യഹോവയെ സന്തോഷത്തോടെ സേവിക്കൽ
“യഹോവയെ സന്തോഷത്തോടെ സേവിക്കുക. ഒരു സന്തോഷകരമായ ഉദ്ഘോഷത്തോടെ അവന്റെ മുമ്പാകെ വരിക.”—സങ്കീർത്തനം 100:2.
1, 2. (എ) ജർമ്മനിയിലെ ബർലിനിൽ വർഗ്ഗീയത മുൻപന്തിയിലേക്കു വരുത്തപ്പെട്ടതെങ്ങനെ, എന്നാൽ “ഒരു ആയിരം വർഷത്തെ സാമ്രാജ്യ”ത്തിനായുള്ള കുരിശുയുദ്ധം എങ്ങനെയായി? (ബി) ജൂലൈ 1990-ൽ ഒളിംബിയാ സ്റേറഡിയത്തിൽ 1936-ൽ നിന്ന് എന്തു വ്യത്യസ്തത നിരീക്ഷിക്കപ്പെട്ടു, അവിടെ സമ്മേളിച്ച സാർവദേശീയ കൂട്ടത്തിന്റെ സന്തോഷമെന്താണ്?
ബർലിനിലെ ഒളിംബിയാ സ്റേറഡിയമാണ് രംഗം. റിപ്പോർട്ടനുസരിച്ച് അമ്പത്തിനാലു വർഷം മുമ്പ് നാസി സ്വേച്ഛാധിപതി അഡോൾഫ് ഹിററ്ലർ നാലു സ്വർണ്ണമെഡൽ നേടിയ ഒരു കറുത്ത അമേരിക്കൻ ഓട്ടക്കാരനെ അധിക്ഷേപിച്ചപ്പോൾ ഈ നല്ല സ്റേറഡിയം ഒരു വിവാദരംഗമായിത്തീർന്നു. ആ വിജയം ഹിററ്ലറുടെ “ആര്യശ്രേഷ്ഠത” സംബന്ധിച്ച വർഗ്ഗീയ അവകാശവാദത്തിന് തീർച്ചയായും ഒരു അടിയായിരുന്നു!* എന്നാൽ ഇപ്പോൾ 1990 ജൂലൈ 26-ാം തീയതി കറുത്തവരും വെളുത്തവരും മഞ്ഞനിറക്കാരും—64 ദേശീയസംഘങ്ങളിൽനിന്നുള്ളവരായി മൊത്തം 44,532 പേരടങ്ങിയ ഒരു സംഘടിതജനം—യഹോവയുടെ സാക്ഷികളുടെ “നിർമ്മലഭാഷാ” ഡിസ്ത്രിക്ററ് കൺവെൻഷനുവേണ്ടി ഇവിടെ സമ്മേളിക്കുന്നു. ആ വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് എന്തോരു സന്തോഷമാണ് കവിഞ്ഞൊഴുകുന്നത്! സ്നാപനത്തെസംബന്ധിച്ച പ്രസംഗത്തെ തുടർന്ന് 1,018 സ്നാപനാർത്ഥികൾ യഹോവയാം ദൈവത്തിന്റെ ഇഷ്ടംചെയ്യാൻ അവനുവേണ്ടി ചെയ്ത സമർപ്പണത്തെ ഉറപ്പാക്കുന്നതിനുവേണ്ടി “ഉവ്വ്” എന്ന് ഉദ്ഘോഷിക്കുന്നു, വീണ്ടും “ഉവ്വ്” എന്ന് ഉദ്ഘോഷിക്കുന്നു.
2 ഈ പുതിയ സാക്ഷികൾ സ്റേറഡിയത്തിൽനിന്നിറങ്ങി സ്നാപനക്കുളത്തിലേക്കുള്ള വഴിയിൽ എത്തുന്നതിന് 19 മിനിററ് എടുക്കുന്നു. ആ മിനിററുകളിലെല്ലാം ആ വിസ്തൃതമായ പോർക്കളത്തിലാകെ ഇടിനാദം പോലുള്ള കരഘോഷം പ്രതിദ്ധ്വനിക്കുന്നു. ഒളിംബിക്ക് ഗയിംസിലെ ജേതാക്കൾക്ക് ലോകത്തെ ജയിച്ചടക്കുന്ന വിശ്വാസം പ്രകടമാക്കുന്നവരായി അനേകം ദേശീയസംഘങ്ങളിൽനിന്നുള്ള ഈ ശതക്കണക്കിനാളുകൾക്ക് ലഭിക്കുന്നതുപോലെയുള്ള കരഘോഷം ഒരിക്കലും അനുഭവപ്പെട്ടിട്ടില്ല. (1 യോഹന്നാൻ 5:3, 4) അവരുടെ സന്തോഷം ക്രിസ്തു മൂലമുള്ള ദൈവരാജ്യഭരണം തീർച്ചയായും മനുഷ്യവർഗ്ഗത്തിന് മഹത്തായ അനുഗ്രഹങ്ങളുടെ ഒരു സഹസ്രാബ്ദം ആനയിക്കുമെന്നുള്ള ദൃഢവിശ്വാസത്തിൽ നങ്കൂരമുറപ്പിച്ചിട്ടുള്ളതാണ്.—എബ്രായർ 6:17, 18; വെളിപ്പാട് 20:6; 21:4, 5.
3. സമ്മേളിതരുടെ വിശ്വാസത്താൽ എന്ത് ദൃഢീകരിക്കപ്പെട്ടു, എങ്ങനെ?
3 ഇവിടെ വർഗ്ഗീയമോ ദേശീയമോ ആയ വിദ്വേഷങ്ങളില്ല, എന്തെന്നാൽ എല്ലാവരും ദൈവവചനത്തിലെ നിർമ്മലഭാഷയാണ് സംസാരിക്കുന്നത്, അങ്ങനെ പത്രോസിന്റെ ഈ വാക്കുകളിലെ സത്യതയെ ദൃഢീകരിക്കുകയും ചെയ്യുന്നു: “ദൈവം പക്ഷപാതിത്വമുള്ളവനല്ലെന്നും എന്നാൽ ഏതു ജനതയിലും അവനെ ഭയപ്പെടുകയും നീതി പ്രവർത്തിക്കുകയും ചെയ്യുന്ന മനുഷ്യൻ അവനു സീകാര്യനാണെന്നും ഞാൻ സുനിശ്ചിതമായി ഗ്രഹിക്കുന്നു.”—പ്രവൃത്തികൾ 10:34, 35; സെഫന്യാവ് 3:9.
