യഹോവ—നിങ്ങളുടെ പരിചയക്കാരനോ നിങ്ങളുടെ സ്നേഹിതനോ?
“ജോൺ, ഞാൻ നിങ്ങളെ എന്റെ സുഹൃത്തിനു പരിചയപ്പെടുത്തട്ടേ? ഇത്—ക്ഷമിക്കണം പേരെന്തായിരുന്നു?”
ഇത്തരം സാമൂഹിക പിശകുകൾ നിങ്ങൾ കേട്ടിട്ടുണ്ടോ? ചില ആളുകൾ “സ്നേഹിതൻ” എന്ന പദം ദുർവിനിയോഗംചെയ്യുന്നതിന്റെ ഒരു ദൃഷ്ടാന്തമാണിത്. യഥാർത്ഥത്തിൽ അവർ “പരിചയത്തെ” മാത്രമേ അർത്ഥമാക്കുന്നുള്ളു അല്ലെങ്കിൽ ചിലപ്പോൾ അതുപോലുമില്ല. തെരുവിനപ്പുറത്ത് താമസിക്കുന്ന മി. തോമസിനെ പരിചയമുണ്ടായിരിക്കുന്നത് ഒരു സംഗതിയും അയാളുടെ സ്നേഹിതനായിരിക്കുന്നത് തികച്ചും മറെറാരു സംഗതിയുമാണ്.
ഒരു നിഘണ്ടു “പരിചയക്കാരനെ” നിർവചിക്കുന്നത് “ഒരുവന് കുറെ സാമൂഹികസമ്പർക്കമുണ്ടായിട്ടുള്ളവനും എന്നാൽ ശക്തമായ വ്യക്തിപര മമതാബന്ധം ഇല്ലാത്തവനുമായ ഒരുവൻ” എന്നാണ്. അത് “സ്നേഹിതനെക്കാൾ കുറഞ്ഞ പരിചയത്തെയും അടുപ്പത്തെയും സഹവാസത്തെയും ക്ഷേമതാത്പര്യത്തെയും” സൂചിപ്പിക്കുന്നു.
നാം നമ്മുടെ സ്നേഹിതരുടെ ജീവിതത്തിൽ സൗഹാർദ്ദപുരസ്സരം ഉൾപ്പെട്ടിരിക്കെ, ശക്തമായ ഈ വ്യക്തിപര മമതാബന്ധത്തിന്റെ അഭാവം പരിചയക്കാർക്ക് എന്ത് സംഭവിക്കുന്നുവെന്നതിന് നാം മിക്കപ്പോഴും കുറഞ്ഞ ശ്രദ്ധ കൊടുക്കുന്നതെന്തുകൊണ്ടെന്ന് വിശദമാക്കാൻ സഹായിക്കുന്നു. നാം സ്നേഹിതരുടെ സന്തോഷങ്ങളിലും സന്താപങ്ങളിലും പങ്കുപററുകയും നമ്മെ അവ അഗാധമായി സ്പർശിക്കാൻ അനുവദിക്കുകയും ചെയ്യുന്നു. തീർച്ചയായും, വൈകാരികമായ ഉൾപ്പെടൽ അവരുടെ സ്വകാര്യജീവിതത്തിലേക്ക് നമ്മെ പിശകായി നയിക്കാതിരിക്കാൻ നാം ശ്രദ്ധാലുക്കളായിരിക്കണം.—1 പത്രോസ് 4:15.
