വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w92 5/1 പേ. 8-13
  • യഹോവയുടെ പരിശുദ്ധാത്മ ദാനം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹോവയുടെ പരിശുദ്ധാത്മ ദാനം
  • വീക്ഷാഗോപുരം—1992
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • പരിശുദ്ധാത്മാവിന്റെ ശക്തി
  • അത്ഭുതകരമായ പ്രവൃത്തികൾ
  • നിശ്വസ്‌ത ലിഖിതങ്ങൾ
  • പരിശുദ്ധാത്മാവിലുള്ള ആശ്രയം
  • ഒന്നാം നൂററാണ്ടിൽ ദൈവത്തിന്റെ ആത്മാവ്‌
  • ദൈവത്തിന്റെ പരിശുദ്ധാത്മാവിൽനിന്നുള്ള പ്രയോജനം
  • ‘പരിശുദ്ധാത്മാവിന്റെ നാമത്തിൽ’
    വീക്ഷാഗോപുരം—1992
  • ദൈവാത്മാവിനാൽ നയിക്കപ്പെടുന്നു—ഒന്നാം നൂറ്റാണ്ടിലും ഇന്നും
    2011 വീക്ഷാഗോപുരം
  • സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കാൻ ആത്മാവിനെ അനുസരിച്ചു നടക്കുക
    2010 വീക്ഷാഗോപുരം
  • ദൈവാത്മാവിനാൽ നയിക്കപ്പെടേണ്ടത്‌ എന്തുകൊണ്ട്‌?
    2011 വീക്ഷാഗോപുരം
കൂടുതൽ കാണുക
വീക്ഷാഗോപുരം—1992
w92 5/1 പേ. 8-13

യഹോവയുടെ പരിശുദ്ധാത്മ ദാനം

“സ്വർഗ്ഗസ്ഥനായ പിതാവ്‌ തന്നോട്‌ യാചിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്രയധികം കൊടുക്കും?”—ലൂക്കോസ്‌ 11:13.

1, 2. (എ) പരിശുദ്ധാത്മാവിനെസംബന്ധിച്ച്‌ യേശു എന്തു വാഗ്‌ദാനം നൽകി, ഇത്‌ സത്യമായി ആശ്വാസദായകമായിരിക്കുന്നതെന്തുകൊണ്ട്‌? (ബി) പരിശുദ്ധാത്മാവ്‌ എന്താണ്‌?

ക്രി. വ. 32-ാമാണ്ടിലെ ശരത്‌ക്കാലത്ത്‌ യേശു യഹൂദ്യയിൽ സുവാർത്ത പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ അവൻ യഹോവയുടെ ഔദാര്യത്തെക്കുറിച്ച്‌ തന്റെ ശിഷ്യൻമാരോടു സംസാരിച്ചു. അവൻ ശക്തമായ കുറെ ദൃഷ്ടാന്തങ്ങൾ ഉപയോഗിക്കുകയും അനന്തരം ഒരു അത്ഭുതകരമായ വാഗ്‌ദത്തം നൽകിക്കൊണ്ട്‌ ഇങ്ങനെ പറയുകയും ചെയ്‌തു: “അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്ക്‌ നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നുവെങ്കിൽ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ്‌ തന്നോടു യാചിക്കുന്നവർക്ക്‌ പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും?”—ലൂക്കോസ്‌ 11:13.

2 ആ വാക്കുകൾ എന്തൊരു ആശ്വാസമാണ്‌! നാം ഈ ലോകത്തിന്റെ അന്ത്യനാളുകളുടെ പ്രക്ഷുബ്ധതയെ സഹിച്ചുനിൽക്കുകയും സാത്തന്റെയും അവന്റെ ഭൂതങ്ങളുടെയും ശത്രുതയെ അഭിമുഖീകരിക്കുകയും വീഴ്‌ചഭവിച്ച നമ്മുടെ സ്വന്തം ചായ്‌വുകളോട്‌ പോരാടുകയും ചെയ്യുമ്പോൾ ദൈവം തന്റെ ആത്മാവു മുഖേന നമ്മെ ശക്തീകരിക്കുമെന്നറിയുന്നത്‌ സത്യമായി ഹൃദയോദ്ദീപകമാണ്‌. തീർച്ചയായും, ആ പിന്തുണയില്ലാതെ വിശ്വസ്‌തമായ സഹനം അസാധ്യമാണ്‌. നിങ്ങൾ പ്രവർത്തനനിരതമായ ദൈവത്തിന്റെ സ്വന്തം ശക്തിയായ ഈ ആത്മാവിന്റെ ശക്തി അനുഭവിച്ചിട്ടുണ്ടോ? അതിന്‌ നിങ്ങളെ എത്രയധികം സഹായിക്കാൻ കഴിയുമെന്ന്‌ നിങ്ങൾ ഗ്രഹിക്കുന്നുണ്ടോ? നിങ്ങൾ അതിനെ പൂർണ്ണമായി ഉപയോഗിക്കുന്നുണ്ടോ?

പരിശുദ്ധാത്മാവിന്റെ ശക്തി

3, 4. പരിശുദ്ധാത്മാവിന്റെ ശക്തിക്ക്‌ ഉദാഹരണങ്ങൾ നൽകുക.

