“കേൾക്കുന്ന ഏവനും: ‘വരിക!’ എന്നു പറയട്ടെ”
“ആത്മാവും മണവാട്ടിയും “വരിക!” എന്നു പറഞ്ഞുകൊണ്ടിരിക്കുന്നു. കേൾക്കുന്ന ഏവനും ‘വരിക!’ എന്നു പറയട്ടെ. ദാഹിക്കുന്ന ഏവനും വരട്ടെ; ഇച്ഛിക്കുന്ന ഏവനും ജീവജലം സൗജന്യമായി സ്വീകരിക്കട്ടെ.”—വെളിപ്പാട് 22:17.
വരുംവർഷത്തിലുടനീളം ലോകവ്യാപകമായി 200ൽപരം രാജ്യങ്ങളിലുള്ള യഹോവയുടെ സാക്ഷികൾ “കേൾക്കുന്ന ഏവനും ‘വരിക!’ എന്നു പറയട്ടെ” എന്ന 1991-ലെ തങ്ങളുടെ വാർഷികവാക്യത്തിന് അനുയോജ്യമായി തങ്ങളേത്തന്നെ പ്രവർത്തനനിരതരാക്കുന്നതായിരിക്കും.
1. നാം ഏതു “വെള്ള”ത്തിങ്കലേക്കു “വരാൻ” ക്ഷണിക്കപ്പെടുന്നു?
“വരിക!” നിങ്ങൾ ക്ഷണിക്കപ്പെട്ടിരിക്കുന്നു. എന്തിനുവേണ്ടി വരാൻ? വെള്ളം കുടിച്ചു നിങ്ങളുടെ ദാഹം ശമിപ്പിക്കാൻ. ഇത് സാധാരണ വെള്ളമല്ല, പിന്നെയോ കിണററിങ്കൽ നിന്ന ശമര്യസ്ത്രീയോട് “ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്ന ഏവനും ഒരിക്കലും അശേഷം ദാഹിക്കുകയില്ല, എന്നാൽ ഞാൻ അവനു കൊടുക്കുന്ന വെള്ളം അവനിൽ നിത്യജീവൻ പ്രദാനംചെയ്യാൻ കുമിളിച്ചുപൊങ്ങുന്ന നീരുറവയായിത്തീരും” എന്നു പറഞ്ഞപ്പോൾ യേശുക്രിസ്തു പ്രസ്താവിച്ച അതേ വെള്ളമാണ്. (യോഹന്നാൻ 4:14) യേശുവിന് ഈ “വെള്ളം” എവിടെനിന്നാണ് ലഭിച്ചത്?
2. ഈ “വെള്ള”ത്തിന്റെ ഉറവ് ഏതാണ്, ഏതു സംഭവത്തിനുശേഷം മാത്രമേ അതിനു പ്രവഹിക്കാൻ കഴിയുമായിരുന്നുള്ളു?
2 ഈ വെള്ളത്തിന്റെ ഉത്ഭവസ്ഥാനം ദർശനത്തിൽ കാണാനുള്ള പദവി അപ്പോസ്തലനായ യോഹന്നാനു ലഭിച്ചു. അവൻ വെളിപ്പാട് 22:1-ൽ കുറിക്കൊണ്ടപ്രകാരം “ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തിൽനിന്ന് പ്രവഹിക്കുന്ന പളുങ്കുപോലെ തെളിഞ്ഞ ഒരു ജീവജലനദി അവൻ എന്നെ കാണിച്ചു.” അതെ, ജീവദായകമായ ഘടകങ്ങളോടുകൂടിയ പളുങ്കുപോലെ തെളിഞ്ഞ ഈ വെള്ളത്തിന്റെ ഉറവ് ജീവദാതാവായ യഹോവയല്ലാതെ മററാരുമല്ല. അവൻ കുഞ്ഞാടായ യേശുക്രിസ്തുവിലൂടെയാണ് അത് ലഭ്യമാക്കുന്നത്. (വെളിപ്പാട് 21:6 താരതമ്യപ്പെടുത്തുക.) “ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസന”ത്തെക്കുറിച്ചു പറഞ്ഞിരിക്കുന്നതുകൊണ്ട് മശിഹൈകരാജ്യം 1914-ൽ സ്ഥാപിക്കപ്പെട്ട ശേഷമായിരിക്കണം, അതായത് കർത്താവിന്റെ ദിവസം തുടങ്ങിയശേഷമായിരിക്കണം ജീവജലം പ്രവഹിക്കാൻ തുടങ്ങുന്നത്.—വെളിപ്പാട് 1:10.
3, 4. “ജലം” എന്തിനെ പ്രതിനിധാനംചെയ്യുന്നു, അത് ആർക്ക് ലഭ്യമാണ്?
3 ഈ ജീവജലം എന്തിനെയാണ് പ്രതീകപ്പെടുത്തുന്നത്? അത് ഒരു പറുദീസയായി മാററപ്പെടുന്ന ഭൂമിയിലെ പൂർണ്ണതയിലുള്ള നിത്യജീവനെ, പൂർണ്ണ മനുഷ്യജീവനെ, പുനഃസ്ഥാപിക്കാനുള്ള ദൈവത്തിന്റെ കരുതലിനെ ചിത്രീകരിക്കുന്നു. ജീവജലം യേശുക്രിസ്തുവിലൂടെയുള്ള ജീവനുവേണ്ടിയുള്ള സകല കരുതലുകളെയും പ്രതിനിധാനംചെയ്യുന്നു. ഇതു മുഴുവൻ ഇപ്പോൾ ലഭ്യമാണോ? അല്ല, മുഴുവൻ ലഭ്യമല്ല, എന്തുകൊണ്ടെന്നാൽ ആദ്യമായി പിശാചായ സാത്താൻ എന്ന അദൃശ്യ ഭരണാധികാരിയോടുകൂടിയ ഇപ്പോഴത്തെ ദുഷ്ട വ്യവസ്ഥിതിയെ ദൈവം നീക്കം ചെയ്യേണ്ടിയിരിക്കുന്നു. എന്നാൽ രാജ്യത്തിന്റെ സുവാർത്ത കേൾക്കുകയും അനുസരിക്കുകയും നമ്മുടെ ജീവിതത്തെ അതിനോട് അനുരൂപപ്പെടുത്തുകയും ചെയ്തുകൊണ്ട് ഈ “ജല”ത്തിൽ ഇപ്പോൾ ലഭ്യമായതിനെ നമുക്കു സ്വീകരിക്കാൻ കഴിയും.—യോഹന്നാൻ 3:16; റോമർ 12:2.
