യഹോവയുടെ സേവനത്തിലെ സന്തുഷ്ടരായ യുവജനങ്ങൾ
“ഒരു കുട്ടിപോലും അവന്റെ പ്രവൃത്തികളാൽ അറിയപ്പെടുന്നു, അവന്റെ പെരുമാററം നിർമ്മലവും നീതിയുള്ളതുമാണോ എന്നതിനാൽതന്നെ.”—സദൃശവാക്യങ്ങൾ 20:11, ന്യൂ ഇൻറർനാഷനൽ വേർഷൻ.
1. ശമൂവേലിനെപ്പററി ബൈബിൾ പറയുന്ന ചില ശ്രദ്ധേയമായ കാര്യങ്ങൾ എന്തൊക്കെയാണ്?
ശീലോവിലെ യഹോവയുടെ സമാഗമനകൂടാരത്തിൽ “ശുശ്രൂഷ” ആരംഭിച്ചപ്പോൾ ബാലനായ ശമൂവേലിന് മൂന്നിനും അഞ്ചിനും മദ്ധ്യേയുള്ള പ്രായമേ ഉണ്ടായിരുന്നുള്ളു. അവന്റെ ചുമതലകളിൽ ഒന്ന് “യഹോവയുടെ ഭവനത്തിന്റെ വാതിലുകൾ” തുറക്കുന്നതായിരുന്നു. “ശമൂവേൽ വലിപ്പത്തിലും യഹോവയുടെയും മനുഷ്യരുടെയും നിലപാടിൽ പ്രിയങ്കരനായും വളർന്നുകൊണ്ടിരുന്നു” എന്ന് ബൈബിൾ പറയുന്നു. പ്രായപൂർത്തിയായപ്പോൾ അവൻ ഇസ്രായേലിനെ സത്യാരാധനയിലേക്കു മടക്കിക്കൊണ്ടുവന്നു. അവൻ “തന്റെ ആയുഷ്ക്കാലമൊക്കെയും ദൈവത്തെ സേവിച്ചു. അവൻ “വൃദ്ധനും നരച്ചവനും” ആയ ശേഷവും “യഹോവയെ ഭയപ്പെടാനും . . . അവനെ സത്യത്തിൽ സേവിക്കാനും” അവൻ ജനങ്ങളെ ഉത്സാഹിപ്പിച്ചുകൊണ്ടിരുന്നു. ബൈബിൾ ശമൂവേലിനെപ്പററി പറയുന്നതുപോലെ ആളുകൾക്ക് നിങ്ങളെപ്പററി ഇത്തരം നല്ല കാര്യങ്ങൾ പറയാൻകഴിഞ്ഞിരുന്നെങ്കിൽ അതു വളരെ നല്ല ഒരു കാര്യമായിരിക്കുമായിരുന്നില്ലേ?—1 ശമൂവേൽ 1:24; 2:18, 26; 3:15; 7:2-4, 15; 12:2, 24.
2. യഹോവയുടെ ജനത്തിന്റെ മീററിംഗുകളിൽനിന്ന് ഇന്ന് കൊച്ചുകുട്ടികൾ എന്തു പഠിക്കുന്നു?
2 നിങ്ങൾ യഹോവയുടെ സാക്ഷികളിലൊരാൾ ആണെങ്കിൽ, അല്ലെങ്കിൽ നിങ്ങൾ അവരുടെ ക്രിസ്തീയയോഗങ്ങൾക്ക് ഹാജരാകുന്നുണ്ടെങ്കിൽ നിങ്ങൾ ഈ ലേഖനം പഠിക്കാൻ കൂടിവരുന്ന രാജ്യഹാളിൽ നിങ്ങളുടെ ചുററുപാടുമൊന്നു കണ്ണോടിക്കുക. എല്ലാ പ്രായത്തിലുമുള്ള ആളുകളെ നിങ്ങൾ കാണുന്നു. ഒരുപക്ഷേ ഇപ്പോൾത്തന്നെ “വൃദ്ധരും നരച്ചവരുമായ” ആളുകളുണ്ടായിരിക്കാം. മാതാപിതാക്കളും യുവജനങ്ങളും കൊച്ചുകുട്ടികളും കൈക്കുഞ്ഞുങ്ങളും ഉണ്ട്. ഏററം ചെറിയ കുഞ്ഞുങ്ങൾപോലും ഇപ്പോൾത്തന്നെ പഠിക്കുന്നുണ്ടോ? ഉവ്വ്. കൊച്ചുകുട്ടികളായിരുന്നപ്പോൾ മീററിംഗിനു കൊണ്ടുവരപ്പെട്ടവരോട് ഒന്നു ചോദിച്ചുനോക്കുക. തങ്ങളുടെ ആദ്യവർഷങ്ങൾ മുതൽതന്നെ ദൈവത്തെ ബഹുമാനിക്കുന്നതിനും അവന്റെ ജനത്തെ സ്നേഹിക്കുന്നതിനും അവനെ ആരാധിക്കുന്ന സ്ഥലത്തെ വിലമതിക്കുന്നതിനും തങ്ങൾ പഠിക്കുകയായിരുന്നുവെന്ന് അവർ സത്യസന്ധമായി നിങ്ങളോടു പറയും. കാലം കടന്നുപോകുമ്പോൾ കൊച്ചുകുട്ടികൾ അത്ഭുതകരങ്ങളായ സത്യങ്ങൾ പഠിക്കുന്നു. അറിവിലും വിലമതിപ്പിലും വളർന്നുകഴിയുമ്പോൾ അനേകം യുവജനങ്ങൾ “യഹോവയുടെ നാമം അത്യുന്നതമായിരിക്കുന്നതിനാൽ അവന്റെ നാമത്തെ സ്തുതിക്കാൻ” സങ്കീർത്തനക്കാരൻ ആരെ പ്രോൽസാഹിപ്പിക്കുന്നുവോ ആ ‘യുവജനങ്ങളുടെയും കന്യകമാരുടെയും വൃദ്ധൻമാരുടെയും ബാലൻമാരുടെയും’ ഭാഗമായിത്തീരുന്നു.—സങ്കീർത്തനം 148:12, 13.
