നമുക്ക് യഹോവക്ക് എങ്ങനെ തിരികെ കൊടുക്കാൻ കഴിയും?
യഹോവയാം ദൈവം കൊടുക്കലിന്റെ ഏററവും നല്ല മാതൃക വെക്കുന്നു. അവൻ സകല മനുഷ്യവർഗ്ഗത്തിനും “ജീവനും ശ്വാസവും സകലവും” നൽകി. (പ്രവൃത്തികൾ 17:25) ദൈവം ദുഷ്ടൻമാരുടെമേലും നീതിമാൻമാരുടെമേലും ഒരുപോലെ സൂര്യനെ ഉദിപ്പിക്കുന്നു. (മത്തായി 5:45) തീർച്ചയായും, ‘യഹോവ ആകാശത്തുനിന്നു മഴയും ഫലപുഷ്ടിയുള്ള കാലങ്ങളും നമുക്കു നൽകുകയും നമ്മുടെ ഹൃദയങ്ങളെ ആഹാരവും നല്ല സന്തോഷവും കൊണ്ടു നിറക്കുകയും ചെയ്യുന്നു.’ (പ്രവൃത്തി 14:15-17) എന്തിന്, “ഏതു നല്ല ദാനവും പൂർണ്ണതയുള്ള ഏതു സമ്മാനവും ഉയരത്തിൽനിന്നാകുന്നു, എന്തെന്നാൽ അത് സ്വർഗ്ഗീയ വെളിച്ചങ്ങളുടെ പിതാവിൽനിന്ന് ഇറങ്ങിവരുന്നു.”!—യാക്കോബ് 1:17, NW.
ദൈവത്തിന്റെ സകല ഭൗതികദാനങ്ങൾക്കും പുറമേ, അവൻ ആത്മീയ വെളിച്ചവും സത്യവും അയക്കുന്നു. (സങ്കീർത്തനം 43:3) തക്ക സമയത്ത് യഹോവ “വിശ്വസ്തനും വിവേകിയുമായ അടിമ”യിലൂടെ പ്രദാനംചെയ്യുന്ന ആത്മീയാഹാരത്താൽ അവന്റെ വിശ്വസ്ത ദാസൻമാർ അനുഗൃഹീതരാണ്. (മത്തായി 24:45-47) അവൻ പാപപൂർണ്ണരും മരിക്കുന്നവരുമായ മനുഷ്യർക്ക് തന്നോട് നിരപ്പിക്കപ്പെടുക സാദ്ധ്യമാക്കിയിരിക്കുന്നതിനാൽ അവന്റെ ആത്മീയ കരുതലുകളിൽനിന്ന് നമുക്ക് പ്രയോജനമനുഭവിക്കാൻ കഴിയും. എങ്ങനെ? അവന്റെ പുത്രനായ യേശുക്രിസ്തുവിന്റെ മരണം മുഖാന്തരം; അവനാണ് അനേകർക്കുവേണ്ടി തന്റെ ജീവനെ ഒരു മറുവിലയായി കൊടുത്തത്. (മത്തായി 20:28; റോമർ 5:8-12) സ്നേഹവാനായ ദൈവമായ യഹോവയിൽനിന്നുള്ള എന്തോരു ദാനം.—യോഹന്നാൻ 3:16.
ഏതെങ്കിലും മടക്കിക്കൊടുക്കൽ സാദ്ധ്യമോ?
മറുവില പ്രദാനംചെയ്യപ്പെട്ടതിന് നൂററാണ്ടുകൾക്കുമുമ്പ്, ഒരു നിശ്വസ്ത സങ്കീർത്തനക്കാരൻ ദൈവദത്തമായ കരുണയെയും വിടുതലിനെയും സഹായത്തെയും വളരെയഗാധമായി വിലമതിച്ചതുകൊണ്ട് അവൻ ഇങ്ങനെ പറഞ്ഞു: “എനിക്കുവേണ്ടിയുള്ള അവന്റെ സകല ഉപകാരങ്ങളും നിമിത്തം ഞാൻ യഹോവക്ക് എന്ത് തിരികെ കൊടുക്കും? രക്ഷയുടെ മഹത്തായ പാനപാത്രം ഞാൻ എടുക്കും, ഞാൻ യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിക്കും. എന്റെ നേർച്ചകൾ ഞാൻ യഹോവക്കു കൊടുക്കും, അതെ, അവന്റെ സകല ജനത്തിന്റെയും മുമ്പാകെത്തന്നെ.”—സങ്കീർത്തനം 116:12-14.
