ആത്മനിയന്ത്രണം എന്ന ഫലം നട്ടുവളർത്തൽ
“ആത്മാവിന്റെ ഫലം സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, നൻമ, വിശ്വാസം, സൗമ്യത, ആത്മനിയന്ത്രണം എന്നിവയാകുന്നു. ഇങ്ങനെയുള്ള കാര്യങ്ങൾക്കെതിരായി നിയമമില്ല.”—ഗലാത്യർ 5:22, 23, NW.
1. ആരാണ് നമുക്ക് ആത്മനിയന്ത്രണത്തിന്റെ ഏററവും നല്ല മാതൃകകൾ നൽകിയിരിക്കുന്നത്, ഏതു തിരുവെഴുത്തുകളിൽനിന്ന് അതു കാണപ്പെടുന്നു?
യഹോവയാം ദൈവവും യേശുക്രിസ്തുവും ആത്മനിയന്ത്രണത്തിന്റെ ഏററവും നല്ല മാതൃകകൾ നൽകിയിരിക്കുന്നു. ഏദെൻതോട്ടത്തിൽവെച്ചുള്ള മമനുഷ്യന്റെ അനുസരണക്കേടുമുതൽ എന്നും യഹോവ ഈ ഗുണം പ്രകടമാക്കിക്കൊണ്ടിരിക്കുകയാണ്. (യെശയ്യാവ് 42:14 താരതമ്യപ്പെടുത്തുക.) അവൻ “കോപത്തിന് താമസമുള്ളവ”നാണെന്ന് നാം ഒൻപതു പ്രാവശ്യം എബ്രായ തിരുവെഴുത്തുകളിൽ വായിക്കുന്നു. (പുറപ്പാട് 34:6, NW) അതിന് ആത്മനിയന്ത്രണം ആവശ്യമാണ്. തീർച്ചയായും ദൈവത്തിന്റെ പുത്രൻ വലിയ ആത്മനിയന്ത്രണം പാലിച്ചു, എന്തുകൊണ്ടെന്നാൽ “അവൻ ശകാരിക്കപ്പട്ടുകൊണ്ടിരുന്നപ്പോൾ അവൻ തിരിച്ച് ശകാരിച്ചില്ല.” (1 പത്രോസ് 2:23, NW) എന്നിരുന്നാലും യേശുവിന് “പന്ത്രണ്ട് ലീജിയനിൽപരം ദൂതൻമാ”രുടെ പിന്തുണക്കുവേണ്ടി തന്റെ സ്വർഗ്ഗീയപിതാവിനോട് അപേക്ഷിക്കാൻ കഴിയുമായിരുന്നു.—മത്തായി 26:53.
2. അപൂർണ്ണമനുഷ്യരാലുള്ള ആത്മനിയന്ത്രണപാലനത്തിന്റെ ഏതു നല്ല തിരുവെഴുത്തുദൃഷ്ടാന്തങ്ങൾ നമുക്കുണ്ട്?
2 എന്നാൽ അപൂർണ്ണമനുഷ്യർ പ്രകടമാക്കിയ ആത്മനിയന്ത്രണത്തിന്റെ ചില നല്ല തിരുവെഴുത്തുദൃഷ്ടാന്തങ്ങൾ നമുക്കുണ്ട്. ഉദാഹരണത്തിന്, ഗോത്രപിതാവായിരുന്ന യാക്കോബിന്റെ ഒരു പുത്രനായിരുന്ന യോസേഫിന്റെ ജീവിതത്തിലെ ഒരു ശ്രദ്ധേയമായ സംഭവവേളയിൽ ഈ ഗുണം പ്രകടമാക്കപ്പെട്ടു. പോത്തീഫറിന്റെ ഭാര്യ യോസേഫിനെ വശീകരിക്കാൻ ശ്രമിച്ചപ്പോൾ അവൻ എന്ത് ആത്മനിയന്ത്രണം പ്രകടമാക്കി! (ഉല്പത്തി 39:7-9) മോശൈകന്യായപ്രമാണ നിയന്ത്രണങ്ങൾ നിമിത്തം ബാബിലോണിയൻ രാജാവിന്റെ സ്വാദുഭോജ്യങ്ങൾ ഭക്ഷിക്കാൻ വിസമ്മതിച്ചുകൊണ്ട് ആത്മനിയന്ത്രണം പ്രകടമാക്കിയ നാല് എബ്രായ യുവാക്കളുടെ നല്ല ദൃഷ്ടാന്തവുമുണ്ടായിരുന്നു.—ദാനിയേൽ 1:8-17.
3. ഏതു സാക്ഷ്യത്താൽ കാണപ്പെടുന്ന പ്രകാരം, ആർ തങ്ങളുടെ നല്ല പെരുമാററത്താൽ ശ്രദ്ധിക്കപ്പെടുന്നു?
3 ആത്മനിയന്ത്രണത്തിന്റെ ആധുനിക ദുഷ്ടാന്തങ്ങൾക്ക് നമുക്ക് മൊത്തത്തിൽ യഹോവയുടെ സാക്ഷികളിലേക്ക് വിരൽചൂണ്ടാൻ കഴിയും. ന്യൂ കാത്തലിക്ക് എൻസൈക്ലോപ്പീഡിയാ അവർക്കു കൊടുത്ത പ്രശംസക്ക് അവർ അർഹരാണ്—അവർ “ലോകത്തിലെ ഏററം നല്ല പെരുമാററമുള്ള കൂട്ടങ്ങളിലൊന്നാണ്” എന്നുതന്നെ. ഫിലിപ്പീൻസിലെ ഒരു യൂണിവേഴ്സിററി അദ്ധ്യാപകൻ “സാക്ഷികൾ തിരുവെഴുത്തുകളിൽനിന്ന് പഠിക്കുന്നത് തത്വദീക്ഷയോടെ പ്രയോഗത്തിലാക്കുന്നു”വെന്ന് പ്രസ്താവിക്കുകയുണ്ടായി. 1989-ൽ വാഴ്സോയിൽ നടന്ന സാക്ഷികളുടെ കൺവെൻഷനെ സംബന്ധിച്ച് ഒരു പോളീഷ്റിപ്പോർട്ടർ ഇങ്ങനെ എഴുതി: “55,000 ആളുകൾ മൂന്നുദിവസം ഒരു സിഗരററും വലിച്ചില്ല . . . മനുഷ്യാതീത ശിക്ഷണത്തിന്റെ ഈ പ്രകടനം ഭയാദരവുസഹിതമുള്ള മതിപ്പ് എന്നിൽ ഉളവാക്കുകയുണ്ടായി.”
