നിങ്ങൾക്കുവേണ്ടിയുള്ള ഒരു ശുശ്രൂഷ?
നമ്മുടെ ജീവിതാസ്വാദനത്തിനുവേണ്ടി ഭൂമിയെ പൂർണ്ണമായി ഒരുക്കിത്തന്നതിൽ യഹോവ തന്റെ ഔദാര്യം പ്രകടമാക്കിയിരിക്കുന്നു. ആദാമും ഹവ്വായും മത്സരിച്ചതിനുശേഷം പോലും ഈ കരുതലുകൾ നിലനിൽക്കാൻ ഔദാര്യപൂർവം അവൻ അനുവദിച്ചു. അതിൽപരമായി, വിശ്വാസമുള്ള മനുഷ്യരെ പാപമാകുന്ന വിപത്തിൽനിന്ന് രക്ഷിക്കാൻ തന്റെ പുത്രനെ അയച്ചതിൽ അവൻ തന്റെ മികച്ച സ്നേഹത്തെ പ്രകടമാക്കി.—മത്തായി 5:45; യോഹന്നാൻ 3:16.
നമുക്ക് അങ്ങനെയുള്ള സ്നേഹത്തോട് എങ്ങനെ പ്രതികരിക്കാൻ കഴിയും? നാം നമ്മുടെ മുഴു ഹൃദയത്തോടും ദേഹിയോടും മനസ്സോടും ശക്തിയോടും കൂടെ നമ്മുടെ ദൈവമായ യഹോവയെ സ്നേഹിക്കേണ്ടതാണെന്ന് യേശു പറഞ്ഞു. ഇത് നാം അവനോട് നമ്മുടെ ആരാധനക്കും വിശ്വസ്തതക്കും കടപ്പെട്ടിരിക്കുന്നുവെന്നും നാം അവന്റെ ഇഷ്ടത്തിന് ചേർച്ചയായി ജീവിതം നയിക്കണമെന്നും സൂചിപ്പിക്കുന്നു.—മർക്കോസ് 12:30; 1 പത്രോസ് 4:2.
എന്നാൽ ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നതിൽ ഉൾപ്പെട്ടിരിക്കുന്നതെന്താണ്? നമുക്ക് അവനുവേണ്ടി അർപ്പിക്കാൻ കഴിയുന്ന ഒരു സേവനം—നാം പങ്കെടുക്കേണ്ട ഒരു ശുശ്രൂഷ—ഉണ്ടോ?
ശുശ്രൂഷകരുടെ ആവശ്യം
ദൈവത്തെ ആരാധിക്കുകയും സേവിക്കുകയും ചെയ്യേണ്ടതെങ്ങനെയെന്നതു സംബന്ധിച്ച് സഭകൾ ആളുകളെ കുഴപ്പിച്ചിരിക്കുകയാണ്. എന്നിരുന്നാലും, ഒരു സത്യമതമേയുള്ളുവെന്ന് ബൈബിൾ പ്രകടമാക്കുന്നു, “ഏക കർത്താവ്, ഏക വിശ്വാസം, ഏക സ്നാപനം, സകല ആളുകളുടെയും ഏക ദൈവവും പിതാവുമായവൻ.” “സത്യാരാധകർ പിതാവിനെ ആത്മാവോടും സത്യത്തോടും കൂടെ ആരാധിക്കും” എന്ന് യേശു പറഞ്ഞു. അതുകൊണ്ട് “നിങ്ങൾ എല്ലാവരും ഒന്നുതന്നെ സംസാരിക്കുകയും നിങ്ങളുടെ ഇടയിൽ ഭിന്നത ഭവിക്കാതെ . . . യോജിച്ചിരിക്കുകയും വേണം” എന്ന് അവർ ബുദ്ധിയുപദേശിക്കപ്പെട്ടിരിക്കുന്നു.—എഫേസ്യർ 4:3-6; യോഹന്നാൻ 4:23, NW; 1 കൊരിന്ത്യർ 1:10.
