സൗമ്യത ധരിക്കുക!
“ദൈവത്തിന്റെ വൃതൻമാരും വിശുദ്ധൻമാരും പ്രിയരുമായി മനസ്സലിവു, ദയ, താഴ്‌മ, സൗമ്യത, ദീർഘക്ഷമ, എന്നിവ ധരിച്ചുകൊണ്ട് അന്യോന്യം പൊറുക്കുക.”—കൊലൊസ്സ്യർ 3:12.
1-3. കൊലൊസ്സ്യർ 3:12-14-ൽ സൗമ്യതയെയും മററു ദൈവികഗുണങ്ങളെയുംകുറിച്ച് അപ്പോസ്‌തലനായ പൗലോസ് എന്തു പറഞ്ഞു?
യഹോവ തന്റെ ജനത്തിന് ഏററവും നല്ല ആലങ്കാരിക വസ്‌ത്രംതന്നെ കൊടുക്കുന്നു. യഥാർഥത്തിൽ, അവന്റെ പ്രീതി ആഗ്രഹിക്കുന്ന സകലരും സൗമ്യതയാകുന്ന ബലിഷ്‌ഠമായ ഇഴകളുള്ള ഒരു വസ്‌ത്രം ധരിക്കേണ്ടതാണ്. ഈ ഗുണം സംഘാർഷാത്മകമായ സാഹചര്യങ്ങളിൽ പിരിമുറുക്കം കുറക്കുന്നതിനാൽ ആശ്വാസപ്രദമാണ്. അത് കലഹം നീക്കുന്നതിനാൽ സംരക്ഷകവുമാണ്.
2 അപ്പോസ്‌തലനായ പൗലോസ് സഹ അഭിഷിക്തക്രിസ്‌ത്യാനികളെ “ദൈവത്തിന്റെ വൃതൻമാരും വിശുദ്ധൻമാരും പ്രിയരുമായി മനസ്സലിവു, ദയ, താഴ്‌മ, സൗമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചു”കൊള്ളാൻ ശക്തമായി ഉപദേശിച്ചു. (കൊലൊസ്സ്യർ 3:12) “ധരിക്കുക” എന്നു വിവർത്തനംചെയ്‌തിരിക്കുന്ന ഗ്രീക്ക് പദത്തിന്റെ കാലം ഒരു അടിയന്തിരതാബോധത്തോടെ സ്വീകരിക്കേണ്ട നടപടിയെ സൂചിപ്പിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ടവരും വിശുദ്ധരും ദൈവത്തിന്റെ പ്രിയരുമായിരുന്ന അഭിഷിക്തർ സൗമ്യതപോലെയുള്ള ഗുണങ്ങൾ ധരിക്കുന്നതിൽ താമസംവരുത്തരുതായിരുന്നു.
3 പൗലോസ് ഇങ്ങനെ കൂട്ടിച്ചേർത്തു: “അന്യോന്യം പൊറുക്കുകയും ഒരുവനോട് ഒരുവന് വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്‌വിൻ; കർത്താവ് നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ചെയ്‌വിൻ. എല്ലാററിനും മീതെ സമ്പൂർണ്ണതയുടെ ബന്ധമായ സ്‌നേഹം ധരിപ്പിൻ.” (കൊലൊസ്സ്യർ 3:13, 14) സ്‌നേഹവും സൗമ്യതയും മററു ദൈവികഗുണങ്ങളും യഹോവയുടെ സാക്ഷികൾക്ക് “ഐക്യത്തിൽ ഒരുമിച്ചു വസിക്കുക” സാദ്ധ്യമാക്കുന്നു.—സങ്കീർത്തനം 133:1-3.
സൗമ്യപ്രകൃതമുള്ള ഇടയൻമാർ ആവശ്യം
4. സത്യക്രിസ്‌ത്യാനികൾ ഏതു ഗുണങ്ങൾകൊണ്ട് നെയ്‌തെടുത്ത ഒരു ആലങ്കാരിക വസ്‌ത്രമാണ് ധരിക്കുന്നത്?
4 സത്യക്രിസ്‌ത്യാനികൾ ‘ദുർന്നടപ്പ്, അശുദ്ധി, അതിരാഗം, ദുർമ്മോഹം, അത്യാഗ്രഹം എന്നിങ്ങനെയുള്ള തങ്ങളുടെ അവയവങ്ങളെ മരിപ്പിക്കാൻ കഠിനശ്രമം ചെയ്യുന്നു.’ അവർ ക്രോധം, കോപം, വഷളത്വം, ദുർഭാഷണം, അശ്ലീലസംസാരം എന്നിങ്ങനെയുള്ള ഇഴകളുള്ള ഏത് പഴയ വസ്‌ത്രവും നീക്കംചെയ്യാൻ ശ്രമിക്കുന്നു. (കൊലൊസ്സ്യർ 3:5-11) അവർ “പഴയ വ്യക്തിത്വം” (അക്ഷരീയമായി “പഴയമനുഷ്യനെ”) ഉരിഞ്ഞുകളയുകയും “പുതിയ വ്യക്തിത്വം” (അല്ലെങ്കിൽ “പുതുമനുഷ്യനെ”) ധരിക്കുകയും ചെയ്യുന്നു, അനുയോജ്യമായ ഒരു വസ്‌ത്രംതന്നെ. (എഫേസ്യർ 4:22-24, രാജ്യ വരിമദ്ധ്യഭാഷാന്തരം) അനുകമ്പ, ദയ, മനസ്സിന്റെ എളിമ, സൗമ്യത, ദീർഘക്ഷമ എന്നിവകൊണ്ട് നെയ്‌തെടുത്ത അവരുടെ പുതിയ വസ്‌ത്രം പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കാനും ദൈവികഭക്തിയോടുകൂടിയ ജീവിതം നയിക്കാനും അവരെ സഹായിക്കുന്നു.—മത്തായി 5:9; 18:33; ലൂക്കോസ് 6:36; ഫിലിപ്പിയർ 4:2, 3.
