നിരോധനത്തിൻ കീഴിൽ യഹോവ ഞങ്ങളെ പരിപാലിച്ചു—ഭാഗം 3
അത് 1990 മാർച്ച് 14-ന് ആയിരുന്നു. നിർണ്ണായകമായ ആ ദിനം കിഴക്കൻ ബർലിനിൽ മതപരമായ കാര്യങ്ങൾക്കുവേണ്ടിയുള്ള മന്ത്രാലയത്തിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ അന്നു ജർമ്മൻ ഡെമോക്രാററിക് റിപ്പബ്ലിക് അല്ലെങ്കിൽ കിഴക്കൻ ജർമ്മനി എന്നു വിളക്കപ്പെട്ടിരുന്ന രാജ്യത്തെ യഹോവയുടെ സാക്ഷികൾക്ക് നിയമപരമായ അംഗീകാരം നൽകിക്കൊണ്ടുള്ള ഔദ്യോഗിക രേഖ കൈമാറിയപ്പോൾ സന്നിഹിതരായിരുന്നവരുടെ കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു. അന്നത്തെ ചടങ്ങുകൾക്കിടയിൽ ഞാൻ ഒരു സാക്ഷിയായ സമയത്തെക്കുറിച്ചും ഞങ്ങൾ അനുഭവിക്കേണ്ടിവന്ന പ്രയാസ കാലഘട്ടങ്ങളെക്കുറിച്ചും ഞാൻ പിന്തിരിഞ്ഞു ചിന്തിച്ചു.
ആയിരത്തിത്തൊള്ളായിരത്തിഅൻപതുകളുടെ മദ്ധ്യത്തിൽ സാക്ഷികളിൽ ഒരാളായിരുന്ന എന്റെ ഒരു സഹപ്രകവർത്തക, മാർഗരററ് അവളുടെ ബൈബിൾ അധിഷ്ഠിത വിശ്വാസത്തെപ്പററി ആദ്യമായി എന്നോട് സംസാരിച്ചപ്പോൾ കിഴക്കൻ ജർമ്മനിയിലെ യഹോവയുടെ സാക്ഷികൾക്കെതിരെയുള്ള പീഡനം വളരെ കഠിനമായിരുന്നു. ഏറെ താമസിയാതെ അവൾ ജോലിക്കായി മറെറാരു സ്ഥലത്തേക്ക് മാറിപ്പോവുകയും ഞാൻ മറെറാരു സാക്ഷിയുമൊത്ത് ബൈബിൾ പഠിക്കാൻ ആരംഭിക്കുകയും ചെയ്തു. ഞാൻ 1956-ൽ സ്നാപനമേൽക്കുകയും അതേവർഷം തന്നെ മാർഗ്ഗരററും ഞാനും തമ്മിൽ വിവാഹിതരാവുകയും ചെയ്തു. ഞങ്ങൾ ബെർലിനിലെ ലിറെറൻബർഗ്ഗ് സഭയോടൊപ്പമാണ് സഹവസിച്ചിരുന്നത്. അവിടെ പ്രസംഗവേലയിൽ പങ്കെടുത്തുകൊണ്ടിരുന്ന ഏതാണ്ട് 60 രാജ്യപ്രസാധകരുണ്ടായിരുന്നു.
ഞാൻ സ്നാപനമേററ് രണ്ടു വർഷം കഴിഞ്ഞപ്പോൾ ഗവൺമെൻറ് ഉദ്യോഗസ്ഥൻമാർ ഞങ്ങളുടെ സഭയിൽ നേതൃത്വമെടുത്തിരുന്ന സഹോദരന്റെ വീട്ടിലെത്തി. അദ്ദേഹത്തെ അറസ്ററു ചെയ്യാനാണ് അവർ വന്നത്. എന്നാൽ അദ്ദേഹം അപ്പോൾ ജോലി സംബന്ധിച്ച് പശ്ചിമ ബർലിനിൽ പോയിരിക്കുകയായിരുന്നു. അവിടെ തന്നെ തുടരാൻ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ അദ്ദേഹത്തിന് മുന്നറിയിപ്പ് കൊടുത്തു, ഏതാനും മാസങ്ങൾക്കുശേഷം അവരും പശ്ചിമ ബർലിനിൽ അദ്ദേഹത്തോട് ചേർന്നു. എനിക്ക് അപ്പോൾ 24 വയസ്സേ പ്രായമുണ്ടായിരുന്നുള്ളുവെങ്കിലും സഭയിൽ എനിക്ക് ഭാരിച്ച ഉത്തരവാദിത്തങ്ങൾ നൽകപ്പെട്ടു. അത്തരം ചുമതലകൾ നിർവ്വഹിക്കുന്നതിനാവശ്യമായ ജ്ഞാനവും ശക്തിയും യഹോവ പ്രദാനം ചെയ്യുന്നതിൽ ഞാൻ നന്ദിയുള്ളവനാണ്.—2 കൊരിന്ത്യർ 4:7.
