമെടുത്ത് സ്ത്രീകളെ വിവാഹംകഴിച്ച അതേ ദൂതൻമാർതന്നെയാണ്. പ്രളയം വന്നപ്പോൾ അവരുടെ ഭാര്യമാരും കുട്ടികളും നശിപ്പിക്കപ്പെട്ടു, എന്നാൽ ആ അനുസരണംകെട്ട ദൂതൻമാർ ആത്മീയമണ്ഡലത്തിലേക്കു തിരികെപോകാൻ നിർബദ്ധരായി. അവർക്കു മേലാൽ യഹോവയുടെ വിശുദ്ധ സ്ഥാപനത്തിൽ ഒരു സ്ഥാനമില്ലായിരുന്നു. എന്നാൽ അവർ ദിവ്യപ്രകാശത്തിൽനിന്ന് ഛേദിക്കപ്പെട്ട്, കൂരിരുട്ടിന്റെ ഒരു അവസ്ഥയായ ററാർട്ടറസിലേക്ക് അയക്കപ്പെട്ടു. (2 പത്രോസ് 2:4, 5) മേലാൽ ജഡംധരിക്കാൻ അപ്രാപ്തരെങ്കിലും അവർ സാത്താന്റെ നിയന്ത്രണത്തിൽ പ്രവർത്തിച്ചുകൊണ്ട് മനുഷ്യരോട് അടുത്ത സമ്പർക്കം പുലർത്തുന്നതിൽ തുടരുകയും പുരുഷൻമാരെയും സ്ത്രീകളെയും കുട്ടികളെപ്പോലും നിയന്ത്രിക്കാൻ ശ്രമിക്കുകയും ചെയ്തിരിക്കുന്നു. അവയിൽ ചിലത് നിഗൂഢവിദ്യയിലൂടെയാണ് ചെയ്യപ്പെടുന്നത്. അവർ മാനുഷന്യായബോധത്തെ വെല്ലുന്ന വിധങ്ങളിൽ അന്യോന്യം നശിപ്പിക്കാനും മനുഷ്യവർഗ്ഗത്തെ ഇളക്കിവിടുന്നു. എന്നാൽ അതുമാത്രമല്ല.
19. (എ) വിശേഷിച്ച് ആർക്കെതിരായിട്ടാണ് ഭൂതങ്ങൾ വിദ്വേഷം പ്രകടമാക്കുന്നത്? (ബി) നാം എന്തു ചെയ്യാൻ നിർബന്ധിക്കുന്നതിനാണ് ഭൂതങ്ങൾ ശ്രമിക്കുന്നത്?
19 ഭൂതങ്ങൾ “ദൈവത്തിന്റെ കല്പനകളനുഷ്ഠിക്കുകയും യേശുവിനു സാക്ഷ്യം വഹിക്കുന്ന വേല ഉണ്ടായിരിക്കയും ചെയ്യുന്ന”വർക്കെതിരെ യുദ്ധംചെയ്യുകയാണെന്നും ബൈബിൾ വെളിപ്പെടുത്തുന്നു. (വെളിപ്പാട് 12:12, 17) ആ ദുഷ്ടാത്മാക്കളാണ് യഹോവയുടെ സാക്ഷികൾക്കെതിരായ പീഡനത്തിന്റെ മുഖ്യ കാരണക്കാർ. (എഫേസ്യർ 6:10-13) അവർ യഹോവയോടുള്ള നിർമ്മലതയെ ഭഞ്ജിക്കാനും യേശു മശിഹൈകരാജാവായിരിക്കുന്ന യഹോവയുടെ രാജ്യത്തെ ഘോഷിക്കുന്നതു നിർത്താനും വിശ്വസ്തമനുഷ്യരെ നിർബന്ധിക്കുകയും പ്രലോഭിപ്പിക്കുകയും ചെയ്യുന്നു.