5. ക്രിസ്‌തീയസഭയുടെ ഭാഗമായിരിക്കുന്നത് വളരെ സന്തോഷകരമാക്കിത്തീർക്കുന്നതായി ക്രിസ്‌തീയസഭയുടെ പ്രവർത്തനം സംബന്ധിച്ചെന്തുണ്ട്?
5 ഈ ലോകത്തിൽ വിജയികളായി പരിഗണിക്കപ്പെടുന്ന മനുഷ്യർ മിക്കപ്പോഴും കഠിനരാണ്, ക്രൂരൻമാർപോലുമാണ്. (സദൃശവാക്യങ്ങൾ 29:22) യഹോവയുടെ ജനത്തിന്റെ ഇടയിൽ എത്ര നവോൻമേഷപ്രദമായി വ്യത്യസ്‌തമാണ്! ക്രിസ്‌തീയ സഭ ചില ആളുകൾ ഒരു ബിസിനസ്സ് നടത്തുന്നതുപോലെ കാര്യക്ഷമമെങ്കിലും ആളുകളെ അസന്തുഷ്ടരാക്കുന്ന തരത്തിൽ പരുഷമായ ഒരു രീതിയിലല്ല പ്രവർത്തിക്കുന്നത്. പകരം, സഭയുടെ ഭാഗമായിരിക്കുന്നത് ഒരു സന്തോഷമാണ്. അതിന്റെ ഒരു കാരണം സൗമ്യപ്രകൃതം പൊതുവേ ക്രിസ്‌ത്യാനികൾ, വിശേഷാൽ സഹവിശ്വാസികളെ പഠിപ്പിക്കാൻ യോഗ്യതയുള്ള പുരുഷൻമാർ, പ്രകടമാക്കുന്ന ജ്ഞാനത്തിന്റെ ഒരു സവിശേഷതയാണെന്നുള്ളതാണ്. അതെ, സന്തോഷം “ജ്ഞാനലക്ഷണമായ സൗമ്യത”യോടെ പഠിപ്പിക്കുന്ന നിയമിത മൂപ്പൻമാർ കൊടുക്കുന്ന പ്രബോധനത്തിൽനിന്നും ബുദ്ധിയുപദേശത്തിൽനിന്നുമാണ് സംജാതമാകുന്നത്.—യാക്കോബ് 3:13.
6. ക്രിസ്‌തീയമൂപ്പൻമാർ സൗമ്യപ്രകൃതമുള്ളവരായിരിക്കേണ്ടതെന്തുകൊണ്ട്?
6 ദൈവജനത്തിന്റെ ആത്മാവ്, അഥവാ മുഖ്യ മനോഭാവം, സഭാപരമായ മേൽവിചാരണ ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്ന പുരുഷൻമാർ സൗമ്യപ്രകൃതവും ന്യായബോധവും വിവേകവുമുള്ളവരായിരിക്കേണ്ടതാവശ്യമാക്കിത്തീർക്കുന്നു. (1 തിമൊഥെയോസ് 3:1-3) യഹോവയുടെ ദാസൻമാർ ശാന്തതയുള്ള ചെമ്മരിയാടുകളെപ്പോലെയാണ്, മർക്കടമുഷ്ടിയുള്ള കോലാടുകളെയും ശാഠ്യമുള്ള കോവർകഴുതകളെയും അല്ലെങ്കിൽ അത്യാർത്തിയുള്ള ചെന്നായ്‌ക്കളെയും പോലെയല്ല. (സങ്കീർത്തനം 32:9; ലൂക്കോസ് 10:3) ചെമ്മരിയാടുതുല്യരാകയാൽ അവരോട് സൗമ്യതയോടും ആർദ്രതയോടുംകൂടെ പെരുമാറേണ്ടയാവശ്യമുണ്ട്. (പ്രവൃത്തികൾ 20:28, 29) അതെ, മൂപ്പൻമാർ തന്റെ ആടുകളോട് സൗമ്യതയും ദയയും സ്‌നേഹവും ക്ഷമയുമുള്ളവരായിരിക്കാൻ ദൈവം പ്രതീക്ഷിക്കുന്നു.—യെഹെസ്‌ക്കേൽ 34:17-24.
7. മൂപ്പൻമാർ മററുള്ളവരെ എങ്ങനെ പഠിപ്പിക്കണം അല്ലെങ്കിൽ ആത്മീയ രോഗികളെ എങ്ങനെ സഹായിക്കണം?
7 “കർത്താവിന്റെ ഒരു അടിമ”യെന്ന നിലയിൽ ഒരു മൂപ്പൻ “സകലരോടും ശാന്തതയുള്ളവനായി പഠിപ്പിക്കാൻ യോഗ്യനും തിൻമയിൽ തന്നേത്തന്നെ നിയന്ത്രിച്ചുനിർത്തുന്നവനും അനുകൂലപ്രകൃതമില്ലാത്തവരെ സൗമ്യതയോടെ പ്രബോധിപ്പിക്കുന്നവനുമായിരിക്കേണ്ടതുണ്ട്; ഒരുപക്ഷേ ദൈവം അവർക്ക് സത്യത്തിന്റെ സൂക്ഷ്‌മപരിജ്ഞാനത്തിലേക്കു നയിക്കുന്ന അനുതാപം നൽകിയേക്കുമോ എന്നുവെച്ചുതന്നെ.” (2 തിമൊഥെയോസ് 2:24, 25, NW) ക്രിസ്‌തീയ ഇടയൻമാർ ആത്മീയരോഗികളെ സഹായിക്കാൻ ശ്രമിക്കുമ്പോൾ കരുണാർദ്രമായ പരിഗണന പ്രകടമാക്കണം, എന്തുകൊണ്ടെന്നാൽ ആടുകൾ ദൈവത്തിന്റേതാണ്. മൂപ്പൻമാർ ഒരു കൂലിക്കാരൻ ചെയ്യുന്നതുപോലെ അവരോട് ഇടപെടരുത്, എന്നാൽ നല്ല ഇടയനായ യേശുക്രിസ്‌തുവിനെപ്പോലെ സൗമ്യപ്രകൃതമുള്ളവനായിരിക്കേണ്ടതുണ്ട്.—യോഹന്നാൻ 10:11-13.