ആത്മീയാഹാരം പ്രദാനം ചെയ്യൽ
ആയിരത്തിത്തൊള്ളായിരത്തിഅറുപത്തിഒന്ന് ഓഗസ്ററിൽ ബർലിൻ മതിൽ പടുത്തുയർത്തപ്പെട്ടപ്പോൾ കിഴക്കേ ഭാഗത്തുള്ള യഹോവയുടെ സാക്ഷികൾ പടിഞ്ഞാറുള്ള അവരുടെ സഹോദരങ്ങളിൽ നിന്ന് ഒററപ്പെടുത്തപ്പെട്ടു. അതോടെ നമ്മുടെ സാഹിത്യം ഞങ്ങൾ ആദ്യമൊക്കെ റൈറപ്പ്റൈററർ ഉപയോഗിച്ചും പിന്നീട് പലതരം കോപ്പിയെടുക്കൽ യന്ത്രങ്ങളുപയോഗിച്ചും കോപ്പിയെടുക്കുന്ന ആ കാലഘട്ടം ആരംഭിച്ചു. ഈ അച്ചടി നടത്തുന്നതിനുള്ള ഒരു ഒളിസ്ഥലം ഞങ്ങളുടെ വീട്ടിൽ നിർമ്മിക്കുന്നതിന് 1963 മുതൽ ഞാൻ രണ്ടുവർഷം ചെലവഴിച്ചു. പകൽ മുഴുവൻ ഒരു ഉപകരണനിർമ്മാതാവ് എന്ന നിലയിൽ ജോലി ചെയ്തശേഷം രാത്രി കാലങ്ങൾ മററ് രണ്ടു സഹോദരൻമാരുടെ സഹായത്തോടെ വീക്ഷാഗോപുരത്തിന്റെ കോപ്പികൾ എടുക്കുന്നതിന് ഞാൻ വിനിയോഗിച്ചു. അച്ചടിക്കുള്ള ഞങ്ങളുടെ സംവിധാനം കണ്ടുപിടിക്കാൻ അധികാരികൾ കഠിനശ്രമം തന്നെ നടത്തി, എന്നാൽ ഞങ്ങളുടെ ഭക്ഷണം, അങ്ങനെയാണ് ഞങ്ങൾ അതിന് പറഞ്ഞിരുന്നത്, കൃത്യസമയത്തുതന്നെ തയ്യാറാക്കാൻ യഹോവ ഞങ്ങളെ സഹായിച്ചു.
നമ്മുടെ മാസികകളുടെ വേണ്ടത്ര പ്രതികൾ ഉൽപ്പാദിപ്പിക്കുന്നതിന് വളരെയധികം കടലാസ്സ് ആവശ്യമായിരുന്നു, അത് വാങ്ങുക എളുപ്പമായിരുന്നില്ല. ഞങ്ങൾ ക്രമമായി അധികം കടലാസ്സ് വാങ്ങിയിരുന്നെങ്കിൽ അത് അധികാരികളുടെ ശ്രദ്ധ ആകർഷിക്കുമായിരുന്നു. അതുകൊണ്ട് സാക്ഷികൾ ഒററക്കൊററക്ക് കുറേശ്ശേ കടലാസ്സ് വാങ്ങി ഞങ്ങളുടെ ബൈബിൾ അദ്ധ്യയന കേന്ദ്രത്തിൽ കൊണ്ടുവരാൻ ഞങ്ങൾ ഏർപ്പാടു ചെയ്തു. അവിടെ നിന്ന് അത് മാസിക അടിക്കുന്നിടത്ത് എത്തിച്ചു. പിന്നീട്, പൂർത്തിയാക്കിയ മാസികകൾ മററു സാക്ഷികൾ വിതരണം ചെയ്തു.
സാഹിത്യം അച്ചടിക്കുന്നതിൽ ഞാൻ ഉൾപ്പെട്ടിരുന്നതായി ഉദ്യോഗസ്ഥൻമാർ സംശയിച്ചതുകൊണ്ട് അവർ എന്നെ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു. 1965 അവസാനത്തോടെ സാധാരണയിൽ അധികം അവർ എന്നെ പിന്തുടരുന്നതായി എനിക്കു കാണാൻ കഴിഞ്ഞു, അവർ എന്തോ പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടെന്ന് എനിക്കു തോന്നി. പെട്ടെന്ന് ഒരു ദിവസം വെളുപ്പിന് അവർ ഒരു ആക്രമണം നടത്തി.
കഷ്ടിച്ചുള്ള രക്ഷപ്പെടൽ
ആ ശൈത്യകാലത്തെ പ്രഭാതത്തിൽ ഞാൻ ജോലിക്കു പോവുകയായിരുന്നു. നേരം പുലരുന്നതേയുണ്ടായിരുന്നുള്ളു, തുളച്ചുകയറുന്ന തണുപ്പിനെതിരെ ഞാൻ ചെറുത്തു നിൽക്കേണ്ടതുണ്ടായിരുന്നു. നടന്നു പോകുന്നതിനിടയിൽ വേലിച്ചെടികൾക്കു മുകളിലൂടെ നാലു തലകൾ ഞാൻ കണ്ടു. ആ പുരുഷൻമാർ ഒരു വളവുതിരിഞ്ഞ് എന്റെ നേരെ വരുന്നു. അവർ ഗവൺമെൻറ് ഉദ്യോഗസ്ഥൻമാരാണെന്ന് ഒരു ഞെട്ടലോടെ ഞാൻ തിരിച്ചറിഞ്ഞു. ഞാൻ എന്തു ചെയ്യും?
