അതിജീവനത്തിനുവേണ്ടിയുള്ള സ്പാനീഷ് ബൈബിളിന്റെ പോരാട്ടം
ആയിരത്തിയഞ്ഞൂററിയമ്പത്തൊമ്പതിലെ ഒരു ഒക്ടോബർദിനത്തിൽ ഏതാണ്ട് 2,00,000 സ്പാനീഷ് കത്തോലിക്കർ വലഡോളിഡ് എന്ന വടക്കൻ നഗരത്തിൽ തടിച്ചുകൂടി. ആകർഷണം പാഷണ്ഡികളുടെ ദഹിപ്പിക്കലായിരുന്നു, അവിടെ “രണ്ട് ഇരകൾ ജീവനോടെ ദഹിപ്പിക്കപ്പെട്ടു, പത്തുപേർ കഴുത്തുഞെരിച്ചു കൊല്ലപ്പെട്ടു.” അവർ “പാഷണ്ഡികൾ” ആയിരുന്നു.
ഈ സംഭവത്തിൽ ആദ്ധ്യക്ഷ്യം വഹിച്ചത് പ്രശസ്തനായ യുവരാജാവ് ഫിലിപ്പ് II-ാമൻതന്നെയായിരുന്നു. കുററം വിധിക്കപ്പെട്ട ഒരു മനുഷ്യൻ കരുണക്കായി അഭ്യർത്ഥിച്ചപ്പോൾ രാജാവ് ഇങ്ങനെ തിരിച്ചടിച്ചു: “എന്റെ സ്വന്തം പുത്രൻ നിങ്ങളെപ്പോലെ ഒരു നീചൻ ആണെങ്കിൽ ഞാൻതന്നെ അവനെ ദഹിപ്പിക്കുന്നതിനുള്ള വിറുകു ചുമന്നുകൊണ്ടുവരും.” ഹതഭാഗ്യനായ ഇരയുടെ കുററമെന്തായിരുന്നു? അയാൾ കേവലം ബൈബിൾ വായിച്ചുകൊണ്ടിരുന്നുവെന്നതായിരുന്നു.
അതേസമയം, കത്തോലിക്കാ മതദണ്ഡനത്തിന്റെ ക്രമീകരണം സെവിൽ എന്ന ആൻഡലൂസിയൻ നഗരത്തിൽ തിരക്കിട്ടുപ്രവർത്തിക്കുകയായിരുന്നു. അവിടെ, സാൻ ഇസീദ്രോ ഡൽ കാംമ്പോ സന്യാസിമഠത്തിലെ ഒരു കൂട്ടം സന്യാസിമാർക്ക് സ്പാനീഷിലുള്ള ബൈബിളിന്റെ ഒരു കെട്ട് കിട്ടിക്കഴിഞ്ഞതേയുണ്ടായിരുന്നുള്ളു. ഒററുകാർ അവരെ ഒററിക്കൊടുക്കുമോ? തങ്ങൾ മരണകരമായ അപകടത്തിലാണെന്ന് തിരിച്ചറിഞ്ഞ ചിലർ രാജ്യത്തുനിന്ന് ഓടിപ്പോയി. എന്നാൽ അവിടെ കഴിഞ്ഞവരിൽ 40പേർ അത്ര ഭാഗ്യവാൻമാരായിരുന്നില്ല, അവർ സ്തംഭത്തിൽ ദഹിപ്പിക്കപ്പെട്ടു. അവരിൽ രാജ്യത്തേക്ക് ബൈബിൾ രഹസ്യമായി കടത്തിയ മനുഷ്യൻതന്നെ ഉൾപ്പെട്ടിരുന്നു. പതിനാറാം നൂററാണ്ടിലെ സ്പെയിൻ, ബൈബിൾവായനക്കാർക്ക് ഒരു അപകടകരമായ സ്ഥലമായിരുന്നു—മതദണ്ഡനത്തിന്റെ പിടിയിൽനിന്ന് അധികംപേർ ഒഴിഞ്ഞുപോയില്ല.
