നിങ്ങളുടെ ഭാവി വിധിയാൽ നിർണ്ണയിക്കപ്പെട്ടിരിക്കുന്നുവോ?
നിങ്ങൾ മാരകമായ ഒരു അപകടത്തിൽനിന്ന് രക്ഷപ്പെടുകയാണെങ്കിൽ, വിധി നിങ്ങൾക്കനുകൂലമായിരുന്നുവെന്ന് നിങ്ങൾ വിചാരിക്കുമോ? അതോ പകരം നിങ്ങൾ തക്ക സമയത്ത് ശരിയായ സ്ഥാനത്തായിരിക്കാനിടയായതിൽ നന്ദിയുള്ളവനായിരിക്കുമോ?
ജ്ഞാനിയായ ശലോമോൻ പറഞ്ഞു: “സൂര്യനുകീഴിൽ വേഗതയുള്ളവർക്ക് ഓട്ടത്തിലോ ബലവാൻമാർക്ക് യുദ്ധത്തിലോ നേട്ടമുണ്ടാകുന്നില്ല എന്ന് കാണാൻ ഞാൻ തിരിച്ചുചെന്നു, ജ്ഞാനികൾക്ക് ആഹാരം കിട്ടുകയോ വിവേകികൾക്ക് ധനം കിട്ടുകയോ ചെയ്യുന്നില്ല, അറിവുള്ളവർക്കുപോലും ആനുകൂല്യമില്ല; എന്തുകൊണ്ടെന്നാൽ അവർക്കെല്ലാം സമയവും മുൻകൂട്ടിക്കാണാത്ത സംഭവവും നേരിടുന്നു.” (സഭാപ്രസംഗി 9:11, NW) എത്ര കൂടെക്കൂടെ അപ്രതീക്ഷിതമായത് സംഭവിക്കുന്നു? ജയിക്കാൻ വളരെ സാദ്ധ്യതയുള്ളവനെന്ന് തീരുമാനിക്കപ്പെടുന്ന ഒരു അത്ലിററിന് പരുക്കേൽക്കുന്നു, തോൽക്കുമെന്ന് കരുതപ്പെട്ടിരുന്നയാൾ വിജയിക്കുന്നു. ഒരു ആകസ്മിക അപകടം സത്യസന്ധനായ ഒരു വ്യാപാരിക്ക് സാമ്പത്തികത്തകർച്ച വരുത്തുന്നു, വഞ്ചകനായ അയാളുടെ മത്സരി ധനികനാകാൻ ഇടയാക്കിക്കൊണ്ടുതന്നെ. എന്നാൽ ശലോമോൻ ഈ അസാംഗത്യങ്ങൾ വിധി നിമിത്തമാണെന്ന് പറയുന്നുണ്ടോ? അശേഷമില്ല. ഇവ കേവലം “സമയത്തിന്റെയും മുൻകൂട്ടിക്കാണാത്ത സംഭവങ്ങളുടെയും” ഫലങ്ങളാണ്.
യേശുക്രിസ്തു സമാനമായ ഒരു നിരീക്ഷണം നടത്തി. പ്രത്യക്ഷത്തിൽ തന്റെ ശ്രോതാക്കളുടെ ഇടയിൽ പൊതുവായി അറിയപ്പെട്ടിരുന്ന ഒരു സംഭവത്തെ പരാമർശിച്ചുകൊണ്ട് യേശു പറഞ്ഞു: “ശീലോഹാമിലെ ഗോപുരം വീണു മരിച്ചുപോയ ആ പതിനെട്ടുപേർ യെരൂശലേമിൽ പാർക്കുന്ന സകല മനുഷ്യരെക്കാളും കുററക്കാർ ആയിരുന്നു എന്നു തോന്നുന്നുവോ?” (ലൂക്കോസ് 13:4) ഈ അപകടമരണങ്ങൾക്ക് ഏതെങ്കിലും ദുർഗ്രഹമായ വിധിയേയോ ദൈവഹിതത്തേയോ യേശു പഴിച്ചില്ല, അപകടമരണത്തിനിരയായവർ എങ്ങനെയൊ മററുള്ളവരെക്കാൾ കുററക്കാരായിരുന്നെന്നും അവൻ വിശ്വസിച്ചില്ല. ഈ ദുരന്ത സംഭവം പ്രവർത്തനത്തിലിരിക്കുന്ന സമയത്തിന്റെയും മുൻകൂട്ടിക്കാണാത്ത സംഭവങ്ങളുടെയും മറെറാരു ദൃഷ്ടാന്തം മാത്രമാണ്.
