1914-ലെ തലമുറ—സുപ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
“കുറേ വർഷങ്ങളായിട്ട് ഈ യുഗം കുഴപ്പങ്ങളുടെ ഒരു ഭയാനക സമയത്തോടെ അവസാനിക്കാൻ ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ടായിരുന്നു എന്ന് ഞങ്ങളുടെ വായനക്കാർക്കറിയാം, 1914 ഒക്ടോബർ കഴിഞ്ഞാൽ അധികം താമസിയാതെ അത് അപ്രതീക്ഷിതമായും രൂക്ഷമായും പൊട്ടിപ്പുറപ്പെടാൻ ഞങ്ങൾ പ്രതീക്ഷിക്കുന്നു.”—1911 മേയ് 15-ലെ ദ വാച്ച്ടവ്വർ ആൻഡ് ഹെരൾഡ് ഓഫ് ക്രൈസ്ററ്സ് പ്രസൻസിൽ നിന്ന്.
ദ വാച്ച്ടവ്വർ ആൻഡ് ഹെരൾഡ് ഓഫ് ക്രൈസ്ററ്സ് പ്രസൻസ് എന്ന മാസിക (ഇപ്പോൾ വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു എന്ന് അറിയപ്പെടുന്നു) 1914-നെ ബൈബിൾ പ്രവചനങ്ങളിലെ ഒരു ശ്രദ്ധേയമായ വർഷമായി കൂടെക്കൂടെ ചൂണ്ടിക്കാട്ടി. ആ വർഷം സമീപിച്ചപ്പോൾ “ഭയങ്കര കുഴപ്പങ്ങളുടെ ഒരു കാലം” പ്രതീക്ഷിക്കാൻ കഴിയുമെന്ന് അതിന്റെ വായനക്കാർ ഓർമ്മിപ്പിക്കപ്പെട്ടു.
ബൈബിളിൽ പരാമർശിച്ചിരിക്കുന്ന “ഏഴുകാലങ്ങളെയും” “ജാതികളുടെ കാലങ്ങളെയും” സംബന്ധിച്ചുള്ള തങ്ങളുടെ ഗ്രാഹ്യത്തിന് മേൽപ്പറഞ്ഞ വിവരം അടിസ്ഥാനമാക്കിയ ക്രിസ്ത്യാനികൾ അതിന് വിപുലമായ പ്രചാരം നൽകി.a ആ കാലഘട്ടം—യെരൂശലേമിലെ പുരാതന ദാവീദിക രാജ്യത്തിന്റെ മറിച്ചിടലോടെ ആരംഭിച്ച് 1914 ഒക്ടോബറിൽ അവസാനിക്കുന്ന—2,520 വർഷങ്ങളായിരിക്കുന്നതായി അവർ മനസ്സിലാക്കി.b—ദാനിയേൽ 4:16, 17; ലൂക്കോസ് 21:24, കിംഗ് ജെയിംസ് വേർഷൻ.
ആയിരത്തിത്തൊള്ളായിരത്തിപതിനാല് ഒക്ടോബർ 2-ാം തീയതി വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററിയുടെ അന്നത്തെ പ്രസിഡൻറായിരുന്ന ചാൾസ് റെറയ്സ് റസ്സൽ ധൈര്യപൂർവ്വം ഇങ്ങനെ പ്രഖ്യാപിച്ചു: “ജാതികളുടെ കാലം അവസാനിച്ചിരിക്കുന്നു; അവരുടെ രാജാക്കൻമാർക്ക് അവരുടെ സമയമുണ്ടായിരുന്നു.” അദ്ദേഹത്തിന്റെ വാക്കുകൾ എത്ര സത്യമെന്ന് തെളിഞ്ഞു! മാനുഷ നേത്രങ്ങൾക്ക് അദൃശ്യമായി 1914 ഒക്ടോബറിൽ ലോകത്തെ പിടിച്ചുലക്കാൻ തക്ക പ്രാധാന്യമുള്ള ഒരു സംഭവം സ്വർഗ്ഗത്തിൽ നടന്നു. “ദാവീദിക സിംഹാസന”ത്തിന്റെ സ്ഥിരാവകാശിയായ യേശുക്രിസ്തു മുഴു മനുഷ്യവർഗ്ഗത്തിൻമേലുമുള്ള രാജാവെന്ന നിലയിൽ തന്റെ ഭരണം ആരംഭിച്ചു.—ലൂക്കോസ് 1:32, 33; വെളിപ്പാട് 11:15.