4 അങ്ങനെ, യോഹന്നാനെ ‘ജീവജലനദി’ കാണിച്ചശേഷം യേശു ഈ ദർശനം സഹിതം തന്റെ ദൂതനെ അയച്ചതിലുള്ള തന്റെ ഉദ്ദേശ്യം യോഹന്നാനോടു പറഞ്ഞു. പിന്നീട് യോഹന്നാൻ ഈ പ്രഖ്യാപനം കേട്ടു: “‘വരിക!’ എന്ന് ആത്മാവും മണവാട്ടിയും പറഞ്ഞുകൊണ്ടിരിക്കുന്നു. കേൾക്കുന്ന ഏവനും ‘വരിക!’ എന്നു പറയട്ടെ. ദാഹിക്കുന്ന ഏവനും വരട്ടെ; ഇച്ഛിക്കുന്ന ഏവനും ജീവജലം സൗജന്യമായി സ്വീകരിക്കട്ടെ.” (വെളിപ്പാട് 22:17) അതുകൊണ്ട്, ദൈവത്തിന്റെ കുഞ്ഞാടിലൂടെ ഭൂമിയിലെ നിത്യജീവൻ നേടാനുള്ള ദൈവത്തിന്റെ കരുതലുകളിൽനിന്ന് കുടിച്ചുതുടങ്ങാൻ ദൈവദാസൻമാർ ദാഹമുള്ളവരെ ക്ഷണിച്ചുകൊണ്ടിരിക്കുകയാണ്.—യോഹന്നാൻ 1:29.
ജീവജലത്തിന്റെ ആവശ്യം ഉദിക്കുന്നു
5. മനുഷ്യവർഗ്ഗത്തിന് ഈ ദിവ്യ കരുതൽ ആവശ്യമായിത്തീർന്നതെങ്ങനെ?
5 സങ്കടകരമെന്നു പറയട്ടെ, മനുഷ്യകുടുംബത്തിന്റെ ആദ്യ മാതാപിതാക്കൾ തങ്ങളുടെ സന്താനങ്ങൾക്ക് ഒരു പറുദീസാഭവനത്തിലെ പൂർണ്ണ മനുഷ്യജീവൻ എന്നേക്കും ആസ്വദിക്കാനുള്ള അവസരം കൊടുക്കുമായിരുന്ന ജീവിതഗതിയോടു പററിനിന്നില്ല. മനുഷ്യവർഗ്ഗത്തിന്റെ നിത്യജീവന്, ആദാം തന്റെ സ്രഷ്ടാവിനെ അനുസരണപൂർവം സേവിക്കാനുള്ള ബുദ്ധിപൂർവകമായ തീരുമാനം ചെയ്യേണ്ടതാവശ്യമായിരുന്നു. മത്സരിയായ ഒരു ആത്മജീവിയുടെ സ്വാധീനത്തിൽ ഹവ്വാ മനുഷ്യവർഗ്ഗത്തിന് മരണത്തിൽ കലാശിച്ച പ്രസ്ഥാനത്തിന് തുടക്കമിട്ടു, പൂർണ്ണതയുണ്ടായിരുന്ന അവളുടെ ഭർത്താവായിരുന്ന ആദാം ആ മരണകരമായ ഗതിയിൽ അവളോടു ചേരാൻ തീരുമാനിച്ചു. അങ്ങനെ, മനുഷ്യവർഗ്ഗത്തിന്റെ തുടർന്നുവന്ന തലമുറകളുടെ സ്വാഭാവിക ജീവദാതാവെന്ന നിലയിൽ ആദാമായിരുന്നു യഥാർത്ഥത്തിൽ മുഴുമനുഷ്യകുടുംബത്തിലേക്കും മരണത്തിന്റെ വ്യാപരിക്കൽ അവതരിപ്പിച്ചത്. അതുകൊണ്ടാണ് ബൈബിൾ ഇങ്ങനെ പ്രസ്താവിക്കുന്നത്: “ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ പ്രവേശിച്ചു, അങ്ങനെ സകല മനുഷ്യരും പാപംചെയ്തിരുന്നതുകൊണ്ട് മരണം അവരിലേക്കെല്ലാം വ്യാപിച്ചു.” (റോമർ 5:12) ആദാമും ഹവ്വായും പാപത്തിലേക്കു വീണതിനു ശേഷമായിരുന്നു അവർ മനുഷ്യകുടുംബത്തിലേക്ക് പുതിയ അംഗങ്ങളെ കൂട്ടാൻ തുടങ്ങിയത്.—സങ്കീർത്തനം 51:5.
6. ഈ “ജലം” ലഭ്യമാക്കാൻ യഹോവ ക്രമീകരണംചെയ്തതെന്തുകൊണ്ട്?