3. ബൈബിൾ പഠിച്ചിട്ടുള്ള യുവജനങ്ങൾ അതു പഠിച്ചിട്ടില്ലാത്തവരിൽ നിന്ന് വ്യത്യസ്തമായി ജീവിതത്തെ വീക്ഷിക്കുന്നതെങ്ങനെ?
3 അത്തരം മീററിംഗുകൾക്ക് ക്രമമായി കൊണ്ടുവരപ്പെടുന്ന ചെറുപ്രായക്കാരാണ് നിങ്ങളെങ്കിൽ നിങ്ങൾ പ്രത്യേകാൽ അനുഗൃഹീതരാണ്. മററ് അനേകം യുവജനങ്ങൾ ലോകത്തിലെ പ്രശ്നങ്ങൾ നിമിത്തം മനഃപ്രയാസം അനുഭവിക്കുന്നവരാണ്. ചിലർക്ക് മനുഷ്യർ ഭൂമിയെ നശിപ്പിക്കും എന്നുള്ള ഭയമായിരിക്കാം. അതു സംഭവിക്കാൻ ദൈവം അനുവദിക്കുകയില്ല എന്ന്, ഈ സുന്ദരമായ ഭൂമിയെ നശിപ്പിക്കുന്നതിൽ തുടരാൻ ദൈവം അവരെ അനുവദിക്കുകയില്ല എന്ന്, നിങ്ങൾക്കറിയാം. അതു സംഭവിക്കാൻ അനുവദിക്കുന്നതിനു പകരം ബൈബിൾ പറയുന്ന പ്രകാരം ദൈവം “ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കും.” ദൈവത്തിന്റെ നീതിയുള്ള പുതിയ ലോകത്തിലെ ശോഭനമായ ഒരു ഭാവി ആസന്നമാണ് എന്ന് ബൈബിൾ വാഗ്ദാനംചെയ്യുന്നുവെന്ന് നിങ്ങൾക്കറിയാം.—വെളിപ്പാട് 11:18; സങ്കീർത്തനം 37:29; 2 പത്രോസ് 3:13.
നിങ്ങളുടെ സ്വന്തം വിശ്വാസം
4. ദൈവത്തിന്റെ വഴികൾ അറിയുന്നത് യുവജനങ്ങളുടെമേൽ എന്ത് ഉത്തരവാദിത്വം വെക്കുന്നു, ഇതിൽ ബാലനായ ശമൂവേൽ ഒരു നല്ല മാതൃകയായിരുന്നതെങ്ങനെ?
4 തുടക്കത്തിൽ ക്രിസ്തീയസത്യത്തിന്റെ മാർഗ്ഗം നിങ്ങളുടെ മാതാപിതാക്കളുടെ അനുധാവനമായിരുന്നിരിക്കാം. ഒരുപക്ഷേ അവർ നിങ്ങളെ കൊണ്ടുവന്നതുകൊണ്ട് നിങ്ങൾ ക്രിസ്തീയ യോഗങ്ങൾക്ക് ഹാജരായി. അവർ ദൈവികസേവനത്തിൽ ഏർപ്പെട്ടതുകൊണ്ട് നിങ്ങളും അപ്രകാരം ചെയ്തിരിക്കാം. എന്നിരുന്നാലും കാലം കടന്നുപോകുമ്പോൾ യഹോവയെ സേവിക്കുന്നതും അനുസരിക്കുന്നതും നിങ്ങളുടെ സ്വന്തം ഇഷ്ടത്താൽ ആയിരിക്കാൻ കഴിയും. ബാലനായ ശമൂവേലിന്റെ അമ്മ നേരായ വഴിയിൽ അവന് തുടക്കമിട്ടുകൊടുത്തു, എന്നാൽ അവൻ വ്യക്തിപരമായി ആ വഴിയേ പോകേണ്ടതുണ്ടായിരുന്നു. നാം ഇപ്രകാരം വായിക്കുന്നു: “ഒരു കുട്ടിപോലും അവന്റെ പ്രവൃത്തികളാൽ അറിയപ്പെടുന്നു, അവന്റെ പെരുമാററം നിർമ്മലവും നീതിയുള്ളതുമാണോ എന്നതിനാൽതന്നെ.”—സദൃശവാക്യങ്ങൾ 20:11, NIV.
5. (എ) ബൈബിൾ എത്രമാത്രം വിലപ്പെട്ടതാണ്? (ബി) ദൈവത്തിന്റെ എഴുതപ്പെട്ട വചനം സംബന്ധിച്ച് പൗലോസ് തിമൊഥെയോസിനോട് എന്തു പറഞ്ഞു?
5 ദൈവം നമ്മിൽനിന്ന് എന്താണാവശ്യപ്പെടുന്നതെന്ന് തിരുവെഴുത്തുകൾ നമ്മോടു പറയുന്നു. അവനെ പ്രസാദിപ്പിക്കേണ്ടത് എങ്ങനെയെന്ന് നമുക്ക് പ്രയോജനകരമായ വളരെയധികം വിവരങ്ങൾ നൽകിക്കൊണ്ട് തിരുവെഴുത്തുകൾ വ്യക്തമായി കാണിച്ചുതരുന്നു. തന്റെ യുവസഹായിയായിരുന്ന തിമൊഥെയോസിനോട് അപ്പോസ്തലനായ പൗലോസ് ഇപ്രകരം പറഞ്ഞു: “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും പ്രാപ്തനായി പൂർണ്ണമായും സജ്ജനാകേണ്ടതിന് പഠിപ്പിക്കലിനും ശാസനക്കും കാര്യങ്ങൾ നേരെയാക്കുന്നതിനും നീതിയിൽ ശിക്ഷണം കൊടുക്കുന്നതിനും പ്രയോജനകരവുമാകുന്നു.”—2 തിമൊഥെയോസ് 3:16, 17.
6. അറിവിന്റെയും ദൈവികജ്ഞാനത്തിന്റെയും പ്രാധാന്യംസംബന്ധിച്ച് സദൃശവാക്യങ്ങൾ എന്ന പുസ്തകം എന്തു പറയുന്നു?