8. സൗമ്യപ്രകൃതമുണ്ടായിരുന്ന മോശക്ക് എന്തു സംഭവിച്ചു, എന്തുകൊണ്ട്?
8 ഒരു മൂപ്പൻ ചില സമയങ്ങളിൽ ഒരു സൗമ്യാത്മാവ് നിലനിർത്തുക പ്രയാസമാണെന്ന് കണ്ടേക്കാം. “മോശെ എന്ന പുരുഷനോ ഭൂതലത്തിലുള്ള സകല മനുഷ്യരിലും അതിസൗമ്യനായിരുന്നു.” (സംഖ്യാപുസ്‌തകം 12:3) എന്നിരുന്നാലും, ഇസ്രായേല്യർ കാദേശിൽവെച്ച് ജലദൗർലഭ്യത്തെ അഭിമുഖീകരിച്ചപ്പോൾ അവർ മോശയോട് വഴക്കടിക്കുകയും അവരെ ഈജിപ്‌ററിൽനിന്ന് ഒരു വരണ്ട മരുഭൂമിയിലേക്ക് കൊണ്ടുവന്നതിൽ അവനെ പഴിക്കുകയും ചെയ്‌തു. മോശ സൗമ്യമായി സഹിച്ചുനിന്നതൊന്നും ഗണ്യമാക്കാതെ, അവൻ അവിവേകമായി, പരുഷമായി, സംസാരിച്ചു. അവനും അഹരോനും ജനത്തിന്റെ മുമ്പാകെ നിൽക്കുകയും തങ്ങളിലേക്കുതന്നെ ശ്രദ്ധതിരിച്ചുവിടുകയും ചെയ്‌തുകൊണ്ട്: “മത്സരികളേ, കേൾപ്പിൻ; ഈ പാറയിൽനിന്ന് ഞങ്ങൾ നിങ്ങൾക്കുവേണ്ടി വെള്ളം പുറപ്പെടുവിക്കുമോ?” എന്നു മോശപറഞ്ഞു. പിന്നീട് മോശ തന്റെ വടികൊണ്ട് രണ്ടു പ്രാവശ്യം പാറയെ അടിച്ചു. ജനത്തിനും അവരുടെ മൃഗങ്ങൾക്കുംവേണ്ടി “ധാരാളം വെള്ളം” ദൈവം പുറപ്പെടുവിച്ചു. മോശയും അഹരോനും തന്നെ വിശുദ്ധീകരിക്കാഞ്ഞതിൽ യഹോവ അപ്രീതിപ്പെട്ടു, തന്നിമിത്തം ഇസ്രായേല്യരെ വാഗ്‌ദത്തദേശത്തേക്ക് നയിക്കുന്നതിനുള്ള പദവി മോശക്ക് കിട്ടിയില്ല.—സംഖ്യാപുസ്‌തകം 20:1-13; ആവർത്തനം 32:50-52; സങ്കീർത്തനം 106:32, 33.
9. ഒരു മൂപ്പന്റെ സൗമ്യത എങ്ങനെ പരിശോധിക്കപ്പെട്ടേക്കാം?
9 ഒരു ക്രിസ്‌തീയ മൂപ്പന്റെ സൗമ്യത വിവിധ വിധങ്ങളിലും പരിശോധിക്കപ്പെട്ടേക്കാം. ഉദാഹരണത്തിന്, “അഹങ്കാരത്താൽ ചീർത്ത”വനും “ചോദ്യംചെയ്യലിലും പദങ്ങളെസംബന്ധിച്ച വാദപ്രതിവാദങ്ങളിലും മാനസികമായി രോഗം ബാധിച്ച”വനുമായ ആരെങ്കിലും ഉയർന്നുവന്നേക്കാമെന്ന് പൗലോസ് തിമൊഥെയോസിനു മുന്നറിയിപ്പുകൊടുത്തു. പൗലോസ് ഇങ്ങനെ കൂട്ടിച്ചേർത്തു: “ഈ കാര്യങ്ങളിൽനിന്ന് അസൂയയും പിണക്കവും ദുർഭാഷണങ്ങളും ദുഷ്ട സംശയങ്ങളും മനസ്സിൽ ദുഷിച്ചവരും സത്യം കവർന്നെടുക്കപ്പെട്ടവരുമായ മനുഷ്യരുടെ ഭാഗത്തെ നിസ്സാരകാര്യങ്ങൾ സംബന്ധിച്ച ഉഗ്രതർക്കങ്ങളും ഉത്ഭവിക്കുന്നു.” മേൽവിചാരകനായിരുന്ന തിമൊഥെയോസ് പരുഷമായി പെരുമാറാതെ “ഈ കാര്യങ്ങൾ വിട്ടോട”ണമായിരുന്നു. അവൻ “നീതിയും ദൈവികഭക്തിയും വിശ്വാസവും സ്‌നേഹവും സഹിഷ്‌ണുതയും സൗമ്യപ്രകൃതവും പിന്തുടര”ണമായിരുന്നു.—1 തിമൊഥെയോസ് 6:4, 5, 11, NW.