6 പൂർണ്ണതയുള്ള മനുഷ്യരെക്കൊണ്ടു നിറയുന്ന ഒരു പറുദീസാഭൂമിയെ സംബന്ധിച്ച തന്റെ ഉദ്ദേശ്യം സാക്ഷാത്ക്കരിക്കുന്നതിൽനിന്ന് ദൈവം എന്നേക്കുമായി തടയപ്പെടുമായിരുന്നോ? തീർച്ചയായും ഇല്ല എന്നതാണ് ബൈബിൾപരമായ ഉത്തരം! ഏതായാലും, തന്റെ ഉദ്ദേശ്യം നിറവേററുകയെന്ന ലക്ഷ്യത്തിൽ, യഹോവ ആദാമിന്റെ വിപൽക്കരമായ ഗതിയോടു പ്രതിപ്രവർത്തനം നടത്തുന്നതും ന്യായത്തോടും നീതിയോടും പൂർണ്ണയോജിപ്പിലായിരിക്കുന്നതുമായ സ്നേഹപൂർവകമായ ഒരു കരുതൽ ചെയ്തു. ന്യായത്തിന്റെയും നീതിയുടെയും പൂർണ്ണവും ആത്യന്തികവുമായ പ്രകടനം യഹോവയിലാണുള്ളത്. അവൻ “ജീവജലനദി” മൂലമാണ് ഇതു ചെയ്യുന്നത്. അതു മുഖേന അവൻ ജീവന്റെ ഉറവിനോടുള്ള ബന്ധം നഷ്ടപ്പെട്ട അനുസരണമുള്ള മനുഷ്യവർഗ്ഗത്തിന് പൂർണ്ണ മാനുഷജീവൻ തിരികെ കൊടുക്കും. ഈ നദി പൂർണ്ണമായ അർത്ഥത്തിൽ ഒഴുകുന്നത് യേശുക്രിസ്തുവിന്റെ ആയിരവർഷവാഴ്ചക്കാലത്താണ്. അങ്ങനെ, മരിച്ചവരിൽനിന്ന് പുനരുത്ഥാനം പ്രാപിക്കുന്നവർ ഉൾപ്പെടെയുള്ള മനുഷ്യർ ക്രിസ്തുവിന്റെ സഹസ്രാബ്ദവാഴ്ചയിലുടനീളം “ജീവജലനദി”യിൽനിന്ന് കുടിക്കണം.—യെഹെസ്ക്കേൽ 47:1-10 താരതമ്യപ്പെടുത്തുക; പ്രവൃത്തികൾ 24:15.
7. “ജല”ത്തിനുവേണ്ടിയുള്ള കരുതൽ ചെയ്യപ്പെട്ടിരിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്?
7 യഹോവ തന്റെ സ്വന്തം ജീവൻ ആസ്വദിക്കുന്നു. തന്റെ സൃഷ്ടികളിൽ ചിലർക്ക് ബുദ്ധിശക്തിയോടുകൂടിയ ജീവൻ കൊടുക്കുന്ന പദവിയും അവൻ ആസ്വദിക്കുന്നു. ജീവൻ കൊടുക്കുന്നതിനുള്ള യഹോവയുടെ കരുതലുകളുടെ അടിസ്ഥാനം യേശുവിന്റെ മറുവിലയാഗമാണ്. (മർക്കോസ് 10:45; 1 യോഹന്നാൻ 4:9, 10) ദൈവവചനവും ഉൾപ്പെടുന്നുണ്ട്, അതിനെ ബൈബിൾ ചിലപ്പോൾ വിളിക്കുന്നത് “വെള്ളം” എന്നാണ്. (എഫേസ്യർ 5:26) പൂർണ്ണതയുള്ള മനുഷ്യജോടിയായിരുന്ന ആദാമിനും ഹവ്വായിക്കുംവേണ്ടി ദൈവം ചെയ്തിരുന്ന ആദ്യകരുതലുകളുടെ നഷ്ടം അനുഭവിച്ച മനുഷ്യജീവികളോട് “വരിക!” എന്നു പറയാൻ യഹോവയാം ദൈവത്തിനു സ്വാതന്ത്ര്യമുണ്ട്.
മണവാട്ടിവർഗ്ഗം “വരിക!” എന്ന ക്ഷണം നീട്ടിക്കൊടുക്കുന്നു
8. ഈ “ജലം” ആദ്യമായി ആർക്ക്, എപ്പോൾ പ്രദാനംചെയ്യപ്പെട്ടു?
8 “വരിക!” എന്ന ക്ഷണം ആദ്യമായി നീട്ടിക്കൊടുക്കുന്നത് യഹോവയുടെ ആദ്യജാത ആത്മീയപുത്രനായ കുഞ്ഞാടിന്റെ ആലങ്കാരിക മണവാട്ടിയായിരിക്കുന്നവരാണ്. (വെളിപ്പാട് 14:1, 3, 4; 21:9) ക്രിസ്തുവിന്റെ ആത്മീയ മണവാട്ടി “വരിക!” എന്നു തന്നോടുതന്നെയല്ല പറയുന്നത്, അതായത് മണവാട്ടിവർഗ്ഗത്തെ 1,44,000 പേർ ചേർന്നതാക്കാൻ യഹോവയാം ദൈവം ഇനിയും ശേഖരിക്കുന്നവരോടല്ല. ക്ഷണത്തിന്റെ ആ വാക്കുകൾ നീട്ടിക്കൊടുക്കപ്പെടുന്നത് അർമ്മഗെദ്ദോനുശേഷം ഭൂമിയിലെ പൂർണ്ണ മനുഷ്യജീവൻ പ്രാപിക്കാൻ പ്രത്യാശിക്കുന്ന മനുഷ്യർക്കാണ്. (വെളിപ്പാട് 16:14, 16) 1914 മുതലുള്ള വ്യവസ്ഥിതിയുടെ ഈ സമാപനകാലത്ത് “മണവാട്ടി” ദൈവത്തിന്റെ പരിശുദ്ധാത്മാവിനോടു സഹകരിച്ച് ഈ ക്ഷണം നീട്ടിക്കൊടുക്കുന്നത് നാം കേട്ടിരിക്കുന്നു.
9. അത് ഒരു ചെറിയ കൂട്ടത്തിനു മാത്രമല്ലെന്ന് നാം എങ്ങനെ അറിയുന്നു?