ദൈവത്തെ ഭയപ്പെടുകയും തിൻമയെ വെറുക്കുകയും
4. ആത്മനിയന്ത്രണം പാലിക്കുന്നതിനുള്ള ഏററവും വലിയ സഹായങ്ങളിലൊന്ന് എന്താണ്?
4 ആത്മനിയന്ത്രണം പാലിക്കുന്നതിലുള്ള ഏററം വലിയ സഹായങ്ങളിലൊന്ന് ദൈവഭയമാണ്, നമ്മുടെ സ്നേഹവാനായ സ്വർഗ്ഗീയപിതാവിനെ അപ്രീതിപ്പെടുത്തുന്നതിലുള്ള ഒരു ആരോഗ്യാവഹമായ ഭയംതന്നെ. ദൈവത്തോടുള്ള ഭയാദരവ് നമുക്ക് എത്ര പ്രധാനമായിരിക്കണമെന്നുള്ളത് തിരുവെഴുത്തുകൾ അതിനെക്കുറിച്ച് അനേകം പ്രാവശ്യം പറയുന്നുവെന്ന വസ്തുതയിൽനിന്ന് കാണാവുന്നതാണ്. അബ്രഹാം തന്റെ പുത്രനായ ഇസ്ഹാക്കിനെ ബലിചെയ്യാൻ ഒരുമ്പെട്ടപ്പോൾ “ബാലന്റെമേൽ കൈവെക്കരുതു; അവനോടു ഒന്നും ചെയ്യരുതു. നിന്റെ ഏകജാതനായ മകനെ തരുവാൻ നീ മടിക്കായ്കകൊണ്ടു നീ ദൈവത്തെ ഭയപ്പെടുന്നുവെന്നു ഞാൻ ഇപ്പോൾ അറിയുന്നു” എന്ന് ദൈവം പറഞ്ഞു. (ഉല്പത്തി 22:12) വൈകാരികസംഘർഷം ഉയർന്നുനിന്നിരുന്നുവെന്നതിനു സംശയമില്ല, തന്നിമിത്തം തന്റെ പ്രിയ പുത്രനായ ഇസ്ഹാക്കിനെ കൊല്ലാൻ കത്തിയുയർത്തുന്ന ഘട്ടംവരെ ദൈവത്തിന്റെ കല്പന അനുസരിക്കാൻ മുതിർന്നതിന് അബ്രഹാമിന്റെ ഭാഗത്ത് വളരെയധികം ആത്മനിയന്ത്രണം ആവശ്യമായിരുന്നിരിക്കണം. അതെ, യഹോവാഭയം ആത്മനിയന്ത്രണം പാലിക്കാൻ നമ്മെ സഹായിക്കും.
5. നമ്മുടെ ആത്മനിയന്ത്രണപാലനത്തിൽ തിൻമയോടുള്ള വെറുപ്പ് എന്തു പങ്കു വഹിക്കുന്നു?
5 യഹോവാഭയത്തോട് അടുത്തു ബന്ധപ്പെട്ടതാണ് തിൻമയുടെ വെറുക്കൽ. സദൃശവാക്യങ്ങൾ 8:13-ൽ (NW) നാം ഇങ്ങനെ വായിക്കുന്നു: “യഹോവാഭയത്തിന്റെ അർത്ഥം തിൻമയെ വെറുക്കൽ എന്നാണ്.” ക്രമത്തിൽ, തിൻമയോടുള്ള വെറുപ്പ് ആത്മനിയന്ത്രണം പാലിക്കാനും നമ്മെ സഹായിക്കുന്നു. തിൻമയെ വെറുക്കാൻ—അതെ കഠിനമായി വെറുക്കാൻ—വീണ്ടും വീണ്ടും തിരുവെഴുത്തുകൾ നമ്മോടു പറയുന്നു. (സങ്കീർത്തനം 97:10; ആമോസ് 5:14, 15; റോമർ 12:9) തിൻമ മിക്കപ്പോഴും വളരെ ഉല്ലാസപ്രദമാണ്, പ്രലോഭനീയമാണ്, വശീകരണാത്മകമാണ്, തന്നിമിത്തം അതിനെതിരെ നമ്മേത്തന്നെ ശക്തീകരിക്കുന്നതിന്, നാം അതിനെ കേവലം വെറുക്കുകതന്നെ വേണം. തിൻമയുടെ അത്തരം വെറുപ്പിന് ആത്മനിയന്ത്രണം പാലിക്കാനുള്ള നമ്മുടെ തീരുമാനത്തെ ശക്തീകരിക്കുന്ന ഫലമുണ്ട്, അങ്ങനെ നമുക്ക് അതൊരു സംരക്ഷണമായി ഉതകുന്നു.
ആത്മനിയന്ത്രണം, ജ്ഞാനമാർഗ്ഗം
6. ആത്മനിയന്ത്രണം പാലിച്ചുകൊണ്ട് നമ്മുടെ സ്വാർത്ഥപ്രവണതകളെ നീക്കംചെയ്യുന്നത് ജ്ഞാനമാർഗ്ഗമായിരിക്കുന്നതെന്തുകൊണ്ട്?
