ദൈവം ചെയ്തിട്ടുള്ളതിനെ നിങ്ങൾ വിലമതിക്കുന്നുവോ?
“ആരെങ്കിലും എന്റെ പിന്നാലെ വരാൻ ആഗ്രഹിക്കുന്നെങ്കിൽ, അവൻ തന്നെത്താൻ ത്യജിച്ച് ദൈനംദിനം തന്റെ ദണ്ഡനസ്തംഭം എടുത്ത് തുടർച്ചയായി എന്നെ അനുഗമിക്കട്ടെ.”—ലൂക്കോസ് 9:23.
1. ദൈവം പ്രദാനം ചെയ്തിരിക്കുന്ന ചില അത്ഭുതകരമായ അനുഗ്രഹങ്ങൾ എന്തെല്ലാം?
നാം നമ്മുടെ ജീവനുവേണ്ടി ദൈവത്തോട് കടപ്പെട്ടിരിക്കുന്നു. അവൻ മനുഷ്യവർഗ്ഗത്തെ സൃഷ്ടിച്ചില്ലായിരുന്നെങ്കിൽ നാം ഒരിക്കലും ജനിക്കയില്ലായിരുന്നു. എന്നാൽ ദൈവം ജീവനേക്കാൾ കൂടുതൽ സൃഷ്ടിച്ചു. നമുക്ക് അനേകം കാര്യങ്ങൾ ആസ്വദിക്കാൻ കഴിയത്തക്കവണ്ണം അവൻ നമ്മെ ഉണ്ടാക്കി: ആഹാരത്തിന്റെ സ്വാദ്, സൂര്യപ്രകാശത്തിന്റെ ഊഷ്മളത, സംഗീതത്തിന്റെ സ്വരം, ഒരു വസന്തദിനത്തിന്റെ പുതുമ, സ്നേഹത്തിന്റെ മൃദുലത. അതിലുമധികമായി, ദൈവം നമുക്ക് ഒരു മനസ്സും അവനെക്കുറിച്ചു പഠിക്കുന്നതിനുള്ള ആഗ്രഹവും നൽകി. അവൻ നമുക്ക് ആരോഗ്യാവഹമായ മാർഗ്ഗനിർദ്ദേശം പ്രദാനം ചെയ്യുന്നതും കൂടുതൽ സന്തോഷകരമായ ജീവിതം നയിക്കുന്ന വിധം നമ്മെ കാണിച്ചുതരുന്നതും അവന്റെ നീതിയുള്ള പുതിയ ലോകത്തിൽ എന്നേക്കും ജീവിക്കുന്നതിനുള്ള പ്രത്യാശ നൽകുന്നതുമായ ബൈബിളിനെ നിശ്വസ്തമാക്കി. കൂടാതെ ദൈവം തന്റെ പരിശുദ്ധാത്മാവിനെയും പ്രാദേശിക സഭയുടെ പിന്തുണയും അവന്റെ സേവനത്തിൽ ബലിഷ്ഠരായി നിലനിൽക്കുന്നതിന് നമ്മെ സഹായിക്കാൻ കഴിയുന്ന സ്നേഹമുള്ള പ്രായമേറിയ പുരുഷൻമാരെയും സ്ത്രീകളെയും പ്രദാനം ചെയ്യുന്നു.—ഉൽപ്പത്തി 1:1, 26-28; 2 തിമൊഥെയോസ് 3:15-17; എബ്രായർ 10:24, 25; യാക്കോബ് 5:14, 15.
2. (എ) ദൈവം നമുക്കുവേണ്ടി ചെയ്തിരിക്കുന്ന ഏററവും പ്രമുഖമായ കാര്യം എന്താണ്? (ബി) നമുക്ക് പ്രവൃത്തികളാൽ രക്ഷ നേടിയെടുക്കാൻ കഴിയുമോ?
2 അവക്കെല്ലാം പുറമേ, പിതാവ് നമ്മിൽനിന്ന് എന്തു പ്രതീക്ഷിക്കുന്നു എന്ന് കൂടുതലായി നമ്മോടു പറയുന്നതിനും മറുവിലയെ അംഗീകരിക്കുന്ന എല്ലാവർക്കും “മറുവിലയാലുള്ള വിടുതൽ” പ്രദാനം ചെയ്യുന്നതിനും വേണ്ടി ദൈവം തന്റെ സ്വന്തം ആദ്യജാതപുത്രനെ അയച്ചു. (എഫേസ്യർ 1:7; റോമർ 5:18) ആ പുത്രനായ യേശുക്രിസ്തു പറഞ്ഞു: “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നൽകുവാൻതക്കവണ്ണം ലോകത്തെ സ്നേഹിച്ചു.” (യോഹന്നാൻ 3:16, കിംഗ് ജയിംസ് വേർഷൻ) ആ മറുവിലയാൽ സാധ്യമാക്കപ്പെട്ട രക്ഷ അതു സമ്പാദിക്കാനുള്ള പ്രവൃത്തികൾ, നിശ്ചയമായും നേരത്തെ മോശൈക ന്യായപ്രമാണനിയമത്തിൻകീഴിൽ ചെയ്യപ്പെട്ടിരുന്ന പ്രവൃത്തികൾ, ചെയ്യാൻ യാതൊരു മാർഗ്ഗവുമില്ലാത്ത വിധം അത്യന്തം ശ്രേഷ്ഠമായ വിലയുള്ളതാണ്. അതുകൊണ്ട് പൗലോസ് എഴുതി: “ഒരു മനുഷ്യൻ ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാലല്ല, എന്നാൽ ക്രിസ്തുയേശുവിലെ വിശ്വാസത്താൽ മാത്രമാണ് നീതിമാനായി പ്രഖ്യാപിക്കപ്പെടുന്നത്.”—ഗലാത്യർ 2:16; റോമർ 3:20-24.
വിശ്വാസവും പ്രവൃത്തികളും
3. യാക്കോബ് വിശ്വാസവും പ്രവൃത്തികളും സംബന്ധിച്ച് എന്തു പറഞ്ഞു?
