ഗിലയദ് ബിരുദധാരികൾ മിഷനറിസേവനമാകുന്ന സമ്മാനം വാങ്ങുന്നു
ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂററിരണ്ട് മാർച്ച് 1ന് വാച്ച്ററവർ ഗിലയദ് ബൈബിൾസ്കൂളിൽനിന്ന് ബിരുദം നേടുന്ന 92-ാമത്തെ ക്ലാസിലെ 22 അംഗങ്ങൾ ഒരു സമ്മാനം സ്വീകരിച്ചു—മിഷനറിസേവനമാകുന്ന സമ്മാനം. ക്ലാസിനെ സംബോധനചെയ്തു പ്രസംഗിച്ചപ്പോൾ ഭരണസംഘത്തിലെ ലോയിഡ് ബാരി ഇങ്ങനെ പ്രസ്താവിച്ചു: “നിങ്ങൾക്ക് വലിയ സന്തോഷത്തോടെ ഈ അത്ഭുതകരമായ സമ്മാനം സ്വീകരിക്കാവുന്നതാണ്, മററുള്ളവർക്ക് സന്തോഷം കൈവരുത്താൻ നിങ്ങൾക്ക് അത് ഉപയോഗിക്കാവുന്നതുമാണ്.”
ബിരുദദാന പരിപാടിക്കുവേണ്ടി ന്യൂജേഴ്സിയിലെ ജേഴ്സി സിററി അസംബ്ലിഹാളിൽ ക്ഷണിക്കപ്പെട്ട ഏതാണ്ട് 4,662 അതിഥികളും ബെഥേൽ കുടുംബാംഗങ്ങളും വന്നുകൂടി. ബ്രൂക്ലിനിലും വോൾക്കില്ലിലും പാറേറഴ്സണിലുമുള്ള വാച്ച്ററവർ സൊസൈററിയുടെ ന്യൂയോർക്ക് കെട്ടിടസൗകര്യങ്ങളിലെ വേറൊരു 970പേർക്ക് കേൾക്കുന്നതിന് റെറലഫോൺ ലൈൻ സ്ഥാപിക്കപ്പെട്ടു. മിഷനറിസേവനമാകുന്ന സമ്മാനത്തെ അതിയായി വിലമതിക്കുന്നതിനും അത് ജ്ഞാനപൂർവം ഉപയോഗിക്കുന്നതിനും ബിരുദധാരികളെ സഹായിക്കുന്ന കുറെ വിടവാങ്ങൽ ബുദ്ധിയുപദേശം കൊടുക്കപ്പെട്ടപ്പോൾ എല്ലാവരും സശ്രദ്ധം കേട്ടു.
“‘അന്യോന്യം സ്വാഗതംചെയ്യുക’!” എന്ന 155-ാം ഗീതത്തിന്റെ ഉത്സാഹപൂർവകമായ ആലാപനത്തോടെ പരിപാടി ആരംഭിച്ചിരുന്നു. പിന്നീട്, ഗിലയദ് സ്കൂളിന്റെ 98വയസ്സുള്ള പ്രസിഡണ്ടായ ഫ്രെഡറിക്ക് ഡബ്ലിയൂ. ഫ്രാൻസ് ഹൃദയംഗമമായ ഒരു പ്രാർത്ഥന നടത്തിയപ്പോൾ എല്ലാവരും വികാരാധീനരായി. അനന്തരം അദ്ധ്യക്ഷനായിരുന്ന, ഭരണസംഘത്തിൽപെട്ട ക്യാരി ബാർബർ എല്ലാവരെയും ബിരുദദാന പരിപാടിയിലേക്കു സ്വാഗതംചെയ്യുകയും “ഗിലയദ് മിഷനറിമാരുടെ ആവശ്യം ഇന്നത്തെക്കാളധികം ഒരിക്കലും ഉണ്ടായിട്ടില്ല” എന്നു പറയുകയും ചെയ്തു. അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾക്കുശേഷം, അദ്ദേഹം സഹായകരമായ ഹ്രസ്വപ്രസംഗങ്ങളുടെ ഒരു പരമ്പര അവതരിപ്പിച്ചു.