6 ആത്മനിയന്ത്രണം പ്രായോഗികമാക്കുന്നതിൽ മറെറാരു വലിയ സഹായമാണ് ഈ ഗുണം പ്രകടമാക്കുന്നതിലെ ജ്ഞാനത്തെ വിലമതിക്കുന്നത്. നമ്മുടെ സ്വന്തം പ്രയോജനത്തിനുവേണ്ടിയാണ് യഹോവ ആത്മനിയന്ത്രണം പാലിക്കാൻ നമ്മോട് ആവശ്യപ്പെടുന്നത്. (യെശയ്യാവ് 48:17, 18 താരതമ്യപ്പെടുത്തുക.) ആത്മനിയന്ത്രണം പാലിച്ചുകൊണ്ട് നമ്മുടെ സ്വാർത്ഥ ചായ്വുകളെ നീക്കംചെയ്യുന്നത് എത്ര ജ്ഞാനപൂർവകമാണെന്ന് പ്രകടമാക്കുന്ന വളരെയധികം ബുദ്ധിയുപദേശം അവന്റെ വചനത്തിൽ അടങ്ങിയിട്ടുണ്ട്. നമുക്കു കേവലം ദൈവത്തിന്റെ മാററമില്ലാത്ത നിയമങ്ങളിൽനിന്ന് ഒഴിഞ്ഞുമാറാൻ കഴികയില്ല. അവന്റെ വചനം നമ്മോടു പറയുന്നു: “മനുഷ്യൻ വിതെക്കുന്നതു തന്നെ കൊയ്യും. ജഡത്തിൽ വിതെക്കുന്നവൻ ജഡത്തിൽനിന്ന് നാശം കൊയ്യും; ആത്മാവിൽ വിതെക്കുന്നവൻ ആത്മാവിൽനിന്ന് നിത്യജീവനെ കൊയ്യും.” (ഗലാത്യർ 6:7, 8) സ്പഷ്ടമായ ഒന്നാണ് തീററിയുടെയും കുടിയുടെയും ദൃഷ്ടാന്തം. ആളുകൾ വളരെയധികം തിന്നുകയോ കുടിക്കുകയോ ചെയ്യുന്നതുകൊണ്ട് അനേകം രോഗങ്ങൾ ഉണ്ടാകുന്നു. സ്വാർത്ഥതക്കുള്ള അങ്ങനെയുള്ള കീഴടങ്ങൽ ഒരു വ്യക്തിയിൽനിന്ന് ആത്മാഭിമാനം കവർന്നുകളയുന്നു. അതിൽപരമായി, മററുള്ളവരോടുള്ള ബന്ധങ്ങൾക്ക് തകരാറുവരുത്താതെ ഒരു വ്യക്തിക്ക് സ്വാർത്ഥതക്ക് കീഴടങ്ങാൻ കഴികയില്ല. എല്ലാററിലും ഗൗരവമുള്ളതായി, ആത്മനിയന്ത്രണത്തിന്റെ അഭാവം നമ്മുടെ സ്വർഗ്ഗീയ പിതാവുമായുള്ള നമ്മുടെ ബന്ധത്തിന് കേടുവരുത്തുന്നു.
7. സദൃശവാക്യങ്ങളുടെ പുസ്തകത്തിന്റെ ഒരു മുഖ്യ വിഷയമെന്താണ്, ഏതു ബൈബിൾവാക്യങ്ങൾ അത് പ്രകടമാക്കുന്നു?
7 അതുകൊണ്ട്, സ്വാർത്ഥത സ്വയംപരാജയപ്പെടുത്തലാണെന്ന് നാം നമ്മോടു പറഞ്ഞുകൊണ്ടിരിക്കേണ്ടതുണ്ട്. ആത്മശിക്ഷണത്തിന് ഊന്നൽ കൊടുക്കുന്ന സദൃശവാക്യങ്ങളുടെ പുസ്തകത്തിന്റെ ഒരു മുന്തിയ വിഷയം സ്വാർത്ഥത കേവലം പ്രയോജനകരമല്ലെന്നും ആത്മനിയന്ത്രണം പാലിക്കുന്നതിൽ ജ്ഞാനമുണ്ടെന്നുമുള്ളതാണ്. (സദൃശവാക്യങ്ങൾ 14:29; 16:32) ആത്മശിക്ഷണത്തിൽ കേവലം തിൻമയെ ഒഴിവാക്കുന്നതിനെക്കാൾ കൂടുതൽ ഉൾപ്പെട്ടിരിക്കുന്നുവെന്ന് കുറിക്കൊള്ളുക. ശരി ചെയ്യുന്നതിന് ആത്മശിക്ഷണവും അഥവാ ആത്മനിയന്ത്രണവും ആവശ്യമാണ്. അത് നമ്മുടെ പാപപൂർണ്ണമായ ചായ്വുകൾക്ക് എതിരായതുകൊണ്ട് അത് പ്രയാസമായിരിക്കാം.
8. ഏത് അനുഭവം ആത്മനിയന്ത്രണം പാലിക്കുന്നതിന്റെ ജ്ഞാനത്തെ പ്രദീപ്തമാക്കുന്നു?
8 ആത്മനിയന്ത്രണം പാലിക്കുന്നതിലെ ജ്ഞാനത്തെ ചിത്രീകരിക്കുന്നതാണ് യഹോവയുടെ സാക്ഷികളിൽപെട്ട ഒരാളുടെ കേസ്. ഒരു ബാങ്കിൽ ഒരു മനുഷ്യൻ ആ സാക്ഷിയെ തള്ളിമാററി ലൈനിൽ മുമ്പിൽ കയറി നിന്നു. സാക്ഷിക്ക് അല്പം മുഷിവു തോന്നിയെങ്കിലും അയാൾ ആത്മനിയന്ത്രണം പാലിച്ചു. ആ ദിവസംതന്നെ രാജ്യഹാൾപണിയുടെ പ്ലാനുകൾസംബന്ധിച്ച് ഒരു ഒപ്പുവാങ്ങാൻ അയാൾക്ക് ഒരു എൻജിനിയറെ കാണണമായിരുന്നു. ഈ എൻജിനിയർ ആരായിരുന്നുവെന്നു തെളിഞ്ഞു? എന്തിന്, തന്നെ തള്ളിമാററി മുമ്പിൽ കയറിയ ആ മനുഷ്യൻതന്നെ! എൻജിനിയർ വളരെ സൗഹാർദ്ദത കാട്ടിയെന്നു മാത്രമല്ല, അയാൾ സാധാരണ ഫീസിന്റെ പത്തിലൊന്നിൽ കുറച്ചുമാത്രമേ വാങ്ങിയുമുള്ളു. ആ ദിവസം പ്രകോപിതനാകാൻ തന്നേത്തന്നെ അനുവദിക്കാതെ ആത്മനിയന്ത്രണം പാലിച്ചിരുന്നതിൽ സാക്ഷി എത്ര സന്തുഷ്ടനായിരുന്നു!
