നിങ്ങൾ ഏതുതരം സുരക്ഷിതത്വം കാംക്ഷിക്കുന്നു?
വ്യത്യസ്തരായ ആളുകൾക്ക് സുരക്ഷിതത്വം സംബന്ധിച്ച് വ്യത്യസ്ത ആശയങ്ങളാണുള്ളത്. ചിലർ അതിനെ എതിർക്കുന്ന സൈനികശക്തികൾക്കിടയിലെ സ്ഥിരതയെന്നു വീക്ഷിക്കുന്നു. ദൃഷ്ടാന്തത്തിന്, ലോകരംഗത്ത് ആധിപത്യം പുലർത്തുന്ന ശക്തികളും ഒപ്പം അവയുടെ യൂറോപ്യൻ സഖ്യകക്ഷികളും ചെറിയ സംഭവങ്ങൾ ആഗോള ന്യൂക്ലിയർയുദ്ധമായി വ്യാപിക്കുന്നതിന്റെ അപകടം കുറക്കുന്നതിനുള്ള അനേകം നടപടികൾ സംബന്ധിച്ച് യോജിപ്പിലെത്തി. അത്തരം നടപടികളിൽ “ലോകത്തിന്റെ മററു ഭാഗങ്ങളിലെ” രാഷ്ട്രങ്ങൾക്കുള്ള താത്പര്യക്കുറവിൽ സ്റേറാക്ക്ഹോം ഇൻറർ നാഷനൽ പീസ് റിസേർച്ച് ഇൻസ്ററിററ്യൂട്ട് ഇയർബുക്ക് 1990 അതിശയം പ്രകടിപ്പിക്കുന്നു.
എന്നിരുന്നാലും, ദരിദ്രരാജ്യങ്ങളിൽ വസിക്കുന്ന ദശലക്ഷങ്ങൾക്ക് “സുരക്ഷിതത്വ”ത്തിന്റെ അർത്ഥം ആഹാരവും ആരോഗ്യപരിപാലനവും എന്നാണ്. “‘സമാധാനത്തെയും സുരക്ഷിതത്വ’ത്തെയും കുറിച്ചു ചിന്തിക്കുമ്പോൾ ആധിപത്യം പുലർത്തുന്ന പാശ്ചാത്യസംസ്കാരത്തിന്റെ പൊതുവേ സ്വീകാര്യമായ ആശയങ്ങൾക്കാണ് പ്രാബല്യം . . . ലോകജനസംഖ്യയുടെ മൂന്നിൽ രണ്ടിൽ ആഹാരവും ഭവനവുമില്ലാത്തവരുടെ സുരക്ഷിതത്വ താത്പര്യങ്ങളിൽനിന്ന് ഒററപ്പെടുത്തി ആയുധങ്ങളുടെയും നിരായുധീകരണത്തിന്റെയും സംഗതിയായിട്ടാണ് ‘സുരക്ഷിതത്വം’ കാണപ്പെടുന്നത്” എന്ന് രാഷ്ട്രീയ മീമാംസകനായ യാഷ് ടാൻഡൻ വിശദീകരിക്കുന്നു.
ബൈബിളിനെ സംബന്ധിച്ചാണെങ്കിൽ, ദൈവരാജ്യത്തിൻ കീഴിൽ മേലാൽ യുദ്ധമുണ്ടായിരിക്കയില്ലെന്ന് അത് വാഗ്ദാനംചെയ്യുന്നു. “അവൻ ഭൂമിയുടെ അററം വരെയും യുദ്ധങ്ങളെ നിർത്തൽചെയ്യുന്നു; അവൻ വില്ലൊടിച്ച് കുന്തം മുറിച്ചു രഥങ്ങളെ തീയിൽ ഇട്ടു ചുട്ടുകളയുന്നു.” (സങ്കീർത്തനം 46:9; യെശയ്യാവ് 2:4) ശാരീരികരോഗം ഒരു കഴിഞ്ഞ കാല സംഗതിയായിരിക്കും. “എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ല; അതിൽ പാർക്കുന്ന ജനത്തിന്റെ അകൃത്യം മോചിക്കപ്പെട്ടിരിക്കും.”—യെശയ്യാവ് 33:24.
ആ രാജ്യത്തിൻകീഴിൽ സാമ്പത്തിക അരക്ഷിതാവസ്ഥ മേലാൽ ആരെയും ഭീഷണിപ്പെടുത്തുകയില്ല. “അവർ വീടുകളെ പണിതു പാർക്കും; അവർ മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കും. അവർ പണിക മറെറാരുത്തൻ പാർക്ക എന്നു വരികയില്ല; അവർ നടുക, മറെറാരുത്തൻ തിന്നുക എന്നും വരികയില്ല.”—യെശയ്യാവ് 65:21, 22.