നാം യഹോവക്ക് മുഴുഹൃദയത്തോടെ സമർപ്പിക്കപ്പെട്ടിരിക്കുന്നുവെങ്കിൽ, നാം വിശ്വാസത്തിൽ അവന്റെ നാമത്തെ വിളിച്ചപേക്ഷിക്കുകയും അവനുവേണ്ടിയുള്ള നേർച്ചകൾ കൊടുക്കുകയും ചെയ്യും. യഹോവയുടെ സാക്ഷികളെന്ന നിലയിൽ, എല്ലാ സമയങ്ങളിലും യഹോവയെ പുകഴ്ത്തിക്കൊണ്ടും അവന്റെ രാജ്യത്തിന്റെ ദൂത് പ്രഖ്യാപിച്ചുകൊണ്ടും അവനെ നമുക്കു വാഴ്ത്താൻ കഴിയും. (സങ്കീർത്തനം 145:1, 2, 10-13; മത്തായി 24:14) എന്നാൽ സകലത്തിന്റെയും ഉടമയായ യഹോവയെ നമുക്ക് സമ്പന്നനാക്കാൻ കഴിയില്ല, അല്ലെങ്കിൽ നമുക്കുള്ള അവന്റെ ഉപകാരങ്ങൾക്കുവേണ്ടി അവന് പ്രതിഫലം കൊടുക്കാൻകഴിയില്ല.—1 ദിനവൃത്താന്തം 29:14-17.
രാജ്യതാത്പര്യങ്ങളുടെ പുരോഗമനത്തിനുവേണ്ടി സംഭാവനകൾ കൊടുക്കുന്നത് യഹോവക്ക് തിരികെ കൊടുക്കാനോ അവനെ സമ്പന്നനാക്കാനോ ഉള്ള ഒരു മാർഗ്ഗമല്ല. എന്നിരുന്നാലും, അങ്ങനെയുള്ള കൊടുക്കൽ യഹോവയോടുള്ള നമ്മുടെ സ്നേഹം പ്രദർശിപ്പിക്കാൻ നമുക്ക് അവസരങ്ങൾ നൽകുന്നു. സ്വാർത്ഥപ്രേരണയിൽനിന്ന് അല്ലെങ്കിൽ പ്രസിദ്ധിക്കും പ്രശംസക്കുംവേണ്ടിയല്ല, പിന്നെയോ ഒരു ഉദാര മനോഭാവത്തോടെയും സത്യാരാധനയെ പുരോഗമിപ്പിക്കാനും കൊടുക്കുന്ന സംഭാവനകൾ ദാതാവിന് സന്തുഷ്ടിയും യഹോവയുടെ അനുഗ്രഹവും കൈവരുത്തുന്നു. (മത്തായി 6:1-4; പ്രവൃത്തികൾ 20:35) സത്യാരാധനയെ പിന്താങ്ങുന്നതിനും അർഹതയുള്ളവരെ സഹായിക്കുന്നതിനും തന്റെ ഭൗതികസ്വത്തുക്കളിൽനിന്ന് എന്തെങ്കിലും ക്രമമായി നീക്കിവെക്കുന്ന ഒരു വ്യക്തിക്ക് അങ്ങനെയുള്ള കൊടുക്കലിലെ ഒരു പങ്കിനും തദ്ഫലമായുള്ള സന്തുഷ്ടിക്കും ഉറപ്പുണ്ടായിരിക്കാൻ കഴിയും. (1 കൊരിന്ത്യർ 16:1, 2) ഇത് ദശാംശം മുഖേനയാണോ ചെയ്യേണ്ടത്?
നിങ്ങൾ ദശാംശം കൊടുക്കേണമോ?
തന്റെ പ്രവാചകനായിരുന്ന മലാഖിമുഖാന്തരം യഹോവ ഇങ്ങനെ പറഞ്ഞു: “എന്റെ ആലയത്തിൽ ആഹാരം ഉണ്ടാകേണ്ടതിന്നു നിങ്ങൾ ദശാംശം മുഴുവനും ഭണ്ഡാരത്തിലേക്കു കൊണ്ടുവരുവിൻ. ഞാൻ നിങ്ങൾക്ക് ആകാശത്തിന്റെ കിളിവാതിലുകളെ തുറന്നു സ്ഥലം പോരാതെവരുവോളം നിങ്ങളുടെമേൽ അനുഗ്രഹം പകരുകയില്ലയോ? എന്നിങ്ങനെ നിങ്ങൾ ഇതിനാൽ എന്നെ പരീക്ഷിപ്പിൻ.” (മലാഖി 3:10) മറെറാരു ഭാഷാന്തരം ഇങ്ങനെ വായിക്കപ്പെടുന്നു: “മുഴു ദശാംശവും ഭണ്ഡാരത്തിലേക്കു കൊണ്ടുവരിക.”—ആൻ അമേരിക്കൻ ട്രാൻസേഷ്ളൻ.