9. ശുശ്രൂഷയിൽ നാം സഭ്യേതരമായ പ്രതികരണങ്ങളെ അഭിമുഖീകരിക്കുമ്പോൾ ജ്ഞാനമാർഗ്ഗം എന്താണ്?
9 ദൈവരാജ്യസുവാർത്ത പ്രസംഗിച്ചുകൊണ്ട് വീടുതോറും പോകുമ്പോഴോ വഴിയാത്രക്കാർക്ക് നമ്മുടെ സന്ദേശത്തിൽ താത്പര്യമുളവാക്കാൻ ശ്രമിച്ചുകൊണ്ട് ഒരു തെരുവിൽ നിൽക്കുമ്പോഴോ മിക്കപ്പോഴും നാം സഭ്യേതര സംസാരത്തെ അഭിമുഖീകരിക്കുന്നു. ജ്ഞാനമാർഗ്ഗം എന്താണ്? സദൃശവാക്യങ്ങൾ 15:1-ൽ ഈ ജ്ഞാനപൂർവകമായ പ്രസ്താവന ചെയ്യപ്പെട്ടിരിക്കുന്നു: “ഒരു ഉത്തരം, സൗമ്യമായിരിക്കുമ്പോൾ, ക്രോധം അകററിക്കളയുന്നു.” മററു വാക്കുകളിൽ പറഞ്ഞാൽ, നാം ആത്മനിയന്ത്രണം പാലിക്കേണ്ടയാവശ്യമുണ്ട്. യഹോവയുടെ സാക്ഷികൾ മാത്രമല്ല മററുള്ളവരും ഇതു സത്യമാണെന്ന് കണ്ടെത്തിയിരിക്കുന്നു. വൈദ്യശാസ്ത്രവിദഗ്ദ്ധരും കൂടുതൽ കൂടുതലായി ആത്മനിയന്ത്രണത്തിന്റെ രോഗശമന മൂല്യത്തെ വിലമതിക്കുന്നു.
നിസ്വാർത്ഥ സ്നേഹം സഹായിക്കുന്നു
10, 11. സ്നേഹം ആത്മനിയന്ത്രണം പാലിക്കുന്നതിനുള്ള ഒരു യഥാർത്ഥ സഹായമായിരിക്കുന്നതെന്തുകൊണ്ട്?
10 ഒന്നു കൊരിന്ത്യർ 13:4-8ലെ (NW) സ്നേഹത്തെക്കുറിച്ചുള്ള പൗലോസിന്റെ വർണ്ണന അതിന്റെ ശക്തിക്ക് ആത്മനിയന്ത്രണം പാലിക്കാൻ നമ്മെ സഹായിക്കാൻ കഴിയുമെന്ന് പ്രകടമാക്കുന്നു. “സ്നേഹം ദീർഘക്ഷമയുള്ളതാകുന്നു.” ദീർഘക്ഷമ പ്രകടമാക്കാൻ ആത്മനിയന്ത്രണം ആവശ്യമാണ്. “സ്നേഹം അസൂയയുള്ളതല്ല, അത് വമ്പുപറയുന്നില്ല, ചീർക്കുന്നില്ല.” സ്നേഹമെന്ന ഗുണം നമ്മുടെ ചിന്തകളെയും വികാരങ്ങളെയും നിയന്ത്രിക്കുന്നതിനും അസൂയപ്പെടാനോ വമ്പുപറയാനോ ചീർക്കാനോ ഉള്ള ഏതു പ്രവണതയെയും നീക്കംചെയ്യാനും നമ്മെ സഹായിക്കുന്നു. സ്നേഹം ഈ ദുഷ്പ്രവണതകൾക്കു നേരെ വിപരീതമായി യേശുവിനെപ്പോലെ വിനീതനും മനസ്സിൽ എളിമയുള്ളവനുമായിരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു.—മത്തായി 11:28-30.
