യഹോവയെ ഭയപ്പെടുകയും അവന്റെ വിശുദ്ധനാമത്തെ മഹത്വപ്പെടുത്തുകയും ചെയ്യുക
“യഹോവേ, നീ മാത്രം വിശ്വസ്തനായിരിക്കുകയാൽ ആർ നിന്നെ യഥാർത്ഥത്തിൽ ഭയപ്പെടാതെയും നിന്റെ നാമത്തെ മഹത്വപ്പെടുത്താതെയുമിരിക്കും?”—വെളിപ്പാട് 15:4, NW.
1, 2. (എ) യഹോവ 1991-ൽ സ്വർഗ്ഗീയ കിളിവാതിലുകൾ തുറന്നതെങ്ങനെ? (ബി) “യഹോവയെ ഭയപ്പെടുക” എന്ന ബുദ്ധിയുപദേശം കൊടുക്കുന്നതിന് ഏത് ജീവിതാനുഭവം ഒരു വിശ്വസ്ത മിഷനറിയെ പ്രേരിപ്പിച്ചു? (1991ലെ വാർഷികപ്പുസ്തകത്തിന്റെ 187-9വരെ പേജുകളും കാണുക.)
യഹോവ ‘ആകാശങ്ങളുടെ കിളിവാതിലുകൾ തുറന്ന് യഥാർത്ഥത്തിൽ മേലാൽ കുറവില്ലാതാകുവോളം അനുഗ്രഹം പകർന്നു.’ അടുത്ത കാലങ്ങളിലെ യഹോവയുടെ സാക്ഷികൾക്ക് ആ വാക്കുകൾ വീണ്ടും വീണ്ടും ബാധകമാക്കാൻ കഴിയും. (മലാഖി 3:10) ദൃഷ്ടാന്തത്തിന്, 1991-ലെ സേവനവർഷത്തിൽ, തെക്കെ അമേരിക്കയിലെ ബ്യൂനോസ് അയേഴ്സിലും പൗരസ്ത്യദേശത്തെ മനിലായിലും റെറയ്പേയിലും ബാങ്കോക്കിലും നടന്ന “നിർമ്മലഭാഷാ” കൺവെൻഷനിൽ തുടങ്ങി കിഴക്കൻയൂറോപ്പിലെ ബുഡാപെസ്ററിലും പ്രേഗിലും സാഗ്രബിലും (ഓഗസ്ററ് 16-18വരെ) നടന്ന “സ്വാതന്ത്ര്യസ്നേഹികൾ” കൺവെൻഷൻവരെ ഭൂമിക്കും ചുററും നടന്ന പ്രത്യേക കൺവെൻഷനുകളിലെ ക്രിസ്തീയ കൂട്ടായ്മകളിൽ സന്ദർശക സാക്ഷികളുടെയും തദ്ദേശീയ സമ്മേളിതരുടെയും ഉത്സാഹം കവിഞ്ഞൊഴുകി.
2 ആ സ്ഥലങ്ങളിൽ ദീർഘകാലം വിശ്വസ്തരായിരുന്നിട്ടുള്ള സാക്ഷികളെ കണ്ടുമുട്ടുന്നത് വിദേശത്തുനിന്നുള്ള പ്രതിനിധികൾക്ക് എന്തൊരു സന്തോഷമായിരുന്നു! ദൃഷ്ടാന്തത്തിന്, ബാങ്കോക്കിൽ ഒരു കാലത്ത് തായ്ലണ്ടിലെ ഏക രാജ്യപ്രസംഗകനായിരുന്ന ഫ്രാങ്ക് ഡേവാർ തന്റെ 58വർഷത്തെ മിഷനറിസേവനത്തെക്കുറിച്ച് പറയുകയുണ്ടായി. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പസഫിക് ദ്വീപുകൾ മുതൽ ദക്ഷിണപൂർവേഷ്യവരെയും ചൈനയിലേക്കുപോലും വ്യാപിച്ചുകിടന്നു. അദ്ദേഹം കപ്പൽചേതത്താലും കാടുകളിലെ വന്യമൃഗങ്ങളാലും ഉഷ്ണമേഖലാ രോഗങ്ങളാലും ജാപ്പനീസ് യുദ്ധപ്രഭുക്കൻമാരുടെ ക്രൂരഭരണത്താലുമുള്ള അപകടങ്ങളെ അഭിമുഖീകരിച്ചിരുന്നു. സമ്മേളിതർക്ക് താൻ എന്തു ബുദ്ധിയുപദേശം കൊടുക്കുമെന്ന് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി ലളിതമായ ഒന്നായിരുന്നു: “യഹോവയെ ഭയപ്പെടുക!”
3. നാം ദൈവികഭയം പ്രകടിപ്പിക്കേണ്ടതെന്തുകൊണ്ട്?