ദശാംശം എന്തിന്റെയെങ്കിലും പത്തിലൊന്നാണ്. അത് ഒരു പ്രതിഫലമായി കൊടുക്കപ്പെടുന്ന 10 ശതമാനമാണ്. വിശേഷാൽ മതപരമായ ഉദ്ദേശ്യങ്ങൾക്കാണ് ദശാംശം കൊടുക്കപ്പെടുന്നത്. അതിന്റെ അർത്ഥം ആരാധനയെ പുരോഗമിപ്പിക്കാൻ ഒരുവന്റെ ആദായത്തിന്റെ പത്തിലൊന്നു കൊടുക്കുന്നുവെന്നാണ്.
ഗോത്രപിതാവായിരുന്ന അബ്രാഹാം (അബ്രാം) ശാലേമിലെ രാജപുരോഹിതനായിരുന്ന മെല്ക്കീസേദക്കിന് കെദൊർലായോമെറിന്റെയും അവന്റെ സഖ്യകക്ഷികളുടെയുംമേൽ തനിക്കു ലഭിച്ച വിജയത്തിലെ കൊള്ളകളുടെ പത്തിലൊന്ന് കൊടുത്തു. (ഉല്പത്തി 14:18-20; എബ്രായർ 7:4-10) പിന്നീട് യാക്കോബ് തന്റെ സ്വത്തുക്കളുടെ പത്തിലൊന്ന് ദൈവത്തിന് കൊടുക്കാമെന്ന് നേർന്നു. (ഉല്പത്തി 28:20-22) ഈ ഓരോ സന്ദർഭത്തിലും ദശാംശം കൊടുക്കൽ സ്വമേധയാ ആയിരുന്നു, എന്തുകൊണ്ടെന്നാൽ ആ ആദിമ എബ്രായർക്ക് ദശാംശങ്ങൾ കൊടുക്കാൻ തങ്ങൾക്ക് കടപ്പാടുണ്ടാക്കുന്ന നിയമങ്ങളില്ലായിരുന്നു.
ന്യായപ്രമാണത്തിൻ കീഴിൽ ദശാംശം
യഹോവയുടെ ജനമെന്ന നിലയിൽ, ഇസ്രായേല്യർക്ക് ദശാംശനിയമങ്ങൾ ലഭിച്ചു. ഇവയിൽ പ്രത്യക്ഷത്തിൽ വാർഷികവരുമാനത്തിന്റെ പത്തിൽ രണ്ടു ഭാഗങ്ങളുടെ ഉപയോഗം ഉൾപ്പെട്ടിരുന്നു, എന്നിരുന്നാലും, ഒരു വാർഷികദശാംശം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന് ചില പണ്ഡിതൻമാർ വിചാരിക്കുന്നു. ഒരു ശബത്തുവർഷത്തിൽ യാതൊരു ദശാംശവും കൊടുക്കപ്പെട്ടിരുന്നില്ല, കാരണം അന്ന് യാതൊരു വരുമാനവും പ്രതീക്ഷിക്കപ്പെട്ടിരുന്നില്ല. (ലേവ്യപുസ്തകം 25:1-12) ദൈവത്തിനു കൊടുക്കപ്പെട്ടിരുന്ന ആദ്യഫലങ്ങൾക്കു പുറമേയാണ് ദശാംശം കൊടുക്കപ്പെട്ടത്.—പുറപ്പാട് 23:19.
ദേശത്തെ ഉല്പന്നങ്ങളുടെയും, വൃക്ഷഫലങ്ങളുടെയും, പ്രത്യക്ഷത്തിൽ ആടുമാടുകളിലെ വർദ്ധനവിന്റെയും, പത്തിലൊന്ന് വിശുദ്ധമന്ദിരത്തിലേക്ക് കൊണ്ടുപോകപ്പെടുകയും ലേവ്യർക്കു കൊടുക്കപ്പെടുകയും ചെയ്തു, അവർക്ക് ദേശത്ത് അവകാശം കൊടുക്കപ്പെട്ടിരുന്നില്ലല്ലോ. ക്രമത്തിൽ, അവർ തങ്ങൾക്കു കിട്ടിയതിന്റെ പത്തിലൊന്ന് അഹരോന്യ പൗരോഹിത്യത്തെ പിന്തുണക്കുന്നതിന് കൊടുത്തു. പ്രസ്പഷ്ടമായി, ധാന്യം മെതിക്കുകയും മുന്തിരിയുടെയും ഒലിവുമരങ്ങളുടെയും ഫലം ദശാംശകൊടുക്കലിനുമുമ്പ് വീഞ്ഞും എണ്ണയുമാക്കി മാററുകയും ചെയ്തിരുന്നു. ഒരു ഇസ്രായേല്യൻ ഉല്പന്നത്തിനു പകരം പണം കൊടുക്കാൻ ആഗ്രഹിച്ചാൽ അയാൾക്ക് അങ്ങനെ ചെയ്യാൻ കഴിയുമായിരുന്നു, അയാൾ അതിന്റെ വിലയുടെ അഞ്ചിലൊന്നുകൂടെ കൂട്ടുകയാണെങ്കിൽ.—ലേവ്യപുസ്തകം 27:30-33; സംഖ്യാപുസ്തകം 18:21-30.