11 “സ്നേഹം അയോഗ്യമായി പെരുമാറുന്നില്ല” എന്ന് പൗലോസ് തുടർന്നുപറയുന്നു. എല്ലാ സമയങ്ങളിലും യോഗ്യമായി പെരുമാറുന്നതിനും ആത്മനിയന്ത്രണം ആവശ്യമാണ്. സ്നേഹമെന്ന ഗുണം നമ്മെ അത്യാഗ്രഹത്തിൽനിന്ന്, ‘സ്വന്തം താത്പര്യങ്ങൾ മാത്രം അന്വേഷിക്കുന്നതിൽനിന്ന്’ തടയുന്നു. “സ്നേഹം പ്രകോപിതമാകുന്നില്ല.” മററുള്ളവർ പറയുകയോ ചെയ്യുകയോ ചെയ്യുന്നതുനിമിത്തം പ്രകോപിതനാകുന്നത് എത്ര എളുപ്പമാണ്. എന്നാൽ സ്നേഹം ആത്മനിയന്ത്രണം പാലിക്കുന്നതിനും നാം പിന്നീട് ഖേദിക്കുന്ന കാര്യങ്ങൾ പറയാതിരിക്കാനും അല്ലെങ്കിൽ ചെയ്യാതിരിക്കാനും നമ്മെ സഹായിക്കും. സ്നേഹം “ദ്രോഹത്തിന്റെ കണക്കു സൂക്ഷിക്കുന്നില്ല.” മനുഷ്യസ്വഭാവം ഒരു പക വെച്ചുകൊണ്ടിരിക്കാനോ നീരസം പുലർത്താനോ ചായ്വുള്ളതാണ്. എന്നാൽ അങ്ങനെയുള്ള ചിന്തകൾ നമ്മുടെ മനസ്സുകളിൽനിന്ന് തള്ളിക്കളയാൻ സ്നേഹം നമ്മെ സഹായിക്കും. സ്നേഹം “അനീതിയിൽ സന്തോഷിക്കുന്നില്ല.” അശ്ലീലസാഹിത്യമോ അധഃപതിപ്പിക്കുന്ന ററിവി നാടക പരമ്പരയോ പോലെയുള്ള അനീതിയിൽ സന്തോഷിക്കാതിരിക്കാൻ ആത്മനിയന്ത്രണം ആവശ്യമാണ്. സ്നേഹം “സകല കാര്യങ്ങളും പൊറുക്കുക”യും “സകല കാര്യങ്ങളും സഹിച്ചുനിൽക്കുകയും” ചെയ്യുന്നു. കാര്യങ്ങൾ പൊറുക്കുന്നതിന്, പീഡാകരമോ ഭാരമുള്ളതോ ആയ കാര്യങ്ങൾ സഹിച്ചുനിൽക്കുന്നതിന്, നമ്മെ നിരുത്സാഹപ്പെടുത്താനോ, നാം അതേ നാണയത്തിൽ പകരം വീട്ടാൻ ഇടയാക്കുന്നതിനോ, യഹോവയെ സേവിക്കുന്നതു നിർത്താൻ നമ്മിൽ ചായ്വുണ്ടാക്കുന്നതിനോ അവയെ അനുവദിക്കാതിരിക്കുന്നതിന്, ആത്മനിയന്ത്രണം ആവശ്യമാണ്.
12. യഹോവയാം ദൈവവും യേശുക്രിസ്തുവും നമുക്കുവേണ്ടി ചെയ്തിട്ടുള്ളതിനോടെല്ലാമുള്ള നമ്മുടെ വിലമതിപ്പു പ്രകടമാക്കാനുള്ള ഒരു മാർഗ്ഗമെന്ത്?
12 നാം നമ്മുടെ സ്വർഗ്ഗീയ പിതാവിനെ യഥാർത്ഥമായി സ്നേഹിക്കുകയും അവന്റെ അത്ഭുതഗുണങ്ങളെയും അവൻ നമുക്കുവേണ്ടി ചെയ്തിരിക്കുന്ന സകലത്തെയും വിലമതിക്കുകയും ചെയ്യുന്നുവെങ്കിൽ, എല്ലാ സമയങ്ങളിലും ആത്മനിയന്ത്രണം പാലിച്ചുകൊണ്ട് അവനെ പ്രസാദിപ്പിക്കാൻ നാം ആഗ്രഹിക്കും. കൂടാതെ, നാം നമ്മുടെ കർത്താവും യജമാനനുമായ യേശുക്രിസ്തുവിനെ യഥാർത്ഥമായി സ്നേഹിക്കുകയും അവൻ നമുക്കുവേണ്ടി ചെയ്തിട്ടുള്ള സകലത്തെയും വിലമതിക്കുകയും ചെയ്യുന്നുവെങ്കിൽ നാം ‘നമ്മുടെ ദണ്ഡനസ്തംഭം എടുത്ത് അവനെ തുടർച്ചയായി അനുഗമിക്കുക’ എന്നുള്ള അവന്റെ കല്പന അനുസരിക്കും. (മർക്കോസ് 8:34) അത് തീർച്ചയായും നാം ആത്മനിയന്ത്രണം പാലിക്കേണ്ടതാവശ്യമാക്കിത്തീർക്കുന്നു. നമ്മുടെ ക്രിസ്തീയ സഹോദരീസഹോദരൻമാരോടുള്ള സ്നേഹം ഏതെങ്കിലും സ്വാർത്ഥഗതി സ്വീകരിച്ചുകൊണ്ട് അവരെ ദ്രോഹിക്കുന്നതിൽനിന്നും നമ്മെ തടയും.
സഹായികളെന്ന നിലയിൽ വിശ്വാസവും താഴ്മയും
13. ആത്മനിയന്ത്രണം പാലിക്കാൻ വിശ്വാസത്തിനു നമ്മെ സഹായിക്കാൻ കഴിയുന്നതെന്തുകൊണ്ട്?
13 ആത്മനിയന്ത്രണം പാലിക്കുന്നതിലെ മറെറാരു വലിയ സഹായം ദൈവത്തിലും അവന്റെ വാഗ്ദത്തങ്ങളിലുമുള്ള വിശ്വാസമാണ്. വിശ്വാസം യഹോവയിൽ ആശ്രയിക്കാനും കാര്യങ്ങൾ നേരെയാക്കാനുള്ള അവന്റെ തക്ക സമയത്തിനുവേണ്ടി കാത്തിരിക്കാനും നമ്മെ പ്രാപ്തരാക്കും. “പ്രിയമുള്ളവരേ, നിങ്ങൾ തന്നേ പ്രതികാരംചെയ്യരുത് . . . പ്രതികാരം എനിക്കുള്ളതാകുന്നു; ഞാൻ പകരംചെയ്യും എന്നു യഹോവ പറയുന്നു എന്ന് എഴുതിയിരിക്കുന്നുവല്ലോ” എന്ന് അപ്പോസ്തലനായ പൗലോസ് റോമർ 12:19ൽ (NW) പറയുമ്പോൾ അവൻ ഇതേ ആശയമാണ് തെളിയിക്കുന്നത്. ഈ കാര്യത്തിൽ താഴ്മക്കും നമ്മെ സഹായിക്കാൻ കഴിയും. നാം താഴ്മയുള്ളവരാണെങ്കിൽ, സാങ്കൽപ്പികമോ യഥാർത്ഥമോ ആയ ദ്രോഹങ്ങൾ നിമിത്തം നാം വേഗത്തിൽ നീരസപ്പെടുകയില്ല. നാം തിടുക്കത്തിൽ നിയമം കൈയിലെടുക്കുകയില്ല, എന്നുതന്നെ പറയട്ടെ, എന്നാൽ ആത്മനിയന്ത്രണം പാലിക്കുകയും യഹോവക്കായി കാത്തിരിക്കാൻ സന്നദ്ധരായിരിക്കുകയും ചെയ്യും.—സങ്കീർത്തനം 37:1, 8 താരതമ്യപ്പെടുത്തുക.