6 “ശിക്ഷണത്തിന് ചെവികൊടുത്തു ജ്ഞാനികളായിത്തീരാനും” ബൈബിൾ നമ്മോടു പറയുന്നു. ദൈവകല്പനകളെ “നിധിപോലെ കണക്കാക്കാനും” “വിവേകത്തിനായി വിളിക്കാനും” മറഞ്ഞിരിക്കുന്ന നിക്ഷേപങ്ങൾക്കെന്നപോലെ “വിവേകം തേടിക്കൊണ്ടിരിക്കാനും” അതു പറയുന്നു. നിങ്ങൾ ഈ ഉപദേശം സ്വീകരിക്കുന്നുവെങ്കിൽ നിങ്ങൾ “യഹോവാഭയം ഗ്രഹിക്കുകയും ദൈവികപരിജ്ഞാനംതന്നെ കണ്ടെത്തുകയും ചെയ്യും.” ഈ ബുദ്ധിയുപദേശവും നാം കാണുന്നു: “ഇപ്പോൾ പുത്രൻമാരേ, എന്റെ വാക്കു കേട്ടുകൊൾക. അതെ, എന്റെ വഴികൾതന്നെ അനുസരിക്കുന്നവർ സന്തുഷ്ടരാകുന്നു. ശിക്ഷണം കേട്ട് ജ്ഞാനികളായിത്തീരുക, യാതൊരു അവഗണനയും കാണിക്കരുത്. എന്നെ ശ്രദ്ധിക്കുന്ന മനുഷ്യൻ . . . സന്തുഷ്ടനാകുന്നു. എന്തുകൊണ്ടെന്നാൽ എന്നെ കണ്ടെത്തുന്നവൻ നിശ്ചയമായും ജീവനെ കണ്ടെത്തും, യഹോവയുടെ പ്രീതി സമ്പാദിക്കുകയും ചെയ്യുന്നു.” നിങ്ങൾ ബൈബിളിനെ അത്രത്തോളം വിലമതിക്കുകയും അതു പറയുന്ന കാര്യങ്ങൾ പഠിക്കാൻ ആ വിധത്തിൽ ശ്രമംചെയ്യുകയും ചെയ്യുന്നുവോ?—സദൃശവാക്യങ്ങൾ 2:1-5, 8:32-35.
അറിവു സമ്പാദിക്കുക
7. നാം പഠിക്കേണ്ട ഏററം പ്രധാനമായ കാര്യങ്ങൾ ഏവയാണ്?
7 ചില യുവജനങ്ങൾക്ക് കായികവിനോദരംഗത്തെ എല്ലാ സ്ഥിതിവിവരക്കണക്കുകളുമറിയാം, അല്ലെങ്കിൽ അവർക്കിഷ്ടപ്പെട്ട സംഗീതസംഘത്തെ സംബന്ധിച്ച എല്ലാ വിവരങ്ങളും അവർ നിങ്ങളോടു പറയും. ഈ കാര്യങ്ങൾ പഠിക്കുകയും ഓർമ്മയിൽ വെക്കുകയും ചെയ്യുന്നത് എളുപ്പമാണന്ന് അവർ കണ്ടെത്തുന്നു, എന്തുകൊണ്ടെന്നാൽ അവർക്ക് അവയിൽ താത്പര്യമുണ്ട്. എന്നാൽ അവർക്ക് ദൈവത്തെ സംബന്ധിച്ച് എന്തറിയാം എന്നതാണ് ഏററം പ്രധാനപ്പെട്ട ചോദ്യം. അവൻ ചെയ്തിട്ടുള്ള കാര്യങ്ങളെപ്പററി ഒന്നു ചിന്തിക്കുക. ദൈവം ഈ അഖിലാണ്ഡത്തെ സൃഷ്ടിച്ചു. മനുഷ്യർ എന്തു ചെയ്യുമെന്നും എന്തു സംഭവിക്കുമെന്നും അവ സംഭവിക്കുന്നതിന് ദീർഘനാൾമുമ്പേ അവൻ മുൻകൂട്ടിപ്പറഞ്ഞു. ബൈബിൾ നമ്മോട് ദൈവത്തെപ്പററി പറയുകമാത്രമല്ല ചെയ്യുന്നത്, നമുക്ക് അവനെ എങ്ങനെ പ്രസാദിപ്പിക്കാമെന്നും അതു നമ്മെ പഠിപ്പിക്കുന്നു. നമുക്ക് ഇപ്പോൾ സന്തുഷ്ടമായ ഒരു ജീവിതം ഉണ്ടായിരിക്കാൻ കഴിയുന്നതെങ്ങനെയെന്നും അവന്റെ നീതിയുള്ള പുതിയ ലോകത്തിൽ നമുക്ക് എങ്ങനെ നിത്യജീവൻ നേടാമെന്നും അതു കാണിച്ചുതരുന്നു. ഒരു പന്തുകളിയിൽ ആരു ജയിച്ചുവെന്നറിയുന്നതിനെക്കാളും, ആളുകൾ പെട്ടെന്നുതന്നെ മറന്നുകളയുന്ന സംഗീതജ്ഞരുടെ പേരു പഠിക്കുന്നതിനെക്കാളും ഏറെ പ്രധാനമായിരിക്കുന്നത് അതല്ലേ?—യെശയ്യാവ് 42:5, 9; 46:9, 10; ആമോസ് 3:7.
8. യോശീയാവും യേശുവും എന്തു നല്ല ദൃഷ്ടാന്തം വെച്ചു?
8 യുവാവായിരുന്ന യോശീയാവ് രാജാവിന് 15 വയസ്സായിരുന്നപ്പോൾ അവൻ “തന്റെ പൂർവപിതാവായ ദാവീദിന്റെ ദൈവത്തെ അന്വേഷിക്കാൻ തുടങ്ങി.” യേശുവിന് 12 വയസ്സുണ്ടായിരുന്നപ്പോൾ “അവൻ യഹോവയുടെ ആലയത്തിലെ ഉപദേഷ്ടാക്കൻമാരെ ശ്രദ്ധിച്ചുകൊണ്ടും അവരോടു ചോദ്യങ്ങൾ ചോദിച്ചുകൊണ്ടും അവരോടുകൂടെ ഇരിക്കുന്നതായി കണ്ടെത്തപ്പെട്ടു.”a നിങ്ങളുടെ പ്രായം എത്രയായിരുന്നാലും യോശിയാവിനെയും യേശുവിനെയുംപോലെ ദൈവം ചെയ്യിട്ടുള്ളതും ചെയ്യാനിരിക്കുന്നതുമായ കാര്യങ്ങളെപ്പററി പഠിക്കുന്നതിന് ഒരു യഥാർത്ഥ താത്പര്യം വികസിപ്പിച്ചെടുത്തിട്ടുണ്ടോ?—2 ദിനവൃത്താന്തം 34:3; ലൂക്കോസ് 2:46.