3 ആദ്യമായി പരിശുദ്ധാത്മാവിന്റെ ശക്തിയെക്കുറിച്ച്‌ പരിചിന്തിക്കുക. 1954 എന്ന വർഷത്തിലേക്ക്‌ പിന്തിരിഞ്ഞ്‌ ചിന്തിക്കുക. അന്നായിരുന്നു ഒരു ഹൈഡ്രജൻബോംബ്‌ സൗത്ത്‌പസഫിക്കിലെ ബിക്കിനി അറേറാളിൽ പ്രവർത്തനക്ഷമമാക്കപ്പെട്ടത്‌. ബോംബ്‌ സ്‌ഫോടനംചെയ്‌ത ശേഷം നിമിഷനേരം കൊണ്ട്‌ ആ മനോഹരമായ ദ്വീപ്‌ ഒരു ബൃഹത്തായ അഗ്നിഗോളത്താൽ ആവൃതമാകുകയും 150ലക്ഷം ടൺ ററി എൻ ററിയുടെ വിസ്‌ഫോടനത്തിനു തുല്യമായ ശക്തിയുള്ള സ്‌ഫോടനത്താൽ തകർക്കപെടുകയുംചെയ്‌തു. ആ നശീകരണശക്തി എവിടെനിന്നാണ്‌ വന്നത്‌? ബോംബിന്റെ കാമ്പായിരുന്ന യുറേനിയത്തിന്റെയും ഹൈഡ്രജന്റെയും ഒരു ചെറിയ അംശം ഊർജ്ജമായി മാറിയതിന്റെ ഫലമായിരുന്നു അത്‌. എന്നാൽ ശാസ്‌ത്രജ്ഞൻമാർ ബിക്കിനിയിൽ നിർവഹിച്ചതിന്റെ വിപരീതം അവർക്ക്‌ ചെയ്യാൻ കഴിഞ്ഞാലോ? ആ അഗ്നിമയമായ ഉർജ്ജമെല്ലാം പിടിച്ചെടുത്ത്‌ യുറേനിയത്തിന്റെയും ഹൈഡ്രജന്റെയും ചുരുക്കം ചില പൗണ്ടുകളാക്കി മാററാൻ അവർക്ക്‌ കഴിഞ്ഞുവെന്ന്‌ സങ്കൽപ്പിക്കുക. അത്‌ എന്തൊരു നേട്ടമായിരിക്കും! അതേസമയം, “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ച”പ്പോൾ അത്യന്തം വലുതായ തോതിൽ അതിനോടു സമാനമായ ഒന്നു ചെയ്‌തു.—ഉല്‌പത്തി 1:1

4 യഹോവക്ക്‌ ഗതികോർജ്ജത്തിന്റെ വമ്പിച്ച ശേഖരമുണ്ട്‌. (യെശയ്യാവ്‌ 40:26) സൃഷ്ടിപ്പിൽ, പ്രപഞ്ചമായിത്തീർന്നിരിക്കുന്ന സകല വസ്‌തുവും അവൻ നിർമ്മിച്ചപ്പോൾ ഈ ഊർജ്ജത്തിൽ കുറെ ഉപയുക്തമാക്കിയിരിക്കണം. ഈ സൃഷ്ടിപ്രവർത്തനത്തിൽ അവൻ എന്തിനെ ഉപയോഗിച്ചു? പരിശുദ്ധാത്മാവിനെ. നാം ഇങ്ങനെ വായിക്കുന്നു: “യഹോവയുടെ വചനത്താൽ ആകാശങ്ങൾതന്നെയും അവന്റെ വായിലെ ആത്മാവിനാൽ അവയിലെ സകല സൈന്യവും നിർമ്മിക്കപ്പെട്ടു.” (സങ്കീർത്തനം 33:6, NW) സൃഷ്ടിയുടെ ഉല്‌പത്തി വിവരണം ഇങ്ങനെ വായിക്കപ്പെടുന്നു: “ദൈവത്തിന്റെ പ്രവർത്തനനിരതമായ ശക്തി [പരിശുദ്ധാത്മാവ്‌] വെള്ളത്തിന്റെ ഉപരിതലത്തിൻമീതെ അങ്ങോട്ടും ഇങ്ങോട്ടും ചലിച്ചുകൊണ്ടിരുന്നു.” (ഉല്‌പത്തി 1:2 NW) പരിശുദ്ധാത്മാവ്‌ എന്തൊരു പ്രബലമായ ശക്തിയാണ്‌!

അത്ഭുതകരമായ പ്രവൃത്തികൾ

5. ഏത്‌ ഉന്നതമായ വിധങ്ങളിൽ പരിശുദ്ധാത്മാവ്‌ പ്രവർത്തിക്കുന്നു?

5 പരിശുദ്ധാത്മാവ്‌ ഇപ്പോഴും വളരെ ഉന്നതമായ വിധത്തിൽ പ്രവർത്തിക്കുന്നുണ്ട്‌. അത്‌ യഹോവയുടെ സ്വർഗ്ഗീയസ്ഥാപനത്തെ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. (യെഹെസ്‌ക്കേൽ 1:20, 21) ഹൈഡ്രജൻബോംബ്‌ പുറത്തുവിട്ട ഊർജ്ജത്തെപ്പോലെ യഹോവയുടെ ശത്രുക്കളുടെമേൽ ന്യായവിധി നടപ്പാക്കുന്നതിന്‌ അതിനെ വിനാശകരമായി ഉപയോഗിക്കാൻ കഴിയും. എന്നാൽ അത്‌ നമ്മെ അതിശയിപ്പിക്കുന്ന മററു വിധങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്‌.—യെശയ്യാവ്‌ 11:15; 30:27, 28; 40:7, 8; 2 തെസ്സലോനീക്യർ 2:8.

6. ഈജിപ്‌ററിനോടുള്ള മോശയുടെയും ഇസ്രയേൽമക്കളുടെയും ഇടപെടലുകളിൽ പരിശുദ്ധാത്മാവ്‌ അവരെ പിന്താങ്ങിയതെങ്ങനെ?

6 ദൃഷ്ടാന്തത്തിന്‌, ക്രി.മു. ഏതാണ്ട്‌ 1513-ൽ ഇസ്രായേൽമക്കളുടെ സ്വാതന്ത്ര്യം ആവശ്യപ്പെടുന്നതിനുവേണ്ടി യഹോവ ഈജിപ്‌ററിലെ ഫറവോന്റെ മുമ്പാകെ പ്രത്യക്ഷപ്പെടുന്നതിന്‌ മോശയെ അയച്ചു. അതിനുമുമ്പ്‌ കഴിഞ്ഞുപോയ 40വർഷക്കാലം മോശ മിദ്യാനിൽ ഒരു ഇടയനായിരുന്നു, തന്നിമിത്തം ഫറവോൻ ഒരു ഇടയനെ എന്തിനു ശ്രദ്ധിക്കണം? മോശ ഏക സത്യദൈവമായ യഹോവയുടെ നാമത്തിൽ വന്നതുകൊണ്ടുതന്നെ. ഇതു തെളിയിക്കുന്നതിന്‌ അത്ഭുതങ്ങൾ ചെയ്യാൻ യഹോവ അവനെ അധികാരപ്പെടുത്തി. “ഇത്‌ ദൈവത്തിന്റെ വിരലാകുന്നു!” എന്ന്‌ ഈജിപ്‌ററിലെ പുരോഹിതൻമാർ പോലും സമ്മതിക്കേണ്ടിവരത്തക്കവണ്ണം അവ അത്ര ഗംഭീരമായിരുന്നു.a (പുറപ്പാട്‌ 8:19, NW) യഹോവ ഈജിപ്‌ററിൻമേൽ പത്തു ബാധകൾ വരുത്തി. അവസാനത്തേത്‌ ഈജിപ്‌ററു വിട്ടുപോകാൻ ദൈവജനത്തെ അനുവദിക്കാൻ ഫറവോനെ നിർബന്ധിതനാക്കി. ഫറവോൻ ശാഠ്യപൂർവം തന്റെ സൈന്യങ്ങളുമായി അവരെ അനുഗമിച്ചപ്പോൾ അത്ഭുതരകമായി ചെങ്കടലിലൂടെ ഒരു വഴി തുറന്നുകിട്ടിയപ്പോൾ ഇസ്രായേല്യർ രക്ഷപ്പെട്ടു. ഈജിപ്‌ററിന്റെ സൈന്യം അവരെ പിന്തുടരുകയും കടലിൽ മുങ്ങിച്ചാകുകയും ചെയ്‌തു.—യെശയ്യാവ്‌ 63:11-14; ഹഗ്ഗായി 2:4, 5.