9 പുളകപ്രദമായി, ‘യാതൊരു മനുഷ്യനും എണ്ണാൻ കഴിയാഞ്ഞ ഒരു മഹാപുരുഷാരം’ ദൈവരാജ്യസുവാർത്തയുടെ ഘോഷണത്തോട് പ്രതികരിക്കുമെന്നും ആ രാജകീയഗവൺമെൻറിന്റെ പക്ഷത്ത് ഉറച്ച നില സ്വീകരിക്കുമെന്നും ബൈബിളിന്റെ അവസാനത്തെ പുസ്തകം പ്രകടമാക്കുന്നു. (വെളിപ്പാട് 7:9, 10, 16, 17) നിങ്ങൾ ആ മഹാപുരുഷാരത്തിൽപെട്ട ഒരാളാണോ? എങ്കിൽ, “കേൾക്കുന്ന ഏവനും ‘വരിക!’ എന്നു പറയട്ടെ.”
ആത്മാവും മണവാട്ടിയും “വരിക!” എന്നു പറയുന്നു
10. പ്രതീകാത്മകജലം എവിടെനിന്ന് ഉത്ഭവിക്കണം, എന്തുകൊണ്ട്?
10 എന്നാൽ വെളിപ്പാട് 22:17-ൽ ദൈവവും ആലങ്കാരികമണവാട്ടിയും എന്നു പറയാത്തതെന്തുകൊണ്ട്? ഒന്നാമത്, ആരുടെ മാർഗ്ഗനിർദ്ദേശത്തിൽ ആത്മാവ് പ്രവർത്തിക്കുന്നുവെന്ന് ഈ വാക്യം പറയുന്നില്ലെന്ന് ശ്രദ്ധിക്കുക. എന്നിരുന്നാലും, ആത്മാവിനെയുള്ള പരാമർശം നമ്മുടെ ശ്രദ്ധയെ യഹോവയാം ദൈവത്തിലേക്കു തന്നെ തിരിച്ചുവിടുന്നു. പിതാവ് ചിത്രത്തിൽനിന്ന് പുറന്തള്ളപ്പെടുന്നില്ല, കാരണം അവൻ പരിശുദ്ധാത്മാവിന്റെ ഉറവുതന്നെയാണ്. രണ്ടാമത്, പുത്രൻ തന്റെ പിതാവിനോട് പൂർണ്ണമായി സഹകരിക്കുന്നു, എന്തുകൊണ്ടെന്നാൽ അവൻ തന്നെ പറയുന്നതുപോലെ: “പുത്രന് സ്വന്തമായി മുൻകൈയെടുത്ത് ഒരു കാര്യവും ചെയ്യാൻ കഴികയില്ല, എന്നാൽ തന്റെ പിതാവു ചെയ്തുകാണുന്നതു മാത്രം.” (യോഹന്നാൻ 5:19) തന്നെയുമല്ല, ഈ ക്ഷണം ആത്യന്തികമായി യഹോവയാം ദൈവത്തിൽനിന്ന് ഉത്ഭവിക്കുന്ന ഒരു നിശ്വസ്തമൊഴിയായിരിക്കെ, മനുഷ്യർക്ക് ദിവ്യമാർഗ്ഗനിർദ്ദേശം അഥവാ “നിശ്വസ്തമൊഴി” “വചന”മായ യേശുക്രിസ്തുമുഖേന സ്വീകരിക്കാൻ കഴിയും. (വെളിപ്പാട് 22:6; കൂടാതെ 22:17, റഫറൻസ് ബൈബിൾ അടിക്കുറിപ്പ്; യോഹന്നാൻ 1:1) അപ്പോൾ ഉചിതമായിത്തന്നെ നാം മണവാളനായ ക്രിസ്തുവിനെ ഈ ക്ഷണത്തോടു ബന്ധിപ്പിക്കുന്നു. അതെ, മണവാളന്റെ പിതാവായ യഹോവയാം ദൈവവും മണവാളനായ യേശുക്രിസ്തുവും പരിശുദ്ധാത്മാവു മുഖേന “വരിക!” എന്നു പറയുന്നതിൽ “മണവാട്ടി”യോടു ചേരുന്നുവെന്നതിൽ നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും.
11, 12. (എ) കുടിക്കാനുള്ള ക്ഷണം വികസിപ്പിക്കപ്പെടുമെന്ന് നേരത്തെ എന്തു സൂചനയുണ്ടായിരുന്നു? (ബി) ഈ സംഗതി പല വർഷങ്ങൾകൊണ്ട് വർദ്ധിതമായി വ്യക്തമായതെങ്ങനെ?
11 “വരിക!” എന്ന ഈ ക്ഷണം ദശാബ്ദങ്ങളിലായി “ജീവജല”ത്തിനുവേണ്ടി ദാഹിക്കുന്ന ആളുകളിലേക്കു പൊയ്ക്കൊണ്ടാണിരിക്കുന്നത്. മുമ്പ് 1918-ൽപോലും മണവാട്ടിവർഗ്ഗം വിശേഷാൽ ഭൂമിയിൽ ജീവിച്ചേക്കാവുന്നവരെ ഉൾപ്പെടുത്തിയ ഒരു സന്ദേശം പ്രസംഗിച്ചുതുടങ്ങി. അത് “ഇപ്പോൾ ജീവിക്കുന്ന ദശലക്ഷങ്ങൾ ഒരിക്കലും മരിക്കാതിരുന്നേക്കാം” എന്ന പരസ്യപ്രസംഗമായിരുന്നു. ഇത് അനേകർ അർമ്മഗെദ്ദോനെ അതിജീവിക്കുമെന്നും അതിനുശേഷം ദൈവത്തിന്റെ മശിഹൈകരാജ്യത്തിൻകീഴിൽ ഒരു പറുദീസാഭൂമിയിൽ നിത്യജീവൻ നേടുമെന്നുമുള്ള പ്രത്യാശ വെച്ചുനീട്ടി. എന്നാൽ ആ ദൂത് പൊതുനീതിയാൽ എന്നതിൽ കവിഞ്ഞ് സുനിശ്ചിതമായി ഈ അതിജീവനപദവിയിലേക്കുള്ള വഴി കാണിച്ചുകൊടുത്തില്ല.