9. (എ) അനേകം യുവജനങ്ങൾക്ക് എന്തു പ്രശ്നമാണുള്ളത്? (ബി) വായനയും പഠനവും കൂടുതൽ എളുപ്പമാക്കിത്തീർക്കാൻ എന്തിനു കഴിയും, ഇത് സത്യമാണെന്ന് നിങ്ങൾ വ്യക്തിപരമായി കണ്ടിരിക്കുന്നുവോ?
9 എന്നിരുന്നാലും, ‘പഠനം കഠിന ജോലിയാണ്’ എന്ന് നിങ്ങൾ പറഞ്ഞേക്കാം. ചെറുപ്പക്കാരും പ്രായമായവരുമായ അനേകമാളുകൾ വായന എളുപ്പമായിത്തീരാൻ വേണ്ടത്ര വായിച്ചിട്ടേയില്ല. നിങ്ങൾ എത്രയധികം വായിക്കുന്നുവോ അത്രത്തോളം വായന എളുപ്പമായിത്തീരുന്നു. നിങ്ങൾ എത്രയധികം പഠിക്കുന്നുവോ അത്രത്തോളം പഠനം എളുപ്പമായിത്തീരുന്നു. കാര്യങ്ങൾ ഗ്രഹിക്കുന്നതും ഓർമ്മയിൽ വെക്കുന്നതും കൂടുതൽ എളുപ്പമാക്കിത്തീർത്തുകൊണ്ട്, നിങ്ങൾക്ക് അപ്പോൾത്തന്നെ അറിയാവുന്ന കാര്യങ്ങളോട് നിങ്ങൾ പുതിയ ആശയങ്ങൾ ബന്ധിപ്പിക്കുന്നു.
10. (എ) ക്രിസ്തീയയോഗങ്ങളിൽനിന്ന് നിങ്ങൾക്ക് എങ്ങനെ കൂടുതൽ പ്രയോജനം നേടാൻ കഴിയും? (ബി) ഇതു സംബന്ധിച്ച നിങ്ങളുടെ സ്വന്തം അനുഭവം എന്താണ്?
10 ദൈവത്തെപ്പററി കൂടുതൽ പഠിക്കാൻ എന്തിന് നിങ്ങളെ സഹായിക്കുന്നതിനു കഴിയും? ഒരുപക്ഷേ ക്രിസ്തീയയോഗങ്ങൾക്ക് ഹാജരാകുന്നതിൽ നിങ്ങൾക്ക് കൂടുതൽ ക്രമമുള്ളവരായിരിക്കാൻ കഴിയും. മുൻകൂട്ടി തയ്യാറാകുന്നതിനും യഥാർത്ഥത്തിൽ പങ്കുപററുന്നതിനും നിങ്ങൾക്കു കഴിയുമോ? ഉദാഹരണത്തിന് ഉദ്ധരിക്കാതെ പരാമർശിക്കുകമാത്രം ചെയ്തിരിക്കുന്ന തിരുവെഴുത്തുഭാഗങ്ങൾ എടുത്തു പരിശോധിക്കുന്നതിനാൽ ഈ പഠനഭാഗത്തുനിന്ന് നിങ്ങൾക്ക് കൂടുതൽ ആഴത്തിലുള്ള അറിവു സമ്പാദിക്കാൻ കഴിയുമോ? ഈ തിരുവെഴുത്തുകളിലോരോന്നും ഒരു ഖണ്ഡികയോട് അല്ലെങ്കിൽ ഈ പഠനഭാഗത്തോട് കൂടുതലായ എന്താശയങ്ങൾ കൂട്ടിച്ചേർക്കുന്നുവെന്ന് നിങ്ങളെ ഓർമ്മപ്പെടുത്താൻ മാർജിനിൽ നിങ്ങൾ ഒന്നോ രണ്ടോ വാക്കുകൾ എഴുതിയിട്ടുണ്ടോ? തിരുവെഴുത്തുചർച്ചയോടുള്ള നിങ്ങളുടെ വിലമതിപ്പ് പ്രകടമാക്കാൻ ഈ തിരുവെഴുത്തുകളിൽ ഒന്നെങ്കിലും നിങ്ങളുടെ ഉത്തരത്തിൽ ഉൾപ്പെടുത്തുന്ന ഒരു രീതി നിങ്ങൾക്കുണ്ടോ? അനേകം വർഷങ്ങൾ ക്രമമായി മീററിംഗുകൾക്ക് ഹാജരായിട്ടുള്ള ഒരു സഭാമൂപ്പൻ പറയുന്നു: “ഞാൻ നന്നായി തയ്യാറായിട്ടില്ലാത്ത ഏതെങ്കിലും പഠനഭാഗത്ത് ശ്രദ്ധകേന്ദ്രീകരിക്കുക പ്രയാസമാണെന്ന് ഞാൻ കണ്ടെത്തുന്നു, എന്നാൽ ഞാൻ നന്നായി പഠിച്ചിട്ടുള്ള ഒരു പഠനഭാഗത്തിന്റെ ചർച്ചയിൽ പങ്കെടുക്കുന്നത് വളരെ ഉല്ലാസകരമാണ്.”