ഒഴിഞ്ഞുപോയ ചുരുക്കംചിലരിൽ കാസിയോഡോറോ ഡ റെയ്നാ എന്ന മുൻസന്യാസി ഉണ്ടായിരുന്നു. അദ്ദേഹം ലണ്ടനിലേക്ക് ഓടിപ്പോയി. എന്നാൽ അവിടെപ്പോലും അദ്ദേഹത്തിന് സുരക്ഷിതത്വം കണ്ടെത്താൻ കഴിഞ്ഞില്ല. മതദണ്ഡനക്കാർ അദ്ദേഹത്തെ പിടിച്ചുകൊടുക്കുന്നവർക്ക് ഒരു പ്രതിഫലം വാഗ്ദാനംചെയ്തു. ഇംഗ്ലീഷ് കൊട്ടാരത്തിലെ സ്പാനീഷ് അമ്പാസിഡർ ഏതുവിധേനയും അയാളെ സ്പാനീഷ് നിയന്ത്രിത പ്രദേശത്തേക്കു വശീകരിച്ചുവരുത്താൻ പദ്ധതിയിട്ടു. ഹ്രസ്വകാലത്തിനുള്ളിൽ വ്യഭിചാരത്തിന്റെയും സ്വവർഗ്ഗസംഭോഗത്തിന്റെയും വ്യാജാരോപണങ്ങൾ ഇംഗ്ലണ്ട് വിട്ടുപോകാൻ അദ്ദേഹത്തെ നിർബദ്ധനാക്കി.
പണം തുച്ഛമായിരുന്നതിനാലും വളർന്നുകൊണ്ടേയിരുന്ന ഒരു കുടുംബത്തെ പോറേറണ്ടതുണ്ടായിരുന്നതുകൊണ്ടും അദ്ദേഹം ആദ്യം ഫ്രാങ്ക്ഫേർട്ടിൽ അഭയം കണ്ടെത്തി. പിന്നീട്, മതപരമായ സുരക്ഷിതസ്ഥലത്തിനായുള്ള അദ്ദേഹത്തിന്റെ അന്വേഷണം അദ്ദേഹത്തെ ഫ്രാൻസിലേക്കും ഹോളണ്ടിലേക്കും ഒടുവിൽ സ്വിററ്സർലണ്ടിലേക്കും നയിച്ചു. എന്നിരുന്നാലും ഈ സമയത്തെല്ലാം അദ്ദേഹം തിരക്കിലായിരുന്നു. ‘ഞാൻ രോഗിയായിരിക്കുമ്പോഴോ യാത്രയിലായിരിക്കുമ്പോഴോ അല്ലാതെ ഒരിക്കലും പേന താഴെ വെച്ചിട്ടില്ല,’ അദ്ദേഹം വിശദീകരിച്ചു. അദ്ദേഹം ബൈബിൾ സ്പാനീഷിലേക്കു വിവർത്തനംചെയ്തുകൊണ്ട് അനേകം വർഷങ്ങൾ ചെലവഴിച്ചു. റെയ്നായുടെ ബൈബിളിന്റെ 2,600 പ്രതികളുടെ അച്ചടി ഒടുവിൽ സ്വിററ്സർലണ്ടിൽ 1568-ൽ തുടങ്ങുകയും 1569-ൽ പൂർത്തിയാകുകയും ചെയ്തു. റെയ്നായുടെ ഭാഷാന്തരത്തിന്റെ ഒരു മുന്തിയ സവിശേഷത അദ്ദേഹം ദൈവത്തിന്റെ വ്യക്തിപരമായ നാമത്തിന്റെ നാലു എബ്രായ അക്ഷരങ്ങളായ റെറട്രാഗ്രാമററന് സെനോർ എന്നതിനുപകരം എയോവ (യഹോവ) എന്നുപയോഗിച്ചു എന്നതായിരുന്നു.
സ്പാനീഷ് ബൈബിൾ നിർമ്മാണത്തിൽ
വിരോധാഭാസമെന്നു പറയട്ടെ, അച്ചടിയന്ത്രത്തിന്റെ കണ്ടുപിടുത്തത്തിന്റെ സഹായത്താൽ യൂറോപ്പിൽ ബൈബിളുകൾ പെരുകിക്കൊണ്ടിരുന്ന ഒരു സമയത്ത് സ്പെയിനിൽ അവ അപൂർവമായിത്തീരുകയായിരുന്നു. അത് എല്ലായ്പ്പോഴും അങ്ങനെയായിരുന്നില്ല. നൂററാണ്ടുകളോളം സ്പെയിനിൽ ഏററവും വ്യാപകമായി വിതരണംചെയ്യപ്പെട്ടിരുന്ന പുസ്തകം ബൈബിളായിരുന്നു. ലത്തീനിലുള്ള കൈയെഴുത്തുപ്രതികൾ ലഭ്യമായിരുന്നു, ചുരുക്കംചില നൂററാണ്ടുകളിൽ ഗോഥിക്ക് ഭാഷയിൽപോലും. മദ്ധ്യയുഗങ്ങളിൽ “പ്രചോദനത്തിന്റെയും പ്രാമാണികതയുടെയും ഒരു പ്രഭവമെന്ന നിലയിൽ, വിശ്വാസത്തിന്റെയും നടത്തയുടെയും ഒരു പ്രമാണമെന്ന നിലയിൽ, ബൈബിൾ സ്പെയ്നിൽ ജർമ്മനിയിലേക്കാളും അല്ലെങ്കിൽ ഇംഗ്ലണ്ടിലേക്കാളും പ്രമുഖമായിരുന്നു” എന്ന് ഒരു ചരിത്രകാരൻ വിശദീകരിച്ചു. വിവിധ ബൈബിൾചരിത്രങ്ങളും കീർത്തനങ്ങളും (അല്ലെങ്കിൽ സങ്കീർത്തനങ്ങളും) വിശദീകരണങ്ങളും സാൻമാർഗ്ഗികകഥകളും സമാനമായ കൃതികളും ആ യുഗത്തിൽ ഏററവും വില്പനയുള്ള പുസ്തകങ്ങളായിത്തീർന്നു.