12 “വരിക!” എന്ന ക്ഷണവുമായി അനേകരെ സമീപിക്കുന്നതിന്, ദൈവത്തെ സേവിക്കുന്നതിൽ തത്പരരായിരിക്കുന്ന എല്ലാവരിലേക്കും 1922-ൽ “രാജാവിനെയും രാജ്യത്തെയും പരസ്യപ്പെടുത്തുക” എന്ന സന്ദേശം പോയി. 1923-ൽ മത്തായി 25:31-46 വരെയുള്ള യേശുവിന്റെ ഉപമയിലെ “ചെമ്മരിയാടുകളും” “കോലാടുകളും” അർമ്മഗെദ്ദോനുമുമ്പേ പ്രത്യക്ഷപ്പെടുമെന്ന് മണവാട്ടിവർഗ്ഗം മനസ്സിലാക്കി. പിന്നീട് 1929-ൽ മാർച്ച് 15-ലെ വാച്ച്ററവർ “കൃപാപൂർവകമായ ക്ഷണം” എന്ന ലേഖനം വിശേഷവൽക്കരിച്ചു. അതിന്റെ വിഷയവാക്യം വെളിപ്പാട് 22:17 ആയിരുന്നു. അത് “വരിക!” എന്ന ക്ഷണം നീട്ടിക്കൊടുക്കാനുള്ള മണവാട്ടിവർഗ്ഗത്തിന്റെ ഉത്തരവാദിത്തം ഊന്നിപ്പറഞ്ഞു.—പേജുകൾ 87-9.a
“വരിക!” എന്നു പറയുന്നതിൽ വേറെ ആടുകൾ ചേരുന്നു
13, 14. പ്രതീകാത്മകജലം മററുള്ളവരും കുടിക്കുമെന്ന് 1930കളിൽ കൂടുതലായി എന്തു വിശദീകരണംകൊടുക്കപ്പെട്ടു?
13 മാത്രവുമല്ല, 1932ഓളം മുമ്പ്, ക്രമത്തിൽ “വരിക!” എന്നു പറയാനുള്ള “വേറെ ആടുകളുടെ” ഉത്തരവാദിത്തം ഇംഗ്ലീഷ് വീക്ഷാഗോപുരം ചൂണ്ടിക്കാട്ടി. (യോഹന്നാൻ 10:16) അതിന്റെ ഓഗസ്ററ് 1-ലെ ലക്കത്തിൽ 232-ാം പേജ് 29-ാം ഖണ്ഡിക ഇങ്ങനെ പറഞ്ഞു: “യഹോവയുടെ സാക്ഷികൾക്ക് ഇപ്പോൾ യേഹുവിന്റേതുപോലെയുള്ള തീക്ഷ്ണതയുണ്ട്, അവർ തങ്ങളോടുകൂടെ വരാനും ദൈവരാജ്യം സമീപിച്ചിരിക്കുന്നുവെന്ന് മററുള്ളവരോടു ഘോഷിക്കുന്നതിൽ കുറെ പങ്കുവഹിക്കാനും യോനാദാബുവർഗ്ഗത്തെ [വേറെ ആടുകളെ] പ്രോൽസാഹിപ്പിക്കണം.” പിന്നീട് വെളിപ്പാട് 22:17 ഉദ്ധരിച്ചശേഷം ഖണ്ഡിക ഇങ്ങനെ പറഞ്ഞു: “രാജ്യസുവാർത്ത അറിയിക്കുന്നതിൽ പങ്കെടുക്കാൻ മനസ്സുള്ള എല്ലാവരെയും അഭിഷിക്തർ പ്രോൽസാഹിപ്പിക്കട്ടെ. കർത്താവിന്റെ സന്ദേശം ഘോഷിക്കാൻ അവർ കർത്താവിനാൽ അഭിഷേകംചെയ്യപ്പെടേണ്ടതില്ല. യഹോവയുടെ സമൃദ്ധമായ നൻമ നിമിത്തം അർമ്മഗെദ്ദോനിലൂടെ കടത്തിയിട്ട് ഭൂമിയിൽ നിത്യജീവൻ കൊടുക്കപ്പെടുന്ന ഒരു ജനവർഗ്ഗത്തിന് ജീവജലം എത്തിച്ചുകൊടുക്കാൻ അവർ അനുവദിക്കപ്പെട്ടിരിക്കുന്നുവെന്ന് ഇപ്പോൾ അറിയുന്നത് യഹോവയുടെ സാക്ഷികൾക്ക് വലിയ ആശ്വാസമാണ്.”b
14 ഈ വേറെ ആടുകൾ ഇപ്പോൾ തങ്ങളെത്തന്നെ ദൈവത്തിനു സമർപ്പിക്കുകയും ഈ സമർപ്പണത്തെ ജലസ്നാപനത്താൽ ലക്ഷ്യപ്പെടുത്തുകയും അനന്തരം ദാഹിക്കുന്ന മററുള്ളവരോടും “വരിക!” എന്നു പറയുന്നതിൽ മണവാട്ടിവർഗ്ഗത്തോടു ചേരുകയും ചെയ്യേണ്ടതാണെന്ന് 1934 മുതൽ അഭിഷിക്തശേഷിപ്പ് ചൂണ്ടിക്കാട്ടുകയുണ്ടായി. അങ്ങനെ, ദാഹമുള്ള ഈ വേറെ ആടുകളെ “ഏക ഇടയനായ” യേശുക്രിസ്തുവിൻകീഴിലെ “ഏക ആട്ടിൻകൂട്ട”ത്തിലേക്ക് ഒന്നിച്ചുകൂട്ടാൻ മണവാട്ടിവർഗ്ഗം ഇപ്പോൾ സുനിശ്ചിതമായ ഒരു ക്ഷണം നീട്ടിക്കൊടുക്കുന്നുണ്ടായിരുന്നു. (യോഹന്നാൻ 10:16) 1935-ൽ തങ്ങൾ “വരിക!” എന്നു പറയുന്ന ചെമ്മരിയാടുതുല്യരായ ജനവർഗ്ഗം യഥാർത്ഥത്തിൽ വെളിപ്പാട് 7:9-17ലെ “മഹാപുരുഷാര”മാണെന്ന് ആ വർഷത്തിലെ തങ്ങളുടെ പൊതു കൺവെൻഷനിൽവെച്ച് മനസ്സിലാക്കിയതിൽ അഭിഷിക്തശേഷിപ്പ് ഉത്തേജിതരായി. ഇത് ക്ഷണിക്കൽവേലക്ക് വലിയ പ്രചോദനമേകി.