നമ്മുടെ സ്നേഹിതരോടുള്ള ഒരു ശക്തമായ വ്യക്തിപര മമതാബന്ധവും നാം അവരെ സാധാരണയായി പ്രസാദിപ്പിക്കാൻ ശ്രമിക്കുന്നതെന്തുകൊണ്ടെന്ന് വിശദമാക്കുന്നു. ഒരു പരിചയക്കാരൻ നമ്മുടെ നടത്തയെ അരോചകമോ അനുചിതമോ ആയി കണ്ടെത്തുന്നുവെങ്കിൽ, അയാളുടെ അപ്രീതി മാററംവരുത്താൻ നമ്മെ പ്രേരിപ്പിക്കാനിടയില്ല. എന്നാൽ തീർച്ചയായും ഒരു സ്നേഹിതന് വസ്ത്രധാരണത്തിന്റെയോ നടത്തയുടെയോ മനോഭാവത്തിന്റെയോ കാര്യത്തിലായാലും ശക്തമായ ഒരു സ്വാധീനം പ്രയോഗിക്കാൻ കഴിയും.
വിശ്വാസത്തിന്റെയും പ്രിയത്തിന്റെയും ആദരവിന്റെയും വിശ്വസ്തതയുടെയും കാര്യത്തിൽ, സഖിത്വം പരിചയത്തെക്കാൾ ഉയർന്ന തോതിലുള്ള ഉത്തരവാദിത്തം ആവശ്യമാക്കിത്തീർക്കുന്നു. ഉത്തരവാദിത്തം ഉൾപ്പെട്ടിട്ടില്ലാത്ത സഖിത്വം ആഗ്രഹിക്കുന്നയാൾ യഥാർത്ഥത്തിൽ ഒരു സുഹൃത്തിനെയല്ല, പരിചയക്കാരനെയാണ് ആഗ്രഹിക്കുന്നത്. ഉററ സ്നേഹിതൻമാർ ശക്തമായ ഒരു വ്യക്തിപര മമതാബന്ധം കൈവരുത്തുന്ന ഉത്തരവാദിത്തങ്ങൾ നിറവേററുന്നതിന് സന്തോഷമുള്ളവരാണ്, അവ തങ്ങളുടെ സഖിത്വം തെളിയിക്കുന്നതിനുള്ള ഒരു അവസരംനൽകുന്നുവെന്ന് തിരിച്ചറിഞ്ഞുകൊണ്ടുതന്നെ.
ദൈവവുമായുള്ള സഖിത്വം
സ്രഷ്ടാവെന്ന നിലയിൽ യഹോവ മനുഷ്യവർഗ്ഗത്തിന്റെ സ്വർഗ്ഗീയ പിതാവാണ്, അവൻ സ്നേഹിക്കപ്പെടാനും അനുസരിക്കപ്പെടാനും ആദരിക്കപ്പെടാനും അർഹതയുള്ളവനാണ്. എന്നാൽ മനുഷ്യർ കേവലം ഒരു കർത്തവ്യബോധത്തിൽനിന്നല്ല, ശക്തമായ ഒരു വ്യക്തിപര മമതാബന്ധം നിമിത്തം ഇതു ചെയ്യാനാണ് അവൻ ആഗ്രഹിക്കുന്നത്. (മത്തായി 22:37) തന്നെ അവർ ഒരു സുഹൃത്തെന്ന നിലയിൽ സ്നേഹിക്കാനും അവൻ ആഗ്രഹിക്കുന്നു. (സങ്കീർത്തനം 18:1) “അവൻ ആദ്യം നമ്മെ സ്നേഹിച്ച”തുകൊണ്ട് അവൻതന്നെ അങ്ങനെയുള്ള സഖിത്വത്തിനുള്ള പൂർണ്ണതയുള്ള അടിസ്ഥാനമിട്ടിരിക്കുന്നു.—1 യോഹന്നാൻ 4:19.