ബെഥേൽ ഭവന കമ്മിററിയിലെ കർട്ടിസ് ജോൺസൺ “നിങ്ങളുടെ കൃഷിത്തോട്ടം നന്നായി പരിപാലിക്കുക” എന്ന വിഷയം വികസിപ്പിച്ചുകൊണ്ട് ആദ്യം സംസാരിച്ചു. ഈ മിഷനറിമാർ തങ്ങളുടെ നിയമനസ്ഥലങ്ങളിൽ എത്തുമ്പോൾ, അവരിലോരോരുത്തർക്കും കൃഷിചെയ്യുന്നതിന് ഒരു ആത്മീയ കൃഷിത്തോട്ടം ഉണ്ടായിരിക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. (1 കൊരിന്ത്യർ 3:9) ലോകവ്യാപകമായുള്ള യഹോവയുടെ ജനം സകല ജനതകളുടെയും മുമ്പാകെ നീതിയും സ്തുതിയും മുളപ്പിക്കുന്ന ഒരു ആത്മീയ കൃഷിത്തോട്ടമാണ്. (യെശയ്യാവ് 61:11) ‘ഭാവിയിൽ നിങ്ങൾ ആത്മീയ കൃഷിത്തോട്ടത്തെ എങ്ങനെ പരിപാലിക്കുന്നുവെന്നത് നിങ്ങളുടെ മിഷനറിനിയമനത്തിലെ വിജയത്തെ മർമ്മപ്രധാനമായി ബാധിക്കും’ എന്ന് പ്രസംഗകൻ ഊന്നിപ്പറഞ്ഞു. തങ്ങളുടെ ആത്മീയ കൃഷിത്തോട്ടത്തെ നന്നായി പരിപാലിക്കാൻ അവരെ എന്തു സഹായിക്കും? ‘യഹോവക്ക് നിങ്ങളുടെ ആത്മീയ കൃഷിത്തോട്ടത്തിനു ചുററുമുള്ള ഒരു സംരക്ഷകമതിലായിരിക്കാൻ കഴിയും. നിങ്ങൾ സൽപ്രവൃത്തികൾ നട്ടുവളർത്താൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്നുവെങ്കിൽ, അവനോടു പ്രാർത്ഥനയിൽ അടുത്തുനിൽക്കുകയും അനന്തരം നിങ്ങളുടെ പ്രാർത്ഥനകൾക്കു ചേർച്ചയായി പ്രവർത്തിക്കുകയും ചെയ്യുക.’
അടുത്തതായി, ലോയിഡ് ബാരി “എല്ലായ്പ്പോഴും കർത്താവിൽ സന്തോഷിക്കുക” എന്ന വിഷയത്തെ ആസ്പദിച്ചു സംസാരിച്ചു. (ഫിലിപ്പിയർ 4:4) ജപ്പാനിൽ 25-ൽപരം വർഷത്തെ മിഷനറിപരിചയം കൈമുതലായുള്ള അദ്ദേഹത്തിന് മിഷനറിസേവനമാകുന്ന സമ്മാനം ആസ്വദിക്കുന്നതിന് ബിരുദധാരികളെ സഹായിക്കാൻ കുറെ പ്രായോഗിക നിർദ്ദേശമുണ്ടായിരുന്നു. അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചു: ‘ദൈവസേവനത്തിലെ സന്തോഷം അനേകം സമ്മർദ്ദങ്ങളെയും ഒരുപക്ഷേ നിങ്ങൾക്കു നേരിടുന്ന ശാരീരികപ്രശ്നങ്ങളിൽ ചിലതിനെയും തരണംചെയ്യുന്നതിന് നിങ്ങളെ സഹായിക്കുന്നുവെന്ന് നിങ്ങൾ മനസ്സിലാക്കാൻ പോകുകയാണ്.’ (സദൃശവാക്യങ്ങൾ 17:22) തങ്ങൾക്ക് പരിചിതമായിട്ടുള്ളവയിൽനിന്ന് തികച്ചും വ്യത്യസ്തമായ അവസ്ഥകളെയും സാഹചര്യങ്ങളെയും ബിരുദധാരികൾ അഭിമുഖീകരിച്ചേക്കാമെന്ന് അദ്ദേഹം അവരെ ഓർമ്മിപ്പിച്ചു. അവർ ഒരു പുതിയ ഭാഷ പഠിക്കേണ്ടതുണ്ടായിരിക്കാം. ‘ഭാഷ പഠിക്കുന്നതിന് നിങ്ങൾ കഠിനാദ്ധ്വാനം ചെയ്യേണ്ടിവരും. എന്നാൽ ജനങ്ങളുമായി അവരുടെ സ്വന്തം ഭാഷയിൽ ആശയവിനിമയംചെയ്യാൻ നിങ്ങൾ പ്രാപ്തരാകുമ്പോൾ അതും നിങ്ങളുടെ സന്തോഷം വർദ്ധിപ്പിക്കും.’