15. “വരിക!” എന്ന ക്ഷണത്തിൽ “ആത്മാവ്” ഉൾപ്പെട്ടിരുന്നതെങ്ങനെ?
15 “വരിക!” എന്നു പറയുന്നതിൽ മണവാട്ടിവർഗ്ഗം ദൈവാത്മാവിനോടു ചേർച്ചയിലായിരുന്നു. തന്റെ എഴുതപ്പെട്ട വചനത്തിലെ പ്രവചനങ്ങളുടെ അർത്ഥം തുറന്നുകൊടുക്കുന്നതിൽ തന്റെ ആത്മാവുമുഖേന അവൻ മണവാട്ടിവർഗ്ഗത്തിന്റെ ശേഷിപ്പ് ഈ ക്ഷണം നീട്ടിക്കൊടുക്കാനിടയാക്കി. തങ്ങളുടെ ക്ഷണം അടിസ്ഥാനപ്പെട്ടിരുന്ന ഈ പ്രവചനങ്ങൾ ദൈവാത്മാവിനാൽ നിശ്വസ്തമായതായിരുന്നു. അങ്ങനെയായിരുന്നു ഫലത്തിൽ ക്രിസ്തുവിലൂടെ പ്രവഹിച്ചുകൊണ്ടിരുന്ന ദൈവാത്മാവും അവന്റെ മണവാട്ടിയും ചെമ്മരിയാടുതുല്യരായ ആളുകളോട് “വരിക!” എന്നു പറഞ്ഞുകൊണ്ടിരുന്നത്.—വെളിപ്പാട് 19:10.
16. ആത്മാവും മണവാട്ടിയും ഇന്ന് ക്ഷണത്തോടു ബന്ധപ്പെട്ടിരിക്കുന്നതെങ്ങനെ?
16 ആത്മാവും ശേഷിപ്പിനാൽ പ്രതിനിധാനംചെയ്യപ്പെടുന്ന മണവാട്ടിയും ഇന്നോളം “‘വരിക’ എന്ന് പറഞ്ഞുകൊണ്ടിരിക്കു”കയാണ്. ഇനിയും മററുള്ളവരെ “വരിക!” എന്നു ക്ഷണിക്കാൻ ശേഷിപ്പ് ഈ വേറെ ആടുകളോടു പറയുന്നു. ഇന്നു ലഭ്യമായിരിക്കുന്നിടത്തോളം “ജീവജലം” അവർ തങ്ങളിൽത്തന്നെ ഒതുക്കിവെക്കാവുന്നതല്ല. അവർ “ആത്മാവിൽനിന്നും മണവാട്ടിയിൽനിന്നു”മുള്ള, “കേൾക്കുന്ന ഏവനും ‘വരിക!’ എന്നു പറയട്ടെ” എന്ന കല്പന അനുസരിക്കേണ്ടതാണ്. തങ്ങളുടെ ദാഹം ശമിപ്പിക്കുന്ന എല്ലാവരും ക്ഷണം പ്രചരിപ്പിക്കേണ്ടതാണ്. അവർ വർഗ്ഗവും ദേശീയതയും ഭാഷയും ഇപ്പോഴത്തെ മതവും പരിഗണിക്കാതെ, എല്ലായിടത്തുമുള്ള എല്ലാവർക്കും ക്ഷണം നീട്ടിക്കൊടുക്കേണ്ടതാണ്. ഇക്കാലത്ത് ലഭ്യമായിരിക്കുന്നിടത്തോളം “ജീവജല”മാണ് വന്ന് സൗജന്യമായി കുടിക്കാൻ യഹോവയുടെ സാക്ഷികൾ എല്ലാവരെയും ക്ഷണിക്കുന്നതും സഹായിക്കുന്നതും!
17. ഏതുതരം “ജല”മാണ് ഇന്ന് ലഭ്യമായിരിക്കുന്നത്?
17 കുഞ്ഞാടായ യേശുക്രിസ്തു തീർച്ചയായും ഭൂവ്യാപകമായി മഹാപുരുഷാരത്തെ “ജീവജലത്തിന്റെ ഉറവകളിലേക്ക്” നയിക്കുകയാണ്. (വെളിപ്പാട് 7:17) ഇത് മലിനമായ ജലമല്ല, പിന്നെയോ ഉറവിൽനിന്നുതന്നെ വരുന്ന തെളിഞ്ഞ, ശീതളമായ, ആരോഗ്യപ്രദമായ ജലമാണ്. ഈ പ്രതീകാത്മക വെള്ളങ്ങൾ ബൈബിൾസത്യങ്ങളുടെ ഗ്രാഹ്യം എന്ന അർത്ഥത്തിലുള്ള വെള്ളങ്ങളെക്കാൾ കവിഞ്ഞതാണ്; അവ സൗഭാഗ്യത്തോടെയുള്ള പൂർണ്ണമായ നിത്യജീവൻ പ്രാപിക്കുന്നതിലേക്കുള്ള മാർഗ്ഗത്തിൽ മഹാപുരുഷാരത്തെ ആക്കിവെക്കുന്നതിന് ഇപ്പോൾത്തന്നെ തുടങ്ങുന്ന യേശുക്രിസ്തുവിലൂടെയുള്ള ദൈവത്തിന്റെ സകല കരുതലുകളുമാണ്.
ഇപ്പോൾ ഘോഷണത്തിൽ ചേരുക
18. നമ്മുടെ കാലത്ത് ക്ഷണം എത്ര വിപുലമാണ്?