7. (എ) പരിശുദ്ധാത്മാവ്‌ അത്ഭുതങ്ങൾ ചെയ്‌തതിന്റെ ചില കാരണങ്ങൾ എന്തായിരുന്നു? (ബി) പരിശുദ്ധാത്മാവിനാലുള്ള അത്ഭുതങ്ങൾ മേലാൽ സംഭവിക്കുന്നില്ലെങ്കിലും ബൈബിളിലെ അവയുടെ രേഖ ആശ്വാസദായകമായിരിക്കുന്നതെന്തുകൊണ്ട്‌?

7 അതെ, യഹോവ മോശയുടെ കാലത്തും മററു സമയങ്ങളിലും ഇസ്രായേല്യർക്കുവേണ്ടി തന്റെ ആത്മാവുമുഖേന ശക്തമായ അത്ഭുതങ്ങൾ ചെയ്‌തു. ആ അത്ഭുതങ്ങളുടെ ഉദ്ദേശ്യമെന്തായിരുന്നു? അവ യഹോവയുടെ ഉദ്ദേശ്യങ്ങളെ പുരോഗമിപ്പിക്കുകയും അവന്റെ നാമം പ്രസിദ്ധമാകാനിടയാക്കുകയും അവന്റെ ശക്തിയെ പ്രകടമാക്കുകയും ചെയ്‌തു. മോശയുടെ കാര്യത്തിലെന്നപോലെ അവ ചില സമയങ്ങളിൽ ഒരു വ്യക്തിക്ക്‌ യഹോവയുടെ പിന്തുണയുണ്ടെന്ന്‌ അവിതർക്കിതമായി തെളിയിച്ചു. (പുറപ്പാട്‌ 4:1-9; 9:14-16) എന്നിരുന്നാലും, പരിശുദ്ധാത്മാവിനാൽ കൈവരുത്തപ്പെട്ട അത്ഭുതങ്ങൾ ചരിത്രത്തിലുടനീളം അപൂർവമായിരുന്നിട്ടുണ്ട്‌.b ബൈബിൾകാലങ്ങളിൽ ജീവിച്ചിരുന്ന മിക്ക വ്യക്തികളും ഒരത്ഭുതം കണ്ടിരിക്കാനിടയില്ല, ഇന്ന്‌ അവ മേലാൽ സംഭവിക്കുന്നുമില്ല. എന്നിരുന്നാലും, തരണംചെയ്യാൻ കഴിയാത്തതായി തോന്നിയേക്കാവുന്ന പ്രശ്‌നങ്ങളുമായി മല്ലടിക്കവേ, നാം വിശ്വാസത്തോടെ യഹോവയോട്‌ അപേക്ഷിക്കുന്നുവെങ്കിൽ ഫറവോന്റെ മുമ്പാകെ മോശയെ പിന്താങ്ങിയതും ചെങ്കടലിലൂടെ ഇസ്രയേലിന്‌ ഒരു വഴി തുറന്നുകൊടുത്തതുമായ അതേ ആത്മാവിനെ അവൻ നമുക്കു നൽകുമെന്ന്‌ അറിയുന്നത്‌ ഒരു ആശ്വാസമല്ലേ?—മത്തായി 17:20.

നിശ്വസ്‌ത ലിഖിതങ്ങൾ

8. പത്തു കല്‌പനകൾ നൽകിയതിൽ പരിശുദ്ധാത്മാവിന്റെ ധർമ്മം എന്തായിരുന്നു?

8 ഈജിപ്‌ററിൽനിന്നുള്ള ഇസ്രയേല്യരുടെ വിടുതലിനുശേഷം മോശ അവരെ സീനായ്‌മലയിങ്കലേക്കു നയിച്ചു. അവിടെ യഹോവ അവരുമായി ഒരു ഉടമ്പടി ചെയ്യുകയും തന്റെ ന്യായപ്രമാണം അവർക്കു കൊടുക്കുകയും ചെയ്‌തു. മോശമുഖാന്തരം കൊടുക്കപ്പെട്ട ആ ന്യായപ്രമാണത്തിന്റെ ഒരു പ്രമുഖ ഭാഗം പത്തു കല്‌പനകളായിരുന്നു. അവയുടെ മൂല പ്രതികൾ കല്‌പലകകളിൽ കൊത്തിയിരുന്നു. എങ്ങനെ? പരിശുദ്ധാത്മാവിനാൽ. ബൈബിൾ പറയുന്നു: “അവൻ സീനായിപർവ്വതത്തിൽ വെച്ചു മോശെയോട്‌ അരുളിച്ചെയ്‌തു കഴിഞ്ഞശേഷം ദൈവത്തിന്റെ വിരൽകൊണ്ട്‌ എഴുതിയ കല്‌പലകകളായ സാക്ഷ്യപലക രണ്ടും അവന്റെ പക്കൽ കൊടുത്തു.”—പുറപ്പാട്‌ 31:18; 34:1.

9, 10. എബ്രായതിരുവെഴുത്തുകളുടെ എഴുത്തിൽ പരിശുദ്ധാത്മാവ്‌ പ്രവർത്തനനിരതമായിരുന്നതെങ്ങനെ, യേശുവിന്റെ ശിഷ്യൻമാർ ഉപയോഗിച്ച പദപ്രയോഗങ്ങളിൽനിന്ന്‌ ഇത്‌ വ്യക്തമാകുന്നതെങ്ങനെ?

