“പരസ്പരം പ്രാർത്ഥിക്കുക”
യഹോവ “പ്രാർത്ഥന കേൾക്കുന്നവ”നാണ്. (സങ്കീർത്തനം 65:2) അവൻ എല്ലായ്പ്പോഴും മുഴുഹൃദയത്തോടെ തന്നിൽ അർപ്പിതരായിരിക്കുന്നവരുടെ പ്രാർത്ഥനകൾ കേൾക്കുന്നു, അവർ പരസ്പരം പ്രാർത്ഥിക്കുമ്പോൾ അവൻ ശ്രദ്ധിക്കുന്നുവെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും.
എന്നാൽ എന്തിനാണ് പരസ്പരം പ്രാർത്ഥിക്കുന്നത്? അങ്ങനെയുള്ള പ്രാർത്ഥനകൾ നടത്തുന്നത് എന്തിനെ സംബന്ധിച്ചായിരിക്കണം? നാം പരസ്പരം പ്രാർത്ഥിക്കുമ്പോൾ ഏതു ദൈവികഗുണങ്ങൾ വർദ്ധിതമായിത്തീരുന്നു?
പരസ്പരം പ്രാർത്ഥിക്കുന്നത് എന്തിന്?
പരസ്പരം പ്രാർത്ഥിക്കാൻ തിരുവെഴുത്തുകൾ യഹോവയുടെ ജനത്തെ പ്രോൽസാഹിപ്പിക്കുന്നു. മററുള്ളവർക്കുവേണ്ടിയുള്ള പ്രാർത്ഥനകൾ അപ്പോസ്തലനായ പൗലോസിന്റെ ദൈവത്തോടുള്ള അപേക്ഷകളിൽ ഉൾപ്പെട്ടിരുന്നു. (കൊലോസ്യർ 1:3; 2 തെസ്സലോനീക്യർ 1:11) തന്നെയുമല്ല, “പരസ്പരം പ്രാർത്ഥിക്കുക” എന്ന് ശിഷ്യനായിരുന്ന യാക്കോബ് എഴുതി.—യാക്കോബ് 5:16.
മററു ദൈവദാസൻമാർക്കുവേണ്ടിയുള്ള പ്രാർത്ഥനകൾ ഫലപ്രദമാണ്. ഒരു ആത്മീയരോഗിയായ ക്രിസ്ത്യാനിയുടെ മേൽ “യഹോവയുടെ നാമത്തിൽ എണ്ണപൂശി അവനെക്കുറിച്ചു പ്രാർത്ഥിക്കാൻ” സഭാമൂപ്പൻമാരെ അനുവദിക്കാൻ അവനെ പ്രോൽസാഹിപ്പിച്ചിരിക്കുന്ന യാക്കോബ് 5:13-18ൽ ഇത് പ്രകടമാക്കപ്പെട്ടിരിക്കുന്നു. അവരുടെ പ്രാർത്ഥന കേൾക്കുന്നത് ക്ലേശിതനായ ആളെ ശക്തീകരിക്കുകയും അവന്റെ സ്വന്തം പ്രാർത്ഥനകൾക്കും ദൈവം ഉത്തരമരുളുമെന്ന് അവനെ ബോദ്ധ്യപ്പെടുത്തുകയും ചെയ്യും. (സങ്കീർത്തനം 23:5; 34:18) മൂപ്പൻമാർ വ്യക്തിയോടൊത്ത് പ്രാർത്ഥിക്കുന്നതിനു പുറമേ ആശ്വാസദായകമായ എണ്ണപോലെയുള്ള തിരുവെഴുത്താശയങ്ങൾ പ്രകാശിപ്പിച്ചുകൊണ്ട് അയാളുടെ ആത്മീയാരോഗ്യത്തെ പുനഃസ്ഥാപിക്കാനും ശ്രമിക്കുന്നു.
യാക്കോബ് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “വിശ്വാസത്തിന്റെ പ്രാർത്ഥന സുഖമില്ലാത്തയാളെ സൗഖ്യപ്പെടുത്തും, യഹോവ അയാളെ എഴുന്നേൽപ്പിക്കും.” അതെ, ആത്മീയരോഗിയായ ആൾ മൂപ്പൻമാരുടെ “വിശ്വാസത്തിന്റെ പ്രാർത്ഥന”യാൽ സഹായിക്കപ്പെടാനിടയുണ്ട്. തന്നെയുമല്ല, അയാൾ തിരുവെഴുത്തുകളാൽ സഹായിക്കപ്പെടാൻ സന്നദ്ധനാണെങ്കിൽ ദൈവം അയാളെ ആത്മീയാരോഗ്യത്തിലേക്ക് “എഴുന്നേൽപ്പിക്കും.” എന്നാൽ ആത്മീയരോഗം ഗൗരവമുള്ള പാപത്തിൽനിന്ന് ഉണ്ടായതാണെങ്കിലോ? ശരി, വ്യക്തിക്ക് അനുതാപമുണ്ടെങ്കിൽ യഹോവ അയാളോടു ക്ഷമിക്കും.