നമ്മുടെ ആദ്യ മാതാപിതാക്കളായ ആദാമും ഹവ്വായും യഹോവയോടു പരിചയപ്പെട്ടിരുന്നു. ചോദ്യം ഇതായിരുന്നു: അവർ തന്റെ സഖിത്വവാഗ്ദാനം സ്വീകരിക്കുമോ? പറയാൻ സങ്കടമുണ്ട്, അവർ സ്വീകരിച്ചില്ല. അവർ സ്വാർത്ഥപൂർവം ദൈവത്തെ വിട്ടുള്ള സ്വാതന്ത്ര്യം പിടിച്ചെടുത്തത് ശക്തമായ ഒരു വ്യക്തിപരബന്ധത്തിന്റെ തോന്നലിനെ സൂചിപ്പിച്ചില്ല. അവൻ വാഗ്ദാനം ചെയ്തുകൊണ്ടിരുന്ന സഖിത്വത്തിന്റെ അനുഗ്രഹങ്ങൾ സ്വീകരിക്കാൻ മനസ്സുണ്ടായിരിക്കെ, അതിന്റെ ഉത്തരവാദിത്തങ്ങൾ നിറവേററാൻ അവർക്കു മനസ്സില്ലായിരുന്നു. അത് വാടക കൊടുക്കാനുള്ള മനസ്സില്ലാതെ തങ്ങളുടെ സുഖപ്രദമായ പറുദീസാഭവനത്തിലെ സുഖങ്ങളും സുരക്ഷിതത്വവും അവർ ആഗ്രഹിക്കുന്നതുപോലെയായിരുന്നു.
നമ്മളെല്ലാം, ചിലർ മററുള്ളവരെക്കാൾ കൂടിയ തോതിൽതന്നെ, വിലമതിപ്പില്ലാത്ത ഈ സ്വതന്ത്രാത്മാവ് അവകാശപ്പെടുത്തിയിട്ടുണ്ട്. (ഉല്പത്തി 8:21) ദൃഷ്ടാന്തത്തിന്, ചില ചെറുപ്പക്കാർ തങ്ങളുടെ മാതാപിതാക്കളോട് വിലമതിപ്പില്ലാത്തവരാക്കിത്തീർക്കാൻ തങ്ങളുടെ സ്വാഭാവിക സ്വാതന്ത്ര്യവാഞ്ഛയെ അനുവദിച്ചിരിക്കുന്നു. ഇത് അവരും അവരുടെ മാതാപിതാക്കളും തമ്മിൽ ജീവിതത്തിലുടനീളം ഉണ്ടായിരിക്കേണ്ട ഏററം വിലയേറിയ സഖിത്വത്തിന്റെ തകർച്ചയിൽ കലാശിച്ചിരിക്കുന്നു. ഇതു സങ്കടകരമാണെങ്കിലും, നമ്മുടെ സ്വർഗ്ഗീയ പിതാവിനോടുള്ള നമ്മുടെ സഖിത്വത്തിന്റെ തകർച്ചയാണ് ഗുരുതരമായിരിക്കുന്നത്. യഥാർത്ഥത്തിൽ, അതിന് മാരകമായിരിക്കാൻ കഴിയും!
സഖിത്വത്തിന്റെ വ്യവസ്ഥകൾ
വിശ്വാസമില്ലെങ്കിൽ, മനുഷ്യരോടോ ദൈവത്തോടോ ഉള്ള ബന്ധത്തിന് നീണ്ടുനിൽക്കാൻ കഴികയില്ല. ഗോത്രപിതാവായിരുന്ന അബ്രാഹാമിന് ഇതു മനസ്സിലായി, അതുകൊണ്ടാണ് അവൻ ആവർത്തിച്ച് ദൈവത്തിൽ സമ്പൂർണ്ണമായ വിശ്വാസം പ്രകടമാക്കിയത്. ഉല്പത്തി 12:1-5ഉം 22:1-18ഉം വായിക്കുകയും യഹോവയിലുള്ള അവന്റെ വിശ്വാസത്തിന്റെ രണ്ടു മുന്തിയ ദൃഷ്ടാന്തങ്ങൾ കാണുകയും ചെയ്യുക. അതെ, “അബ്രാഹാം ദൈവത്തെ വിശ്വസിക്കുകയും അതു അവന്നു നീതിയായി കണക്കിടുകയും ചെയ്തു.” അതുകൊണ്ട് അവൻ “ദൈവത്തിന്റെ സ്നേഹിതൻ എന്നു പേർ പ്രാപിച്ചു.”—യാക്കോബ് 2:23.
