രാജ്യപ്രഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
ബൈബിൾ സത്യം ബൊളീവിയായിൽ ഒരു കന്യാസ്ത്രീയെ സ്വതന്ത്രയാക്കുന്നു
ആത്മാർത്ഥഹൃദയരായ അനേകമാളുകൾ വ്യാജമതത്തിൽ നിന്ന് വിട്ടുപോരികയും ബൈബിൾ സത്യം പഠിക്കുകയും സത്യദൈവമായ യഹോവയെ ആരാധിക്കാൻ മുന്നോട്ടു വരികയും ചെയ്യുന്നു. ബൊളീവിയായിൽ ഒരു കന്യാസ്ത്രീ ഉൾപ്പെടെ 7,600-ലധികമാളുകൾ അങ്ങനെ ചെയ്തിരിക്കുന്നു.
വെറും ഒൻപതു വയസ്സുമാത്രം പ്രായമായിരുന്നപ്പോൾ എം—— ആദ്യം യഹോവയുടെ സാക്ഷികളുമായി ബന്ധത്തിൽ വന്നു. സാക്ഷികൾ അവളുടെ വീട് സന്ദർശിച്ചപ്പോൾ അവളാണ് വീട്ടുവാതിൽക്കൽ അവരെ സ്വീകരിച്ചത്. അന്ന് ആദ്യമായി അവൾ ദൈവത്തിന്റെ നാമം ഉച്ചരിച്ചു കേട്ടു. അത് അവളുടെ ഉള്ളിൽ തങ്ങി നിന്നു.
അവൾ ആ കുടുംബത്തിലെ ഏക പെൺകുട്ടിയായിരുന്നതിനാൽ അവൾ ഒരു കന്യാസ്ത്രീയാകണമെന്ന് തീരുമാനിക്കപ്പെട്ടു. “ഞാൻ ദൈവസേവനത്തിലായിരിക്കാൻ പോകയാണെന്നോർത്തപ്പോൾ ഞാൻ എത്ര സന്തുഷ്ടയായിരുന്നെന്നോ—ഏതായാലും ഞാൻ അങ്ങനെയാണ് ചിന്തിച്ചത്,” എം—— പറയുന്നു. എന്നാൽ കന്യാസ്ത്രീ മഠത്തിൽ നടന്നിരുന്ന അനീതിയും പക്ഷപാതവും കണ്ടപ്പോൾ അവളുടെ സന്തോഷം മോഹഭംഗമായി മാറി. അവൾ പറയുന്നു: “ഇടക്കിടെ ഉണ്ടാകാറുണ്ടായിരുന്ന മ്ലാനതയും ദൈവത്തെ സ്നേഹവാനായ ഒരുവനായിട്ടല്ല, ദയയില്ലാതെ ശിക്ഷ നൽകുന്ന ഒരുവനായി ഞാൻ കാണാനിടയാക്കിയതും കഠോരമായി എന്നെ പീഡിപ്പിച്ചതുമായ ശാരീരികവും ആത്മീയവുമായ പ്രഹരങ്ങളും ഞാൻ ഒരിക്കലും മറക്കുകയില്ല.”
അവൾ ഇപ്രകാരം തുടരുന്നു: “ഞാൻ ഒരു കന്യാസ്ത്രീയായി തീർന്നപ്പോഴും യഹോവ എന്ന നാമം ബൈബിളിൽ കണ്ടെത്താൽ എനിക്കു കഴിഞ്ഞില്ല. ‘യാഹ്വേ’ എന്നു പേര് ഞാൻ കണ്ടു, അത് എന്നെ അന്ധാളിപ്പിച്ചു. ഒരു ദിവസം യഹോവയെപ്പററി സംസാരിച്ചവരെ കാണാൻ വേണ്ടി ഞാൻ ഒരു അന്വേഷണം നടത്തി. എന്നാൽ എനിക്ക് അവരെ കണ്ടെത്താൻ കഴിഞ്ഞില്ല.