“നിങ്ങളുടെ ദൃഷ്ടികൾ സമ്മാനത്തിൻമേൽ പതിപ്പിക്കുക” എന്ന വിഷയം വികസിപ്പിച്ചുകൊണ്ട് ഫാക്റററി കമ്മിററിയിൽപെട്ട എൽഡർ ററിം അടുത്തതായി സംസാരിച്ചു. സമ്മാനം എന്താണ്? നിത്യജീവൻ! അതു നേടുന്നതിന് നാം നമ്മുടെ ദൃഷ്ടികൾ സമ്മാനത്തിൻമേൽ കേന്ദ്രീകരിക്കണം. പ്രസംഗകൻ ജീവനുവേണ്ടിയുള്ള ഓട്ടത്തിലേർപ്പെട്ടിരിക്കുന്ന ക്രിസ്ത്യാനികളും ഒന്നാം നൂററാണ്ടിലെ കായികമത്സരങ്ങളിലെ ഓട്ടക്കാരും തമ്മിലുള്ള സമാന്തരങ്ങളും വ്യത്യാസങ്ങളും ചർച്ചചെയ്തു. ക്രിസ്ത്യാനികൾ ഓട്ടക്കാരെപ്പോലെ ഊർജ്ജസ്വലമായി പരിശീലിക്കുകയും നിയമങ്ങൾ അനുസരിക്കുകയും ബുദ്ധിമുട്ടുണ്ടാക്കുന്ന ഭാരങ്ങൾ നീക്കംചെയ്യുകയും വേണം. എന്നാൽ അക്ഷരീയ ഓട്ടക്കാരിൽനിന്നു വ്യത്യസ്തമായി, ക്രിസ്ത്യാനികൾ ഒരു ആജീവനാന്ത ഓട്ടത്തിലാണ്. അവർ ശാശ്വതമായ ഒരു സമ്മാനം തേടുകയും ചെയ്യുന്നു. ഒരാൾ വിജയിക്കുന്നതിനു പകരം, അവസാനം വരെ ജീവനുവേണ്ടിയുള്ള ഓട്ടം ഓടുന്ന എല്ലാവർക്കും സമ്മാനം കിട്ടും. ററിം സഹോദരൻ ഇങ്ങനെ ഉപസംഹരിച്ചു: ‘ജീവന്റെ സമ്മാനം നേടുന്നതിന് നാം സമ്മാനദാതാവായ യഹോവയോട് സമാധാനത്തിലായിരിക്കണം. യഹോവയുമായി സമാധാനത്തിലായിരിക്കുന്നതിന് നാം നമ്മുടെ സഹോദരൻമാരുമായി സമാധാനത്തിലായിരിക്കേണ്ടതുണ്ട്.’
അടുത്തതായി ഭരണസംഘത്തിൽപെട്ട മിൽററൻ ജി. ഹെൻഷൽ “തിരുവെഴുത്തുകളിൽനിന്നുള്ള ആശ്വാസത്താൽ നമുക്ക് പ്രത്യാശയുണ്ട്” എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി പ്രസംഗിച്ചു. (റോമർ 15:4) ‘കഴിഞ്ഞ അഞ്ചു മാസക്കാലത്ത് നിങ്ങൾ ബൈബിൾകാര്യങ്ങളിൽ തിരക്കുള്ളവരായിരുന്നു,’ പ്രസംഗകൻ തുടങ്ങി. ‘ഒരു വലിയ അടുപ്പം സ്ഥാപിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾക്ക് ശക്തമായ പ്രത്യാശ ഉണ്ട്. നിങ്ങളുടെ നിയമനസ്ഥലങ്ങളിലേക്കു പോകുമ്പോൾ നിങ്ങളുടെ പ്രത്യാശ ഇത്ര ശക്തമായിരിക്കുന്നതെന്തുകൊണ്ടെന്ന് ഓർക്കുക. അതിനു കാരണം നിങ്ങൾ തിരുവെഴുത്തുകളോട് അടുത്തു പററിനിന്നിരിക്കുന്നുവെന്നതാണ്.’ പ്രത്യാശയെ പ്രചോദിപ്പിക്കുന്ന ഒരു ബൈബിൾ വിവരണത്തിന്റെ ദൃഷ്ടാന്തം എടുത്തുകാണിക്കുന്നതിന് പ്രസംഗകൻ ന്യായാധിപൻമാർ 6ഉം 8ഉം അദ്ധ്യായങ്ങളെ പരാമർശിച്ചു. അവ മിദ്യാന്യ മർദ്ദനത്തിൽനിന്ന് ഇസ്രയേലിനെ വിടുവിക്കാൻ ഗിദെയോൻ എങ്ങനെ നിയോഗിക്കപ്പെട്ടുവെന്ന് പ്രതിപാദിക്കുന്നു. ഈ വിവരണവും നമ്മുടെ നാളിലേക്കുള്ള അതിന്റെ സാർത്ഥകതയും ചർച്ചചെയ്തശേഷം അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചു: ‘തിരുവെഴുത്തുകളോട് അടുത്തുനിൽക്കുന്നതിനും ഈ കാര്യങ്ങളെക്കുറിച്ചു ചിന്തിക്കുന്നതിനും നിങ്ങൾക്ക് അവസരം ലഭിക്കുമ്പോൾ അത് നിങ്ങൾക്ക് നവോൻമേഷം നൽകുന്നു. നിങ്ങൾക്ക് ധൈര്യം ലഭിക്കുന്നു.’
വിദ്യാർത്ഥികൾക്കുവേണ്ടി സ്കൂളിന്റെ രണ്ട് മുഖ്യ അദ്ധ്യാപകർക്ക് എന്തു ബുദ്ധിയുപദേശമുണ്ടെന്ന് കേൾക്കാൻ എല്ലാവർക്കും ആകാംക്ഷയുണ്ടായിരുന്നു. ആദ്യമായി ജാക്ക് റെഡ്ഫോർഡ് “ശരിയായ സംഗതി ചെയ്യുക” എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു. അദ്ദേഹം ബിരുദധാരികളെ ഇങ്ങനെ ഓർമ്മിപ്പിച്ചു: ‘ഗിലയാദിൽ നിങ്ങൾക്ക് തിരുവെഴുത്തുകളനുസരിച്ച് ശരിയായതിൽ പൂർണ്ണപരിശീലനം ലഭിച്ചു. ഇപ്പോൾ നിങ്ങൾ വെല്ലുവിളിപരമായ മിഷനറിനിയമനസ്ഥലങ്ങളിലേക്ക് പോകുകയാണ്. നിങ്ങൾ മാർഗ്ഗമദ്ധ്യേ പ്രയാസമുള്ള പ്രശ്നങ്ങളെ അഭിമുഖീകരിക്കാനിടയുണ്ടെന്ന് ഞങ്ങൾക്കറിയാം. ഇതു ഗണ്യമാക്കാതെ, നിങ്ങളുടെ സ്വന്തം വിചാരങ്ങളും ഗണ്യമാക്കാതെ, ശരിയായ സംഗതി ചെയ്യാൻ നിങ്ങൾക്കു കഴിയുമെന്ന് ഞങ്ങൾക്കറിയാം.’ എന്തു സഹായിക്കും? ഒരു സംഗതി, കാര്യങ്ങളെക്കുറിച്ചുള്ള ശരിയായ വീക്ഷണമാണ്. പ്രസംഗകൻ ഇങ്ങനെ പറഞ്ഞു: ‘അപൂർണ്ണതയിൽനിന്ന് പൂർണ്ണത പ്രതീക്ഷിക്കരുത്.’ പീഡാകരമായ സാഹചര്യങ്ങളെക്കുറിച്ചുള്ള ശരിയായ വീക്ഷണത്തിനും സഹായിക്കാൻ കഴിയും. ‘നമുക്കെല്ലാം ജീവിതത്തിൽ നല്ല കാലങ്ങളും മോശമായ കാലങ്ങളും ഉണ്ട്,’ അദ്ദേഹം പ്രസ്താവിച്ചു. ‘നല്ല കാലങ്ങളെ ആർക്കും കൈകാര്യംചെയ്യാൻ കഴിയും. മോശമായ കാലങ്ങളെ നിങ്ങൾ കൈകാര്യംചെയ്യുന്ന വിധമാണ് നിങ്ങൾ മിഷനറിസേവനത്തിൽ സഹിച്ചുനിൽക്കുന്നുവോയെന്ന് നിർണ്ണയിക്കുന്നത്.’—യാക്കോബ് 1:2-4.