ദൈവത്തോടുള്ള സഖിത്വത്തിന്റെ കൂടുതലായ ഒരു വ്യവസ്ഥ ഈ സഖിത്വം കൈവരുത്തുന്ന കടപ്പാടുകൾ നിറവേററുന്നതാണ്. യഹോവയോടുള്ള ബന്ധത്തിൽ നമുക്കുള്ള എളിയ പദവി നിമിത്തം ഈ കടപ്പാടുകൾ യുക്തിയാനുസൃതം ഒരു മാനുഷ സഖിത്വത്തിലേതിനെക്കാൾ വളരെയധികം വലുതാണ്. ഒരു മാനുഷ സുഹൃത്തിന്റെ കാര്യത്തിൽ നാം ചെയ്യുന്നതുപോലെ, അവ ചില കാര്യങ്ങളിൽ യഹോവയെ പ്രസാദിപ്പിക്കാനാഗ്രഹിക്കുന്നതിലും കവിഞ്ഞുപോകുന്നു. അവയിൽ സകലത്തിലും അവനെ പ്രസാദിപ്പിക്കാനുള്ള നമ്മുടെ ആഗ്രഹം ഉൾപ്പെടുന്നു. യഹോവയെക്കുറിച്ച് “ഞാൻ എല്ലായ്പ്പോഴും അവനു പ്രസാദകരമായ കാര്യങ്ങൾ ചെയ്യുന്നു” എന്നു പറഞ്ഞപ്പോൾ ദൈവപുത്രനും അത്യന്തം ഉററ സ്നേഹിതനുമായ യേശു ഇതു പ്രകടമാക്കി.—യോഹന്നാൻ 8:29, NW.
അങ്ങനെ യഹോവയോടോ അവന്റെ പുത്രനോടോ ഉള്ള സഖിത്വം ഉത്തരവാദിത്ത രഹിതമായ ഒരു അടിസ്ഥാനത്തിൽ ലഭ്യമല്ല; അത് അവർ വെച്ചിരിക്കുന്ന മുൻവ്യവസ്ഥകൾക്കനുസൃതം നാം ജീവിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു. (സങ്കീർത്തനം 15:1-5 കാണുക.) യേശു തന്റെ ശിഷ്യൻമാരുമായുള്ള സംഭാഷണത്തിൽ ഇതു വ്യക്തമായി പ്രകടമാക്കി. “ഞാൻ നിങ്ങളോടു കല്പിക്കുന്നതു ചെയ്താൽ നിങ്ങൾ എന്റെ സ്നേഹിതൻമാർ തന്നേ” എന്ന് യേശു അവരോടു പറഞ്ഞു.—യോഹന്നാൻ 15:14.
സഖിത്വത്തിന്റെ മറെറാരു വ്യവസ്ഥ തുറന്ന, സ്വതന്ത്രമായ ആശയവിനിമയമാണ്. തന്റെ മരണത്തിന്റെ ദിവസത്തിൽ യേശു തന്റെ വിശ്വസ്തരായ അപ്പോസ്തലൻമാരോട് പറഞ്ഞു: “ഞാൻ നിങ്ങളെ മേലാൽ അടിമകൾ എന്നു വിളിക്കുന്നില്ല, എന്തെന്നാൽ ഒരു അടിമ തന്റെ യജമാനൻ ചെയ്യുന്നതെന്തെന്ന് അറിയുന്നില്ല. എന്നാൽ ഞാൻ നിങ്ങളെ സ്നേഹിതർ എന്നു വിളിച്ചിരിക്കുന്നു, എന്തുകൊണ്ടെന്നാൽ ഞാൻ എന്റെ പിതാവിൽനിന്ന് കേട്ടിട്ടുള്ള സകല കാര്യങ്ങളും നിങ്ങളെ അറിയിച്ചിരിക്കുന്നു.” (യോഹന്നാൻ 15:15, NW) യേശു തന്റെ ആശയങ്ങൾ തന്റെ സ്നേഹിതർക്കു പങ്കുവെച്ചപ്പോൾ അവൻ തന്റെ സ്വർഗ്ഗീയ പിതാവിന്റെ ദൃഷ്ടാന്തം അനുസരിക്കുകയായിരുന്നു. അവനെ സംബന്ധിച്ച്, ആമോസ് 3:7 പറയുന്നു: “യഹോവയായ കർത്താവ് തന്റെ പ്രവാചകൻമാരായ ദാസൻമാർക്കു തന്റെ രഹസ്യം വെളിപ്പെടുത്താതെ ഒരു കാര്യവും ചെയ്കയില്ല.”
