യഥാർത്ഥ സ്നേഹം പ്രതിഫലദായകമാണ്
“നിങ്ങളുടെ വേലയും അവന്റെ നാമത്തോടു നിങ്ങൾ പ്രകടമാക്കിയ സ്നേഹവും മറക്കത്തക്കവണ്ണം ദൈവം നീതികെട്ടവനല്ല”.—എബ്രായർ 6:10.
1, 2. യഥാർത്ഥസ്നേഹം നമുക്ക് വ്യക്തിപരമായി പ്രതിഫലദായകമായിരിക്കുന്നതെന്തുകൊണ്ട്?
നിസ്വാർത്ഥസ്നേഹമാണ് നമുക്ക് പ്രകടിപ്പിക്കാൻ കഴിയുന്ന ഏററവും വലിയ, എററവും ശ്രേഷ്ഠമായ, ഏററവും വിലപ്പെട്ട ഗുണം. ഈ സ്നേഹം (ഗ്രീക്ക്, അഗാപേ) നമ്മിൽനിന്ന് സ്ഥിരമായി വളരെയധികം ആവശ്യപ്പെടുന്നു. എന്നാൽ നാം നീതിയുടെയും സ്നേഹത്തിന്റെയും ദൈവത്താൽ സൃഷ്ടിക്കപ്പെട്ടതുകൊണ്ട് നിസ്വാർത്ഥസ്നേഹം തീർച്ചയായും പ്രതിഫലദായകമാണെന്ന് നാം കണ്ടെത്തുന്നു. ഇതിങ്ങനെയായിരിക്കുന്നതെന്തുകൊണ്ട്?
2 യഥാർത്ഥസ്നേഹം പ്രതിഫലദായകമായിരിക്കുന്നതിന്റെ ഒരു കാരണത്തിൽ ശാരീരികമാനസിക തത്വം, നമ്മുടെ ശരീരത്തിൻമേൽ ചിന്തകൾക്കും വികാരങ്ങൾക്കുമുള്ള ഫലം, ഉൾപ്പെടുന്നതാണ്. പിരിമുറുക്കം സംബന്ധിച്ച ഒരു പ്രാമാണികൻ ഇങ്ങനെ പറഞ്ഞിരിക്കുന്നു: “‘നിന്റെ സ്നേഹിതനെ സ്നേഹിക്കുക’ എന്നത് നൽകപ്പെട്ടിട്ടുള്ളതിലേക്കും ശ്രേഷ്ഠതമമായ വൈദ്യോപദേശങ്ങളിലൊന്നാണ്.” അതെ, “സ്നേഹദയയുള്ള ഒരു മനുഷ്യൻ തന്റെ സ്വന്തം ദേഹിയോട് പ്രതിഫലദായകമായി പെരുമാറുന്നു.” (സദൃശവാക്യങ്ങൾ 11:17) ഈ വാക്കുകൾ സമാനപ്രാധാന്യമുള്ളവയാണ്: “ഔദാര്യമുള്ള ദേഹിതന്നെ കൊഴുപ്പിക്കപ്പെടും, സൗജന്യമായി നനക്കുന്നവൻതന്നെ സൗജന്യമായി നനക്കപ്പെടും.”—സദൃശവാക്യങ്ങൾ 11:25; ലൂക്കൊസ് 6:38 താരതമ്യം ചെയ്യുക.
3. യഥാർത്ഥസ്നേഹത്തെ പ്രതിഫലദായകമാക്കാൻ യഹോവ പ്രവർത്തിക്കുന്നതെങ്ങനെ?
3 ദൈവം നിസ്വാർത്ഥതക്കു പ്രതിഫലം കൊടുക്കുന്നതുകൊണ്ടും സ്നേഹം പ്രതിഫലദായകമാണ്. നാം വായിക്കുന്നു: “എളിയവനോട് ആനുകൂല്യം കാട്ടുന്നവൻ യഹോവക്ക് വായ്പകൊടുക്കുന്നു, അവന്റെ പെരുമാററത്തിന് [ദൈവം] അവന് പ്രതിഫലം കൊടുക്കും.” (സദൃശവാക്യങ്ങൾ 19:17) യഹോവയുടെ സാക്ഷികൾ ദൈവരാജ്യസുവാർത്ത പ്രഘോഷിക്കുമ്പോൾ ഈ വാക്കുകൾക്കു ചേർച്ചയായിട്ടാണ് പ്രവർത്തിക്കുന്നത്. ‘തങ്ങളുടെ വേലയും അവന്റെ നാമത്തോട് തങ്ങൾ കാണിക്കുന്ന സ്നേഹവും മറക്കത്തക്കവണ്ണം ദൈവം നീതികെട്ടവനല്ല’ എന്ന് അവർക്കറിയാം.—എബ്രായർ 6:10.
നമ്മുടെ ഏററവും നല്ല ദൃഷ്ടാന്തം
4. യഥാർത്ഥസ്നേഹം പ്രതിഫലദായകമാണെന്നുള്ളതിന് ഏററവും നല്ല ദൃഷ്ടാന്തം നൽകുന്നതാർ, അവൻ അത് എങ്ങനെ ചെയ്തിരിക്കുന്നു?
4 യഥാർത്ഥ സ്നേഹം പ്രതിഫലദായകമാണെന്നുള്ളതിന് ഏററം നല്ല ദൃഷ്ടാന്തം നൽകുന്നതാരാണ്? എന്തിന്, ദൈവമല്ലാതെ മററാരുമല്ല അത് നൽകുന്നത്! അവൻ “തന്റെ ഏകജാതനായ പുത്രനെ നൽകാൻതക്കവണ്ണം [മനുഷ്യവർഗ്ഗ] ലോകത്തെ അത്രയധികം സ്നേഹിച്ചു.” (യോഹന്നാൻ 3:16) ആ മറുവിലയാഗത്തെ സ്വീകരിക്കുന്നവർക്ക് നിത്യജീവൻ ലഭിക്കേണ്ടതിന് പുത്രനെ നൽകിയത് തീർച്ചയായും യഹോവയാം ദൈവത്തിന് വളരെയധികം ചെലവു വരുത്തി, അവന് സ്നേഹവും സഹാനുഭാവവുമുണ്ടെന്ന് അത് വ്യക്തമായി പ്രകടമാക്കി. ‘ഈജിപ്ററിലെ ഇസ്രായേലിന്റെ ക്ലേശകാലത്തെല്ലാം അത് അവന് ക്ലേശകരമായിരുന്നു’വെന്ന വസ്തുതയാൽ അത് കൂടുതലായി പ്രകടമാക്കപ്പെടുന്നു. (യെശയ്യാവ് 63:9) തന്റെ പുത്രൻ ദണ്ഡനസ്തംഭത്തിൽ കഷ്ടപ്പെടുന്നതും “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്ത്” എന്ന് നിലവിളിക്കുന്നതു കേൾക്കുന്നതും യഹോവക്ക് എത്രയധികം ദുഃഖകരമായിരുന്നിരിക്കണം.—മത്തായി 27:46.