3 രക്ഷ വിശ്വാസത്താൽ വരുന്നു, എന്നാൽ വിശ്വാസവും ദൈവം ചെയ്തിട്ടുള്ള എല്ലാററിനോടുമുള്ള വിലമതിപ്പും നമ്മെ പ്രവർത്തനത്തിനു പ്രേരിപ്പിക്കണം. അതു നമ്മുടെ വിശ്വാസത്തെ പ്രകടമാക്കുന്ന കാര്യങ്ങൾ ചെയ്യുന്നതിന് നമ്മെ പ്രചോദിപ്പിക്കണം. യേശുവിന്റെ അർദ്ധസഹോദരനായ യാക്കോബ് ഇപ്രകാരം എഴുതി: “പ്രവൃത്തികൾ ഇല്ലെങ്കിൽ വിശ്വാസം അതിൽത്തന്നെ ചത്തതാണ്.” അവൻ ഇങ്ങനെ തുടർന്നു: “പ്രവൃത്തികൾ കൂടാതെയുള്ള നിന്റെ വിശ്വാസം എന്നെ കാണിച്ചുതരിക, ഞാൻ എന്റെ പ്രവൃത്തികളാൽ എന്റെ വിശ്വാസവും കാണിച്ചുതരാം.” ഭൂതങ്ങൾപോലും “വിശ്വസിക്കുകയും വിറക്കുകയും ചെയ്യുന്നു” എന്ന് യാക്കോബ് ചൂണ്ടിക്കാട്ടി. എന്നാൽ പ്രത്യക്ഷത്തിൽ ഭൂതങ്ങൾ ദൈവികപ്രവൃത്തികൾ ചെയ്യുന്നില്ല. നേരേമറിച്ച് അബ്രാഹാമിന് വിശ്വാസവും പ്രവൃത്തികളും ഉണ്ടായിരുന്നു. “അവന്റെ വിശ്വാസം അവന്റെ പ്രവൃത്തികളോടുകൂടെ വ്യാപരിക്കുകയും അവന്റെ പ്രവൃത്തികളാൽ അവന്റെ വിശ്വാസം പൂർണ്ണമാക്കപ്പെടുകയും ചെയ്തു.” യാക്കോബ് ആവർത്തിച്ചു: “പ്രവൃത്തികൾ ഇല്ലാത്ത വിശ്വാസം ചത്തതാണ്.”—യാക്കോബ് 2:17-26.
4. യേശുവിനെ അനുഗമിക്കാൻ ആഗ്രഹിക്കുന്നവർ എന്തു ചെയ്യണമെന്ന് അവൻ പറഞ്ഞു?
4 യേശുവും ശരിയായ പ്രവൃത്തികളുടെ പ്രാധാന്യം പ്രകടമാക്കിക്കൊണ്ട് ഇപ്രകാരം പറഞ്ഞു: “മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികൾ കണ്ടിട്ട് സ്വർഗ്ഗങ്ങളിലുള്ള നിങ്ങളുടെ പിതാവിന് മഹത്വം കൊടുക്കേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.” “ആരെങ്കിലും എന്റെ പിന്നാലെ വരാൻ ആഗ്രഹിക്കുന്നെങ്കിൽ അവൻ തന്നെത്താൻ ത്യജിച്ച് ദിനംതോറും തന്റെ ദണ്ഡനസ്തംഭം എടുത്തുകൊണ്ട് എന്നെ തുടർച്ചയായി അനുഗമിക്കട്ടെ.”a നാം “തന്നെത്താൻ ത്യജിക്കുന്നെ”ങ്കിൽ നാം നമ്മുടെ വ്യക്തിപരമായ അനേകം ഇഷ്ടങ്ങളെ ഉപേക്ഷിക്കുന്നു. നാം എല്ലാററിനും ദൈവത്തോടു കടപ്പെട്ടിരിക്കുന്നു എന്ന് തിരിച്ചറിയുന്നു, അതുകൊണ്ട് യേശു ചെയ്തതുപോലെ അവന്റെ ഇഷ്ടം പഠിക്കുകയും ചെയ്യുകയും ചെയ്യുന്നതിന് ശ്രമിച്ചുകൊണ്ട് നമ്മേത്തന്നെ അവന്റെ അടിമകൾ എന്ന നിലയിൽ അവനു വിട്ടുകൊടുക്കുന്നു.—മത്തായി 5:16; ലൂക്കോസ് 9:23; യോഹന്നാൻ 6:38.
ജീവിതങ്ങളെ ബാധിക്കുന്നു
5. (എ) എന്ത് നമ്മുടെ മുഴുജീവിതത്തെയും ബാധിക്കണമെന്ന് പത്രോസ് പ്രകടമാക്കി? (ബി) ഏതു നല്ല വേലകൾ അവൻ ശുപാർശചെയ്തു?
5 നമുക്കുവേണ്ടി നൽകപ്പെട്ട ക്രിസ്തുവിന്റെ “വിലയേറിയ രക്ത”ത്തെ സംബന്ധിച്ച നമ്മുടെ വിലമതിപ്പ് നമ്മുടെ മുഴു ജീവിത വിധത്തിലും പ്രകടമായിരിക്കത്തക്കവണ്ണം അത്രയധികം മികച്ച വിലയുള്ളതാണെന്ന് പത്രോസ് ചൂണ്ടിക്കാട്ടി. നമ്മുടെ വിലമതിപ്പ്, ചെയ്യാൻ നമ്മെ പ്രേരിപ്പിക്കേണ്ട അനേകം കാര്യങ്ങൾ അപ്പോസ്തലൻ പട്ടികപ്പെടുത്തി. അവൻ ഇങ്ങനെ ബുദ്ധിയുപദേശിച്ചു: “എല്ലാ തിൻമയും നീക്കിക്കളയുക.” “വചനത്തിന്റേതായ മായം ചേർക്കാത്ത പാൽ കുടിക്കാനുള്ള ഒരു വാഞ്ഛ ഉളവാക്കുക.” “നിങ്ങളെ ഇരുട്ടിൽനിന്ന് തന്റെ അത്ഭുതപ്രകാശത്തിലേക്ക് വിളിച്ചവന്റെ ശ്രേഷ്ഠഗുണങ്ങളെ എല്ലായിടത്തും പ്രഘോഷിക്കുക.” “തിൻമയിൽനിന്ന് പിന്തിരിയുകയും നൻമ ചെയ്യുകയും ചെയ്യുക.” “നിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ച് ന്യായം ആവശ്യപ്പെടുന്ന എല്ലാവരുടെയും മുമ്പാകെ ഒരു പ്രതിവാദം നടത്തുക.” “നിങ്ങൾ ജഡത്തിൽ ശേഷിച്ചിരിക്കുന്ന കാലം മേലാൽ മനുഷ്യരുടെ ആഗ്രഹങ്ങൾക്കുവേണ്ടിയല്ല, പിന്നെയോ ദൈവേഷ്ടത്തിനുവേണ്ടി ജീവിക്കുക.”—1 പത്രോസ് 1:19; 2:1, 2, 9; 3:11, 15; 4:2.