ഘനത്തിൽ വീണു കിടന്ന മഞ്ഞ് കോരിമാററി ഉണ്ടാക്കിയ ഇടുങ്ങിയ നടപ്പാതയിലൂടെ ഞാൻ നടന്നു. തലകുമ്പിട്ട് ദൃഷ്ടികൾ നിലത്തു പതിപ്പിച്ചുകൊണ്ട് ഞാൻ മുമ്പോട്ടു നീങ്ങി. താഴ്ന്ന സ്വരത്തിൽ ഞാൻ പ്രാർത്ഥിച്ചു. ആ പുരുഷൻമാർ അടുത്തടുത്തു വന്നു. അവർ എന്നെ തിരിച്ചറിഞ്ഞിട്ടുണ്ടാവുമോ? ഇടുങ്ങിയ പാതയിലൂടെ ഞാൻ അവരെ കടന്ന് മുന്നോട്ട് നീങ്ങിയപ്പോൾ എനിക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഞാൻ നടപ്പിന് വേഗത കൂട്ടി. “ഹേയ്,” അവരിലൊരാൾ വിളിച്ചു പറഞ്ഞു, “അത് അവനാണ്. നിൽക്കവിടെ!”
എന്റെ സർവ്വ ശക്തിയും സംഭരിച്ച് ഞാൻ ഓടി. ഒരു വളവ് വെട്ടിത്തിരിഞ്ഞ് ഒരു അയൽക്കാരന്റെ വേലിക്കു മീതെ ചാടി ഞാൻ എന്റെ വീടിന്റെ പിമ്പിലുള്ള മുററത്തെത്തി. വീട്ടിനുള്ളിലേക്ക് പാഞ്ഞുകയറി ഞാൻ കതകടച്ച് കുററിയിട്ടു. “എല്ലാവരും ചാടി എഴുന്നേൽക്ക്!” ഞാൻ വിളിച്ചു പറഞ്ഞു. “അവർ എന്നെ പിടിക്കാൻ വന്നിരിക്കുകയാണ്.”
മിന്നൽ വേഗത്തിൽ മാർഗരററ് താഴെയിറങ്ങിവന്ന് വാതിൽക്കൽ സ്ഥാനം പിടിച്ചു. പെട്ടെന്നു തന്നെ ഞാൻ നിലവറയിലെത്തി സ്ററൗ കത്തിച്ചു. എന്റെ കൈവശമുണ്ടായിരുന്ന സഭാരേഖകളെല്ലാം തീയിലിട്ടു.
“തുറക്ക്!” ആ പുരുഷൻമാർ ഗർജ്ജിച്ചു. “വാതിൽ തുറക്കു! ഇത് പബ്ലിക് പ്രോസക്യൂട്ടറാണ്.”
യാതൊന്നും തിരിച്ചറിയാത്തവണ്ണം ഞാൻ എല്ലാം കത്തിച്ചു കഴിയുന്നതുവരെ മാർഗരററ് അനങ്ങിയില്ല. പിന്നീട് ഞാൻ മടങ്ങിയെത്തി വാതിൽ തുറന്നുകൊള്ളാൻ ആംഗ്യം കാട്ടി. ആ പുരുഷൻമാർ കതക് തള്ളിത്തുറന്ന് അകത്തു കടന്നു.
“താങ്കൾ എന്തിനാണ് ഓടിക്കളഞ്ഞത്?” അവർ ചോദിച്ചു.
പെട്ടെന്നു തന്നെ കൂടുതൽ ഉദ്യോഗസ്ഥൻമാരെത്തി, വീടു മുഴുവൻ പരിശോധിക്കപ്പെട്ടു. ഞങ്ങളുടെ അച്ചടിയന്ത്രവും 40,000 ഷീററ് കടലാസും സൂക്ഷിച്ചിരുന്ന ഒളിസ്ഥലത്തെപ്പററിയായിരുന്നു എന്റെ മുഖ്യ ഉൽക്കണ്ഠ. എന്നാൽ അവർ അവിടേയ്ക്കുള്ള രഹസ്യ വാതിൽ കണ്ടുപിടിച്ചില്ല. ചോദ്യം ചെയ്യൽ മണിക്കൂറുകളോളം നീണ്ടെങ്കിലും ശാന്തനായിരിക്കാൻ യഹോവ എന്നെ സഹായിച്ചു. ആ അനുഭവം നമ്മുടെ സ്നേഹവാനായ സ്വർഗ്ഗീയ പിതാവിനോട് ഞങ്ങളെ കൂടുതൽ അടുപ്പിക്കുകയും സഹിച്ചു നിൽക്കാൻ ഞങ്ങളെ ശക്തീകരിക്കുകയും ചെയ്തു.