20. ഭൂതങ്ങളുടെ നിയന്ത്രണത്തിൽനിന്ന് ആളുകൾ കുതറിമാറുന്നതിനെ തടയാൻ ഭൂതങ്ങൾ ശ്രമിക്കുന്നതെങ്ങനെ? (യാക്കോബ് 4:7)
20 ഭൂതങ്ങളുടെ മർദ്ദകസ്വാധീനത്തിൽനിന്നുള്ള ആശ്വാസം കാംക്ഷിക്കുന്നവരെ തടയാൻ അവർ കഠിനശ്രമം ചെയ്യുന്നു. സാക്ഷികൾ തന്റെ വീടു സന്ദർശിച്ചപ്പോൾ വാതിൽ തുറക്കരുതെന്ന് ഭൂതശബ്ദങ്ങൾ ആജ്ഞാപിച്ചെന്ന് ബ്രസീലിലെ ഒരു മുൻ ആത്മവിദ്യക്കാരി റിപ്പോർട്ടുചെയ്യുന്നു; എന്നാൽ അവൾ വാതിൽ തുറന്നു, അവൾ സത്യം പഠിക്കുകയും ചെയ്തു. അനേകം പ്രദേശങ്ങളിൽ, യഹോവയുടെ സാക്ഷികളുടെ വേല നിർത്താൻ ശ്രമിക്കുന്നതിന് ഭൂതങ്ങൾ മന്ത്രവാദികളെ നേരിട്ടു നിയമിക്കുന്നു. ദൃഷ്ടാന്തമായി, സുറീനത്തിലെ ഒരു ഗ്രാമത്തിൽ മന്ത്രവടി ആളുകളുടെ നേരെ നീട്ടുന്നതിനാൽമാത്രം പെട്ടെന്ന് അവരുടെ മരണം കൈവരുത്താൻ കഴിവുള്ളതായി പ്രസിദ്ധനായിരിക്കുന്ന ഒരു ആത്മവിദ്യക്കാരനെ യഹോവയുടെ സാക്ഷികളുടെ എതിരാളികൾ സമീപിച്ചു. ഒരു ഭൂതംബാധിച്ച ആത്മവിദ്യക്കാരൻ നർത്തകരും തമ്പേറടികാരുമടങ്ങുന്ന തന്റെ പരിവാരങ്ങളുമായി യഹോവയുടെ സാക്ഷികളെ അഭിമുഖീകരിച്ചു. അയാൾ തന്റെ മന്ത്രം ജപിച്ചുകൊണ്ട് അവരുടെ നേരെ തന്റെ വടി നീട്ടി. സാക്ഷികൾ മരിച്ചുവീഴുമെന്ന് ഗ്രാമവാസികൾ പ്രതീക്ഷിച്ചു. എന്നാൽ ബോധംകെട്ടുവീണത് ആത്വിദ്യക്കാരനായിരുന്നു. ബുദ്ധിമുട്ടനുഭവപ്പെട്ട അയാളുടെ പിന്തുണക്കാർ അയാളെ പൊക്കിയെടുത്തുകൊണ്ടുപോകേണ്ടിവന്നു.
21. നോഹയുടെ നാളിലെപ്പോലെ, ഭൂരിപക്ഷമാളുകളും നമ്മുടെ പ്രസംഗത്തോട് പ്രതികരിക്കുന്നതെങ്ങനെ, എന്തുകൊണ്ട്?
21 മന്ത്രവാദവും ക്ഷുദ്രപ്രയോഗവും ഇത്ര പരസ്യമായി ആചരിക്കപ്പെടാത്ത പ്രദേശങ്ങളിൽപോലും ശല്യംതോന്നാനാഗ്രഹിക്കാത്തവണ്ണം അനുദിനജീവിതവ്യാപാരങ്ങളിൽ വളരെയധികം ആമഗ്നരായിരിക്കുന്ന ആളുകളോടു പ്രസംഗിക്കാൻ ശ്രമിക്കുന്നതിന്റെ ഫലം ഓരോ യഹോവയുടെ സാക്ഷിക്കും അനുഭവപ്പെട്ടിട്ടുണ്ട്. നോഹയുടെ നാളുകളിലെപ്പോലെ, ബഹുഭൂരിപക്ഷവും ‘ഗൗനിക്കുന്നില്ല.’ (മത്തായി 24:37-39) ചിലർ നമ്മുടെ ഐക്യത്തെയും നേട്ടങ്ങളെയും ആദരിച്ചേക്കാം. എന്നാൽ നമ്മുടെ ആത്മീയ നിർമ്മാണവേല—മണിക്കൂറുകളോളമുള്ള വ്യക്തിപരമായ ബൈബിൾപഠനവും നിരന്തരയോഗഹാജരും വയൽസേവനവും—എല്ലാം അവർക്ക് മൂഢത്വമാണ്. ദൈവവചനത്തിലെ വാഗ്ദത്തങ്ങളിലുള്ള നമ്മുടെ വിശ്വാസത്തെ അവർ പരിഹസിക്കുന്നു, എന്തുകൊണ്ടെന്നാൽ അവരുടെ ജീവിതം അവർക്കിപ്പോൾ ലഭിക്കാവുന്ന ഭൗതികസ്വത്തുക്കളിലും ഇന്ദ്രിയസുഖങ്ങളിലുമാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.
22, 23. യഹോവ ദൈവികഭക്തിയുള്ള ആളുകളെ പീഡാനുഭവത്തിൽനിന്നു വിടുവിക്കുമെന്ന് നോഹയുടെ നാളിലെ സംഭവങ്ങൾ ഈടുററ ഉറപ്പുനൽകുന്നതെങ്ങനെ?
22 യഹോവയുടെ വിശ്വസ്തദാസൻമാർ ദൈവസ്നേഹമില്ലാത്തവരുടെ ദുഷ്പെരുമാററത്തിന് എന്നേക്കും വിധേയരാക്കപ്പെടുമോ? യാതൊരു പ്രകാരത്തിലുമില്ല! നോഹയുടെ നാളിൽ എന്തു സംഭവിച്ചു? ദൈവത്തിന്റെ മാർഗ്ഗനിർദ്ദേശപ്രകാരം നോഹയും അവന്റെ കുടുംബവും പൂർത്തിയായ പെട്ടകത്തിലേക്കു നീങ്ങി. പിന്നെ ദിവ്യനിർദ്ദിഷ്ടസമയത്ത് “വിസ്തൃതമായ ആഴിയുടെ ഉറവുകളെല്ലാം പിളരുകയും ആകാശങ്ങളുടെ ജലകവാടങ്ങൾ തുറക്കുകയും ചെയ്തു.” പർവതങ്ങൾപോലും മൂടുന്നതുവരെ പ്രളയം തുടർന്നു. (ഉല്പത്തി 7:11, 17-20) തങ്ങളുടെ ഉചിതമായ വാസസ്ഥലം ഉപേക്ഷിച്ചുപോന്ന ദൂതൻമാർ തങ്ങളുടെ മൂർത്തീകരിക്കപ്പെട്ട മനുഷ്യശരീരങ്ങൾ വെടിഞ്ഞ് ആത്മമണ്ഡലത്തിലേക്കു മടങ്ങാൻ നിർബദ്ധരാക്കപ്പെട്ടു. നെഫിലിമും നോഹയുടെ മുന്നറിയിപ്പനുസരിക്കാൻ കഴിയാത്തവിധം അത്ര ഉദാസീനരായിരുന്നവരും ഉൾപ്പെടെ ആ ഭക്തികെട്ട ലോകത്തിലെ ശേഷിച്ച സകലരും നശിപ്പിക്കപ്പെട്ടു. മറിച്ച്, നോഹയും അവന്റെ ഭാര്യയും അവരുടെ മൂന്നു പുത്രൻമാരും പുത്രൻമാരുടെ ഭാര്യമാരും രക്ഷിക്കപ്പെട്ടു. അങ്ങനെ, നോഹയും അവന്റെ കുടുംബവും വിശ്വസ്തമായി അനേകം വർഷക്കാലം സഹിച്ചിരുന്ന പീഡാനുഭവത്തിൽനിന്ന് യഹോവ അവരെ വിടുവിച്ചു.
23 ഇന്ന് ദൈവികഭക്തിയുള്ള ആളുകൾക്കുവേണ്ടി യഹോവ അതുതന്നെ ചെയ്യുമോ? അതുസംബന്ധിച്ചു യാതൊരു സംശയവുമില്ല. അവൻ അതു വാഗ്ദത്തംചെയ്തിട്ടുണ്ട്. അവനു വ്യാജം പറയുക സാദ്ധ്യമല്ല.—തീത്തോസ് 1:2; 2 പത്രോസ് 3:5-7. (w90 4⁄15)
[അടിക്കുറിപ്പ്]
a അനോമിയാ ദൈവനിയമങ്ങളോടുള്ള അനാദരവോ ധിക്കാരമോ ആണ്; [‘ഭക്തികെട്ട ആളുകൾ’ എന്നു വിവർത്തനംചെയ്യപ്പെട്ടിരിക്കുന്ന പദത്തിന്റെ നാമരൂപമായ] അസേബിയാ ദൈവത്തിന്റെ വ്യക്തിത്വത്തോടുള്ള അതേ മനോഭാവമാണ്.—വൈൻ രചിച്ച പഴയതും പുതിയതുമായ നിയമങ്ങളിലെ പദങ്ങളുടെ ഒരു വ്യാഖ്യാനനിഘണ്ടു, വാല്യം 4, പേജ് 170.
നിങ്ങൾ ഓർക്കുന്നുവോ?
◻ ദൈവികഭക്തിയുള്ള ആളുകളെ പീഡാനുഭവത്തിൽനിന്നു വിടുവിക്കാൻ യഹോവക്കറിയാമെന്ന് പത്രോസ് എങ്ങനെ പ്രകടമാക്കി?
◻ നോഹയുടെ നാളിലെ അക്രമത്തിന് ഏതു ഘടകങ്ങൾ സംഭാവനചെയ്തു?
◻ വരാനിരുന്ന ആഗോളപ്രളയത്തിന്റെ വീക്ഷണത്തിൽ നോഹക്ക് എന്ത് ഉത്തരവാദിത്തമുണ്ടായിരുന്നു?
◻ നാം നമ്മുടെ കാലത്ത് നോഹയുടെ നാളുകളുമായി എന്തു സമാന്തരം കാണുന്നു?
[14-ാം പേജിലെ ചിത്രം]
പെട്ടകംപണിയിൽ വർഷങ്ങളിലെ കഠിനവേല ഉൾപ്പെട്ടിരുന്നു
[15-ാം പേജിലെ ചിത്രം]
നോഹ തന്റെ കുടുംബത്തിന്റെ ആത്മീയത വളർത്തിയെടുക്കാൻ സമയം വിനിയോഗിച്ചു