6. (എ) ഒന്നാം നൂററാണ്ടിലെ ക്രിസ്ത്യാനികൾ തങ്ങളുടെ വിശ്വാസത്തെ പ്രകടമാക്കിയതെങ്ങനെ? (ബി) ഇത് നമുക്ക് എന്തു ദൃഷ്ടാന്തം വെക്കണം?
6 ഒന്നാം നൂററാണ്ടിലെ ക്രിസ്ത്യാനികൾ തങ്ങളുടെ വിശ്വാസപ്രകാരം ജീവിച്ചു. അത് അവരുടെ കാഴ്ചപ്പാടിനെയും വ്യക്തിത്വങ്ങളെയും മാററുകയും അവരുടെ ജീവിതങ്ങളെ ദൈവേഷ്ടത്തിനു ചേർച്ചയിലാക്കിത്തീർക്കുന്നതിന് പ്രേരിപ്പിക്കുകയും ചെയ്തു. അവർ തങ്ങളുടെ വിശ്വാസം ലംഘിക്കുന്നതിനു പകരം പരദേശവാസവും കല്ലേറുകളും അടികളും തടവും മരണംപോലും സഹിച്ചു. (പ്രവൃത്തികൾ 7:58-60; 8:1; 14:19; 16:22; 1 കൊരിന്ത്യർ 6:9-11; എഫേസ്യർ 4:22-24; കൊലോസ്യർ 4:3; ഫിലേമോൻ 9, 10) ക്രി.വ. ഏതാണ്ട് 56-ൽ ജനിച്ച പ്രമുഖ റോമൻ ചരിത്രകാരനായിരുന്ന ററാസിററസ്, ക്രിസ്ത്യാനികൾ “പകൽവെളിച്ചം അണഞ്ഞപ്പോൾ രാത്രിയിലെ ദീപമായി ഉതകുന്നതിന് തീജ്വാലകളിലേക്ക് എറിയപ്പെടുകയും ദഹിപ്പിക്കപ്പെടുകയും ചെയ്തു.” എന്നിട്ടും അവർ ചഞ്ചലിച്ചില്ല!—ദി ആനൽസ്, ബുക്ക് XV, ഖണ്ഡിക 44.
7. ചിലയാളുകൾ തങ്ങളേത്തന്നെ ഏതു സാഹചര്യത്തിൽ കണ്ടെത്തിയേക്കാം?
7 ചില സഭകളിൽ നിങ്ങൾ വർഷങ്ങളിൽ മീററിംഗുകൾക്ക് ഹാജരായിട്ടുള്ള ആളുകളെ കണ്ടെത്തിയേക്കാം. അവർ യഹോവയുടെ സ്ഥാപനത്തെ സ്നേഹിക്കുന്നു, അവർ ഇതുവരെ കണ്ടുമുട്ടിയിട്ടുള്ളതിലേക്കും നല്ല ആളുകൾ അവന്റെ ജനമാണെന്ന് വിചാരിക്കുന്നു, സത്യത്തെ സംബന്ധിച്ച് നല്ല അഭിപ്രായങ്ങൾ പറയുന്നു, പുറമെയുള്ളവരോട് സത്യത്തിനുവേണ്ടി വാദിക്കുന്നു. എന്നാൽ അവർക്ക് എന്തോ മാർഗ്ഗതടസ്സമുണ്ട്, എന്തോ അവരെ പിമ്പോട്ടു പിടിച്ചുനിർത്തുന്നു. പെന്തെക്കൊസ്തിൽ 3,000 പേർ എടുത്തതും, വിശ്വസിച്ച എത്യോപ്യൻ ആവശ്യപ്പെട്ടതും അല്ലെങ്കിൽ യേശു യഥാർത്ഥത്തിൽ മശിഹായാണെന്ന് മുൻകാല പീഡകനായിരുന്ന ശൗൽ തിരിച്ചറിഞ്ഞയുടനെ അനന്യാസ് അവനോട് സ്വീകരിക്കാൻ പറഞ്ഞതുമായ നല്ല പടി അവർ ഒരിക്കലും സ്വീകരിച്ചിട്ടില്ല. (പ്രവൃത്തികൾ 2:41; 8:36; 22:16) അത്തരക്കാരിൽ ഇന്ന് കുറവുള്ളതെന്താണ്? അവർ, “ഒരു നല്ല മനസ്സാക്ഷിക്കുവേണ്ടി ദൈവത്തോടു ചെയ്യുന്ന അപേക്ഷ”യെന്ന് ബൈബിൾ വിളിക്കുന്ന പടി സ്വീകരിച്ചിട്ടില്ലാത്തതെന്തുകൊണ്ടാണ്? (1 പത്രോസ് 3:21) നിങ്ങൾ സത്യം അറിയുന്നുവെങ്കിലും അതുസംബന്ധിച്ച് എന്തെങ്കിലും ചെയ്യാൻ മടിക്കുന്ന ഈ അവസ്ഥയിൽ നിങ്ങളേത്തന്നെ കണ്ടെത്തുന്നെങ്കിൽ ഈ ലേഖനം നിങ്ങളോടുള്ള പ്രത്യേക സ്നേഹത്തിൽനിന്ന് തയ്യാറാക്കപ്പെട്ടതാണെന്ന് വീക്ഷിക്കുക.
സ്നാപനത്തിനുള്ള തടസ്സങ്ങൾ തരണംചെയ്യൽ
8. നിങ്ങൾ ഒരിക്കലും ഒരു നല്ല വിദ്യാർത്ഥിയായിരുന്നിട്ടില്ലെങ്കിൽ ഇപ്പോൾ സ്വീകരിക്കേണ്ട ജ്ഞാനപൂർവകമായ ഗതിയെന്താണ്?