“അതുകൊണ്ട്”, യാക്കോബ് പറയുന്നു: “നിങ്ങൾക്ക് സൗഖ്യം കിട്ടേണ്ടതിന് നിങ്ങളുടെ പാപങ്ങൾ പരസ്പരം പരസ്യമായി ഏററുപറയുകയും പരസ്പരം പ്രാർത്ഥിക്കുകയും ചെയ്യുക. ഒരു നീതിമാനായ മമനുഷ്യന്റെ അപേക്ഷ പ്രവർത്തനത്തിലിരിക്കുമ്പോൾ അതിന് വളരെ ശക്തിയുണ്ട്. ഏലിയാവ് . . . മഴപെയ്യാതിരിക്കാൻ പ്രാർത്ഥിച്ചു; മൂന്നു വർഷവും ആറു മാസവും ദേശത്ത് മഴപെയ്തില്ല. അവൻ വീണ്ടും പ്രാർത്ഥിച്ചു, ആകാശം മഴ തരികയും ദേശം അതിന്റെ ഫലം നൽകുകയും ചെയ്തു.” (1 രാജാക്കൻമാർ 17:1-7; 18:1, 42-45) ദൈവേഷ്ടത്തിനു ചേർച്ചയായ ഒരു നീതിമാനായ ആളിന്റെ പ്രാർത്ഥനയിൽ ശക്തിയുണ്ട്.—1 യോഹന്നാൻ 5:14, 15.
എന്തിനെക്കുറിച്ചു പ്രാർത്ഥിക്കണം?
ഏതു സംഗതിയും ഒരു സഹവിശ്വാസിക്കുവേണ്ടിയുള്ള നമ്മുടെ പ്രാർത്ഥനകൾക്ക് വിഷയമായിരിക്കാൻ കഴിയും. ദൃഷ്ടാന്തത്തിന്, സുവാർത്ത പ്രസംഗിക്കാൻ തനിക്കു പ്രാപ്തി ഉണ്ടായിരിക്കാൻ പ്രാർത്ഥിക്കുന്നതിന് പൗലോസ് മററുള്ളവരോട് അപേക്ഷിച്ചു. (എഫേസ്യർ 6:17-20) ആരെങ്കിലും പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന് നാം അറിയുന്നുവെങ്കിലോ? അയാൾ ‘യാതൊരു തെററും ചെയ്യാതിരിക്കാൻ’ നമുക്ക് പ്രാർത്ഥിക്കാവുന്നതാണ്. ദൈവം അയാളെ പ്രലോഭനത്തിന് ഉപേക്ഷിച്ചുകളയാതെ ദുഷ്ടനായ പിശാചായ സാത്താനിൽനിന്ന് വിടുവിക്കാൻ നമുക്ക് പ്രാർത്ഥിക്കാൻ കഴിയും. (2 കൊരിന്ത്യർ 13:7; മത്തായി 6:13) ആരെങ്കിലും ശാരീരികമായി രോഗിയാണെങ്കിൽ അയാളുടെ അസുഖത്തിൽ സഹിച്ചുനിൽക്കാനാവശ്യമായ ധൈര്യം അയാൾക്കു കൊടുക്കാൻ നമുക്ക് യഹോവയോട് പ്രാർത്ഥിക്കാൻ കഴിയും.—സങ്കീർത്തനം 41:1-3.
പീഡിപ്പിക്കപ്പെടുന്ന യഹോവയുടെ ആരാധകർക്കുവേണ്ടി പ്രാർത്ഥിക്കുന്നത് എല്ലായ്പ്പോഴും ഉചിതമാണ്. പൗലോസിനും അവന്റെ കൂട്ടാളികൾക്കും ഉഗ്രമായ പീഡനം അനുഭവപ്പെട്ടു. അവൻ കൊരിന്ത്യക്രിസ്ത്യാനികളോട് ഇങ്ങനെ പറഞ്ഞു: “പ്രാർത്ഥനാനിരതമായ അനേകം മുഖങ്ങൾ നിമിത്തം ഞങ്ങൾക്കു ദയാപൂർവം നൽകപ്പെട്ടതിനുവേണ്ടി ഞങ്ങൾക്കായി നന്ദി കൊടുക്കപ്പെടേണ്ടതിന് ഞങ്ങൾക്കുവേണ്ടിയുള്ള നിങ്ങളുടെ അപേക്ഷകളാൽ നിങ്ങൾക്കും സഹായിക്കാൻ കഴിയും.” (2 കൊരിന്ത്യർ 1:8-11; 11:23-27) നാം തടവിലാക്കപ്പെടുന്നുവെങ്കിൽപോലും “നീതിമാൻമാരുടെ പ്രാർത്ഥന യഹോവ കേൾക്കുന്നു”വെന്ന് എപ്പോഴും ഓർത്തുകൊണ്ട് പീഡിപ്പിക്കപ്പെടുന്ന സഹോദരൻമാർക്കുവേണ്ടി നമുക്ക് പ്രാർത്ഥിക്കാൻ കഴിയും.—സദൃശവാക്യങ്ങൾ 15:29.