“കാലം കടന്നുപോയി, ഒരു ദിവസം ഞാൻ സ്വന്തം വീട്ടിലേക്കു പോകുമ്പോൾ യഹോവയുടെ സാക്ഷികളുടെ രാജ്യഹാൾ, എന്നൊരു ബോർഡ് കണ്ടു. അവർ വ്യാജപ്രവാചകൻമാരാണെന്ന് അവരോട് പറയണമെന്ന് എനിക്കുണ്ടായിരുന്നു, എന്നാൽ ഹാളിൽ ആരുമില്ലായിരുന്നു. ഞായറാഴ്ച ഞാൻ തിരിച്ചെത്തി. അപ്പോൾ ഒരു മീററിംഗ് നടക്കുകയായിരുന്നു, കന്യാസ്ത്രീയുടെ വേഷം ധരിച്ച ഒരാൾ സദസ്സിലിരിക്കുന്നതായി കണ്ടത് പലർക്കും അതിശയമായി. മീററിംഗ് കഴിഞ്ഞയുടനെ പുറത്തുകടക്കാൻ ഞാൻ ശ്രമിച്ചു. എന്നിരുന്നാലും സാക്ഷികളിൽ ഒരാൾ എന്നെ അഭിവാദ്യം ചെയ്തു. അതുകൊണ്ട് ഞാൻ അവരോട് ചോദിച്ചു: ‘ആ പേരു ധരിച്ചുകൊണ്ട് പരിശുദ്ധനായവനെ നിങ്ങൾ നിന്ദിക്കുന്നത് എന്തിനാണ്?’ എന്റെ ചോദ്യം ഒരു ബൈബിൾ ചർച്ചയിലേക്ക് നയിക്കുകയും അവർ എന്നെ വീട്ടിൽ സന്ദർശിക്കാൻ ഞാൻ ക്രമീകരണം ചെയ്യുകയും ചെയ്തു. എന്നാൽ എന്റെ മാതാപിതാക്കൾ അവരെ വീട്ടിൽ നിന്ന് ഇറക്കിവിട്ടു. എന്നിരുന്നാലും രണ്ടു മാസങ്ങൾക്കു ശേഷം ഞങ്ങൾ വീണ്ടും കണ്ടുമുട്ടുകയും ഒരു ബൈബിൾ അദ്ധ്യയനത്തിനായി അവർ എന്നെ അവരുടെ ഭവനത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. ക്രിസ്ത്യാനികൾ ദൈവത്തിന്റെ നാമം ഉപയോഗിക്കണം എന്ന് തെളിയിച്ചുകൊണ്ട് അവർ എനിക്കു കാണിച്ചുതന്ന വിവരങ്ങൾ എന്നിൽ ഒരു നല്ല ധാരണ ഉളവാക്കി. ഒരു കന്യാസ്ത്രീ എന്ന നിലയിൽ എന്നെ പഠിപ്പിച്ചിരുന്ന വിലകെട്ട കാര്യങ്ങളെല്ലാം ഉപേക്ഷിച്ചു കളയാൻ ആ തെളിവുകൾ എനിക്കു ശക്തി നൽകി.
“കന്യാസ്ത്രീ മഠത്തിലെ എന്റെ ജീവിതത്തെപ്പററി പല കാര്യങ്ങളും ഞാൻ ഓർമ്മിക്കുന്നു. ഉദാഹരണത്തിന്, ഒരിക്കൽ എനിക്കു കൂടുതൽ ഭക്ഷണം ആവശ്യമായിരുന്നു. മഠത്തിൽ എന്റെ കത്തുകൾ പരിശോധിക്കപ്പെടുന്നുണ്ട് എന്നറിയാതെ കുറച്ചു ഭക്ഷണം അയച്ചുതരാൻ ഞാൻ എന്റെ മാതാപിതാക്കളോട് ഒരു എഴുത്തിലൂടെ ആവശ്യപ്പെട്ടു. അടുത്ത ഭക്ഷണ സമയത്ത് കുറേയധികം റൊട്ടിയും ജാമും എന്റെ മുമ്പാകെ വയ്ക്കപ്പെടുകയും അത് മുഴുവൻ തിന്നാൻ ഞാൻ നിർബ്ബന്ധിതയാവുകയും ചെയ്തു. ഇപ്പോൾ എനിക്ക് വേണ്ടതിലധികം ഭക്ഷണമുണ്ടായിരുന്നു. ഞാൻ ഇത് എന്റെ സുഹൃത്തുക്കളോട് പറഞ്ഞപ്പോൾ തിന്നാൻ കഴിയാത്ത റൊട്ടി പൊടിച്ച് തറയിൽ നിരത്താൻ അവരിൽ ഒരാൾ നിർദ്ദേശിച്ചു. ഞാൻ അങ്ങനെ ചെയ്തപ്പോൾ ഞാൻ നാക്കുകൊണ്ട് തറ നക്കി വൃത്തിയാക്കണമെന്ന ഉഗ്രശാസനത്തോടെ കന്യാസ്ത്രീകളിൽ ഒരാൾ ഉടനെ എന്നെ കടന്നുപിടിച്ച് വലിച്ച് തറയിൽ വീഴ്ത്തി. അത് ഒരു വലിയ മുറിയായിരുന്നു. ആ കൽപ്പന അനുസരിക്കവേ വളരെയധികം അടക്കിച്ചിരിയും പൊട്ടിച്ചിരിയും ഞാൻ കേട്ടു—എന്നോടു യാതൊരു ദാക്ഷ്യണ്യവും കാണിക്കപ്പെട്ടില്ല.