ദൈവം നമ്മുടെ മരണസമയത്തെ മുന്നമേ നിശ്ചയിച്ചിട്ടുണ്ടെന്നുള്ള ആശയം ബൈബിൾ ഒരിടത്തും പഠിപ്പിക്കുന്നില്ല. “സകലത്തിനും ഒരു നിശ്ചിതസമയമുണ്ട്, ആകാശത്തിൻകീഴുള്ള സകല കാര്യങ്ങൾക്കും ഒരു സമയംതന്നെ: ജനനത്തിന് ഒരു സമയവും മരിക്കുന്നതിന് ഒരു സമയവും, നടുന്നതിന് ഒരു സമയവും നട്ടത് പറിച്ചുകളയാൻ ഒരു സമയവും” എന്ന് സഭാപ്രസംഗി 3:1, 2 (NW) പറയുന്നുവെന്നത് സത്യംതന്നെ. എന്നാൽ ശലോമോൻ അപൂർണ്ണമനുഷ്യരാശിയെ ബാധിക്കുന്ന ജീവിതത്തിന്റെയും മരണത്തിന്റെയും തുടർച്ചയായ പരിവൃത്തിയെക്കുറിച്ച് ചർച്ചചെയ്യുകമാത്രമായിരുന്നു. നമ്മൾ ജനിക്കുന്നു, സമയം വരുമ്പോൾ, സാധാരണയുള്ള ആയുസ്സ്—സാധാരണയായി 70ഓ 80ഓ വർഷം—ആകുമ്പോൾ നാം മരിക്കുന്നു. എന്നാലും, ഒരു കർഷകൻ “നടുന്നതിന്” അല്ലെങ്കിൽ “നട്ടത് പറിച്ചുകളയുന്നതിന്” നിശ്ചയിക്കുന്ന സമയത്തെക്കാളധികമായി കൃത്യമായ മരണനിമിഷം ദൈവത്താൽ നിശ്ചയിക്കപ്പെട്ടിട്ടില്ല.
യഥാർത്ഥത്തിൽ, ഒരു വ്യക്തി അകാലികമായി മരിച്ചേക്കാമെന്ന് പ്രകടമാക്കിക്കൊണ്ട് ശലോമോൻ പിന്നീട് പറയുന്നു: “അതിദുഷ്ടനായിരിക്കരുത്, മൂഢനായിത്തീരുകയുമരുത്. നിന്റെ സമയമായിരിക്കാത്തപ്പോൾ നീ എന്തിനു മരിക്കണം?” (സഭാപ്രസംഗി 7:17, NW) ഒരുവന്റെ മരണസമയം മാററമില്ലാത്തവിധം മുൻനിശ്ചയിക്കപ്പെട്ടിരിക്കുകയാണെങ്കിൽ ഇതിന് എന്തർത്ഥമുണ്ടായിരിക്കും? അങ്ങനെ വിധി എന്ന ആശയത്തെ ബൈബിൾ നിരാകരിക്കുന്നു. ഈ പുറജാതീയമായ ആശയം സ്വീകരിച്ച വിശ്വാസത്യാഗികളായ ഇസ്രായേല്യർ ദൈവത്താൽ കഠിനമായി കുററം വിധിക്കപ്പെട്ടു. യെശയ്യാവ് 65:11, (NB) ഇങ്ങനെ പറയുന്നു: “നിങ്ങൾ യഹോവയെ ഉപേക്ഷിക്കുന്നവർ, എന്റെ വിശുദ്ധപർവതത്തെ മറക്കുന്നവർ, സൽഭാഗ്യത്തിന്റെ ദൈവത്തിന് മേശ ഒരുക്കുന്നവർ, വിധിയുടെ ദൈവത്തിന് കലർത്തിയെടുത്ത വീഞ്ഞ് നിറക്കുന്നവർ ആകുന്നു.”
