മനുഷ്യരെ വീശിപ്പിടിക്കുന്നവരായി സേവിക്കൽ
“യേശു ശിമോനോടു: ഭയപ്പെടേണ്ടാ, ഇന്നു മുതൽ നീ മനുഷ്യരെ പിടിക്കുന്നവൻ ആകും.”—ലൂക്കോസ് 5:10.
1, 2. (എ) മനുഷ്യവർഗ്ഗത്തിന്റെ ചരിത്രത്തിൽ മീൻപിടുത്തം എന്തു പങ്കു വഹിച്ചിട്ടുണ്ട്? (ബി) ഏതാണ്ട് 2,000 വർഷം മുമ്പ് ഏതു പുതിയ തരം മീൻപിടുത്തം അവതരിപ്പിക്കപ്പെട്ടു?
ആയിരക്കണക്കിനു വർഷങ്ങളിൽ മനുഷ്യവർഗ്ഗം ഭൂമിയിലെ സമുദ്രങ്ങളിലും തടാകങ്ങളിലും നദികളിലും ആഹാരം തേടിയിട്ടുണ്ട്. പുരാതന ഈജിപ്ററിൽ നൈൽനദിയിൽനിന്നുള്ള മത്സ്യം ആഹാരത്തിന്റെ ഒരു പ്രധാന ഭാഗമായിരുന്നു. മോശെയുടെ നാളിൽ നൈലിലെ വെള്ളം രക്തമാക്കി മാററപ്പെട്ടപ്പോൾ ഒരു ജലക്ഷാമമുണ്ടായതുകൊണ്ടുമാത്രമല്ല, തങ്ങളുടെ ഭക്ഷ്യലഭ്യതയെ ബാധിച്ചുകൊണ്ട് മത്സ്യം ചത്തൊടുങ്ങിയതുകൊണ്ടും ഈജിപ്ററുകാർ കഷ്ടപ്പെട്ടു. പിന്നീട്, സീനായിയിങ്കൽവെച്ച് യഹോവ ഇസ്രയേലിനു ന്യായപ്രമാണം കൊടുത്തപ്പോൾ ചിലതരം മത്സ്യത്തെ ഭക്ഷിക്കാമെന്നും മററുള്ളവ അശുദ്ധമാണെന്നും ഭക്ഷിക്കാവുന്നതല്ലെന്നും അവൻ അവരോടു പറഞ്ഞു. ഇത് ഇസ്രയേല്യർ വാഗ്ദത്തദേശത്തു വരുമ്പോൾ മത്സ്യം ഭക്ഷിക്കുമെന്നും അവരിൽ ചിലർ മീൻപിടുത്തക്കാരായിരിക്കുമെന്നും സൂചിപ്പിച്ചു.—പുറപ്പാട് 7:20, 21; ലേവ്യപുസ്തകം 11:9-12.
2 എന്നിരുന്നാലും, ഏതാണ്ട് 2,000 വർഷം മുമ്പ്, മറെറാരു തരം മത്സ്യബന്ധനം മനുഷ്യവർഗ്ഗത്തിലേക്ക് അവതരിപ്പിക്കപ്പെട്ടു. അത് മീൻപിടുത്തക്കാർക്കുമാത്രമല്ല, മീനിനും പ്രയോജനപ്പെടുന്ന ആത്മീയ തരത്തിലുള്ള ഒരു മത്സ്യബന്ധനമായിരുന്നു! ഇത്തരം മത്സ്യബന്ധനം ഇന്നും ലോകവ്യാപകമായി ദശലക്ഷങ്ങൾക്ക് വമ്പിച്ച പ്രയോജനം ചെയ്തുകൊണ്ട് ഇപ്പോഴും നടത്തപ്പെടുന്നുണ്ട്.
“മനുഷ്യരെ ജീവനോടെ പിടി”ക്കൽ
3, 4. ഏതു രണ്ടു മീൻപിടുത്തക്കാർ യേശുക്രിസ്തുവിൽ വലിയ താത്പര്യം പ്രകടമാക്കി?