3 “യഹോവയെ ഭയപ്പെടുക!” നമ്മളെല്ലാം ആ ആരോഗ്യാവഹമായ ഭയം നട്ടുവളർത്തുന്നത് എത്ര പ്രധാനമാണ്! “യഹോവാഭയം ജ്ഞാനത്തിന്റെ ആരംഭമാകുന്നു.” (സങ്കീർത്തനം 111:10, NW) ഈ ഭയം യഹോവയെക്കുറിച്ചുള്ള ദൂഷിതമായ ഭീതിയല്ല. എന്നാൽ അത് ദൈവവചനത്തിന്റെ ഒരു പഠനത്തിലൂടെ നമുക്കു കൈവരുന്ന ഉൾക്കാഴ്ചയിൽ അധിഷ്ഠിതമായ, അവന്റെ ഭയാവഹമായ പ്രതാപത്തോടും ദൈവികഗുണങ്ങളോടുമുള്ള വർദ്ധിച്ച ആദരവാണ്. വെളിപാട് 15:3, 4ൽ (NW) മോശയുടെയും കുഞ്ഞാടിന്റെയും ഗീതം ഇങ്ങനെ പ്രഖ്യാപിക്കുന്നു: “സർവശക്തനായ യഹോവയാം ദൈവമേ, നിന്റെ പ്രവൃത്തികൾ വലുതും അത്ഭുതകരവുമാകുന്നു. നിത്യതയുടെ രാജാവേ, നിന്റെ വഴികൾ നീതിയും സത്യവുമുള്ളവ ആകുന്നു. യഹോവേ, നീ മാത്രം വിശ്വസ്തനാകയാൽ ആർ നിന്നെ യഥാർത്ഥത്തിൽ ഭയപ്പെടാതെയും നിന്റെ നാമത്തെ മഹത്വപ്പെടുത്താതെയുമിരിക്കും?” തന്റെ ആരാധകരോടുള്ള വിശ്വസ്തതയിൽ ‘യഹോവയെ ഭയപ്പെടുന്നവർക്കുവേണ്ടിയും അവന്റെ നാമത്തെക്കുറിച്ചു ചിന്തിക്കുന്നവർക്കുവേണ്ടിയും തന്റെ മുമ്പാകെ എഴുതപ്പെട്ടിരിക്കുന്ന ഒരു സ്മരണപ്പുസ്തകം’ യഹോവക്കുണ്ട്. അവർക്ക് നിത്യജീവന്റെ പ്രതിഫലം ലഭിക്കുന്നു.—മലാഖി 3:16; വെളിപ്പാട് 20:12, 15.
ദൈവികഭയം ജയം കൊള്ളുന്നു
4. ഏതു പുരാതന വിടുതൽ യഹോവയെ ഭയപ്പെടുന്നതിന് നമ്മെ പ്രോൽസാഹിപ്പിക്കണം?
4 ഇസ്രായേൽ ഫറവോന്റെ ഈജിപ്ററിൽനിന്ന് അഭിഗമിച്ചപ്പോൾ താൻ യഹോവയെ മാത്രമേ ഭയപ്പെടുന്നുള്ളുവെന്ന് മോശ പ്രകടമാക്കി. പെട്ടെന്നുതന്നെ അവർ ചെങ്കടലിനും ഈജിപ്ററിലെ സൈനികപദ്ധതിക്കുമിടയിൽ കുടുങ്ങി. അവർക്ക് എന്തു ചെയ്യാൻ കഴിയുമായിരുന്നു? “അതിന്നു മോശെ ജനത്തോടു: ഭയപ്പെടേണ്ടാ; യഹോവ ഇന്നു നിങ്ങൾക്കു ചെയ്യാനിരിക്കുന്ന രക്ഷ കണ്ടുകൊൾവിൻ; നിങ്ങൾ ഇന്നു കണ്ടിട്ടുള്ള മിസ്രയീമ്യരെ ഇനി ഒരുനാളും കാണുകയില്ല. യഹോവ നിങ്ങൾക്കുവേണ്ടി യുദ്ധംചെയ്യും. നിങ്ങൾ മിണ്ടാതിരിപ്പിൻ എന്നു പറഞ്ഞു.” യഹോവ അത്ഭുതകരമായി വെള്ളങ്ങളെ വിഭാഗിച്ചു. ഇസ്രായേല്യർ കടൽത്തട്ടിലൂടെ മാർച്ചുചെയ്തു. അപ്പോൾ വീണ്ടും വെള്ളങ്ങൾ ഇരച്ചുവന്നുകൂടി. ഫറവോന്റെ സൈന്യങ്ങൾ തുടച്ചുനീക്കപ്പെട്ടു. ദൈവഭയമുണ്ടായിരുന്ന ആ ജനതയെ യഹോവ രക്ഷിച്ചു, അതേ സമയം ദൈവത്തെ അപമാനിക്കുന്ന ഈജിപ്ററിൻമേൽ ന്യായവിധി നടത്തുകയും ചെയ്തു. അതുപോലെതന്നെ ഇന്നും അവൻ ദൈവഭയമുള്ള തന്റെ സാക്ഷികളെ സാത്താന്റെ ലോകത്തിൽനിന്ന് വിടുവിക്കുന്നതിൽ തന്റെ വിശ്വസ്തത പ്രദർശിപ്പിക്കും.—പുറപ്പാട് 14:13, 14; റോമർ 15:4.
5, 6. നാം മനുഷ്യരെയല്ല, യഹോവയെ ഭയപ്പെടണമെന്ന് യോശുവായുടെ കാലത്തെ ഏതു സംഭവങ്ങൾ പ്രകടമാക്കുന്നു?