4. ഏത് അവസ്ഥകളിലാണ് സമ്മേളിതരിൽ ഭൂരിപക്ഷവും വിശ്വാസികളായിത്തീർന്നത്, അവരുടെ പ്രാർത്ഥനകൾക്ക് എങ്ങനെ ഉത്തരം കിട്ടിയിരിക്കുന്നു?
4 ബർലിനിൽ സമ്മേളിച്ചവരിൽ ഒരു വലിയ വിഭാഗം വിശ്വാസികളായിത്തീർന്നത് നാസിയുഗത്തിലെയും (1933-45) തുടർന്ന് കിഴക്കൻ ജർമ്മനിയിൽ ഉണ്ടായ സോഷ്യലിസ്ററ് യുഗത്തിലെയും സുദീർഘ മർദ്ദനകാലത്തായിരുന്നു. കിഴക്കൻ ജർമ്മനിയിൽ 1990 മാർച്ച് 14ന് ആണ് യഹോവയുടെ സാക്ഷികളുടെമേലുള്ള നിരോധനം നിയമപരമായി നീക്കപ്പെട്ടത്. അതുകൊണ്ട്, അവരിൽ അനേകർ “വളരെയധികം ഉപദ്രവത്തിൻ കീഴിൽ പരിശുദ്ധാത്മാവിന്റെ സന്തോഷത്തോടെ വചനം സ്വീകരിച്ചിരിക്കുന്നു.” (1 തെസ്സലോനീക്യർ 1:6) ഇപ്പോൾ അവർക്ക് യഹോവയെ സേവിക്കുന്നതിന് ഏറിയ സ്വാതന്ത്ര്യമുണ്ട്. അവരുടെ സന്തോഷത്തിന് അതിരില്ല.—യെശയ്യാവ് 51:11 താരതമ്യംചെയ്യുക.
സന്തോഷത്തിനുള്ള അവസരങ്ങൾ
5. ചെങ്കടലിലെ യഹോവയാലുള്ള വിടുതൽ ഇസ്രായേൽ ആഘോഷിച്ചതെങ്ങനെ?
5 കിഴക്കൻ യൂറോപ്പിലും ഇപ്പോൾ ആഫ്രിക്കയുടെയും ഏഷ്യയുടെയും ഭാഗങ്ങളിലും നമ്മുടെ സഹോദരൻമാർക്കു ലഭിക്കുന്ന വിടുതൽ മുൻകാലങ്ങളിലെ യഹോവയാലുള്ള വിടുതലുകളെ അനുസ്മരിപ്പിക്കുന്നു. നാം ചെങ്കടലിലെ യഹോവയുടെ വീര്യപ്രവൃത്തി ഓർക്കുന്നു, ഇസ്രായേലിന്റെ കൃതജ്ഞതാഗീതം ഈ വാക്കുകളിൽ പാരമ്യത്തിലെത്തി: “യഹോവേ, ദൈവങ്ങളുടെ ഇടയിൽ നിന്നെപ്പോലെ ആരുള്ളു? വിശുദ്ധിയിൽ ശക്തനെന്ന് നിന്നേത്തന്നെ തെളിയിക്കുന്ന നിന്നെപ്പോലെ ആരുള്ളു? സ്തുതിഗീതങ്ങളാൽ ഭയപ്പെടേണ്ടവൻ, അത്ഭുതങ്ങൾ ചെയ്യുന്നവൻ.” (പുറപ്പാട് 15:11) ഇന്ന്, യഹോവ തന്റെ ജനത്തിനുവേണ്ടി ചെയ്യുന്ന അത്ഭുതകാര്യങ്ങളിൽ നാം തുടർന്നു സന്തോഷിക്കുന്നില്ലേ? തീർച്ചയായും!
6. ക്രി.മു. 537-ൽ ഇസ്രായേൽ സന്തോഷിച്ചാർത്തുഘോഷിച്ചതിൽനിന്ന് നമുക്കെന്ത് പഠിക്കാൻ കഴിയും?
6 ഇസ്രായേൽ ബാബിലോനിലെ അടിമത്വത്തിനുശേഷം ക്രി.മു. 537-ൽ സ്വദേശത്തു പുനഃസ്ഥിതീകരിക്കപ്പെട്ടപ്പോൾ സന്തോഷം കരകവിഞ്ഞു. യെശയ്യാവ് മുൻകൂട്ടിപ്പറഞ്ഞതുപോലെ യഹോവയുടെ ജനതക്ക് ഇപ്പോൾ ഘോഷിക്കാൻ കഴിയുമായിരുന്നു: “നോക്കൂ! ദൈവം എന്റെ രക്ഷയാകുന്നു. ഞാൻ ആശ്രയിക്കും, ഭയപ്പെടുകയുമില്ല; എന്തെന്നാൽ യഹോവയാം യാഹ് എന്റെ ബലവും എന്റെ ശക്തിയുമാകുന്നു, അവൻ എന്റെ രക്ഷയായിത്തീർന്നു.” എന്തോരാഹ്ലാദം! ജനതക്ക് ആ സന്തോഷം എങ്ങനെ പ്രകടമാക്കാൻ കഴിഞ്ഞു? യെശയ്യാവ് തുടരുന്നു: “ആ ദിവസം നിങ്ങൾ: ‘ജനങ്ങളേ, യഹോവക്കു നന്ദികൊടുക്കുക! അവന്റെ നാമത്തെ വിളിച്ചപേക്ഷിക്കുക. ജനങ്ങളുടെ ഇടയിൽ അവന്റെ ഇടപെടലുകൾ അറിയിക്കുക. അവന്റെ നാമം ഉന്നതമാക്കപ്പെട്ടിരിക്കുന്നു എന്നു പറയുക. യഹോവക്കു കീർത്തനം പാടുക, എന്തെന്നാൽ അവൻ മികച്ച രീതിയിൽ പ്രവർത്തിച്ചിരിക്കുന്നു’ എന്നു തീർച്ചയായും പറയും.” യഹോവയുടെ വിമോചിത ദാസൻമാർ ഇന്നു ചെയ്യുന്നതുപോലെ അവന്റെ വീര്യപ്രവൃത്തികൾ “സർവഭൂമിയിലും അറിയിക്കുന്നതിൽ” അവർക്ക് ഇപ്പോൾ “സന്തോഷിച്ചാർക്കാൻ” കഴിയുമായിരുന്നു.—യെശയ്യാവ് 12:1-6.