മറെറാരു ദശാംശവും നീക്കിവെക്കപ്പെട്ടിരുന്നതായി തോന്നുന്നു. സാധാരണഗതിയിൽ, ജനം പെരുന്നാളുകൾക്ക് സമ്മേളിച്ചപ്പോൾ ഒരു കുടുംബത്താൽ അത് ഉപയോഗിക്കപ്പെട്ടിരുന്നു. എന്നാൽ ഈ ദശാംശം വഹിച്ചുകൊണ്ടുപോകാൻ കഴിയാത്ത വിധം യെരൂശലേമിലേക്കുള്ള ദൂരം വളരെ കൂടുതലായിരുന്നെങ്കിലോ? അപ്പോൾ ധാന്യവും പുതുവീഞ്ഞും എണ്ണയും മൃഗങ്ങളും അനായാസം കൊണ്ടുപോകാൻ കഴിയുന്ന പണമാക്കി മാററിയിരുന്നു. (ആവർത്തനം 12:4-18; 14:22-27) ഏഴുവർഷ ശബത്തുചക്രത്തിലെ ഓരോ മൂന്നാം വർഷത്തിന്റെയും ആറാം വർഷത്തിന്റെയും അവസാനം ലേവ്യർക്കും അന്യദേശവാസികൾക്കും, വിധവമാർക്കും, അനാഥബാലൻമാർക്കുംവേണ്ടി ദശാംശം മാററിവെച്ചു.—ആവർത്തനം 14:28, 29; 26:12.
ന്യായപ്രമാണത്തിൻ കീഴിൽ, ദശാംശം കൊടുക്കാതിരുന്നാൽ ശിക്ഷയില്ലായിരുന്നു. എന്നാൽ ദശാംശം കൊടുക്കുന്നതിനുള്ള ഒരു ശക്തമായ ധാർമ്മിക കടപ്പാടിൻകീഴിൽ യഹോവ ജനത്തെ നിർത്തി. ചില സമയങ്ങളിൽ തങ്ങൾ പൂർണ്ണമായി ദശാംശം കൊടുത്തതായി അവർ അവന്റെ മുമ്പാകെ പ്രഖ്യാപിക്കണമായിരുന്നു. (ആവർത്തനം 26:13-15) തെററായി പിടിച്ചുവെക്കപ്പെട്ട എന്തും ദൈവത്തിൽനിന്ന് മോഷ്ടിക്കപ്പെട്ടതായി വീക്ഷിക്കപ്പെട്ടിരുന്നു.—മലാഖി 3:7-9.
ദശാംശം ഭാരമുള്ള ഒരു ക്രമീകരണമല്ലായിരുന്നു. യഥാർത്ഥത്തിൽ, ഇസ്രായേല്യർ ഈ നിയമങ്ങൾ അനുസരിച്ചപ്പോൾ അവർ കൂടുതൽ അഭിവൃദ്ധിപ്പെട്ടു. ദശാംശം അതിനുവേണ്ടി എങ്ങനെ ഭൗതികമായി കരുതൽചെയ്യാമെന്നുള്ളതിന് അനുചിതമായ ഊന്നൽ കൊടുക്കാതെ അത് സത്യാരാധനയെ പുരോഗമിപ്പിച്ചു. തന്നിമിത്തം ദശാംശക്രമീകരണം ഇസ്രായേലിൽ എല്ലാവരുടെയും നൻമക്കുതകി. എന്നാൽ ദശാംശം ക്രിസ്ത്യാനികൾക്കുള്ളതാണോ?
ക്രിസ്ത്യാനികൾ ദശാംശം കൊടുക്കണമോ?