9 യഹോവ വിശ്വസ്‌ത സ്‌ത്രീപുരുഷൻമാരുടെ ജീവിതത്തെ വഴിനടത്താൻ തന്റെ ആത്മാവുമുഖേന പത്തുകല്‌പനകൾക്കു പുറമേ, നൂറുകണക്കിനു നിയമങ്ങളും നിബന്ധനകളും ഇസ്രയേലിനു കൊടുത്തു. കൂടുതൽ ലഭിക്കാനുമിരുന്നു. മോശയുടെ നാളിനു നൂററാണ്ടുകൾക്കുശേഷം ലേവ്യർ ഒരു പരസ്യമായ പ്രാർത്ഥനയിൽ യഹോവയോട്‌ ഇങ്ങനെ സാക്ഷ്യം പറഞ്ഞു: “നീ ഏറിയ സംവത്സരം അവരോടു ക്ഷമിച്ചു നിന്റെ ആത്മാവിനാൽ നിന്റെ പ്രവാചകൻമാർ മുഖാന്തരം അവരോടു സാക്ഷീകരിച്ചു.” (നെഹെമ്യാവ്‌ 9:5, 30) ആ പ്രവാചകൻമാരാൽ ഉച്ചരിക്കപ്പെട്ട അനേകം നിശ്വസ്‌ത പ്രവചനങ്ങൾ രേഖപ്പെടുത്തപ്പെട്ടു. കൂടാതെ, വിശുദ്ധചരിത്രങ്ങളും ഹൃദയംഗമമായ സ്‌തുതിഗീതങ്ങളും എഴുതുന്നതിന്‌ പരിശുദ്ധാത്മാവ്‌ വിശ്വസ്‌ത സ്‌ത്രീപുരുഷൻമാരെ പ്രേരിപ്പിച്ചു.

10 “എല്ലാ തിരുവെഴുത്തും ദൈവശ്വാസീയ”മാകുന്നുവെന്ന്‌ പറഞ്ഞപ്പോൾ പൗലോസ്‌ ഈ ലിഖിതങ്ങളെക്കുറിച്ചെല്ലാമാണ്‌ സംസാരിച്ചത്‌. (2 തിമൊഥെയോസ്‌ 3:16; 2 ശമുവേൽ 23:2; 2 പത്രോസ്‌ 1:20, 21) തീർച്ചയായും, ഈ തിരുവെഴുത്തുകൾ ഉദ്ധരിച്ചപ്പോൾ യേശുവിന്റെ ഒന്നാം നൂററാണ്ടിലെ ശിഷ്യൻമാർ “പരിശുദ്ധാത്മാവ്‌ . . . ദാവീദിന്റെ വായ്‌ മുഖാന്തരം സംസാരിച്ചു,” “പരിശുദ്ധാത്മാവ്‌ യെശയ്യാവുമുഖാന്തരം ഉചിതമായി സംസാരിച്ചു,” അല്ലെങ്കിൽ കേവലം “പരിശുദ്ധാത്മാവു പറയുന്നു” എന്നിങ്ങനെയുള്ള പദപ്രയോഗങ്ങൾ മിക്കപ്പോഴും ഉപയോഗിച്ചു. (പ്രവൃത്തികൾ 1:16; 4:25; 28:25, 26; എബ്രായർ 3:7, NW) വിശുദ്ധതിരുവെഴുത്തുകളുടെ എഴുത്തിനെ സ്വാധീനിച്ച അതേ പരിശുദ്ധാത്മാവ്‌, നമ്മെ അവക്ക്‌ ഇന്ന്‌ വഴിനടത്താൻകഴിയത്തക്കവണ്ണം അവയെ സംരക്ഷിച്ചിരിക്കുന്നത്‌ എന്തൊരു അനുഗ്രഹമാണ്‌!—1 പത്രോസ്‌ 1:25.

പരിശുദ്ധാത്മാവിലുള്ള ആശ്രയം

11. പരിശുദ്ധാത്മാവിന്റെ പ്രവർത്തനം സമാഗമനകൂടാരത്തിന്റെ നിർമ്മാണത്തിന്റെ കാര്യത്തിൽ കാണപ്പെട്ടതെങ്ങനെ?

11 ഇസ്രയേല്യർ സീനായിമലയുടെ അടിവാരത്തിൽ തമ്പടിച്ചിരുന്നപ്പോൾ സത്യാരാധനയുടെ ഒരു കേന്ദ്രമായി ഒരു സമാഗമനകൂടാരം പണിയാൻ യഹോവ അവരോടു കല്‌പിച്ചു. അവർക്ക്‌ ഇത്‌ എങ്ങനെ നിർവഹിക്കാൻ കഴിയുമായിരുന്നു? “മോശെ ഇസ്രായേൽമക്കളോടു പറഞ്ഞതു: നോക്കുവിൻ; യഹോവ യഹൂദാഗോത്രത്തിൽ ഹൂരിന്റെ മകനായ ഊരിയുടെ മകൻ ബെസലേലിനെ പേർചൊല്ലി വിളിച്ചിരിക്കുന്നു. . . . സകല വിധ കൗശലപ്പണിയും ചെയ്‌വാനും അവൻ ദിവ്യാത്മാവിനാൽ അവനെ ജ്ഞാനവും ബുദ്ധിയും അറിവും സകലവിധ സാമർത്ഥ്യവും കൊണ്ടു നിറച്ചിരിക്കുന്നു.” (പുറപ്പാട്‌ 35:30, 31) ബെസലേലിന്‌ ഉണ്ടായിരുന്ന ഏതു സ്വാഭാവിക വൈദഗ്‌ദ്ധ്യത്തെയും പരിശുദ്ധാത്മാവ്‌ പ്രബലിതമാക്കി. അവന്‌ ശ്രദ്ധേയമായ സൗധത്തിന്റെ നിർമ്മാണ മേൽനോട്ടം വിജയപ്രദമായി നിർവഹിക്കാൻ കഴിഞ്ഞു.

12. മോശയുടെ കാലത്തിനുശേഷം ആത്മാവ്‌ അസാധാരണമായ വിധങ്ങളിൽ വ്യക്തികളെ ബലപ്പെടുത്തിയതെങ്ങനെ?