അപ്പോൾ, അപകടങ്ങളുടെയും അപമരണങ്ങളുടെയും കാരണം വിധിയിൽ ആരോപിക്കുന്നത്, അതിലും മോശമായി, ദൈവത്തിൽതന്നെ ആരോപിക്കുന്നത്, എത്ര വിഡ്ഢിത്തമാണ്! “ദൈവം സ്നേഹമാകുന്നു”വെന്ന് ബൈബിൾ പറയുന്നു, മാനുഷദുരിതത്തിന്റെ ഉറവ് അവനായിരിക്കുന്നതായി കുററപ്പെടുത്തുന്നത് ഈ അടിസ്ഥാനസത്യത്തിന് കടകവിരുദ്ധമാണ്.—1 യോഹന്നാൻ 4:8.
ഭാവിയെസംബന്ധിച്ച ദൈവത്തിന്റെ ഉദ്ദേശ്യങ്ങൾ
എന്നിരുന്നാലും, രക്ഷക്കുള്ള നമ്മുടെ പ്രത്യാശ എന്താണ്? നമ്മുടെ ജീവിതത്തെ അനിവാര്യമായ ഒരു വിധി ഭരിക്കുന്നില്ലെന്നുള്ള വസ്തുത നാം ലക്ഷ്യമില്ലാതെ ഉഴലണമെന്ന് അർത്ഥമാക്കുന്നുവോ? അശേഷമില്ല, എന്തുകൊണ്ടെന്നാൽ പൊതു മനുഷ്യവർഗ്ഗത്തിന്റെ ഭാവി ദൈവം നിശ്ചയിച്ചിട്ടുണ്ട്. “നീതി വസിക്കാനിരിക്കുന്ന” ഒരു “ഒരു പുതിയ ഭൂമി”യുടെ സൃഷ്ടിയെക്കുറിച്ച് ബൈബിൾ പ്രസ്താവിക്കുന്നു.—2 പത്രോസ് 3:13, NW.
ഇത് സാധിക്കുന്നതിന്, ദൈവം മനുഷ്യകാര്യങ്ങളിൽ നേരിട്ട് ഇടപെടും. “നിന്റെ രാജ്യം വരേണമേ. നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ” എന്നുള്ള പ്രാർത്ഥന ഉരുവിട്ടുകൊണ്ട് ഇതിനുവേണ്ടി നിങ്ങൾ അറിയാതെ പ്രാർത്ഥിച്ചിട്ടുണ്ടായിരിക്കാം. (മത്തായി 6:10) ഈ രാജ്യം സ്വർഗ്ഗങ്ങളിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്ന ഒരു യഥാർത്ഥ ഗവൺമെൻറാണ്. അതു വരാൻ പ്രാർത്ഥിക്കുന്നതിനാൽ ആ രാജ്യം ഇപ്പോഴത്തെ ഗവൺമെൻറുകളിൽനിന്ന് ഭൂമിയുടെ നിയന്ത്രണം ഏറെറടുക്കാനാണ് നിങ്ങൾ പ്രാർത്ഥിക്കുന്നത്.—ദാനിയേൽ 2:44.