10. തീത്തോസ് സഭകളെ എന്ത് ഓർമ്മിപ്പിക്കണമായിരുന്നു?
10 മൂപ്പൻമാർ സൗമ്യരായിരിക്കണമെങ്കിലും, അവർ നീതിക്കുവേണ്ടി ദൃഢതയുള്ളവരായിരിക്കണം. തീത്തോസ് ആ വിധത്തിലായിരുന്നു, ക്രേത്തയിലെ സഭകളിൽ സഹവസിച്ചിരുന്നവരെ “ആരെക്കൊണ്ടും ദൂഷണം പറയാതെയും കലഹിക്കാതെയും ശാന്തൻമാരായി സകല മനുഷ്യരോടും പൂർണ്ണസൗമ്യത കാണിപ്പാൻ” ഓർമ്മിപ്പിച്ചുകൊണ്ടുതന്നെ. (തീത്തോസ് 3:1, 2) ക്രിസ്‌ത്യാനികൾ സകലരോടും സൗമ്യപ്രകൃതമുള്ളവരായിരിക്കേണ്ടതിന്റെ കാരണം കാണിച്ചുകൊണ്ട് യഹോവ എത്ര ദയാലുവും സ്‌നേഹവാനുമായിരിക്കുന്നുവെന്ന് തീത്തോസ് ചൂണ്ടിക്കാണിക്കണമായിരുന്നു. വിശ്വാസികൾ ചെയ്‌ത ഏതെങ്കിലും നീതിപ്രവൃത്തികൾ നിമിത്തമല്ല, പിന്നെയോ യേശുക്രിസ്‌തുവിലൂടെയുള്ള ദൈവത്തിന്റെ കരുണപ്രകാരമാണ് ദൈവം അവരെ രക്ഷിച്ചിരുന്നത്. യഹോവയുടെ സൗമ്യതയും ക്ഷമയും നമുക്കും രക്ഷയെ അർത്ഥമാക്കുന്നു. അതുകൊണ്ട് തീത്തോസിനെപ്പോലെ, മററുള്ളവരോട് സൗമ്യമായ ഒരു രീതിയിൽ ഇടപെടുന്നതിനാൽ ദൈവത്തെ അനുകരിച്ചുകൊണ്ട് അവന് കീഴ്‌പെട്ടിരിക്കാൻ ഇക്കാലത്തെ മൂപ്പൻമാർ സഭകളെ ഓർമ്മിപ്പിക്കേണ്ടതാണ്.—തീത്തോസ് 3:3-7; 2 പത്രോസ് 3:9, 15.
സൗമ്യത ജ്ഞാനിയായ ഉപദേശകനെ വഴികാട്ടുന്നു
11. ഗലാത്യർ 6:1, 2 അനുസരിച്ച് ബുദ്ധിയുപദേശം എങ്ങനെ കൊടുക്കപ്പെടണം?
11 ഒരു ആലങ്കാരിക ആട് തെററുചെയ്‌താലോ? പൗലോസ് പറഞ്ഞു: “സഹോദരൻമാരേ, ഒരു മനുഷ്യൻ വല്ല തെററിലും അകപ്പെട്ടുപോയെങ്കിൽ ആത്മികരായ നിങ്ങൾ അങ്ങനെയുള്ളവനെ സൗമ്യതയുടെ ആത്മാവിൽ യഥാസ്ഥാനപ്പെടുത്തുവിൻ; നീയും പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ സൂക്ഷിച്ചുകൊൾക. തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമപ്പിൻ; ഇങ്ങനെ ക്രിസ്‌തുവിന്റെ ന്യായപ്രമാണം നിവർത്തിപ്പിൻ.” (ഗലാത്യർ 6:1, 2) സൗമ്യതയുടെ ആത്മാവിൽ കൊടുക്കപ്പെടുമ്പോൾ ബുദ്ധിയുപദേശം കൂടുതൽ ഫലകരമാണ്. മൂപ്പൻമാർ കോപിഷ്‌ഠനായ ഒരാളെ ബുദ്ധിയുപദേശിക്കാൻ ശ്രമിക്കുന്നുവെങ്കിൽപോലും “സൗമ്യമായ ഒരു നാവിനുതന്നെ ഒരു അസ്ഥിയെ നുറുക്കാൻ കഴിയും” എന്ന് തിരിച്ചറിഞ്ഞുകൊണ്ട് അവർ ആത്മനിയന്ത്രണം പ്രകടമാക്കണം. (സദൃശവാക്യങ്ങൾ 25:15) അസ്ഥിപോലെ കടുപ്പമുള്ള ഒരാൾപോലും സൗമ്യമായ പെരുമാററംകൊണ്ട് മയപ്പെട്ടേക്കാം, അയാളുടെ കടുപ്പം നുറുങ്ങിപ്പോയേക്കാം.
12. ഒരു സൗമ്യമായ ആത്മാവ് ഒരു ബുദ്ധിയുപദേശകനെ സഹായിക്കുന്നതെങ്ങനെ?