3 ഈ പുതിയതരം മത്സ്യബന്ധനം അവതരിപ്പിക്കാനിരുന്ന യേശു പൊ.യു. 29-ൽ യോഹന്നാൻ സ്നാപകനാൽ യോർദ്ദാൻ നദിയിൽ സ്നാപനംകഴിപ്പിക്കപ്പെട്ടു. ഏതാനും ആഴ്ചകൾക്കുശേഷം, യോഹന്നാൻ തന്റെ ശിഷ്യൻമാരിൽ രണ്ടുപേർക്ക് യേശുവിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് “കാൺമിൻ, ദൈവത്തിന്റെ കുഞ്ഞാട്!” എന്നു പറഞ്ഞു. അന്ത്രയോസ് എന്നു പേരുണ്ടായിരുന്ന ഈ ശിഷ്യൻമാരിലൊരുവൻ പെട്ടെന്ന് തന്റെ സഹോദരനായിരുന്ന ശിമോൻ പത്രോസിനോട് “ഞങ്ങൾ മശിഹായെ കണ്ടെത്തിയിരിക്കുന്നു” എന്നു പറഞ്ഞു! കൗതുകകരമായി, അന്ത്രയോസും ശിമോനും മത്സ്യബന്ധനതൊഴിൽക്കാരായിരുന്നു.—യോഹന്നാൻ 1:35, 36, 40, 41; മത്തായി 4:18, NW.
4 കുറെ കാലം കഴിഞ്ഞ്, യേശു പത്രോസും അന്ത്രയോസും വസിച്ചടത്തുനിന്ന് വിദൂരത്തിലല്ലാഞ്ഞ ഗലീലക്കടൽതീരത്തെ ജനക്കൂട്ടങ്ങളോട് പ്രസംഗിച്ചുകൊണ്ടിരുന്നു. അവൻ ജനങ്ങളോട്: “സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ” എന്നു പറഞ്ഞുകൊണ്ടിരുന്നു. (മത്തായി 4:13, 17) പത്രോസും അന്ത്രയോസും അവന്റെ സന്ദേശം കേൾക്കാൻ ആകാംക്ഷയുള്ളവരായിരുന്നുവെന്ന് നമുക്ക് സങ്കൽപ്പിക്കാൻ കഴിയും. എന്നിരുന്നാലും, തങ്ങളുടെ ജീവിതത്തിന് എന്നേക്കുമായി മാററം വരുത്താനിരിക്കുന്ന ചിലത് യേശു തങ്ങളോടു പറയാനിരിക്കുകയാണെന്ന് അവർ തിരിച്ചറിഞ്ഞിരിക്കാനിടയില്ല. തന്നെയുമല്ല, യേശു അവരുടെ സാന്നിദ്ധ്യത്തിൽ പറയാനും ചെയ്യാനുമിരുന്നതിന് ഇന്ന് നമുക്കെല്ലാം പ്രധാനപ്പെട്ട ഒരു അർത്ഥമുണ്ട്.
5. മീൻപിടുത്തക്കാരനായ പത്രോസ് യേശുവിനെ സേവിക്കാൻ പ്രാപ്തനായതെങ്ങനെ?