ജയിലിൽ എന്നാൽ സ്വതന്ത്രൻ
ആയിരത്തിത്തൊള്ളായിരത്തിഅറുപതുകളുടെ അവസാനത്തോടെ സൈനിക സേവനത്തിന് ഹാജരാകാൻ എനിക്ക് നോട്ടീസ് ലഭിച്ചു. സേവനത്തിന് എന്റെ മനസ്സാക്ഷി അനുവദിക്കാഞ്ഞതുകൊണ്ട് ഏഴു മാസക്കാലം ഞാൻ ഒരു തടവുപുള്ളിയെപ്പോലെ ഒരു തൊഴിൽ ക്യാമ്പിൽ കഴിയേണ്ടി വന്നു. ബർലിനിൽ നിന്നു തെക്കു കിഴക്കായി സ്ഥിതിചെയ്യുന്ന കോട്ട്ബസ് ക്യാമ്പിൽ 15 സാക്ഷികളുണ്ടായിരുന്നു. ഞങ്ങൾ എല്ലാവരും ഞങ്ങളുടെ ക്രിസ്തീയ നിഷ്പക്ഷത നിമിത്തമായിരുന്നു അവിടെയായിരുന്നത്. (യെശയ്യാവ് 2:2-4; യോഹന്നാൻ 17:16) ഞങ്ങളുടെ ജോലി സമയം ദീർഘവും ജോലി കഠിനവുമായിരുന്നു. ഞങ്ങൾ വെളുപ്പിന് 4:15-ന് എഴുന്നേററ് റെയിൽവേ ലൈൻ നിർമ്മിക്കുന്നിടത്തുപോയി ജോലി ചെയ്യണമായിരുന്നു. എന്നിരുന്നാലും ജയിലിലായിരുന്നപ്പോൾ യഹോവയുടെ രാജ്യത്തെപ്പററി മററുള്ളവരോട് പറയാൻ ഞങ്ങൾക്ക് അവസരങ്ങളുണ്ടായിരുന്നു.
ഉദാഹരണത്തിന്, കോട്ട്ബസിൽ ഞങ്ങളോടൊപ്പം രണ്ടു ജൗതിഷികരും ഉണ്ടായിരുന്നു. ഒരു ദിവസം അവരിൽ പ്രായം കുറഞ്ഞയാൾ എന്നോട് സംസാരിക്കാൻ അതിയായി ആഗ്രഹിക്കുന്നതായി ഞാൻ കേട്ടു. അയാൾക്ക് എന്തായിരിക്കും വേണ്ടത്? അയാൾ എന്റെ പക്കൽ അയാളുടെ ഹൃദയം തുറന്നു. അയാളുടെ വലിയമ്മ ഒരു ജൗതിഷികയായിരുന്നു, അവരുടെ കൈയ്യിലുണ്ടായിരുന്ന പുസ്തകങ്ങൾ വായിച്ചശേഷമാണ് അയാൾ അതുപോലുള്ള പ്രാപ്തികൾ വികസിപ്പിച്ചെടുത്തത്. അയാളെ ഭരിച്ചിരുന്ന ശക്തികളിൽ നിന്ന് മോചനം പ്രാപിക്കാൻ അയാൾ അതിയായി ആഗ്രഹിച്ചിരുന്നെങ്കിലും തിരിച്ചടികൾ ഉണ്ടായേക്കുമോയെന്ന് അയാൾക്ക് ഭയമുണ്ടായിരുന്നു. അയാൾ തുടർച്ചയായി കരഞ്ഞുകൊണ്ടിരുന്നു. എനിക്ക് അതുമായി എന്തു ബന്ധമാണുണ്ടായിരുന്നത്?
യഹോവയുടെ സാക്ഷികളോടൊപ്പമായിരിക്കുമ്പോൾ ഭാവി പറയാനുള്ള തന്റെ പ്രാപ്തിക്ക് തടസ്സം അനുഭവപ്പെടുന്നതായി ഞങ്ങളുടെ സംഭാഷണത്തിനിടയിൽ അയാൾ വിശദീകരിച്ചു. ദുഷ്ടാത്മാക്കൾ അഥവാ ഭൂതങ്ങളും നല്ല ആത്മാക്കൾ അഥവാ ദൂതൻമാരുമുണ്ടെന്ന് ഞാൻ വ്യക്തമാക്കി. പുരാതന എഫേസൂസിൽ ക്രിസ്ത്യാനികളായിത്തീർന്നവരുടെ ദൃഷ്ടാന്തം ഉപയോഗിച്ചുകൊണ്ട് ഭാവികഥനത്തോടൊ അല്ലെങ്കിൽ മറെറന്തെങ്കിലും ആത്മവിദ്യാചാരത്തോടൊ ബന്ധപ്പെട്ട വസ്തുക്കളെല്ലാം നശിപ്പിച്ചുകളയേണ്ടതിന്റെ ആവശ്യകത ഞാൻ ഊന്നിപ്പറഞ്ഞു. (പ്രവൃത്തികൾ 19:17-20) “അതിനുശേഷം യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെടുക,” ഞാൻ അയാളോടു പറഞ്ഞു, “സാക്ഷികൾ എല്ലായിടത്തും തന്നെയുണ്ട്.”