11. ബൈബിളധിഷ്ഠിത പ്രസംഗങ്ങളിൽനിന്ന് നിങ്ങൾക്ക് എങ്ങനെ കൂടുതൽ പ്രയോജനം അനുഭവിക്കാം, ഇത് പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
11 ബൈബിൾപ്രസംഗങ്ങൾ ശ്രദ്ധിക്കുമ്പോൾ പ്രസംഗം എങ്ങനെ വികസിപ്പിക്കുന്നുവെന്ന് അപഗ്രഥിക്കുന്നതിനും ചർച്ചചെയ്യപ്പെടുന്ന കാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനും നിങ്ങൾ നോട്ടുകുറിക്കാറുണ്ടോ? നിങ്ങൾ കേൾക്കുന്ന കാര്യങ്ങൾ കൂടുതൽ എളുപ്പത്തിൽ മനസ്സിലാകുന്നതിനും മെച്ചമായി ഓർമ്മയിൽ വെക്കുന്നതിനും അവയെ നിങ്ങൾക്ക് നേരത്തെതന്നെ അറിയാവുന്ന കാര്യങ്ങളോട് നിങ്ങൾ താരതമ്യംചെയ്യാറുണ്ടോ? യേശു ഇപ്രകാരം പ്രാർത്ഥിച്ചു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും കുറിച്ചുള്ള അറിവു സമ്പാദിക്കുന്നത് നിത്യജീവനെ അർത്ഥമാക്കുന്നു.” (യോഹന്നാൻ 17:3) ജീവനിലേക്കു നയിക്കുന്ന അറിവ് നിങ്ങൾക്ക് സമ്പാദിക്കാൻകഴിയുന്നതിലേക്കും ഏററവും നല്ല അറിവല്ലേ? ഇതുസംബന്ധിച്ച് ബൈബിൾ പറയുന്നതു കുറിക്കൊള്ളുക: “യഹോവതന്നെ ജ്ഞാനം നൽകുന്നു; അവന്റെ വായിൽനിന്ന് പരിജ്ഞാനവും വിവേകവും വരുന്നു. ജ്ഞാനം നിന്റെ ഹൃദയത്തിൽ പ്രവേശിക്കുകയും പരിജ്ഞാനംതന്നെ നിന്റെ ദേഹിക്ക് ഉല്ലാസകരമായിത്തീരുകയും ചെയ്യുമ്പോൾ ചിന്താപ്രാപ്തി തന്നെ നിങ്ങളെ സൂക്ഷിക്കും, വിവേചനതന്നെ നിങ്ങളെ കാത്തുരക്ഷിക്കും.”—സദൃശവാക്യങ്ങൾ 2:6, 10, 11.
വിലമതിപ്പു വർദ്ധിപ്പിക്കുക
12. ദൈവം നമുക്കുവേണ്ടി ചെയ്തിരിക്കുന്ന ശ്രദ്ധേയമായ ചില കാര്യങ്ങൾ ഏവ?
12 ദൈവം നമുക്കുവേണ്ടി ചെയ്തിട്ടുള്ളതിനെ നാം യഥാർത്ഥത്തിൽ വിലമതിക്കുന്നുവോ? അവൻ സുന്ദരമായ ഒരു ഭൂമിയെ സൃഷ്ടിക്കുകയും ജീവിതത്തിനുവേണ്ടി അതിനെ ഒരുക്കുകയും ചെയ്തു. അവൻ നമ്മുടെ ആദ്യമാതാപിതാക്കളെ സൃഷ്ടിക്കുകയും അപ്രകാരം നാം ജനിക്കുന്നത് സാദ്ധ്യമാക്കുകയും ചെയ്തു. നമുക്ക് കുടുംബത്തിന്റെയും സ്നേഹമുള്ള ഒരു സഭാകൂട്ടത്തിന്റെയും പിന്തുണ ഉണ്ടായിരിക്കാൻ അവൻ ക്രമീകരണംചെയ്തു. (ഉല്പത്തി 1:27, 28; യോഹന്നാൻ 13:35; എബ്രായർ 10:25) തന്നെപ്പററി നമ്മെ കൂടുതൽ പഠിപ്പിക്കുന്നതിനും നിത്യജീവൻ സാദ്ധ്യമാക്കിത്തീർക്കത്തക്കവണ്ണം ഒരു മറുവില പ്രദാനംചെയ്യുന്നതിനുമായി തന്റെ ആദ്യജാതപുത്രനെ അവൻ ഭൂമിയിലേക്കയച്ചു. അത്തരം അത്ഭുതകരമായ ദാനങ്ങളെ നിങ്ങൾ യഥാർഥത്തിൽ വിലമതിക്കുന്നുണ്ടോ? അവനെപ്പററി പഠിക്കാനും അവനെ സേവിക്കാനുമുള്ള ക്ഷണം സ്വീകരിക്കാൻ അവ നിങ്ങളെ പ്രേരിപ്പിക്കുന്നുണ്ടോ?—മത്തായി 20:28; യോഹന്നാൻ 1:18; റോമർ 5:21.
13. ദൈവം വ്യക്തികളിൽ തത്പരനാണെന്ന് നിങ്ങൾക്ക് തോന്നുന്നതെന്തുകൊണ്ട്?
13 അഖിലാണ്ഡത്തിന്റെ സ്രഷ്ടാവ് ആളുകളിൽ തത്പരനാണ്. അവൻ അബ്രാഹാമിനെ “എന്റെ സുഹൃത്ത്” എന്നു വിളിച്ചു. അവൻ മോശയോട് “എനിക്കു നിന്നെ പേരിനാൽ അറിയാം” എന്നു പറഞ്ഞു. (യെശയ്യാവ് 41:8; പുറപ്പാട് 33:12) ദൈവത്തിന് “ലോകാരംഭംമുതലുള്ള” തന്റെ വിശ്വസ്തദാസൻമാരുടെ പേരുകളടങ്ങുന്ന ഒരു പ്രതീകാത്മകപുസ്തകം അല്ലെങ്കിൽ “ജീവന്റെ ചുരുൾ” ഉണ്ടെന്ന് വെളിപ്പാടു പുസ്തകം സൂചിപ്പിക്കുന്നു. അതിൽ നിങ്ങളുടെ പേർ ഉണ്ടായിരിക്കുമോ?—വെളിപ്പാട് 3:5; 17:8; 2 തിമൊഥെയോസ് 2:19.