12 യഹോവ സൗമ്യപ്രകൃതമുള്ള ഒരു പ്രബോധകനാണ്, അവന്റെ സൗമ്യമായ പ്രബോധനാരീതി സഭയിൽ ഫലപ്രദമാണ്. ആത്മീയസഹായമാവശ്യമുള്ളവരെ ബുദ്ധിയുപദേശിക്കേണ്ടതാവശ്യമാണെന്ന് മൂപ്പൻമാർ കണ്ടെത്തുമ്പോൾ ഇത് വിശേഷാൽ അങ്ങനെതന്നെയാണ്. ശിഷ്യനായ യാക്കോബ് എഴുതി: “നിങ്ങളിൽ ജ്ഞാനിയും വിവേകിയുമായവൻ ആർ? അവൻ ജ്ഞാനലക്ഷണമായ സൗമ്യതയോടെ നല്ല നടപ്പിൽ തന്റെ പ്രവൃത്തികളെ കാണിക്കട്ടെ.” സൗമ്യത “ഉയരത്തിൽനിന്നുള്ള ജ്ഞാന”ത്തോടുള്ള ആദരവിലും നന്ദിയിലും നിന്നാണ് ഉത്ഭൂതമാകുന്നത്, അതോടൊപ്പം ഒരുവന്റെ സ്വന്തം പരിമിതികളുടെ വിനീതമായ അംഗീകരണവുമുണ്ട്. സൗമ്യവും വിനീതവുമായ ഒരു ആത്മാവ് ഹാനികരമായ പ്രസ്‌താവനകൾ ചെയ്യുന്നതിൽനിന്നും തെററുകൾ വരുത്തുന്നതിൽനിന്നും ഉപദേശകനെ സംരക്ഷിക്കുകയും അയാളുടെ ബുദ്ധിയുപദേശം സ്വീകരിക്കാൻ കൂടുതൽ എളുപ്പമാക്കിത്തീർക്കുകയും ചെയ്യുന്നു.—യാക്കോബ് 3:13, 17.
13. “ജ്ഞാനലക്ഷണമായ സൗമ്യത” ബുദ്ധിയുപദേശം കൊടുക്കുന്ന രീതിയെ ബാധിക്കുന്നതെങ്ങനെ?
13 “ജ്ഞാനലക്ഷണമായ സൗമ്യത” ചിന്താശൂന്യനായി കർക്കശനോ പരുഷനോ ആയിരിക്കുന്നതിൽനിന്ന് ഒരു ബുദ്ധിയുപദേശകനെ തടയുന്നു. എന്നിരുന്നാലും, സൗഹൃദത്തെയും ഒരുവന്റെ അംഗീകാരം ലഭിക്കുന്നതിനെയും സംബന്ധിച്ചുള്ള ഉത്‌ക്കണ്‌ഠ ദൈവവചനത്തിലധിഷ്‌ഠിതമായ വളച്ചുകെട്ടില്ലാത്ത ബുദ്ധിയുപദേശം സൗമ്യമായി അവതരിപ്പിക്കുന്നതിനു പകരം പ്രസാദിപ്പിക്കാനുദ്ദേശിച്ചുള്ള കാര്യങ്ങൾ പറയാൻ ഒരു മൂപ്പനെ പ്രേരിപ്പിക്കരുത്. (സദൃശവാക്യങ്ങൾ 24:24-26; 28:23) അമ്‌നോന് അവന്റെ മച്ചുനനിൽനിന്ന് കിട്ടിയ ബുദ്ധിയുപദേശം അവന്റെ ആഗ്രഹത്തെ തൃപ്‌തിപ്പെടുത്തി, എന്നാൽ അത് അവന്റെ ജീവനെ നഷ്ടപ്പെടുത്തി. (2 ശമുവേൽ 13:1-19, 28, 29) അതുകൊണ്ട് ഇക്കാലത്തെ മൂപ്പൻമാർ ഒരുവന്റെ മനഃസാക്ഷിയെ പ്രശാന്തമാക്കുന്നതിന് ബൈബിൾതത്വങ്ങളിൽ വെള്ളം ചേർക്കരുത്, എന്തുകൊണ്ടെന്നാൽ അങ്ങനെ ചെയ്യുന്നത് ഒരുവന്റെ ജീവനെ അപകടപ്പെടുത്തിയേക്കാം. പൗലോസിനെപ്പോലെ, മൂപ്പൻമാർ “ദൈവത്തിന്റെ ആലോചന മുഴുവൻ” മററുള്ളവരോടു പറയുന്നതിൽനിന്ന് പിൻമാറിനിൽക്കരുത്. (പ്രവൃത്തികൾ 20:26, 27; 2 തിമൊഥെയോസ് 4:1-4) പക്വതയുള്ള ഒരു ക്രിസ്‌തീയ ഉപദേശകൻ ദൈവികഭയം പ്രകടമാക്കുകയും ജ്ഞാനലക്ഷണമായ സൗമ്യതയോടെ നീതിനിഷ്‌ഠമായ ബുദ്ധിയുപദേശം കൊടുക്കുകയും ചെയ്യുന്നു.
14. മററുള്ളവർ തങ്ങൾക്കുവേണ്ടി ചെയ്യേണ്ട തീരുമാനങ്ങൾ ഒരു മൂപ്പൻ എടുക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതെന്തുകൊണ്ട്?
14 സൗമ്യതയും ഒപ്പം സ്വർഗ്ഗീയജ്ഞാനവും കർക്കശമായ ആവശ്യങ്ങൾ ഉന്നയിക്കുന്നതിൽനിന്ന് ഒരു മൂപ്പനെ തടയും. മറെറാരാൾ അയാൾക്കുവേണ്ടി എടുക്കേണ്ട ഒരു തീരുമാനം താൻ എടുക്കുന്നത് ബുദ്ധിരഹിതവും അനുചിതവുമാണെന്നും അയാൾ തിരിച്ചറിയണം. ബൈബിൾ പറയുന്നതിലേക്ക് ഒരു മൂപ്പന് ശ്രദ്ധ ക്ഷണിക്കാവുന്നതാണ്, എന്നാൽ ഒരു സംഗതിസംബന്ധിച്ച് തിരുവചന നിയമമില്ലെങ്കിൽ ഒരു വ്യക്തി എന്തു ചെയ്യണം അല്ലെങ്കിൽ ചെയ്യരുത് എന്ന് അയാളുടെ സ്വന്തം വിവേചനയും മനഃസാക്ഷിയുമാണ് തീരുമാനിക്കേണ്ടത്. പൗലോസ് പറഞ്ഞതുപോലെ: “ഓരോരുത്തൻ താന്താന്റെ ചുമടു ചുമക്കുമല്ലോ.” (ഗലാത്യർ 6:5; റോമർ 14:12) മൂപ്പൻ മററുള്ളവർക്കുവേണ്ടി തീരുമാനങ്ങൾ എടുത്താൽ ഫലങ്ങൾക്ക് അയാൾ ഉത്തരവാദിയായിരിക്കുകയും ഏതെങ്കിലും ദുഷ്‌ഫലത്തിന്റെ കുററത്തിൽ പങ്കുവഹിക്കുകയും ചെയ്യും. എന്നുവരികിലും, വ്യക്തിക്ക് തുറന്നുകിടക്കുന്ന ഐച്ഛികഗതികളോടു ബന്ധപ്പെട്ട തിരുവെഴുത്തുകൾ സംബന്ധിച്ച് ന്യായവാദംചെയ്യുന്നതിന് അയാളെ സഹായിക്കുന്ന ചോദ്യങ്ങൾ ഒരു മൂപ്പൻ ചോദിക്കുന്നതിനാൽ ശരിയായ തീരുമാനംചെയ്യാൻ അന്വേഷകനെ സഹായിക്കാവുന്നതാണ്.