എന്നാൽ, ‘1914-ൽ ക്രിസ്തു ഭരണാമാരംഭിച്ചുവെങ്കിൽ ഭൂമിയിലെ അവസ്ഥകൾ കൂടുതൽ വഷളായിത്തീർന്നതെന്തുകൊണ്ട്?’ എന്ന് നിങ്ങൾ ചോദിച്ചേക്കാം. എന്തുകൊണ്ടെന്നാൽ മനുഷ്യവർഗ്ഗത്തിന്റെ അദൃശ്യശത്രുവായ സാത്താൻ അപ്പോഴും ആസ്തിക്യത്തിലുണ്ടായിരുന്നു. ആയിരത്തിത്തൊള്ളായിരത്തിപതിനാലു വരെ സാത്താന് സ്വർഗ്ഗത്തിൽ പ്രവേശനമുണ്ടായിരുന്നു. ആയിരത്തിതൊള്ളായിരത്തിപതിനാലിൽ ദൈവരാജ്യം സ്ഥാപിതമായതോടെ ആ സാഹചര്യത്തിന് മാററം വന്നു. “സ്വർഗ്ഗത്തിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടു.” (വെളിപ്പാട് 12:7) സാത്താനും അവന്റെ ഭൂതങ്ങളും പരാജയപ്പെടുത്തപ്പെടുകയും ഭൂമിയിലേക്ക് വലിച്ചെറിയപ്പെടുകയും ചെയ്തു, മനുഷ്യവർഗ്ഗത്തിന് കൊടുംവിപത്ത് കൈവരുത്തിക്കൊണ്ടുതന്നെ. ബൈബിൾ ഇത് മുൻകൂട്ടിപ്പറഞ്ഞു: “ഭൂമിക്കും സമുദ്രത്തിനും അയ്യോ കഷ്ടം; എന്തുകൊണ്ടെന്നാൽ പിശാചു തനിക്കു അൽപ്പകാലമേയുള്ളു എന്നറിഞ്ഞു മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു.”—വെളിപ്പാട് 12:12.
ഭൂമിയുടെ പുതിയ രാജാവെന്ന നിലയിലുള്ള തന്റെ അദൃശ്യ സാന്നിദ്ധ്യം ഒരു ദൃശ്യ അടയാളത്താൽ തിരിച്ചറിയിക്കപ്പെടുമെന്ന് പൊ. യു. ഒന്നാം നൂററാണ്ടിൽ യേശു പറഞ്ഞു. “നിന്റെ സാന്നിദ്ധ്യത്തിന്റെയും വ്യവസ്ഥിതിയുടെ സമാപനത്തിന്റെയും അടയാളം എന്ത്?” (NW) എന്ന് അവനോട് ചോദിക്കപ്പെട്ടു. അവന്റെ മറുപടി എന്തായിരുന്നു? “ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും; ക്ഷാമവും ഭൂകമ്പവും അവിടവിടെ ഉണ്ടാകും. എങ്കിലും ഇതൊക്കെയും ഈററുനോവിന്റെ ആരംഭമത്രെ.”—മത്തായി 24:3, 7, 8.
അതിൻപ്രകാരം നാലു വർഷത്തിലധികം സാധാരണ രീതിയിലുള്ള ഭക്ഷ്യോൽപ്പാദനം തടസ്സപ്പെട്ടതിനാൽ 1914-ൽ പൊട്ടിപ്പുറപ്പെട്ട യുദ്ധത്തെ തുടർന്ന് വലിയ ഭക്ഷ്യക്ഷാമം അനുഭവപ്പെട്ടു. “ഒന്നിനു പുറകെ മറെറാന്നായി അനുഭവപ്പെട്ട ഭൂകമ്പങ്ങളെ” സംബന്ധിച്ചെന്ത്? ആയിരത്തിത്തൊള്ളായിരത്തിപതിനാലിനെ തുടർന്നു വന്ന ദശകത്തിൽ ഏതാണ്ട് 10 വിനാശകരമായ ഭൂകമ്പങ്ങൾ 3,50,000-ലധികം ആളുകളുടെ മരണത്തിനിടയാക്കി. (ബോക്സ് കാണുക.) വാസ്തവമായും 1914-ലെ തലമുറ “ഈററുനോവിന്റെ ആരംഭം” അനുഭവിച്ചു. അന്നുമുതൽ പ്രകൃതിക്ഷോഭങ്ങളുടെയും ക്ഷാമങ്ങളുടെയും അനേകമനേകം യുദ്ധങ്ങളുടെയും രൂപത്തിൽ കൊടുംവേദന ആഞ്ഞടിച്ചിരിക്കുന്നു.