14. ആത്മനിയന്ത്രണത്തിന്റെ വലിയ കുറവുള്ളവർക്കുപോലും അത് നേടാൻ കഴിയുമെന്ന് ഏതനുഭവം പ്രകടമാക്കുന്നു?
14 നമുക്ക് ആത്മനിയന്ത്രണം പാലിക്കാൻ പഠിക്കാൻ കഴിയുമെന്നുള്ളത് അക്രമാസക്ത സ്വഭാവം ഉണ്ടായിരുന്ന ഒരു മനുഷ്യൻ ഉൾപ്പെട്ട ഒരു അനുഭവത്തിൽ ശക്തമായി ഗ്രഹിപ്പിക്കപ്പെട്ടു. എന്തിന്, അയാളും അയാളുടെ പിതാവും ഉണ്ടാക്കിയ കോലാഹലം നിമിത്തം പോലീസിനെ വരുത്തിയപ്പോൾ മററുള്ളവർ അയാളെ കീഴടക്കുന്നതിനു മുമ്പ് അയാൾ മൂന്നു പോലീസുകാരെ ഇടിച്ചുവീഴിച്ചു. എന്നിരുന്നാലും, കാലക്രമത്തിൽ അയാൾ യഹോവയുടെ സാക്ഷികളുമായി സമ്പർക്കത്തിൽ വരുകയും ദൈവാത്മാവിന്റെ ഫലങ്ങളിലൊന്നായ ആത്മനിയന്ത്രണം പാലിക്കാൻ പഠിക്കുകയും ചെയ്തു. (ഗലാത്യർ 5:22, 23) ഇന്ന് 30 വർഷത്തിനുശേഷം ഈ മനുഷ്യൻ ഇപ്പോഴും വിശ്വസ്തമായി യഹോവയെ സേവിക്കുകയാണ്.
കുടുംബ വൃത്തത്തിനുള്ളിൽ ആത്മനിയന്ത്രണം
15, 16. (എ) ആത്മനിയന്ത്രണം പാലിക്കാൻ ഒരു ഭർത്താവിനെ എന്തു സഹായിക്കും? (ബി) ഏതനുഭവത്തിൽനിന്ന് കാണപ്പെടുന്നതുപോലെ, ഏതു സാഹചര്യത്തിൽ ആത്മനിയന്ത്രണം വിശേഷാൽ ആവശ്യമാണ്? (സി) ഒരു ഭാര്യക്ക് ആത്മനിയന്ത്രണം ആവശ്യമുള്ളതെന്തുകൊണ്ട്?
15 തീർച്ചയായും ആത്മനിയന്ത്രണം കുടുംബവൃത്തത്തിനുള്ളിൽ ആവശ്യമാണ്. ഒരു ഭർത്താവ് തന്നേപ്പോലെതന്നെ തന്റെ ഭാര്യയെ സ്നേഹിക്കുന്നതിന് തന്റെ ചിന്തകളെയും വാക്കുകളെയും പ്രവർത്തനങ്ങളെയും വളരെയധികം നിയന്ത്രിക്കേണ്ടതാവശ്യമാണ്. (എഫേസ്യർ 5:28, 29) അതെ, 1 പത്രോസ് 3:7ലെ (NW) അപ്പോസ്തലനായ പത്രോസിന്റെ വാക്കുകൾ അനുസരിക്കുന്നതിന് ഭർത്താക്കൻമാർക്ക് ആത്മനിയന്ത്രണം ആവശ്യമാണ്: “ഭർത്താക്കൻമാരേ, പരിജ്ഞാനപ്രകാരം സമാനരീതിയിൽ അവരോടുകൂടെ വസിക്കുന്നതിൽ തുടരുക.” വിശേഷിച്ച് ഭാര്യ ഒരു വിശ്വാസിയല്ലാത്തപ്പോൾ വിശ്വാസിയായ ഭർത്താവ് ആത്മനിയന്ത്രണം പാലിക്കേണ്ടയാവശ്യമുണ്ട്.
16 ദൃഷ്ടാന്തീകരിക്കുന്നതിന്: വളരെ കോപപ്രകൃതമുണ്ടായിരുന്ന ഒരു അവിശ്വാസിയായ ഭാര്യയുണ്ടായിരുന്ന ഒരു മൂപ്പനുണ്ടായിരുന്നു. എന്നിരുന്നാലും, അയാൾ ആത്മനിയന്ത്രണം പാലിച്ചു, ഇത് അയാൾക്ക് വളരെ പ്രയോജനംചെയ്തതുകൊണ്ട് ഡോക്ടർ അയാളോട് ഇങ്ങനെ പറഞ്ഞു: “ജോൺ, ഒന്നുകിൽ നിങ്ങൾ വളരെ വളരെ ക്ഷമയുള്ള ഒരു മനുഷ്യനാണ്, അല്ലെങ്കിൽ നിങ്ങൾക്ക് ശക്തമായ ഒരു മതമുണ്ട്.” നമുക്ക് തീർച്ചയായും ശക്തമായ ഒരു മതമുണ്ട്, എന്തെന്നാൽ ആത്മനിയന്ത്രണം പാലിക്കാൻ നമ്മെ പ്രാപ്തരാക്കിക്കൊണ്ട്, “ഭീരുത്വത്തിന്റെ ആത്മാവിനെയല്ല, ശക്തിയുടെയും സ്നേഹത്തിന്റെയും സുബോധത്തിന്റെയും ആത്മാവിനെയത്രെ ദൈവം നമുക്കു തന്നത്.” (2 തിമൊഥെയോസ് 1:7) കൂടാതെ, വിശേഷിച്ച് തന്റെ ഭർത്താവ് ഒരു വിശ്വാസിയല്ലാത്തപ്പോൾ ഒരു ഭാര്യയുടെ ഭാഗത്ത് കീഴ്വഴക്കമുള്ളവളായിരിക്കാൻ ആത്മനിയന്ത്രണം ആവശ്യമാണ്.—1 പത്രോസ് 3:1-4.
17. പിതാവും കുട്ടിയുമായുള്ള ബന്ധത്തിൽ ആത്മനിയന്ത്രണം പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
17 പിതാവും കുട്ടിയും തമ്മിലുള്ള ബന്ധത്തിലും ആത്മനിയന്ത്രണം ആവശ്യമാണ്. ആത്മനിയന്ത്രണമുള്ള കുട്ടികളുണ്ടായിരിക്കുന്നതിന്, ഒന്നാമതുതന്നെ മാതാപിതാക്കൾ നല്ല മാതൃക വെക്കണം. കുട്ടികൾക്ക് ഏതെങ്കിലും തരത്തിലുള്ള ശിക്ഷണം ആവശ്യമായിരിക്കുമ്പോൾ, അത് എല്ലായ്പ്പോഴും ശാന്തതയോടും സ്നേഹത്തോടും കൂടെ നൽകപ്പെടണം, അതിന് യഥാർത്ഥ ആത്മനിയന്ത്രണം ആവശ്യമാണ്. (എഫേസ്യർ 6:4; കൊലൊസ്സ്യർ 3:21) വീണ്ടും, കുട്ടികൾ യഥാർത്ഥത്തിൽ തങ്ങളുടെ മാതാപിതാക്കളെ സ്നേഹിക്കുന്നുവെന്ന് പ്രകടമാക്കുന്നതിന് അനുസരണം ആവശ്യമാണ്, അനുസരിക്കുന്നതിന് തീർച്ചയായും ആത്മനിയന്ത്രണം ആവശ്യമാണ്.—എഫേസ്യർ 6:1-3; 1 യോഹന്നാൻ 5:3 താരതമ്യപ്പെടുത്തുക.
ദൈവം നൽകുന്ന സഹായം ഉപയോഗപ്പെടുത്തൽ
18-20. ആത്മനിയന്ത്രണം പാലിക്കാൻ നമ്മെ സഹായിക്കുന്ന ഗുണങ്ങൾ നട്ടുവളർത്തുന്നതിന് ഏതു മൂന്ന് ആത്മീയകരുതലുകളെ നാം പ്രയോജനപ്പെടുത്തണം?
18 ദൈവഭയത്തിലും നിസ്വാർത്ഥസ്നേഹത്തിലും വിശ്വാസത്തിലും തിൻമയോടുള്ള വെറുപ്പിലും ആത്മനിയന്ത്രണത്തിലും വളർന്നുവരുന്നതിന്, യഹോവയാം ദൈവം പ്രദാനംചെയ്തിരിക്കുന്ന സകല സഹായങ്ങളെയും നാം പ്രയോജനപ്പെടുത്തേണ്ടയാവശ്യമുണ്ട്. ആത്മനിയന്ത്രണം പാലിക്കുന്നതിന് നമ്മെ സഹായിക്കാൻ കഴിയുന്ന മൂന്ന് ആത്മീയ കരുതലുകൾ നമുക്ക് പരിചിന്തിക്കാം. ഒന്നാമതായി, പ്രാർത്ഥനയെന്ന വിലപ്പെട്ട പദവിയുണ്ട്. നാം ഒരിക്കലും പ്രാർത്ഥിക്കാൻ സമയമില്ലാതെ തിരക്കുള്ളവരായിരിക്കാൻ ആഗ്രഹിക്കുന്നില്ല. അതെ, നാം “ഇടവിടാതെ പ്രാർത്ഥിക്കാ”ൻ, “പ്രാർത്ഥനയിൽ ഉററിരിക്കാൻ” ആഗ്രഹിക്കുന്നു. (1 തെസ്സലൊനീക്യർ 5:17; റോമർ 12:12) നമുക്ക് ആത്മനിയന്ത്രണം നട്ടുവളർത്തൽ ഒരു പ്രാർത്ഥനാവിഷയമാക്കാം. എന്നാൽ നാം ആത്മനിയന്ത്രണം പാലിക്കുന്നതിൽ കുറവുള്ളവരായിത്തീരുമ്പോൾ, നമുക്ക് ക്ഷമക്കുവേണ്ടി പശ്ചാത്താപത്തോടെ നമ്മുടെ സ്വർഗ്ഗീയപിതാവിനോട് അപേക്ഷിക്കാം.