15. ഒരു മൂപ്പന് ഒരു ചോദ്യത്തിന്റെ ഉത്തരം അറിയാൻപാടില്ലെങ്കിൽ എന്തു ചെയ്യണം?
15 ഒരു മൂപ്പന് ഒരു ചോദ്യത്തിന്റെ ഉത്തരം അറിയാൻപാടില്ലെങ്കിൽ മാന്യത നിലനിർത്താൻവേണ്ടി മാത്രം അയാൾ മറുപടി പറയരുത്. ജ്ഞാനലക്ഷണമായ സൗമ്യത ഊഹാപോഹം നടത്തി ഒരുപക്ഷേ പിന്നീട് ദുഃഖംവരുത്താൻ കഴിയുന്ന ഒരു തെററായ ഉത്തരം പറയുന്നതിൽനിന്ന് അയാളെ തടയും. “മിണ്ടാതിരിപ്പാൻ ഒരു കാല”വും “സംസാരിപ്പാൻ ഒരു കാല”വും ഉണ്ട്. (സഭാപ്രസംഗി 3:7; സദൃശവാക്യങ്ങൾ 21:23 താരതമ്യംചെയ്യുക.) ഒരു ചോദ്യത്തിന്റെ ഉത്തരം അറിയാവുന്നപ്പോൾ അല്ലെങ്കിൽ കൃത്യമായ മറുപടി കൊടുക്കാൻ വേണ്ടത്ര ഗവേഷണം നടത്തിയിട്ടുള്ളപ്പോൾ മാത്രമേ ഒരു മൂപ്പൻ “സംസാരിക്കാ”വൂ. അഭ്യൂഹപരമായ ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കാതിരിക്കുന്നതാണ് ജ്ഞാനം.—സദൃശവാക്യങ്ങൾ 12:8; 17:27; 1 തിമൊഥെയോസ് 1:3-7; 2 തിമൊഥെയോസ് 2:14.
ആലോചനക്കാരുടെ ബാഹുല്യത്തിന്റെ മൂല്യം
16, 17. മൂപ്പൻമാർ അന്യോന്യം ആലോചനകഴിക്കുന്നത് ഉചിതമായിരിക്കുന്നതെന്തുകൊണ്ട്?
16 പ്രാർത്ഥനയും പഠനവും ചോദ്യങ്ങൾക്ക് ഉത്തരംപറയുന്നതിനും പ്രയാസമുള്ള പ്രശ്‌നങ്ങൾ കൈകാര്യംചെയ്യുന്നതിനും മൂപ്പൻമാരെ സഹായിക്കും, എന്നാൽ “ആലോചനക്കാരുടെ ബാഹുല്യത്തിൽ നേട്ടമുണ്ട്” എന്ന് ഓർത്തിരിക്കേണ്ടതാണ്. (സദൃശവാക്യങ്ങൾ 15:22) മററു മൂപ്പൻമാരുമായുള്ള ആലോചനകഴിക്കൽ ജ്ഞാനത്തിന്റെ ഒരു മൂല്യവത്തായ ശേഖരത്തിൽ കലാശിക്കുന്നു. (സദൃശവാക്യങ്ങൾ 13:20) എല്ലാ മൂപ്പൻമാർക്കും തുല്യമായ അനുഭവപരിചയമോ ബൈബിൾപരിജ്ഞാനമോ ഇല്ല. അതുകൊണ്ട് ജ്ഞാനലക്ഷണമായ സൗമ്യത കൂടുതൽ അറിവും പരിചയവുമുള്ള മൂപ്പൻമാരോട് ആലോചന കഴിക്കാൻ പരിചയക്കുറവുള്ള മൂപ്പനെ പ്രേരിപ്പിക്കേണ്ടതാണ്, വിശേഷിച്ച് ഗൗരവമുള്ള ഒരു കാര്യം കൈകാര്യംചെയ്യേണ്ടതുള്ളപ്പോൾ.