എന്നിരുന്നാലും, 1914-ലെ ദൈവരാജ്യത്തിന്റെ സ്ഥാപനത്തെ സംബന്ധിച്ചുള്ള വാർത്ത സുവാർത്തയാണ്, എന്തുകൊണ്ടെന്നാൽ അത് ഈ ഭൂമിയെ നാശത്തിൽ നിന്ന് രക്ഷിക്കും. എങ്ങനെ? അത് എല്ലാ വ്യാജ, കപടഭക്തിപരമായ മതങ്ങളെയും ദുഷിച്ച ഗവൺമെൻറുകളെയും സാത്താന്റെ ദുഷ്ടസ്വാധീനത്തെയും നീക്കം ചെയ്യും. (ദാനിയേൽ 2:44; റോമർ 16:20; വെളിപ്പാട് 11:18; 18:4-8, 24) മാത്രവുമല്ല, ഏതൊന്നിൽ “നീതി വസിക്കാനിരിക്കുന്നുവോ” ആ പുതിയ ലോകത്തെ അത് ആനയിക്കും.—2 പത്രോസ് 3:13, NW.
ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞ് പെട്ടെന്നു തന്നെ ആത്മാർത്ഥതയുള്ള ബൈബിൾ വിദ്യാർത്ഥികൾ, ആ വിധത്തിലായിരുന്നു യഹോവയുടെ സാക്ഷികൾ അന്ന് അറിയപ്പെട്ടിരുന്നത്, രാജാവായുള്ള യേശുവിന്റെ സാന്നിദ്ധ്യത്തിന്റെ അടയാളത്തോട് ബന്ധപ്പെട്ട് തങ്ങൾക്കുള്ള മറെറാരു പദവി തിരിച്ചറിയാൻ തുടങ്ങി. യേശു ക്രിസ്തു ഇപ്രകാരം മുൻകൂട്ടിപ്പറഞ്ഞു: “രാജ്യത്തിന്റെ ഈ സുവിശേഷം സകല ജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.”—മത്തായി 24:14.
യഹോവയുടെ സാക്ഷികൾ 1919-ൽ എളിയ തോതിൽ തുടങ്ങിയ “ഈ സുവാർത്താ” പ്രചരണം നിറുത്തില്ലാതെ ഇന്നോളം തുടർന്നുപോന്നിരിക്കുന്നു. അതിന്റെ ഫലമായി, 200-ലധികം രാജ്യങ്ങളിൽ നിന്നുള്ള ദശലക്ഷങ്ങൾ ഇന്ന് ദൈവരാജ്യത്തിന്റെ പ്രജകളായി കൂട്ടിച്ചേർക്കപ്പെട്ടുകൊണ്ടിരിക്കുന്നു. എന്തോരു അനുഗ്രഹങ്ങളാണ് ഈ പ്രജകളെ കാത്തിരിക്കുന്നത്! യുദ്ധം, ക്ഷാമം, കുററകൃത്യം, മർദ്ദനം എന്നീ കാര്യങ്ങൾ രാജ്യം നിർമ്മാർജ്ജനം ചെയ്യും. അത് രോഗത്തെയും മരണത്തെയും കൂടെ ജയിച്ചടക്കും!—സങ്കീർത്തനം 46:9; 72:7, 12-14, 16; സദൃശവാക്യങ്ങൾ 2:21, 22; വെളിപ്പാട് 21:3, 4.
ആയിരത്തിത്തൊള്ളായിരത്തിപതിനാലിലെ തലമുറ നീങ്ങിപ്പോകുന്നതിനു മുമ്പായി രാജ്യപ്രസംഗവേല അതിന്റെ ഉദ്ദേശ്യം സാധിച്ചിരിക്കും. “ലോകാരംഭം മുതൽ ഇന്നുവരെ സംഭവിച്ചിട്ടില്ലാത്തതും ഇനിമേൽ സംഭവിക്കാത്തതുമായ വലിയ കഷ്ടം അന്നുണ്ടാകും. ആ നാളുകൾ ചുരുങ്ങാതിരുന്നാൽ ഒരു ജഡവും രക്ഷിക്കപ്പെടുകയില്ല; വൃതൻമാർ നിമിത്തമോ ആ നാളുകൾ ചുരുങ്ങും.”—മത്തായി 24:21, 22.