5. ഒരു യാഗമായി തന്റെ പുത്രനെ നൽകാൻതക്കവണ്ണം ദൈവം മനുഷ്യവർഗ്ഗത്തെ സ്നേഹിച്ചതുകൊണ്ട് എന്തു സംഭവിച്ചിരിക്കുന്നു?
5 യഥാർത്ഥമായ തന്റെ സ്വന്തം സ്നേഹപ്രകടനം പ്രതിഫലദായകമാണെന്ന് യഹോവ കണ്ടെത്തിയോ? തീർച്ചയായും അവൻ കണ്ടെത്തി. സാത്താന് യേശുവിനോടു ചെയ്യാൻ കഴിഞ്ഞതൊന്നും ഗണ്യമാക്കാതെ അവൻ വിശ്വസ്തനെന്ന് തെളിഞ്ഞതുകൊണ്ട്, പ്രമുഖമായി എന്തോരു ഉത്തരമാണ് ദൈവത്തിന് സാത്താന്റെ മുഖത്തേക്ക് എറിഞ്ഞുകൊടുക്കാൻ കഴിഞ്ഞത്! (സദൃശവാക്യങ്ങൾ 27:11) യഥാർത്ഥത്തിൽ, ഈ ഭൂമിയിൽ പറുദീസാ പുനഃസ്ഥാപിച്ചുകൊണ്ടും ദശലക്ഷങ്ങൾക്ക് നിത്യജീവൻ നൽകിക്കൊണ്ടും യഹോവയുടെ നാമത്തിന്റെ നിന്ദ നീക്കുന്നതിൽ ദൈവരാജ്യം ചെയ്യുന്നതെല്ലാം സംഭവിക്കുന്നത് തന്റെ ഹൃദയത്തിലെ അതിപ്രിയങ്കരമായ നിക്ഷേപത്തെ ദൈവം ഒരു യാഗമായി കൊടുക്കത്തക്കവണ്ണം മനുഷ്യവർഗ്ഗത്തെ അത്രയധികം സ്നേഹിച്ചതുകൊണ്ടായിരുന്നു.
യേശുവിന്റെ ഏററവും നല്ല ദൃഷ്ടാന്തം
6. സ്നേഹം എന്തു ചെയ്യാൻ യേശുക്രിസ്തുവിനെ പ്രേരിപ്പിച്ചു?
6 യഥാർത്ഥ സ്നേഹം പ്രതിഫലദായകമാണെന്ന് തെളിയിക്കുന്ന മറെറാരു നല്ല ദൃഷ്ടാന്തം ദൈവപുത്രനായ യേശുക്രിസ്തുവിന്റേതാണ്. അവൻ തന്റെ സ്വർഗ്ഗീയപിതാവിനെ സ്നേഹിക്കുന്നു, എന്തുതന്നെ നേരിട്ടാലും യഹോവയുടെ ഇഷ്ടം ചെയ്യുന്നതിന് ആ സ്നേഹം യേശുവിനെ പ്രേരിപ്പിച്ചിരിക്കുന്നു. (യോഹന്നാൻ 14:31; ഫിലിപ്പിയർ 2:5-8) ചില സമയങ്ങളിൽ അവൻ “ശക്തമായ മുറവിളികളോടും കണ്ണുനീരോടുംകൂടെ” തന്റെ പിതാവിനോട് അപേക്ഷിക്കേണ്ടിവന്നെങ്കിലും യേശു ദൈവത്തോടുള്ള സ്നേഹം പ്രകടമാക്കിക്കൊണ്ടിരുന്നു.—എബ്രായർ 5:7.
7. യഥാർത്ഥസ്നേഹം പ്രതിഫലദായകമാണെന്ന് ഏതു വിധങ്ങളിൽ യേശു കണ്ടെത്തിയിരിക്കുന്നു?
7 അങ്ങനെയുള്ള ആത്മത്യാഗപരമായ സ്നേഹത്തിന് യേശുവിന് പ്രതിഫലം കിട്ടിയോ? തീർച്ചയായും അവനു കിട്ടി! തന്റെ മൂന്നരവർഷത്തെ ശുശ്രൂഷാകാലത്ത് അവൻ ചെയ്ത എല്ലാ നല്ല കാര്യങ്ങളിൽനിന്നും അവനു ലഭിച്ച സന്തോഷത്തെക്കുറിച്ചു ചിന്തിക്കുക. അവൻ ആളുകളെ ആത്മീയമായും ഭൗതികമായും എത്രയധികം സഹായിച്ചു! എല്ലാററിനുമുപരിയായി ഒരു പൂർണ്ണമനുഷ്യന് തനിക്കെതിരായി സാത്താന് വരുത്താൻകഴിയുന്ന സകലവും ഗണ്യമാക്കാതെ പൂർണ്ണമായി ദൈവത്തോടു നിർമ്മലത പാലിക്കാൻ കഴിയുമെന്ന് പ്രകടമാക്കിയതിൽ യേശുവിന് പിശാചിനെ ഒരു നുണയനെന്നു തെളിയിക്കുന്നതിന്റെ സംതൃപ്തി ലഭിച്ചു. മാത്രവുമല്ല, ദൈവത്തിന്റെ ഒരു വിശ്വസ്ത ദാസനെന്ന നിലയിൽ യേശുവിന് അവൻ സ്വർഗ്ഗീയ ജീവനിലേക്ക് പുനരുത്ഥാനം പ്രാപിച്ചപ്പോൾ അമർത്ത്യതയാകുന്ന വലിയ പ്രതിഫലം കിട്ടി. (റോമർ 6:9; ഫിലിപ്പിയർ 2:9-11; 1 തിമൊഥെയോസ് 6:15, 16; എബ്രായർ 1: 3, 4) അവന്റെ മുമ്പാകെ അർമ്മഗെദ്ദോനിലും അവന്റെ സഹസ്രാബ്ദവാഴ്ചയിലും എന്തത്ഭുതകരമായ പദവികളാണ് സ്ഥിതിചെയ്യുന്നത്, അന്നാണ് പറുദീസാ ഈ ഭൂമിയിൽ പുനഃസ്ഥാപിക്കപ്പെടുന്നതും സഹസ്രലക്ഷക്കണക്കിനാളുകൾ മരിച്ചവരിൽനിന്ന് ഉയർപ്പിക്കപ്പെടുന്നതും! (ലൂക്കോസ് 23:43) യേശു യഥാർത്ഥസ്നേഹം പ്രതിഫലദായകമാണെന്ന് കണ്ടെത്തിയെന്നതിന് സംശയമില്ല.