12 പിന്നീടൊരു സമയത്ത്‌, യഹോവയുടെ ആത്മാവ്‌ ശിംശോന്റെമേൽ പ്രവർത്തിക്കുകയും ഫെലിസ്‌ത്യരിൽനിന്ന്‌ ഇസ്രയേലിനെ വിടുവിക്കാൻ പ്രാപ്‌തനാക്കുന്നതിന്‌ അവന്‌ മനുഷ്യാതീത ശക്തി കൊടുക്കുകയും ചെയ്‌തു. (ന്യായാധിപൻമാർ 14:5-7, 9; 15:14-16; 16:28-30) കുറേക്കൂടെ കഴിഞ്ഞ്‌, ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനത്തിന്റെ രാജാവെന്ന നിലയിൽ ശലോമോന്‌ പ്രത്യേക ജ്ഞാനം കൊടുക്കപ്പെട്ടു. (2 ദിനവൃത്താന്തം 1:12, 13) അവന്റെ കീഴിൽ ഇസ്രയേൽ പൂർവാധികം അഭിവൃദ്ധിപ്പെടുകയും അതിന്റെ സന്തുഷ്ടാവസ്ഥ വലിപ്പമേറിയ ശലോമോനായ ക്രിസ്‌തുയേശുവിന്റെ സഹസ്രാബ്ദവാഴ്‌ചയിൻകീഴിൽ ദൈവജനം ആസ്വദിക്കാനിരിക്കുന്ന അനുഗ്രഹങ്ങളുടെ ഒരു മാതൃകയായിത്തീരുകയും ചെയ്‌തു.—1 രാജാക്കൻമാർ 4:20, 25, 29-34; യെശയ്യാവ്‌ 2:3, 4; 11:1, 2; മത്തായി 12:42.

13. ആത്മാവ്‌ ബെസലേലിനെയും ശിംശോനെയും ശലോമോനെയും ശക്തീകരിക്കുന്നതിനെക്കുറിച്ചുള്ള രേഖ നമ്മെ ഇന്ന്‌ പ്രോൽസാഹിപ്പിക്കുന്നതെങ്ങനെ?

13 യഹോവ അതേ ആത്മാവ്‌ നമുക്ക്‌ ലഭ്യമാക്കുന്നത്‌ എന്തൊരു അനുഗ്രഹമാണ്‌! ഒരു നിയോഗം നിറവേററാനോ പ്രസംഗവേലയിൽ ഏർപ്പെടാനോ നാം അപര്യാപ്‌തരാണെന്ന്‌ തോന്നുമ്പോൾ ബെസലേലിനു അവൻ കൊടുത്ത അതേ ആത്മാവ്‌ നമുക്ക്‌ നൽകാൻ നമുക്ക്‌ യഹോവയോട്‌ അപേക്ഷിക്കാവുന്നതാണ്‌. നമുക്ക്‌ രോഗം പിടിപെടുമ്പോഴോ നാം പീഡനം സഹിക്കുമ്പോഴോ ശിംശോന്‌ അസാധാരണ ശക്തി കൊടുത്ത അതേ ആത്മാവ്‌ നമ്മെ ബലപ്പെടുത്തും—തീർച്ചയായും അത്ഭുതകരമായിട്ടല്ലെങ്കിലും. നാം പ്രയാസമുള്ള പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുമ്പോഴോ പ്രാധാന്യമുള്ള തീരുമാനങ്ങളെടുക്കേണ്ടതുള്ളപ്പോഴോ ജ്ഞാനപൂർവം പ്രവർത്തിക്കാൻ നമ്മെ സഹായിക്കുന്നതിന്‌ ശലോമോന്‌ അസാധാരണ ജ്ഞാനം കൊടുത്ത യഹോവയോട്‌ നമുക്ക്‌ അപേക്ഷിക്കാൻ കഴിയും. പിന്നീട്‌ പൗലോസിനെപ്പോലെ, “എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിനും മതിയാകുന്നു” എന്ന്‌ നാം പറയും. (ഫിലിപ്പിയർ 4:13) യാക്കോബിന്റെ വാഗ്‌ദത്തം നമുക്ക്‌ ബാധകമാകും: “നിങ്ങളിൽ ഒരുത്തന്നു ജ്ഞാനം കുറവാകുന്നു എങ്കിൽ ഭർത്സിക്കാതെ എല്ലാവർക്കും ഔദാര്യമായി കൊടുക്കുന്നവനായ ദൈവത്തോടു യാചിക്കട്ടെ; അപ്പോൾ അവന്നു ലഭിക്കും.”—യാക്കോബ്‌ 1:5.

14. പുരാതനകാലങ്ങളിലും ഇന്നും ആർ പരിശുദ്ധാത്മാവിനാൽ പിന്താങ്ങപ്പെട്ടിരിക്കുന്നു?

14 ജനതക്ക്‌ ന്യായപാലനംചെയ്യുന്ന വേലയിലും യഹോവയുടെ ആത്മാവ്‌ മോശയുടെമേൽ ഉണ്ടായിരുന്നു. മോശയെ സഹായിക്കുന്നതിന്‌ മററുള്ളവർ നിയമിക്കപ്പെട്ടപ്പോൾ യഹോവ ഇങ്ങനെ പറഞ്ഞു: “ഞാൻ നിന്റെമേലുള്ള ആത്മാവിൽ കുറെ എടുത്തു അവരുടെമേൽ പകരും. നീ ഏകനായി വഹിക്കാതിരിക്കേണ്ടതിന്നു അവർ നിന്നോടുകൂടെ ജനത്തിന്റെ ഭാരം വഹിക്കും.” (സംഖ്യാപുസ്‌തകം 11:17) അങ്ങനെ ആ മനുഷ്യർക്ക്‌ തങ്ങളുടെ സ്വന്തം ശക്തിയിൽ പ്രവർത്തിക്കേണ്ടിയിരുന്നില്ല. പരിശുദ്ധാത്മാവ്‌ അവരെ പിന്താങ്ങി. പിന്നീടുള്ള അവസരങ്ങളിൽ, യഹോവയുടെ ആത്മാവ്‌ മററ്‌ വ്യക്തികളുടെമേൽ വന്നു. (ന്യായാധിപൻമാർ 3:10, 11; 11:29) ശമുവേൽ ഇസ്രയേലിന്റെ ഭാവിരാജാവായി ദാവീദിനെ അഭിഷേകംചെയ്‌തപ്പോൾ രേഖ പറയുന്നു: “അങ്ങനെ ശമൂവേൽ തൈലക്കൊമ്പു എടുത്തു അവന്റെ സഹോദരൻമാരുടെ നടുവിൽവെച്ച്‌ അവനെ അഭിഷേകംചെയ്‌തു. യഹോവയുടെ ആത്മാവ്‌ അന്നുമുതൽ ദാവീദിൻമേൽവന്നു.” (1 ശമൂവേൽ 16:13) ഇന്ന്‌ കുടുംബപരമോ സഭാപരമോ സ്ഥാപനപരമോ ആയ ഭാരിച്ച ഉത്തരവാദിത്വങ്ങൾ ഉള്ളവർക്ക്‌ ദൈവദാസൻമാർ തങ്ങളുടെ കടപ്പാടുകൾ നിറവേററുമ്പോൾ അവരെ ഇപ്പോഴും ദൈവാത്മാവ്‌ പിന്താങ്ങുന്നുവെന്ന അറിവിൽ ആശ്വസിക്കാവുന്നതാണ്‌.