എന്നാൽ അതിലും പ്രധാനമായി, രാജ്യം സമാധാനത്തിന്റെയും സുരക്ഷിതത്വത്തിന്റെയും കുറവിന്റെ അടിസ്ഥാന കാരണത്തെ നീക്കംചെയ്യും. മമനുഷ്യന്റെ വിജയപ്രദമല്ലാത്തതും മർദ്ദകവുമായ ഗവൺമെൻറുകളുടെ നീണ്ട ചരിത്രത്തിനു പിന്നിൽ ആരാണുള്ളത്? നല്ല കാരണത്താൽ അവ സ്ഥിതിചെയ്യാൻ ദൈവം അനുവദിച്ചിരിക്കുന്നുവെന്നിരിക്കെ, ഉത്തരവാദിത്തം വഹിക്കേണ്ടത് സാത്താനാണ്, കാരണം ‘മുഴു ലോകവും അവന്റെ അധികാരത്തിൽ കിടക്കുന്നു’ എന്ന് ബൈബിൾ പറയുന്നു.—1 യോഹന്നാൻ 5:19, NW.
അപ്പോൾ, ദൈവരാജ്യത്തിൻകീഴിൽ, റോമാക്കാരോടുള്ള പൗലോസിന്റെ വാക്കുകൾ അന്തിമമായി നിറവേറുമ്പോൾ എന്തൊരു ആശ്വാസമായിരിക്കും: “സമാധാനത്തിന്റെ ദൈവമോ വേഗത്തിൽ സാത്താനെ നിങ്ങളുടെ കാൽക്കീഴെ ചതച്ചുകളയും”! (റോമർ 16:20) രാജാവായ യേശുക്രിസ്തുവിൻകീഴിലെ ദൈവത്തിന്റെ സ്വർഗ്ഗീയ രാജ്യത്തിനു മാത്രമേ അങ്ങനെയുള്ള ഒരു സംഗതി നിർവഹിക്കാൻ കഴികയുള്ളു. അതുകൊണ്ട്, ആ രാജ്യത്തിൻകീഴിൽ മാത്രമേ ഭൂമി ഒരു പറുദീസായായി രൂപാന്തരപ്പെടുകയുള്ളു.—ഉല്പത്തി 1:28; ലൂക്കോസ് 23:43.
അതേ, ബൈബിളിൽ വാഗ്ദാനംചെയ്യപ്പെട്ടിരിക്കുന്ന സുരക്ഷിതത്വം മനുഷ്യനാൽ ആസൂത്രണംചെയ്യപ്പെടുന്ന ഏതിനെക്കാളും ശ്രേഷ്ഠവും ദൂരവ്യാപകവുമായിരിക്കും. എന്തിന്, “ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല” എന്നു നാം വായിക്കുന്നു! (വെളിപ്പാട് 21:4) അങ്ങനെയുള്ള വാഗ്ദാനങ്ങൾ നമുക്ക് വിശ്വസിക്കാൻ കഴിയുമോ? ഉവ്വ്, എന്തുകൊണ്ടെന്നാൽ അവ സർവശക്തനാം സ്രഷ്ടാവായ യഹോവയാം ദൈവത്തിൽനിന്നാണ് ഉത്ഭവിക്കുന്നത്, അവൻ ഇങ്ങനെ പ്രഖ്യാപിക്കുന്നു: “എന്റെ വായിൽനിന്നു പുറപ്പെടുന്ന എന്റെ വചനം . . . വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർത്തിക്കുകയും ഞാൻ അയച്ച കാര്യം സാധിപ്പിക്കുകയും ചെയ്യും.” (യെശയ്യാവ് 55:11) സുനിശ്ചിതവിജയം, തന്റെ നിത്യ പരമാധികാരത്തിന്റെ സംസ്ഥാപനമായി മനുഷ്യവർഗ്ഗത്തിന് നിലനിൽക്കുന്നതും സന്തോഷകരവുമായ സമാധാനവും സുരക്ഷിതത്വവും ഐശ്വര്യവും കൈവരുത്തുന്നതിന് യഹോവയാം ദൈവം ഇപ്പോൾത്തന്നെ സ്വീകരിക്കുന്ന നടപടികളുടെ പ്രത്യേകതയാണ്.