പൗലോസിന്റെ ദൃഷ്ടാന്തം
8. ദൈവത്തോടും തന്റെ സഹമനുഷ്യനോടുമുള്ള പൗലോസിന്റെ സ്നേഹം നിമിത്തം അവന്റെ അനുഭവമെന്തായിരുന്നു?
8 അപ്പോസ്തലനായ പത്രോസ് ഒരിക്കൽ യേശുവിനോട്: “നോക്കൂ! ഞങ്ങൾ സകലവും വിട്ട് നിന്നെ അനുഗമിച്ചിരിക്കുന്നു; ഞങ്ങൾക്ക് യഥാർത്ഥത്തിൽ എന്തു കിട്ടും?” എന്നു ചോദിച്ചു. ഭാഗികമായി യേശു ഇങ്ങനെ മറുപടി പറഞ്ഞു: “എന്റെ നാമത്തെ പ്രതി വീടോ സഹോദരൻമാരെയോ സഹോദരിമാരെയോ അപ്പനെയോ അമ്മയേയോ മക്കളെയോ വസ്തുക്കളെയോ വിട്ടിരിക്കുന്ന ഏവനും അനേകം മടങ്ങു കൂടുതൽ ലഭിക്കുകയും നിത്യജീവനെ അവകാശമാക്കുകയുംചെയ്യും.” (മത്തായി 19:27-29) അനേകം അനുഗ്രഹങ്ങൾ ആസ്വദിച്ചിരുന്ന അപ്പോസ്തലനായ പൗലോസിൽ നമുക്ക് ഒരു ശ്രദ്ധേയമായ ദൃഷ്ടാന്തമുണ്ട്, വിശേഷാൽ ലൂക്കോസ് അത് പ്രവൃത്തികളുടെ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ദൈവത്തോടും തന്റെ സഹമനുഷ്യനോടുമുള്ള യഥാർത്ഥസ്നേഹം പൗലോസ് ഒരു ബഹുമാന്യ പരീശനെന്നനിലയിലുള്ള തന്റെ ജീവിതവൃത്തി ഉപേക്ഷിക്കാൻ ഇടയാക്കി. പ്രഹരങ്ങളുടെയും മരണസാദ്ധ്യതയുടെയും അപകടങ്ങളുടെയും പട്ടിണിയുടെയും രൂപത്തിൽ പൗലോസ് സഹിച്ചതിനെക്കുറിച്ചും ചിന്തിക്കുക—എല്ലാം ദൈവത്തോടും അവന്റെ വിശുദ്ധസേവനത്തോടുമുള്ള യഥാർത്ഥസ്നേഹം നിമിത്തംതന്നെ.—2 കൊരിന്ത്യർ 11:23-27.
9. യഥാർത്ഥസ്നേഹം പ്രകടമാക്കിയതിന് പൗലോസിന് എങ്ങനെ പ്രതിഫലം കിട്ടി?
9 യഥാർത്ഥസ്നേഹം പ്രദർശിപ്പിച്ചതിൽ വളരെ നല്ല ദൃഷ്ടാന്തം വെച്ചതിന് യഹോവ പൗലോസിന് പ്രതിഫലം കൊടുത്തോ? ശരി, പൗലോസിന്റെ ശുശ്രൂഷ എത്ര ഫലപ്രദമായിരുന്നുവെന്നും ചിന്തിക്കുക. അവന് ഒന്നിനുപിറകേ മറെറാന്നായി സഭകൾ സ്ഥാപിക്കാൻകഴിഞ്ഞു. എന്തത്ഭുതങ്ങൾ ചെയ്യാൻ യഹോവ അവനെ അധികാരപ്പെടുത്തി! (പ്രവൃത്തികൾ 19:11, 12) പ്രകൃതാതീത ദർശനങ്ങൾ കാണുന്നതിനും ഇപ്പോൾ ക്രിസ്തീയഗ്രീക്ക് തിരുവെഴുത്തുകളുടെ ഭാഗമായിരിക്കുന്ന 14 ലേഖനങ്ങളെഴുതുന്നതിനുംകൂടെ പൗലോസിന് പദവി ലഭിച്ചു. ഇതിനെല്ലാം മകുടം ചാർത്തുമാറ് സ്വർഗ്ഗങ്ങളിലെ അമർത്ത്യതയാകുന്ന സമ്മാനം അവന് കൊടുക്കപ്പെട്ടു. (1 കൊരിന്ത്യർ 15:53, 54; 2 കൊരിന്ത്യർ 12:1-7; 2 തിമൊഥെയോസ് 4:7, 8) യഥാർത്ഥ സ്നേഹത്തിന് ദൈവം പ്രതിഫലം കൊടുക്കുന്നുവെന്ന് പൗലോസ് കണ്ടെത്തി.
നമ്മുടെ നാളിൽ യഥാർത്ഥസ്നേഹം പ്രതിഫലദായകം
10. യേശുവിന്റെ ശിഷ്യനായിത്തീരുന്നതിനും യഹോവയോടുള്ള നമ്മുടെ സ്നേഹം പ്രകടമാക്കുന്നതിനും എന്തു ചെലവു വന്നേക്കാം?