8 എന്തായിരിക്കാം നിങ്ങൾക്ക് തടസ്സമായി നിൽക്കുന്നത്? കഴിഞ്ഞ ലക്കത്തിലെ ലേഖനം ചിലർ വ്യക്തിപരമായ പഠനം ഒരു പ്രശ്നമാണെന്ന് കണ്ടെത്തിയേക്കാമെന്ന് ചൂണ്ടിക്കാട്ടി. ദൈവം നമുക്ക് അത്ഭുതകരമായ മനസ്സുകൾ നൽകി, അവ നാം അവനെ സേവിക്കുന്നതിന് ഉപയോഗിക്കാൻ അവൻ പ്രതീക്ഷിക്കയും ചെയ്യുന്നു. വായിക്കാൻപോലും പഠിച്ചിട്ടില്ലാത്ത ചിലയാളുകൾ ദൈവത്തെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ച് കൂടുതലായി പഠിക്കാൻ ആ പഠനജോലിയിൽ വ്യാപൃതരായി. നിങ്ങളേ സംബന്ധിച്ചെന്ത്? നിങ്ങൾക്ക് വായിക്കാൻ ഇപ്പോൾത്തന്നെ അറിയാമെങ്കിൽ ഈ കാര്യങ്ങൾ അങ്ങനെതന്നെയാണോ എന്നറിയാൻ “ദൈനംദിനം തിരുവെഴുത്തുകളെ ശ്രദ്ധാപൂർവം പരിശോധിച്ചിരു”ന്ന ബരോവാക്കാർ ചെയ്തിരുന്നതുപോലെ നിങ്ങൾ യഥാർത്ഥത്തിൽ പഠിക്കുന്നുവോ? നിങ്ങൾ “സത്യത്തിന്റെ വീതിയും നീളവും ഉയരവും ആഴവും” ആരാഞ്ഞിട്ടുണ്ടോ? നിങ്ങൾ ദൈവവചനത്തിലേക്ക് വേണ്ടത്ര ആഴത്തിൽ കുഴിച്ചിറങ്ങിയിട്ടുണ്ടോ? നിങ്ങൾ അത് യഥാർത്ഥത്തിൽ എത്രമാത്രം വികാരോജ്ജ്വലമാണെന്ന് കണ്ടെത്തിയിട്ടുണ്ടോ? നിങ്ങൾ ദൈവേഷ്ടം അറിയുന്നതിന് ഒരു യഥാർത്ഥ വാഞ്ഛ വികസിപ്പിച്ചിട്ടുണ്ടോ? നിങ്ങൾക്ക് സത്യത്തിനുവേണ്ടി ഒരു യഥാർത്ഥ വിശപ്പ് ഉണ്ടോ?—പ്രവൃത്തികൾ 17:10, 11; എഫേസ്യർ 3:18.
9. നിങ്ങൾക്ക് സഭയിലെ ആരെങ്കിലുമായി ഒരു പ്രശ്നമുണ്ടെങ്കിൽ ചെയ്യേണ്ട ശരിയായ സംഗതിയെന്താണ്?
9 ചിലപ്പോൾ ആളുകൾ സഭയിലെ ആരെങ്കിലുമായി യഥാർത്ഥത്തിൽ ഉണ്ടായിരുന്നതൊ സാങ്കൽപ്പികമൊ ആയ ഒരു പ്രശ്നംനിമിത്തം പിൻമാറിനിൽക്കുന്നു. ആരെങ്കിലും നിങ്ങളെ ഗുരുതരമായി ദ്രോഹിച്ചിട്ടുണ്ടോ? എങ്കിൽ നിങ്ങൾ, “പോയി അയാളുടെ കുററം അയാളും നിങ്ങളും മാത്രമുള്ളപ്പോൾ വെളിപ്പെടുത്തുക” എന്ന യേശുവിന്റെ വാക്കുകളിൽ സൂചിപ്പിക്കപ്പെട്ട മാർഗ്ഗനിർദ്ദേശം പിൻപററുക. (മത്തായി 18:15) നിങ്ങൾ ദ്രോഹിക്കപ്പെട്ടുവെന്ന് ആ വ്യക്തി അറിഞ്ഞിട്ടുപോലുമില്ല എന്ന് കണ്ടെത്തുമ്പോൾ നിങ്ങൾ അതിശയിച്ചുപോയേക്കാം. അയാൾ അറിയുകതന്നെ ചെയ്യുന്നെങ്കിൽപോലും, അപ്പോഴും യേശു പറഞ്ഞതുപോലെ നിങ്ങൾ ‘നിങ്ങളുടെ സഹോദരനെ നേടിയേക്കാം.’ നിങ്ങൾ മററാരെയെങ്കിലും ഇടറിക്കുന്നതൊഴിവാക്കാൻ അയാളെ സഹായിക്കുകയും ചെയ്തേക്കാം. കൂടാതെ, നിങ്ങൾ അതിനെക്കുറിച്ചു ചിന്തിക്കുമ്പോൾ നിങ്ങൾ ആരെയാണ് യഥാർത്ഥത്തിൽ സേവിക്കുന്നത്—ആ വ്യക്തിയെയോ ദൈവത്തെയോ? നിങ്ങൾ ഏതെങ്കിലും അപൂർണ്ണ മമനുഷ്യന്റെ തെററ് ദൈവത്തോടുള്ള നിങ്ങളുടെ സ്നേഹത്തിന് ഇടങ്കോലിടാൻ നിങ്ങൾ അനുവദിക്കത്തക്കവണ്ണം ദൈവത്തേടുള്ള നിങ്ങളുടെ സ്നേഹം അത്ര പരിമിതമാണോ?
10, 11. നിങ്ങളെ ഏതെങ്കിലും രഹസ്യ പാപം പിന്നോട്ടു പിടിച്ചു നിർത്തുന്നുവെങ്കിൽ നിങ്ങൾ എന്തു ചെയ്യണം?
10 ഒരു രഹസ്യപാപം ഒരു വ്യക്തിയെ സ്നാപനത്തിൽനിന്ന് പിന്നോട്ടുമാററിയേക്കാം. അത് കഴിഞ്ഞ കാലത്ത് സംഭവിച്ച എന്തെങ്കിലുമായിരിക്കാം, അല്ലെങ്കിൽ തുടർച്ചയായ തെററിന്റെ ഒരു ശീലമായിരിക്കാം. ഇത് നിങ്ങൾക്ക് ഒരു പ്രശ്നമാണെങ്കിൽ ഇപ്പോൾ ആ സംഗതി തിരുത്തുന്നതിനുള്ള സമയമല്ലേ? (1 കൊരിന്ത്യർ 7:29-31) യഹോവയുടെ ജനത്തിൽ അനേകർക്കും തങ്ങളുടെ ജീവിതത്തിൽ മാററങ്ങൾ വരുത്തേണ്ടതുണ്ടായിരുന്നു. ബൈബിൾ ഇപ്രകാരം പറയുന്നു: “അതുകൊണ്ട് നിങ്ങളുടെ പാപങ്ങൾ മാഞ്ഞുകിട്ടേണ്ടതിനും യഹോവയാം വ്യക്തിയിൽനിന്ന് ആശ്വാസത്തിന്റെ കാലങ്ങൾ വരേണ്ടതിനും അനുതപിക്കുകയും തിരിഞ്ഞുവരികയും ചെയ്യുക.”—പ്രവൃത്തികൾ 3:19.