ക്രൈസ്തവലോകത്തിന്റെ മണ്ഡലത്തിൽ കുറേ കാലത്തേക്ക് ദശാംശം സാധാരണമായിരുന്നു. ദി എൻസൈക്ലോപ്പീഡിയാ അമേരിക്കാനാ പ്രസ്താവിക്കുന്നു: “അത് . . . 6-ാം നൂററാണ്ടായപ്പോഴേക്ക് ക്രമേണ സാധാരണമായിത്തീർന്നു. 567-ൽ നടന്ന ററൂഴ്സിലെ കൗൺസിലും 585-ൽ നടന്ന മക്കോണിലെ രണ്ടാം കൗൺസിലും ദശാംശത്തിന് അനുകൂലമായി വാദിച്ചു. . . . വിശേഷിച്ച് ദശാംശങ്ങൾ ശേഖരിക്കാനുള്ള അവകാശം മിക്കപ്പോഴും അൽമായക്കാർക്ക് കൊടുക്കപ്പെട്ടപ്പോൾ അല്ലെങ്കിൽ വിൽക്കപ്പെട്ടപ്പോൾ ദുർവിനിയോഗങ്ങൾ സാധാരണമായിത്തീർന്നു. ഗ്രിഗറി VII-മാൻ പാപ്പായുടെ കാലംമുതൽ ഈ നടപടി നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ടു. അപ്പോൾ അനേകം അൽമായക്കാർ തങ്ങളുടെ അവകാശങ്ങൾ സന്യാസിമഠങ്ങൾക്കും കത്തീഡ്രൽ സമിതികൾക്കും കൊടുത്തു. നവീകരണം ദശാംശത്തെ നീക്കംചെയ്തില്ല. കത്തോലിക്കാസഭയിലും പ്രോട്ടസ്ററൻറ് രാജ്യങ്ങളിലും ഈ ആചാരം തുടർന്നു.” ദശാംശം വിവിധ രാജ്യങ്ങളിൽ ക്രമേണ നീക്കംചെയ്യപ്പെടുകയോ പകര ഏർപ്പാടുകൾ ഉണ്ടാകുകയോ ചെയ്തു. ഇപ്പോൾ അധികം മതങ്ങൾക്ക് ദശാംശഏർപ്പാടില്ല.
ആ സ്ഥിതിക്ക് ക്രിസ്ത്യാനികൾക്ക് ദശാംശം കൊടുക്കാനുള്ള വ്യവസ്ഥയുണ്ടോ? തന്റെ ബൈബിൾ കൊൺകോർഡൻസിൽ അലക്സാണ്ടർ ക്രൂഡൻ ഇങ്ങനെ പറഞ്ഞു: “നമ്മുടെ രക്ഷകനോ അവന്റെ അപ്പോസ്തലൻമാരോ ഈ ദശാംശകാര്യം സംബന്ധിച്ച് യാതൊന്നും കല്പിച്ചിട്ടില്ല. തീർച്ചയായും ദശാംശം കൊടുക്കാൻ ക്രിസ്ത്യാനികളോടു കല്പിച്ചിട്ടില്ല. ദൈവംതന്നെ ദശാംശക്രമീകരണങ്ങളോടുകൂടിയ മോശൈകന്യായപ്രമാണത്തിന് അറുതിവരുത്തുകയും യേശുവിന്റെ ദണ്ഡനസ്തംഭത്തിൽ അതിനെ തറക്കുകയുംചെയ്തു. (റോമർ 6:14; കൊലൊസ്സ്യർ 2:13, 14) സഭാചെലവുകൾക്ക് ഒരു നിശ്ചിത തുക കൊടുക്കാൻ ക്രിസ്ത്യാനികളോട് ആവശ്യപ്പെടുന്നില്ലാത്തതിനാൽ, അവർ സ്വമേധയായുള്ള സംഭാവനകൾ കൊടുക്കുന്നു.
നിങ്ങളുടെ വിലയേറിയ വസ്തുക്കൾ കൊണ്ട് യഹോവയെ ബഹുമാനിക്കുക
തീർച്ചയായും, ഒരു ക്രിസ്ത്യാനി സത്യാരാധനയെ പുരോഗമിപ്പിക്കുന്നതിന് തന്റെ വരുമാനത്തിന്റെ പത്തിലൊന്നു കൊടുക്കാൻ തീരുമാനിക്കുന്നുവെങ്കിൽ, അങ്ങനെയുള്ള സംഭാവനകൾ കൊടുക്കുന്നതിനോട് തിരുവെഴുത്തുപരമായ എതിർപ്പ് ഉണ്ടായിരിക്കയില്ല. പാപ്പുവാ ന്യൂ ഗിനിയയിലെ ഒരു 15വയസ്സുകാരൻ തന്റെ സംഭാവനയോടുകൂടിയ എഴുത്തിൽ ഇങ്ങനെ എഴുതിയിരുന്നു: “ഞാൻ കൊച്ചായിരുന്നപ്പോൾ ‘നീ ജോലിചെയ്യാൻ തുടങ്ങുമ്പോൾ നീ ആദ്യഫലങ്ങൾ യഹോവക്കു കൊടുക്കണം’ എന്ന് എന്റെ പിതാവ് എന്നോടു പറയുക പതിവായിരുന്നു. യഹോവയെ ബഹുമാനിക്കുന്നതിന് നാം ആദ്യഫലങ്ങൾ അവന് കൊടുക്കണമെന്ന് പറയുന്ന സദൃശവാക്യങ്ങൾ 3:1, 9ലെ വാക്കുകൾ എനിക്കറിയാം. അതുകൊണ്ട് ഇതു ചെയ്യാമെന്ന് ഞാൻ പ്രതിജ്ഞചെയ്തു, ഇപ്പോൾ ഞാൻ എന്റെ പ്രതിജ്ഞ നിറവേററണം. രാജ്യവേലയെ സഹായിക്കുന്നതിന് ഈ പണം അയച്ചുതരാൻ എനിക്കു വളരെ സന്തോഷമുണ്ട്.” അങ്ങനെയൊരു പ്രതിജ്ഞചെയ്യാൻ ബൈബിൾ ക്രിസ്ത്യാനികളോട് ആവശ്യപ്പെടുന്നില്ല. എന്നിരുന്നാലും, സത്യാരാധനയെ പുരോഗമിപ്പിക്കുന്നതിലുള്ള ഉൽക്കടമായ താത്പര്യം പ്രകടമാക്കുന്നതിനുള്ള ഒരു നല്ല മാർഗ്ഗമാണ് ഉദാരമായ കൊടുക്കൽ.