യഹോവയുടെ വേലയിൽ സന്തോഷം
7. ആയിരത്തിത്തൊള്ളായിരത്തി പത്തൊൻപതിൽ ഏതു വിടുതലുകൾ ആഹ്ലാദം ആവശ്യമാക്കിത്തീർത്തു?
7 ആധുനികകാലങ്ങളിൽ, യഹോവയുടെ ദാസൻമാർക്ക് 1919-ൽ അത്ഭുതകരമായ ഒരു വിടുതൽ അനുവദിക്കപ്പെട്ടപ്പോൾ അവർ സന്തോഷിച്ചാർക്കാൻ തുടങ്ങി. ആ വർഷം മാർച്ച് 26-ാം തീയതി രാജ്യദ്രോഹം സംബന്ധിച്ചു വ്യാജാരോപണങ്ങൾ ചുമത്തി ബന്ധനത്തിലിട്ടിരുന്ന ഐക്യനാടുകളിലെ ജയിലിൽനിന്ന് ഭരണസംഘത്തിലെ അംഗങ്ങൾ വിമോചിതരായി. അവരെ ബ്രൂക്ലിൻ ബഥേലിലേക്കു തിരികെ സ്വാഗതം ചെയ്യുന്നതിന് എന്തോരു വലിയ ആഘോഷമാണ് നടന്നത്! തന്നെയുമല്ല, മുഴുലോകത്തെയും സാത്താൻ കുരുക്കിലാക്കിയിട്ടിരിക്കുന്ന മതവ്യവസ്ഥിതിയായ മഹാബാബിലോനിൽനിന്ന് ആത്മീയമായി വിമോചിതരായതിൽ ഇപ്പോൾ അഭിഷിക്ത ശേഷിപ്പിൽപെട്ട സകലർക്കും സന്തോഷിക്കാൻ കഴിഞ്ഞു.—വെളിപ്പാട് 17:3-6; 18:2-5.
8. ഏതു അത്ഭുതകരമായ റിലീസ് 1919-ൽ സീഡാർപോയിൻറിൽ നടന്ന കൺവെൻഷനിൽ പ്രഖ്യാപിക്കപ്പെട്ടു, പ്രവർത്തനത്തിനുള്ള ഏത് ആഹ്വാനം കൊടുക്കപ്പെട്ടു?
8 യു. എസ്. എ. ഒഹായോയിലുള്ള സീഡാർപോയിൻറിൽ 1919 സെപ്ററംബർ 1-8 വരെ നടന്ന ദൈവജനത്തിന്റെ കൺവെൻഷൻ 1919-ലെ ചരിത്രപ്രാധാന്യമുള്ള സംഭവങ്ങൾക്ക് മകുടംചാർത്തി. ആ സമ്മേളനത്തിന്റെ അഞ്ചാം ദിവസമായിരുന്ന “സഹവേലക്കാരുടെ ദിവസ”ത്തിൽ വാച്ച്ററവർ സൊസൈററിയുടെ പ്രസിഡണ്ടായിരുന്ന ജെ. എഫ്. റതർഫോർഡ് 6,000 പേരെ അഭിസംബോധനചെയ്തുകൊണ്ട് “രാജ്യം ഘോഷിക്കൽ” എന്ന ഉത്തേജകമായ പ്രസംഗംചെയ്തു. വെളിപ്പാട് 15:2ഉം യെശയ്യാവ് 52:7ഉം ചർച്ചചെയ്തശേഷം (ഇപ്പോൾ ഉണരുക! എന്നറിയപ്പെടുന്ന) ഒരു പുതിയ മാസികയായ സുവർണ്ണയുഗം വിശേഷിച്ച് വയലിലെ വിതരണത്തിനായി ദ്വൈവാരികയായി പ്രസിദ്ധപ്പെടുത്തുമെന്ന് അദ്ദേഹം തന്റെ ശ്രോതാക്കളോട് പറയുകയുണ്ടായി. ഉപസംഹാരമായി അദ്ദേഹം ഇങ്ങനെ പറഞ്ഞു: “കർത്താവിന് മുഴുവനായി അർപ്പിതരായവർ, ഭയമില്ലാത്തവർ, ഹൃദയശുദ്ധിയുള്ളവർ, തങ്ങളുടെ പൂർണ്ണ മനസ്സോടും ശക്തിയോടും ദേഹിയോടും അസ്തിത്വത്തോടുംകൂടെ ദൈവത്തെയും കർത്താവായ യേശുവിനെയും സ്നേഹിക്കുന്നവർ, അവസരം ലഭിക്കുമ്പോൾ ഈ വേലയിൽ പങ്കെടുക്കുന്നതിൽ സന്തോഷിക്കും. നിങ്ങളെ വിശ്വസ്തനും കാര്യക്ഷമതയുള്ളവനുമായ ഒരു യഥാർത്ഥ സ്ഥാനപതിയാക്കാൻ മാർഗ്ഗനിർദ്ദേശത്തിനും നടത്തിപ്പിനും വേണ്ടി കർത്താവിനോട് അപേക്ഷിക്കുക. പിന്നീട് നിങ്ങളുടെ ഹൃദയത്തിൽ ഒരു സന്തോഷഗീതത്തോടെ അവനെ സേവിക്കാൻ പുറപ്പെടുക.”
9, 10. യഹോവ വീക്ഷാഗോപുരം, ഉണരുക! എന്നീ മാസികകളുടെ പ്രസിദ്ധീകരണത്തെ അഭിവൃദ്ധിപ്പെടുത്തിയിരിക്കുന്നതെങ്ങനെ?
