ഐക്യം സുനിശ്ചിതം ക്രിസ്തുവിലൂടെ
എഫേസ്യരിൽ നിന്നുള്ള വിശേഷാശയങ്ങൾ
അപ്പോസ്തലനായ പൗലോസ് ക്രി.വ. 52-ന്റെ പ്രാരംഭത്തിൽതന്നെ എഫേസൂസിൽ പ്രസംഗിച്ചു. ഏഷ്യാമൈനറിലെ ഈ സമ്പന്ന വ്യാപാര നഗരം വ്യാജമതത്തിന്റെ ഒരു കേന്ദ്രവുംകൂടിയായിരുന്നു. എന്നാൽ സാധ്യതയനുസരിച്ച് ക്രി.വ. 52⁄53-ലെ ശീതകാലത്ത് പൗലോസ് എഫേസൂസിലേക്കു മടങ്ങിവന്നശേഷം അവിടെ ക്രിസ്ത്യാനിത്വം തഴച്ചുവളർന്നു. അവൻ ഒരു സ്കൂൾ ഓഡിറേറാറിയത്തിൽ ദിവസേന പ്രസംഗിക്കുകയും ഏകദേശം മൂന്നുവർഷത്തെ തന്റെ താമസക്കാലത്ത് വീടുതോറും സാക്ഷീകരിക്കുകയും ചെയ്തു.—പ്രവൃത്തികൾ 19:8-10; 20:20, 21, 31.
ക്രി.വ. ഏതാണ്ട് 60-61-ൽ റോമിൽ തടവിൽ കിടന്നപ്പോഴാണ് പൗലോസ് എഫേസ്യക്രിസ്ത്യാനികൾക്കെഴുതിയത്. യേശുക്രിസ്തുവുമായും യേശുക്രിസ്തുവിലൂടെയുമുള്ള ഐക്യം എന്നതാണ് അവന്റെ ലേഖനത്തിന്റെ വിഷയം. യഥാർത്ഥത്തിൽ ‘ക്രിസ്തുവിനോടുള്ള ഐക്യ’ത്തിന്റെ 13 പരാമർശനങ്ങൾ അതിൽ അടങ്ങിയിട്ടുണ്ട്, പൗലോസ് എഴുതിയ മററ് ഏതു ലേഖനത്തിലേതിലുമധികം. എഫേസ്യരെപ്പോലെ ദുർമ്മാർഗ്ഗം ഒഴിവാക്കിക്കൊണ്ടും ദുഷ്ടാത്മസേനകളെ ചെറുത്തുനിന്നുകൊണ്ടും നമുക്കും ക്രിസ്തുവിന്റെ റോളിനെക്കുറിച്ചുള്ള പൗലോസിന്റെ വാക്കുകളിൽനിന്ന് പ്രയോജനമനുഭവിക്കാൻ കഴിയും.
ഐക്യം ദൈവോദ്ദേശ്യം
ഒന്നാമതായി ദൈവം ക്രിസ്തു മുഖാന്തരം എങ്ങനെ ഐക്യം കൈവരുത്തുമെന്ന് പൗലോസ് വിശദീകരിച്ചു. (എഫേസ്യർ 1:1-23) യഹോവ “ഒരു ഭരണനിർവഹണം” (കാര്യങ്ങൾ നടത്തുന്ന രീതി) മുഖേന സ്വർഗ്ഗത്തിലെയും ഭൂമിയിലെയും സകലരേയും വീണ്ടും കൂട്ടിച്ചേർക്കാൻ ഉദ്ദേശിച്ചു. ദൈവം സ്വർഗ്ഗീയജീവനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരേയും ഭൂമിയിൽ ജീവിക്കാനുള്ള മററുള്ളവരേയും ക്രിസ്തു മുഖേന തന്നോടുതന്നെ ഏകീഭവിപ്പിക്കും. ഇന്ന് ദൈവം അഭിഷിക്തരേയും ഒരു “മഹാപുരുഷാര”ത്തേയും ഏകീഭവിപ്പിച്ചിരിക്കുന്നു, ‘ഭൂമിയിലെ സകല അസ്തിത്വങ്ങളുടെയും കൂട്ടിച്ചേർക്കൽ’ സ്മാരകക്കല്ലറകളിലുള്ളവർ യേശുവിന്റെ ശബ്ദം കേട്ട് പുറത്തുവരുന്നതുവരെ തുടരുന്നതായിരിക്കും. (വെളിപ്പാട് 7:9; യോഹന്നാൻ 5:28, 29) ഇതിനു നാം നന്ദിയുള്ളവരായിരിക്കണം, എഫേസ്യർ തങ്ങൾക്കുവേണ്ടിയുള്ള ദൈവത്തിന്റെ കരുതലിനെ വിലമതിക്കാൻ പൗലോസ് പ്രാർത്ഥിച്ചതുപോലെതന്നെ.