5 ഈജിപ്ററിൽനിന്നുള്ള പുറപ്പാടിനുശേഷം മോശ വാഗ്ദത്തദേശത്തേക്ക് 12 ചാരൻമാരെ അയച്ചു. പത്തുപേർ രാക്ഷസ സമാനരായ നിവാസികളെ കണ്ടതിൽ ഭയന്നുപോകുകയും ദേശത്തു പ്രവേശിക്കുന്നതിൽനിന്ന് ഇസ്രായേല്യരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ മറേറ രണ്ടുപേർ, യോശുവായും കാലേബും ഇങ്ങനെ റിപ്പോർട്ടുചെയ്തു: “ഞങ്ങൾ സഞ്ചരിച്ച് ഒററുനോക്കിയ ദേശം എത്രയും നല്ല ദേശമാകുന്നു. യഹോവ നമ്മിൽ പ്രസാദിക്കുന്നു എങ്കിൽ അവൻ നമ്മെ പാലും തേനും ഒഴുകുന്ന ആ ദേശത്തേക്കു കൊണ്ടുചെന്ന് നമുക്ക് അതു തരും. യഹോവയോടു നിങ്ങൾ മത്സരിക്കുക മാത്രം അരുത്; ആ ദേശത്തിലെ ജനത്തെ ഭയപ്പെടരുത്. അവർ നമുക്ക് ഇരയാകുന്നു; അവരുടെ ശരണം പൊയ്പോയിരിക്കുന്നു; നമ്മോടുകൂടെ യഹോവ ഉള്ളതുകൊണ്ടു അവരെ ഭയപ്പെടരുത്.”—സംഖ്യാപുസ്തകം 14:7-9.
6 എന്നിരുന്നാലും, ആ ഇസ്രായേല്യർ മാനുഷഭയത്തിന് വഴങ്ങി. തത്ഫലമായി അവർ വാഗ്ദത്ത ദേശത്ത് ഒരിക്കലും എത്തിയില്ല. എന്നാൽ യോശുവായും കാലേബും ഇസ്രായേല്യരുടെ ഒരു പുതിയ തലമുറയോടുകൂടെ ആ വിശിഷ്ട ദേശത്തു പ്രവേശിക്കുന്നതിനും അതിലെ മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും കൃഷിചെയ്യുന്നതിനുമുള്ള പദവി ആസ്വദിച്ചു. കൂടിവന്ന ഇസ്രായേൽജനത്തോടുള്ള തന്റെ യാത്രാവന്ദന പ്രസംഗത്തിൽ യോശുവാ ഈ ബുദ്ധിയുപദേശം കൊടുത്തു: “നിങ്ങൾ യഹോവയെ ഭയപ്പെട്ട് അവനെ പരമാർത്ഥതയോടും വിശ്വസ്തതയോടുംകൂടെ സേവിപ്പിൻ.” “ഞാനും എന്റെ കുടുംബവുമോ ഞങ്ങൾ യഹോവയെ സേവിക്കും” എന്ന് യോശുവാ കൂട്ടിച്ചേർത്തു. (യോശുവാ 24:14, 15) ദൈവത്തിന്റെ നീതിയുള്ള പുതിയ ലോകത്തിലേക്ക് പ്രവേശിക്കാൻ നാം ഒരുങ്ങിക്കൊണ്ടിരിക്കെ യഹോവയെ ഭയപ്പെടുന്നതിന് കുടുംബത്തലവൻമാർക്കും മററുള്ള എല്ലാവർക്കും എന്തു പ്രോൽസാഹകമായ വാക്കുകൾ!
7. ദാവീദ് ദൈവഭയത്തിന്റെ പ്രാധാന്യത്തെ ദൃഢീകരിച്ചതെങ്ങനെ?
7 ഇടയബാലനായിരുന്ന ദാവീദ് ദൈവനാമത്തിൽ ഗോലിയാത്തിനെ വെല്ലുവിളിച്ചപ്പോൾ അവനും മാതൃകാപരമായ യഹോവാഭയം പ്രകടമാക്കി. (1 ശമുവേൽ 1:45, 47) തന്റെ മരണശയ്യയിൽ ദാവീദിന് ഇങ്ങനെ പ്രഖ്യാപിക്കാൻകഴിഞ്ഞു: “എന്നിലൂടെ സംസാരിച്ചത് യഹോവയുടെ ആത്മാവായിരുന്നു, അവന്റെ വചനം എന്റെ നാവിൻമേൽ ഉണ്ടായിരുന്നു. ഇസ്രായേലിന്റെ ദൈവം പറഞ്ഞു, എന്നോട് ഇസ്രായേലിന്റെ പാറ സംസാരിച്ചു, ‘ദൈവഭയത്തിൽ ഭരിച്ചുകൊണ്ട്, മനുഷ്യവർഗ്ഗത്തിൻമേൽ ഭരിക്കുന്നവൻ നീതിമാനായിരിക്കുമ്പോൾ, അപ്പോൾ അത് സൂര്യൻ പ്രകാശിക്കുമ്പോൾ, പ്രഭാതത്തിന്റെ, മേഘങ്ങളില്ലാത്ത പ്രഭാതത്തിന്റെ വെളിച്ചംപോലെയാണ്.’” (2 ശമുവേൽ 23:2-4, NW.) ഈ ലോകത്തിലെ ഭരണാധികാരികളുടെ ഇടയിൽ ദൈവഭയം ഇല്ല, ഫലം എത്ര ദയനീയം! “ദാവീദിന്റെ പുത്രൻ” ആയ യേശു യഹോവാഭയത്തോടെ ഭൂമിയെ ഭരിക്കുമ്പോൾ എത്ര വ്യത്യസ്തമായിരിക്കും!—മത്തായി 21:9.
യഹോവാഭയത്തിൽ പ്രവർത്തിക്കൽ
8. യെഹോശാഫാത്തിൻകീഴിൽ യഹൂദാ അഭിവൃദ്ധിപ്പെട്ടതെന്തുകൊണ്ട്, ഇന്നത്തേക്ക് എന്തു സൂചിപ്പിച്ചുകൊണ്ട്?