പരിശീലനം സിദ്ധിച്ച പകർപ്പെഴുത്തുകാർ ക്ഷമാപൂർവം വിശിഷ്ട കൈയെഴുത്തുപ്രതികൾ പുനരുത്പാദിപ്പിച്ചു. ഒന്നാംതരം ഒരു കൈയെഴുത്തുപ്രതി മാത്രം ഉല്പാദിപ്പിക്കുന്നതിന് 20 പകർപ്പെഴുത്തുകാർക്ക് ഒരു മുഴു വർഷവും വേണ്ടിവന്നെങ്കിലും സ്പെയ്നിൽ 15-ാംനൂററാണ്ടായപ്പോഴേക്ക് അനേകം ലാററിൻ ബൈബിളുകളും ലാററിൻബൈബിളിന്റെ ആയിരക്കണക്കിന് ഭാഷ്യങ്ങളും പ്രചരിക്കുന്നുണ്ടായിരുന്നു.
കൂടാതെ, സ്പാനീഷ്ഭാഷ വളരാൻ തുടങ്ങിയപ്പോൾ നാട്ടുഭാഷയിൽ ബൈബിൾ ഉണ്ടായിരിക്കുന്നതിൽ താത്പര്യം ഉയർന്നു. 12-ാം നൂററാണ്ടോളം നേരത്തെ തന്നെ, സാധാരണക്കാർ സംസാരിച്ച ഭാഷയായ റോമൻസിലേക്ക് അഥവാ ആദിമസ്പാനീഷിലേക്ക് ബൈബിൾ വിവർത്തനം ചെയ്യപ്പെട്ടു.
ഒരു അല്പായുസ്സായ ഉണർവ്വ്
എന്നാൽ ഉണർവ് നീണ്ടുനിൽക്കുന്നതല്ലായിരുന്നു. വാൾഡൻസിയൻസും ലോളാർഡ്സും ഹസൈററ്സും തങ്ങളുടെ വിശ്വാസങ്ങളെ സ്ഥാപിക്കാൻ തിരുവെഴുത്തുകൾ ഉപയോഗിച്ചപ്പോൾ പ്രതികരണം ശീഘ്രവും ഉഗ്രവുമായിരുന്നു. കത്തോലിക്കാ അധികൃതർ ബൈബിൾവായനയെ സംശയത്തോടെ വീക്ഷിച്ചു. സാധാരണ ഭാഷകളിലുള്ള പുതിയ ഭാഷാന്തരങ്ങൾ കർശനമായി അപലപിക്കപ്പെട്ടു.