17 ഗൗരവമുള്ള ഒരു സംഗതി കൈകാര്യംചെയ്യാൻ മൂപ്പൻമാർ തെരഞ്ഞെടുക്കപ്പെടുമ്പോൾ, അവർക്ക് അപ്പോഴും ഉറപ്പോടെ സഹായം തേടാവുന്നതാണ്. ഇസ്രായേല്യരെ ന്യായംവിധിക്കാൻ തന്നെ സഹായിക്കുന്നതിന് മോശെ “ദൈവഭക്തൻമാരും സത്യവാൻമാരും ദുരാദായം വെറുക്കുന്നവരുമായ പ്രാപ്‌തിയുള്ള പുരുഷൻമാരെ” തെരഞ്ഞെടുത്തു. അവർ മൂപ്പൻമാർ ആയിരുന്നെങ്കിലും, അവർക്ക് മോശെയോളം അറിവും പരിചയവുമില്ലായിരുന്നു. അതുകൊണ്ട്, “വിഷമമുള്ള കാര്യം അവർ മോശെയുടെ അടുക്കൽ കൊണ്ടുവരും; ചെറിയ കാര്യം ഒക്കെയും അവർതന്നെ തീർക്കും.” (പുറപ്പാട് 18:13-27) അപ്പോൾ, ആവശ്യമെങ്കിൽ, ഇന്ന് വിഷമമുള്ള ഒരു കേസ് കൈകാര്യംചെയ്യുന്ന മൂപ്പൻമാർക്ക് ഉചിതമായി പരിചയസമ്പന്നരായ മൂപ്പൻമാരുടെ സഹായം തേടാൻ കഴിയും, എന്നാൽ അന്തിമ തീരുമാനം അവർതന്നെ ചെയ്യുന്നു.
18. നീതിന്യായകാര്യങ്ങൾ കൈകാര്യംചെയ്യുമ്പോൾ ഉചിതമായ തീരുമാനങ്ങൾക്ക് ഉറപ്പുവരുത്തുന്ന നിർണ്ണായക ഘടകങ്ങൾ എന്ത്?
18 ഇസ്രായേലിൽ ഗ്രാമകോടതികളിൽ ഉൾപ്പെട്ടിരുന്നവർ കേസിന്റെ ഗൗരവമനുസരിച്ച് എണ്ണത്തിൽ വ്യത്യാസപ്പെട്ടിരുന്നുവെന്ന് യഹൂദ മിഷ്‌നാ പറയുന്നു. ആലോചനക്കാരുടെ ബാഹുല്യത്തിൽ യഥാർത്ഥ മൂല്യമുണ്ട്, എന്നാൽ എണ്ണം മാത്രം നീതിക്ക് ഉറപ്പുനൽകുന്നില്ല, കാരണം ഭൂരിപക്ഷത്തിനും തെററുപററാം. (പുറപ്പാട് 23:2) ഉചിതമായ തീരുമാനങ്ങൾ എടുക്കപ്പെടുമെന്ന് ഉറപ്പുനൽകുന്ന നിർണ്ണായക ഘടകങ്ങൾ തിരുവെഴുത്തുകളും ദൈവാത്മാവുമാണ്. ജ്ഞാനവും സൗമ്യതയും ഇവക്ക് കീഴ്‌പ്പെടാൻ ക്രിസ്‌ത്യാനികളെ പ്രേരിപ്പിക്കും.
സൗമ്യതയോടെ സാക്ഷീകരിക്കൽ
19. സൗമ്യത മററുള്ളവരോടു സാക്ഷീകരിക്കുന്നതിന് യഹോവയുടെ ജനത്തെ സഹായിക്കുന്നതെങ്ങനെ?
19 സൗമ്യത വിവിധ സ്വഭാവങ്ങളുള്ള ആളുകളോടു സാക്ഷീകരിക്കാനും യഹോവയുടെ ദാസൻമാരെ സഹായിക്കുന്നു. (1 കൊരിന്ത്യർ 9:22, 23) യേശു സൗമ്യതയോടെ പഠിപ്പിച്ചതുകൊണ്ട് താഴ്‌മയുണ്ടായിരുന്നവർ പരുഷരായ മതനേതാക്കളെ ഭയപ്പെട്ടതുപോലെ അവനെ ഭയപ്പെട്ടില്ല. (മത്തായി 9:36) തീർച്ചയായും, അവന്റെ സൗമ്യ രീതികൾ “കോലാടുകളെ” അല്ല “ചെമ്മരിയാടുകളെ” ആകർഷിച്ചു. (മത്തായി 25:31-46; യോഹന്നാൻ 3:16-21) യേശു കോലാടുതുല്യ കപടഭക്തരോട് ഇടപെടുന്നതിൽ കടുത്ത പദങ്ങൾ ഉപയോഗിച്ചെങ്കിലും, യഹോവയുടെ സാക്ഷികൾക്ക് യേശുവിനുണ്ടായിരുന്ന അതേ ഉൾക്കാഴ്‌ചയും അധികാരവുമില്ലാത്തതുകൊണ്ട് ദൈവത്തിന്റെ ന്യായവിധിദൂതുകൾ ഘോഷിക്കുമ്പോൾ അവർ സൗമ്യതയുള്ളവർ ആയിരിക്കണം. (മത്തായി 23:13-36) സൗമ്യതയോടെ പ്രസംഗിക്കപ്പെടുന്ന രാജ്യസന്ദേശം കേൾക്കുമ്പോൾ ‘നിത്യജീവന് ശരിയായ സ്വഭാവമുള്ളവർ വിശ്വാസികളായിത്തീരുന്നു’, യേശു പ്രസംഗിക്കുന്നതു കേട്ട ചെമ്മരിയാടുതുല്യരെപ്പോലെ.—പ്രവൃത്തികൾ 13:48.
20. സൗമ്യതയോടെ പഠിപ്പിക്കപ്പെടുമ്പോൾ ഒരു ബൈബിൾഅദ്ധ്യേതാവിന് പ്രയോജനം കിട്ടുന്നതെങ്ങനെ?