ഇതല്ലേ സ്നേഹിതൻമാരുടെ ഇടയിലെ സാധാരണ സംഗതി? തെരുവിനപ്പുറത്തെ മി. തോമസിനു നമ്മുടെ അനുഭവങ്ങൾ പങ്കുവെക്കാൻ നമുക്ക് അഭിനിവേശം തോന്നുകില്ലായിരിക്കാം. തീർച്ചയായും നമ്മുടെ ഉള്ളിന്റെ ഉള്ളിലെ ചിന്തകളും വികാരങ്ങളും അയാളോടു പറയാൻ നാം ആഗ്രഹിക്കുകയില്ല. ഏതായാലും, അയാൾ ഒരു പരിചയക്കാരൻ മാത്രമാണ്. എന്നാൽ നമ്മുടെ സ്നേഹിതരുടെ കാര്യത്തിൽ, മിക്കപ്പോഴും നമുക്ക് അങ്ങനെയുള്ള കാര്യങ്ങൾ അവരോടു പറയുന്നതിന് അശേഷം കാത്തിരിക്കാൻ കഴിയുന്നില്ല!
ദൈവവുമായുള്ള നമ്മുടെ ബന്ധത്തിന്റെ കാര്യത്തിലും അങ്ങനെയാണ്. അവനോട് നമ്മുടെ ആവശ്യങ്ങളും നമ്മുടെ അഭിലാഷങ്ങളും നമ്മുടെ ഉള്ളിന്റെ ഉള്ളിലെ വികാരങ്ങളും വെളിപ്പെടുത്തിക്കൊണ്ട് പ്രാർത്ഥനയിൽ അവനെ സമീപിക്കുന്നതിന് നമുക്ക് അശേഷം കാത്തിരിക്കാൻ കഴിയുന്നില്ല. തീർച്ചയായും, ആശയവിനിയമം ഏകപക്ഷീയമാണെങ്കിൽ സഖിത്വം പെട്ടെന്ന് കെട്ടടങ്ങും. അതുകൊണ്ട് നമ്മോടു സംസാരിക്കാൻ ദൈവത്തെ അനുവദിക്കാനും നമുക്ക് മനസ്സുണ്ടായിരിക്കണം. അവന്റെ എഴുതപ്പെട്ട വചനത്തിന് ശ്രദ്ധാപൂർവം ചെവികൊടുക്കുന്നതിനാലും അവന്റെ വചനത്തെക്കുറിച്ചു വിചിന്തനംചെയ്യുന്നതിനാലും അനന്തരം നമ്മുടെ കഴിവിന്റെ പരമാവധി അത് ബാധകമാക്കുന്നതിനാലുമാണ് നാം ഇതു ചെയ്യുന്നത്.
യഹോവയുടെ സഖിത്വം നിങ്ങൾക്ക് എത്ര പ്രധാനം?