8 ദാവീദിന്റെ മരണശേഷം ഏതാണ്ട് നൂറു വർഷംകഴിഞ്ഞ്, യെഹോശാഫാത്ത് യഹൂദയിൽ രാജാവായി. ഇവിടെയും യഹോവാഭയത്തോടെ സേവിച്ച ഒരു രാജാവാണുണ്ടായിരുന്നത്. അവൻ യഹൂദയിൽ ദിവ്യാധിപത്യക്രമം പുനഃസ്ഥാപിക്കുകയും ദേശത്തുടനീളം ന്യായാധിപൻമാരെ ആക്കിവെക്കുകയും അവർക്ക് ഈ നിർദ്ദേശങ്ങൾ കൊടുക്കുകയും ചെയ്തു: “നിങ്ങൾ മനുഷ്യർക്കല്ല, യഹോവക്കുവേണ്ടിയത്രേ ന്യായപാലനംചെയ്യുന്നത്; ന്യായപാലനത്തിൽ അവൻ നിങ്ങളോടുകൂടെയിരിക്കുന്നു. ആകയാൽ യഹോവാഭയം നിങ്ങളിൽ ഇരിക്കട്ടെ; സൂക്ഷിച്ചു പ്രവർത്തിച്ചുകൊൾവിൻ; നമ്മുടെ ദൈവമായ യഹോവയുടെ പക്കൽ അന്യായവും മുഖപക്ഷവും കൈക്കൂലി വാങ്ങുന്നതും ഇല്ലല്ലോ. . . . നിങ്ങൾ യഹോവാഭയത്തോടും വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടുംകൂടെ ഇങ്ങനെ പ്രവർത്തിച്ചുകൊള്ളേണം.” (2 ദിനവൃത്താന്തം 19:6-9) അങ്ങനെ, യഹൂദാ യഹോവാഭയത്തിൽ അഭിവൃദ്ധി പ്രാപിച്ചു, ഇന്ന് സഹാനുഭൂതിയുള്ള മേൽവിചാരകൻമാരുടെ സേവനത്താൽ ദൈവജനത്തിന് പ്രയോജനംകിട്ടുന്നതുപോലെതന്നെ.
9, 10. യെഹോശാഫാത്ത് യഹോവാഭയത്തിൽ ജയംകൊണ്ടതെങ്ങനെ?
9 എന്നിരുന്നാലും, യഹൂദക്ക് ശത്രുക്കൾ ഉണ്ടായിരുന്നു. അവർ ദൈവത്തിന്റെ ജനത്തെ തുടച്ചുനീക്കാൻ തീരുമാനിച്ചു. അമ്മോന്യരുടെയും മോവാബ്യരുടെയും സേയീർപർവതവാസികളുടെയും സംയുക്ത സൈന്യങ്ങൾ യഹൂദ്യപ്രദേശത്തേക്ക് കൂട്ടമായി പ്രവേശിക്കുകയും യരൂശലേമിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അത് ഒരു ശക്തമായ സൈന്യമായിരുന്നു. യെഹോശാഫാത്ത് പ്രാർത്ഥനയിൽ യഹോവയിങ്കലേക്കു തിരിഞ്ഞു, അതേ സമയം “യഹൂദ്യരൊക്കെയും അവരുടെ കുഞ്ഞുങ്ങളോടും ഭാര്യമാരോടും മക്കളോടുംകൂടെ യഹോവയുടെ സന്നിധിയിൽ നിന്നു.” പിന്നീട് ആ പ്രാർഥനക്കുത്തരമായി, യഹോവയുടെ ആത്മാവ് ലേവ്യനായ യഹസീയേലിൻമേൽ വരുകയും അവൻ ഇങ്ങനെ പറയുകയും ചെയ്തു: “യഹോവ ഇപ്രകാരം നിങ്ങളോട് അരുളിച്ചെയ്യുന്നു: ഈ വലിയ സമൂഹം നിമിത്തം ഭയപ്പെടരുത്, ഭ്രമിക്കയുമരുത്; യുദ്ധം നിങ്ങളുടേതല്ല, ദൈവത്തിന്റേതത്രേ. നാളെ അവരുടെ നേരെ ചെല്ലുവിൻ; . . . ഈ പടയിൽ പൊരുതുവാൻ നിങ്ങൾക്കു ആവശ്യമില്ല; യെഹൂദയും യെരൂശലേമും ആയുള്ളോരേ, നിങ്ങൾ സ്ഥിരമായി നിന്ന് യഹോവ നിങ്ങൾക്കു വരുത്തുന്ന രക്ഷ കണ്ടുകൊൾവിൻ; ഭയപ്പെടരുത് ഭ്രമിക്കയുമരുതു. നാളെ അവരുടെ നേരെ ചെല്ലുവിൻ; യഹോവ നിങ്ങളോടുകൂടെ ഉണ്ട്.”—2 ദിനവൃത്താന്തം 20:5-17.