15. പരിശുദ്ധാത്മാവ്‌ ഏതു വിധങ്ങളിൽ യഹോവയുടെ സ്ഥാപനത്തെ ശക്തീകരിച്ചിരിക്കുന്നു (എ) ഹഗ്ഗായിയുടെയും സെഖര്യാവിന്റെയും നാളുകളിൽ? (ബി) ഇന്ന്‌?

15 മോശയുടെ നാളിനുശേഷം ഏതാണ്ട്‌ ആയിരംവർഷം കഴിഞ്ഞ്‌, ഇസ്രയേൽമക്കളുടെ ഇടയിൽനിന്നുള്ള വിശ്വസ്‌തർ ആലയം പുനർനിർമ്മിക്കാനുള്ള ദൗത്യവുമായി ബാബിലോനിൽനിന്ന്‌ യെരൂശലേമിലേക്ക്‌ മടങ്ങിവന്നു. (എസ്രാ 1:1-4; യിരെമ്യാവ്‌ 25:12; 29:14) എന്നിരുന്നാലും പ്രയാസമേറിയ തടസ്സങ്ങൾ ഉയർന്നുവന്നു. അവർ അനേകംവർഷങ്ങളിലേക്ക്‌ നിരുത്സാഹിതരായി. ഒടുവിൽ, തങ്ങളുടെ സ്വന്തം ശക്തിയിൽ ആശ്രയിക്കാതിരിക്കാൻ യഹൂദൻമാരെ പ്രോൽസാഹിപ്പിക്കുന്നതിന്‌ യഹോവ പ്രവാചകൻമാരായ ഹഗ്ഗായിയെയും സെഖര്യാവിനെയും എഴുന്നേൽപ്പിച്ചു. എന്നാൽ ഈ ജോലി എങ്ങനെ നിർവഹിക്കപ്പെടും? “സൈന്യത്താലല്ല, ശക്തിയാലുമല്ല, എന്റെ ആത്മാവിനാലത്രേ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.” (സെഖര്യാവ്‌ 4:6) ദൈവാത്മാവിന്റെ പിന്തുണയോടെ ആലയം നിർമ്മിക്കപ്പെട്ടു. ഇന്ന്‌ ദൈവത്തിന്റെ ജനം സമാനമായി വളരെയധികം നിർവഹിച്ചിട്ടുണ്ട്‌. സുവാർത്താപ്രസംഗം ലോകത്തിനു ചുററും വികസിച്ചിരിക്കുന്നു. ദശലക്ഷക്കണക്കിന്‌ വ്യക്തികൾ സത്യത്തിലും നീതിയിലും അഭ്യസിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. കൺവെൻഷനുകൾ സംഘടിപ്പിക്കപ്പെടുന്നു. രാജ്യഹാളുകളും ബ്രാഞ്ചാഫീസുകളും നിർമ്മിക്കപ്പെടുന്നു. കഠിനമായ എതിർപ്പിനെ വിഗണിച്ചുകൊണ്ടുതന്നെയാണ്‌ ഇവയിലധികവും ചെയ്യപ്പെട്ടിട്ടുള്ളത്‌. എന്നാൽ തങ്ങൾ നിർവഹിച്ചിട്ടുള്ള എന്തും സൈന്യത്താലല്ല, മനുഷ്യശക്തിയാലുമല്ല, പിന്നെയോ ദൈവത്തിന്റെ ആത്മാവിനാലാണെന്ന്‌ അറിവുള്ളതിനാൽ യഹോവയുടെ സാക്ഷികൾ നിരുത്സാഹിതരായിട്ടില്ല.

ഒന്നാം നൂററാണ്ടിൽ ദൈവത്തിന്റെ ആത്മാവ്‌

16. ക്രിസ്‌തീയ കാലത്തിനു മുമ്പത്തെ യഹോവയുടെ ദാസൻമാർക്ക്‌ ദൈവാത്മാവിന്റെ പ്രവർത്തനവുമായി എന്തനുഭവമുണ്ടായി?

16 നാം കണ്ടുകഴിഞ്ഞതുപോലെ, ക്രിസ്‌തീയ കാലത്തിനു മുമ്പത്തെ ദൈവദാസൻമാർക്ക്‌ ദൈവാത്മാവിന്റെ ശക്തിയെക്കുറിച്ച്‌ നല്ല അറിവുണ്ടായിരുന്നു. ഭാരിച്ച കടപ്പാടുകൾ നിറവേററുന്നതിനും ദൈവത്തിന്റെ ഇഷ്ടം സാധിക്കുന്നതിനും തങ്ങളെ സഹായിക്കുന്നതിന്‌ അവർ അതിനെ ആശ്രയിച്ചു. ന്യായപ്രമാണവും മററ്‌ വിശുദ്ധലിഖിതങ്ങളും നിശ്വസ്‌തമാണെന്നും, യഹോവയുടെ ആത്മാവിന്റെ സ്വാധീനത്തിൻകീഴിൽ എഴുതപ്പെട്ടതാണെന്നും അങ്ങനെ അവ ‘ദൈവവചന’മാണെന്നും അവർക്കറിയാമായിരുന്നു. (സങ്കീർത്തനം 119:105) എന്നുവരികിലും, ക്രിസ്‌തീയ യുഗത്തെ സംബന്ധിച്ചെന്ത്‌?

17, 18. ക്രിസ്‌തീയയുഗത്തിൽ പരിശുദ്ധാത്മാവിന്റെ അത്ഭുതകരമായ പ്രത്യക്ഷതകളിൽ ചിലത്‌ ഏവയായിരുന്നു, ഇവ എന്ത്‌ ഉദ്ദേശ്യം സാധിച്ചു?