ആയിരത്തിഇരുനൂററി ഇരുപത്തൊൻപതിൽ കൂടിയ ററുളൂസിലെ (ഫ്രാൻസ്) കാത്തലിക്ക് കൗൺസിൽ ഇങ്ങനെ പ്രഖ്യാപിച്ചു: “ഏതെങ്കിലും അൽമായൻ സാധാരണ ഭാഷയിലേക്കു വിവർത്തനംചെയ്തിരിക്കുന്ന പഴയനിയമത്തിന്റെയോ പുതിയനിയമത്തിന്റെയോ പുസ്തകങ്ങൾ കൈവശംവെക്കുന്നതിനെ ഞങ്ങൾ വിലക്കുന്നു. ഭക്തിയുള്ള ഏതെങ്കിലും ആൾ ആഗ്രഹിക്കുന്നുവെങ്കിൽ അയാൾക്ക് ഒരു കീർത്തനമോ സ്തോത്രപ്രാർത്ഥനപ്പുസ്തകമോ കൈവശംവെക്കാവുന്നതാണ് . . . എന്നാൽ യാതൊരു സാഹചര്യത്തിലും സ്പാനീഷിലേക്ക് വിവർത്തനംചെയ്തിരിക്കുന്ന മേൽപ്പറഞ്ഞ പുസ്തകങ്ങൾ അയാൾ കൈവശംവെക്കരുത്.” നാലു വർഷം കഴിഞ്ഞ്, ആരഗോണിലെ ജയിംസ് 1-ാമൻ (ഐബീരിയൻ ഉപഭൂഖണ്ഡത്തിന്റെ ഒരു വലിയ വിഭാഗത്തിൻമേൽ രാജാവ്) സാധാരണഭാഷയിൽ ഒരു ബൈബിൾ ഉണ്ടായിരുന്ന എല്ലാവർക്കും അത് കത്തിച്ചുകളയുന്നതിന് പ്രാദേശിക ബിഷപ്പിനെ ഏൽപ്പിക്കാൻ വെറും എട്ടു ദിവസം അനുവദിച്ചുകൊടുത്തു. അങ്ങനെ ചെയ്യുന്നതിലുള്ള പരാജയം, ഒരു വൈദികന്റേതായാലും അൽമായന്റേതായാലും, കൈവശംവെക്കുന്നയാൾ പാഷണ്ഡോപദേശം പഠിപ്പിക്കുന്നതായി സംശയമുളവാക്കുമായിരുന്നു.
ആ നിരോധനങ്ങളുണ്ടായിരുന്നിട്ടും ചില സ്പെയിൻകാർക്ക് മദ്ധ്യയുഗങ്ങളുടെ അവസാനഭാഗത്ത് ഒരു സ്പാനീഷ്ബൈബിൾ കൈവശമുള്ളതായി ആത്മപ്രശംസ നടത്താൻ കഴിയുമായിരുന്നു—ആ നിരോധനങ്ങൾ എല്ലായ്പ്പോഴും കർശനമായി പാലിച്ചിരുന്നില്ല. 1478-ൽ ഇസെബല്ലാ രാജ്ഞിയുടെയും ഫെർഡിനാൻഡ്രാജാവിന്റെയും കീഴിൽ സ്പാനീഷ് മതദണ്ഡനം ഏർപ്പെടുത്തിയപ്പോൾ ഇത് പെട്ടെന്ന് അവസാനിച്ചു. 1492-ൽ സലാമങ്കാ നഗരത്തിൽ മാത്രം ബൈബിളിന്റെ വിലതീരാത്ത 20 കൈയെഴുത്തുപ്രതികൾ ദഹിപ്പിക്കപ്പെട്ടു. നിലനിന്ന സ്പാനീഷ് ബൈബിളുകൾ രാജാവിന്റെയോ സംശയാതീതരായിരുന്ന ശക്തരായ ചുരുക്കംചില കുലീനരുടെയോ വ്യക്തിപരമായ ഗ്രന്ഥശാലകളിൽ വെച്ചിരുന്നവ മാത്രമായിരുന്നു.
അടുത്ത ഇരുനൂറു വർഷങ്ങളിൽ സ്പെയ്നിൽ ലത്തീൻ വൾഗേററിനു പുറമേ പ്രസിദ്ധീകരിച്ചിരുന്ന ഏക ഔദ്യോഗിക കത്തോലിക്കാ ബൈബിൾ കോംപ്ലൂറെറൻസിയാൻ പോളിഗ്ലട്ട് ആയിരുന്നു, ഇത് കാർഡിനൽ സിസ്നെറോസിന്റെ രക്ഷാധികാരത്വത്തിലുള്ള ആദ്യത്തെ ബഹുഭാഷാ ബൈബിൾ ആയിരുന്നു. അത് തീർച്ചയായും ഒരു പണ്ഡിതോചിതമായ കൃതിയായിരുന്നു, നിശ്ചയമായും സാധാരണക്കാരനുവേണ്ടി ഉദ്ദേശിക്കപ്പെടാഞ്ഞത്. 600 പ്രതികൾ മാത്രമാണ് നിർമ്മിക്കപ്പെട്ടത്. അതിൽ ഉണ്ടായിരുന്നത് എബ്രായയിലും അരാമ്യയിലും ഗ്രീക്കിലും സ്പാനീഷിലല്ല, ലത്തീനിലുമുള്ള ബൈബിൾപാഠമായിരുന്നതുകൊണ്ട് അധികംപേർക്ക് അത് മനസ്സിലാക്കാൻ കഴിയുമായിരുന്നില്ല. കൂടാതെ, വില കനത്തതായിരുന്നു. അതിന്റെ വില മൂന്ന് സ്വർണ്ണ ഡ്യൂക്കററ്സ് ആയിരുന്നു (ഒരു സാധാരണ തൊഴിലാളിയുടെ ആറു മാസത്തെ ശമ്പളത്തിനു തുല്യം).