14. ദൈവത്തിന്റെ തത്വങ്ങൾ അനുസരിക്കുന്നതിനാൽ നിങ്ങളുടെ ജീവിതത്തെ മെച്ചപ്പെടുത്താൻ കഴിയുന്നതെങ്ങനെ?
14 ദൈവത്തിന്റെ തത്വങ്ങൾ പ്രായോഗികമാണ്. അവന്റെ രീതിയിൽ കാര്യങ്ങൾ ചെയ്യുന്നത് അനേകം പ്രശ്നങ്ങളെ ഒഴിവാക്കുന്നു. അധാർമ്മികത, ആഗ്രഹിക്കാത്ത ഗർഭങ്ങൾ, ഗുഹ്യരോഗങ്ങൾ, മയക്കുമരുന്നിലുള്ള ആസക്തി, മദ്യാസക്തി, അക്രമം, കൊലപാതകം എന്നിവയും മററു ദോഷങ്ങളുടെ ഒരു നീണ്ട പട്ടികയുംതന്നെ. അവന്റെ വഴികളിൽ നടക്കുന്നത് യഥാർത്ഥ സുഹൃത്തുക്കളെ കണ്ടെത്തുന്നതിനും കൂടുതൽ സന്തുഷ്ടമായ ഒരു ജീവിതം നയിക്കുന്നതിനും നിങ്ങളെ സഹായിക്കുകയും ചെയ്യും. അത് യഥാർത്ഥത്തിൽ വിലയുള്ളതല്ലേ? (1 കൊരിന്ത്യർ 6:9-11) ദൈവത്തിന്റെ വഴിയിൽ കാര്യങ്ങൾ ചെയ്യാൻ തീരുമാനംചെയ്തിരിക്കുന്ന ഒരു യുവാവിനോ യുവതിക്കോ പോലും ശരിയായതു ചെയ്യുന്നതിന് കൂടുതൽ ശക്തിനേടാൻ കഴിയും. ബൈബിൾ പറയുന്നു: “വിശ്വസ്തനായവനോട് [യഹോവ] വിശ്വസ്തതയോടെ ഇടപെടുന്നു.” അവൻ തന്റെ “വിശ്വസ്തൻമാരെ ഉപേക്ഷിക്കുകയില്ല” എന്നും “തന്റെ ജനത്തെ മറന്നുകളയുകയില്ല” എന്നും അത് ഉറപ്പുതരുന്നു.—സങ്കീർത്തനം 18:25; 37:28; 94:14; യെശയ്യാവ് 40:29-31.
ദൈവത്തെ സേവിക്കുന്നതിൽ മുന്നേറുക
15. ശലോമോൻ യുവജനങ്ങൾക്ക് എന്തു ദൈവികമായ ബുദ്ധിയുപദേശം നൽകി?
15 നിങ്ങളുടെ ലക്ഷ്യങ്ങൾ നശിച്ചുകൊണ്ടിരിക്കുന്ന പഴയ ലോകത്തെ കേന്ദ്രീകരിച്ചാണോ അതോ നീതിയുള്ള പുതിയ ലോകത്തെ കേന്ദ്രീകരിച്ചാണോ? നിങ്ങൾ ശ്രദ്ധിക്കുന്നത് ദൈവത്തെയാണോ അതോ ദൈവത്തിന് എതിർനില്ക്കുന്ന ലോകപ്രകാരം ജ്ഞാനികളായവരെയാണോ? വിനോദമോ ഉന്നതവിദ്യാഭ്യാസമോ അല്ലെങ്കിൽ നിങ്ങളുടെ സമയം ഏറെ കവർന്നെടുക്കുന്ന ഒരു ലൗകികതൊഴിലോ ദൈവത്തിനും അവന്റെ സേവനത്തിനും മുമ്പിലായി നിൽക്കുന്നുവോ? നമ്മുടെ ജീവിതത്തിൽ ഒന്നാമതു വരേണ്ടത് എന്താണെന്നു കാണിക്കാൻ മാത്രമാണ് ജ്ഞാനിയായ ശലോമോൻരാജാവ് സഭാപ്രസംഗിയെന്ന പുസ്തകം എഴുതിയത്. അവൻ അത് ഇപ്രകാരം ഉപസംഹരിപ്പിച്ചു: “നിന്റെ നവയൗവനത്തിന്റെ നാളുകളിൽ, ദുർദ്ദിവസങ്ങൾ വരുകയും അല്ലെങ്കിൽ ‘എനിക്ക് അവയിൽ സന്തോഷമില്ല’ എന്ന് നീ പറയുന്ന കാലം വരികയും ചെയ്യുന്നതിനുമുമ്പേ, ഇപ്പോൾ, നിന്റെ മഹദ്സ്രഷ്ടാവിനെ ഓർത്തുകൊൾക. എല്ലാം കേട്ടശേഷം കാര്യങ്ങളുടെ അവസാനം ഇതാകുന്നു: സത്യദൈവത്തെ ഭയപ്പെട്ട് അവന്റെ കല്പനകൾ അനുസരിക്കുക, എന്തുകൊണ്ടെന്നാൽ ഇതാകുന്നു മമനുഷ്യന്റെ മുഴുവനായ കടപ്പാട്.”—സഭാപ്രസംഗി 12:1, 13.
16. കൂടുതലായ പദവികൾക്കുവേണ്ടി യുവജനങ്ങൾക്ക് എങ്ങനെ എത്തിപ്പിടിക്കാൻ കഴിയും?