11 നിങ്ങൾ കഴിഞ്ഞ കാലത്ത് എന്തുതന്നെ ചെയ്തിരുന്നാലും നിങ്ങൾക്ക് അനുതപിക്കുന്നതിനും മാററംവരുത്തുന്നതിനും ദൈവത്തോട് ക്ഷമക്കുവേണ്ടി അപേക്ഷിക്കുന്നതിനും സാധിക്കും. “അതുകൊണ്ട്, ദുർവൃത്തി, അശുദ്ധി, ലൈംഗികതൃഷ്ണ, ദ്രോഹകരമായ മോഹം എന്നിവസംബന്ധിച്ച് നിങ്ങളുടെ ശരീരാവയവങ്ങളെ മരിപ്പിപ്പിൻ . . . നിങ്ങളുടെ പഴയ വ്യക്തിത്വം അതിന്റെ പ്രവൃത്തികളോടുകൂടി ഉരിഞ്ഞുകളയുകയും പുതിയ വ്യക്തിത്വത്തെ സൃഷ്ടിച്ചവന്റെ പ്രതിരൂപപ്രകാരം സൂക്ഷ്മപരിജ്ഞാനത്താൽ പുതുക്കംപ്രാപിക്കുന്ന ആ വ്യക്തിത്വം ധരിക്കുകയും ചെയ്യുക.” നിങ്ങൾക്ക് നിങ്ങളുടെ ജീവിതത്തെ അവന്റെ വഴികളോട് അനുരൂപപ്പെടുത്തുന്നതിനും ഒരു ശുദ്ധ മനസ്സാക്ഷി ആസ്വദിക്കുന്നതിനും അവന്റെ നീതിയുള്ള പുതിയ ലോകത്തിലെ നിത്യജീവന്റെ പ്രത്യാശയുണ്ടായിരിക്കുന്നതിനും കഴിയും. എത്രതന്നേ പരിശ്രമം ആവശ്യമാണെങ്കിലും അത് മൂല്യമുള്ളതായിരിക്കുന്നില്ലേ?—കൊലോസ്യർ 3:5-10; യെശയ്യാവ് 1:16, 18; 1 കൊരിന്ത്യർ 6:9-11; എബ്രായർ 9:14.
12. നിങ്ങൾക്കും ഒരു ശുദ്ധമായ മനസ്സാക്ഷിക്കും ഇടയിൽ പുകയിലയൊ മദ്യ ദുരുപയോഗമൊ ആസക്തിയുളവാക്കുന്ന മയക്കുമരുന്നുകളൊ തടസ്സമായി നിൽക്കുകയാണെങ്കിൽ നിങ്ങൾ എന്തു ചെയ്യണം?
12 പുകയിലയുടെ ഉപയോഗമൊ മദ്യദുരുപയോഗമൊ മയക്കുമരുന്നാസക്തിയൊ നിങ്ങളുടെ ശുദ്ധ മനസ്സാക്ഷിക്കും നിങ്ങൾക്കും ഇടയിൽ തടസ്സമായി നിൽക്കുന്നുവോ? ജീവനെ ഭീഷണിപ്പെടുത്തുന്ന അത്തരം ശീലങ്ങൾ ദൈവത്തിന്റെ അത്ഭുതകരമായ ജീവന്റെ ദാനത്തോടുള്ള അനാദരവ് കാണിക്കുന്നില്ലേ? അത്തരം ശീലങ്ങൾ തടസ്സമായി നിൽക്കുന്നുവെങ്കിൽ നിശ്ചയമായും അവ തിരുത്തുന്നതിനുള്ള സമയമാണിത്. ഈ ശീലങ്ങൾ നിങ്ങളുടെ ജീവനോളം വിലയുള്ളതാണോ? പൗലോസ് പറഞ്ഞു: “നമുക്ക് ദൈവികഭയത്തിൽ വിശുദ്ധിയെ തികച്ചുകൊണ്ട് ജഡത്തിലെയും ആത്മാവിലെയും സകല അശുദ്ധിയും നീക്കി നമ്മേത്തന്നെ ശുദ്ധീകരിക്കാം.” നിങ്ങൾ അതു ചെയ്യുന്നതിന് ശുദ്ധവും നീതിയുള്ളതുമായ ദൈവത്തിന്റെ വഴികളെ വേണ്ടത്ര വിലമതിക്കുന്നുവോ?b—2 കൊരിന്ത്യർ 7:1.
ഭൗതിക വസ്തുക്കൾ
13, 14. (എ) ഭൗതികലക്ഷ്യങ്ങളെക്കുറിച്ച് തിരുവെഴുത്തുകൾ എന്തു പറയുന്നു? (ബി) സ്വർഗ്ഗീയ കാര്യങ്ങൾ ഒന്നാമതു വെക്കുന്നത് പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
13 ഇന്നത്തെ ലോകം വിജയത്തെയും “ഒരുവന്റെ ജീവിതോപായങ്ങളുടെ പകിട്ടാർന്ന പ്രകടനത്തെ”യും മിക്കവാറും മറെറല്ലാററിനുമുപരി വെക്കുന്നു. എന്നാൽ യേശു “ഈ വ്യവസ്ഥിതിയുടെ ഉത്ക്കണ്ഠകളെയും ധനത്തിന്റെ വഞ്ചനാത്മകമായ ശക്തിയെയും” ദൈവത്തിന്റെ വചനത്തെ ഞെരുക്കുന്ന “മുള്ളുകളോ”ട് ഉപമിച്ചു. കൂടാതെ അവൻ ഇപ്രകാരം ചോദിച്ചു: “ഒരു മനുഷ്യൻ സർവ ലോകവും നേടിയാലും തന്റെ ദേഹിയെ നഷ്ടമാക്കിയാൽ അയാൾക്ക് എന്തു പ്രയോജനമാണുള്ളത്?”—1 യോഹന്നാൻ 2:16; മർക്കോസ് 4:2-8, 18, 19; മത്തായി 16:26.