നിങ്ങളുടെ സ്വന്തം ഭാവി സുരക്ഷിതമാക്കൽ
ഈ നാടകീയ സംഭവങ്ങൾ നിങ്ങളുടെ ഭാവിയെ എങ്ങനെ ബാധിക്കുമെന്നുള്ളത്, നിങ്ങളുടെ വിധിയെയോ സമയത്തെയും മുൻകൂട്ടിക്കാണാത്ത സംഭവത്തെയും പോലുമോ അല്ല ആശ്രയിച്ചിരിക്കുന്നത്, പിന്നെയോ നിങ്ങൾ അനുസരിക്കാൻ തെരഞ്ഞെടുക്കുന്ന ഗതിയെ ആണ്. ശീലോഹാം ഗോപുരത്തിന്റെ ദുരന്തം ഓർക്കുക. ഒരു ഗംഭീരമായ പാഠം പഠിപ്പിക്കാൻ യേശു ആ ദുഃഖകരമായ സംഭവത്തെ ഉപയോഗിച്ചു. ആ ഗോപുരത്തിന്റെ വീഴ്ചയാൽ മരണത്തിനിരയായിത്തീർന്നവർക്ക് ആ സംഭവത്തിൽനിന്ന് രക്ഷപ്പെടാൻ കഴിഞ്ഞില്ല. നേരെ മറിച്ച്, യേശുവിന്റെ ശ്രോതാക്കൾക്ക് ദിവ്യ അപ്രീതിയുടെ ഫലമായുണ്ടാകുന്ന നാശത്തെ ഒഴിവാക്കാൻ കഴിയുമായിരുന്നു. യേശു അവർക്ക് ഇങ്ങനെ മുന്നറിയിപ്പുകൊടുത്തു: “മാനസാന്തരപ്പെടാഞ്ഞാൽ നിങ്ങൾ അങ്ങനെ തന്നേ നശിച്ചുപോകും.” (ലൂക്കോസ് 13:4, 5) അവർക്ക് സ്വന്തം ഭാവി തെരഞ്ഞെടുക്കാൻ കഴിയുമായിരുന്നുവെന്ന് വ്യക്തമാണ്.
ഇന്ന് നമുക്ക് ഇതേ അവസരം നീട്ടിത്തരുന്നു—നമ്മുടെ സ്വന്തം രക്ഷ പ്രവർത്തിച്ചുനേടാൻ. (ഫിലിപ്പിയർ 2:12) “സകല തരം മനുഷ്യരും സത്യത്തിന്റെ സൂക്ഷ്മപരിജ്ഞാനത്തിലെത്താനും” ദൈവം ആഗ്രഹിക്കുന്നു. (1 തിമൊഥെയോസ് 2:4, NW) നമ്മിലോരോരുത്തരും കുറെ അളവിൽ പാരമ്പര്യത്താലും പശ്ചാത്തലത്താലും ബാധിക്കപ്പെടുന്നുവെങ്കിലും ദൈവം നമുക്ക് സ്വതന്ത്രമായ ഇച്ഛാശക്തി—നമ്മുടെ ജീവിതം നാം ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന വിധം നിർണ്ണയിക്കാനുള്ള പ്രാപ്തി—നൽകിയിട്ടുണ്ട്. (മത്തായി 7:13, 14) നമുക്ക് ശരിയോ തെറേറാ ചെയ്യാൻ കഴിയും. നമുക്ക് യഹോവയാം ദൈവത്തിങ്കൽ ഒരു അനുകൂല നില നേടാനും ജീവൻ നേടാനും കഴിയും, അല്ലെങ്കിൽ നമുക്ക് അവനെതിരായി തിരിയാനും മരിക്കാനും കഴിയും.
ദൈവത്തിൽനിന്ന് സ്വതന്ത്രമായി ജീവിക്കാൻ അനേകർ തീരുമാനിക്കുന്നു. അവർ ഭൗതിക കാര്യങ്ങളുടെയും ഉല്ലാസത്തിന്റെയും കീർത്തിയുടെയും അന്വേഷണത്തിന് തങ്ങളുടെ ജീവിതം അർപ്പിക്കുന്നു. എന്നാൽ യേശു ഇങ്ങനെ മുന്നറിയിപ്പുനൽകി: “സകല ദ്രവ്യാഗ്രഹവും സൂക്ഷിച്ചുകൊൾവിൻ; ഒരുവന് സമൃദ്ധി ഉണ്ടായാലും അവന്റെ വസ്തുവകയല്ല അവന്റെ ജീവന് ആധാരമായിരിക്കുന്നത്.” (ലൂക്കോസ് 12:15) അപ്പോൾ നമ്മുടെ ജീവൻ എന്തിനെ ആശ്രയിച്ചിരിക്കുന്നു? 1 യോഹന്നാൻ 2:15-17ൽ (NW) ബൈബിൾ ഇങ്ങനെ വിശദീകരിക്കുന്നു: “ലോകത്തെയോ ലോകത്തിലുള്ളവയെയോ സ്നേഹിക്കരുത്. . . . ലോകത്തിലുള്ള സകലവും—ജഡത്തിന്റെ അഭിലാഷവും കണ്ണുകളുടെ അഭിലാഷവും ഒരുവന്റെ ഉപജീവനമാർഗ്ഗത്തിന്റെ പ്രതാപപ്രകടനവും—പിതാവിൽനിന്ന് ഉത്ഭവിക്കുന്നില്ല, എന്നാൽ ലോകത്തിൽനിന്നാണ് ഉത്ഭവിക്കുന്നത്. തന്നെയുമല്ല, ലോകം നീങ്ങിപ്പോകുകയാകുന്നു, അതിന്റെ അഭിലാഷവും അങ്ങനെതന്നെ, എന്നാൽ ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവൻ എന്നേക്കും സ്ഥിതിചെയ്യുന്നു.”