10 അതുപോലെ യഥാർത്ഥസ്നേഹം പ്രതിഫലദായകമാണെന്ന് ഇന്ന് യഹോവയുടെ സാക്ഷികൾ കണ്ടെത്തിയിരിക്കുന്നു. അവന്റെ പക്ഷത്ത് നിലയുറപ്പിക്കുന്നതിനാലും യേശുവിന്റെ ശിഷ്യരായിത്തീരുന്നതിനാലും യഹോവയോടുള്ള നമ്മുടെ സ്നേഹം പ്രകടമാക്കുന്നതുനിമിത്തം നിർമ്മലതാപാലകരെന്ന നിലയിൽ നമ്മുടെ ജീവൻ നഷ്ടപ്പെടുകപോലും ചെയ്തേക്കാം. (വെളിപ്പാട് 2:10 താരതമ്യപ്പെടുത്തുക.) അതുകൊണ്ടാണ് നാം ചെലവുകണക്കാക്കണമെന്ന് യേശു പറഞ്ഞത്. എന്നാൽ ഒരു ശിഷ്യനായിരിക്കുന്നത് പ്രതിഫലദായകമാണോ അല്ലയോ എന്ന് തീരുമാനിക്കുന്നതിനല്ല അങ്ങനെ ചെയ്യുന്നത്. പകരം, ശിഷ്യത്വത്തിന് എന്തുതന്നെ നഷ്ടംവന്നാലും അതിനായി ഒരുങ്ങുന്നതിനാണ്.—ലൂക്കോസ് 14:28.
11. ചിലർ ദൈവത്തിന് തങ്ങളേത്തന്നെ സമർപ്പിക്കാത്തതെന്തുകൊണ്ട്?
11 ഇന്ന് അനേകർ—നിസ്സംശയമായി ദശലക്ഷങ്ങൾ—യഹോവയുടെ സാക്ഷികൾ ദൈവവചനത്തിൽനിന്ന് അവർക്കുവേണ്ടി കൊണ്ടുചെല്ലുന്ന സന്ദേശം വിശ്വസിക്കുന്നുണ്ട്. എന്നാൽ അവർ തങ്ങളെത്തന്നെ ദൈവത്തിന് സമർപ്പിക്കുന്നതിൽനിന്നും സ്നാപനമേൽക്കുന്നതിൽനിന്നും പിൻമാറിനിൽക്കുന്നു. ഇത് മററുള്ളവർക്കുള്ള യഥാർത്ഥ ദൈവസ്നേഹം അവർക്കില്ലാത്തതുകൊണ്ടായിരിക്കുമോ? അനേകർ ഒരു അവിശ്വാസിയായ ഇണയുടെ പ്രീതിയിൽ കഴിയാനാഗ്രഹിക്കുന്നതുകൊണ്ടാണ് സമർപ്പണത്തിന്റെയും സ്നാപനത്തിന്റെയും പടികൾ സ്വീകരിക്കാത്തത്. “ഞാൻ പാപം ഇഷ്ടപ്പെടുന്നു” എന്ന് ഒരു സാക്ഷിയോടു പറഞ്ഞ ഒരു ബിസിനസ്കാരന്റെ മനോഭാവമുള്ളതുകൊണ്ടാണ് അനേകർ ദൈവത്തോട് അടുക്കാത്തത്. പ്രസ്പഷ്ടമായി അങ്ങനെയുള്ള വ്യക്തികൾ ദൈവവും ക്രിസ്തുവും അവർക്കുവേണ്ടി ചെയ്തതിനെയെല്ലാം വിലമതിക്കുന്നില്ല.
12. യഥാർത്ഥസ്നേഹത്തിൽ ദൈവത്തോടു നമ്മെ കൂടുതൽ അടുപ്പിക്കുന്ന അറിവിന്റെ പ്രതിഫലങ്ങളെ പ്രദീപ്തമാക്കുന്നതായി ഈ പത്രിക എന്തു പറഞ്ഞിരിക്കുന്നു?
12 യഹോവയാം ദൈവവും യേശുക്രിസ്തുവും നമുക്കുവേണ്ടി ചെയ്തിരിക്കുന്നതിനോടെല്ലാം നമുക്ക് യഥാർത്ഥ വിലമതിപ്പുണ്ടെങ്കിൽ നമ്മുടെ സ്വർഗ്ഗീയ പിതാവിനെ സേവിക്കുന്നതിനും യേശുവിന്റെ ശിഷ്യരിലൊരാളായിത്തീരാനും എന്തു ചെലവുവന്നാലും അതു മനസ്സോടെ വഹിക്കുന്നതിനാൽ നാം അതു പ്രകടമാക്കും. ദൈവത്തോടുള്ള യഥാർത്ഥസ്നേഹം നിമിത്തം എല്ലാ ജീവിതതുറകളിലുംപെട്ട സ്ത്രീപുരുഷൻമാർ—വിജയികളായ ബിസിനസുകാരും പ്രമുഖസ്പോർട്ട്സ്വ്യക്തികളും മററും—അപ്പോസ്തലനായ പൗലോസിനെപ്പോലെ സ്വാർത്ഥപരമായ ജീവിതവൃത്തികൾ വെടിഞ്ഞ് ക്രിസ്തീയശുശ്രൂഷ സ്വീകരിച്ചിരിക്കുന്നു. ദൈവത്തെ അറിയുകയും സേവിക്കുകയും ചെയ്യുന്നതിന്റെ പ്രതിഫലങ്ങൾക്കു പകരമായി മറെറാന്നും അവർ സ്വീകരിക്കുകയില്ല. ഈ കാര്യം സംബന്ധിച്ച് വീക്ഷാഗോപുരം ഒരിക്കൽ ഇങ്ങനെ പറഞ്ഞു: “സത്യത്തെക്കുറിച്ച് തങ്ങൾക്കുള്ള അറിവിനു പകരം എത്ര സഹോദരൻമാർ ഒരു ആയിരം ഡോളർ സ്വീകരിക്കാൻ സന്നദ്ധരായിരിക്കും എന്ന് ഞങ്ങൾ ചിലപ്പോൾ ചോദിച്ചിട്ടുണ്ട്. യാതൊരു കൈയും കാണപ്പെട്ടില്ല! പതിനായിരം ഡോളർ ആർ സ്വീകരിക്കും? ആരും സ്വീകരിക്കുകയില്ല. ആർ ഒരു ദശലക്ഷം ഡോളർ സ്വീകരിക്കും? ദിവ്യസ്വഭാവത്തെക്കുറിച്ചും ദിവ്യ പ്ലാനിനെക്കുറിച്ചും തനിക്കറിയാവുന്നതിനു പകരമായി മുഴു ലോകത്തെയും ആർ സ്വീകരിക്കും? ആരും സ്വീകരിക്കുകയില്ല! അനന്തരം ഞങ്ങൾ പറഞ്ഞു, പ്രിയ സ്നേഹിതരേ, നിങ്ങൾ തീരെ അസംതൃപ്തരായ ജനസമൂഹമല്ല. നിങ്ങളുടെ ദൈവപരിജ്ഞാനത്തിനു പകരമായി നിങ്ങൾ യാതൊന്നും സ്വീകരിക്കുകയില്ലാത്തവിധം അത്ര ധനികരാണ് നിങ്ങളെന്നു വിചാരിക്കുന്നുവെങ്കിൽ, നിങ്ങൾ ഞങ്ങളെപ്പോലെ ധനികരാണെന്ന് വിചാരിക്കുന്നു.” (ഡിസംബർ 15, 1914, പേജ് 377) അതെ, ദൈവത്തെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ചുള്ള സൂക്ഷ്മപരിജ്ഞാനം തീർച്ചയായും പ്രതിഫലദായകമായ യഥാർത്ഥസ്നേഹത്തിൽ ദൈവത്തോട് നമ്മെ കൂടുതൽ അടുപ്പിക്കുന്നു.