സ്കൂളിന്റെ രജിസ്ട്രാറായ യൂലിസസ് ഗ്ലാസ് “ഭാവിസംബന്ധിച്ച് എന്തു പ്രത്യാശയുണ്ട്?” എന്ന വിഷയം തെരഞ്ഞെടുത്തു. അദ്ദേഹം തങ്ങളുടെ പ്രത്യാശയെ ഉജ്ജ്വലമാക്കി നിർത്താൻ പിതൃനിർവിശേഷമായ ഒരു സ്വരത്തിൽ ബിരുദധാരികളെ പ്രോൽസാഹിപ്പിച്ചു. (സദൃശവാക്യങ്ങൾ 13:12) ‘പ്രത്യാശാനഷ്ടത്തിന്റെ തുടക്കം അശേഷം ദൃശ്യമല്ലായിരിക്കാം,’ അദ്ദേഹം വിശദീകരിച്ചു. ‘സാഹചര്യങ്ങൾ യഹോവയോടുള്ള നമ്മുടെ ബന്ധത്തിനുപകരം നമ്മിൽത്തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇടയാക്കിയേക്കാം. നാം രോഗികളായിത്തീരുകയോ മററുള്ളവർ നമ്മോടു ദുഷിച്ച രീതിയിൽ പെരുമാറിയെന്നു വിചാരിക്കുകയോ ചെയ്തേക്കാം. ചിലർക്ക് നമ്മെക്കാൾ കൂടുതൽ ഭൗതികവസ്തുക്കൾ ഉണ്ടായിരിക്കാം, അല്ലെങ്കിൽ ശുശ്രൂഷയിൽ മെച്ചപ്പെട്ട ഫലങ്ങൾ ലഭിച്ചേക്കാം. നാം ഏറെക്കുറെ അസൂയാലുക്കളായേക്കാം. അങ്ങനെയുള്ള കാര്യങ്ങൾ ക്രമേണ നമ്മുടെ ചിന്തയിൽ പ്രമുഖമായിത്തീരാൻ നാം എന്നെങ്കിലും അനുവദിച്ചാൽ പെട്ടെന്നുതന്നെ രാജ്യപ്രത്യാശയുടെ യാഥാർത്ഥ്യം നമ്മുടെ ഹൃദയത്തിലും മനസ്സിലും മങ്ങിപ്പോകും. നാം ജീവനുവേണ്ടിയുള്ള ഓട്ടത്തിൽ പിടിച്ചുനിൽക്കുന്നത് നിർത്തുകപോലും ചെയ്തേക്കാം.’ എന്തു ചെയ്യാൻ കഴിയും? ‘നമ്മുടെ പ്രത്യാശയെ പുനരുജ്ജീവിപ്പിക്കുന്നതിന് ക്രിയാത്മകമായ നടപടി സ്വീകരിക്കണം. നാം ദൈവത്തിന്റെ ഉറപ്പുള്ള വാഗ്ദത്തങ്ങൾകൊണ്ട് നമ്മുടെ ഹൃദയങ്ങളെയും മനസ്സുകളെയും നിറക്കുകയും ദൈവരാജ്യത്തിന്റെ യാഥാർത്ഥ്യത്തിലേക്ക് നമ്മുടെ പൂർണ്ണശ്രദ്ധ തിരിക്കുകയും വേണം. നാം യഹോവയുമായുള്ള നമ്മുടെ ആശയവിനിമയത്തെ പുനഃസ്ഥാപിക്കണം, എന്തുകൊണ്ടെന്നാൽ അത് തീർച്ചയായും സന്തോഷത്തിലേക്കു നയിക്കും.’