ഏതാനും ദിവസങ്ങൾക്കുശേഷം ആ ചെറുപ്പക്കാരൻ ക്യാമ്പിൽ നിന്ന് പോയി, അയാളെപ്പററി ഞാൻ പിന്നീട് ഒന്നും കേട്ടതുമില്ല. എന്നാൽ ഭയചകിതനും ആശ്വാസം ലഭിക്കാത്തവനുമായ, സ്വാതന്ത്ര്യം കാംക്ഷിച്ച ആ മനുഷ്യനുമായുള്ള അനുഭവം യഹോവയോടുള്ള എന്റെ സ്നേഹം കൂടുതൽ ആഴമുള്ളതാക്കി. ഞങ്ങൾ 15 സാക്ഷികൾ ഞങ്ങളുടെ വിശ്വാസത്തിന്റെ പേരിലായിരുന്നു ആ ക്യാമ്പിലായിരുന്നത്. എന്നാൽ ആത്മീയമായ ഒരു വിധത്തിൽ ഞങ്ങൾ സ്വതന്ത്രരായിരുന്നു. ആ ചെറുപ്പക്കാരനാകട്ടെ ജയിലിൽ നിന്ന് വിമോചിതനായി, എന്നാൽ അയാൾ അപ്പോഴും അയാളെ ഭയപ്പെടുത്തിയ ഒരു “ദൈവ”ത്തിന്റെ അടിമയായിരുന്നു. (2 കൊരിന്ത്യർ 4:4) സാക്ഷികളായ നാം നമ്മുടെ ആത്മീയ സ്വാതന്ത്ര്യം എത്രമാത്രം വിലമതിക്കേണ്ടതാണ്!
ഞങ്ങളുടെ കുട്ടികളുടെ വിശ്വസ്തത പരിശോധിക്കപ്പെടുന്നു
മുതിർന്നവർ മാത്രമല്ല യുവജനങ്ങളും തങ്ങളുടെ ബൈബിൾ അധിഷ്ഠിത ബോദ്ധ്യങ്ങൾക്കുവേണ്ടി ഉറച്ച നിലപാട് സ്വീകരിക്കേണ്ടതുണ്ടായിരുന്നു. സ്കൂളിലും ജോലിസ്ഥലത്തും വിശ്വാസം സംബന്ധിച്ച് വിട്ടുവീഴ്ച ചെയ്യാൻ അവരുടെമേൽ സമ്മർദ്ദം ചെലുത്തപ്പെട്ടു. ഞങ്ങളുടെ കുട്ടികൾ നാലുപേർക്കും അവരുടെ വിശ്വാസത്തിനുവേണ്ടി ഒരു നിലപാട് സ്വീകരിക്കേണ്ടി വന്നു.
സ്കൂളിൽ എല്ലാ തിങ്കളാഴ്ചയും പതാക വന്ദിക്കുന്ന ഒരു ചടങ്ങുണ്ടായിരുന്നു. കുട്ടികൾ സ്കൂൾ മുററത്തേക്ക് ലൈനായി പോയി ഒരു ഗീതം ആലപിക്കുകയും ടെൽമാൻ സല്യൂട്ട് എന്ന പേരിൽ അറിയപ്പെടുന്ന വിധത്തിൽ, പതാക ഉയർത്തുന്ന സന്ദർഭത്തിൽ അതിനെ വന്ദിക്കുകയും ചെയ്യുമായിരുന്നു. ഏൺസ്ററ് റെറൽമാൻ 1944-ൽ നാസ്സി എസ്സ്. എസ്സ്. ഗാർഡുകളാൽ വധിക്കപ്പെട്ട ഒരു ജർമ്മൻ കമ്മ്യൂണിസ്ററുകാരനായിരുന്നു. രണ്ടാം ലോകയുദ്ധത്തിനു ശേഷം പൂർവ്വജർമ്മനിയിൽ ടെൽമാൻ ഒരു വീരപുരുഷനായി ഗണിക്കപ്പെടാൻ തുടങ്ങി. വിശുദ്ധ സേവനം യഹോവയാം ദൈവത്തിന് മാത്രം അർപ്പിക്കപ്പെടേണ്ടതാണെന്നുള്ള ഞങ്ങളുടെ ബൈബിൾ അധിഷ്ഠിത ബോദ്ധ്യം നിമിത്തം അത്തരം ചടങ്ങുകളിൽ പങ്കെടുക്കാതെ ആദരപൂർവ്വം നിൽക്കുക മാത്രം ചെയ്യാൻ എന്റെ ഭാര്യയും ഞാനും ഞങ്ങളുടെ കുട്ടികൾക്ക് നിർദ്ദേശം നൽകിയിരുന്നു.