13. നാം വ്യക്തിപരമായ പഠനത്തെ എങ്ങനെ വീക്ഷിക്കണം?
13 നാം ദൈവത്തെ സ്നേഹിക്കുന്നുവെങ്കിൽ, നാം ദൈവത്തെ അറിയാനും അവന്റെ ഇഷ്ടംചെയ്യാനും കഠിനശ്രമം നടത്തും. (1 യോഹന്നാൻ 5:3) നാം വ്യക്തിപരമായ പഠനത്തെയും പ്രാർത്ഥനയെയും ക്രിസ്തീയയോഗങ്ങളിലെ ഹാജരാകലിനെയും കുറിച്ച് സഗൗരവമായ ഒരു വീക്ഷണം സ്വീകരിക്കും. ഇതിനെല്ലാം ആത്മത്യാഗം ആവശ്യമാണ്, എന്തുകൊണ്ടെന്നാൽ ഈ പ്രവർത്തനങ്ങളിൽ സമയത്തിന്റെയും ഊർജ്ജത്തിന്റെയും മററു വിഭവങ്ങളുടെയും ചെലവ് ഉൾപ്പെടുന്നു. നാം ഒരു റെറലിവിഷൻപരിപാടി കാണണമോ അതോ വ്യക്തിപരമായ ബൈബിൾപഠനത്തിൽ ഏർപ്പെടണമോയെന്ന് തീരുമാനിക്കേണ്ടിവന്നേക്കാം. എന്നാൽ നാം അങ്ങനെയുള്ള പഠനത്തെ ഗൗരവമായി എടുക്കുകയും അതിന് വേണ്ടത്ര സമയം മാററിവെക്കുകയും ചെയ്യുമ്പോൾ നാം ആത്മീയമായി എത്ര ശക്തരായിത്തീരുന്നു, നാം മററുള്ളവരോടു സാക്ഷീകരിക്കാൻ എത്ര മെച്ചമായി പ്രാപ്തരായിത്തീരുന്നു, നമുക്ക് ക്രിസ്തീയ യോഗങ്ങളിൽനിന്ന് എത്രയധികം പ്രയോജനംകിട്ടുന്നു!—സങ്കീർത്തനം 1:1-3.
14. പ്രാർത്ഥനയും യഹോവയാം ദൈവവുമായുള്ള ഒരു നല്ല ബന്ധവും എത്ര പ്രധാനമാണ്?
14 ‘പ്രാർത്ഥനയിൽ ഉററിരിക്കുന്നതിനാൽ’ നാം നമ്മുടെ സ്വർഗ്ഗീയപിതാവിനോട് സംസാരിക്കുന്നത് ക്രമമായി ആസ്വദിക്കുന്നുണ്ടോ? (റോമർ 12:12) അതോ ഈ വിലയേറിയ പദവിയോടു നീതികാണിക്കാൻ കഴിയാത്തവിധം നാം മിക്കപ്പോഴും വളരെ തിരക്കിലാണോ? ‘ഇടവിടാതെ പ്രാർത്ഥിക്കുന്നത്’ യഹോവയാം ദൈവത്തോടുള്ള നമ്മുടെ ബന്ധത്തെ ബലിഷ്ഠമാക്കുന്നതിനുള്ള ഒരു മർമ്മപ്രധാനമായ വിധമാണ്. (1 തെസ്സലോനീക്യർ 5:17) നാം പ്രലോഭനങ്ങളെ അഭിമുഖീകരിക്കുമ്പോൾ നമ്മെ സഹായിക്കാൻ പര്യാപ്തമായി യഹോവയുമായുള്ള ഒരു നല്ല ബന്ധംപോലെ യാതൊന്നുമില്ല. പോത്തീഫറിന്റെ ഭാര്യയാൽ പ്രലോഭിപ്പിക്കപ്പെട്ടപ്പോൾ ചെറുത്തുനിൽക്കാൻ യോസേഫിനെ പ്രാപ്തനാക്കിയതെന്തായിരുന്നു? മേദ്യരും പാർസ്യരും യഹോവയോട് അപേക്ഷിക്കുന്നതിൽനിന്ന് ദാനിയേലിനെ വിലക്കിയപ്പോൾ അവൻ പ്രാർത്ഥന നിർത്താഞ്ഞതെന്തുകൊണ്ട്? (ഉല്പത്തി 39:7-16; ദാനിയേൽ 6:4-11) എന്തിന്, ദൈവവുമായുള്ള ഒരു നല്ല ബന്ധം വിജയശ്രീലാളിതരായിത്തീരുന്നതിന് ആ മനുഷ്യരെ സഹായിച്ചു, അങ്ങനെ ചെയ്യാൻ അത് നമ്മെ സഹായിക്കുന്നതുപോലെതന്നെ!