സ്പാനീഷ് ബൈബിൾ ഒളിവിൽ
പതിനാറാം നൂററാണ്ടിന്റെ പ്രാരംഭത്തിൽ, ഫ്രാൻസിസ്ക്കോ ഡി എൻസിനാസ് എന്ന പേരിൽ ഒരു സ്പാനീഷ് “ററിൻഡേയ്ൽ” ഉയർന്നുവന്നു. ഒരു ധനികനായ ഭൂഉടമയുടെ പുത്രനായിരുന്ന അദ്ദേഹം ഒരു യുവവിദ്യാർത്ഥിയായിരുന്ന കാലത്തുതന്നെ ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകൾ ഗ്രീക്കിലേക്കു ഭാഷാന്തരംചെയ്യാൻ തുടങ്ങി. പിന്നീട് അയാൾ തന്റെ ഭാഷാന്തരം നെതർലാൻഡ്സിൽവെച്ച് അച്ചടിപ്പിച്ചു, 1544-ൽ അയാൾ സധൈര്യം സ്പെയിനിലെ അതിന്റെ വിതരണത്തിന് രാജകീയാനുവാദം വാങ്ങാൻ ശ്രമിച്ചു. ആ സമയത്ത് സ്പെയിനിലെ ചക്രവർത്തിയായിരുന്ന ചാൾസ് I-ാമൻ ബ്രസൽസിലായിരുന്നു, ഈ പദ്ധതിക്ക് രാജകീയാനുമതിക്കപേക്ഷിക്കാൻ എൻസിനാസ് ഈ അവസരത്തെ പ്രയോജനപ്പെടുത്തി.
ഈ രണ്ടുപേർ തമ്മിലുള്ള അസാധാരണ സംഭാഷണം പിൻവരുന്ന പ്രകാരമായിരുന്നുവെന്ന് റിപ്പോർട്ടുചെയ്യപ്പെടുന്നു: “ഇത് ഏതുതരം പുസ്തകമാണ്?,” ചക്രവർത്തി ചോദിച്ചു. എൻസിനാസ് മറുപടിപറഞ്ഞു: “ഇത് പുതിയ നിയമമെന്നു വിളിക്കപ്പെടുന്ന വിശുദ്ധ തിരുവെഴുത്തുകളുടെ ഭാഗമാണ്.” “പുസ്തകത്തിന്റെ ഗ്രന്ഥകർത്താവാരാണ്?” “പരിശുദ്ധാത്മാവ്,” അയാൾ മറുപടി പറഞ്ഞു.
ചക്രവർത്തി പ്രസിദ്ധീകരണാനുമതി കൊടുത്തു, എന്നാൽ ഒരു വ്യവസ്ഥവെച്ചു: തന്റെ സ്വകാര്യകുമ്പസാരം കേൾക്കുന്ന പുരോഹിതനും അംഗീകാരം നൽകണം, അദ്ദേഹം ഒരു സ്പാനീഷ് സന്യാസിയായിരുന്നു. നിർഭാഗ്യവശാൽ എൻസിനാസിനെ സംബന്ധിച്ചടത്തോളം അങ്ങനെയുള്ള അംഗീകാരം ലഭിച്ചില്ലായിരുന്നു, അയാൾ പെട്ടെന്നുതന്നെ സ്പാനീഷ് മതദണ്ഡനാധികൃതരാൽ തുറുങ്കിലടക്കപ്പെട്ടു. രണ്ടുവർഷം കഴിഞ്ഞ് അയാൾക്ക് രക്ഷപെടാൻ കഴിഞ്ഞു.