സ്കൂൾ കുട്ടികളെ കമ്മ്യൂണിസ്ററ് ഗാനങ്ങളും പഠിപ്പിച്ചിരുന്നു. മാർഗരററും ഞാനും കൂടെ ഞങ്ങളുടെ കുട്ടികളുടെ സ്കൂളിൽ ചെന്ന് അവർ അത്തരം രാഷ്ട്രീയഗാനങ്ങൾ ആലപിക്കുകയില്ലാത്തത് എന്തുകൊണ്ടാണെന്ന് വിശദീകരിച്ചു. അവർക്ക് മററു തരത്തിലുള്ള ഗീതങ്ങൾ പഠിക്കുന്നതിന് എതിർപ്പില്ല എന്നു ഞങ്ങൾ പറഞ്ഞു. അങ്ങനെ നന്നേ ചെറുപ്പത്തിലെ തന്നെ സമപ്രായക്കാരിൽ നിന്ന് വ്യത്യസ്തരായി ഒരു ഉറച്ച നിലപാട് സ്വീകരിക്കാൻ ഞങ്ങളുടെ കുട്ടികൾ പഠിച്ചു.
ആയിരത്തിത്തൊള്ളായിരത്തിഎഴുപതുകളുടെ അവസാനത്തോടെ ഞങ്ങളുടെ മൂത്ത മകൾ തൊഴിൽ പരിശീലനത്തിനായി ഒരു ഓഫീസ്സിൽ ജോലി ചെയ്യാൻ ആഗ്രഹിച്ചു. എന്നാൽ തൊഴിൽ പരിശീലകരെല്ലാം 14 ദിവസത്തേക്ക് സൈനിക സേവനത്തിന് മുന്നോടിയായിട്ടുള്ള ഒരു പരിശീലനത്തിൽ പങ്കെടുക്കണമെന്ന് നിബന്ധനയുണ്ടായിരുന്നു. റിനാറേറയുടെ മനസാക്ഷി അതിൽ പങ്കു ചേരാൻ അവളെ അനുവദിക്കയില്ലാഞ്ഞതിനാൽ അവൾ ഒരു ഉറച്ച നിലപാട് സ്വീകരിക്കുകയും ഒടുവിൽ അത്തരം പരിശീലനം ലഭിക്കുന്നതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് അവൾ ഒഴിവാക്കപ്പെടുകയും ചെയ്തു.
അവളുടെ തൊഴിൽ പരിശീലനകാലത്ത് ഒരിക്കൽ വെടിവയ്പ്പ് പരിശീലനത്തിൽ പങ്കുചേരാൻ അവൾ ക്ഷണിക്കപ്പെട്ടു. “റിനാറേറ നീയും വെടിവയ്പ്പ് പരിശീലനത്തിന് വരും,” അവളുടെ അദ്ധ്യാപകൻ പറഞ്ഞു. അവളുടെ എതിർപ്പുകളൊന്നും അയാൾ ഗൗനിച്ചില്ല. “നീ വെടി വയ്ക്കേണ്ടതില്ല”, അയാൾ ഉറപ്പു നൽകി. “നീ ലഘുഭക്ഷണം വിതരണം ചെയ്യുന്ന കാര്യം നോക്കിയാൽ മതി.”
അന്നു വൈകിട്ട് ഒരു കുടുംബമെന്ന നിലയിൽ ഞങ്ങൾ കാര്യങ്ങൾ ചർച്ചചെയ്തു. റിനാറേറ നേരിട്ട് വെടിവയ്പ് പരിശീലനത്തിൽ പങ്കുചേരുന്നില്ലെങ്കിലും അവൾ അവിടെ പോകുന്നതു തന്നെ തെററാണെന്ന് ഞങ്ങൾ കരുതി. ഞങ്ങളുമായുള്ള ചർച്ചയാലും പ്രാർത്ഥനയാലും ബലിഷ്ഠയാക്കപ്പെട്ട അവൾ ഭീഷണിക്ക് വഴങ്ങിയില്ല. യൗവ്വനപ്രായക്കാരിയായ ഞങ്ങളുടെ മകൾ നീതിയുള്ള തത്വങ്ങൾക്കുവേണ്ടി ഒരു ഉറച്ചനിലപാട് സ്വീകരിക്കുന്നതു കണ്ടപ്പോൾ അത് ഞങ്ങൾക്ക് എന്തോരു പ്രോൽസാഹനമായിരുന്നു!