17 നമ്മുടെ പൊതുയുഗത്തിന്റെ ഒന്നാം നൂററാണ്ടിലും ദൈവത്തിന്റെ ആത്മാവിന്റെ അത്ഭുതപ്രവർത്തനങ്ങൾ നടന്നു. ആത്മപ്രചോദിതമായ പ്രവചിക്കൽ ഉണ്ടായിരുന്നു. (1 കൊരിന്ത്യർ 14:1, 3) യേശു തന്റെ ശിഷ്യൻമാരോടു പറഞ്ഞിരുന്ന സകല കാര്യങ്ങളും പരിശുദ്ധാത്മാവ്‌ അവരെ ഓർമ്മിപ്പിക്കുമെന്നും സത്യത്തിന്റെ കൂടുതലായ വശങ്ങൾ അവരെ പഠിപ്പിക്കുമെന്നുമുള്ള യേശുവിന്റെ വാഗ്‌ദാനത്തിന്റെ നിവൃത്തിയായി പരിശുദ്ധാത്മാവിന്റെ സ്വാധീനത്തിൻകീഴിൽ പല പുസ്‌തകങ്ങൾ എഴുതപ്പെട്ടു. (യോഹന്നാൻ 14:26; 15:26, 27; 16:12, 13) അത്ഭുതങ്ങളും ഉണ്ടായിരുന്നു, നമ്മുടെ അടുത്ത ലേഖനത്തിൽ അങ്ങനെയുള്ളവയെക്കുറിച്ച്‌ കൂടുതൽ പൂർണ്ണമായി ചർച്ചചെയ്യപ്പെടും. തീർച്ചയായും ഒന്നാം നൂററാണ്ട്‌ ശ്രദ്ധേയമായ ഒരു അത്ഭുതത്തോടെയാണ്‌ ആനയിക്കപ്പട്ടത്‌. നമ്മുടെ പൊതുയുഗത്തിനു മുമ്പ്‌ 2-ാം വർഷത്തോടടുത്ത്‌ ഒരു പ്രത്യേക ശിശു ജനിക്കാനിരുന്നു, ഒരു അടയാളമെന്ന നിലയിൽ അവന്റെ യുവമാതാവ്‌ ഒരു കന്യകയായിരിക്കണമായിരുന്നു. അതെങ്ങനെ സാധിക്കുമായിരുന്നു? പരിശുദ്ധാത്മാവു മുഖേന. രേഖ പറയുന്നു: “യേശുക്രിസ്‌തുവിന്റെ ജനനം ഈവണ്ണം ആയിരുന്നു. അവന്റെ അമ്മയായ മറിയ യോസേഫിന്നു വിവാഹം നിശ്ചയിക്കപ്പെട്ട ശേഷം അവർ കൂടിവരുമ്മുമ്പേ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി.”—മത്തായി 1:18; ലൂക്കോസ്‌ 1:35, 36.

18 യേശു വളർന്നുവന്നപ്പോൾ അവൻ പരിശുദ്ധാത്മാവിന്റെ ശക്തിയാൽ ഭൂതങ്ങളെ പുറത്താക്കുകയും രോഗികളെ സൗഖ്യമാക്കുകയും മരിച്ചവരെ ഉയർപ്പിക്കുകയും പോലും ചെയ്‌തു. അവന്റെ അനുഗാമികളിൽ ചിലരും അത്ഭുതങ്ങളും വീര്യപ്രവൃത്തികളും ചെയ്‌തു. ഈ പ്രത്യേക പ്രാപ്‌തികൾ ആത്മാവിന്റെ വരങ്ങളായിരുന്നു. അവയുടെ ഉദ്ദേശ്യമെന്തായിരുന്നു? മുൻ അത്ഭുതങ്ങൾ ചെയ്‌തിരുന്നതുപോലെതന്നെ, അവ ദൈവത്തിന്റെ ഉദ്ദേശ്യങ്ങളെ പുരോഗമിപ്പിക്കുകയും അവന്റെ ശക്തിയെ വെളിപ്പെടുത്തുകയും ചെയ്‌തു. മാത്രവുമല്ല, താൻ ദൈവത്താൽ അയക്കപ്പെട്ടവനാണെന്നുള്ള യേശുവിന്റെ അവകാശവാദത്തിന്റെ യാഥാർത്ഥ്യത്തെ അവ പ്രകടമാക്കുകയുംചെയ്‌തു. പിന്നീട്‌, ഒന്നാം നൂററാണ്ടിലെ ക്രിസ്‌തീയ സഭ ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനതയാണെന്ന്‌ അവ തെളിയിച്ചു.—മത്തായി 11:2-6; യോഹന്നാൻ 16:8; പ്രവൃത്തികൾ 2:22; 1 കൊരിന്ത്യർ 12:4-11; എബ്രായർ 2:4; 1 പത്രോസ്‌ 2:9.

19. യേശുവും അവന്റെ അപ്പോസ്‌തലൻമാരും ചെയ്‌ത അത്ഭുതങ്ങൾസംബന്ധിച്ച ബൈബിൾവിവരണത്താൽ നമ്മുടെ വിശ്വാസം ശക്തീകരിക്കപ്പെടുന്നതെങ്ങനെ?

19 എന്നിരുന്നാലും, അങ്ങനെയുള്ള ആത്മാവിന്റെ അത്ഭുതപ്രത്യക്ഷതകൾ സഭയുടെ ശൈശവകാലത്തേതാണെന്നും നീങ്ങിപ്പോകുമെന്നും അപ്പോസ്‌തലനായ പൗലോസ്‌ പറഞ്ഞു, തന്നിമിത്തം പരിശുദ്ധാത്മാവിനാലുള്ള അങ്ങനെയുള്ള അത്ഭുതങ്ങൾ നാം ഇന്ന്‌ കാണുന്നില്ല. (1 കൊരിന്ത്യർ 13:8-11) എന്നാലും യേശുവും അവന്റെ അപ്പോസ്‌തലൻമാരും ചെയ്‌ത അത്ഭുതങ്ങൾക്ക്‌ ചരിത്രപരമായതിലും കവിഞ്ഞ താത്‌പര്യമുണ്ട്‌. പുതിയ ലോകത്തിൽ യേശുവിന്റെ ഭരണാധിപത്യത്തിൻകീഴിൽ രോഗത്തിനും മരണത്തിനും സ്ഥാനമുണ്ടായിരിക്കയില്ലെന്നുള്ള ദൈവത്തിന്റെ വാഗ്‌ദത്തത്തിൽ നമുക്കുള്ള വിശ്വാസത്തെ അവ ബലിഷ്‌ഠമാക്കുന്നു.—യെശയ്യാവ്‌ 25:6-8 33:24; 65:20-24.