14 ദൈവം പക്ഷികൾക്ക് ആഹാരം കണ്ടെത്തുന്നതിനും താമരകൾ ഉജ്ജ്വലമായി പുഷ്പിക്കുന്നതിനും ക്രമീകരിച്ചുവെന്ന് യേശു ചൂണ്ടിക്കാട്ടി. പിന്നീട് അവൻ ഇങ്ങനെ ചോദിച്ചു: “നിങ്ങൾ പക്ഷികളേക്കാൾ എത്രയധികം വിലയുള്ളവരാണ്? . . . [ദൈവം] നിങ്ങളെ എത്രയധികം ഉടുപ്പിക്കും!” ഭൗതികവസ്തുക്കളെ സംബന്ധിച്ച് “ഉത്ക്കണ്ഠപ്പെടുന്നത് നിർത്താ”ൻ യേശു ജ്ഞാനപൂർവം നമ്മോടു പറഞ്ഞു. അവൻ പറഞ്ഞു: “തുടർച്ചയായി [ദൈവ]രാജ്യം അന്വേഷിക്കുക, ഈ കാര്യങ്ങൾ നിങ്ങൾക്ക് കൂട്ടപ്പെടും.” നാം സ്വർഗ്ഗീയകാര്യങ്ങൾ ഒന്നാമതു വെക്കണം, എന്തുകൊണ്ടെന്നാൽ ‘നമ്മുടെ നിക്ഷേപം ഉള്ളടത്ത് നമ്മുടെ ഹൃദയവും ഇരിക്കും’ എന്ന് യേശു ചൂണ്ടിക്കാട്ടി.—ലൂക്കോസ് 12:22-31; മത്തായി 6:20, 21.
ദൈവത്തിന്റെ സഹായത്തോടെ ദൈവികസേവനം
15. ഒന്നാം നൂററാണ്ടിലെ ക്രിസ്ത്യാനികളുടെ മാതൃക നമുക്ക് ഏതു നല്ല പ്രോത്സാഹനം തരുന്നു?
15 മററുള്ളവരോടു സാക്ഷീകരിക്കുന്നത് നിങ്ങൾക്ക് ഒരു പ്രശ്നം അവതരിപ്പിക്കുന്നതായി തോന്നുവോ? ലജ്ജ നിങ്ങൾ പിൻമാറി നിൽക്കാൻ ഇടയാക്കുന്നുവോ? അങ്ങനെയെങ്കിൽ ഒന്നാം നൂററാണ്ടിലെ ക്രിസ്ത്യാനികൾക്ക് നമുക്ക് ഇന്നുള്ള അതേ തരം വികാരങ്ങൾ ഉണ്ടായിരുന്നു എന്ന് ഓർമ്മിക്കുന്നത് പ്രധാനമാണ്. ദൈവം ജ്ഞാനികളും ശക്തരുമായ അനേകരെ തെരഞ്ഞെടുത്തില്ല, എന്നാൽ അവൻ “ശക്തമായവയെ ലജ്ജിപ്പിക്കേണ്ടതിന് ലോകത്തിലെ ദുർബ്ബലമായവയെ” തെരഞ്ഞെടുത്തു. (1 കൊരിന്ത്യർ 1:26-29) ശക്തരായ മതനേതാക്കൻമാർ ഈ “സാധാരണക്കാരായ” ആളുകളോട് എതിർക്കുകയും പ്രസംഗം നിർത്താൻ അവരോട് ആജ്ഞാപിക്കുകയും ചെയ്തു. ക്രിസ്ത്യാനികൾ എന്തു ചെയ്തു? അവർ പ്രാർത്ഥിച്ചു. അവർ ദൈവത്തോട് ധൈര്യം നൽകാൻ അപേക്ഷിക്കുകയും അവൻ അവർക്ക് അത് കൊടുക്കുകയും ചെയ്തു. അതിന്റെ ഫലമായി അവരുടെ ദൂത് യെരുശലേമിനെ നിറക്കുകയും പിന്നീട് മുഴു ലോകത്തെയും പിടിച്ചു കുലുക്കുകയും ചെയ്തു!—പ്രവൃത്തികൾ 4:1-4, 13, 17, 23, 24, 29-31; 5:28, 29; കൊലോസ്യർ 1:23.
16. എബ്രായർ 11-ാം അദ്ധ്യായത്തിൽ വിവരിച്ചിരിക്കുന്ന “സാക്ഷികളുടെ” വലിയ “മേഘ”ത്തിൽനിന്ന് നാം എന്തു പഠിക്കുന്നു?
16 അതുകൊണ്ട്, മാനുഷ ഭയം നമുക്കും ദൈവികസേവനത്തിനും ഇടയിൽ ഒരിക്കലും തടസ്സമായി നിൽക്കരുത്. എബ്രായർ 11-ാം അദ്ധ്യായം, മനുഷ്യരെയല്ല ദൈവത്തെ ഭയപ്പെട്ടിരുന്ന “സാക്ഷികളുടെ” ഒരു വലിയ “മേഘ”ത്തെക്കുറിച്ച് പറയുന്നു. നാമും സമാനമായ വിശ്വാസം പ്രകടമാക്കണം. അപ്പോസ്തലൻ എഴുതി: “സാക്ഷികളുടെ ഇത്ര വലിയ ഒരു മേഘം നമുക്കു ചുററും ഉള്ളതിനാൽ നമുക്ക് സകല ഭാരവും നമ്മെ എളുപ്പത്തിൽ കുരുക്കുന്ന പാപവും ഉപേക്ഷിച്ച് നമ്മുടെ മുമ്പാകെ വെച്ചിരിക്കുന്ന ഓട്ടം സഹിഷ്ണുതയോടെ ഓടാം.”—എബ്രായർ 12:1.
17. യെശയ്യാവിൽകൂടെ ദൈവം ഏതു പ്രോത്സാഹനം നൽകി?
17 ദൈവത്തിന് തന്റെ ദാസൻമാർക്ക് വമ്പിച്ച സഹായം ചെയ്യാൻ കഴിയും. അഖിലാണ്ഡത്തിന്റെ സ്രഷ്ടാവ് യെശയ്യാവോട് ഇപ്രകാരം പറഞ്ഞു: “യഹോവയിൽ പ്രത്യാശിക്കുന്നവർക്ക് ശക്തി വീണ്ടുകിട്ടും. അവർ കഴുകൻമാരെപ്പോലെ ചിറകുകൾ അടിച്ച് ഉയരും. അവർ ഓടും, തളരുകയില്ല; അവർ നടക്കും, ക്ഷീണിക്കുകയില്ല.”—യെശയ്യാവ് 40:31.
18. രാജ്യപ്രസംഗത്തിൽ പങ്കുകൊള്ളുന്നതിന് നിങ്ങൾക്ക് ഭയത്തെ എങ്ങനെ തരണം ചെയ്യാം?