ഞങ്ങളുടെ പരസ്യപ്രസംഗ പ്രവർത്തനം വർദ്ധിപ്പിക്കൽ
ആയിരത്തിത്തൊള്ളായിരത്തിഎഴുപതുകളുടെ അവസാനത്തോടെ നമ്മുടെ വേലയോടുള്ള എതിർപ്പ് അൽപ്പമൊന്നു മയപ്പെട്ടപ്പോൾ പാശ്ചാത്യ നാടുകളിൽ നിന്ന് നമ്മുടെ പ്രസിദ്ധീകരണങ്ങൾ ധാരാളമായി ഇറക്കുമതി ചെയ്യാൻ തുടങ്ങി. ഇതു അപകടം പിടിച്ച ജോലിയായിരുന്നെങ്കിലും ധീരരായ സഹോദരൻമാർ അതു ചെയ്യാൻ സ്വമേധയാ മുന്നോട്ടുവന്നു. വർദ്ധിച്ചതോതിൽ ലഭിച്ച സാഹിത്യവും അത് ലഭ്യമാക്കിയവർ നടത്തിയ ശ്രമങ്ങളും ഞങ്ങൾ വളരെയധികം വിലമതിച്ചു. നിരോധനത്തിന്റെ ആദ്യവർഷങ്ങളിൽ പീഡനം കഠിനമായിരുന്നപ്പോൾ വീടുതോറുമുള്ള പ്രസംഗപ്രവർത്തനം ഒരു യഥാർത്ഥ വെല്ലുവിളിയായിരുന്നു. വാസ്തവത്തിൽ ശിക്ഷയെപ്പററിയുള്ള ഭയം പലരും അതിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്നതിലേക്ക് നയിച്ചു. എന്നാൽ കാലക്രമത്തിൽ ഞങ്ങളുടെ പരസ്യപ്രസംഗവേല നാടകീയമായി വർദ്ധിച്ചു. 1960 രാജ്യ പ്രസംഗകരുടെ ഏതാണ്ട് 25 ശതമാനം മാത്രമേ ക്രമമായി വീടുതോറുമുള്ള വേലയിൽ പങ്കെടുക്കുന്നുണ്ടായിരുന്നുള്ളു. എന്നാൽ 1980-കളുടെ അവസാന ഘട്ടമായപ്പോഴേക്കും ശുശ്രൂഷയുടെ ആ വശത്ത് ക്രമമായി പങ്കെടുക്കുന്നവരുടെ എണ്ണം 66 ശതമാനമായി വർദ്ധിച്ചു! അപ്പോഴേക്കും നമ്മുടെ പരസ്യമായ പ്രസംഗപ്രവർത്തനത്തിന് അധികാരികൾ കുറഞ്ഞ ശ്രദ്ധയേ നൽകിയിരുന്നുള്ളു.
ഒരു സന്ദർഭത്തിൽ എന്നോടൊപ്പം ശുശ്രൂഷയിൽ പ്രവർത്തിച്ചിരുന്ന ഒരു സഹോദരൻ തന്റെ കൊച്ചു മകളെ തന്നോടൊപ്പം കൂട്ടിക്കൊണ്ടു വന്നു. പെൺകുട്ടിയുടെ സാന്നിദ്ധ്യം കൊണ്ട് ഊഷ്മളവികാരം തോന്നാനിടയായ ഒരു പ്രായമായ സ്ത്രീ ഞങ്ങളെ അവരുടെ വീട്ടിനുള്ളിലേക്ക് ക്ഷണിച്ചു. ഞങ്ങളുടെ തിരുവെഴുത്തുപരമായ പ്രസംഗം അവർ വിലമതിക്കുകയും ഞങ്ങൾ വീണ്ടും അവരെ സന്ദർശിക്കുന്നതിന് അനുവദിക്കുകയും ചെയ്തു. പിന്നീട് ഞാൻ ആ സന്ദർശനം എന്റെ ഭാര്യയെ ഏൽപ്പിക്കുകയും അവൾ പെട്ടെന്നുതന്നെ ആ സ്ത്രീയുമായി ഒരു ഭവന ബൈബിളദ്ധ്യയനം ആരംഭിക്കുകയും ചെയ്തു. പ്രായാധിക്യവും മോശമായ ആരോഗ്യനിലയുമെല്ലാം ഉണ്ടായിട്ടും ആ സ്ത്രീ നമ്മുടെ ഒരു സഹോദരിയായിത്തീരുകയും ഇന്നോളം യഹോവയുടെ സേവനത്തിൽ തിരക്കുള്ളവരായി തുടരുകയും ചെയ്തിരിക്കുന്നു.
സ്വാതന്ത്ര്യം സമീപിച്ചപ്പോൾ ക്രമീകരണങ്ങൾ
ഞങ്ങൾ കൂടുതലായ സ്വാതന്ത്ര്യം ആസ്വദിക്കുന്ന സമയത്തിനായി യഹോവ ഞങ്ങളെ സജ്ജരാക്കി. ദൃഷ്ടാന്തത്തിന്: നിരോധനം നീങ്ങുന്നതിന് കുറച്ചു മുമ്പായി മീററിംഗു സ്ഥലങ്ങളിൽ ഞങ്ങൾ പരസ്പരം അഭിസംബോധന ചെയ്ത രീതിക്കു മാററം വരുത്താൻ ഞങ്ങൾക്ക് ഉപദേശം ലഭിച്ചു. സുരക്ഷിതത്വത്തിനു വേണ്ടി ഞങ്ങൾ പരസ്പരം വിളിച്ചിരുന്നത് ഞങ്ങളുടെ ആദ്യ പേരുകൾ ഉപയോഗിച്ചായിരുന്നു. അനേക വർഷങ്ങളായി അന്യോന്യം അറിഞ്ഞിരുന്ന പലർക്കും തങ്ങളുടെ സഹവിശ്വാസികളുടെ അവസാനപേര് അറിഞ്ഞുകൂടായിരുന്നു. എന്നിരുന്നാലും നമ്മുടെ മീററിംഗുകളിലേക്ക് ധാരാളം താൽപ്പര്യക്കാരെ സ്വാഗതം ചെയ്യുന്നതിന് ഒരു ഒരുക്കമെന്ന നിലയിൽ പരസ്പരം കുടുംബപേരുകൾ ഉപയോഗിച്ച് സംബോധന ചെയ്യാൻ ഞങ്ങൾ പ്രോൽസാഹിപ്പിക്കപ്പെട്ടു. ഇത് വ്യക്തികൾ തമ്മിലുള്ള അടുപ്പം കുറച്ചതുപോലെ ചിലർക്ക് തോന്നി, എന്നാൽ ആ ഉപദേശം സ്വീകരിച്ചവർ പിന്നീട് ഞങ്ങൾക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ കൂടുതൽ എളുപ്പത്തിൽ കാര്യങ്ങളുമായി പൊരുത്തപ്പെട്ടു.