15. നാം ക്രിസ്തീയയോഗങ്ങളെ എങ്ങനെ വീക്ഷിക്കണം, എന്തുകൊണ്ട്?
15 ഇനി, നമ്മുടെ അഞ്ച് പ്രതിവാര യോഗങ്ങളിലെ ഹാജരിനെ നാം എത്ര ഗൗരവമായിട്ടാണ് എടുക്കുന്നത്? ക്ഷീണത്തെയോ അല്പമായ ശാരീകാസ്വാസ്ഥ്യത്തെയോ അല്പം മോശമായ കാലാവസ്ഥയേയോ സഹവിശ്വാസികളുമായുള്ള സമ്മേളിക്കൽ ഉപേക്ഷിക്കാതിരിക്കാനുള്ള നമ്മുടെ കടപ്പാടിന് പ്രതിബന്ധമുണ്ടാക്കാൻ നാം അനുവദിക്കുന്നുവോ? (എബ്രായർ 10:24, 25) നല്ല ശമ്പളമുണ്ടായിരുന്ന ഒരു അമേരിക്കൻ യന്ത്രപ്പണിക്കാരൻ തന്റെ ജോലി ക്രിസ്തീയയോഗങ്ങളിലെ തന്റെ സാന്നിദ്ധ്യത്തിന് ആവർത്തിച്ച് പ്രതിബന്ധമുണ്ടാക്കുന്നതായി കണ്ടു. അതുകൊണ്ട് എല്ലാ സഭാ യോഗങ്ങൾക്കും ക്രമമായി ഹാജരാകാൻ കഴിയത്തക്കവണ്ണം തന്റെ ജോലി മാറുകയും ഒരു സാമ്പത്തിക നഷ്ടം സഹിക്കുകയുംചെയ്തു. നമ്മുടെ യോഗങ്ങൾ പ്രോൽസാഹനത്തിന്റെ ഒരു പരസ്പരകൈമാററം ആസ്വദിക്കാനും അന്യോന്യമുള്ള വിശ്വാസത്തെ ബലിഷ്ഠമാക്കാനും നമ്മെ പ്രാപ്തരാക്കുന്നു. (റോമർ 1:11, 12) ഈ കാര്യങ്ങളിലെല്ലാം “സമൃദ്ധമായി വിതക്കുന്നവൻ സമൃദ്ധമായി കൊയ്യുകയുംചെയ്യു”ന്നുവെന്ന് നാം കണ്ടെത്തുന്നില്ലയോ? (2 കൊരിന്ത്യർ 9:6) അതെ, അങ്ങനെയുള്ള വിധങ്ങളിൽ യഥാർത്ഥസ്നേഹം പ്രകടമാക്കുന്നത് വളരെ പ്രതിഫലദായകമാണ്.
യഥാർത്ഥസ്നേഹവും നമ്മുടെ ശുശ്രൂഷയും
16. അനൗപചാരികമായി സാക്ഷീകരിക്കാൻ സ്നേഹം നമ്മെ പ്രേരിപ്പിക്കുമ്പോൾ എന്തു ഫലമുണ്ടായേക്കാം?
16 സ്നേഹം യഹോവയുടെ ജനമെന്ന നിലയിൽ സുവാർത്ത പ്രസംഗിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. ഉദാഹരണത്തിന്, അത് അനൗപചാരിക സാക്ഷീകരണത്തിലേർപ്പെടാൻ നമ്മെ പ്രേരിപ്പിക്കുന്നു. അനൗപചാരികമായി സാക്ഷീകരിക്കാൻ നാം വിമുഖത കാണിച്ചേക്കാം, എന്നാൽ സ്നേഹം സംസാരിക്കാൻ നമ്മെ തള്ളിവിടും. തീർച്ചയായും, സ്നേഹം നാം ഒരു സംഭാഷണം തുടങ്ങുന്നതിനും അനന്തരം അതിനെ രാജ്യത്തിലേക്കു തിരിച്ചുവിടാനും ഇടയാക്കും. ദൃഷ്ടാന്തീകരിക്കുന്നതിന്: ഒരു വിമാനത്തിൽ യാത്രചെയ്തുകൊണ്ടിരുന്നപ്പോൾ ഒരു ക്രിസ്തീയ മൂപ്പൻ ഒരിക്കൽ ഒരു റോമൻകത്തോലിക്കാപുരോഹിതന്റെ അടുത്തിരിക്കാനിടയായി. ആദ്യം മൂപ്പൻ മുഷിപ്പിക്കാത്ത ചോദ്യങ്ങൾ പുരോഹിതനോടു ചോദിച്ചുകൊണ്ട് സംഭാഷണത്തിന് വഴിയൊരുക്കി. എന്നിരുന്നാലും, പുരോഹിതൻ വിമാനത്തിൽനിന്ന് ഇറങ്ങിയ സമയമായപ്പോഴേക്ക് അദ്ദേഹത്തിന്റെ താത്പര്യം നമ്മുടെ രണ്ടു പുസ്തകങ്ങൾ വാങ്ങാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചിരുന്നു. അനൗപചാരികമായി സാക്ഷീകരിച്ചതിന് എന്തു നല്ല ഫലം!
17, 18. സ്നേഹം ക്രിസ്തീയശുശ്രൂഷസംബന്ധിച്ച് എന്തു ചെയ്യാൻ നമ്മെ പ്രേരിപ്പിക്കും?