ഒരു ക്രിസ്ത്യാനി യഹോവയാം ദൈവത്തിന്റെ ആരാധനയെ പുരോഗമിപ്പിക്കുന്നതിന് കൊടുക്കുന്ന സംഭാവനകൾക്ക് നിശ്ചിതമായ പരിധി വെക്കാതിരിക്കാൻ തീരുമാനിച്ചേക്കാം. ദൃഷ്ടാന്തീകരിക്കുന്നതിന്: യഹോവയുടെ സാക്ഷികളുടെ ഒരു സമ്മേളനത്തിൽ സംബന്ധിച്ചുകൊണ്ടിരുന്നപ്പോൾ രണ്ടു വൃദ്ധ സഹോദരിമാർ രാജ്യവേലക്കു കൊടുക്കേണ്ട സംഭാവനയെക്കുറിച്ച് ചർച്ചചെയ്യുകയായിരുന്നു. സമ്മേളനസ്ഥലത്ത് ഭക്ഷണം കിട്ടുന്നതിന് സംഭാവന കൊടുക്കാൻ സഹോദരിമാരിൽ 87വയസ്സുണ്ടായിരുന്ന ഒരാൾ അതിന്റെ വില ചോദിച്ചു. 90 വയസ്സുണ്ടായിരുന്ന മറേറ സഹോദരി പറഞ്ഞു: ‘അതിന്റെ വിലയായിരിക്കുമെന്നു നിങ്ങൾ വിചാരിക്കുന്നതും അല്പംകൂടെയും കൊടുക്കുക.’ ഈ പ്രായമേറിയ സഹോദരി എത്ര നല്ല മനോഭാവമാണ് പ്രകടമാക്കിയത്!
യഹോവയുടെ ജനം തങ്ങളുടെ സർവ്വസ്വവും അവന് സമർപ്പിച്ചിരിക്കുന്നതിനാൽ അവർ സത്യാരാധനയെ പിന്താങ്ങുന്നതിന് സന്തോഷപൂർവം പണസംഭാവനകളും മററു സംഭാവനകളും കൊടുക്കുന്നു. (2 കൊരിന്ത്യർ 8:12) യഥാർത്ഥത്തിൽ, ക്രിസ്തീയ കൊടുക്കൽരീതി യഹോവയുടെ ആരാധനയോടുള്ള അഗാധമായ വിലമതിപ്പു പ്രകടമാക്കുന്നതിനുള്ള അവസരങ്ങൾ പ്രദാനംചെയ്യുന്നു. അങ്ങനെയുള്ള കൊടുക്കൽ ഒരു ദശാംശത്തിൽ അഥവാ പത്തിലൊന്നിൽ ഒതുങ്ങുന്നില്ല, രാജ്യതാത്പര്യങ്ങളെ പുരോഗമിപ്പിക്കുന്നതിന് കൂടുതൽ കൊടുക്കുന്നതിന് ഒരു ക്രിസ്ത്യാനി പ്രേരിതനാകുന്ന സാഹചര്യങ്ങൾ ഉണ്ടായിരിക്കാം.—മത്തായി 6:33.
അപ്പോസ്തലനായ പൗലോസ് ഇങ്ങനെ പറഞ്ഞു: “അവനവൻ ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. സങ്കടത്തോടെ അരുതു. നിർബന്ധത്താലുമരുതു; സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു.” (2 കൊരിന്ത്യർ 9:7) സത്യാരാധനയുടെ പിന്തുണക്കായി നിങ്ങൾ സന്തോഷപൂർവവും ഉദാരവുമായി കൊടുക്കുന്നുവെങ്കിൽ നിങ്ങൾ വിജയിക്കും, എന്തെന്നാൽ ഒരു ജ്ഞാനപൂർവകമായ സദൃശവാക്യം ഇങ്ങനെ പറയുന്നു: “നിന്റെ വിലയേറിയ വസ്തുക്കൾകൊണ്ടും നിന്റെ സകല വിളവിന്റെയും ആദ്യഫലങ്ങൾകൊണ്ടും യഹോവയെ ബഹുമാനിക്കുക. അപ്പോൾ നിന്റെ കളപ്പുരകൾ സമൃദ്ധമായി നിറയും; നിന്റെ സ്വന്തം ചക്കുകളിൽ പുതുവീഞ്ഞ് കവിഞ്ഞൊഴുകും.”—സദൃശവാക്യങ്ങൾ 3:9, 10, NW.