ജീവനെ തെരഞ്ഞെടുക്കൽ
നിങ്ങൾ സത്യമായി ദൈവത്തിന്റെ ഇഷ്ടമാണ് ചെയ്യുന്നതെന്ന് നിങ്ങൾക്ക് എങ്ങനെ ഉറപ്പുണ്ടായിരിക്കാൻ കഴിയും? യേശു ഇങ്ങനെ പ്രഖ്യാപിച്ചു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹന്നാൻ 17:3) ബൈബിളിൽനിന്നുള്ള സൂക്ഷ്മപരിജ്ഞാനം വിശ്വാസത്തിനുള്ള അടിസ്ഥാനം നൽകുന്നു. “എന്നാൽ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല; ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ട് എന്നും തന്നെ അന്വേഷിക്കുന്നവർക്ക് പ്രതിഫലം കൊടുക്കുന്നുവെന്നും വിശ്വസിക്കേണ്ടതല്ലോ.” (എബ്രായർ 11:6) നിങ്ങൾ സമ്പാദിക്കേണ്ട അറിവ് അനായാസം ലഭ്യമാണ്. ഒരു നിരന്തര ബൈബിളദ്ധ്യയനം മുഖേന അതു സമ്പാദിക്കാൻ യഹോവയുടെ സാക്ഷികൾ ദശലക്ഷങ്ങളെ സഹായിച്ചിരിക്കുന്നു.a
ദൈവത്തെ പ്രസാദിപ്പിക്കുന്നതിന്, നിങ്ങൾ ചില മാററങ്ങൾ വരുത്തേണ്ടിവരും. തരണംചെയ്യേണ്ട ചില ദുശ്ശീലങ്ങളോ അവസാനിപ്പിക്കേണ്ട അധാർമ്മിക നടപടികൾപോലുമോ ഉണ്ടായിരിക്കാം. എന്നാൽ മാററം വരുത്തുക നിങ്ങൾക്കസാദ്ധ്യമാണെന്നുള്ള മട്ടിൽ ശ്രമം ഉപേക്ഷിക്കരുത്. കാര്യങ്ങൾക്ക് മാററം വരുത്താൻ കഴികയില്ലെന്നുള്ള ആശയം വിധിവിശ്വാസ ഉപദേശത്തിൽനിന്ന് വന്നിട്ടുള്ളതാണ്. യഹോവയുടെ സഹായത്താൽ, തന്റെ ‘മനസ്സുപുതുക്കാനും’ “പുതിയ വ്യക്തിത്വം” സമ്പാദിക്കാനും ഏവർക്കും സാധിക്കും. (റോമർ 12:2; എഫേസ്യർ 4:22-24) ദൈവത്തെ പ്രസാദിപ്പിക്കാനുള്ള നിങ്ങളുടെ ശ്രമങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകുകയില്ല. തന്റെ ഇഷ്ടംചെയ്യുന്നവരെ അനുഗ്രഹിക്കാൻ അവൻ ഒരുങ്ങിനിൽക്കുകയാണ്.