9 ആ “സന്തോഷ ഗീതം” ഭൂമിയിലെങ്ങും കേട്ടിരിക്കുന്നു! ഉണരുക! മാസികയുടെ പ്രചാരത്തെ ഇപ്പോൾ 64 ഭാഷകളിൽ ഓരോ ലക്കത്തിനും 1,29,80,000 പ്രതികളിലേക്ക് ഉയർത്തുന്നതിൽ നമ്മുടെ വായനക്കാരിൽ അനേകർ പങ്കുവഹിച്ചിട്ടുണ്ടെന്നുള്ളതിൽ സംശയമില്ല. താത്പര്യക്കാരെ സത്യത്തിലേക്കു നയിക്കുന്നതിനുള്ള ഒരു ശക്തമായ ഉപകരണമെന്ന നിലയിൽ ഉണരുക! വീക്ഷാഗോപുരത്തിന്റെ ഒരു കൂട്ടുമാസികയായി സേവിക്കുന്നു. ഒരു പൗരസ്ത്യരാജ്യത്ത് ഒരു ക്രമമായ മാസികാറൂട്ടിൽ മാസിക കൊടുത്തിരുന്ന ഒരു പയനിയർസഹോദരി താൻ ഏററവും ഒടുവിലത്തെ മാസികകൾ കൊടുക്കുന്ന ഓരോ പ്രാവശ്യവും വീട്ടുകാരൻ 112 രൂപക്കു സമമായ തുക യഹോവയുടെ സാക്ഷികളുടെ ലോകവ്യാപകമായ വേലക്ക് സംഭാവനചെയ്തതിൽ അതിശയിച്ചുപോയി—തീർച്ചയായും രാജ്യവേലയോടുള്ള നല്ല വിലമതിപ്പിന്റെ പ്രകടനം!
10 ഇപ്പോൾ പ്രസിദ്ധീകരണത്തിന്റെ 112-ാം വർഷം തുടങ്ങുമ്പോൾ വീക്ഷാഗോപുരത്തിന് 111 ഭാഷകളിൽ 1,52,90,000 പ്രതികളുടെ പ്രചാരമുണ്ട്. ഇവയിൽ 59 പതിപ്പുകൾ ലോകവ്യാപകമായി ഒരേ ഉള്ളടക്കം സഹിതം ഏകകാലത്ത് പ്രത്യക്ഷപ്പെടുന്നു. ഒരു വിശ്വസ്ത ഗൃഹവിചാരകനെന്ന നിലയിൽ അഭിഷിക്ത ശേഷിപ്പ് വിലമതിപ്പുള്ള വായനക്കാർക്ക് “ഉചിതമായ സമയത്തെ [ആത്മീയ] ഭക്ഷ്യവിഹിതം” കൊടുക്കുന്നതിൽ തുടരുന്നു. (ലൂക്കോസ് 12:42) 1990-ൽ യഹോവയുടെ സാക്ഷികൾ രണ്ടു മാസികകൾക്കും കൂടെ 29,68,309 പുതിയ വരിസംഖ്യകൾ സ്വീകരിച്ചതായി റിപ്പോർട്ടുചെയ്തു—1989നെ അപേക്ഷിച്ച് 22.7 ശതമാനം വർദ്ധനവ്.
സന്തോഷം പെരുകുന്നു
11. (എ) സീഡാർപോയിൻറിൽ 1922-ൽ ദൈവജനത്തിന് ഏത് ആഹ്വാനം കൊടുക്കപ്പെട്ടു? (ബി) സന്തോഷ ഘോഷം വികസിപ്പിക്കപ്പെട്ടതെങ്ങനെ?
11 അന്ന് എണ്ണത്തിൽ 10,000 ആയിരുന്ന ദൈവജനം 1922 സെപ്ററംബറിൽ സീഡാർപോയിൻറിൽ രണ്ടാമതൊരു കൺവെൻഷനുവേണ്ടി സമ്മേളിക്കുകയും 361 പേർ സ്നാപനമേൽക്കുകയും ചെയ്തപ്പോഴും അവർക്കു സന്തോഷം പെരുകി. മത്തായി 4:17നെ അടിസ്ഥാനപ്പെടുത്തി “സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു” എന്ന തന്റെ പ്രസംഗത്തിൽ റതർഫോർഡ് സഹോദരൻ ഉത്തേജകമായ പാരമ്യത്തിലേക്കു നീങ്ങി: “യഹോവ ദൈവമാകുന്നുവെന്നും യേശുക്രിസ്തു രാജാധിരാജാവും കർത്താധികർത്താവുമാകുന്നുവെന്നും ലോകം അറിയണം. ഇത് എല്ലാ ദിവസങ്ങളിലുംവെച്ച് മഹാദിവസമാകുന്നു. നോക്കൂ, രാജാവു വാഴുന്നു! നിങ്ങൾ അവന്റെ പ്രസിദ്ധീകരണ ഏജൻറൻമാരാകുന്നു. അതുകൊണ്ട്, രാജാവിനെയും രാജ്യത്തെയും പരസ്യപ്പെടുത്തുക, പരസ്യപ്പെടുത്തുക, പരസ്യപ്പെടുത്തുക.” കൺവെൻഷനിൽ ഉയർന്ന സന്തോഷഘോഷത്തിൽ പങ്കുപററിയവർ എണ്ണത്തിൽ പെരുകി 1989-ൽ ലോകവ്യാപകമായി യഹോവയുടെ സാക്ഷികളുടെ 1,210 കൺവെൻഷനുകളിൽ 66,00,000ത്തിലധികം പേർ കൂടിവരുകയും 1,23,688 പേർ സ്നാപനമേൽക്കുകയും ചെയ്തു.
12. (എ) ഇന്ന് ദൈവജനം ഏത് അവർണ്ണനീയമായ സന്തോഷത്തിൽ പങ്കുപററുന്നു? (ബി) നാം യഹോവക്കുവേണ്ടിയുള്ള നമ്മുടെ സേവനവും “ശ്രേഷ്ഠാധികാരങ്ങ”ളോടുള്ള അനുസരണവും സമനിലയിൽ നിർത്തുന്നതെങ്ങനെ?