സത്യമതം എന്താണെന്നുള്ളതു സംബന്ധിച്ച കുഴച്ചിൽ ദൈവത്തിന്റെ ഭരണവിധത്തെ ചോദ്യംചെയ്തുകൊണ്ട് സാത്താൻ യഹോവയുടെ പരമാധികാരത്തിന്റെ ഔചിത്യത്തെ വെല്ലുവിളിച്ചപ്പോൾ ഏദെനിൽ തുടങ്ങി. (ഉല്പത്തി 3:1-6, 13) “നീതിയുടെ ശുശ്രൂഷകരായി തങ്ങളേത്തന്നെ രൂപാന്തരപ്പെടുത്തിക്കൊണ്ടിരിക്കുന്ന” വഞ്ചകരായ മതശുശ്രൂഷകരാൽ പരത്തപ്പെടുന്ന കപടോപദേശങ്ങളാൽ സാത്താൻ ഇപ്പോൾ ദൈവത്തോടുള്ള എതിർപ്പിനെ നിലനിർത്തുകയാണ്. അതുകൊണ്ട് ബൈബിൾ പറയുന്നു: “പ്രിയരേ, ഏതു നിശ്വസ്തമൊഴിയെയും വിശ്വസിക്കരുത് . . . എന്തുകൊണ്ടെന്നാൽ അനേകം കള്ളപ്രവാചകൻമാർ ലോകത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്.”—2 കൊരിന്ത്യർ 11:14, 15; 1 യോഹന്നാൻ 4:1, NW.
സന്തോഷകരമെന്നു പറയട്ടെ, ഭരണാധിപത്യത്തിന്റെ ഈ വിവാദവിഷയത്തിന് തീർപ്പുകൽപ്പിക്കാൻ ദൈവം നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മനുഷ്യവർഗ്ഗത്തെ വീണ്ടെടുക്കാൻ തന്റെ പുത്രനെ അയച്ച ശേഷം ഇപ്പോൾ യേശുവിനെ സാത്താനെയും അവന്റെ പ്രവാചകൻമാരെയും അല്ലെങ്കിൽ ശുശ്രൂഷകരെയും നശിപ്പിക്കാനുള്ള അധികാരത്തോടെ ദൈവത്തിന്റെ സ്വർഗ്ഗീയരാജ്യത്തിന്റെ രാജാവാക്കിയിരിക്കുകയാണ്. ഇത് അനുസരണമുള്ള ആളുകളുടെ നിത്യപ്രയോജനത്തിനായി ദൈവത്തിന്റെ ഇഷ്ടം ഭൂമിയിൽ ചെയ്യപ്പെടുമെന്ന് ഉറപ്പുവരുത്തും.—ദാനിയേൽ 7:13, 14; എബ്രായർ 2:9.
സാത്താൻ ഈ സത്യങ്ങളെ മറച്ചിരിക്കുകയാണ്. (2 കൊരിന്ത്യർ 4:4) അതുകൊണ്ട്, സാത്താന്റെ വ്യാജങ്ങളെ തുറന്നുകാട്ടിക്കൊണ്ടും സത്യത്തിനു സാക്ഷ്യം വഹിച്ചുകൊണ്ടും നാം ദൈവത്തിന്റെ ശുശ്രൂഷകരായി സേവിക്കേണ്ടയാവശ്യമുണ്ട്. ഈ സേവനത്തിലേക്കു വരാൻ യഹോവ നമ്മെ നിർബന്ധിക്കുന്നില്ല. യേശുവിനെപ്പോലെ നാം അവനോടും അവൻ നമുക്കുവേണ്ടി ചെയ്തിരിക്കുന്നതിനോടുമുള്ള വിലമതിപ്പിൽനിന്ന് നമ്മേത്തന്നെ അവനുവേണ്ടി സ്വമേധയാ സമർപ്പിക്കാൻ അവൻ ആഗ്രഹിക്കുന്നു.—സങ്കീർത്തനം 110:3; എബ്രായർ 12:1-3.
