വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
◼ ലൂക്കോസ് 3:1-ൽ പറഞ്ഞിരിക്കുന്ന തിബൊര്യോസ് കൈസറിന്റെ വാഴ്ചയുടെ തുടക്കമായ ക്രി.വ. 14നുപകരം ക്രി.വ. 29 ബൈബിൾചരിത്രത്തിലെ ഒരു ആധാരത്തീയതിയായി പരിഗണിക്കപ്പെടുന്നതെന്തുകാണ്ട്?
തിബൊര്യോസിന്റെ വാഴ്ചയുടെ തുടക്കം ബൈബിളിൽ പറഞ്ഞിട്ടില്ല, എന്നാൽ അയാളുടെ 15-ാം ആണ്ടിന്റെ അവസാനഭാഗത്തു നടന്ന ഒരു സംഭവം പറഞ്ഞിട്ടുണ്ട്. ഇത് ആ സംഭവം ക്രി.വ. 29ൽ സംഭവിച്ചതായി ഉറപ്പിക്കാൻ ബൈബിളദ്ധ്യേതാക്കളെ പ്രാപ്തരാക്കുന്നു, അതിനെ ബൈബിൾപരമായ ഒരു നിലപാടിൽ ഒരു ആധാരത്തീയതിയായി വീക്ഷിക്കാൻ കഴിയും.
റോമായുടെ രണ്ടാമത്തെ ചക്രവർത്തിയായിരുന്ന തിബൊര്യോസ് കൈസറിന്റെ വാഴ്ച ചരിത്രത്തിൽ നന്നായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ദി ന്യൂ എൻസൈക്ലോപ്പീഡിയാ ബ്രിട്ടാനിക്കാ പറയുന്നു: “ഔഗസ്തൂസ് [ഒന്നാമത്തെ ചക്രവർത്തി] എ.ഡി. 14, ഓഗസ്ററ് 19-ൽ മരിച്ചു. ഇപ്പോൾ പരമോന്നതനായിരുന്ന തിബൊര്യോസ് സെനററിനെ വശത്താക്കുകയും ഒരു മാസത്തോളം തന്നെ ചക്രവർത്തിയായി നാമനിർദ്ദേശം ചെയ്യാൻ അതിനെ അനുവദിക്കാതിരിക്കുകയും ചെയ്തു, എന്നാൽ സെപ്ററംബർ 17ന് അദ്ദേഹം രാജത്വാവകാശം പ്രാപിക്കുകയും ചെയ്തു.a
തിബൊര്യോസിന്റെ വാഴ്ചയുടെ തുടക്കത്തിന്റെ ഈ നിശ്ചിതഘട്ടം ബൈബിൾപരമായി പ്രസക്തമാണ്, എന്തുകൊണ്ടെന്നാൽ യോഹന്നാൻ സ്നാപകന്റെ ശുശ്രൂഷയെസംബന്ധിച്ച് ലൂക്കോസ് 3:1-3 ഇങ്ങനെ പറയുന്നു: “തീബൊര്യൊസ് കൈസരുടെ വാഴച്യുടെ പതിനഞ്ചാം ആണ്ടിൽ പൊന്തിയൊസ്പീലാത്തോസ് യെഹൂദ്യനാടു വാഴുമ്പോൾ . . . സെഖര്യാവിന്റെ മകനായ യോഹന്നാന്നു മരുഭൂമിയിൽ വെച്ചു ദൈവത്തിന്റെ അരുളപ്പാടു ഉണ്ടായി. അവൻ യോർദ്ദാന്നരികെയുള്ള നാട്ടിൽ ഒക്കെയും വന്നു പാപമോചനത്തിനായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചു.”