19 ആത്മനിയന്ത്രണം പ്രകടമാക്കുന്നതിലുള്ള സഹായത്തിന്റെ രണ്ടാമത്തെ ഒരു മണ്ഡലം ദൈവവചനത്താലും തിരുവെഴുത്തുകൾ ഗ്രഹിക്കുന്നതിനും ബാധകമാക്കുന്നതിനും നമ്മെ പ്രാപ്തരാക്കുന്ന സാഹിത്യത്താലും പോഷിപ്പിക്കപ്പെടുന്നതിൽനിന്നു വരുന്ന സഹായം സ്വീകരിക്കുന്നതാണ്. നമ്മുടെ വിശുദ്ധസേവനത്തിന്റെ ഈ ഭാഗത്തെ അവഗണിക്കുക വളരെ എളുപ്പമാണ്! നാം ആത്മനിയന്ത്രണം പാലിക്കുകയും ബൈബിളിനെക്കാളും “വിശ്വസ്തനും വിവേകിയുമായ അടിമ” പ്രദാനംചെയ്യുന്ന സാഹിത്യങ്ങളെക്കാളും പ്രാധാന്യമുള്ള വായനാവിവരങ്ങളില്ലെന്നും നാം അതിന് മുൻഗണന കൊടുക്കേണ്ടതാണെന്നും നമ്മോടുതന്നെ പറഞ്ഞുകൊണ്ടിരിക്കുകയും വേണം. (മത്തായി 24:45-47) ജീവിതം ഒരിക്കലും ഇതും അതുമല്ല, പിന്നെയോ ഇതോ അതോ ആണെന്നും ഉചിതമായി പറയപ്പെട്ടിരിക്കുന്നു. നമ്മൾ യഥാർത്ഥത്തിൽ ആത്മീയ പുരുഷൻമാരും സ്ത്രീകളുമാണോ? നാം നമ്മുടെ ആത്മീയാവശ്യങ്ങളെ സംബന്ധിച്ചു ബോധമുള്ളവരാണെങ്കിൽ ററിവി നിർത്തിയിട്ട് നമ്മുടെ യോഗങ്ങൾക്ക് തയ്യാറാകാനോ തപാലിൽ വന്നിരിക്കാവുന്ന വീക്ഷാഗോപുരം വായിക്കാനോ ഉള്ള ആത്മനിയന്ത്രണം നാം പാലിക്കും.
20 മൂന്നാമതായി, നമ്മുടെ സഭാമീററിംഗുകളോടും വലിപ്പമേറിയ സമ്മേളനങ്ങളോടും കൺവെൻഷനുകളോടും നീതി പുലർത്തുന്ന സംഗതിയുണ്ട്. അങ്ങനെയുള്ള മീററിംഗുകളെയെല്ലാം നമുക്ക് തികച്ചും അത്യാവശ്യമുള്ളവയായി കരുതുന്നുവോ? നാം പങ്കെടുക്കാൻ തയ്യാറായി ചെല്ലുകയും അവസരം ലഭിക്കുമ്പോൾ അങ്ങനെ ചെയ്യുകയും ചെയ്യുന്നുവോ? നാം നമ്മുടെ യോഗങ്ങളോട് നീതിപുലർത്തുന്ന അളവോളം നാം എല്ലാ സാഹചര്യങ്ങളിലും ആത്മനിയന്ത്രണം പാലിക്കാനുള്ള നമ്മുടെ നിശ്ചയത്തിൽ ബലിഷ്ഠരാക്കപ്പെടും.
21. ആത്മനിയന്ത്രണം എന്ന ആത്മാവിന്റെ ഫലം നട്ടുവളർത്തുന്നതുനിമിത്തം നമുക്ക് ആസ്വദിക്കാൻ കഴിയുന്ന പ്രതിഫലങ്ങളിൽ ചിലതേവ?
21 എല്ലാ സമയങ്ങളിലും ആത്മനിയന്ത്രണം പാലിക്കാൻ കഠിനശ്രമം ചെയ്യുന്നതിനാൽ നമുക്ക് ഏതു പ്രതിഫലങ്ങൾ പ്രതീക്ഷിക്കാൻ കഴിയും? ഒരു സംഗതി, നാം ഒരിക്കലും സ്വാർത്ഥതയുടെ കയ്പുള്ള ഫലങ്ങൾ കൊയ്യുകയില്ലെന്നുള്ളതാണ്. നമുക്ക് ആത്മാഭിമാനവും ഒരു ശുദ്ധമായ മനഃസാക്ഷിയുമുണ്ടായിരിക്കും. നാം ഒട്ടേറെ കുഴപ്പങ്ങളിൽനിന്ന് നമ്മേത്തന്നെ രക്ഷിക്കുകയും ജീവന്റെ പാതയിൽ നിലനിൽക്കുകയും ചെയ്യും. കൂടാതെ, നാം മററുള്ളവർക്ക് സാദ്ധ്യമായ ഏററവും വലിയ നൻമ ചെയ്യാൻ പ്രാപ്തരായിത്തീരും. എല്ലാററിനുമുപരിയായി, നാം സദൃശവാക്യങ്ങൾ 27:11 അനുസരിക്കുന്നതായിരിക്കും: “മകനേ, എന്നെ നിന്ദിക്കുന്നവനോടു ഞാൻ ഉത്തരം പറയേണ്ടതിന്നു നീ ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുക.” അതാണ് നമുക്ക് ലഭിക്കാവുന്നതിലേക്കും ഏററവും വലിയ പ്രതിഫലം—നമ്മുടെ സ്നേഹവാനാം സ്വർഗ്ഗീയപിതാവായ യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന പദവിതന്നെ! (w91 11/15)
നിങ്ങൾ ഓർമ്മിക്കുന്നുവോ?
◻ ആത്മനിയന്ത്രണം പാലിക്കുന്നതിന് ദൈവഭയം നമ്മെ സഹായിക്കുന്നതെങ്ങനെ?
◻ ആത്മനിയന്ത്രണം പാലിക്കുന്നതിന് സ്നേഹം നമ്മെ സഹായിക്കുന്നതെന്തുകൊണ്ട്?
◻ ആത്മനിയന്ത്രണം കുടുംബബന്ധങ്ങളിൽ നമ്മെ സഹായിക്കുന്നതെങ്ങനെ?
◻ ആത്മനിയന്ത്രണം നട്ടുവളർത്തുന്നതിന് നാം ഏതു കരുതലുകളെ നന്നായി ഉപയോഗിക്കണം?
[15-ാം പേജിലെ ചിത്രം]
പ്രലോഭിപ്പിക്കപ്പെട്ടപ്പോൾ യോസേഫ് ആത്മനിയന്ത്രണം പാലിച്ചു
[17-ാം പേജിലെ ചിത്രം]
കുട്ടിക്ക് ശാന്തതയോടും സ്നേഹത്തോടുംകൂടെ ശിക്ഷണം കൊടുക്കുന്നതിന് യഥാർത്ഥ ആത്മനിയന്ത്രണം ആവശ്യമാണ്