ഞങ്ങളുടെ മീററിംഗുകൾ ഒരു ഗീതത്തോടെ ആരംഭിക്കാനും ഞങ്ങൾ പ്രോൽസാഹിപ്പിക്കപ്പെട്ടു. അതുവഴി മററുള്ളിടങ്ങളിലെ സഭാനടപടിക്രമവുമായി ഞങ്ങൾ തഴങ്ങി. മറെറാരു ക്രമീകരണം ഞങ്ങളുടെ പഠന കൂട്ടങ്ങളുടെ വിലപ്പത്തിലായിരുന്നു. 1950കളിൽ 4 ആയിരുന്നതു ക്രമേണ 8 ആയി. പിന്നീട് അത് 10 ആയും അവസാനം 12 ആയും വർദ്ധിച്ചു. കൂടാതെ, ഓരോ സഭയുടെയും യോഗസ്ഥലം ഭൂരിഭാഗം സാക്ഷികൾക്കും സൗകര്യപ്രദമായ ഒരു സ്ഥാനത്താണ് എന്ന് ഉറപ്പു വരുത്താൻ ഒരു പഠനം നടത്തപ്പെട്ടു.
ചിലപ്പോൾ നിർദ്ദേശിക്കപ്പെട്ട ഒരു ക്രമീകരണത്തിലെ ജ്ഞാനം അത് നടപ്പിലാക്കിക്കഴിഞ്ഞ ശേഷം മാത്രമേ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞുള്ളു. താൻ ജ്ഞാനവും പരിഗണനയുമുള്ള ഒരു പിതാവാണെന്ന് യഹോവ എത്ര കൂടെക്കൂടെ പ്രകടമാക്കി! ക്രമേണ അവൻ ഞങ്ങളെ തന്റെ ഭൗമിക സ്ഥാപനത്തിന്റെ ശേഷിച്ച ഭാഗങ്ങളോടാപ്പം കൊണ്ടുവരികയും അവന്റെ ജനത്തിന്റെ ലോകവ്യാപക സഹോദരവർഗ്ഗത്തിന്റെ ഭാഗമായിരിക്കുന്നതായി ഞങ്ങൾക്ക് കൂടുതൽ കൂടുതൽ അനുഭവപ്പെടുകയും ചെയ്തു. തീർച്ചയായും യഹോവയാം ദൈവം പൂർവ്വജർമ്മനിയിൽ അവന്റെ ജനം നിരോധനത്തിൻ കീഴിലായിരുന്ന 40-ഓളം വർങ്ങളിലെല്ലാം സ്നേഹപൂർവ്വം അവരെ സംരക്ഷിച്ചു. നിയമപരമായ അംഗീകാരം ലഭിച്ചതിൽ ഇപ്പോൾ ഞങ്ങൾ എത്രയധികം സന്തോഷിക്കുന്നു!
മുമ്പ് പൂർവ്വജർമ്മനിയായിരുന്ന പ്രദേശത്ത് ഇന്ന് 22,000-ലധികം സാക്ഷികളുണ്ട്. അവർ യഹോവയാം ദൈവത്തിന്റെ ജ്ഞാനപൂർവ്വകമായ മാർഗ്ഗനിർദ്ദേശത്തിന്റെയും സ്നേഹപൂർവ്വമായ കരുതലിന്റെയും സാക്ഷ്യമായി നിൽക്കുന്നു. ഞങ്ങൾ നിരോധനത്തിൻ കീഴിലായിരുന്ന കാലത്തെ അവന്റെ പിന്തുണ അവന് ഏതു സാഹചര്യത്തെയും നേരിടാൻ കഴിവുണ്ട് എന്ന് പ്രകടമാക്കുന്നു. അവന്റെ ജനത്തിനെതിരായി എന്ത് ആയുധം കൊണ്ടുവന്നാലും അത് വിജയിക്കുകയില്ല. തന്നിൽ ആശ്രയിക്കുന്നവർക്കുവേണ്ടി യഹോവ എല്ലായ്പ്പോഴും നന്നായി കരുതുന്നു. (യെശയ്യാവ് 54:17; യിരെമ്യാവ് 17:7, 8)—ഹോർസ്ററ് ഷ്ലോയ്സ്നർ പറഞ്ഞപ്രകാരം.
[31-ാം പേജിലെ ചിത്രം]
ഹോർസ്ററും മാർഗ്ഗരററ് ഷ്ലോയ്സ്നറും പൂർവ്വബർലിനിലെ സൊസൈററിയുടെ ഓഫീസ്സിൽ