18 നിങ്ങൾ പ്രാദേശിക സഭയിൽ കാണുന്ന ധൈര്യവും സന്തോഷവുമുള്ള സാക്ഷികൾ ഭൂവിസ്തൃതമായുള്ള 40 ലക്ഷത്തിൽപരം തീക്ഷ്ണതയുള്ള ദാസൻമാരുടെ ഒരു ചെറിയ ഭാഗം മാത്രമാണ്. അവർ, “രാജ്യത്തിന്റെ ഈ സുവാർത്ത സകല ജനതകൾക്കും ഒരു സാക്ഷ്യത്തിനായി മുഴു നിവസിതഭൂമിയിലും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരുകയും ചെയ്യും” എന്ന വാക്കുകളിൽ യേശുതന്നെ മുൻകൂട്ടിപ്പറഞ്ഞ വേലയിൽ ഒരു പങ്കുള്ളതിൽ സന്തോഷിക്കുന്നു. നിങ്ങൾക്ക് രാജ്യപ്രസംഗത്തിൽ പങ്കെടുക്കാൻ യോഗ്യതയുണ്ടെങ്കിലും അതിൽ ഏർപ്പെടുന്നത് നിങ്ങൾക്ക് ഒരു പ്രശ്നമായിരിക്കുന്നെങ്കിൽ, ശുശ്രൂഷയിൽ മെച്ചമായി ഏർപ്പെടുന്ന ഒരു സാക്ഷിയോടുകൂടെ പ്രസംഗവേലയിൽ പങ്കെടുക്കാൻ വരട്ടെ എന്ന് അയാളോട് എന്തുകൊണ്ട് ചോദിച്ചുകൂടാ? ദൈവം യഥാർത്ഥത്തിൽ, “സാധാരണയിൽ കവിഞ്ഞ ശക്തി” പ്രദാനം ചെയ്യുകതന്നെ ചെയ്യുന്നു, നിങ്ങൾ ഈ ദൈവികസേവനം യഥാർത്ഥത്തിൽ എത്ര സന്തോഷകരമെന്ന് കണ്ടെത്തുന്നതിൽ അത്ഭുതപ്പെട്ടേക്കാം.—മത്തായി 24:14; 2 കൊരിന്ത്യർ 4:7; കൂടാതെ സങ്കീർത്തനം 56:11; മത്തായി 5:11, 12; ഫിലിപ്പിയർ 4:13 എന്നിവയും കാണുക.
19. യേശു തന്റെ അനുഗാമികളോട് ഏതു പഠിപ്പിക്കൽവേല ചെയ്യാൻ കൽപ്പിച്ചു?
19 രാജ്യദൂതിനെ വിലമതിക്കുന്നവർ അതനുസരിച്ച് പ്രവർത്തിക്കുന്നതിന് യേശു പ്രതീക്ഷിക്കുന്നു. അവൻ പറഞ്ഞു: “അതുകൊണ്ട് പോയി സകല ജനതകളിലെയും ആളുകളെ ഞാൻ നിങ്ങളോടു കൽപ്പിച്ച എല്ലാ കാര്യങ്ങളും അനുഷ്ഠിക്കാൻ പഠിപ്പിച്ചുകൊണ്ട് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാപനപ്പെടുത്തിക്കൊണ്ട് അവരെ ശിഷ്യരാക്കുക.—മത്തായി 28:19, 20.
20. നിങ്ങൾ ആത്മീയമായി മുന്നേറുകയാണെങ്കിൽ പെട്ടെന്ന് ഏതു ചോദ്യം ഉചിതമായിരുന്നേക്കാം?
20 ദൈവത്തിന്റെ അനുഗ്രഹങ്ങളോടും യേശുവിന്റെ “വിലയേറിയ രക്ത”ത്തോടും നിത്യജീവന്റെ അത്ഭുതകരമായ പ്രത്യാശയോടുമുള്ള വിലമതിപ്പ് നിങ്ങളെ പ്രവർത്തനത്തിന് പ്രേരിപ്പിക്കുന്നില്ലേ? (1 പത്രോസ് 1:19) നിങ്ങൾ നിങ്ങളുടെ ജീവിതത്തെ ദൈവത്തിന്റെ നീതിയുള്ള നിബന്ധനകളോട് ചേർച്ചയിലാക്കിയിട്ടുണ്ടോ? നിങ്ങൾ ക്രമമായി ശിഷ്യരെ ഉളവാക്കുന്നതിൽ പങ്കെടുക്കുന്നുണ്ടോ? നിങ്ങൾ നിങ്ങളെത്തന്നെ ത്യജിക്കുകയും നിങ്ങളുടെ ജീവൻ ദൈവത്തിന് സമർപ്പിക്കുകയും ചെയ്തിട്ടുണ്ടോ? ഈ എല്ലാ ചോദ്യങ്ങൾക്കുമുള്ള നിങ്ങളുടെ ഉത്തരം ഒരു സുനിശ്ചിതമായ ഉവ്വ് എന്നാണെങ്കിൽ, “സ്നാപനപ്പെടുന്നതിൽ നിന്ന് എന്നെ തടയുന്നതെന്ത്?” എന്ന് വിശ്വസിച്ച എത്യോപ്യൻ ഫിലിപ്പോസിനോട് ചോദിച്ച അതേ ചോദ്യം നിങ്ങൾ ഹാജരാകുന്ന സഭയിലെ മൂപ്പൻമാരിൽ ഒരാളോട് ചോദിക്കുന്നതിനുള്ള സമയമായിരിക്കാം ഇത്.—പ്രവൃത്തികൾ 8:36. (w90 8⁄1)
[അടിക്കുറിപ്പുകൾ]
a ദി ജെറൂസലം ബൈബിൾ ഇത് “തന്നേത്തന്നെ തള്ളിപ്പറയുക” എന്ന് ഭാഷാന്തരം ചെയ്യുന്നു. ജെ. ബി. ഫിലിപ്സിനാലുള്ള ഭാഷാന്തരം “തനിക്കുതന്നേയുള്ള മുഴു അവകാശങ്ങളും ഉപേക്ഷിക്കുക” എന്ന് പറയുന്നു. ദി ന്യൂ ഇംഗ്ലീഷ് ബൈബിൾ “സ്വത്വത്തെ പിമ്പിൽ ഉപേക്ഷിക്കുക” എന്ന് പറയുന്നു.
b അത്തരം ശീലങ്ങൾ ഉപേക്ഷിക്കുന്നതു സംബന്ധിച്ച വിവരങ്ങൾക്ക് വാച്ച്ടവർ ഫെബ്രുവരി 1, 1981, പേജുകൾ 3-12; ജൂൺ 1, 1973, പേജുകൾ 336-43; എവേക്ക്! ജൂലൈ 8, 1982 പേജുകൾ 3-12; മെയ് 22, 1981 പേജുകൾ 3-11 എന്നിവ കാണുക. ഇവ യഹോവയുടെ സാക്ഷികളുടെ പ്രാദേശിക രാജ്യഹോളിലെ ലൈബ്രറിയിൽ ലഭ്യമായേക്കാം.
നിങ്ങൾ ഓർമ്മിക്കുന്നുണ്ടോ?