12 യഹോവയുടെ സാക്ഷികൾ തങ്ങളുടെ സ്വാതന്ത്ര്യത്തെ വിലമതിക്കുന്നു. എല്ലാററിനുമുപരി, “നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും” എന്ന യേശുവിന്റെ വാക്കുകളുടെ ആധുനികകാല നിവൃത്തിയിൽ അവർ സന്തോഷിക്കുന്നു. വ്യാജമതത്തിന്റെ മർമ്മങ്ങളിൽനിന്നും അന്ധവിശ്വാസങ്ങളിൽനിന്നും സ്വതന്ത്രരാക്കപ്പെടുന്നത് എന്തോരു സന്തോഷമാണ്! യഹോവയെയും അവന്റെ പുത്രനെയും അറിയുന്നതും നിത്യജീവന്റെ പ്രത്യാശയോടെ അവരുടെ സഹപ്രവർത്തകരാകുന്നതും എന്തോരു അവർണ്ണനീയമായ സന്തോഷമാണ്! (യോഹന്നാൻ 8:32; 17:3; 1 കൊരിന്ത്യർ 3:9-11) തങ്ങൾ ആരുടെ കീഴിൽ ജീവിക്കുന്നുവോ ആ ഈ ലോകത്തിലെ “ശ്രേഷ്ഠാധികാരങ്ങൾ” ക്രിസ്തുവിൻകീഴിലെ യഹോവയുടെ രാജ്യത്തിന്റെ മഹത്തായ പ്രത്യാശയെ പ്രഘോഷിക്കാനുള്ള തങ്ങളുടെ സ്വാതന്ത്ര്യത്തെ മാനിക്കുമ്പോൾ ദൈവദാസൻമാർ അതു വിലമതിക്കുന്നു. അവർ മനസ്സോടെ “കൈസറുടെ വസ്തുക്കൾ കൈസറിനു തിരികെ കൊടുക്കുന്നു,” അതേസമയം “ദൈവത്തിന്റെ വസ്തുക്കൾ ദൈവത്തിനും കൊടുക്കു”ന്നു.—റോമർ 13:1-7; ലൂക്കോസ് 20:25.
13. യഹോവയുടെ സാക്ഷികൾ മർദ്ദനത്തിൽനിന്നുള്ള വിടുതലിൽ സന്തോഷം പ്രകടമാക്കിയിരിക്കുന്നതെങ്ങനെ?
13 എന്നുവരികിലും, ദൈവത്തോടുള്ള ഈ കടപ്പാടിനെ പരിമിതപ്പെടുത്താൻ മാനുഷാധികാരങ്ങൾ ശ്രമിക്കുന്നുവെങ്കിൽ യഹോവയുടെ സാക്ഷികൾ അപ്പോസ്തലൻമാരെപോലെ ഉത്തരം പറയുന്നു: “ഞങ്ങൾ മനുഷ്യരെക്കാളധികം ദൈവത്തെ ഭരണാധികാരിയെന്ന നിലയിൽ അനുസരിക്കേണ്ടതാകുന്നു.” ആ സന്ദർഭത്തിൽ, ഭരണാധികാരികൾ അപ്പോസ്തലൻമാരെ വിട്ടയച്ച ശേഷം അവർ “സന്തോഷിച്ചുകൊണ്ട് . . . തങ്ങളുടെ വഴിക്കുപോയി.” അവർ ആ സന്തോഷം എങ്ങനെ പ്രകടമാക്കി? “എല്ലാ ദിവസവും അവർ ആലയത്തിലും വീടുതോറും അവിരാമം പഠിപ്പിക്കുന്നതിലും ക്രിസ്തുയേശുവിനെക്കുറിച്ചുള്ള സുവാർത്ത പ്രഖ്യാപിക്കുന്നതിലും തുടർന്നു.” (പ്രവൃത്തികൾ 5:27-32, 41, 42) അതുപോലെതന്നെ, യഹോവയുടെ ആധുനികകാല സാക്ഷികൾ തങ്ങളുടെ ശുശ്രൂഷയിലേർപ്പെടുന്നതിന് വർദ്ധിച്ച സ്വാതന്ത്ര്യം കിട്ടുമ്പോൾ സന്തോഷിക്കുന്നു. യഹോവ വഴിതുറന്നിട്ടുള്ള അനേകം രാജ്യങ്ങളിൽ അവർ യഹോവയുടെ നാമത്തിനും അടുത്തതായി വരാൻ പോകുന്ന ക്രിസ്തുയേശു മൂലമുള്ള രാജ്യത്തിനും പൂർണ്ണസാക്ഷ്യം കൊടുത്തുകൊണ്ട് തീവ്രമായ സന്തോഷം പ്രകടമാക്കുന്നു.—പ്രവൃത്തികൾ 20:20, 21, 24; 23:11; 28:16, 23 താരതമ്യം ചെയ്യുക.
സന്തോഷത്തോടെ സഹിച്ചുനിൽക്കൽ
14. ആത്മാവിന്റെ ഒരു ഫലമായിരിക്കുന്ന ഈ സന്തോഷം ഒരു നിഘണ്ടു നിർവചിക്കുന്നതിനെക്കാൾ മികച്ചതായിരിക്കുന്നതെങ്ങനെ?
14 സത്യക്രിസ്ത്യാനികൾക്കനുഭവപ്പെടുന്ന ഈ തീവ്രമായ സന്തോഷം എന്താണ്? അത് ഒളിംബിക്ക് ഗയിംസിലെ ഒരു ജേതാവിന്റെ ക്ഷണികസന്തോഷത്തേക്കാൾ ആഴമേറിയതും സ്ഥിരവുമാണ്. അത് ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ ഒരു ഫലമാണ്. അത് “ഭരണാധികാരിയെന്ന നിലയിൽ തന്നെ അനുസരിക്കുന്നവർക്ക്” ദൈവം നൽകുന്നു. (പ്രവൃത്തികൾ 5:32) വെബ്സ്റററിന്റെ നിഘണ്ടു ഹർഷത്തെക്കാൾ കൂടുതൽ ആഴത്തിലുള്ളതും ഉല്ലാസത്തേക്കാൾ കൂടുതൽ പ്രസരിക്കുന്നതുമാണ് സന്തോഷമെന്ന് (joy) നിർവ്വചിക്കുന്നു. ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം സന്തോഷത്തിന് കുറേക്കൂടെ ഗൗരവമായ അർത്ഥമുണ്ട്. അത് നമ്മുടെ വിശ്വാസത്തിൽ നങ്കൂരമുറപ്പിച്ചിരിക്കുന്നതിനാൽ അത് ശക്തവും ഉറപ്പേകുന്നതുമായ ഒരു ഗുണമാണ്. “യഹോവയിലെ സന്തോഷം നമ്മുടെ കോട്ടയാകുന്നു.” (നെഹെമ്യാവ് 8:10) ദൈവജനം നട്ടുവളർത്തുന്ന യഹോവയിലെ സന്തോഷം ആളുകൾക്ക് ജഡികവും ലൗകികവുമായ ഉല്ലാസങ്ങളിൽനിന്ന് ലഭിക്കുന്ന ഉപരിപ്ലവമായ ആവേശത്തെക്കാൾ വളരെ മികച്ചതാണ്.—ഗലാത്യർ 5:19-23.
15. (എ) വിശ്വസ്ത ക്രിസ്ത്യാനികളുടെ അനുഭവത്തിൽ സഹിഷ്ണുതയോടൊപ്പം സന്തോഷവും ഉണ്ടായിരുന്നിട്ടുള്ളതെങ്ങനെ? (ബി) സന്തോഷം നിലനിർത്തുന്നതുസംബന്ധിച്ച് ബലദായകമായ ഉറപ്പുനൽകുന്ന ചില തിരുവെഴുത്തുകൾ എടുത്തുപറയുക.
15 ഉക്രേയ്നിലെ നമ്മുടെ സഹോദരങ്ങളുടെ കാര്യം പരിഗണിക്കുക. ‘ശ്രേഷ്ഠാധികാരം’ ഇവരിൽ ആയിരക്കണക്കിനാളുകളെ 1950കളുടെ പ്രാരംഭത്തിൽ സൈബീരിയായിലേക്ക് നാടുകടത്തിയപ്പോൾ അവർ വളരെ കഷ്ടപ്പാടനുഭവിച്ചു. പിന്നീട്, അധികാരികൾ അവർക്ക് മാപ്പുകൊടുത്തപ്പോൾ അവർ നന്ദിയുള്ളവർ ആയിരുന്നു. എന്നാൽ അവരെല്ലാം സ്വദേശത്തേക്കു മടങ്ങിയില്ല. എന്തുകൊണ്ട്? പൗരസ്ത്യരാജ്യത്തെ അവരുടെ അദ്ധ്വാനങ്ങൾ യാക്കോബ് 1:2-4നെക്കുറിച്ച് അവരെ അനുസ്മരിപ്പിച്ചു: “എന്റെ സഹോദരൻമാരെ, നിങ്ങൾക്കു വിവിധപരിശോധനകൾ നേരിടുമ്പോൾ, നിങ്ങൾക്കറിയാവുന്നതുപോലെ, വിശ്വാസത്തിന്റെ ഈ പരിശോധിക്കപ്പെട്ട ഗുണം സഹിഷ്ണുത കൈവരുത്തുന്നതിനാൽ അതെല്ലാം സന്തോഷമെന്നു പരിഗണിക്കുക.” അവർ സന്തോഷകരമായ ആ കൊയ്ത്തിൽ സഹിച്ചുനിൽക്കുന്നതിൽ തുടരാൻ ആഗ്രഹിച്ചു. പസഫിക്കിലെ തീരസമുദായങ്ങൾപോലെ വിദൂരപൗരസ്ത്യദേശങ്ങളിൽനിന്നുള്ള സാക്ഷികളെ സ്വാഗതംചെയ്യുന്നത് പോളണ്ടിലെ യഹോവയുടെ സാക്ഷികളുടെ അടുത്തകാലത്തെ കൺവെൻഷനുകളിൽ എത്ര സന്തോഷപ്രദമായിരുന്നു. ഈ ഫലമുളവാക്കുന്നതിന് സഹിഷ്ണുതയും സന്തോഷവും കൈകോർത്തുനീങ്ങിയിരിക്കുന്നു. തീർച്ചയായും യഹോവയുടെ സേവനത്തിൽ സഹിച്ചുനിൽക്കുന്ന നമുക്കെല്ലാം ഇങ്ങനെ പറയാൻ കഴിയും: “എന്നിരുന്നാലും, എന്നെ സംബന്ധിച്ചിടത്തോളം, ഞാൻ യഹോവയിൽത്തന്നെ ആഹ്ലാദിക്കും; ഞാൻ എന്റെ രക്ഷയുടെ ദൈവത്തിൽ സന്തോഷമുള്ളവനായിരിക്കും. പരമാധികാര കർത്താവായ യഹോവ എന്റെ ജീവശക്തിയാകുന്നു.”—ഹബക്കൂക്ക് 3:18, 19; മത്തായി 5:11, 12.
16. യിരെമ്യാവിന്റെയും ഇയ്യോബിന്റെയും നല്ല ദൃഷ്ടാന്തങ്ങൾ നമ്മുടെ വയൽപ്രവർത്തനത്തിൽ നമ്മെ എങ്ങനെ പ്രോൽസാഹിപ്പിക്കണം?
16 എന്നാൽ കഠിനചിത്തരായ എതിരാളികളുടെ ഇടയിൽ സാക്ഷീകരിക്കുമ്പോൾ നമുക്കെങ്ങനെ നമ്മുടെ സന്തോഷം നിലനിർത്താൻ കഴിയും? സമാനമായ സാഹചര്യങ്ങളിൽ ദൈവത്തിന്റെ പ്രവാചകൻമാർ സന്തോഷകരമായ വീക്ഷണം നിലനിർത്തിയെന്നോർക്കുക. യിരെമ്യാവ് പരിശോധനയിൻ കീഴിലായിരുന്നപ്പോൾ ഇങ്ങനെ പ്രസ്താവിച്ചു: “നിന്റെ വചനങ്ങൾ കണ്ടെത്തപ്പെട്ടു, ഞാൻ അവ ഭക്ഷിക്കാൻ തുടങ്ങി; നിന്റെ വചനം എനിക്ക് എന്റെ ഹൃദയത്തിന്റെ ആഹ്ലാദവും സന്തോഷിക്കലുമായിത്തീരുന്നു; സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്റെ നാമം എന്റെമേൽ വിളിക്കപ്പെട്ടിരിക്കുന്നുവല്ലോ.” (യിരെമ്യാവ് 15:16) യഹോവയുടെ നാമത്താൽ വിളിക്കപ്പെടുന്നതും ആ നാമത്തിനു സാക്ഷ്യം വഹിക്കുന്നതും എന്തോരു പദവിയാണ്! ഉത്സുകമായ നമ്മുടെ വ്യക്തിപരമായ പഠനവും ക്രിസ്തീയശുശ്രൂഷയിലെ പൂർണ്ണപങ്കുപററലും സത്യത്തിൽ തുടർന്നു സന്തോഷിക്കാൻ നമ്മെ കെട്ടുപണിചെയ്യുന്നു. നമ്മുടെ സന്തോഷം വയലിലെ നമ്മുടെ നടത്തയിലും നമ്മുടെ രാജ്യ പുഞ്ചിരിയിലും പ്രകടമാകും. കഠിനപരിശോധനയിൽപോലും ഇയ്യോബിന് തന്റെ എതിരാളികളെക്കുറിച്ച് ഇങ്ങനെ പറയാൻ കഴിഞ്ഞു: “ഞാൻ അവരെ നോക്കി പുഞ്ചിരിക്കും—അവർ അതു വിശ്വസിക്കുകയില്ല—എന്റെ മുഖത്തെ വെളിച്ചം അവർ മങ്ങിക്കുകയില്ല.” (ഇയ്യോബ് 29:24) എതിരാളികൾ നമ്മെ പരിഹസിക്കുമ്പോൾ, വിശ്വസ്തനായ ഇയ്യോബിനെപ്പോലെ നാം മ്ലാനവദനരാകേണ്ടതില്ല. പുഞ്ചിരിച്ചുകൊണ്ടിരിക്കുക! നമ്മുടെ മുഖഭാവത്തിന് നമ്മുടെ സന്തോഷത്തെ പ്രതിഫലിപ്പിക്കാനും അങ്ങനെ കേൾക്കുന്ന കാതുകളെ നേടാനും കഴിയും.