യോഹന്നാൻ പ്രസംഗവും സ്നാപനംകഴിപ്പിക്കലും തുടങ്ങിയത് തിബൊര്യോസ് ചക്രവർത്തിയായപ്പോഴല്ലായിരുന്നു, പിന്നെയോ “തീബൊര്യൊസ് കൈസരുടെ വാഴച്യുടെ പതിനഞ്ചാം ആണ്ടിൽ” ആയിരുന്നു. ആ 15-ാം വർഷം ക്രി.വ. 28ലെ ശരൽക്കാലം മുതൽ ക്രി.വ. 29ലെ ശരൽക്കാലം വരെയായിരുന്നു. എന്നിരുന്നാലും, ഈ അറിവ് ആ വർഷത്തിൽ എപ്പോൾ യോഹന്നാന്റെ ശുശ്രൂഷ തുടങ്ങിയെന്ന് എന്തെങ്കിലും കൃത്യതയോടെ നിർണ്ണയിക്കുന്നതിനോ ബന്ധപ്പെട്ട സംഭവങ്ങളുടെ സമയം കണക്കുകൂട്ടുന്നതിനോ ഒരുവനെ പ്രാപ്തനാക്കുന്നില്ല.
എന്നാൽ ബൈബിൾ നമുക്ക് മർമ്മപ്രധാനമായ സംപൂരകവിവരങ്ങൾ നൽകുന്നു. ദൃഷ്ടാന്തത്തിന്, “എഴുപത് ആഴ്ചകളെ”സംബന്ധിച്ചുള്ള ദാനിയേലിന്റെ പ്രവചനം മശിഹായുടെ പ്രത്യക്ഷതക്ക് ക്രി.വ. 29ലേക്ക് വിരൽചൂണ്ടി. യേശുവിന്റെ ശുശ്രൂഷ മൂന്നരവർഷം ദൈർഘ്യമുള്ളതായിരിക്കുമെന്നും അതു സൂചിപ്പിച്ചു. (ദാനിയേൽ 9:24-27) ഇതിനോട് ഈ ബൈബിൾപരമായ വിശദാംശങ്ങളും കൂട്ടുക: യോഹന്നാൻ ജനിച്ച് ആറുമാസം കഴിഞ്ഞാണ് യേശു ജനിച്ചത്; യേശു സ്നാപനമേററപ്പോൾ, അവന് “ഏകദേശം മുപ്പതു വയസ്സായിരുന്നു”; ക്രി.വ. 33ലെ വസന്തത്തിൽ, അവന് 33 1⁄2 വയസ്സുണ്ടായിരുന്നപ്പോൾ മരിച്ചു.—ലൂക്കോസ് 1:24-38; 3:23; 22:14-16, 54.b
അങ്ങനെയുള്ള കൃത്യമായ ബൈബിൾവിവരങ്ങളും അതോടുകൂടെ തിബൊര്യോസിന്റെ വാഴ്ചയുടെ ലൗകികതീയതിയുമുള്ളപ്പോൾ, യോഹന്നാന്റെ ശുശ്രൂഷ ക്രി.വ. 29ലെ വസന്തത്തിൽ തുടങ്ങിയെന്നും ആറുമാസം കഴിഞ്ഞ് ക്രി.വ. 29ന്റെ ശരത്കാലത്ത് യോഹന്നാൻ യേശുവിനെ സ്നാപനപ്പെടുത്തിയെന്നും ബൈബിൾവിദ്യാർത്ഥികൾക്ക് കണക്കുകൂട്ടാൻ കഴിയും. അതുകൊണ്ട്, ബൈബിളിന്റെ നിലപാടിൽ ക്രി.വ. 14 അല്ല, പിന്നെയോ ക്രി.വ. 29 ആണ് ആധാരത്തീയതിയായി വീക്ഷിക്കപ്പെടുന്നത്. (w91 11/15)
[അടിക്കുറിപ്പുകൾ]
a ജൂലിയൻ കലണ്ടറിലെ സെപ്ററംബർ 17 ഇന്ന് പരക്കെ ഉപയോഗിക്കപ്പെടുന്ന ഗ്രിഗോറിയൻകലണ്ടറിൽ സെപ്ററംബർ 15നോടു തുല്യമാണ്.
b വാച്ച്ററവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി ഓഫ് ന്യൂയോർക്ക്, ഇൻകോ. പ്രസിദ്ധപ്പെടുത്തിയ തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, (ഇംഗ്ലീഷ്) വാല്യം 1, പേജുകൾ 458, 463, 467 എന്നിവയും വാല്യം 2, പേജുകൾ 87, 899-902, 1099, 1100 എന്നിവയും താരതമ്യപ്പെടുത്തുക.