അടുത്തതായി ഒരിക്കൽ പാപത്തിൽ മരിച്ചവരായിരുന്ന പുറജാതിക്രിസ്ത്യാനികളിലേക്ക് ശ്രദ്ധ തിരിച്ചുവിടപ്പെട്ടു. (2:1–3:21) ക്രിസ്തു മുഖാന്തരം ന്യായപ്രമാണം നീക്കപ്പെടുകയും യഹൂദൻമാരും വിജാതീയരും ഐക്യപ്പെട്ട് ദൈവത്തിന് ആത്മാവിനാൽ വസിക്കാനുള്ള ഒരു ആലയമായിത്തീരുന്നതിനുള്ള അടിസ്ഥാനം ഇടപ്പെടുകയും ചെയ്തു. വിജാതീയർക്ക് സംസാരസ്വാതന്ത്ര്യത്തോടെ ആരിലൂടെ ദൈവത്തെ സമീപിക്കാൻ കഴിയുമോ ആ ക്രിസ്തുവിനോടുള്ള ഐക്യത്തിലേക്ക് അവർക്ക് വരാവുന്നതാണെന്നുള്ള പാവനരഹസ്യം പ്രസിദ്ധമാക്കുകയെന്നതായിരുന്നു പൗലോസിന്റെ ഗൃഹവിചാരകധർമ്മം. പൗലോസ് വീണ്ടും എഫേസ്യർക്കുവേണ്ടി പ്രാർത്ഥിച്ചു, അവർ വിശ്വാസത്താലും സ്നേഹത്താലും ദൃഢമായി ഉറപ്പിക്കപ്പെടാൻ യഹോവ ഇടയാക്കട്ടെ എന്നായിരുന്നു ഈ പ്രാവശ്യത്തെ അപേക്ഷ.
ഐക്യത്തെ പ്രോത്സാഹിപ്പിക്കുന്ന ഘടകങ്ങൾ
ദൈവം ഏകീകരിക്കുന്ന ഘടകങ്ങൾ നൽകിയിട്ടുണ്ടെന്ന് പൗലോസ് പ്രകടമാക്കി. (4:1-16) ഇവയിൽ ഉൾപ്പെടുന്നതാണ് സഭയാകുന്ന ഏക ആത്മീയ ശരീരം. ഈ ശരീരം ക്രിസ്തുവിന്റെ ശിരഃസ്ഥാനത്തിൻകീഴിൽ ഐക്യത്തിൽ പ്രവർത്തിക്കുന്നു. വിശ്വാസത്തിൽ എല്ലാവരുടേയും ഏകതക്ക് സഹായിക്കാൻ അവൻ മനുഷ്യരാം ദാനങ്ങളെ പ്രദാനം ചെയ്യുന്നു.
യഹോവ ഐക്യത്തിനു പ്രോത്സാഹിപ്പിക്കുന്ന ക്രിസ്തീയഗുണങ്ങൾ പ്രകടമാക്കുന്നതും സാധ്യമാക്കുന്നു. (4:17–6:9) “പുതിയ വ്യക്തിത്വം” ധരിച്ചിരിക്കുന്നതിനാൽ ക്രിസ്ത്യാനികൾ അസാൻമാർഗ്ഗിക സംസാരം പോലെയുള്ള അഭക്തി ഒഴിവാക്കുന്നു. അവർ ജ്ഞാനപൂർവം നടക്കുകയും ക്രിസ്തുവിനെ ബഹുമാനിക്കുകയും ഉചിതമായ കീഴ്പ്പെടൽ പ്രകടമാക്കുകയും ചെയ്യുന്നു.