ക്രിസ്ത്രീയ ശുശ്രൂഷ
യേശു: “ദൈവരാജ്യം പ്രസംഗിച്ചും സുവിശേഷിച്ചുംകൊണ്ട് പട്ടണംതോറും സഞ്ചരിച്ചു.” (ലൂക്കോസ് 8:1) അവൻ തന്നേപ്പോലെയുള്ള ശുശ്രൂഷകരായിരിക്കാൻ തന്റെ ശിഷ്യൻമാരെ പരിശീലിപ്പിക്കുകയും പ്രസംഗിക്കാൻ അവരെ അയക്കുകയും ചെയ്തു. (മത്തായി 10:1-14, 27) പിന്നീട്, ശുശ്രൂഷ ഭൂമിയുടെ അറുതികളോളം തുടരാൻ അവരെ നിയോഗിച്ചു.—മത്തായി 28:19, 20; പ്രവൃത്തികൾ 1:8.
സത്യക്രിസ്ത്യാനികളുടെമേൽ ഈ നിയോഗം സ്ഥിതിചെയ്യുന്നുണ്ട്, പ്രസംഗിക്കാൻ ദൈവാത്മാവ് അവരെ പ്രേരിപ്പിക്കുന്നുമുണ്ട്. ക്രി.വ. 33ലെ പെന്തെക്കോസ്തിൽ സംഭവിച്ചതുപോലെ, സുവാർത്ത സ്വീകരിക്കുന്നവരെല്ലാം തങ്ങളുടെ വിശ്വാസത്തിന്റെ പരസ്യപ്രഖ്യാപനം നടത്താനുള്ള ഉത്തരവാദിത്തം ഏറെറടുക്കുന്നു.—പ്രവൃത്തികൾ 2:1-4, 16-21; റോമർ 10:9, 13-15.
എന്നാൽ മിക്കയാളുകൾക്കും തങ്ങളേത്തന്നെ ശുശ്രൂഷകരായി കാണാൻ കഴിയുന്നില്ല. യഹോവയുടെ സാക്ഷികളിലൊരാളായ പീററർ പറയുന്നു: “ജർമ്മനിയിലെ മനുഷ്യർ മതത്തേക്കുറിച്ചു സംസാരിക്കുന്നത് തങ്ങളുടെ മാന്യതക്ക് ചേരുന്നതല്ലെന്ന് കരുതുന്നു. ‘അത് ചെയ്യേണ്ടത് വൈദികരാണ്’ എന്ന് അവർ പറയുന്നു.” ദശാബ്ദങ്ങളായി ഒരു മിഷനറിയായിരിക്കുന്ന റേറാണി പറയുന്നതനുസരിച്ച്, ഇംഗ്ലണ്ടിലെ ജനങ്ങൾ ഇങ്ങനെ പറഞ്ഞിരിക്കുന്നു: “നിങ്ങൾ പറയുന്നത് നല്ല കാര്യമാണ്, യഹോവയുടെ സാക്ഷികൾ നല്ലയാളുകളാണെന്ന് ഞാൻ വിചാരിക്കുന്നു. എന്നാൽ വാതിൽതോറും പ്രസംഗിച്ചുനടക്കുക—എനിക്കത് ചെയ്യാൻ പററില്ല.” ബെൻ ഒരു നൈജീറിയക്കാരനുമായി കുറേക്കാലം ബൈബിൾ പഠിച്ചിരുന്നു, “വീടുതോറും പരസ്യമായി പ്രസംഗിക്കാൻ എന്നേക്കൊണ്ട് ആവില്ല, എന്നാൽ അതു ചെയ്യാൻ മനസ്സുള്ളവരെ സഹായിക്കാൻ എനിക്ക് നിങ്ങളുടെ സഭക്ക് പണംനൽകാൻ കഴിയും” എന്നാണ് ആ മനുഷ്യൻ അയാളോടു പറഞ്ഞത്. അതെ, മിക്കയാളുകൾക്കും ക്രിസ്തീയ ശുശ്രൂഷക്കാവശ്യമായ വിശ്വാസവും ബോധ്യവുമില്ല.