17 യഥാർത്ഥ സ്നേഹം വീടുതോറുമുള്ള പ്രസംഗവേലയിലും ക്രിസ്തീയ ശുശ്രൂഷയുടെ മററു രൂപങ്ങളിലും ക്രമമായി പങ്കെടുക്കാനും നമ്മെ പ്രേരിപ്പിക്കുന്നു. നമുക്ക് ബൈബിൾ ചർച്ചകൾ നടത്താൻകഴിയുന്നടത്തോളം നാം യഹോവയാം ദൈവത്തിന് ബഹുമാനം കൈവരുത്തുകയും നിത്യജീവനിലേക്കുള്ള വഴിയിൽ പ്രവേശിക്കുന്നതിന് ആടുതുല്യരെ സഹായിക്കുകയുംചെയ്യും. (മത്തായി 7:13, 14 താരതമ്യപ്പെടുത്തുക.) ബൈബിൾചർച്ചകൾ നടത്താൻ നമുക്ക് കഴിയാതിരുന്നാൽ പോലും നമ്മുടെ ശ്രമങ്ങൾ വ്യർത്ഥമായിരിക്കുകയില്ല. ആളുകളുടെ വീടുകളിലെ നമ്മുടെ സാന്നിദ്ധ്യം പോലും ഒരു സാക്ഷ്യമായി ഉതകുന്നു. നമുക്കുതന്നെ ശുശ്രൂഷയിൽനിന്നു പ്രയോജനംകിട്ടുന്നു, എന്തുകൊണ്ടെന്നാൽ നമ്മുടെ വിശ്വാസത്തെ ബലിഷ്ഠമാക്കാതെ നമുക്ക് ബൈബിൾസത്യങ്ങൾ ഘോഷിക്കാൻ കഴികയില്ല. ‘നാം മററുള്ളവവർക്ക് സുവാർത്ത പങ്കുവെക്കുന്നവരായിത്തീരേണ്ടതിന് സകലവും സുവാർത്തക്കുവേണ്ടി ചെയ്യാൻ’ വീടുതോറും പോകുന്നതിന് താഴ്മ ആവശ്യമാണെന്നുള്ളത് സത്യംതന്നെ. (1 കൊരിന്ത്യർ 9:19-23) എന്നാൽ ദൈവത്തോടും സഹമനുഷ്യരോടുമുള്ള സ്നേഹം നിമിത്തം നാം വിനീതമായി ശ്രമംചെലുത്തുകയും സമൃദ്ധമായ അനുഗ്രഹങ്ങളാൽ പ്രതിഫലം പ്രാപിക്കുകയുംചെയ്യുന്നു.—സദൃശവാക്യങ്ങൾ 10:22.
18 ബൈബിൾസത്യങ്ങളിൽ തത്പരരായിരിക്കുന്ന ആളുകൾക്ക് മടക്കസന്ദർശനം നടത്തുന്നതു സംബന്ധിച്ച് ബോധമുള്ളവരായിരിക്കാനും യഹോവയുടെ സാക്ഷികൾക്ക് യഥാർത്ഥസ്നേഹം ആവശ്യമാണ്. വാരം തോറും മാസംതോറും ബൈബിളദ്ധ്യയനം നടത്തുന്നത് ദൈവത്തോടും അയൽക്കാരനോടുമുള്ള ഒരു സ്നേഹപ്രകടനമാണ്, എന്തെന്നാൽ ഈ പ്രവർത്തനം സമയത്തിന്റെയും ശ്രമത്തിന്റെയും ഭൗതികവിഭവങ്ങളുടെയും ചെലവ് ആവശ്യമാക്കിത്തീർക്കുന്നു. (മർക്കോസ് 12:28-31) എന്നാൽ ഈ ബൈബിൾ വിദ്യാർത്ഥികളിലൊരാൾ സ്നാപനമേൽക്കുകയും ഒരുപക്ഷേ മുഴുസമയശുശ്രൂഷയിൽ പ്രവേശിക്കുകപോലും ചെയ്യുമ്പോൾ യഥാർത്ഥ സ്നേഹം പ്രതിഫലദായകമാണെന്ന് നമുക്ക് ബോദ്ധ്യംവരുന്നില്ലേ?—2 കൊരിന്ത്യർ 3:1-3 താരതമ്യംചെയ്യുക.
19. സ്നേഹവും മുഴുസമയസേവനവും തമ്മിൽ എന്തു ബന്ധമുണ്ട്?
19 മുഴുസമയസേവനത്തിൽ പങ്കെടുക്കുക നമുക്കു സാദ്ധ്യമാണെങ്കിൽ അതിനുവേണ്ടി ഭൗതികസുഖങ്ങൾ ബലിചെയ്യാൻ നിസ്വാർത്ഥസ്നേഹം നമ്മെ പ്രേരിപ്പിക്കുന്നു. തങ്ങളുടെ സ്നേഹം അത്രത്തോളം പ്രകടിപ്പിക്കുന്നത് അത്യന്തം പ്രതിഫലദായകമായിരുന്നുവെന്ന് ആയിരമായിരം സാക്ഷികൾക്ക് സാക്ഷ്യംപറയാൻ കഴിയും. മുഴുസമയശുശ്രൂഷയിൽ പങ്കെടുക്കാൻ സാഹചര്യങ്ങൾ നിങ്ങളെ അനുവദിക്കുകയും അവയെ പ്രയോജനപ്പെടുത്താതിരിക്കുകയും ചെയ്യുന്നുവെങ്കിൽ എന്തനുഗ്രഹങ്ങളാണ് നിങ്ങൾക്ക് നഷ്ടപ്പെടുന്നതെന്ന് നിങ്ങൾ കേവലം അറിയുന്നില്ല.—മർക്കോസ് 10:29, 30 താരതമ്യംചെയ്യുക.
മററു വിധങ്ങളിൽ പ്രതിഫലദായകം
20. ക്ഷമിക്കുന്നവരായിരിക്കാൻ സ്നേഹം നമ്മെ സഹായിക്കുന്നതെങ്ങനെ?
20 യഥാർത്ഥ സ്നേഹം പ്രതിഫലദായകമായിരിക്കുന്ന മറെറാരു വിധം അത് ക്ഷമിക്കുന്നവരായിരിക്കാൻ നമ്മെ സഹായിക്കുന്നുവെന്നതാണ്. അതെ, സ്നേഹം “ദ്രോഹത്തിന്റെ കണക്കു സൂക്ഷിക്കുന്നില്ല.” യഥാർത്ഥത്തിൽ, “സ്നേഹം ബഹുപാപങ്ങളെ മറയ്ക്കുന്നു.” (1 കൊരിന്ത്യർ 13:5; 1 പത്രോസ് 4:8) “ബഹു” എന്നത് അനേകം പാപങ്ങളെ അർത്ഥമാക്കുന്നു, ഇല്ലയോ? ക്ഷമിക്കുന്നവരായിരിക്കുന്നത് എത്ര പ്രതിഫലദായകമാണ്! നിങ്ങൾ ക്ഷമിക്കുമ്പോൾ നിങ്ങൾക്കും നിങ്ങൾക്ക് എതിരായി പാപംചെയ്തയാളിനും കൂടുതൽ സുഖംതോന്നാനിടയാകുന്നു. എന്നാൽ നമുക്കെതിരെ പാപംചെയ്യുന്നവരോട് നാം ക്ഷമിച്ചുകഴിഞ്ഞിട്ടില്ലെങ്കിൽ യഹോവ നമ്മോടു ക്ഷമിക്കാൻ പ്രതീക്ഷിക്കാൻ കഴിയില്ലെന്നുള്ളതാണ് അതിലും സുപ്രധാനമായ സംഗതി.—മത്തായി 6:12; 18:23-35 താരതമ്യപ്പെടുത്തുക.