17. സന്തോഷത്തോടെയുള്ള സഹിഷ്ണുത എങ്ങനെ ഫലം കായിച്ചേക്കാം?
17 നാം വീണ്ടും വീണ്ടും പ്രദേശം പ്രവർത്തിച്ചുതീർക്കുമ്പോൾ നമ്മുടെ സഹിഷ്ണുതയും സന്തോഷവും നീതിപ്രകൃതമുള്ളവരിൽ മതിപ്പുളവാക്കുകയും നമുക്കുള്ള മഹത്തായ പ്രത്യാശയെ പരിശോധിക്കാൻ അവരെ പ്രോൽസാഹിപ്പിക്കുകയും ചെയ്തേക്കാം. അവരുമായി ക്രമമായ ഒരു അടിസ്ഥാനത്തിൽ ബൈബിളദ്ധ്യയനങ്ങൾ നടത്തുന്നത് എന്തോരു സന്തോഷമാണ്! അവർ ദൈവവചനത്തിലെ വിലപ്പെട്ട സത്യങ്ങളെ തങ്ങളുടെ ഹൃദയങ്ങളിൽ സ്വീകരിക്കവേ, അവർ ഒടുവിൽ യഹോവയുടെ സേവനത്തിൽ നമ്മുടെ സഹപ്രവർത്തകരായിത്തീരുമ്പോൾ നമുക്ക് എന്തു സന്തോഷമാണനുഭവപ്പെടുക! അപ്പോൾ അപ്പോസ്തലനായ പൗലോസ് തന്റെ നാളിലെ പുതിയ വിശ്വാസികളോടു പറഞ്ഞതുപോലെ പറയാൻ നമുക്കു കഴിയും: “എന്തെന്നാൽ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ സാന്നിദ്ധ്യത്തിൽ അവന്റെ മുമ്പാകെ ഞങ്ങളുടെ പ്രത്യാശയോ സന്തോഷമോ ആഹ്ലാദകിരീടമോ എന്താണ്?—എന്തിന്, അത് യഥാർത്ഥത്തിൽ നിങ്ങളല്ലയോ? നിങ്ങൾ തീർച്ചയായും ഞങ്ങളുടെ മഹത്വവും സന്തോഷവുമാകുന്നു.” (1 തെസ്സലോനീക്യർ 2:19, 20) സത്യമായി, പുതിയവരെ ദൈവവചനത്തിന്റെ സത്യത്തിലേക്കു നയിക്കുന്നതിലും സമർപ്പിതരും സ്നാപനമേററവരുമായ സാക്ഷികളാകാൻ അവരെ സഹായിക്കുന്നതിലും സംതൃപ്തികരമായ സന്തോഷം കണ്ടെത്താൻ കഴിയും.
നിലനിർത്തുന്ന സന്തോഷം
18. ആധുനികകാലത്തെ വിവിധ പരിശോധനകളെ നേരിടാൻ നമ്മെ എന്തു സഹായിക്കും?
18 നമ്മുടെ അനുദിന ജീവിതത്തിൽ അനേകം സാഹചര്യങ്ങൾ സഹിഷ്ണുത ആവശ്യമാക്കിത്തീർത്തേക്കാം. ശാരീരികരോഗം, വിഷാദരോഗം, സാമ്പത്തികപ്രയാസം എന്നിവ ചുരുക്കം ചിലതു മാത്രമാണ്. അങ്ങനെയുള്ള പീഡാനുഭവങ്ങളെ സഹിക്കാൻ ക്രിസ്ത്യാനിക്ക് തന്റെ സന്തോഷം എങ്ങനെ നിലനിർത്താൻ കഴിയും? ആശ്വാസത്തിനും മാർഗ്ഗനിർദ്ദേശത്തിനും വേണ്ടി ദൈവവചനത്തിലേക്കു പോകുന്നതിനാൽ ഇതു ചെയ്യാൻ കഴിയും. സങ്കീർത്തനങ്ങളുടെ വായനയോ വായിച്ചുകേൾക്കലോ പീഡാനുഭവസമയത്ത് വളരെയധികം ആശ്വാസം കൈവരുത്തിയേക്കാം. ദാവീദിന്റെ ജ്ഞാനപൂർവകമായ ബുദ്ധിയുപദേശം ശ്രദ്ധിക്കുക: “നിങ്ങളുടെ ഭാരം യഹോവയുടെമേൽതന്നെ ഇടുക, അവൻതന്നെ നിങ്ങളെ നിലനിർത്തും. നീതിമാൻ കുലുങ്ങിപ്പോകാൻ അവൻ ഒരിക്കലും അനുവദിക്കുകയില്ല.” (സങ്കീർത്തനം 55:22) യഹോവ തീർച്ചയായും “പ്രാർത്ഥന കേൾക്കുന്നവനാ”ണ്.—സങ്കീർത്തനം 65:2.
19. ദാവീദിനെയും പൗലോസിനെയുംപോലെ, നമുക്ക് എന്ത് ദൃഢവിശ്വാസമുണ്ടായിരിക്കാൻ കഴിയും?