ആയിരത്തിത്തൊള്ളായിരത്തിപതിനാലിനു മുമ്പത്തെ തലമുറക്ക് പററിയ തെററ് നിങ്ങൾക്ക് പററരുത്. കാര്യങ്ങൾ ഇന്നത്തെപ്പോലെ എന്നും മുന്നോട്ട് പോവുകയില്ല. അത്യാശ്ചര്യകരങ്ങളായ മാററങ്ങളാണ് പെട്ടെന്നുതന്നെ സംഭവിക്കാൻ പോകുന്നത്. എന്നാൽ ജ്ഞാനപൂർവ്വം പ്രവർത്തിക്കുന്നവർക്ക് അത്ഭുതകരമായ ഭാവി പ്രതീക്ഷകളാണുള്ളത്.
പുരാതനകാലത്തെ ഒരു പ്രവാചകന്റെ വാക്കുകൾക്ക് ശ്രദ്ധ നൽകുക: “ . . .ഭൂമിയിലെ സകല സൗമ്യൻമാരുമായുള്ളോരെ, യഹോവയെ അന്വേഷിപ്പിൻ, നീതി അന്വേഷിപ്പിൻ, സൗമ്യത അന്വേഷിപ്പിൻ; പക്ഷേ നിങ്ങൾക്ക് യഹോവയുടെ കോപദിവസത്തിൽ മറഞ്ഞിരിക്കാം.” (സെഫന്യാവ് 2:3) നമുക്ക് ഈ ബുദ്ധിയുപദേശം എങ്ങനെ ബാധകമാക്കാം? തുടർന്നു വരുന്ന ലേഖനങ്ങൾ ആ ചോദ്യത്തിന് ഉത്തരം നൽകാൻ സഹായിക്കും.
[അടിക്കുറിപ്പുകൾ]
a ഷെനാറിയോ ഓഫ് ദ ഫോട്ടോ ഡ്രാമ ഓഫ് ക്രിയേഷൻ, 1914-ന്റെ ശീർഷകപേജ്.
b കൂടുതൽ വിശദാംശങ്ങൾക്ക് ദ വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി പ്രസിദ്ധീകരിച്ചിരിക്കുന്ന നിങ്ങൾക്ക് ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകത്തിന്റെ 16-ാം അദ്ധ്യായം കാണുക.
[7-ാം പേജിലെ ചാർട്ട്]
ഭൂകമ്പങ്ങൾ—1914-നെ തുടർന്നു വന്ന ദശകത്തിൽ
തീയതി: സ്ഥലം: മരണങ്ങൾ:
ജനുവരി 13, 1915 ആവ്സാനോ, ഇററലി 32,600
ജനുവരി 21, 1917 ബാലി, ഇൻഡോനേഷ്യ 15,000
ഫെബ്രുവരി 13, 1918 ക്വാങ്സൂങ് പ്രോവിൻസ്, ചൈന 10,000
ഒക്ടോബർ 11, 1918 പുവേർട്ടോറിക്കോ (പശ്ചിമ) 116
ജനുവരി 3, 1920 വേരാക്രൂസ്, മെക്സിക്കോ 648
സെപ്ററംബർ 7, 1920 റെജിയോ ഡി കലാബ്രിയ, ഇററലി 1,400
ഡിസംബർ 16, 1920 നിങ്സിയ പ്രോവിൻസ്, ചൈന 2,00,000
മാർച്ച് 24, 1923 സേച്ച്വാൻ പ്രോവിൻസ്, ചൈന 5,000
മേയ് 26, 1923 (വടക്കു കിഴക്കേ) ഇറാൻ, 2,200
സെപ്ററംബർ 1, 1923 ടോക്കിയോ-യോക്കോഹാമ, ജപ്പാൻ 99,300
ജയിംസ് എം. ഗെർ-ഉം ഹരോഷ് സി. ഷായും ചേർന്നു രചിച്ച റെററാ നോൺ ഫിർമ എന്ന ഗ്രന്ഥത്തിൽ നൽകിയിരിക്കുന്ന “സിഗ്നിഫിക്കൻറ് എർത്ക്വേക്സ് ഓഫ് ദ വേൾഡ്” എന്ന പട്ടികയിൽ നിന്ന്.