മോവാബ്യശില നശിപ്പിക്കപ്പെട്ടുവെങ്കിലും നഷ്ടപ്പെട്ടില്ല
മോവാബ്യ ശില അഥവാ മേശാശില അതു കണ്ടുപിടിക്കപ്പെട്ട 1868നുശേഷം ഒരു വർഷത്തിനകം അതു കരുതിക്കൂട്ടി തകർക്കപ്പെട്ടു. അതിന് ഏതാണ്ട് 3,000 വർഷം പഴക്കമുണ്ടായിരുന്നു. ഭംഗിയായി ഉരുട്ടിയ മുകളോടുകൂടിയ മിനുക്കിയ ഒരു കൃഷ്ണശിലാശകലമായ അതിന് ഏതാണ്ട് നാലടി ഉയരവും രണ്ടിലധികം അടി വീതിയും ഏകദേശം രണ്ടടി ഘനവുമുണ്ടായിരുന്നു. അത് തകർക്കപ്പെട്ട ശേഷം 2 വലിയ കഷണങ്ങളും 18 ചെറിയ കഷണങ്ങളും വീണ്ടെടുക്കപ്പെട്ടു, എന്നാൽ ശിലയുടെ മൂന്നിലൊരു ഭാഗം പുനഃസ്ഥാപിക്കാൻ കഴിയാത്തവിധം നഷ്ടപ്പെട്ടു.
അത്തരം അസാധാരണമായ ഒരു കരകൗശലശില്പം മിക്കവാറും എന്നേക്കുമായി നഷ്ടപ്പെട്ടതെങ്ങനെ? ബൈബിൾവിദ്യാർത്ഥികൾക്ക് അത് എത്ര വിലയേറിയതാണ്?
തന്ത്രവും അവിശ്വാസവും
ശില തകരാത്ത അവസ്ഥയിൽ ആദ്യമായും അവസാനമായും കണ്ട യൂറോപ്യൻ എഫ്. എ. ക്ലൈൻ ആയിരുന്നു. അത് ചാവുകടലിന്റെ വടക്കുകിഴക്കുള്ള ഡീബോണിന്റെ നഷ്ടശിഷ്ടങ്ങൾക്കിടയിൽ കിടക്കുകയായിരുന്നു. അതിന്റെ പൊങ്ങിനിന്ന അരികുകൾക്കുള്ളിൽ 35 വരികളിലുള്ള ആലേഖനത്തിന്റെ ഭാഗങ്ങളുടെ ചില ഹ്രസ്വമായ രേഖാചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചു, യെരൂശലേമിലേക്കു തിരിച്ചുചെന്നപ്പോൾ തന്റെ പ്രഷ്യൻ മേലാവിനോട് ഈ കണ്ടുപിടുത്തത്തെക്കുറിച്ച് റിപ്പോർട്ടുചെയ്യുകയുംചെയ്തു. രേഖ ഫൊയ്നീക്യഭാഷയിലുള്ളതാണെന്ന് പെട്ടെന്ന് തിരിച്ചറിയപ്പെട്ടു, അതിന്റെ പ്രാധാന്യവും തിരിച്ചറിയപ്പെട്ടു. ബർലിനിലെ റോയൽ കാഴ്ചബംഗ്ലാവ് ഈ ശില വാങ്ങുന്നതിനുള്ള പണം സംഭരിച്ചു. എന്നാൽ പെട്ടെന്നുതന്നെ മററ് തത്പരകക്ഷികൾ അതിനുവേണ്ടി പോരാടി. തങ്ങളുടെ നേട്ടത്തിന്റെ മൂല്യംസംബന്ധിച്ച് ഉണർത്തപ്പെട്ടതിനാൽ തദ്ദേശ ഷെയിക്കുകൾ അത് ഒളിച്ചുവെക്കുകയും അതിന്റെ വില ജുഗുപ്സാവഹമായി ഉയർത്തുകയുംചെയ്തു.
ഒരു ഫ്രഞ്ച് പുരാവസ്തുശാസ്ത്രജ്ഞന് ലേഖനം കടലാസിൽ അമുക്കിയെടുക്കാൻകഴിഞ്ഞു. എന്നാൽ അത് ഉണങ്ങുന്നതിനുമുമ്പ് വേർപെടുത്തിയെടുക്കേണ്ടതുണ്ടായിരുന്നതിനാൽ എഴുത്ത് തീരെ പതിഞ്ഞിരുന്നില്ല. ഇതിനിടയിൽ തങ്ങളുടെ ശില ഗവൺമെൻറ് ഉദ്യോഗസ്ഥൻമാരെ ഏൽപ്പിക്കാൻ ഡമാസ്കസിൽ നിന്ന് ബഡൂവിൻഅറബികൾക്ക് കല്പനകിട്ടി. അതനുസരിച്ചു പ്രവർത്തിക്കുന്നതിനു പകരം അതു നശിപ്പിക്കാൻ ബഡൂവിൻ തീരുമാനിച്ചു. അങ്ങനെ അവർ വിലയേറിയ സ്മാരകാവശിഷ്ടത്തിനു ചുററും തീകൂട്ടുകയും അത് ആവർത്തിച്ച് വെള്ളത്തിൽ മുക്കുകയുംചെയ്തു. ശില തകർന്നപ്പോൾ ശകലങ്ങൾ പ്രകടമായും തങ്ങളുടെ വിളകൾക്ക് അനുഗ്രഹം ഉറപ്പുവരുത്താൻ കളപ്പുരകളിൽവെക്കുന്നതിന് തദ്ദേശീയ കുടുംബങ്ങളുടെ ഇടയിൽ പെട്ടെന്ന് വിതരണംചെയ്യപ്പെട്ടു. ചിതറിപ്പോയ ശകലങ്ങളുടെ വില്പനക്ക് വ്യക്തിപരമായി ഏർപ്പാടുചെയ്യുന്നതിനുള്ള ഏററം നല്ല മാർഗ്ഗവുമതായിരുന്നു.
ബൈബിൾചരിത്രം ജീവനിലേക്കു വരുന്നു
ശകലങ്ങളെ മെച്ചപ്പെടുത്താനുള്ള പ്ലാസ്ററർ വാർപ്പുകളുടെയും കടലാസ്പതിപ്പുകളുടെയും സഹായത്താൽ ആലേഖനം ഒടുവിൽ വീണ്ടെടുക്കപ്പെട്ടു. പൂർണ്ണപാഠം വെളിപ്പെടുത്തപ്പെട്ടപ്പോൾ പണ്ഡിതൻമാർ അതിശയിച്ചുപോയി. ആ സമയത്ത് ആ പുരാതന ശിലാഫലകം “കണ്ടുപിടിക്കപ്പെട്ടിട്ടുള്ളതിലേക്കും ശ്രദ്ധേയമായ ഒററക്കൽ ഫലകം” എന്ന് വർണ്ണിക്കപ്പെട്ടു.
യിസ്രായേലിന്റെ ആധിപത്യത്തെ മോവാബിലെ മേശാരാജാവ് തകർത്തതിന്റെ സ്മരണക്കായി അയാൾ നാട്ടിയതായിരുന്നു മോവാബ്യശില. ആ ആധിപത്യം 40 വർഷം നീണ്ടുനിന്നിരുന്നുവെന്നും “തന്റെ ദേശത്തോടു കോപിച്ചതിനാൽ” കെമോശ് അതനുവദിച്ചതാണെന്നും അയാൾ പറയുന്നു. മോവാബിന്റെ ഈ വിപ്ലവം സാധാരണയായി 2 രാജാക്കൻമാർ മൂന്നാം അദ്ധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന സംഭവങ്ങളോട് ബന്ധപ്പെട്ടിരിക്കുന്നതായി പരിഗണിക്കപ്പെടുന്നു. ഈ സ്മാരകശിലയിൽ മേശാ താൻ മതഭക്തനായിരിക്കുന്നതായും നഗരങ്ങളും ഒരു പെരുവഴിയും പണികഴിപ്പിച്ചതായും യിസ്രായേലിൻമേൽ ഒരു വിജയം നേടിയതായും വീമ്പിളക്കുന്നു. ഇതിൽ അയാൾ സകല ബഹുമതിയും തന്റെ ദൈവമായ കെമോശിനു കൊടുക്കുന്നു. ഒരുവന് പ്രതീക്ഷിക്കാൻ കഴിയുന്നതുപോലെ, മേശായുടെ പരാജയവും അവന്റെ സ്വന്തം പുത്രന്റെ ബലിയും—ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നത്—ഈ ആത്മപ്രശംസാപരമായ ആലേഖനത്തിൽ വിട്ടുകളഞ്ഞിരിക്കുകയാണ്.
താൻ പിടിച്ചടക്കിയതായി മേശാ പട്ടികപ്പെടുത്തിയിരിക്കുന്ന അനേകം സ്ഥലങ്ങൾ ബൈബിളിൽ പറയപ്പെട്ടിട്ടുണ്ട്. അവയിൽ മെദബായും അതാരോത്തും നെബോയും യാഹാസും ഉൾപ്പെടുന്നു. അങ്ങനെ ഈ ശില ബൈബിൾവിവരണങ്ങളുടെ കൃത്യതയെ പിന്താങ്ങുന്നു. എന്നിരുന്നാലും മുന്തിനിൽക്കുന്നത് മേശാ തന്റെ രേഖയുടെ 18-ാമത്തെ വരിയിൽ യിസ്രായേലിന്റെ ദൈവത്തിന്റെ നാമമായ യഹോവ എന്നതിന്റെ ചതുരക്ഷരങ്ങൾ ഉപയോഗിച്ചിരിക്കുന്നതാണ്. അവിടെ മേശാ ഇങ്ങനെ വീമ്പിളക്കുന്നു: “ഞാൻ അവിടെനിന്ന് [നെബോ] യാഹ്വേയുടെ [പാത്രങ്ങൾ] എടുക്കുകയും കെമോശിന്റെ മുമ്പിലേക്ക് അവയെ വലിച്ചുകൊണ്ടുപോകുകയുംചെയ്തു.” ഒരുപക്ഷേ ബൈബിളിനു പുറത്തെ ദിവ്യനാമത്തിന്റെ ഉപയോഗത്തിന്റെ ഏററം ആദിമമായ രേഖ ഇതാണ്.
ആയിരത്തിഎണ്ണൂററി എഴുപത്തിമൂന്നിൽ മോവാബ്യശില നഷ്ടപ്പെട്ട പാഠത്തിന്റെ പ്ലാസ്ററർവാർപ്പുകൾ കൊണ്ട് പുനഃസ്ഥിതീകരിക്കപ്പെടുകയും പാരീസിലെ ലൂവ്ർ മ്യൂസിയത്തിൽ പ്രദർശിപ്പിക്കപ്പെടുകയും ചെയ്തു. അതവിടെ സ്ഥിതിചെയ്യുന്നു. ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിൽ ഒരു പ്രതിചിത്രണം കാണാൻ കഴിയും. (w90 4⁄15)
[27-ാം പേജിലെ ചിത്രങ്ങൾ]
(മുകളിൽ) മോവാബ്ദേശം
[കടപ്പാട്]
Pictorial Archive (Near Eastern History) Est.
(ഇടത്ത്) പുനർനിർമ്മിക്കപ്പെട്ട മോവാബ്യശില
[കടപ്പാട്]
Musée du Louvre, Paris
(വലത്ത്) കരകൗശല ശില്പത്തിൽ കാണപ്പെടുന്നതുപോലെയുള്ള ചതുരക്ഷരങ്ങൾ
[കടപ്പാട്]
The Bible in the British Museum