16 നിങ്ങൾക്കറിയാവുന്ന പ്രായമേറിയ ക്രിസ്തീയ സഹോദരൻമാരെല്ലാം—മൂപ്പൻമാരും പയനിയർമാരും നിങ്ങളുടെ സർക്കിട്ട്, ഡിസ്ത്രിക്ററ് മേൽവിചാരകൻമാരും—ഒരിക്കൽ കുട്ടികളായിരുന്നു. അവർ ഇന്ന് ആസ്വദിക്കുന്ന അനുഗ്രഹങ്ങളിലേക്ക് നയിച്ചത് എന്തായിരുന്നു? അവർ ദൈവത്തെ സ്നേഹിക്കുകയും അവനെ സേവിക്കാൻ ആഗ്രഹിക്കുകയും ചെയ്തു. യൗവനകാലത്ത് അവരിൽ അനേകർ തങ്ങൾക്ക് മിച്ചിക്കാൻ കഴിഞ്ഞ സമയം അറിവും പരിചയവും നേടാൻ വേണ്ടി വിനിയോഗിച്ചു. അവർ പഠിക്കുകയും മീററിംഗുകളിൽ പങ്കുപററുകയും ചെയ്തു. അവർ പഠിപ്പിക്കലിൽ പങ്കെടുത്തു. പയനിയറിംഗ്, ബെഥേൽസേവനം, അല്ലെങ്കിൽ അതുപോലുള്ള മററ് പ്രതിഫലദായകങ്ങളായ പ്രവർത്തനങ്ങളുടെ പദവികൾ അവർ എത്തിപ്പിടിച്ചു. അവർ ‘അസാധാരണ യുവജനങ്ങ’ളൊന്നും ആയിരുന്നില്ല; അവർക്കും നിങ്ങൾക്കുള്ളതുപോലെ, സാധാരണ താത്പര്യങ്ങളും പദ്ധതികളുമാണുണ്ടായിരുന്നത്. എന്നിരുന്നാലും, “നിങ്ങൾ എന്തുതന്നെ ചെയ്താലും മനുഷ്യർക്കെന്നപോലെയല്ല, യഹോവക്കെന്നപോലെ മുഴുദേഹിയോടെ ചെയ്യുക” എന്ന ബുദ്ധിയുപദേശത്തിനു ചേർച്ചയായി അവർ പ്രവർത്തിച്ചു.—കൊലോസ്യർ 3:23; ലൂക്കോസ് 10:27; 2 തിമൊഥെയോസ് 2:15 താരതമ്യംചെയ്യുക.
17. ദൈവസേവനത്തിൽ പുരോഗമിക്കുന്നതിന് എന്തിന് യുവജനങ്ങളെ സഹായിക്കാൻ കഴിയും?
17 നിങ്ങളെ സംബന്ധിച്ചെന്ത്? ദൈവികകാര്യങ്ങളെ നിങ്ങൾ യഥാർത്ഥത്തിൽ വിലമതിക്കുന്നുവോ? ആത്മീയകാര്യങ്ങൾ ഒന്നാമതു വെക്കുന്നവരുടെ ഇടയിൽനിന്ന് നിങ്ങൾ സുഹൃത്തുക്കളെ തെരഞ്ഞെടുക്കുന്നുവോ? ക്രിസ്തീയ പ്രവർത്തനങ്ങളിൽ നിങ്ങളോടൊപ്പം ചേരാൻ നിങ്ങൾ മററുള്ളവരെ പ്രോൽസാഹിപ്പിക്കാറുണ്ടോ? പ്രായവും കൂടുതൽ അനുഭവപരിചയവുമുള്ളവരിൽനിന്ന് പഠിക്കുന്നതിനും അവരുടെ സന്തോഷം രുചിച്ചറിയുന്നതിനും അവരുടെ സൽപ്രവൃത്തികളാൽ പ്രോൽസാഹിതരാകുന്നതിനും നിങ്ങൾ അവരോടൊപ്പം ക്രിസ്തീയ സേവനത്തിനു പോകാറുണ്ടോ? ഇരുപതുവർഷം മുമ്പ് തന്നേക്കാൾ പ്രായമുള്ള ഒരാൾ ആദ്യമായി വയൽശുശൂഷക്കു പോകാൻ തന്നെ ക്ഷണിച്ചത് ഒരു സാക്ഷി ഇന്നും അനുസ്മരിക്കുന്നു. അത് തന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നുവെന്ന് അവൾ പറയുന്നു: “ആദ്യമായി ഞാൻ ഇഷ്ടപ്പെട്ടിട്ട് പോകുകയായിരുന്നു, എന്റെ മാതാപിതാക്കൾ എന്നെ കൂട്ടിക്കൊണ്ടുപോയതുകൊണ്ടു മാത്രമല്ല.”
18. സ്നാപനത്തിന് മുമ്പോട്ടുവരുന്നതിനു മുമ്പ് എന്തിനെയെല്ലാം പററി ചിന്തിക്കേണ്ടതുണ്ട്?
18 ദൈവത്തിന്റെ രീതിയിൽ കാര്യങ്ങൾ ചെയ്യുന്നതിൽ നിങ്ങൾ പുരോഗതി കൈവരിക്കുന്നുണ്ടെങ്കിൽ താമസിയാതെ നിങ്ങൾ സ്നാപനത്തെപ്പററി ചിന്തിച്ചേക്കാം. സ്നാപനം നവയൗവനത്തിലേക്കു പ്രവേശിക്കുമ്പോഴത്തെ ഒരു ചടങ്ങല്ല എന്ന് ഓർമ്മിക്കുന്നതു പ്രധാനമാണ്. അതു നിങ്ങൾ വളർന്നുവരുന്നു എന്നതിന്റെ ഒരു പ്രകടനമായിരിക്കുന്നില്ല, അത് നിങ്ങളുടെ സുഹൃത്തുക്കൾ ആ പടി സ്വീകരിച്ചതുകൊണ്ടുമാത്രം നിങ്ങൾ ചെയ്യേണ്ട ഒരു സംഗതിയുമല്ല. സ്നാപനമേൽക്കാനുള്ള ആഗ്രഹം പ്രകടമാക്കുന്നതിനു മുമ്പ് നിങ്ങൾക്ക് സത്യത്തെക്കുറിച്ച് അടിസ്ഥാനപരമായ അറിവ് ഉണ്ടായിരിക്കുകയും നിങ്ങൾ ദൈവവചനത്തോടു ചേർച്ചയിൽ ജീവിക്കുകയും ചെയ്യേണ്ടതുണ്ട്. ആ അറിവു മററുള്ളവരുമായി പങ്കുവെക്കുന്നതിൽ നിങ്ങൾക്ക് ന്യായമായ അളവിലുള്ള അനുഭവപരിചയമുണ്ടായിരിക്കുകയും അത് സത്യാരാധനയുടെ ഒരു സുപ്രധാന ഭാഗമാണെന്ന് നിങ്ങൾ തിരിച്ചറിയുകയും ചെയ്യേണ്ടതുണ്ട്. (മത്തായി 24:14; 28:19, 20) ഈ സുപ്രധാന ക്രിസ്തീയ നടപടി സ്വീകരിച്ചശേഷം നിങ്ങൾ ബൈബിളിന്റെ നീതിയുള്ള ധാർമ്മിക തത്വങ്ങൾക്കു ചേർച്ചയിൽ ജീവിക്കാൻ പ്രതീക്ഷിക്കപ്പെടുന്നുവെന്ന് നിങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.b നിങ്ങൾ ഹൃദയത്തിൽ നിങ്ങളുടെ സ്നേഹവാനായ സ്വർഗ്ഗീയ പിതാവിന് നിങ്ങളുടെ ജീവിതത്തെ സമർപ്പിച്ചിട്ടുണ്ടായിരിക്കണം.—സങ്കീർത്തനം 40:8, 9 താരതമ്യംചെയ്യുക.