ഈ ചോദ്യത്തിന് ഉത്തരം പറയാൻ നിങ്ങളെ സഹായിക്കുന്നതിന്, ഒരു പ്രത്യേകതരം സഖിത്വത്തെക്കുറിച്ചു പരിചിന്തിക്കുക. നിങ്ങൾ ഒരു ചെറുപ്പക്കാരനാണെങ്കിൽ, ഒരുപക്ഷേ നിങ്ങളെ വിവാഹത്തിലേക്കു നയിക്കാൻ കഴിയുന്ന ഒരു സഖിത്വത്തിൽ നിങ്ങൾ തത്പരനായിരിക്കാം. തീർച്ചയായും, ഒരു ഭാവിഇണയുമായി പരിചയപ്പെട്ടിരിക്കുന്നതുമാത്രം അശേഷം വിവാഹത്തിന്റെ ഉചിതമായ അടിസ്ഥാനമായിരിക്കുന്നില്ലെന്ന് നിങ്ങൾ തിരിച്ചറിയുന്നു. പരിചയം ആദ്യംതന്നെ സഖിത്വമാക്കി മാറേറണ്ടിയിരിക്കുന്നു. അപ്പോൾ ഈ സഖിത്വത്തെ ആത്യന്തികമായി ഒരു സന്തുഷ്ട വിവാഹത്തിന്റെ ഉചിതമായ അടിസ്ഥാനമായിത്തീരുന്ന അടുപ്പമേറിയ ഒരു ബന്ധമായി വളർത്തിയെടുക്കാനും കരുപ്പിടിപ്പിക്കാനും കഴിയും.
ഇപ്പോൾ, പരിചിന്തിക്കുക. മിക്കയാളുകളും ഇത്തരം സഖിത്വം വളർത്തിയെടുക്കുന്നതിന് എത്രത്തോളം ശ്രമംചെയ്യുന്നുണ്ട്. ഈ സഖിത്വം ഉറപ്പിക്കുന്നതിനും അനന്തരം അതു നിലനിർത്തുന്നതിനും അവർ എത്രത്തോളം സമയവും പണവും ചെലവഴിക്കുന്നുണ്ട്? അതിനെക്കുറിച്ചു ചിന്തിച്ചുകൊണ്ട് അവൻ എത്രത്തോളം സമയം ചെലവഴിക്കുന്നുണ്ട്? അവർ ഈ ബന്ധത്തെ മെച്ചപ്പെടുത്തുകയും അനന്തരം അതു നിലനിർത്തുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തിൽ എത്രത്തോളം ആസൂത്രണങ്ങൾ ചെയ്യുന്നു—അല്ലെങ്കിൽ ആസൂത്രണങ്ങൾക്കു മാററംവരുത്താൻ മനസ്സു പ്രകടമാക്കുന്നു?
ഇനി നിങ്ങളോടുതന്നെ ചോദിക്കുക: ‘ഇത് എന്റെ സ്രഷ്ടാവുമായുള്ള സഖിത്വം വളർത്തുന്നതിന് അല്ലെങ്കിൽ അതിനെ മെച്ചപ്പെടുത്തുന്നതിനും ബലിഷ്ഠമാക്കുന്നതിനുമുള്ള എന്റെ ശ്രമങ്ങളോട് എങ്ങനെ തുലനംചെയ്യുന്നു? അങ്ങനെ ചെയ്യുന്നതിന് ഞാൻ എത്രയധികം സമയം ചെലവഴിക്കുന്നു? യഹോവയുമായുള്ള സഖിത്വം എന്റെ ചിന്തകളിൽ എത്രത്തോളം സ്ഥാനംപിടിച്ചിരിക്കുന്നു? ഈ ബന്ധത്തെ മെച്ചപ്പെടുത്തുകയും അനന്തരം അതു നിലനിർത്തുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തിൽ ഞാൻ എത്രത്തോളം ആസൂത്രണങ്ങൾ ചെയ്യുന്നു—അല്ലെങ്കിൽ ആസൂത്രണങ്ങൾക്കു മാററംവരുത്താൻ മനസ്സു പ്രകടമാക്കുന്നു?’