ബൈബിളിന്റെ പഠനം നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുകയില്ലെന്ന് സമ്മതിക്കുന്നു. ദൈവത്തിന്റെ യഥാർത്ഥ ദാസൻമാർ മററുള്ളവരെപ്പോലെ അപകടങ്ങൾക്കും പ്രതികൂല സാഹചര്യങ്ങൾക്കും വിധേയരാണ്. എന്നിരുന്നാലും, ദൈവത്തിന് വിപത്തുകളെ നേരിടാനുള്ള ജ്ഞാനം നമുക്ക് നൽകാൻ കഴിയും. (യാക്കോബ് 1:5) ഒരുവന് ദൈവവുമായി ഒരു നല്ല ബന്ധമുണ്ടെന്ന് അറിയുന്നതിന്റെ സന്തോഷവുമുണ്ട്. “യഹോവയിൽ ആശ്രയിക്കുന്നവൻ ഭാഗ്യവാൻ” എന്ന് സദൃശവാക്യങ്ങൾ 16:20 പറയുന്നു.
ദൈവരാജ്യത്തിൻകീഴിൽ പുനഃസ്ഥാപിക്കപ്പെടുന്ന പറുദീസയിൽ, നാം സമയത്താലും മുൻകൂട്ടിക്കാണാത്ത സംഭവത്താലും മേലാൽ ഭീഷണിപ്പെടുത്തപ്പെടുകയില്ല. തീർച്ചയായും, ദൈവം ഇപ്പോൾ മനുഷ്യസന്തുഷ്ടിയെ കളങ്കപ്പെടുത്തുന്ന സകലവും നീക്കംചെയ്യും. “അവൻ [നമ്മുടെ] കണ്ണിൽനിന്ന് കണ്ണുനീർ എല്ലാം തുടച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല” എന്ന് ബൈബിൾ വാഗ്ദത്തംചെയ്യുന്നു. (വെളിപ്പാട് 21:4) അപകടങ്ങൾക്കിരയായ എണ്ണമററവർക്ക് ഒരു പുനരുത്ഥാനം അനുഭവപ്പെടും.—യോഹന്നാൻ 5:28, 29.
ഈ മഹത്തായ ഭാവിയെ നിങ്ങൾ അവകാശപ്പെടുത്തുമോ? ഇസ്രായേല്യർ വാഗ്ദത്തനാട്ടിലേക്ക് പ്രവേശിക്കാറായപ്പോൾ മോശ അവരോടിങ്ങനെ പറഞ്ഞു: “ജീവനും മരണവും, അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്നു . . . ; അതുകൊണ്ടു നീയും നിന്റെ സന്തതിയും ജീവിച്ചിരിക്കേണ്ടതിന് . . . ജീവനെ തിരഞ്ഞെടുത്തുകൊൾക; അതല്ലോ നിനക്ക് ജീവനും ദീർഘായുസ്സും ആകുന്നു.”—ആവർത്തനം 30:19, 20.
അല്ല, നാം കരുണയററ വിധിയുടെ നിയന്ത്രണത്തിലുള്ള നിസ്സഹായ കരുക്കളല്ല. നിങ്ങളുടെ ഭാവി സന്തുഷ്ടി, തീർച്ചയായും നിങ്ങളുടെ നിത്യഭാവി, നിങ്ങളുടെ നിയന്ത്രണത്തിലാണ്. ജീവനെ തെരഞ്ഞെടുക്കാൻ ഞങ്ങൾ നിങ്ങളെ ശക്തമായി ഉപദേശിക്കുകയാണ്. (w91 10/15)
[അടിക്കുറിപ്പ്]
a ഈ മാസികയുടെ പ്രസാധകർക്കെഴുതുന്നതിനാൽ അങ്ങനെയുള്ള ഒരു അദ്ധ്യയനം ക്രമീകരിക്കാൻ കഴിയും.
[5-ാം പേജിലെ ആകർഷകവാക്യം]
വിധിയുടെ പുറജാതീയമായ ആശയം സ്വീകരിച്ച വിശ്വാസ ത്യാഗികളായ ഇസ്രായേല്യർ ദൈവത്താൽ കഠിനമായി കുററംവിധിക്കപ്പെട്ടു