19 നമ്മുടെ പ്രശ്നങ്ങളെ നേരിടാൻ ദുർബ്ബലമനുഷ്യരായ നമ്മെ സഹായിക്കാൻ യഹോവയുടെ സ്ഥാപനം അതിന്റെ പ്രസിദ്ധീകരണങ്ങളിലൂടെയും സഭാമൂപ്പൻമാരിലൂടെയും എപ്പോഴും ഒരുങ്ങി നിലകൊള്ളുകയാണ്. ദാവീദ് ഊഷ്മളമായി ഇങ്ങനെ ബുദ്ധിയുപദേശിക്കുന്നു: “യഹോവയുടെമേൽ നിന്റെ വഴി ഉരുട്ടിക്കയററുക, അവനെ ആശ്രയിക്കുക, അവൻതന്നെ പ്രവർത്തിക്കും.” അവന് ഇങ്ങനെയും പറയാൻ കഴിഞ്ഞു: “ഞാൻ ഒരു യുവാവായിരുന്നു, ഞാൻ വൃദ്ധനുമായിത്തീർന്നിരിക്കുന്നു, എന്നിട്ടും നീതിമാനായ ആരെങ്കിലും മുഴുവനായി ഉപേക്ഷിക്കപ്പെട്ടതോ അവന്റെ സന്തതി ആഹാരം ഇരക്കുന്നതോ ഞാൻ കണ്ടിട്ടില്ല.” ക്രിസ്തീയസഭയോടുള്ള സഹവാസത്തിൽ “നീതിമാൻമാരുടെ രക്ഷ യഹോവയിൽനിന്നാകുന്നു; അരിഷ്ടകാലത്ത് അവൻ അവരുടെ കോട്ടയാകുന്നു”വെന്ന് നാം തിരിച്ചറിയും. (സങ്കീർത്തനം 37:5, 25, 39) നമുക്ക് എല്ലായ്പ്പോഴും പൗലോസിന്റെ ബുദ്ധിയുപദേശം അനുസരിക്കാം: “അതുകൊണ്ട് നാം പിൻമാറുന്നില്ല, . . . നാം നമ്മുടെ ദൃഷ്ടികൾ കാണപ്പെടുന്ന കാര്യങ്ങളിൻമേലല്ല, പിന്നെയോ കാണപ്പെടാത്ത കാര്യങ്ങളിൻമേൽ വെക്കുമ്പോൾത്തന്നെ. എന്തുകൊണ്ടെന്നാൽ കാണപ്പെടുന്ന കാര്യങ്ങൾ താൽക്കാലികമാണ്, എന്നാൽ കാണപ്പെടാത്ത കാര്യങ്ങൾ നിത്യമാണ്.”—2 കൊരിന്ത്യർ 4:16-18.
20. നാം വിശ്വാസനേത്രത്താൽ എന്തു കാണുന്നു, ഇതു നമ്മെ എങ്ങനെ പ്രേരിപ്പിക്കുന്നു?
20 തൊട്ടുമുമ്പിലുള്ള യഹോവയുടെ പുതിയ വ്യവസ്ഥിതി നമ്മുടെ വിശ്വാസനേത്രങ്ങളാൽ നമുക്കു കാണാൻ കഴിയും. അവിടെ അനുപമമായ എന്തു സന്തോഷങ്ങളും അനുഗ്രഹങ്ങളുമാണുള്ളത്! (സങ്കീർത്തനം 37:34; 72:1, 7; 145:16) ആ മഹത്തായ കാലത്തിനുവേണ്ടിയുള്ള ഒരുക്കത്തിൽ നമുക്ക് സങ്കീർത്തനം 100:2-ലെ വാക്കുകൾ അനുസരിക്കാം: “യഹോവയെ സന്തോഷത്തോടെ സേവിക്കുക. സന്തോഷകരമായ ഒരു ഉദ്ഘോഷത്തോടെ അവന്റെ മുമ്പാകെ വരിക.” (w91 1⁄1)
[അടിക്കുറിപ്പ്]
“ആര്യശ്രേഷ്ഠത” സംബന്ധിച്ച് 1940 ഫെബ്രുവരി 17-ലെ ന്യൂയോർക്ക് റൈറംസ് ജോർജ്ജ്ടൗൺ യൂണിവേഴ്സിററിയിലെ ഒരു കാത്തലിക്ക് റീജൻറ് “ഒരു ജർമ്മൻസാമ്രാജ്യമായിരുന്ന വിശുദ്ധ റോമാസാമ്രാജ്യം പുനഃസ്ഥാപിക്കപ്പെടണമെന്ന് അഡോൾഫ് ഹിററ്ലർ പറഞ്ഞത് താൻ കേട്ടു”വെന്ന് പറഞ്ഞതായി ഉദ്ധരിച്ചു. എന്നാൽ ചരിത്രകാരനായ വില്യം എൽ. ഷേറർ പരിണതഫലം വർണ്ണിക്കുന്നു: “മൂന്നാം ജർമ്മൻസാമ്രാജ്യം 1933 ജനുവരി 30ന് ജാതമായി, അത് ഒരു ആയിരം വർഷം നിലനിൽക്കുമെന്ന് ഹിററ്ലർ വീമ്പിളക്കി, നാസിവൃത്തങ്ങളിൽ അത് മിക്കപ്പോഴും ‘ആയിരവർഷ സാമ്രാജ്യം’ എന്ന് പരാമർശിക്കപ്പെട്ടു. അത് 12 വർഷവും നാലു മാസവും നിലനിന്നു.”
പുനരവലോകനം:
◻ വർഗ്ഗീയതയുടെമേൽ ഏത് സന്തോഷകരമായ വിജയം ഇന്ന് കാണപ്പെടുന്നു?
◻ ദൈവത്തിന്റെ പുരാതന ജനം സന്തോഷിച്ചുപാടാനും ആർക്കാനും ഇടയാക്കിയതെന്ത്?
◻ ആധുനികകാലങ്ങളിൽ യഥാർത്ഥ സന്തോഷം വർദ്ധിച്ചിരിക്കുന്നതെങ്ങനെ?
◻ സഹിഷ്ണുതയും സന്തോഷവും കൈകോർത്തുപോകുന്നതെങ്ങനെ?
◻ നമുക്ക് എങ്ങനെ നമ്മുടെ സന്തോഷം നിലനിർത്താൻ കഴിയും?