ഏതാനും വർഷങ്ങൾക്കുശേഷം, ഈ ഭാഷാന്തരത്തിന്റെ ഒരു പരിഷ്ക്കരിച്ച പതിപ്പ് ഇററലിയിലെ വെനീസിൽ അച്ചടിക്കപ്പെട്ടു. തിരുവെഴുത്തുകളുടെ ഈ പതിപ്പായിരുന്നു ഹൂലിയൻ എർനാൻഡസ് സ്പെയിനിലെ സെവിലിലേക്ക് രഹസ്യമായി കടത്തിയത്. എന്നാൽ അയാൾ പിടിക്കപ്പെട്ടു. ദണ്ഡനത്തിന്റെയും തടവിന്റെയും രണ്ടു വർഷത്തിനുശേഷം അയാൾ മററു സഹബൈബിൾവിദ്യാർത്ഥികളോടുകൂടെ വധിക്കപ്പെട്ടു.a
ട്രെൻറിലെ കൗൺസിലിൽ (1545-63) കത്തോലിക്കാസഭ നാട്ടുഭാഷയിലുള്ള ബൈബിൾവിവർത്തനങ്ങളുടെ അപലപനം ആവർത്തിച്ചു പ്രഖ്യാപിച്ചു. അത് നിരോധിക്കപ്പെട്ട പുസ്തകങ്ങളുടെ ഒരു സൂചിക പ്രസിദ്ധപ്പെടുത്തി, അതിൽ സഭയുടെ അംഗീകാരമില്ലാതെ ഉല്പാദിപ്പിക്കപ്പെട്ടിരുന്ന സകല ബൈബിൾഭാഷാന്തരങ്ങളും ഉൾപ്പെട്ടിരുന്നു. നടപടിയിൽ ഇത് സകല സ്പാനീഷ്നാട്ടുഭാഷാ ബൈബിളുകളും നിയമവിരുദ്ധമാക്കപ്പെട്ടിരിക്കുന്നുവെന്നും കേവലം ഒന്നു കൈവശമുണ്ടായിരിക്കുന്നത് കൈവശക്കാരന്റെ മരണവാറണ്ടിൽ കലാശിക്കാൻ കഴിയുമെന്നും അർത്ഥമാക്കി.
റെയ്നായുടെ ഭാഷാന്തരത്തിന്റെ പ്രസിദ്ധീകരണത്തിനുശേഷം ഏതാനുംചില വർഷങ്ങൾ കഴിഞ്ഞ് സെവിലിലെ മതദണ്ഡനക്രോധത്തിൽനിന്ന് രക്ഷപെട്ട മറെറാരു മുൻ സന്യാസി സിപ്രിയാനോ ഡി വാലെറാ അതു പരിഷ്ക്കരിച്ചു. ഇത് പൊ.യു. (പൊതുയുഗം) 1602-ൽ ആംസ്ററർഡാമിൽ പ്രസിദ്ധീകരിക്കപ്പെട്ടു. ചില പ്രതികൾ സ്പെയിനിലേക്ക് കടത്തപ്പെട്ടു. റെയ്നാ-വാലെറാ ബൈബിളിന്റെ മൂല, പരിഷ്കൃത, ഭാഷാന്തരങ്ങളാണ് സ്പാനീഷ് സംസാരിക്കുന്ന പ്രോട്ടസ്ററൻറുകാരുടെ ഇടയിൽ ഏററം വ്യാപകമായി ഉപയോഗിക്കപ്പെടുന്ന പരിഭാഷ.
കവാടങ്ങൾ തുറക്കപ്പെടുന്നു
ഒടുവിൽ, 1782-ൽ ചരിത്രത്തിന്റെയും സിദ്ധാന്തത്തിന്റെയും വ്യാഖ്യാനങ്ങൾ ഉൾപ്പെടുത്തുന്നടത്തോളം കാലം ബൈബിളുകൾ പ്രസിദ്ധീകരിക്കാൻ കഴിയുമെന്ന് മതദണ്ഡന ട്രിബ്യൂണൽ വിധിച്ചു. ആയിരത്തിഎഴുന്നൂററിത്തൊണ്ണൂറിൽ സെഗോവ്യയിലെ കാത്തലിക്ക് ബിഷപ്പായിരുന്ന ഫെലിപ്പെ സിയോ ഡെ സാൻ മീഗൽ, ലത്തീൻ വൾഗേററ് ഉപയോഗിച്ചുകൊണ്ട് സ്പാനീഷിലേക്ക് ഒരു ബൈബിൾ വിവർത്തനംചെയ്തു. നിർഭാഗ്യവശാൽ, അത് വിലകൂടിയതായിരുന്നു—അന്ന് താങ്ങാനാവാത്ത 1,300 റിയാൽ. വാചകരീതി ദുർജ്ഞേയമായിരുന്നു, തന്നിമിത്തം ഒരു സ്പാനീഷ് ചരിത്രകാരൻ അതിനെ “വളരെ നിർഭാഗ്യകരം” എന്നാണ് വർണ്ണിച്ചത്.