ഭരണസംഘത്തിൽപെട്ട കാറൽ ക്ലൈൻ ബിരുദദാനപ്രസംഗം നിർവഹിച്ചു. അദ്ദേഹത്തിന്റെ വിഷയം “താഴ്മയുള്ളവരായിരിക്കുന്നത് എന്തുകൊണ്ട്?” എന്നതായിരുന്നു. ആ ചോദ്യത്തിന്റെ ഉത്തരമെന്താണ്? ‘എന്തുകൊണ്ടെന്നാൽ അതാണ് ചെയ്യേണ്ട ശരിയും ന്യായവുമായ സംഗതി, ചെയ്യേണ്ട ജ്ഞാനപൂർവകവും സ്നേഹപൂർവകവുമായ സംഗതി,’ തന്റെ പ്രാരംഭവാക്കുകളിൽ അദ്ദേഹം വിശദീകരിച്ചു. നാം അനുകരിക്കുന്നതു നല്ലതായിരിക്കുന്ന താഴ്മയുടെ നാലു ദൃഷ്ടാന്തങ്ങൾ അദ്ദേഹം ചർച്ചചെയ്തപ്പോൾ സദസ്സിന്റെ കൗതുകമുണർത്തപ്പെട്ടു: (1) യഹോവയാം ദൈവം അബ്രാഹാമിനോടും മോശയോടും ഇടപെട്ടപ്പോൾ തീർച്ചയായും താഴ്മയുള്ളവനായിരുന്നു. (ഉല്പത്തി 18:22-33; സംഖ്യാപുസ്തകം 14:11-21; എഫേസ്യർ 5:1); (2) തന്നെത്താൻ താഴ്ത്തുകയും ഒരു ദണ്ഡനസ്തംഭത്തിലെ മരണത്തോളം അനുസരണമുള്ളവനായിത്തീരുകയും ചെയ്ത യേശുക്രിസ്തു (ഫിലിപ്പിയർ 2:5-8; 1 പത്രോസ് 2:21); (3) ‘മനസ്സിന്റെ ഏററവും വലിയ എളിമയോടെ കർത്താവിനുവേണ്ടി അടിമവേല ചെയ്ത’ അപ്പോസ്തലനായ പൗലോസ് (പ്രവൃത്തികൾ 20:18, 19; 1 കൊരിന്ത്യർ 11:1); (4) സൊസൈററിയുടെ ആദ്യത്തെ പ്രസിഡണ്ടായിരുന്ന റസ്സൽസഹോദരനെപ്പോലെ ‘നമ്മുടെ ഇടയിൽ നേതൃത്വം വഹിക്കുന്നവർ.’ അദ്ദേഹം ഒരിക്കൽ ഇങ്ങനെ എഴുതുകയുണ്ടായി: “നമ്മുടെ എളിയ കഴിവുകളെ വിനിയോഗിക്കാൻ കർത്താവ് പ്രസാദിച്ചിരിക്കുന്ന വേല, പുനർനിർമ്മാണത്തിന്റെയും ക്രമീകരണത്തിന്റെയും പൊരുത്തപ്പെടുത്തലിന്റെയും വേലയെക്കാൾ കുറഞ്ഞ തോതിലേ ഉത്ഭവിപ്പിക്കൽവേലയായിരുന്നുള്ളു.” (എബ്രായർ 13:7) ക്ലൈൻസഹോദരൻ താഴ്മയുള്ളവരായിരിക്കുന്നതിനുള്ള ശക്തമായ കൂടുതൽ കാരണങ്ങൾ വിവരിച്ചു. തീർച്ചയായും, താഴ്മയുള്ളവരായിരിക്കാനുള്ള ബുദ്ധിയുപദേശം അനുസരിക്കുന്നത് മിഷനറിസേവനമാകുന്ന സമ്മാനം ജ്ഞാനപൂർവം ഉപയോഗിക്കാൻ ബിരുദധാരികളെ സഹായിക്കും!
ആ അഭിപ്രായങ്ങളെ തുടർന്ന് അദ്ധ്യക്ഷൻ ഭൂമിയുടെ വിവിധ ഭാഗങ്ങളിൽനിന്നു കിട്ടിയ ആശംസകൾ പങ്കുവെച്ചു. ഇപ്പോൾ ബിരുദധാരികൾക്ക് ഡിപ്ലോമാകൾ സ്വീകരിക്കുന്നതിനുള്ള സമയം സമാഗതമായിരുന്നു. അവർ കാനഡാ, ഫിൻലണ്ട്, ഫ്രാൻസ്, മൗറീഷ്യസ്, നെതർലാൻഡ്സ്, സ്വീഡൻ, ഐക്യനാടുകൾ എന്നിങ്ങനെ ഏഴു രാജ്യങ്ങളിൽനിന്ന് വന്നിരുന്നു. എന്നാൽ അവരുടെ മിഷനറിനിയമനങ്ങൾ അവരെ 11 രാജ്യങ്ങളിൽ എത്തിക്കുന്നു—ബൊളീവിയാ, എസ്തോണിയാ, ഗ്രനേഡാ, ഗ്വാട്ടിമാലാ, ഹോണ്ടുറാസ്, ഹംഗറി, മൗറീഷ്യസ്, പെറു, റേറാഗോ, ടർക്കി, വെനസ്വേല.