18 ഇപ്പോൾത്തന്നെ ഈ മഹാപുരുഷാരത്തിന്റെ സംഖ്യ 40,17,213 ആയി കുതിച്ചുയർന്നിരിക്കുന്നു. അവർ തീക്ഷ്ണമായി രാജ്യത്തിന്റെ സുവാർത്ത നിവസിതഭൂമിയിലെല്ലാം പ്രസംഗിക്കുന്നതിൽ തുടരുകയാണ്. അവർ രാജ്യസുവാർത്ത പ്രസംഗിക്കുന്നതിലെ തങ്ങളുടെ വയൽപ്രവർത്തനം ക്രമമായി റിപ്പോർട്ടുചെയ്യുന്നുണ്ട്. ഇപ്പോൾ അത് 212 രാജ്യങ്ങളിലേക്കു വ്യാപിച്ചിരിക്കുകയാണ്. വ്യവസ്ഥിതിയുടെ ഈ സമാപനകാലത്തെ സമയം അനുവദിക്കുന്നതനുസരിച്ച് വലിയ സമയപാലകനായ യഹോവയാം ദൈവത്തിന്റെ ക്ഷമക്കും ദീർഘസഹനത്തിനുമനുഗുണമായി ക്ഷണം തുടരും. സമയം തീരുന്നതെപ്പോഴെന്നും ബൈബിൾപ്രവചനത്തിലെ ആവർത്തിച്ചുള്ള പ്രസ്താവനകളനുസരിച്ച് താൻ വാഗ്ദത്തംചെയ്തിരിക്കുന്നതുപോലെ യഹോവയെന്ന നിലയിൽ തന്നേത്തന്നെ എല്ലാവർക്കും അറിയിക്കുന്നതിനുള്ള നിർണ്ണായകനിമിഷമെപ്പോഴെന്നും അവന് അറിയാം.—യെഹെസ്ക്കേൽ 36:23; 38:21-23; 39:7.
19. ഈ “ജലം” സൗജന്യമായി വാഗ്ദാനംചെയ്യപ്പെടുന്നുവെന്ന് നമുക്ക് പറയാൻകഴിയുന്നതെന്തുകൊണ്ട്?
19 അതുകൊണ്ട് ഇപ്പോഴും സമയമുള്ളതിനാൽ മഹാപുരുഷാരത്തിലെ അംഗങ്ങൾ ‘വന്ന് ജീവജലം സൗജന്യമായി ആസ്വദിക്കുക’ എന്ന് പറയുന്നതിൽ മണവാട്ടിസമൂഹത്തോടുകൂടെ സന്തോഷപൂർവം പങ്കുചേരുന്നു. ഈ ജീവരക്താകരമായ സുവാർത്തയുടെ ഘോഷകർ ലോകമാസകലം രാജ്യദൂതു പ്രചരിപ്പിക്കുമ്പോൾ തങ്ങളനുഷ്ഠിക്കുന്ന സേവനങ്ങൾക്ക് യാതൊന്നും ഈടാക്കാതെ സൗജന്യമായിട്ടാണ് ഘോഷണം നടത്തുന്നത്.
20. ഈ “ജലം” ലഭ്യമായിരിക്കുന്നതുകൊണ്ട് എന്തു ഫലമുണ്ടാകും?
20 ജീവജലം ഇപ്പോൾ ഗോളത്തിനു ചുററുമെല്ലാം ലഭ്യമാണ്. തന്നിമിത്തം പങ്കുപററാനാഗ്രഹിക്കുന്ന ആളുകൾക്ക് പൂർണ്ണസംതൃപ്തിയോടെ ജീവരക്താകരമായ ഫലങ്ങളോടെ അങ്ങനെ ചെയ്യാവുന്നതാണ്. വീണ്ടെടുക്കപ്പെട്ട മനുഷ്യവർഗ്ഗം ഈ ഭൂമിയിൽത്തന്നെ അനന്തജീവൻ ആസ്വദിക്കും. ഭൂമി യഹോവയുടെ വിലയേറിയ ഉദ്ദേശ്യത്തെ സംസ്ഥാപിച്ചുകൊണ്ട് ഒരു പറുദീസായായി രൂപാന്തരപ്പെടുത്തപ്പെടും. നമ്മുടെ സ്രഷ്ടാവ് വ്യർത്ഥമായിട്ടല്ല ഭൂമിയെ സൃഷ്ടിച്ചത്, പിന്നെയൊ ലോകത്തിനു ചുററുമുള്ള ഒരു ഏദൻതോട്ടം അഥവാ ഉല്ലാസത്തിന്റെ പറുദീസായായിരിക്കാനാണ്. അതിൽ പാർക്കേണ്ടത് ദൈവത്തിന്റെ പ്രതിച്ഛായയിലും സാദൃശ്യത്തിലുമുള്ള പൂർണ്ണരായ മനുഷ്യവർഗ്ഗമാണ്.
21. ഭൂമിയെസംബന്ധിച്ച ദൈവോദ്ദേശ്യം എങ്ങനെ സാക്ഷാത്ക്കരിക്കപ്പെടും?