ചില വർഷങ്ങൾക്കുശേഷം, ലത്തീൻ വൾഗേററിനെത്തന്നെ അടിസ്ഥാനപ്പെടുത്തി ഒരു മെച്ചപ്പെട്ട ഭാഷാന്തരം നിർമ്മിക്കാൻ സ്പാനീഷ് രാജാവായിരുന്ന ഫെർനാണ്ടോ VII-ാമൻ അസ്റേറാർഗ്ഗയിലെ ബിഷപ്പായിരുന്ന ഫേലിക്സ് റേറാറസ് ആമാററിനോട് ആജ്ഞാപിച്ചു. ഈ ഭാഷാന്തരം 1823-ൽ പുറത്തുവന്നു, സിയോയുടെ ഭാഷാന്തരത്തേക്കാൾ വ്യാപകമായ വിതരണം അതിന് കിട്ടുകയുംചെയ്തു. എന്നിരുന്നാലും, അത് മൂല എബ്രായയിലും ഗ്രീക്കിലും അധിഷ്ഠിതമല്ലാഞ്ഞതിനാൽ അതിന് ഒരു വിവർത്തനത്തിൽനിന്നുള്ള വിവർത്തനത്തിന്റെ പതിവുള്ള ന്യൂനതകൾ ഉണ്ടായിരുന്നു.
ഈ പുരോഗതി ഉണ്ടായിരുന്നിട്ടും, രാജ്യത്തെ ഭരണാധികാരികൾക്ക് സാധാരണക്കാർ തിരുവെഴുത്തുകൾ വായിക്കണമെന്നുള്ളതിൽ അപ്പോഴും ബോദ്ധ്യമില്ലായിരുന്നു. ബ്രിട്ടീഷ് ആൻഡ് ഫോറിൻ ബൈബിൾസൊസൈററിയുടെ ഒരു പ്രതിനിധിയായിരുന്ന ജോർജ്ജ് ബോറോ 1830-ൽ സ്പെയിനിൽ ബൈബിൾ അച്ചടിക്കുന്നതിനുള്ള അനുമതി ചോദിച്ചപ്പോൾ ഗവൺമെൻറ് മന്ത്രിയായിരുന്ന മെൻഡിസബാൾ അദ്ദേഹത്തോട് പറഞ്ഞത് ഇങ്ങനെയാണ്: “എന്റെ പൊന്നുസാറേ, ഞങ്ങൾക്കു വേണ്ടതു ബൈബിളുകളല്ല, പിന്നെയോ മത്സരികളെ അടിച്ചമർത്തുന്നതിന് തോക്കുകളും വെടിമരുന്നും, എല്ലാററിനുമുപരി, സൈന്യങ്ങൾക്ക് ശമ്പളം കൊടുക്കാനുള്ള പണവുമാണ്.” ബോറോ, സ്പാനീഷ് ജിപ്സികളുടെ ഭാഷയിൽ ലൂക്കോസിന്റെ സുവിശേഷം ഭാഷാന്തരം ചെയ്യുന്നതിൽ തുടർന്നു. ആയിരത്തിഎണ്ണൂററിമുപ്പത്തിയേഴിൽ അയാളുടെ ഉദ്യമങ്ങൾ നിമിത്തം അയാൾ തടവിലാക്കപ്പെട്ടു!
ഒടുവിൽ, മേലാൽ വേലിയേററത്തെ തടഞ്ഞുനിർത്താൻ കഴിയാതെവന്നു. കാസിയോഡോറോ ഡെ റെയ്നായുടെ ഭാഷാന്തരത്തിനുശേഷം ഏതാണ്ട് 375വർഷം കഴിഞ്ഞ് 1944-ൽ സ്പാനീഷ് സഭ അതിന്റെ വിശുദ്ധ തിരുവെഴുത്തുകളുടെ ആദ്യത്തെ ഭാഷാന്തരം അച്ചടിച്ചു. ഇത് കത്തോലിക്കാപണ്ഡിതൻമാരായിരുന്ന നാകാറിന്റെയും കൊളംഗായുടെയും ഭാഷാന്തരമായിരുന്നു. അതിനെ തുടർന്ന് 1947-ൽ ബോവറിന്റെയും കാന്റെറായുടെയും ഭാഷാന്തരം ഉണ്ടായി. അതിനുശേഷം ബൈബിളിന്റെ സ്പാനീഷ് ഭാഷാന്തരങ്ങളുടെ ഒരു പ്രളയംതന്നെ ഉണ്ടായിട്ടുണ്ട്.