10 അടുത്ത പ്രഭാതത്തിൽ, യഹൂദായിലെ ജനം നേരത്തെ എഴുന്നേററു. അവർ ശത്രുവിനെ നേരിടാൻ അനുസരണപൂർവം പുറപ്പെട്ടപ്പോൾ, യഹോശാഫാത്ത് എഴുന്നേററുനിന്നു പറഞ്ഞു: “യെഹൂദ്യരും യെരൂശലേം നിവാസികളുമായുള്ളോരേ, എന്റെ വാക്കു കേൾപ്പിൻ; നിങ്ങളുടെ ദൈവമായ യഹോവയിൽ വിശ്വസിപ്പിൻ; എന്നാൽ നിങ്ങൾ ഉറെച്ചുനിൽക്കും; അവന്റെ പ്രവാചകൻമാരെയും വിശ്വസിപ്പിൻ; എന്നാൽ നിങ്ങൾ കൃതാർത്ഥരാകും.” സായുധ പടയാളികൾക്കു മുമ്പിൽ മാർച്ചുചെയ്തുകൊണ്ട് യഹോവക്ക് പാട്ടുപാടുന്നവർ, “യഹോവയെ സ്തുതിപ്പിൻ, അവന്റെ ദയ എന്നേക്കും ഉള്ളതല്ലോ” എന്ന് പുനദ്ഗാനമായി പാടി. ശത്രുനിരകൾ അന്യോന്യം നിർമ്മൂലനാശം വരുത്തത്തക്കവണ്ണം അവരെ കുഴപ്പത്തിലാക്കിക്കൊണ്ട് യഹോവ ആ സ്നേഹദയ പ്രകടമാക്കി. യഹൂദ്യജനം മരുഭൂമിയിലെ വീക്ഷാഗോപുരത്തിങ്കലേക്കു വന്നപ്പോൾ ശത്രുക്കളുടെ ശവങ്ങൾ മാത്രമേ ശേഷിച്ചിരുന്നുള്ളു.—2 ദിനവൃത്താന്തം 20:20-24.
11. ഭയത്തിന്റെ കാര്യത്തിൽ, ജനതകൾ ദൈവജനത്തിൽനിന്ന് എങ്ങനെ വ്യത്യസ്തരായിരിക്കുന്നു?
11 ഈ അത്ഭുതകരമായ വിടുതലിനെക്കുറിച്ച് അയൽ ജനതകൾ കേട്ടപ്പോൾ, ദൈവത്തെക്കുറിച്ചുള്ള ഭീതി അവരുടെമേൽ വന്നു. മറിച്ച്, യഹോവാഭയത്തോടെ അനുസരിച്ച ജനതക്ക് ഇപ്പോൾ “ചുററും വിശ്രമം” ലഭിച്ചു. (2 ദിനവൃത്താന്തം 20:29, 30) സമാനമായി, യഹോവ അർമ്മഗെദ്ദോനിൽ ന്യായവിധി നടത്തുമ്പോൾ, ജനതകൾ ദൈവത്തെയും അവന്റെ വധാധികൃത പുത്രനായ യേശുക്രിസ്തുവിനെയും കുറിച്ചുള്ള ഭീതിയിലാകും, അവർ ദിവ്യക്രോധത്തിന്റെ ദിവസത്തിൽ നിൽക്കാൻ പ്രാപ്തരാകുകയില്ല.—വെളിപാട് 6:15-17.
12. മുൻകാലങ്ങളിൽ യഹോവാഭയത്തിന് എങ്ങനെ പ്രതിഫലം കിട്ടിയിട്ടുണ്ട്?
12 യഹോവയോടുള്ള ആരോഗ്യാവഹമായ ഭയം സമൃദ്ധമായ പ്രതിഫലം കൈവരുത്തുന്നു. നോഹ “ദൈവികഭയം പ്രകടമാക്കുകയും തന്റെ കുടുംബത്തിന്റെ രക്ഷിക്കലിനായി ഒരു പെട്ടകം നിർമ്മിക്കുകയുംചെയ്തു.” (എബ്രായർ 11:7, NW) ഒന്നാം നൂററാണ്ടിലെ ക്രിസ്ത്യാനികളെസംബന്ധിച്ചാണെങ്കിൽ, ഒരു പീഡനകാലഘട്ടത്തെ തുടർന്ന് സഭ “പരിപുഷ്ടിപ്പെട്ട് ഒരു സമാധനകാലഘട്ടത്തിൽ കടന്നു; അത് യഹോവാഭയത്തിലും പരിശുദ്ധാത്മാവിന്റെ ആശ്വാസനത്തിലും നടക്കവേ, അത് പെരുകിക്കൊണ്ടിരുന്നു”വെന്നും രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു—ഏറെയും ഇന്ന് കിഴക്കൻയൂറോപ്പിൽ അതു ചെയ്യുന്നതുപോലെതന്നെ.—പ്രവൃത്തികൾ 9:31, NW.
നൻമയെ സ്നേഹിക്കുകയും തിൻമയെ വെറുക്കുകയും ചെയ്യുക
13. എങ്ങനെ മാത്രം യഹോവയുടെ അനുഗ്രഹം നമുക്ക് അനുഭവിക്കാവുന്നതാണ്?
13 യഹോവ തികച്ചും നല്ലവനാണ്. അതുകൊണ്ട്, “യഹോവാഭയത്തിന്റെ അർത്ഥം തിൻമയെ വെറുക്കൽ” എന്നാണ്. (സദൃശവാക്യങ്ങൾ 8:13, NW) യേശുവിനെ സംബന്ധിച്ച് ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: “നീ നീതിയെ സ്നേഹിച്ചു, നീ അധർമ്മത്തെ വെറുത്തു. അതുകൊണ്ടാണ് ദൈവം, നിന്റെ ദൈവം, നിന്നെ ആനന്ദതൈലം കൊണ്ട് അഭിഷേകംചെയ്തത്.” (എബ്രായർ 1:9, NW) നാം യേശുവിനെപ്പോലെ യഹോവയുടെ അനുഗ്രഹം ആഗ്രഹിക്കുന്നുവെങ്കിൽ നാം സാത്താന്റെ ഉദ്ധതമായ ലോകത്തിലെ ചീത്തത്വത്തെയും ദുർമ്മാർഗ്ഗത്തെയും അക്രമത്തെയും അത്യാഗ്രഹത്തെയും വെറുക്കണം. (സദൃശവാക്യങ്ങൾ 6:16-19വരെ താരതമ്യപ്പെടുത്തുക.) നാം യഹോവ സ്നേഹിക്കുന്നതിനെ സ്നേഹിക്കുകയും അവൻ വെറുക്കുന്നതിനെ വെറുക്കുകയും വേണം. നാം യഹോവയെ അപ്രീതിപ്പെടുത്തുന്ന എന്തും ചെയ്യാൻ ഭയപ്പെടണം. “യഹോവാഭയത്തിൽ ഒരുവൻ തിൻമയിൽനിന്ന് അകന്നുമാറുന്നു.”—സദൃശവാക്യങ്ങൾ 16:6, NW.