യഹോവയുടെ സ്ഥാപനത്തിനുള്ളിൽ വലിയ ഉത്തരവാദിത്വങ്ങൾ വഹിക്കുന്ന നമ്മുടെ സഹോദരൻമാർക്കുവേണ്ടി നാം വിശേഷാൽ പ്രാർത്ഥിക്കണം. ഇതിൽ സ്ഥാപനത്തെ നയിക്കുന്നവരും “വിശ്വസ്തനും വിവേകിയുമായ അടിമ” വിതരണംചെയ്യുന്ന ആത്മീയാഹാരം തയ്യാറാക്കുന്നവരും ഉൾപ്പെടുന്നു. (മത്തായി 24:45-47) ഉദാഹരണത്തിന്, യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിലെ അംഗങ്ങൾ നമ്മുടെ പ്രാർത്ഥനകൾ അർഹിക്കുന്നു, ദൈവം അവർക്ക് “ജ്ഞാനത്തിന്റെ ആത്മാവിനെ” കൊടുക്കുന്നതിനു പ്രാർത്ഥിക്കുന്നതിനു കഴിയും.—എഫേസ്യർ 1:16, 17.
ക്രിസ്തീയ ഗുണങ്ങൾ വർദ്ധിതമാകുന്നു
സഹവിശ്വാസികൾക്കുവേണ്ടി പ്രാർത്ഥിക്കുന്നതിനാൽ നാം ശ്രദ്ധാലുക്കളും നിസ്വാർത്ഥരും സ്നേഹമുള്ളവരുമാണെന്ന് പ്രകടമാക്കുന്നു. നമ്മുടെ ആത്മീയ സഹോദരീസഹോദരൻമാരോടുള്ള നിസ്വാർത്ഥവും സ്നേഹപൂർവകവുമായ താത്പര്യം “സ്നേഹം അതിന്റെ സ്വന്തം താത്പര്യങ്ങൾ അന്വേഷിക്കുന്നില്ല” എന്ന പൗലോസിന്റെ ആശയത്തോടു പൊരുത്തപ്പെടുന്നു. (1 കൊരിന്ത്യർ 13:4, 5) മററുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുന്നത് “വ്യക്തിപരമായ താത്പര്യത്തോടെ നിങ്ങളുടെ സ്വന്തം കാര്യങ്ങളിൽ മാത്രമല്ല, വ്യക്തിപരമായ താത്പര്യത്തിൽ മററുള്ളവരുടേതിലും ദൃഷ്ടി പതിപ്പിക്കുന്ന”തിനുള്ള ഒരു മാർഗ്ഗമാണ്. (ഫിലിപ്യർ 2:4) നാം മററുള്ളവരുടെ ആത്മീയ ക്ഷേമം നമ്മുടെ പ്രാർത്ഥനാവിഷയമാക്കുമ്പോൾ നാം യേശുവിന്റെ ശിഷ്യൻമാരെ തിരിച്ചറിയിക്കുന്ന സഹോദരസ്നേഹത്തിൽ അവരോട് കുറേക്കൂടെ അടുക്കും.—യോഹന്നാൻ 13:34, 35.