നമുക്ക് അത്യുന്നതനെ സമ്പന്നനാക്കാൻ കഴിയില്ല. സകല പൊന്നും വെള്ളിയും ഒരു ആയിരം പർവതങ്ങളിലെ മൃഗങ്ങളും എണ്ണമില്ലാത്ത വിലയേറിയ വസ്തുക്കളുമെല്ലാം അവന്റേതാണ്. (സങ്കീർത്തനം 50:10-12) നമുക്കായുള്ള ദൈവത്തിന്റെ സകല ഉപകാരങ്ങൾക്കും വേണ്ടി അവന് തിരികെ കൊടുക്കാനും നമുക്ക് കഴികയില്ല. എന്നാൽ നമുക്ക് അവനോടും അവന്റെ സ്തുതിക്കായി വിശുദ്ധസേവനമർപ്പിക്കുന്നതിനുള്ള നമ്മുടെ പദവിയോടുമുള്ള നമ്മുടെ അഗാധമായ വിലമതിപ്പ് പ്രകടമാക്കാൻ കഴിയും. അങ്ങനെയുള്ള അനുഗ്രഹങ്ങൾ ശുദ്ധാരാധനയുടെ ഉന്നമനത്തിനുവേണ്ടി ഉദാരമായി കൊടുക്കുന്നവരിലേക്കും സ്നേഹവാനും ഉദാരമതിയുമായ ദൈവമായ യഹോവയെ ബഹുമാനിക്കുന്നവരിലേക്കും പ്രവഹിക്കുന്നുവെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും.—2 കൊരിന്ത്യർ 9:11. (w91 12/1)
[30-ാം പേജിലെ ചതുരം]
ചിലർ രാജ്യവേലക്ക് സംഭാവനചെയ്യുന്ന വിധം
◻ ലോകവ്യാപകവേലക്കുള്ള സംഭാവനകൾ: അനേകർ ഒരു തുക മാററിവെക്കുകയോ ബജററിൽ ഉൾപ്പെടുത്തുകയോ ചെയ്യുന്നു, അത് അവർ “സൊസൈററിയുടെ ലോകവ്യാപകവേലക്കുള്ള സംഭാവനകൾ”—മത്തായി 24:14” എന്ന ലേബലുള്ള സംഭാവനപ്പെട്ടികളിൽ നിക്ഷേപിക്കുന്നു. ഓരോ മാസവും സഭകൾ ഒന്നുകിൽ ബ്രൂക്ലിൻ, ന്യൂയോർക്കിലെ ലോക ഹെഡ്ക്വാർട്ടേഴ്സിലേക്ക് അല്ലെങ്കിൽ ഏററവും അടുത്ത ബ്രാഞ്ചാഫിലേക്ക് അയക്കുന്നു.
◻ ദാനങ്ങൾ: പണപരമായ സ്വമേധയാസംഭാവനകൾ വാച്ച്ററവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി ഓഫ് പെൻസിൽവേനിയാ, 25 കൊളംബിയാ ഹൈററ്സ്, ബ്രൂക്ലിൻ, ന്യൂയോർക്ക്, 11201ലേക്ക് അല്ലെങ്കിൽ സൊസൈററിയുടെ സ്ഥലത്തെ ബ്രാഞ്ചാഫീസിലേക്ക് നേരിട്ട് അയക്കാവുന്നതാണ്. ആഭരണങ്ങളോ മററ് വിലപിടിപ്പുള്ള വസ്തുക്കളോ സംഭാവന ചെയ്യാവുന്നതാണ്. അങ്ങനെയുള്ളവ നേരിട്ടുള്ള ഒരു ദാനമാണെന്ന് പ്രസ്താവിക്കുന്ന ഒരു കത്ത് ഈ സംഭാവനകളോടൊപ്പം അയക്കേണ്ടതാണ്.
◻ സോപാധിക-സംഭാവനാക്രമീകരണം: വ്യക്തിപരമായ ആവശ്യമുണ്ടാകുന്ന പക്ഷം ദാനിക്ക് മടക്കിക്കൊടുക്കുമെന്നുള്ള വ്യവസ്ഥയിൽ അയാളുടെ മരണംവരെ ട്രസ്ററായി സൂക്ഷിക്കുന്നതിന് വാച്ച്ററവർ സൊസൈററിക്ക് പണം കൊടുക്കാവുന്നതാണ്.