ദൈവത്തിന്റെ പരിശുദ്ധാത്മാവിൽനിന്നുള്ള പ്രയോജനം

20, 21. പരിശുദ്ധാത്മാവിന്റെ കരുതലിനെ നമുക്ക്‌ എങ്ങനെ പ്രയോജനപ്പെടുത്താൻ കഴിയും?

20 ഈ ആത്മാവ്‌ എത്ര പ്രബലമായ ശക്തിയാണ്‌! എന്നാൽ ക്രിസ്‌ത്യാനികൾക്ക്‌ ഇന്ന്‌ അതിനെ എങ്ങനെ പ്രയോജനപ്പെടുത്താൻ കഴിയും? ഒന്നാമതായി, നാം അതിനുവേണ്ടി യാചിക്കണമെന്ന്‌ യേശു പറഞ്ഞു, അതുകൊണ്ട്‌ അതുതന്നെ എന്തുകൊണ്ടു ചെയ്‌തുകൂടാ? സമ്മർദ്ദസമയങ്ങളിൽ മാത്രമല്ല, ഓരോ അവസരത്തിലും നിങ്ങൾക്ക്‌ ഈ അത്ഭുതകരമായ ദാനം നൽകാൻ യഹോവയോട്‌ പ്രാർത്ഥിക്കുക. കൂടാതെ, പരിശുദ്ധാത്മാവിനു നിങ്ങളോടു സംസാരിക്കാൻ കഴിയത്തക്കവണ്ണം ബൈബിൾ വായിക്കുക. (എബ്രായർ 3:7 താരതമ്യപ്പെടുത്തുക) നിങ്ങൾ വായിക്കുന്നതിനെക്കുറിച്ച്‌ ധ്യാനിക്കുകയും പരിശുദ്ധാത്മാവിനു നിങ്ങളുടെ ജീവിതത്തിൽ ഒരു സ്വാധീനമായിരിക്കാൻ കഴിയത്തക്കവണ്ണം അത്‌ ബാധകമാക്കുകയും ചെയ്യുക. (സങ്കീർത്തനം 1:1-3) മാത്രവുമല്ല, ദൈവാത്മാവിൽ ആശ്രയിക്കുന്ന മററുള്ളവരുമായി സഹവസിക്കുക—വ്യക്തിപരമായും സഭകളിലും സമ്മേളനങ്ങളിലും. തങ്ങളുടെ ദൈവത്തെ “സഭായോഗങ്ങളിൽ” വാഴ്‌ത്തുന്നവരെ എത്ര സമൃദ്ധമായി പരിശുദ്ധാത്മാവ്‌ ശക്തീകരിക്കുന്നു!—സങ്കീർത്തനം 68:26.

21 യഹോവ ഉദാരനായ ഒരു ദൈവമല്ലയോ? നാം പരിശുദ്ധാത്മാവിനുവേണ്ടി ചോദിക്കണമെന്നേയുള്ളുവെന്നും താൻ അതു നൽകുമെന്നും അവൻ പറയുന്നു. അങ്ങനെയുള്ള ഒരു ശക്തമായ സഹായം നമുക്ക്‌ ലഭ്യമായിരിക്കുമ്പോൾ നമ്മുടെ സ്വന്തം ജ്ഞാനത്തിലും ശക്തിയിലും ആശ്രയിക്കുന്നത്‌ എത്ര മൗഢ്യമാണ്‌! എന്നിരുന്നാലും, ക്രിസ്‌ത്യാനികളെന്ന നിലയിൽ നമ്മെ ബാധിക്കുന്ന ദൈവാത്മാവിനോടു ബന്ധപ്പെട്ട മററു കാര്യങ്ങൾ ഉണ്ട്‌, അടുത്ത ലേഖനത്തിൽ അവ ചർച്ചചെയ്യപ്പെടും. (w92 2⁄1)

[അടിക്കുറിപ്പുകൾ]

a “ദൈവത്തിന്റെ വിരൽ” എന്ന പദപ്രയോഗം സാധാരണയായി പരിശുദ്ധാത്മാവിനെ പരാമർശിക്കുന്നു.—ലൂക്കോസ്‌ 11:20-ഉം മത്തായി 12:28-ഉം താരതമ്യംചെയ്യുക.

b ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന അത്ഭുതങ്ങളിൽ ഭൂരിപക്ഷവും മോശയുടെയും യോശുവയുടെയും ഏലിയാവിന്റെയും എലീശയുടെയും യേശുവിന്റെയും അവന്റെ അപ്പോസ്‌തലൻമാരുടെയും കാലത്താണ്‌ നടന്നത്‌.

ചുവടെ ചേർക്കുന്ന ചോദ്യങ്ങൾക്ക്‌ നിങ്ങൾക്ക്‌ ഉത്തരം പറയാൻ കഴിയുമോ?

◻ യഹോവ അഖിലാണ്ഡത്തിലെ വസ്‌തുവെല്ലാം സൃഷ്ടിച്ചതെങ്ങനെ?

◻ ക്രിസ്‌തുവിനു മുമ്പത്തെ കാലങ്ങളിൽ പരിശുദ്ധാത്മാവ്‌ പ്രവർത്തിച്ച ചില വിധങ്ങളേവ?

◻ പരിശുദ്ധാത്മാവ്‌ പുരാതന കാലങ്ങളിൽ നിർവഹിച്ചതിനെക്കുറിച്ച്‌ അറിയുന്നത്‌ നമ്മെ ഇന്ന്‌ ആശ്വസിപ്പിക്കുന്നതെങ്ങനെ?

◻ നമുക്ക്‌ പരിശുദ്ധാത്മാവിന്റെ കരുതലിനെ എങ്ങനെ പ്രയോജനപ്പെടുത്താൻ കഴിയും?

[10-ാം പേജിലെ ചിത്രം]

ശിംശോന്‌ മനുഷ്യാതീത ശക്തി കൊടുത്ത ആത്മാവിന്‌ സകല കാര്യത്തിനും നമുക്ക്‌ ശക്തി നൽകാൻ കഴിയും

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക