ഏതു മതവും നല്ലതാണോ?
“നമ്മുടെ കാലങ്ങളുടെ വിധി ദാരുണമാണ്. നമുക്ക് ഒരു മതം ആവശ്യമാണ്, എന്നാൽ അതിനോട് ഇണക്കുന്നതിന് ഒരു ദൈവത്തെ നാം എങ്ങും കണ്ടെത്തുന്നില്ല.”—ലൂഷാൻ ബ്ലാഗാ, റൊമേനിയൻ കവിയും തത്വചിന്തകനും
“മതവും വൈദികരും പുരോഗതിയുടെയും സ്വാതന്ത്ര്യത്തിന്റെയും ഏററവും വലിയ ശത്രുക്കളുടെ കൂട്ടത്തിൽ ഉണ്ടായിരുന്നിട്ടുണ്ട്, ഒരുപക്ഷേ ദീർഘകാലം നിലനിൽക്കുകയും ചെയ്‌തേക്കാം.”—ക്രിസ്‌റേറാ ബോട്ടെഫ്, ബൽഗേറിയൻ കവി
ഇതോടൊപ്പമുള്ള ഉദ്ധരണികൾ ആത്മാർത്ഥതയുള്ള അനേകമാളുകൾ വന്നെത്തിയിരിക്കുന്ന വിഷമസ്ഥിതിയെ പ്രതിദ്ധ്വനിപ്പിക്കുന്നു. വളരെ ആഴത്തിൽ അവർക്ക് മതത്തിന്റെ ആവശ്യം തോന്നുന്നുണ്ട്. എന്നാൽ വൈദികർ പഠിപ്പിക്കുന്ന ദുർജ്ഞേയനായ ദൈവം അവർക്ക് മനസ്സിലാക്കാനും സ്‌നേഹിക്കാനും കഴിയുന്ന ഒരു ദൈവമല്ല. കൂടാതെ, വൈദികരും അവരുടെ മതങ്ങളും മനുഷ്യപുരോഗതിയെയും സ്വാതന്ത്ര്യത്തെയും തടസ്സപ്പെടുത്തുന്നതിന് വളരെയധികം ചെയ്‌തിട്ടുണ്ടെന്ന് അവർ തിരിച്ചറിയുന്നു. അതെ, മതത്തിന്റെ ആവശ്യം വർദ്ധിതമായി അംഗീകരിക്കപ്പെടുന്നുവെന്നിരിക്കെ, സത്യസന്ധരായ ആളുകൾ ഏതു മതത്തെയും സ്വീകരിക്കുകയില്ല.
ഒരു പ്രധാന വ്യത്യാസം
മനുഷ്യവർഗ്ഗത്തിന്റെ ഘടനയിലും ചരിത്രത്തിലും മതം ഒരു മുഖ്യപങ്കു വഹിക്കുന്നുണ്ട്. ദി ന്യൂ എൻസൈക്ലോപ്പീഡിയാ ബ്രിട്ടാനിക്കാ മതത്തെസംബന്ധിച്ച് “മനുഷ്യാനുഭവത്തിലെയും സംസ്‌കാരത്തിലെയും ചരിത്രത്തിലെയും ഒരു വസ്‌തുത”യെന്ന നിലയിൽ സംസാരിക്കുകയും “മനുഷ്യജീവിതത്തിന്റെ സകല മേഖലകളിലും മതപരമായ മനോഭാവങ്ങളുടെയും ഭക്തികളുടെയും തെളിവുകൾ സ്ഥിതിചെയ്യുന്നു”വെന്ന് കൂട്ടിച്ചേർക്കുകയും ചെയ്യുന്നു. എന്നാൽ ലോകത്തിലെ മുഖ്യ മതങ്ങളിലൊന്നും മനുഷ്യവർഗ്ഗത്തിന് ഒരു അനുഗ്രഹമായിരുന്നിട്ടില്ലെന്ന് ചരിത്രം തെളിയിക്കുന്നു.
ഇൻഡ്യൻ ഭരണതന്ത്രജ്ഞനായിരുന്ന ജവാഹർലാൽ നെഹൃ ഒരിക്കൽ ഇങ്ങനെ പ്രസ്‌താവിച്ചു: “മതം എന്നു വിളിക്കപ്പെടുന്നതിന്റെ, അല്ലെങ്കിൽ ഏതായാലും സംഘടിതമതത്തിന്റെ, കാഴ്‌ച ഇൻഡ്യയിലും മററുള്ളടങ്ങളിലും നമ്മിൽ ഭയം നിറച്ചിരിക്കുന്നു.” മതത്തിന്റെ പേരിൽ ചെയ്യപ്പെട്ടിട്ടുള്ള യുദ്ധങ്ങളെയും കുററകൃത്യങ്ങളെയും പരിഗണിക്കുമ്പോൾ നിങ്ങൾക്ക് സത്യസന്ധമായി അദ്ദേഹത്തോടു വിയോജിക്കാൻ കഴിയുമോ?
പതിനെട്ടാം നൂററാണ്ടിൽ, ഫ്രഞ്ച് തത്വചിന്തകനായിരുന്ന വോൾട്ടയർ കൗതുകകരമായ ഒരു വ്യത്യാസം ചൂണ്ടിക്കാണിച്ചു: അദ്ദേഹം ഇങ്ങനെ എഴുതി: “മതം അസംഖ്യം കുപ്രസിദ്ധ പ്രവൃത്തികൾ ഉളവാക്കിയിരിക്കുന്നുവെന്ന് നിങ്ങൾ പറയുന്നു. എന്നാൽ അന്ധവിശ്വാസം, നമ്മുടെ സങ്കടകരമായ ഭൂഗോളത്തെ വാഴുന്ന അന്ധവിശ്വാസം, അങ്ങനെ ചെയ്‌തിരിക്കുന്നുവെന്നു വേണം നിങ്ങൾ പറയാൻ. അന്ധവിശ്വാസം നാം പരമോന്നതനോടു കടപ്പെട്ടിരിക്കുന്ന നിർമ്മലാരാധനയുടെ അതിക്രൂര ശത്രുവാണ്.” വോൾട്ടയർ തന്റെ നാളിലെ മതപരമായ അസഹിഷ്‌ണുതയോടു പൊരുതി, എന്നാൽ പ്രപഞ്ച സ്രഷ്ടാവെന്ന നിലയിൽ ദൈവത്തിലുള്ള തന്റെ വിശ്വാസം നിലനിർത്തി. അദ്ദേഹം സത്യമതവും വ്യാജമതവും തമ്മിലുള്ള വ്യത്യാസം കണ്ടു.
തെരഞ്ഞെടുക്കേണ്ടതിന്റെ ആവശ്യം
എല്ലാവരും വോൾട്ടയറിനോടു യോജിക്കുന്നില്ല. ചിലർ എല്ലാ മതങ്ങളിലും നൻമ കാണുന്നതായി അവകാശപ്പെടുന്നു; അതുകൊണ്ട് അവർ സത്യമതം അന്വേഷിച്ചുകണ്ടെത്തേണ്ടതിന്റെ യഥാർത്ഥ ആവശ്യം കാണുന്നില്ല. അങ്ങനെയുള്ള വ്യക്തികൾ പ്രവാചകനായ യെശയ്യാവ് നൽകിയ മുന്നറിയിപ്പ് അനുസരിക്കണം, അവൻ ഇങ്ങനെ എഴുതി: “തിൻമെക്ക് നൻമയെന്നും നൻമെക്ക് തിൻമ എന്നും പേർപറകയും ഇരുട്ടിനെ വെളിച്ചവും വെളിച്ചത്തെ ഇരുട്ടും ആക്കുകയും കൈപ്പിനെ മധുരവും മധുരത്തെ കൈപ്പും ആക്കുകയും ചെയ്യുന്നവർക്ക് അയ്യോ കഷ്ടം!” (യെശയ്യാവ് 5:20) വ്യാജമതം മനുഷ്യരാശിക്ക് തിൻമയുളവാക്കിയിട്ടുണ്ട്. അത് ഒരു ആത്മീയമായ ഇരുട്ടിൽ കലാശിക്കുകയും പരമാർത്ഥഹൃദയികളായ ആളുകളുടെ വായ്‌കളിൽ ഒരു കയ്‌പുചുവ അവശേഷിപ്പിക്കുകയും ചെയ്‌തിരിക്കുന്നു.
അതുകൊണ്ട്, ഒരു നിരീശ്വരനായിരിക്കണമോ അതോ ഏതെങ്കിലും മതത്തിൽ വിശ്വസിക്കണമോ എന്നല്ല തെരഞ്ഞെടുക്കേണ്ടത്. അത് അത്രക്ക് ലളിതമല്ല. ദൈവത്തെക്കൊണ്ടുള്ള ആവശ്യം അംഗീകരിച്ചുകഴിഞ്ഞാൽ അയാൾ സത്യമതം അന്വേഷിച്ചു കണ്ടെത്തണം. ഗവേഷകയായ എമിലി പൗലാററ് ലെ ഗ്രാൻഡ് അററ്‌ലസ് ഡെസ് റിലിജിയൻസൽ (മതങ്ങളുടെ വലിയ അററ്‌ലസ്) നന്നായി പ്രസ്‌താവിച്ചപ്രകാരം: “അവ (മതങ്ങൾ) പഠിപ്പിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്ന കാര്യങ്ങൾ, അവയെല്ലാം വിശ്വസിക്കുക അസാദ്ധ്യമായിരിക്കത്തക്കവണ്ണം അത്രയധികം വിവിധങ്ങളാണ്.” ഇതിനു ചേർച്ചയായി, ദി ഫ്രഞ്ച് എൻസൈക്ലോപ്പീഡിയാ യൂണിവേഴ്‌സലിസ് (സാർവത്രിക വിജ്ഞാനകോശം) പറയുന്നു: “21-ാം നൂററാണ്ട് മതത്തിലേക്കു മടങ്ങുകതന്നെ ചെയ്യുന്നുവെങ്കിൽ, . . . മനുഷ്യന് സമർപ്പിക്കപ്പെടുന്ന വിശുദ്ധ കാര്യങ്ങൾ സത്യമാണോ വ്യാജമാണോയെന്ന് അവൻ തീരുമാനിക്കേണ്ടിവരും.”
ശരിയായ മതം തെരഞ്ഞെടുക്കുന്ന വിധം
ശരിയായ മതം തെരഞ്ഞെടുക്കുന്നതിന് നമ്മെ എന്തു വഴികാട്ടും? ദി എൻസൈക്ലോപ്പീഡിയാ യൂണിവേഴ്‌സലിസ് സത്യത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുമ്പോൾ അത് പറയുന്നത് ശരിയാണ്. വ്യാജങ്ങൾ പഠിപ്പിക്കുന്ന മതം സത്യമായിരിക്കാവുന്നതല്ല. ഭൂമിയിൽ നടന്നിട്ടുള്ളതിലേക്കും ഏററവും വലിയ പ്രവാചകൻ പ്രസ്‌താവിച്ചു: “ദൈവം ഒരു ആത്മാവാകുന്നു, അവനെ ആരാധിക്കുന്നവർ അവനെ ആത്മാവോടും സത്യത്തോടുംകൂടെ ആരാധിക്കണം.”—യോഹന്നാൻ 4:24, NW.
ആ പ്രവാചകൻ യേശുക്രിസ്‌തു ആയിരുന്നു. അവൻ ഇങ്ങനെയും പ്രഖ്യാപിച്ചു: “ആടുകളെപ്പോലെ വേഷമിട്ടിട്ടുള്ളവരും യഥാർത്ഥത്തിൽ അത്യാഗ്രഹികളായ ചെന്നായ്‌ക്കൾ ആയിരിക്കുന്നവരുമായവരെ സൂക്ഷിച്ചുകൊൾക. നിങ്ങൾക്ക് അവരുടെ ഫലങ്ങളാൽ അവരെ അറിയാൻ കഴിയും. . . . എതു നല്ല വൃക്ഷവും നല്ല ഫലം ഉളവാക്കുന്നു, എന്നാൽ ഒരു ദുഷിച്ച വൃക്ഷം ചീത്ത ഫലം ഉളവാക്കുന്നു.” (മത്തായി 7:15-17, ഫിലിപ്‌സ്) ലോകത്തിലെ “വലിയ” മതങ്ങളുടെയും മുളച്ചുവന്നിട്ടുള്ള മതവിഭാഗങ്ങളുടെയും പൂജകളുടെയും പോലും ദുഷ്‌ഫലങ്ങൾ കാണുകയാൽ ആത്മാർത്ഥതയുള്ള അനേകർ അവയെയെല്ലാം കേവലം നല്ലതല്ലാത്ത ദുഷിച്ച ‘വൃക്ഷങ്ങളായി’ വീക്ഷിക്കാനിടയാകുകയാണ്. എന്നാൽ അവർക്ക് എങ്ങനെ സത്യമതത്തെ കണ്ടെത്താൻ കഴിയും?