21. യഥാർത്ഥസ്നേഹം കീഴ്വഴക്കമുള്ളവരായിരിക്കാൻ നമ്മെ സഹായിക്കുന്നതെങ്ങനെ?
21 കൂടാതെ, യഥാർത്ഥസ്നേഹം കീഴ്വഴക്കമുള്ളവരായിരിക്കാൻ നമ്മെ സഹായിക്കുന്നുവെന്നതിലും അത് പ്രതിഫലദായകമാണ്. നാം യഹോവയെ സ്നേഹിക്കുന്നുവെങ്കിൽ, നാം അവന്റെ ബലമുള്ള കൈക്കീഴിൽ നമ്മേത്തന്നെ താഴ്ത്തും. (1 പത്രോസ് 5:6) അവനോടുള്ള നമ്മുടെ സ്നേഹം അവന്റെ തെരഞ്ഞെടുക്കപ്പെട്ട ഉപകരണമായ “വിശ്വസ്തനും വിവേകിയുമായ അടിമ”ക്ക് കീഴ്പ്പെട്ടിരിക്കാനും നമ്മെ പ്രേരിപ്പിക്കും. ഇതിൽ സഭയിൽ നേതൃത്വംവഹിക്കുന്നവർക്ക് കീഴ്പ്പെട്ടിരിക്കുന്നതും ഉൾപ്പെടുന്നു. ഇത് പ്രതിഫലദായകമാണ്, എന്തുകൊണ്ടെന്നാൽ അങ്ങനെ ചെയ്യുന്നതിലുള്ള പരാജയം നമുക്ക് “ഹാനികരമായിരിക്കും.” (മത്തായി 24:45-47; എബ്രായർ 13:17) തീർച്ചയായും കീഴ്പ്പെട്ടിരിക്കുകയെന്ന ഈ തത്വം കുടുംബവൃത്തത്തിനുള്ളിലും ബാധകമാകുന്നു. അങ്ങനെയുള്ള ഒരു ഗതി കുടുംബസന്തോഷവും സമാധാനവും യോജിപ്പും വർദ്ധിപ്പിക്കുന്നതുകൊണ്ടും അതേസമയം നാം ദൈവത്തെ പ്രസാദിപ്പിക്കുന്നുവെന്നറിയുന്നതിനോടുകൂടെ കൈവരുന്ന സംതൃപ്തി നൽകുന്നതുകൊണ്ടും പ്രതിഫലദായകമാണ്.—എഫേസ്യർ 5:22; 6:1-3.
22. നമുക്ക് യഥാർത്ഥമായി എങ്ങനെ സന്തുഷ്ടരായിരിക്കാൻ കഴിയും?
22 അപ്പോൾ നമുക്ക് നട്ടുവളർത്താവുന്ന ഏററവും വലിയ ഗുണം നിസ്വാർത്ഥവും തത്വാധിഷ്ഠിതവുമായ സ്നേഹമായ അഗാപേയാണ്. യഥാർത്ഥസ്നേഹം പ്രതിഫലദായകമാണെന്നുള്ളതിന് സംശയമുണ്ടായിരിക്കാവുന്നതല്ല. അതുകൊണ്ട് നമ്മുടെ സ്നേഹവാനാം ദൈവമായ യഹോവയുടെ മഹത്വത്തിനായി ഈ ഗുണം മുമ്പെന്നത്തേതിലുമധികമായ അളവിൽ നട്ടുവളർത്തുകയും പ്രകടമാക്കുകയുംചെയ്യുന്നുവെങ്കിൽ നാം തീർച്ചയായും സന്തുഷ്ടരായിരിക്കും. (w90 11⁄15)
നിങ്ങൾ എങ്ങനെ പ്രതിവചിക്കും?
◻ ഏതു വിധത്തിൽ യഹോവയാം ദൈവം യഥാർത്ഥസ്നേഹം പ്രദർശിപ്പിച്ചിരിക്കുന്നു?
◻ യേശുക്രിസ്തു എങ്ങനെ സ്നേഹം പ്രകടമാക്കിയിരിക്കുന്നു?
◻ യഥാർത്ഥസ്നേഹം പ്രകടമാക്കുന്നതിൽ അപ്പോസ്തലനായ പൗലോസ് എന്തു ദൃഷ്ടാന്തംവെച്ചു?
◻ യഹോവയുടെ സാക്ഷികൾ എങ്ങനെ സ്നേഹം പ്രകടമാക്കിക്കൊണ്ടിരിക്കുന്നു?
◻ യഥാർത്ഥസ്നേഹം പ്രതിഫലദായകമാണെന്ന് നിങ്ങൾ പറയുന്നതെന്തുകൊണ്ട്?
[16-ാം പേജിലെ ചിത്രം]
നമുക്ക് നിത്യജീവൻ ലഭിക്കേണ്ടതിന് തന്റെ പുത്രനെ നൽകുവാൻ മനുഷ്യവർഗ്ഗത്തോടുള്ള യഹോവയുടെ സ്നേഹം അവനെ പ്രേരിപ്പിച്ചു. നിങ്ങൾ അത്തരം യഥാർത്ഥസ്നേഹത്തെ വിലമതിക്കുന്നുവോ?
[18-ാം പേജിലെ ചിത്രം]
യഹോവയോടുള്ള യഥാർത്ഥസ്നേഹം “പ്രാർത്ഥനയിൽ ഉററിരിക്കാൻ” നമ്മെ പ്രേരിപ്പിക്കും