“അതിൽ നിന്നെല്ലാം സ്വതന്ത്രയായിരിക്കുക എന്നത് എത്ര അത്ഭുതകരമാണെന്ന് ഇപ്പോൾ എനിക്കു കാണാൻ കഴിയുന്നു. പ്രതീക്ഷിക്കാവുന്നതുപോലെ ഈ സ്വതന്ത്രമാകലിൽ ത്യാഗങ്ങൾ ഉൾപ്പെട്ടിരുന്നു. എന്റെ പിതാവ് എന്നെ വീട്ടിൽ നിന്ന് ഇറക്കിവിട്ടു എന്നതായിരുന്നു ഒരു സംഗതി. എന്നിരുന്നാലും മഠം വിട്ടിറങ്ങുന്നതിനു മുമ്പ് മററ് യുവകന്യാസ്ത്രീകളെ സത്യം പഠിക്കാൻ സഹായിക്കുന്നതിനുള്ള പദവി എനിക്കു ലഭിച്ചു. ഞങ്ങളിൽ ചിലർ ഞങ്ങളുടെ ജീവിതത്തെ യഹോവയാം ദൈവത്തിന് സമർപ്പിച്ചിരിക്കുന്നു എന്ന് പറയാൻ എനിക്ക് സന്തോഷമുണ്ട്!
“മഠത്തിൽ നിന്ന് വിട്ടുപോന്നശേഷം നല്ല ശമ്പളം ലഭിക്കുന്നതും എന്നാൽ വളരെ സമയം ചെലവിടേണ്ടതുമായ ജോലികൾ ഞാൻ നിരസിച്ചത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കുക എന്റെ പിതാവിന് പ്രയാസമായിരുന്നു. എന്നിരുന്നാലും, ദൈവസേവനത്തിനുവേണ്ടി കൂടുതൽ സമയമാണ് ഞാൻ ആഗ്രഹിച്ചത്. ഞാൻ ഇപ്പോൾ ഒരു സാധാരണ പയണിയറായി സേവിക്കുകയാണ്, എന്റേതു ലളിതവും എന്നാൽ പ്രതിഫലദായകവുമായ ഒരു ജീവിതമാണ്. എനിക്ക് വലിയ സന്തോഷം കൈവരുത്തിക്കൊണ്ട് എന്റെ അമ്മയും എന്റെ ജ്യേഷ്ഠസഹോദരൻമാരും യഹോവയുടെ സേവനത്തിൽ എന്നോട് ചേർന്നിരിക്കുന്നു.”
വാസ്തവമായും, ബൈബിൾ സത്യം ഒരു വ്യക്തിയെ ഈ ലോകത്തിന്റെ വ്യാജമതവ്യവസ്ഥിതിയിൽ നിന്ന് സ്വതന്ത്രനാക്കുകയും അത് നിത്യമായ സന്തോഷവും സന്തുഷ്ടിയും കൈവരുത്തുകയും ചെയ്യുന്നു.—യോഹന്നാൻ 8:32.