ഒരു തെരഞ്ഞെടുപ്പു നടത്തുന്നതിനു മുമ്പ് ക്രൈസ്‌തവലോകത്തിനകത്തും പുറത്തുമുള്ള ആയിരക്കണക്കിന് മതങ്ങളെക്കുറിച്ചെല്ലാം പഠിക്കുക അസാദ്ധ്യമാണെന്ന് സ്‌പഷ്‌ടമാണ്. എന്നിരുന്നാലും, നാം യേശു പറഞ്ഞതുപോലെ സത്യത്തെയും ഫലങ്ങളെയും ഉരകല്ലായി ഉപയോഗിക്കുന്നുവെങ്കിൽ സത്യമതത്തെ തിരിച്ചറിയുക സാദ്ധ്യമാണ്.
സത്യവും ഫലങ്ങളും
യേശു സത്യത്തെക്കുറിച്ചു പറഞ്ഞു. ഇതു സംബന്ധിച്ചു പറഞ്ഞാൽ, വിശ്വാസികളുടെ ഏതു കൂട്ടമാണ് പുരാതന പുരാണങ്ങളിൽനിന്നും ഗ്രീക്ക് തത്വശാസ്‌ത്രത്തിൽനിന്നും ഉത്ഭവിച്ചതും മിക്ക മതങ്ങളിലും വ്യാപിച്ചിരിക്കുന്നതുമായ മതപരമായ വ്യാജങ്ങളെ തള്ളിക്കളയുന്നത്? അങ്ങനെയുള്ള വ്യാജങ്ങളിലൊന്നാണ് മനുഷ്യദേഹി സഹജമായി അമർത്ത്യമാണെന്നുള്ള ഉപദേശം.a ഈ ഉപദേശമാണ് ദൈവത്തിന് അപമാനകരമായ നരകാഗ്നിയുടെ ഉപദേശത്തിന് കാരണമായത്.
യേശു ഫലങ്ങളെക്കുറിച്ചും പറഞ്ഞു. ഇതിനെ സംബന്ധിച്ചാണെങ്കിൽ, വർഗ്ഗീയവും ഭാഷാപരവും ദേശീയവുമായ തടസ്സങ്ങൾ സ്‌നേഹത്താലും വിവേകത്താലും തരണംചെയ്യപ്പെടുന്ന ഒരു യഥാർത്ഥ സാർവദേശീയ കൂട്ടായ്‌മ ഉളവാക്കിയിട്ടുള്ള ഒരു മതത്തെ നിങ്ങൾക്കറിയാമോ? ദേശീയത്വത്തിന്റെയും മതത്തിന്റെയും പേരിൽ തങ്ങളുടെ സഹോദരൻമാരെയും സഹോദരിമാരെയും വെറുക്കുന്നതിനും കൊല്ലുന്നതിനും തങ്ങളെ ഉത്സാഹിപ്പിക്കാൻ രാജ്യതന്ത്രജ്ഞൻമാരെയോ മതനേതാക്കളെയോ അനുവദിക്കുന്നതിനു പകരം പീഡിപ്പിക്കപ്പെടുന്നതിന് മനസ്സുള്ള അംഗങ്ങളോടുകൂടിയ ഒരു മതസമുദായത്തെ നിങ്ങൾക്കറിയാമോ? അങ്ങനെയുള്ള മതപരമായ വ്യാജങ്ങളെ ത്യജിക്കുകയും അങ്ങനെയുള്ള ഫലങ്ങൾ ഉല്‌പാദിപ്പിക്കുകയും ചെയ്‌ത ഒരു മതം യഥാർത്ഥമായ ഒന്നാണെന്നുള്ളതിന് പ്രബലമായ തെളിവു നൽകും, ഇല്ലേ?
യഥാർത്ഥമതം ഇന്ന് ആചരിക്കപ്പെടുന്നു
അങ്ങനെയുള്ള ഒരു മതമുണ്ടോ? ഉവ്വ്, ഉണ്ട്. എന്നാൽ അത് ലോകത്തിലെ മുഖ്യമതങ്ങളിലൊന്നല്ലെന്ന് നിങ്ങൾ സമ്മതിക്കണം. ഇത് നമ്മെ അതിശയിപ്പിക്കണമോ? വേണ്ട. തന്റെ പ്രസിദ്ധ മലമ്പ്രസംഗത്തിൽ യേശു ഇങ്ങനെ പ്രസ്‌താവിച്ചു: “ഇടുക്കുവാതിലൂടെ അകത്തു കടപ്പിൻ; നാശത്തിലേക്കു പോകുന്ന വാതിൽ വീതിയുള്ളതും വഴി വിശാലവും അതിൽകൂടി കടക്കുന്നവർ അനേകരും ആകുന്നു. ജീവങ്കലേക്കു പോകുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കവുമുള്ളത്. അതു കണ്ടെത്തുന്നവർ ചുരുക്കവുമത്രേ.”—മത്തായി 7:13, 14.