14. യേശു നമുക്ക് ഒരു മാതൃക നൽകുന്നതെങ്ങനെ?
14 യേശു തന്റെ കാൽചുവടുകളെ നാം അടുത്തുപിന്തുടരുന്നതിന് ഒരു മാതൃകവെച്ചു. “തന്നെ ശകാരിച്ചിട്ട് പകരം ശകാരിക്കാതെയും കഷ്ടം അനുഭവിച്ചിട്ട് ഭീഷണം പറയാതെയും ന്യായമായി വിധിക്കുന്നവങ്കൽ കാര്യം ഭരമേൽപ്പിക്കയത്രേ ചെയ്തത്.” (1 പത്രോസ് 2:21-23) യഹോവാഭയത്തിൽ നമുക്കും സാത്താന്റെ ലോകം നമ്മുടെമേൽ കുന്നിക്കുന്ന നിന്ദകളും പരിഹാസങ്ങളും പീഡനങ്ങളും സഹിച്ചുനിൽക്കാൻ കഴിയും.
15. ദേഹത്തെ കൊല്ലാൻ കഴിയുന്നവർക്കു പകരം യഹോവയെ നാം ഭയപ്പെടേണ്ടതെന്തുകൊണ്ട്?
15 മത്തായി 10:28-ൽ (NW) യേശു നമ്മെ ബുദ്ധിയുപദേശിക്കുന്നു: “ദേഹത്തെ കൊല്ലുന്നവരും എന്നാൽ ദേഹിയെ കൊല്ലുവാൻ കഴിയാത്തവരുമായവരെ ഭയപ്പെടരുത്; എന്നാൽ ദേഹിയെയും ദേഹത്തെയും ഗീഹെന്നായിൽ നശിപ്പിക്കാൻ കഴിയുന്നവനോടുള്ള ഭയത്തിലിരിക്കുക.” യഹോവയെ ഭയപ്പെടുന്നവൻ ശത്രുവിനാൽ കൊല്ലപ്പെട്ടാലും മരണവേദനകൾ നൈമിഷികം മാത്രമാണ്. (ഹോശെയാ 13:14) പുനരുത്ഥാനം പ്രാപിക്കുമ്പോൾ അയാൾക്ക് “ഹേ, മരണമേ, നിന്റെ ജയമെവിടെ? ഹേ, മരണമേ, നിന്റെ വിഷമുള്ള് എവിടെ?” എന്ന് പറയാൻ കഴിയും.—1 കൊരിന്ത്യർ 15:55.
16. യേശു യഹോവാഭയം പ്രകടമാക്കുകയും അവനെ മഹത്വീകരിക്കുകയും ചെയ്തതെങ്ങനെ?
16 യഹോവയുടെ നീതിയെ സ്നേഹിക്കുകയും തിൻമയെ വെറുക്കുകയും ചെയ്യുന്ന എല്ലാവർക്കും യേശുതന്നെ ഒരു വിശിഷ്ടമാതൃക വെക്കുന്നു. അവന്റെ യഹോവാഭയം യോഹന്നാൻ 16:33-ൽ കാണപ്പെടുന്ന, അവന്റെ ശിഷ്യൻമാരോടുള്ള അന്തിമവാക്കുകളിൽ പ്രതിഫലിക്കുന്നു: “നിങ്ങൾക്ക് എന്നിൽ സമാധാനമുണ്ടാകേണ്ടതിന് ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ലോകത്തിൽ നിങ്ങൾക്ക് കഷ്ടം ഉണ്ട്; എങ്കിലും ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു.” യോഹന്നാന്റെ വിവരണം തുടരുന്നു: “ഇതു സംസാരിച്ചിട്ടു യേശു സ്വർഗ്ഗത്തേക്കു നോക്കി പറഞ്ഞതെന്തെന്നാൽ: പിതാവേ, നാഴിക വന്നിരിക്കുന്നു; നിന്റെ പുത്രൻ നിന്നെ മഹത്വപ്പെടുത്തേണ്ടതിന് പുത്രനെ മഹത്വപ്പെടുത്തേണമേ. . . . നീ ലോകത്തിൽനിന്ന് എനിക്കു തന്നിട്ടുള്ള മനുഷ്യർക്ക് ഞാൻ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു.”—യോഹന്നാൻ 17:1-6.
യഹോവയെ ഭയപ്പെടുകയും അവനെ സ്തുതിക്കുകയും ചെയ്യുക
17. ഏതു വിധങ്ങളിൽ നമുക്ക് യേശുവിന്റെ മാതൃക അനുകരിക്കാൻ കഴിയും?