19. ഒരു വ്യക്തി സ്നാപനമേൽക്കേണ്ടതെപ്പോൾ?
19 എന്തുതന്നെ സംഭവിച്ചാലും നിങ്ങളുടെ ശിഷ്ടജീവിതത്തിലൊക്കെയും നിങ്ങൾ തീർച്ചയായും ദൈവത്തെ സേവിക്കുമെന്ന് ഉറച്ച തീരുമാനം എടുത്ത ശേഷം നിങ്ങൾ സ്വീകരിക്കേണ്ട പടിയാണ് സ്നാപനം. നിങ്ങൾ ദൈവേഷ്ടം ചെയ്യാൻവേണ്ടി യേശുക്രിസ്തുവിലൂടെ പൂർണ്ണവും കലവറയില്ലാത്തതും നിരുപാധികവുമായ സമർപ്പണം നടത്തിയിരിക്കുന്നുവെന്നതിന്റെ ഒരു പരസ്യമായ അടയാളമാണ് അത്. ഏതാണ്ട് അര നൂററാണ്ടുമുമ്പ് “ഞാൻ അതു സംബന്ധിച്ച് എന്തെങ്കിലും ചെയ്യേണ്ടിയിരിക്കുന്നു” എന്ന് താൻ തിരിച്ചറിഞ്ഞ ദിവസം ഒരു ക്രിസ്തീയ മൂപ്പൻ ഇപ്പോഴും ഓർമ്മിക്കുന്നു. ഏതാനും വർഷം മുമ്പ് ഇംഗ്ലണ്ടിലെ ന്യൂ കാസിലിൽ സ്നാപനമേററ ഒരു യുവ സാക്ഷി മൈക്കിൾ പറയുന്നു: “ഞാൻ എന്റെ ജീവിതത്തെ സമർപ്പിക്കണമെന്നും സ്നാപനമേൽക്കണമെന്നും 13-ാമത്തെ വയസ്സിൽ ഞാൻ തിരിച്ചറിഞ്ഞു; ദൈവത്തെ സേവിക്കുന്നതിനെക്കാൾ ഞാൻ ഇഷ്ടപ്പെട്ട മററ് യാതൊന്നുമില്ലായിരുന്നു.”
20. (എ) പതിനായിരക്കണക്കിന് യുവജനങ്ങൾ എന്തു നല്ല ദൃഷ്ടാന്തം വച്ചിരിക്കുന്നു? (ബി) ഈ നടപടി എങ്ങനെ വീക്ഷിക്കപ്പെടണം?
20 ഈ അടുത്ത കാലങ്ങളിൽ പതിനായിരക്കണക്കിന് യുവജനങ്ങൾ സ്നാപനമേററിട്ടുണ്ട്. ദൈവത്തിന്റെ വചനം പഠിക്കുകയും അവന്റെ വഴികൾ മനസ്സിലാക്കുകയും ചെയ്തശേഷം ജലസ്നാപനത്തിലൂടെ ദൈവത്തോടുള്ള തങ്ങളുടെ സമർപ്പണം പ്രതീകപ്പെടുത്തുന്നതിന് അവർ സന്തോഷപൂർവം പ്രായമായവരോടു ചേർന്നു. സ്നാപനം എന്തിന്റെയെങ്കിലും അവസാനമല്ല എന്നും മറിച്ച് യഹോവയുടെ സേവനത്തിൽ അവർ പിൻപററാൻ ആഗ്രഹിക്കുന്ന യഥാർത്ഥ ജീവിതത്തിന്റെ തുടക്കം മാത്രമാണെന്നും അവർക്കറിയാം. (w90 8⁄1)
[അടിക്കുറിപ്പുകൾ]
a നാലാം പേജിലെ “ബൈബിൾകാലങ്ങളിലെ യുവദാസൻമാർ” എന്ന ലേഖനം കാണുക.
b ‘ഞാൻ ഇപ്പോഴും സ്നാപനമേററിട്ടില്ല’ എന്നു പറയുന്നത് തെററു ചെയ്യുന്നതിനുള്ള ഒരു ഒഴികഴിവാണെന്ന് ഇതിനർത്ഥമില്ല. ദൈവത്തിന്റെ നിബന്ധന എന്താണെന്ന് അറിയുന്ന നിമിഷം മുതൽ അവനെ അനുസരിക്കാനുള്ള കടപ്പാട് നമുക്കുണ്ട്.—യാക്കോബ് 4:17.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
◻ ദൈവവചനത്തെ സംബന്ധിച്ച അറിവ് വളരെ പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
◻ ക്രിസ്തീയയോഗങ്ങളിൽ നിന്ന് നിങ്ങൾക്ക് എങ്ങനെ കൂടുതൽ പ്രയോജനം നേടാം?
◻ ദൈവത്തിൽനിന്നുള്ള എന്ത് അനുഗ്രഹങ്ങൾ അവനെ അനുസരിക്കാൻ നമ്മെ പ്രേരിപ്പിക്കണം?
◻ ദൈവികസേവനത്തിൽ നിങ്ങൾക്ക് എങ്ങനെ പുരോഗമിക്കാൻ കഴിയും?
◻ ഒരുവൻ സ്നാപനമേൽക്കേണ്ടത് എപ്പോൾ?