അതുകൊണ്ട് സത്യമതത്തെ എവിടെയാണ് കണ്ടെത്തുക? യഹോവയുടെ സാക്ഷികൾ ഈ ‘ഇടുക്കവും ഞെരുക്കവുമുള്ള വഴി’യിലൂടെ നടക്കുന്ന ഒരു സാർവദേശീയ സമുദായമാണെന്ന് സകല താഴ്‌മയോടും പരമാർത്ഥതയോടും കൂടെ നാം പറയേണ്ടിയിരിക്കുന്നു. മുഖ്യധാരാമതങ്ങൾ യഹോവയുടെ സാക്ഷികളെ നിന്ദാപൂർവം ഒരു മതവിഭാഗമെന്നു വിളിക്കുന്നുവെന്നതു സത്യംതന്നെ. എന്നാൽ ക്രി.വ. ഒന്നാം നൂററാണ്ടിലെ വിശ്വാസത്യാഗികളായ മതനേതാക്കൻമാർ ആദിമക്രിസ്‌ത്യാനികളെ കൃത്യമായി അങ്ങനെയാണ് വിളിച്ചത്.—പ്രവൃത്തികൾ 24:1-14.
തങ്ങൾക്ക് സത്യമതമുണ്ടെന്ന് യഹോവയുടെ സാക്ഷികൾക്ക് ഉറപ്പുള്ളതെന്തുകൊണ്ട്? ശരി, അവർ 200ൽപരം രാജ്യങ്ങളിലെത്തുന്നതും ദേശീയത്വത്തിന്റെയും വർഗ്ഗത്തിന്റെയും ഭാഷയുടെയും സാമൂഹ്യപദവിയുടെയും ഭിന്നതകളെ തരണം ചെയ്യുന്നതുമായ ഒരു സാർവദേശീയമായ സഹോദരവർഗ്ഗമാണ്. അവർ ബൈബിൾ പറയുന്നതിനോട് വ്യക്തമായും വിരുദ്ധമായിരിക്കുന്ന ഉപദേശങ്ങൾ—എത്ര പുരാതനമായാലും—വിശ്വസിക്കുന്നില്ല. എന്നാൽ അവർ അത്ര അസൂയാവഹമായ ഒരു അവസ്ഥയിൽ എത്തിയതെങ്ങനെയാണ്? സത്യമതത്തിന്റെ ആചാരണത്തിൽ ഉൾപ്പെട്ടിരിക്കുന്നത് എന്താണ്? മതത്തെക്കുറിച്ചുള്ള ഈ ചോദ്യവും മററു ചോദ്യങ്ങളും അടുത്ത രണ്ടു ലേഖനങ്ങളിൽ ചർച്ചചെയ്യപ്പെടും. (w91 12⁄1)
[അടിക്കുറിപ്പ്]
a ഈ വിശ്വാസത്തിന്റെ സുപ്രമാണീകൃത തെളിവിനുവേണ്ടി വാച്ച്‌ററവർ ബൈബിൾ ആൻഡ് ട്രാക്‌ററ് സൊസൈററി പ്രസിദ്ധീകരിച്ച ദൈവത്തെ കണ്ടെത്താനുള്ള മനുഷ്യവർഗ്ഗത്തിന്റെ അന്വേഷണം (ഇംഗ്ലീഷ്) എന്ന പുസ്‌തകത്തിന്റെ 52-7വരെ പേജുകൾ കാണുക.
[7-ാം പേജിലെ ചിത്രം]
കുരിശുയുദ്ധങ്ങൾ വ്യാജമതത്തിന്റെ ദുഷ്‌ഫലങ്ങളുടെ ഭാഗമായിരുന്നു
[കടപ്പാട്]
Bibliothèque Nationale, Paris
[8-ാം പേജിലെ ചിത്രം]
യഥാർത്ഥ മതം നല്ല ഫലങ്ങൾ ഉളവാക്കുന്നു