ഒടുവിൽ വിവാഹത്തിലേക്കു നയിക്കുന്ന സഖിത്വമുൾപ്പെടെ സകല മാനുഷ സഖിത്വങ്ങളും പ്രാധാന്യത്തിൽ തങ്ങളുടെ സ്രഷ്ടാവിനോടുണ്ടായിരിക്കേണ്ട സഖിത്വത്തെക്കാൾ താണതാണെന്ന് ചെറുപ്പക്കാരായ ക്രിസ്ത്യാനികൾക്ക് പൂർണ്ണബോദ്ധ്യമുണ്ടായിരിക്കണം. അതുകൊണ്ടാണ് അവർ സഭാപ്രസംഗി 12:1-ൽ ഇങ്ങനെ പ്രോൽസാഹിപ്പിക്കപ്പെടുന്നത്: “നിന്റെ യൗവനകാലത്തു നിന്റെ സ്രഷ്ടാവിനെ ഓർക്കുക.” ദൈവത്തിന്റെ ശുശ്രൂഷകരെന്ന നിലയിൽ പരസ്യമായി സേവിച്ചുകൊണ്ട് അനേകർ ഇതു ചെയ്യുന്നു, അവരിൽ സദാ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു സംഖ്യ മുഴുസമയപ്രസംഗകരോ പയനിയർമാരോ എന്ന നിലയിൽത്തന്നെ.
തങ്ങൾക്കു ചുററും വളർന്നുവരുന്ന പുച്ഛമനസ്ഥിതിയും മതരാഹിത്യവും ഉണ്ടെങ്കിലും അവർ വ്യാജമായ നിന്ദനങ്ങളും യഹോവക്കെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളും കേൾക്കുമ്പോൾ അവനുവേണ്ടി പ്രതിവാദം നടത്തുന്നു. യഹോവക്ക് തന്റെ സ്നേഹിതരിൽനിന്ന് ന്യായയുക്തമായി പ്രതീക്ഷിക്കാവുന്നത് അതല്ലയോ? നമ്മുടെ സുഹൃത്തുക്കളിൽനിന്ന് നാം പ്രതീക്ഷിക്കുന്നതും അതല്ലയോ? നമ്മുടെ സ്നേഹിതൻമാർ അത് തീക്ഷ്ണമായും ബോദ്ധ്യത്തോടെയും ചെയ്യുന്നതായി നാം അറിയുമ്പോൾ അത് നമ്മുടെ ഹൃദയത്തെ സന്തോഷിപ്പിക്കുകയില്ലയോ?—സദൃശവാക്യങ്ങൾ 27:11 താരതമ്യപ്പെടുത്തുക.
അതെ, മനുഷ്യരുമായുള്ള സഖിത്വത്തിന്റെ കാര്യത്തിലെന്നപോലെ, ദൈവവുമായുള്ള സഖിത്വവും നിലനിൽക്കണമെങ്കിൽ നിറവേററപ്പെടേണ്ട ഉത്തരവാദിത്തമുണ്ട്. ഈ ഉത്തരവാദിത്തങ്ങൾ സ്വീകരിക്കാൻ മനസ്സില്ലാത്തവനോ ദൈവത്തിന് ഒരു സമർപ്പണംചെയ്തിട്ട് അതു നിറവേററാൻ ഒരുങ്ങിയിട്ടില്ലാത്തവനോ തീർച്ചയായും യഹോവയെ പരിചയപ്പെട്ടിട്ടുണ്ടായിരിക്കാം. എന്നിരുന്നാലും അയാൾ അവനെ ഒരു സ്നേഹിതനാക്കുന്നതിന്റെ സന്തോഷം ഇനിയും അനുഭവിക്കേണ്ടതുണ്ട്.
[25-ാം പേജിലെ ചിത്രം]
അബ്രാഹാം ദൈവത്തിൽ വിശ്വസിക്കുകയും തന്നിമിത്തം അവൻ യഹോവയുടെ സ്നേഹിതനെന്ന് വിളിക്കപ്പെടാനിടയാകുകയും ചെയ്തു