എന്നുവരികിലും, പരസ്യമായ പ്രസംഗം ക്രിസ്തീയസഭയിലുള്ള എല്ലാവരുടെയും ഉത്തരവാദിത്വമാണ്, പ്രായമോ ലിംഗവർഗ്ഗമോ പരിഗണിക്കാതെ. അത് ‘നേതൃത്വം വഹിക്കുന്ന’ മൂപ്പൻമാർക്കും ശുശ്രൂഷാദാസൻമാർക്കും മാത്രമുള്ളതല്ല, സാധാരണയുള്ള ക്രിസ്ത്യാനികൾക്കും ഉള്ളതാണ്. എല്ലാവരും ഇങ്ങനെ ഉദ്ബോധിപ്പിക്കപ്പെട്ടിരിക്കുന്നു: “ദൈവത്തിന് അവന്റെ നാമത്തെ ഏററുപറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അർപ്പിക്കുക. . . .നിങ്ങളെ നടത്തുന്നവരെ അനുസരിച്ച് കീഴടങ്ങിയിരിപ്പിൻ.”—എബ്രായർ 13:15, 17.
യേശു തന്റെ ഗിരിപ്രഭാഷണത്തിൽ ഒരു സമ്മിശ്ര ജനക്കൂട്ടത്തെ അഭിസംബോധനചെയ്തുകൊണ്ട് ഇങ്ങനെ പറഞ്ഞു: “എന്നോടു കർത്താവേ, കർത്താവേ എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടംചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു.” മറെറാരു സന്ദർഭത്തിൽ ദൈവേഷ്ടംചെയ്യുന്നതിൽ അവിശ്വാസികളോടു പ്രസംഗിക്കുന്നത് ഉൾപ്പെടുന്നുവെന്ന് അവൻ പ്രകടമാക്കി. ഭക്ഷണംകഴിക്കാൻവേണ്ടി ചില ശമര്യക്കാരോടു പ്രസംഗിക്കുന്നത് നിർത്താൻ അവന്റെ ശിഷ്യൻമാർ അവനെ ഉപദേശിച്ചുകൊണ്ടിരുന്നു, എന്നാൽ അവൻ പറഞ്ഞു: “എന്നെ അയച്ചവന്റെ ഇഷ്ടംചെയ്തു അവന്റെ പ്രവൃത്തി തികെക്കുന്നതുതന്നേ എന്റെ ആഹാരം.”—മത്തായി 7:21; യോഹന്നാൻ 4:27-38.
അതു നിങ്ങളുടെ ജീവിതവൃത്തിയായിരിക്കണമോ?
സാധാരണയായി ആളുകൾ ഭൗതികാഹാരവും ധനവും അന്വേഷിക്കാൻ കൂടുതലിഷ്ടപ്പെടുന്നു. എന്നാൽ നേരത്തെ ഗിരിപ്രഭാഷണത്തിൽ അങ്ങനെയുള്ള കാര്യങ്ങൾ ആകാംക്ഷാപൂർവം അന്വേഷിക്കുന്നതിനെതിരെ യേശു തന്റെ ശ്രോതാക്കളെ ബുദ്ധിയുപദേശിച്ചു. എന്നാൽ “സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിച്ചുകൊൾവിൻ. . . . മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ” എന്ന് അവൻ പറഞ്ഞു.—മത്തായി 6:20, 33.
മുമ്പെ രാജ്യം അന്വേഷിക്കുന്നതിന്റെ അർത്ഥം മററു താത്പര്യങ്ങൾ നമ്മുടെ ശുശ്രൂഷയെ അപ്രധാനമാക്കാൻ അനുവദിക്കാതിരിക്കുക എന്നാണ്. എന്നിരുന്നാലും, ഇതു ചെയ്യുന്നതിന്റെ അർത്ഥം മറെറല്ലാററിനെയും ഒഴിവാക്കുക എന്നല്ല. ദൃഷ്ടാന്തത്തിന്, യഥാർത്ഥ കുടുംബ കടപ്പാടുകളെ അവഗണിക്കാതിരിക്കാൻ ബൈബിൾ നമ്മെ പ്രോൽസാഹിപ്പിക്കുന്നു. ഇങ്ങനെയുള്ള കടപ്പാടുകൾ എല്ലാ മനുഷ്യർക്കുമുണ്ട്. അവയെ അവഗണിക്കുന്നത് ക്രിസ്തീയ വിശ്വാസത്തിനു വിരുദ്ധമായ പ്രവർത്തനമാണ്. (1 തിമൊഥെയോസ് 5:8) എന്നുവരികിലും, മററ് ഉത്തരവാദിത്വങ്ങൾ ഒരു സമീകൃതവിധത്തിൽ കൈകാര്യംചെയ്യുമ്പോൾത്തന്നെ ശുശ്രൂഷയിൽ നമുക്ക് ന്യായമായി സാധിക്കുന്നതെല്ലാം നാം ചെയ്യണം.