◻ ഇൻഷുറൻസ്: ഒരു ലൈഫ് ഇൻഷുറൻസ് പോളിസിയുടെ അല്ലെങ്കിൽ ഒരു റിട്ടയർമെൻറ്⁄പെൻഷൻ പദ്ധതിയിൽ, വാച്ച്ററവർ സൊസൈററിയെ ഗുണഭോക്താവായി നാമനിർദ്ദേശംചെയ്യാവുന്നതാണ്. അങ്ങനെയുള്ള ഏതു ക്രമീകരണവും സൊസൈററിയെ അറിയിക്കേണ്ടതാണ്.
◻ ബാങ്ക് അക്കൗണ്ടുകൾ: ബാങ്ക് അക്കൗണ്ടുകളോ, ഡിപ്പോസിററ് സർട്ടിഫിക്കററുകളോ, വ്യക്തിഗതമായ റിട്ടയർമെൻറ് അക്കൗണ്ടുകളോ വാച്ച്ററവർ സൊസൈററിക്കുള്ള ട്രസ്ററായി ഏൽപ്പിക്കാവുന്നതാണ് അല്ലെങ്കിൽ മരിക്കുമ്പോൾ സ്ഥലത്തെ ബാങ്ക്വ്യവസ്ഥകൾക്കനുസൃതമായി വാച്ച്ററവർ സൊസൈററിക്ക് കൊടുക്കേണ്ടതായി ക്രമീകരിക്കാവുന്നതാണ്. അങ്ങനെയുള്ള ഏതു ക്രമീകരണങ്ങളും സൊസൈററിയെ അറിയിക്കേണ്ടതാണ്.
◻ സ്റേറാക്കുകളും ബോണ്ടുകളും: നേരിട്ടുള്ള ഒരു ദാനമായിട്ടോ അല്ലെങ്കിൽ ആദായം ദാനിക്ക് തുടർന്നുകൊടുക്കുന്നതിനുള്ള ഒരു ക്രമീകരണത്തിൻകീഴിലോ സ്റേറാക്കുകളും ബോണ്ടുകളും വാച്ച്ററവർ സൊസൈററിക്ക് ദാനംചെയ്യാവുന്നതാണ്.
◻ ഭൂസ്വത്ത്: നേരിട്ടുള്ള ഒരു ദാനമായോ അല്ലെങ്കിൽ ദാനിയുടെ ആയുഷ്ക്കാലത്ത് തുടർന്ന് പാർക്കാൻകഴിയുന്ന ഒരു ലൈഫ്എസ്റേറററായി മാററിവെച്ചുകൊണ്ടോ, വിൽക്കാവുന്ന ഭൂസ്വത്തുക്കൾ വാച്ച്ററവർ സൊസൈററിക്ക് ദാനംചെയ്യാവുന്നതാണ്. ഏതെങ്കിലും ഭൂസ്വത്തിന്റെ ആധാരം സൊസൈററിയുടെ പേരിൽ എഴുതുന്നതിനുമുമ്പ് ഒരുവൻ സൊസൈററിയുമായി സമ്പർക്കംപുലർത്തേണ്ടതാണ്.
◻ വിൽപ്പത്രങ്ങളും ട്രസ്ററുകളും: വസ്തുവോ പണമോ നിയമാധിഷ്ഠിതമായി എഴുതിയുണ്ടാക്കിയ ഒരു വിൽപ്പത്രം മുഖേന വാച്ച്ററവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററിക്ക് അവകാശമായി കൊടുക്കാവുന്നതാണ്, അല്ലെങ്കിൽ ഒരു ട്രസ്ററ് ക്രമീകരണത്തിന്റെ ഗുണഭോക്താവായി സൊസൈററിയെ നാമനിർദ്ദേശംചെയ്യാവുന്നതാണ്. ഒരു മതസംഘടനയുടെ പ്രയോജനാർത്ഥമുള്ള ഒരു ട്രസ്ററ് ചില നികുതിയാനുകൂല്യങ്ങൾ നൽകിയേക്കാം. വിൽപ്പത്രത്തിന്റെയോ ട്രസ്ററ് ക്രമീകരണത്തിന്റെയോ ഒരു പകർപ്പ് സൊസൈററിക്ക് അയക്കേണ്ടതാണ്.
അങ്ങനെയുള്ള കാര്യങ്ങൾ സംബന്ധിച്ച് കൂടുതലായ വിവരങ്ങൾക്ക് ട്രഷറാഴ്സ് ഓഫീസ്, വാച്ച്ററവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി ഓഫ് പെൻസിൽവേനിയാ, 25 കൊളംബിയാ ഹൈററ്സ്, ബ്രൂക്ലിൻ, ന്യൂയോർക്ക്, 11,201ലേക്ക് അല്ലെങ്കിൽ സൊസൈററിയുടെ ഏററവുമടുത്തുള്ള ബ്രാഞ്ചാഫീസിലേക്ക് എഴുതുക.