21 തീർച്ചയായും, അങ്ങനെയുള്ള ഒരു പുതിയ ലോകത്തിലായിരിക്കുന്നത് അവർണ്ണനീയമായ ഒരു മഹദ്പദവിയും സന്തോഷവുമായിരിക്കും! അന്ന് ദൈവം ആദ്യ മനുഷ്യജോടിക്കു കൊടുത്തിരുന്ന ഉല്പത്തി 1:27, 28ലെ നിയോഗം സമൃദ്ധമായി നിറവേററപ്പെടും. മനുഷ്യകുടുംബത്തിനു നേരിട്ട അനർത്ഥത്തെ വിദഗ്ദ്ധമായി യഹോവ കൈകാര്യംചെയ്തതിനാൽ ഒരു പറുദീസായായിത്തീരുന്ന അളവോളം ഭൂമി കീഴടക്കപ്പെടുകയും പൂർണ്ണതയുള്ള ഒരു മനുഷ്യവർഗ്ഗത്തെക്കൊണ്ട് നിറയുകയും ചെയ്യും. അതെ, ദൈവം നിർമ്മിച്ചിട്ടുള്ളതിനെയെല്ലാം ദൈവം നോക്കും. നോക്കൂ, അത് വളരെ നല്ലതായിരിക്കും. നിങ്ങൾ അവിടെ ഉണ്ടായിരിക്കുമോ? എങ്കിൽ, നിങ്ങൾ ഇപ്പോൾ വിലമതിപ്പോടെ ജീവജലം സൗജന്യമായി പങ്കുപററിത്തുടങ്ങണം. “വരിക”യും ഇപ്പോൾ പ്രവഹിച്ചുതുടങ്ങിയിരിക്കുന്നതും വരാനിരിക്കുന്ന സഹസ്രാബ്ദത്തിൽ പൂർണ്ണമായി പ്രവഹിക്കാനിരിക്കുന്നതുമായ ജീവജലം നിറയെ കുടിച്ച് ദാഹം ശമിപ്പിക്കുകയും ചെയ്യുക. ഈ മധുരോദാരമായ ക്ഷണം കേൾക്കുന്ന ഏവനും “വരിക!” എന്നു പറയട്ടെ. (w90 12⁄15)
[അടിക്കുറിപ്പുകൾ]
a ഈ ലേഖനം മററുള്ളവയുടെ കൂട്ടത്തിൽ ഇങ്ങനെ പറഞ്ഞു: “കഴിഞ്ഞ ചുരുക്കംചില വർഷങ്ങളിലെപ്പോലെ സത്യത്തിന് വളരെ വിപുലമായ സാക്ഷ്യം മുമ്പൊരിക്കലും ലഭിച്ചിട്ടില്ല. . . .ശേഷിപ്പ് അവർക്ക് സന്തോഷകരമായ സന്ദേശമെത്തിച്ചുകൊടുക്കുന്നു, അവരോട് അവർ ‘ഇച്ഛിക്കുന്നവൻ ജീവജലം സൗജന്യമായി സ്വീകരിക്കട്ടെ’ എന്ന് പറയുന്നു. അവർക്ക് ഇപ്പോൾ കർത്താവിന്റെ പക്ഷത്തും പിശാചിനെതിരായും നിലയുറപ്പിക്കാമെന്നും ഒരു അനുഗ്രഹം പ്രാപിക്കാമെന്നും അവരോട് പറയപ്പെടുന്നു. അങ്ങനെയുള്ള ഒരു ജനത്തിനല്ലേ ഇപ്പോൾ സൗമ്യതയും നീതിയും അന്വേഷിക്കാവുന്നതും വെളിപ്പെടുത്തപ്പെടുന്ന ക്രോധദിവസത്തിൽ മറഞ്ഞിരിക്കാവുന്നതും വലിയ അർമ്മഗെദ്ദോൻ യുദ്ധത്തിനുമപ്പുറത്തേക്കു കടന്ന് മരിക്കാതെ എന്നേക്കും ജീവിക്കാൻകഴിയുന്നതും? (സെഫ. 2:3) . . . വിശ്വസ്തരായ ശേഷിപ്പുവർഗ്ഗം കൃപാപൂർവകമായ ക്ഷണത്തിൽ ചേരുകയും ‘വരിക’ എന്നു പറയുകയും ചെയ്യുന്നു. നീതിയോടും സത്യത്തോടും ആഗ്രഹമുള്ളവരോട് ഈ സന്ദേശം ഘോഷിക്കപ്പെടണം. അത് ഇപ്പോൾ ചെയ്യപ്പെടണം.”
b ആഗസ്ററ് 15, 1934-ലെ വാച്ച്ററവറും വേറെ ആടുകളുടെ ഉത്തരവാദിത്വത്തെ പരാമർശിക്കുകയും 249-ാം പേജിലെ 31-ാം ഖണ്ഡികയിൽ ഇങ്ങനെ പറയുകയും ചെയ്തു: “യോനാദാബുവർഗ്ഗം സത്യത്തിന്റെ സന്ദേശം ‘കേൾക്കു’ന്നവരും തങ്ങളെ കേൾക്കുന്നവരോട്: ‘വരിക. കേൾക്കുന്നവൻ വരിക എന്നു പറയട്ടെ. ദാഹിക്കുന്നവൻ വരട്ടെ. ഇച്ഛിക്കുന്ന ഏവനും ജീവജലം സൗജന്യമായി സ്വീകരിക്കട്ടെ’ എന്നു പറയേണ്ടവരുമാണ്. (വെളി. 22:17) യോനാദാബുവർഗ്ഗത്തിൽപെട്ടവർ പ്രതിമാതൃകയിലെ യേഹുസമൂഹത്തിൽപെട്ടവരോടുകൂടെ, അതായത്, അഭിഷിക്തരോടുകൂടെ പോകുകയും രാജ്യദൂതു പ്രഖ്യാപിക്കുകയും വേണം, അവർ യഹോവയുടെ അഭിഷിക്തസാക്ഷികളല്ലെങ്കിലും.”
നിങ്ങളുടെ ഉത്തരം എന്താണ്?
◻ വെളിപ്പാട് 22:17-ൽ ഏതു “ജല”ത്തെ പരാമർശിച്ചിരിക്കുന്നു?
◻ ഈ “ജല”ത്തിന്റെ ഉറവ് ഏതാണ്?
◻ “ജലം” ആവശ്യമായിരിക്കുന്നതെന്തുകൊണ്ട്, അതിന് എപ്പോൾമാത്രമേ പ്രവഹിച്ചുതുടങ്ങാൻ കഴിയുമായിരുന്നുള്ളു?
◻ നമ്മുടെ വാക്യത്തിലെ “ആത്മാവ്” എന്ന പരാമർശം എന്തു സൂചിപ്പിക്കുന്നു, “മണവാട്ടി” ഉൾപ്പെട്ടിരിക്കുന്നതെങ്ങനെ?
◻ ഈ “ജല”ത്തിൽ ആർക്കു പങ്കുപററാൻ കഴിയും, എന്തു ഫലത്തോടെ?