യേശു പറഞ്ഞു: “രാജ്യത്തിന്റെ ഈ സുവാർത്ത സകല ജനതകൾക്കും സാക്ഷ്യമായി . . . പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനംവരും.” (മത്തായി 24:14, NW) ആ പ്രവചനത്തിന്റെ സന്ദർഭം അതിന്റെ നിവൃത്തി നമ്മുടെ നാളിലാക്കുന്നു. യഹോവയുടെ പരമാധികാരത്തിന് അനുകൂലമായും സാത്താനും അവന്റെ ലോകത്തിനും എതിരായും പ്രവർത്തിക്കുന്നതിന് രാജ്യത്തിന് അധികാരം കിട്ടിയിരിക്കുന്നുവെന്നതാണ് 1914 മുതലുള്ള സുവാർത്ത. (വെളിപ്പാട് 11:15-18) ഇതിന്റെ അർത്ഥസൂചനകളെക്കുറിച്ച് നാം സഗൗരവം ചിന്തിക്കണം. അവസാനം വരും, അതിനുമുമ്പ് നാം പ്രസംഗവേല ചെയ്തുതീർക്കേണ്ടതാണ്. ജീവിതങ്ങൾ അപകടത്തിലാണ്; അവരിലനേകരെ രക്ഷിക്കാൻ നമുക്ക് കഴിയും.
പൂർണ്ണതയേറിയ ഒരു ശുശ്രൂഷ എത്തിപ്പിടിക്കുക
യഹോവയുടെ സാക്ഷികളിലനേകർ ഓരോ മാസവും മററുള്ളവരുമായി സുവാർത്ത പങ്കുവെച്ചുകൊണ്ട് പത്തോ അധികമോ മണിക്കൂർ ചെലവഴിക്കുന്നു. ആയിരങ്ങൾ സഹായ പയനിയർമാർ എന്ന നിലയിൽ ദിവസവും രണ്ടോ അധികമോ മണിക്കൂർ ചെലവഴിക്കുന്നു. മററു ചിലർ നിരന്തരപയനിയർമാരായോ പ്രത്യേകപയനിയർമാരായോ തുടർച്ചയായി സേവിക്കുന്നു. അവർ ഈ വേലയുടെ അടിയന്തിരതയെ വിലമതിക്കുകയും ഈ അസന്തുഷ്ട ലോകത്തിന്റെ അവസാനം വരുന്നതിനുമുമ്പ് വേല ചെയ്തുതീർക്കുന്നതിന് സാധ്യമാകുന്നടത്തോളം ഏററവും പൂർണ്ണമായ പങ്കുണ്ടായിരിക്കാനാഗ്രഹിക്കുകയും ചെയ്യുന്നു.
നിങ്ങൾ ഇപ്പോൾത്തന്നെ യഹോവയുടെ ഒരു സജീവസാക്ഷിയാണോ? എങ്കിൽ കുറേക്കൂടെ പൂർണ്ണമായ പങ്കിനുവേണ്ടി എത്തിപ്പിടിക്കുക. ശുശ്രൂഷയിൽ കൂടുതൽ നിർവഹിക്കാൻ ശ്രമിച്ചുകൊണ്ട് പ്രസംഗത്തിലും പഠിപ്പിക്കലിലുമുള്ള നിങ്ങളുടെ പ്രാപ്തി മെച്ചപ്പെടുത്തുക. നിങ്ങൾ ഒരു പയനിയറായിത്തീരാനുള്ള സ്ഥാനത്താണെങ്കിൽ, അങ്ങനെ ചെയ്യുക. നിങ്ങളുടെ സാഹചര്യങ്ങൾ യഥാർഥമായി അതിന് അനുവദിക്കുന്നില്ലെങ്കിൽ, ഈ സേവനത്തെ എത്തിപ്പിടിക്കാൻ കഴിയുന്നവരെ പ്രോൽസാഹിപ്പിക്കുക.