കൂടാതെ, നമ്മുടെ ഐക്യത്തെ താറുമാറാക്കാൻ ശ്രമിക്കുന്ന ദുഷ്ടാത്മസേനകളെ ചെറുത്തുനിൽക്കാൻ ദൈവം ക്രിസ്ത്യാനികളെ പ്രാപ്തരാക്കുന്നു. (6:10-24) ദൈവത്തിൽനിന്നുള്ള ആത്മീയ ആയുധവർഗ്ഗമാണ് അങ്ങനെയുള്ള സംരക്ഷണം നൽകുന്നത്. അതുകൊണ്ട് നമ്മുടെ അപേക്ഷകളിൽ സഹവിശ്വാസികളെ ഉൾപ്പെടുത്തിക്കൊണ്ട് നമുക്ക് അതുപയോഗിക്കുകയും ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ചെയ്യാം.
എത്ര നല്ല ബുദ്ധിയുപദേശമാണ് പൗലോസ് എഫേസ്യർക്ക് കൊടുത്തത്! ദുർമ്മാർഗ്ഗം ഒഴിവാക്കിക്കൊണ്ടും ദുഷ്ടാത്മസേനകളെ ചെറുത്തുനിന്നുകൊണ്ടും നമുക്ക് അത് അനുസരിക്കാം. നമുക്ക് യേശുക്രിസ്തുവിലൂടെ നാം ആസ്വദിക്കുന്ന ഐക്യത്തെ അഗാധമായി വിലമതിക്കാം. (w90 11/15)
[31-ാം പേജിലെ ചതുരം/ചിത്രം]
തീയമ്പുകൾ: ആത്മീയ ആയുധവർഗ്ഗത്തിൽ സാത്താന്റെ “തീയമ്പുകളെ” തടുക്കാൻ അഥവാ നിരുപദ്രവകരമാക്കാൻ ഉപയോഗിക്കേണ്ട “വിശ്വാസമെന്ന വലിയ പരിച” ഉൾപ്പെടുന്നു. (എഫേസ്യർ 6:16) റോമാക്കാർ ഉപയോഗിച്ചിരുന്ന ചില അമ്പുകൾ കത്തുന്ന നാഫ്ത്താ നിറച്ചിരുന്ന ഒരു ഇരിമ്പുതാലം മുനയുടെ കീഴെ വെച്ചിരുന്ന പൊള്ളയായ ഈറൽ ആയിരുന്നു. തീ കെട്ടുപോകുന്നത് ഒഴിവാക്കാൻ അയഞ്ഞ വില്ലുകളിൽനിന്നാണ് അവ പായിക്കപ്പെട്ടത്. അവ വെള്ളത്തിൽ മുക്കുന്നത് ജ്വാലയുടെ തീവ്രത വർദ്ധിപ്പിക്കുക മാത്രമേ ചെയ്തുള്ളു. എന്നാൽ വലിയ പരിചകൾ അങ്ങനെയുള്ള അമ്പുകളിൽ നിന്ന് പടയാളികളെ സംരക്ഷിച്ചു, യഹോവയിലുള്ള വിശ്വാസം “ദുഷ്ടന്റെ സകല തീയമ്പുകളേയും കെടുത്താൻ” അവന്റെ ദാസൻമാരെ പ്രാപ്തരാക്കുന്നുണ്ടല്ലോ. അതെ, വിശ്വാസം ദുഷ്ടാത്മാക്കളുടെ ആക്രമണങ്ങളും തെററു ചെയ്യാനും ഒരു ധനാസക്ത ജീവിതരീതി പിന്തുടരാനും ഭയത്തിനും സംശയത്തിനും വഴങ്ങാനുമുള്ള പ്രലോഭനങ്ങളും പോലെയുള്ള കാര്യങ്ങളെ ചെറുത്തു നിൽക്കാൻ നമ്മെ സഹായിക്കുന്നു.