◻ ദൈവത്തോടു നന്ദിയുള്ളവരായിരിക്കാൻ നമുക്ക് ഏതു പ്രത്യേക കാരണങ്ങൾ ഉണ്ട്?
◻ വിശ്വാസവും വിലമതിപ്പും നമ്മെ എന്തു ചെയ്യാൻ പ്രേരിപ്പിക്കണം?
◻ നമുക്കും ദൈവത്തോടുള്ള നമ്മുടെ അനുസരണത്തിനും മദ്ധ്യേ ഏതു പ്രശ്നങ്ങൾ തടസ്സമായി നിലകൊണ്ടേക്കാം, നമുക്ക് അതുസംബന്ധിച്ച് എന്തു ചെയ്യാൻ കഴിയും?
◻ ഇതുവരെ സ്നാപനമേൽക്കാത്ത ആളുകൾക്ക് തങ്ങളോടുതന്നേ ഏതു ചോദ്യങ്ങൾ ചോദിക്കാവുന്നതാണ്?
[13-ാം പേജിലെ ചതുരം]
‘ഞാൻ ഏതു തരം “മണ്ണാ”ണ്?’
യേശു വിത്തുവിതക്കാൻ പുറപ്പെട്ട ഒരു മമനുഷ്യന്റെ ഉപമ പറഞ്ഞു. ചില വിത്തുകൾ വഴിയരികിൽ വീഴുകയും പക്ഷികൾ തിന്നുകയും ചെയ്തു. മററുള്ളവ അധികം മണ്ണില്ലാത്ത പാറസ്ഥലത്ത് വീണു. അവ മുളച്ചു, എന്നാൽ സൂര്യൻ ഉദിച്ചുവന്നപ്പോൾ അവ വാടുകയും നശിക്കുകയും ചെയ്തു. മററു ചില വിത്തുകൾ മുള്ളുകൾക്കിടയിൽ വീഴുകയും ഞെരുക്കപ്പെടുകയും ചെയ്തു. ഈ മൂന്നു കൂട്ടങ്ങൾ: ഒന്നാമത്തേത്, “രാജ്യത്തിന്റെ വചനം കേട്ടിട്ട് അതിന്റെ അർത്ഥം ഗ്രഹിക്കാത്ത” വ്യക്തിയെയും; രണ്ടാമത്തേത്, വചനം സ്വീകരിക്കുന്നുവെങ്കിലും “ഉപദ്രവത്തിന്റെ അല്ലെങ്കിൽ പീഡനത്തിന്റെ” ചൂടിനാൽ പിന്തിരിഞ്ഞുപോകുന്നവനെയും; മൂന്നാമത്തേത്, “ഈ വ്യവസ്ഥിതിയുടെ ഉത്ക്കണ്ഠയും ധനത്തിന്റെ വഞ്ചനാത്മക ശക്തിയും വചനത്തെ ഞെരുക്കിക്കളയുന്ന” വ്യക്തിയെയും പ്രതിനിധാനം ചെയ്യുന്നു എന്ന് യേശു പറഞ്ഞു.
യേശു നല്ല നിലത്തു വീണ മററു വിത്തിനെക്കുറിച്ചും പറഞ്ഞു. അവൻ ഇപ്രകാരം പറഞ്ഞു: “ഇത് വചനം കേൾക്കുകയും അതിന്റെ അർത്ഥം ഗ്രഹിക്കുകയും ചെയ്യുന്ന, യഥാർത്ഥത്തിൽ ഫലം ഉൽപ്പാദിപ്പിക്കുകതന്നെ ചെയ്യുന്ന ഒരുവനാണ്.”—മത്തായി 13:3-8, 18-23.
നമ്മോടുതന്നെ ഇപ്രകാരം ചോദിക്കുന്നത് നല്ലതാണ്: ‘ഞാൻ ഏതുതരം “മണ്ണ്” ആണ്?’
[14-ാം പേജിലെ ചതുരം]
അവർ തങ്ങളുടെ വിശ്വാസത്തിനു വേണ്ടി മരിച്ചു
നിങ്ങൾക്ക് ആരെങ്കിലും തന്റെ വിശ്വാസത്തെ ലംഘിക്കുന്നതിനു പകരം മരിക്കുന്നതായി അറിയാമോ? ആയിരക്കണക്കിന് യഹോവയുടെ സാക്ഷികൾ അങ്ങനെ ചെയ്തിരിക്കുന്നു. ദി നാസി സ്റേറററ് ആൻഡ് ദി ന്യൂ റിലിജിയൻസ്: ഫൈവ് കെയ്സ് സ്ററഡീസ് ഇൻ നോൺ കൺഫോർമിററിയിൽ ഡോ. ക്രിസ്ററിൻ ഈ. കിംഗ് ഇപ്രകാരം എഴുതി: “ഓരോ രണ്ട് ജർമ്മൻ സാക്ഷികളിൽ ഒരാൾ വീതം തടവിലടക്കപ്പെട്ടു, നാലിൽ ഒരാളുടെ വീതം ജീവൻ നഷ്ടപ്പെടുകയും ചെയ്തു.”
പാളയങ്ങളിലെ ഭീകരത ഒടുവിൽ 1945-ൽ അവസാനിച്ചപ്പോൾ, “സാക്ഷികളുടെ സംഖ്യ വർദ്ധിച്ചു, വിട്ടുവീഴ്ച ചെയ്തില്ല.” ദി നാസി പെഴസികൂഷൻ ഓഫ് ദി ചർച്ചസ്-ൽ ജെ. എസ്സ്. കോൺവേ സാക്ഷികളെക്കുറിച്ച് ഇപ്രകാരം എഴുതി: “ഗെസ്ററപ്പോ ഭീകരതയുടെ പൂർണ്ണമായ ശക്തിയുടെ മുമ്പിൽ മററ് യാതൊരു വിഭാഗവും ഇതുപോലുള്ള നിശ്ചയദാർഢ്യമൊന്നും പ്രകടമാക്കിയില്ല.”
യഹോവയുടെ സാക്ഷികൾ രാഷ്ട്രീയ കാരണത്താലൊ വർഗ്ഗപരമായ കാരണത്താലൊ അല്ല പീഡിപ്പിക്കപ്പെട്ടത്. പകരം, അവർ തങ്ങളുടെ ദൈവസ്നേഹവും തങ്ങളുടെ ബൈബിൾപരിശീലിത മനസ്സാക്ഷി ലംഘിക്കുന്നതിനുള്ള വിസമ്മതവും നിമിത്തമാണ് അവർ പൂർണ്ണമായും കഷ്ടതയനുഭവിച്ചത്.