ഒരു ഇടവേളക്കുശേഷം, ഉച്ചതിരിഞ്ഞുള്ള പരിപാടി സേവനഡിപ്പാർട്ട്മെൻറ് കമ്മിററിയിലെ ജോയൽ ആഡംസ് നടത്തിയ ഒരു സംക്ഷിപ്ത വീക്ഷാഗോപുര അദ്ധ്യയനത്തോടെ തുടങ്ങി. അതിനുശേഷം ബിരുദധാരികൾ സ്കൂൾടേമിൽ ആസ്വദിച്ച വയൽസേവന അനുഭവങ്ങളിൽ ചിലത് അഭിനയിച്ചു. ഒടുവിൽ, ദിവ്യാധിപത്യ ക്രമത്തെ ആദരിക്കുന്നതെന്തിന്? എന്ന നാടകം ബിരുദധാരികൾ ഉൾപ്പെടെ മുഴുസദസ്സിന്റെയും പരിപോഷണത്തിനായി അവതരിപ്പിക്കപ്പെട്ടു.
വാസ്തവത്തിൽ, ഈ ബിരുദധാരികൾ തങ്ങൾക്കു മാത്രമല്ല, മററുള്ളവർക്കും സന്തോഷം കൈവരുത്തുന്നതിന് മിഷനറിസേവനമാകുന്ന സമ്മാനം ഉപയോഗിക്കുന്നതിന് തങ്ങളെ സഹായിക്കുന്ന ബുദ്ധിയുപദേശവും പ്രോൽസാഹനവും സഹിതമാണ് തങ്ങളുടെ വിദേശനിയമനസ്ഥലങ്ങളിലേക്കു പോയത്.
[22-ാം പേജിലെ ചാർട്ട്]
ക്ലാസിന്റെ സ്ഥിതിവിവരക്കണക്കുകൾ
പ്രതിനിധാനംചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം: 7
നിയമിച്ചയക്കപ്പെട്ട രാജ്യങ്ങളുടെ എണ്ണം: 11
വിദ്യാർത്ഥികളുടെ മൊത്തം എണ്ണം: 22
ശരാശരി പ്രായം: 33.4
സത്യത്തിലെ ശരാശരി വർഷങ്ങൾ 16.7
മുഴുസമയ ശുശ്രൂഷയിലെ ശരാശരി വർഷങ്ങൾ: 11.8
[23-ാം പേജിലെ ചിത്രം]
വാച്ച്ററവർ ഗിലയദ് ബൈബിൾസ്കൂളിന്റെ ബിരുദം നേടുന്ന 92-മത്തെ ക്ലാസ്സ്
ചുവടെ ചേർത്തിരിക്കുന്ന ലിസ്ററിൽ, നിരകൾക്ക് മുമ്പിൽനിന്ന് പിമ്പിലേക്കു എണ്ണം കൊടുത്തിരിക്കുന്നു, പേരുകൾ ഓരോ നിരയിലും ഇടത്തുനിന്ന് വലത്തോട്ടു പട്ടികപ്പെടുത്തിയിരിക്കുന്നു.
(1) ചാൻ ചീൻ വാ, എം.; ബുവാൻഷോ, എൻ.; ചാപ്മാൻ, ബി.; ഓസ്ബറി, എ.; കോൾ എൽ.; ജാക്സൺ, കെ.; മീർവിക്ക്, എ. (2) സ്മിത്ത്, ജെ.; വോളൻ, കെ.; ചാപ്മാൻ, ആർ.; ഗാബോർ, എൻ.; ചാൻ ചീൻ വാ, ജെ.; സ്മിത്ത്, സി.; എഡ്വിക്ക്, എൽ. (3) ബുവാൻഷോ, ഇ.; ഓസ്ററ്ബറി, എസ്.; കോൾ, കെ.; ജാക്സൺ, ആർ.; ഗാബോർ, എസ്.; എഡ്വിക്ക്, വി.; മീർവിക്ക്, ആർ.; വോളൻ, ജി.