20 മററുള്ളവരോട് സാക്ഷീകരിക്കുന്നതിനാലും സൗമ്യതയോടെ അവരെ പ്രബോധിപ്പിക്കുന്നതിനാലും യുക്തിയുടെയും ബൈബിൾതത്വങ്ങളുടെയും സത്യത്തിന്റെയും അടിസ്ഥാനത്തിൽ അവരോട് അഭ്യർത്ഥിക്കുന്നതിനാലും നല്ല ഫലങ്ങൾ സംസിദ്ധമാകുന്നു. “ക്രിസ്‌തുവിനെ നിങ്ങളുടെ ഹൃദയങ്ങളിൽ കർത്താവായി വിശുദ്ധീകരിപ്പിൻ” എന്ന് പത്രോസ് എഴുതി, “നിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ച് ന്യായം ചോദിക്കുന്ന ഏവരോടും സൗമ്യതയും ഭയഭക്തിയും പൂണ്ട് പ്രതിവാദം പറവാൻ എപ്പോഴും ഒരുങ്ങി”യിരുന്നുകൊണ്ടുതന്നെ. (1 പത്രോസ് 3:15) സൗമ്യമായ രീതിയിൽ പഠിപ്പിക്കപ്പെടുന്ന ഒരു അദ്ധ്യേതാവിന് ശ്രദ്ധ പതറിക്കപ്പെടുകയോ ഒരുപക്ഷേ പരുഷവും താർക്കികവുമായ രീതിയാൽ ഇടറിക്കപ്പെടുക പോലുമോ ചെയ്യാതെ വിവരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. പൗലോസിനെപ്പോലെ, സൗമ്യതയോടെ പഠിപ്പിക്കുന്നവർക്ക് ഇങ്ങനെ പറയാൻ കഴിയും: “ശുശ്രൂഷക്കു ആക്ഷേപംവരാതിരിക്കേണ്ടതിന് ഞങ്ങൾ ഒന്നിലും ഇടർച്ചെക്ക് ഹേതു കൊടു”ക്കുന്നില്ല. (2 കൊരിന്ത്യർ 6:3) സൗമ്യതയോടെ പഠിപ്പിക്കുന്നവർക്ക് ചിലപ്പോൾ എതിരാളികൾപോലും അനുകൂലമായി ചെവികൊടുക്കുന്നു.
സൗമ്യത എല്ലാവരിലും നിന്ന് ആവശ്യപ്പെട്ടിരിക്കുന്നു
21, 22. സൗമ്യത യഹോവയുടെ ജനത്തിനെല്ലാം പ്രയോജനം ചെയ്യുന്നതെങ്ങനെ?
21 ക്രിസ്‌തീയ സൗമ്യത യഹോവയുടെ സ്ഥാപനത്തിനു പുറത്തുള്ളവരിൽ മതിപ്പുളവാക്കാൻവേണ്ടി മാത്രമല്ല ധരിക്കേണ്ടത്. ഈ ഗുണം ദൈവജനത്തിന്റെ ഇടയിലെ ബന്ധങ്ങൾക്കും മർമ്മപ്രധാനമാണ്. (കൊലൊസ്സ്യർ 3:12-14; 1 പത്രോസ് 4:8) സൗമ്യപ്രകൃതമുള്ള മൂപ്പൻമാരും ശുശ്രൂഷാദാസൻമാരും യോജിപ്പോടെ ഒത്തൊരുമിച്ചു പ്രവർത്തിക്കുമ്പോൾ സഭകൾ ആത്മീയമായി കെട്ടുപണി ചെയ്യപ്പെടുന്നു. സൗമ്യതയും മററു ദൈവികഗുണങ്ങളും പ്രകടിപ്പിക്കുന്നത് യഹോവയുടെ ജനത്തിലെ ഓരോരുത്തർക്കും പ്രധാനമാണ്, എന്തുകൊണ്ടെന്നാൽ എല്ലാവർക്കും “ഒരു നിയമ”മാണുള്ളത്.—പുറപ്പാട് 12:49: ലേവ്യപുസ്‌തകം 24:22.
22 സൗമ്യത ദൈവജനങ്ങളുടെ സമാധാനത്തിനും സന്തുഷ്ടിക്കും സംഭാവന ചെയ്യുന്നു. അതുകൊണ്ട്, അത് സകല ക്രിസ്‌ത്യാനികളും വീട്ടിലും സഭയിലും മററുള്ളടങ്ങളിലും ധരിക്കുന്ന വസ്‌ത്രത്തിന്റെ ഗുണങ്ങളാകുന്ന ഇഴകളുടെ ഭാഗമായിരിക്കണം. അതെ, യഹോവയുടെ സകല ദാസൻമാരും സൗമ്യത ധരിക്കേണ്ട ആവശ്യമുണ്ട്. (w91 10/15)
നിങ്ങൾ എങ്ങനെ ഉത്തരംപറയും?
◻ ക്രിസ്‌തീയമൂപ്പൻമാർ സൗമ്യതയുള്ളവരായിരിക്കേണ്ടതെന്തുകൊണ്ട്?
◻ സൗമ്യത ജ്ഞാനിയായ ഉപദേശകനെ വഴികാട്ടുന്നതെങ്ങനെ?
◻ ആലോചനക്കാരുടെ ബാഹുല്യത്തിന്റെ മൂല്യമെന്താണ്?
◻ സൗമ്യതയോടെ സാക്ഷീകരിക്കുന്നത് പ്രയോജനകരമായിരിക്കുന്നതെന്തുകൊണ്ട്?
[15-ാം പേജിലെ ചിത്രം]
യഹോവയുടെ ജനം ചെമ്മരിയാടുതുല്യരാണ്, സൗമ്യതയോടെ അവരോട് ഇടപെടേണ്ടതുമുണ്ട്
[കടപ്പാട്]
Garo Nalbandian
[17-ാം പേജിലെ ചിത്രം]
സൗമ്യത വിവിധ സ്വഭാവങ്ങളുള്ള ആളുകളോട് സാക്ഷീകരിക്കാൻ യഹോവയുടെ ജനത്തെ പ്രാപ്‌തരാക്കുന്നു