നാം ആർക്കുവേണ്ടി പ്രാർത്ഥിക്കുന്നുവോ അവരോടുള്ള സഹാനുഭൂതിയെന്ന ഗുണം വികസിതമാകുന്നു. (1 പത്രോസ് 3:8) നാം അവരുടെ താത്പര്യങ്ങളിലും ക്ലേശങ്ങളിലും പങ്കുപററിക്കൊണ്ട് അവരോട് സഹതാപം പ്രകടമാക്കുന്നു. മനുഷ്യശരീരത്തിൽ ഒരു കൈക്ക് പരിക്കേറെറങ്കിൽ മറേറത് അതിനെ പരിപാലിക്കുകയും മുറിവിനാൽ ഉണ്ടായ കഷ്ടപ്പാട് നീക്കാൻ ശ്രമിക്കുകയുംചെയ്യുന്നു. (1 കൊരിന്ത്യർ 12:12, 26 താരതമ്യപ്പെടുത്തുക.) സമാനമായി, കഷ്ടപ്പാടനുഭവിക്കുന്ന സഹോദരീസഹോദരൻമാർക്കുവേണ്ടി പ്രാർത്ഥിക്കുന്നത് അവരോടുള്ള നമ്മുടെ സഹതാപത്തെ വളർത്തുകയും അവരെ മനസ്സിൽ കരുതാൻ നമ്മെ സഹായിക്കുകയുംചെയ്യുന്നു. നമ്മുടെ പ്രാർത്ഥനകളിൽ വിശ്വസ്തരായ സഹക്രിസ്ത്യാനികളെ അവഗണിക്കുന്നുവെങ്കിൽ അത് നമ്മുടെ നഷ്ടമാണ്, എന്തുകൊണ്ടെന്നാൽ ദൈവവും ക്രിസ്തുവും അവരെ ഉപേക്ഷിക്കുന്നില്ല.—1 പത്രോസ് 5:6, 7.
നാം മററുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ വിവിധ ദൈവികഗുണങ്ങൾ വർദ്ധിതമാകുന്നു. നാം അവരോട് കൂടുതൽ ഗ്രാഹ്യവും ക്ഷമയുമുള്ളവരായിത്തീരുന്നു. സാദ്ധ്യതയുള്ള അമർഷം പിഴുതുമാററപ്പെടുകയും നമ്മെ സ്നേഹവും സന്തോഷവുമുള്ളവരാക്കുന്ന പരിപുഷ്ടിപ്പെടുത്തുന്ന ചിന്തകൾക്ക് ഇടനൽകുകയും ചെയ്യുന്നു. മററുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുന്നത് യഹോവയുടെ ജനത്തിന്റെ ഇടയിലെ സമാധാനവും ഐക്യവും വർദ്ധിപ്പിക്കുകയും ചെയ്യുന്നു.—2 കൊരിന്ത്യർ 9:13, 14.
പരസ്പരം പ്രാർത്ഥിച്ചുകൊണ്ടിരിക്കുക
പൗലോസിനെപ്പോലെ, നമുക്കുവേണ്ടി പ്രാർത്ഥിക്കാൻ നമുക്ക് മററുള്ളവരോട് അപേക്ഷിക്കാവുന്നതാണ്. നമ്മോടൊത്തു പ്രാർത്ഥിക്കുന്നതിനു പുറമേ, നമ്മുടെ സഹോദരൻമാർ നമ്മുടെ പേർ എടുത്തുപറഞ്ഞുകൊണ്ടും നമ്മുടെ പ്രശ്നങ്ങൾ സൂചിപ്പിച്ചുകൊണ്ടും നമ്മെ സഹായിക്കാൻ അപേക്ഷിച്ചുകൊണ്ടും ദൈവത്തോട് സ്വകാര്യമായി പ്രാർത്ഥിച്ചേക്കാം. സഹായം വരും, എന്തുകൊണ്ടെന്നാൽ “ദൈവികഭക്തിയുള്ള ആളുകളെ പീഡാനുഭവത്തിൽനിന്ന് വിടുവിക്കാൻ യഹോവക്കറിയാം.”—2 പത്രോസ് 2:9.
തങ്ങളുടെ പ്രാർത്ഥനകളിൽ നമ്മെക്കുറിച്ചു പറയുന്ന യഹോവയുടെ സാക്ഷികൾക്കും പീഡാനുഭവങ്ങളുണ്ട്—ഒരുപക്ഷേ നമ്മുടേതിനെക്കാൾ കഷ്ടതരമായവ. എന്നിരുന്നാലും, ഒരുപക്ഷേ നമുക്കുവേണ്ടി കണ്ണീർപൊഴിച്ചുകൊണ്ടുപോലും നിത്യരാജാവിന്റെ മുമ്പാകെ അവർ നമ്മുടെ ഉത്ക്കണ്ഠകൾ വഹിക്കുന്നു. (2 കൊരിന്ത്യർ 2:4 താരതമ്യപ്പെടുത്തുക; 2 തിമൊഥെയോസ് 1:3, 4.) നാം ഇതിന് എത്ര നന്ദിയുള്ളവരായിരിക്കണം! അതുകൊണ്ട് വിലമതിപ്പിലും ഇപ്പോൾ പരിചിന്തിക്കപ്പെട്ട മററു കാരണങ്ങളാലും നമുക്ക് പരസ്പരം പ്രാർത്ഥിക്കാം. (w90 11⁄15)