നിങ്ങൾ യഹോവയുടെ ഒരു സമർപ്പിത സാക്ഷിയല്ലെങ്കിൽ, ശുശ്രൂഷ നിങ്ങൾക്കുള്ളതല്ലെന്ന് പറയരുത്. ഒരു മെക്കാനിക്കൽ എൻജിനിയറായി പീററർ എന്നു പേരുള്ള മറെറാരു മനുഷ്യൻ അയാളുടെ ഭാര്യ മററുള്ളവർക്ക് സുവാർത്ത പങ്കുവെക്കുന്നതിനെ ശക്തമായി എതിർത്തു. “എന്റെ ഭാര്യയെ വീടുതോറും പ്രസംഗിക്കാൻ വിടാൻ എനിക്കെങ്ങനെ കഴിയും?” എന്ന് അയാൾ ചോദിക്കുമായിരുന്നു. ദൈവവചനത്തിലെ സത്യംസംബന്ധിച്ച അവളുടെ ദൃഢമായ ബോധ്യം വർഷങ്ങളോളം നിരീക്ഷിച്ച ശേഷം അയാളും ബൈബിൾ പഠിക്കാൻ തീരുമാനിച്ചു. ഇപ്പോൾ, അയാളുടെ ഭാര്യയെപ്പോലെ, അയാളും സമർപ്പിതനും സ്നാപനമേററവനുമായ സുവാർത്തയുടെ ഒരു ശുശ്രൂഷകനാണ്.
അതുകൊണ്ട് യഹോവയെ സേവിക്കുന്നതിനുള്ള പദവിയിൽനിന്ന് നിങ്ങളേത്തന്നെ മാററിനിർത്തരുത്. ബൈബിൾ പഠിക്കാനും സത്യക്രിസ്ത്യാനികളുമായി അവരുടെ മീററിംഗുകളിൽ സഹവസിക്കാനും ഞങ്ങൾ നിങ്ങളെ പ്രോൽസാഹിപ്പിക്കുകയാണ്. ഇത് നിങ്ങളുടെ ജീവിതത്തെ ദൈവത്തിന്റെ നീതിക്കനുയോജ്യമായി കരുപ്പിടിപ്പിക്കുന്നതിനും അവന്റെ ഉദ്ദേശ്യങ്ങളിലുള്ള ദൃഢമായ വിശ്വാസം കെട്ടുപണിചെയ്യുന്നതിനും നിങ്ങളെ സഹായിക്കും. ഇതിൽ നിങ്ങൾ പുരോഗതിവരുത്തുന്നുവെങ്കിൽ, നിങ്ങളും ഒരു ദൈവശുശ്രൂഷകനായിത്തീരാൻ യോഗ്യനായിത്തീരും. അപ്പോൾ നിങ്ങൾക്ക് യേശുവിന്റെ ഈ കല്പന നിറവേററുന്നതിൽ പങ്കെടുക്കാൻ പദവിയുണ്ടായിരിക്കും: “ആകയാൽ നിങ്ങൾ പുറപ്പെട്ട് . . . ഞാൻ നിങ്ങളോടു കല്പിച്ചതൊക്കെയും പ്രമാണിപ്പാൻതക്കവണ്ണം ഉപദേശിച്ചുകൊണ്ട് . . . ശിഷ്യരാക്കിക്കൊൾവിൻ.”—മത്തായി 28:19, 20.