17 നമുക്ക് യേശുവിന്റെ ധീരമായ മാതൃകയെ ഇന്ന് അനുകരിക്കാൻ കഴിയുമോ? തീർച്ചയായും യഹോവാഭയത്തിൽ നമുക്കു കഴിയും! യഹോവ തന്റെ വിശ്രുതമായ നാമത്തെയും ഗുണങ്ങളെയും നമ്മെ അറിയിച്ചിരിക്കുന്നു. നമ്മുടെ പരമാധികാര കർത്താവെന്ന നിലയിൽ അവനെ ഭയപ്പെട്ടുകൊണ്ട് നാം അവനെ ക്രൈസ്തവലോകത്തിലെ പേരില്ലാത്ത മർമ്മത്രിത്വമുൾപ്പെടെ മറെറല്ലാ ദൈവങ്ങൾക്കുമുപരിയായി ഉയർത്തുന്നു. യേശു ആരോഗ്യാവഹമായ ഒരു ഭയത്തോടെ യഹോവയെ സേവിക്കുകയും മരണമുള്ള മനുഷ്യനോടുള്ള ഭയത്തിന്റെ കെണിയിൽ കുരുങ്ങാൻ വിസമ്മതിക്കുകയും ചെയ്തു. “ക്രിസ്തു തന്റെ ഐഹികജീവകാലത്ത് തന്നെ മരണത്തിൽനിന്ന് രക്ഷിപ്പാൻ കഴിയുന്നവനോട് ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കുകയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കുകയും ചെയ്തു.” യേശുവിനെപ്പോലെ നമുക്കും നാം അനുഭവിക്കുന്ന കാര്യങ്ങളിൽനിന്ന് അനുസരണം പഠിക്കുന്നതിൽ തുടരവേ യഹോവയെ ഭയപ്പെടാം—എല്ലായ്പ്പോഴും നിത്യരക്ഷ നമ്മുടെ ലാക്കാക്കിക്കൊണ്ടുതന്നെ.—എബ്രായർ 5:7-9.
18. നമുക്ക് എങ്ങനെ ദൈവികഭയത്തോടെ ദൈവത്തിന് വിശുദ്ധസേവനം അർപ്പിക്കാവുന്നതാണ്?
18 പിന്നീട് എബ്രായക്രിസ്ത്യാനികൾക്കുള്ള ആ ലേഖനത്തിൽ, പൗലോസ് അഭിഷിക്ത ക്രിസ്ത്യാനികളെ ഇങ്ങനെ ഉദ്ബോധിപ്പിക്കുന്നു: “ആകയാൽ ഇളകാത്ത രാജ്യം പ്രാപിക്കുന്നതുകൊണ്ടു നാം നന്ദിയുള്ളവരായി ദൈവത്തിന് പ്രസാദം വരുമാറ് ഭക്തിയോടും ഭയത്തോടുംകൂടെ സേവ ചെയ്യുക.” ഇന്ന് “മഹാപുരുഷാരം” ആ വിശുദ്ധസേവനത്തിൽ പങ്കെടുക്കുന്നു. അതിൽ എന്താണടങ്ങിയിരിക്കുന്നത്? തന്റെ പുത്രനായ യേശുക്രിസ്തുവിന്റെ ബലി ഏർപ്പെടുത്തിയതിലുള്ള യഹോവയുടെ അനർഹദയ ചർച്ചചെയ്തശേഷം പൗലോസ് പറയുന്നു: “അതുകൊണ്ട് അവൻമുഖാന്തരം നാം ദൈവത്തിനു അവന്റെ നാമത്തെ ഏററുപറയുന്ന അധരഫലമെന്ന സ്തോത്രയാഗം ഇടവിടാതെ അർപ്പിക്കുക.” (എബ്രായർ 12:28; 13:12, 15) യഹോവയുടെ അനർഹദയയോടുള്ള വിലമതിപ്പിൽ, സാദ്ധ്യമാകുന്ന ഓരോ മണിക്കൂറും നാം അവന്റെ വിശുദ്ധ സേവനത്തിനു വിനിയോഗിക്കണം. ശേഷിക്കുന്ന അഭിഷിക്തക്രിസ്ത്യാനികളുടെ വിശ്വസ്തരായ കൂട്ടാളികളെന്ന നിലയിൽ മഹാപുരുഷാരമാണ് ഇന്ന് ആ വിശുദ്ധ സേവനത്തിന്റെ അധികപങ്കും നിർവഹിക്കുന്നത്. അവർ ആലങ്കാരികമായി ദൈവസിംഹാസനത്തിൻമുമ്പാകെ നിൽക്കവേ, “അവന് പകലും രാവും വിശുദ്ധസേവനം അർപ്പി”ച്ചുകൊണ്ട് രക്ഷ യഹോവയിൽനിന്നും ക്രിസ്തുവിൽനിന്നും വരുന്നുവെന്ന് പറയുന്നു.—വെളിപാട് 7:9, 10, 15, NW.
യഹോവയെ നിത്യകാലം മഹത്വപ്പെടുത്തുക
19, 20. “യഹോവയുടെ ദിവസ”ത്തിൽ ഏതു രണ്ടുതരം ഭയങ്ങൾ പ്രകടമായിരിക്കും?