വിജയം ഉറപ്പാക്കപ്പെട്ടു
സ്പാനീഷ് ബൈബിളിന് അതിജീവിക്കാൻ നൂററാണ്ടുകൾ പോരാടേണ്ടിവന്നെങ്കിലും ഒടുവിൽ പോരാട്ടം വിജയിച്ചു. റെയ്നായെപ്പോലെയുള്ള ശൂരൻമാരായ വിവർത്തകരുടെ വലിയ ത്യാഗങ്ങൾ തീർച്ചയായും വ്യർത്ഥമായിരുന്നില്ല. ഇന്ന് ഒരു ബൈബിൾ വാങ്ങുന്ന എത്രപേർ ബൈബിൾ കൈവശംവെക്കുന്നത് വിലക്കപ്പെട്ടിരുന്ന ഒരു കാലത്തെക്കുറിച്ച് നിന്നു ചിന്തിക്കുന്നുണ്ട്?
ഇന്ന്, ബൈബിൾ സ്പെയിനിലും സ്പാനീഷ് സംസാരിക്കുന്ന രാജ്യങ്ങളിലും ഏററവും കൂടുതൽ വില്പനയുള്ള ഒരു പുസ്തകമാണ്, അനേകം ഭാഷാന്തരങ്ങൾ ലഭ്യവുമാണ്. അവയിൽ യഹോവ എന്ന നാമം സ്ഥിരമായി ഉപയോഗിക്കുന്ന വേർഷൻ മോഡേണായും (ആധുനിക ഭാഷാന്തരം, 1893) എബ്രായ തിരുവെഴുത്തുകളിൽ യാവേ എന്ന നാമം ഉപയോഗിക്കുന്ന ബൈബിളിന്റെ പോളൈൻ എഡീഷനും (1964) നിർഭാഗ്യവശാൽ യഹോവ എന്നോ യാവേ എന്നോ ഉപയോഗിക്കാത്ത ന്യൂവാ ബിബ്ലിയാ എസ്പാന്യോളായും (പുതിയ സ്പാനീഷ് ബൈബിൾ, 1975) യഹോവ എന്നുപയോഗിക്കുന്ന വാച്ച്ററവർ സൊസൈററി പ്രസിദ്ധപ്പെടുത്തിയ ട്രഡൂഷ്യൻ ഡെൽ ന്യൂവോ മുണ്ടോയും (പുതിയ ലോകഭാഷാന്തരം, 1967) ഉൾപ്പെടുന്നു.
യഹോവയുടെ സാക്ഷികൾ വിശുദ്ധ ബൈബിളിന്റെ—അതിനുവേണ്ടി മരിക്കാനും അതനുസരിച്ചു ജീവിക്കാനും അർഹതയുള്ള ഒരു പുസ്തകത്തിന്റെ—മൂല്യം വിലമതിക്കാൻ സ്പാനീഷ് സംസാരിക്കുന്ന ദശലക്ഷക്കണക്കിനാളുകളെ സഹായിക്കുന്നതിന് ഓരോ വാരത്തിലും അവരുടെ ഭവനങ്ങൾ സന്ദർശിക്കുന്നു. യഥാർത്ഥത്തിൽ, അതിജീവിക്കുന്നതിനുള്ള സ്പാനീഷ് ബൈബിളിന്റെ പോരാട്ടത്തിന്റെ കഥ “നമ്മുടെ ദൈവത്തിന്റെ വചനമോ എന്നേക്കും നിലനിൽക്കും” എന്നതിന്റെ കൂടുതലായ ഒരു തെളിവാണ്.—യെശയ്യാവ് 40:8.
[അടുക്കുറിപ്പ്]
a ആ കാലത്ത് യാതൊരു പുസ്തകവും ഒരു പ്രത്യേക ലൈസൻസുകൂടാതെ ഇറക്കുമതിചെയ്യാൻ പാടില്ലായിരുന്നു. യാതൊരു ലൈബ്രേറിയനും പരിശുദ്ധഓഫീസിന്റെ (മതദണ്ഡനം) ഔദ്യോഗികാനുമതി കൂടാതെ യാതൊരു പുസ്തകക്കെട്ടും തുറക്കാൻ പാടില്ലായിരുന്നു.
[10-ാം പേജിലെ ചിത്രം]
ദി കൊംപ്ലൂറെറൻസിയാൻ പോളിഗ്ലട്ട് പുനരുത്പാദിപ്പിക്കപ്പെട്ടിട്ടുണ്ട്, അങ്ങനെ അനായാസം പരിശോധിക്കാൻ കഴിയും. (പേജ് 8 കാണുക)
[കടപ്പാട്]
Courtesy of the Biblioteca Nacional, Madrid, Spain