അതെ, നിങ്ങൾക്ക് പങ്കെടുക്കാവുന്ന ഒരു ശുശ്രൂഷയുണ്ട്, നിങ്ങൾ അങ്ങനെ ചെയ്യുന്നത് എന്നെത്തേതിലുമധികം അടിയന്തിരമാണ്. (w91 12/15)
[27-ാം പേജിലെ ചതുരം]
ഒരു കുടുംബത്തെ പോറേറണ്ടതുള്ള ഒരു നേഴ്സ് പറയുന്നു: “ഞാൻ ജോലി ചെയ്യുന്ന ആശുപത്രിയിലേക്ക് ദിവസവും ഒരു മണിക്കൂർ യാത്രചെയ്യുന്നു, തന്നിമിത്തം എനിക്ക് സഹായ പയനിയറിംഗ് നടത്താൻ കഴികയില്ലെന്ന് ഞാൻ വിചാരിച്ചു. എന്നാൽ ജോലിക്കു പോകുന്നതിനു മുമ്പ് ദിവസവും അതിരാവിലെയും വിശ്രമവേളകളിലും അവധിദിവസങ്ങളിലും വയൽസേവനത്തിൽ പങ്കെടുക്കത്തക്കവണ്ണം ഞാൻ ശ്രദ്ധാപൂർവം എന്റെ പ്രവർത്തനങ്ങളെ ക്രമീകരിച്ചു. ഒരു മാസത്തിന്റെ അവസാനമായപ്പോഴേക്ക് ഞാൻ പ്രസംഗവേലയിൽ 117 മണിക്കൂർ ചെലവഴിച്ചപ്പോഴത്തെ എന്റെ സന്തോഷം നിങ്ങൾക്ക് ഊഹിക്കാൻ കഴിയും! ഞാൻ 263 മാസികയും മാസികകളുടെ 22 വരിസംഖ്യകളും സമർപ്പിച്ചു, 3 ബൈബിളദ്ധ്യയനങ്ങൾ തുടങ്ങാനും സാധിച്ചു.”
[29-ാം പേജിലെ ചതുരം]
മിഖായേലിന് ഏഴു കൊച്ചുകുട്ടികൾ ഉണ്ട്. അയാൾക്ക് ഒരു നൈജീറിയൻകോളജിൽ ഉത്തരവാദിത്വമുള്ള ഒരു ജോലിയുണ്ട്. അയാൾ ക്രിസ്തീയ സഭയിലെ ഒരു മൂപ്പനുമാണ്. അയാൾക്ക് ആയിരക്കണക്കിന് സാക്ഷികളുടെ വീക്ഷണമാണുള്ളത്:
“ഞാൻ ശുശ്രൂഷയെ എന്റെ ജീവിതവൃത്തിയായി വീക്ഷിക്കുന്നു, ‘ഞാൻ നട്ടു, അപ്പല്ലോസ് നനെച്ചു, എന്നാൽ ദൈവം വളർത്തിക്കൊണ്ടിരുന്നു’ എന്ന് പൗലോസ് പറഞ്ഞതായി എപ്പോഴും അനുസ്മരിക്കുകയും ചെയ്യുന്നു. എന്റെ ഭാര്യയും ഞാനും സുവാർത്തയുടെ വീടുതോറുമുള്ള ഹ്രസ്വമായ ചർച്ചാവേളകളിൽ ‘നടുന്നു.’ നാം ചെയ്യണമെന്ന് യേശു പറഞ്ഞതുപോലെ, ബൈബിളിൽനിന്ന് പഠിപ്പിക്കുന്നതിന് താത്പര്യം കാണിക്കുന്നവരുടെ അടുക്കലേക്ക് മടങ്ങിച്ചെന്നുകൊണ്ട് ഞങ്ങൾ ‘നനയ്ക്കുന്നു.’ വാരംതോറുമുള്ള ഭവനബൈബിളദ്ധ്യയനങ്ങൾ സത്യത്തിന്റെ പരിജ്ഞാനത്തിലെത്തുന്നതിന് ഒട്ടേറെയാളുകളെ—ചില കേസുകളിൽ—മുഴുകുടുംബങ്ങളെയും—സഹായിച്ചിട്ടുണ്ട്.”