19 യഹോവയുടെ നീതിമത്ക്കരണത്തിന്റെ മഹത്തായ ദിവസം സത്വരം സമീപിച്ചുവരികയാണ്! “ചൂള പോലെ കത്തുന്ന ഒരു ദിവസം വരും; അപ്പോൾ അഹങ്കാരികളൊക്കെയും സകല ദുഷ്പ്രവൃത്തിക്കാരും താളടിയാകും; വരുവാനുള്ള ആ ദിവസം വേരും കൊമ്പും ശേഷിപ്പിക്കാതെ അവരെ ദഹിപ്പിച്ചുകളയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.” ആ വിപത്ക്കരമായ കാലമാണ് “യഹോവയുടെ വലുതും ഭയങ്കരവുമായ നാൾ.” (മലാഖി 4:1, 5) അത് ദുഷ്ടൻമാരുടെ ഹൃദയങ്ങളിൽ “ഭീതി” ജനിപ്പിക്കും. അവർ “യാതൊരു പ്രകാരത്തിലും രക്ഷപ്പെടുകയില്ല.”—യിരെമ്യാവ് 8:15; 1 തെസ്സലോനീക്യർ 5:3, NW.
20 എന്നിരുന്നാലും, യഹോവയുടെ ജനം ഇന്ന് ഒരു വ്യത്യസ്തതരം ഭയത്താൽ പ്രചോദിപ്പിക്കപ്പെടുന്നു. “നിത്യസുവാർത്ത” ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്ന ദൂതൻ “ദൈവത്തെ ഭയപ്പെടുകയും അവനു മഹത്വം കൊടുക്കുകയും ചെയ്യുക, എന്തുകൊണ്ടെന്നാൽ അവനാലുള്ള ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നു” എന്നു പറഞ്ഞുകൊണ്ട് അവരെ ഉച്ചത്തിലുള്ള ഒരു ശബ്ദത്തിൽ ആഹ്വാനംചെയ്തിരിക്കുന്നു. (വെളിപ്പാട് 14:6, 7) ഹാർ-മെഗദ്ദോന്റെ പൊള്ളിക്കുന്ന ചൂട് സാത്താന്റെ ലോകത്തെ ചാമ്പലാക്കുമ്പോൾ നാം ആ ന്യായവിധിയോടുള്ള ഭയാദരവോടെ നിലകൊള്ളും. യഹോവയെ സംബന്ധിച്ച ആരോഗ്യാവഹമായ ഭയം നമ്മുടെ ഹൃദയങ്ങളിൽ മായാതെ പതിപ്പിക്കപ്പെടും. അപ്പോൾ നാം ‘യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിച്ചിരിക്കുന്ന രക്ഷിക്കപ്പെട്ടവരുടെ’ കൂട്ടത്തിൽ കണ്ടെത്തപ്പെടട്ടെ.—യോവേൽ 2:31, 32; റോമർ 10:13.
21. യഹോവാഭയം ഏതനുഗ്രഹങ്ങളിലേക്കു നയിക്കും?
21 തുടർന്ന് സകല നിത്യതയിലേക്കും നീണ്ടുകിടക്കുന്ന “ജീവിതവർഷങ്ങൾ” ഉൾപ്പെടെ അത്ഭുതകരമായ അനുഗ്രഹങ്ങൾ ലഭിക്കുന്നതായിരിക്കും! (സദൃശവാക്യങ്ങൾ 9:11; സങ്കീർത്തനം 37:9-11, 29) അതുകൊണ്ട് നമ്മുടെ പ്രത്യാശ രാജ്യം അവകാശപ്പെടുത്താനായാലും അതിന്റെ ഭൗമികമണ്ഡലത്തിൽ സേവിക്കാനായാലും ഇപ്പോൾ ദൈവിക ഭയാദരവോടെ ദൈവത്തിന് വിശുദ്ധസേവനം അർപ്പിക്കുന്നതിൽ നമുക്കു തുടരാം. അവന്റെ വിശുദ്ധനാമത്തെ നമുക്ക് തുടർന്ന് മഹത്വീകരിക്കാം. എന്ത് അനുഗൃഹീത ഫലമുണ്ടാകും? എല്ലായ്പ്പോഴും യഹോവയെ ഭയപ്പെടാനുള്ള ജ്ഞാനപൂർവകമായ ബുദ്ധിയുപദേശം നാം കാര്യമായി എടുത്തതിൽ എന്നേക്കുമുള്ള നന്ദി! (w92 1/1)
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
◻ “യഹോവാഭയ”ത്താൽ അർത്ഥമാക്കപ്പെടുന്നതെന്ത്?
◻ ദൈവഭയം അവന്റെ പുരാതനജനത്തിനു പ്രയോജനംചെയ്തതെങ്ങനെ?
◻ യേശു നമുക്കുവേണ്ടി ദൈവികഭയത്തിന്റെ ഏതു മാതൃക വെച്ചു?
◻ നമുക്ക് എങ്ങനെ യഹോവാഭയത്തിൽ നിർമ്മലത പാലിക്കാവുന്നതാണ്?
[14-ാം പേജിലെ ചിത്രം]
വെളിപാടുപുസ്തകത്തിൽ യേശുവിന്റെ സഹോദരൻമാർ യഹോവയെ സ്തുതിക്കുന്ന ഒരു ഗീതമായ “മോശയുടെ ഗീതം” പാടുന്നതായി കാണപ്പെടുന്നു
[16-ാം പേജിലെ ചിത്രം]
യെഹോശാഫാത്തിന്റെ സൈന്യം യഹോവാഭയത്തിൽ ജയംകൊള്ളുന്നു
[18-ാം പേജിലെ ചിത്രം]
സകല നിത്യതയിലേക്കും നീളുന്ന ജീവിതവർഷങ്ങളായിരിക്കും യഹോവയെ ഭയപ്പെടുന്നവരുടെ പ്രതിഫലം