5 നാം ഇങ്ങനെ വായിക്കുന്നു: “അവൻ ഗന്നേസരെത്ത് തടാകത്തിന്റെ കരയിൽ നിൽക്കുമ്പോൾ പുരുഷാരം ദൈവവചനം കേൾക്കേണ്ടതിന്നു അവനെ തിക്കിക്കൊണ്ടിരിക്കയിൽ രണ്ടു പടകു കരെക്കു അടുത്തുനിൽക്കുന്നതു അവൻ കണ്ടു; അവയിൽനിന്നു മീൻപിടിക്കാർ ഇറങ്ങി വല കഴുകുകയായിരുന്നു.” (ലൂക്കോസ് 5:1, 2) അന്ന് മത്സ്യത്തൊഴിലാളികൾ മിക്കപ്പോഴും രാത്രിയിൽ ജോലിചെയ്തിരുന്നു. ഈ പുരുഷൻമാർ ഒരു രാത്രിയിലെ മീൻപിടുത്തത്തിനുശേഷം തങ്ങളുടെ വലകൾ കഴുകുകയായിരുന്നു. ജനക്കൂട്ടത്തോടു കൂടുതൽ ഫലകരമായി പ്രസംഗിക്കാൻ അവരുടെ വള്ളങ്ങളിലൊന്നുപയോഗിക്കാൻ യേശു തീരുമാനിച്ചു. “ആ പടകുകളിൽ ശിമോന്റേതായ ഒന്നിൽ അവൻ കയറി കരയിൽനിന്നു അല്പം നീക്കേണം എന്നു അവനോടു അപേക്ഷിച്ചു; അങ്ങനെ അവൻ പടകിൽ ഇരുന്നു പുരുഷാരത്തെ ഉപദേശിച്ചു.”—ലൂക്കോസ് 5:3.
6, 7. മീൻപിടുത്തം ഉൾപ്പെട്ട ഏതു അത്ഭുതം യേശു ചെയ്തു, മീൻപിടുത്തത്തെക്കുറിച്ചുള്ള ഏതു പ്രസ്താവനയിലേക്കു നയിച്ചുകൊണ്ട്?
6 യേശുവിന്റെ മനസ്സിൽ ജനക്കൂട്ടങ്ങളെ പഠിപ്പിക്കുന്നതിനേക്കാൾ കൂടിയ സംഗതി ഉണ്ടായിരുന്നുവെന്നത് ശ്രദ്ധിക്കുക: “സംസാരിച്ചുതീർന്നപ്പോൾ അവൻ ശിമോനോടു: ആഴത്തിലേക്കു നീക്കി മീൻപിടുത്തത്തിന്നു വല ഇറക്കുവിൻ എന്നു പറഞ്ഞു.” ഈ മീൻപിടുത്തക്കാർ അപ്പോൾത്തന്നെ രാത്രിമുഴുവൻ ജോലിചെയ്തിരുന്നുവെന്നോർക്കുക. പത്രോസ് ഇങ്ങനെ മറുപടി പറയുന്നത് ആശ്ചര്യമല്ല: “നാഥാ ഞങ്ങൾ രാത്രി മുഴുവനും അദ്ധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല; എങ്കിലും നിന്റെ വാക്കിന്നു ഞാൻ വല ഇറക്കാം.” അവർ അതു ചെയ്തപ്പോൾ എന്തു സംഭവിച്ചു? “പെരുത്ത മീൻകൂട്ടം അകപ്പെട്ടു വല കീറാറായി. അവർ മറെറ പടകിലുള്ള കൂട്ടാളികൾ വന്നു സഹായിപ്പാൻ അവരെ മാടിവിളിച്ചു. അവർ വന്നു പടകു രണ്ടും മുങ്ങുമാറാകുവോളം നിറെച്ചു.”—ലൂക്കോസ് 5:4-7.
7 യേശു ഒരു അത്ഭുതം ചെയ്തിരുന്നു. ആ സമുദ്രഭാഗം രാത്രിമുഴുവൻ ഫലദായകമല്ലായിരുന്നു; ഇപ്പോൾ അത് മത്സ്യസമൃദ്ധമായിരുന്നു. ഈ അത്ഭുതത്തിന് പത്രോസിന്റെമേൽ ശക്തമായ ഒരു ഫലമുണ്ടായിരുന്നു. “ശിമോൻ പത്രോസ് അതു കണ്ടിട്ടു യേശുവിന്റെ കാൽക്കൽ വീണു: കർത്താവേ, ഞാൻ പാപിയായ മനുഷ്യൻ ആകകൊണ്ടു എന്നെ വിട്ടുപോകേണമേ എന്നു പറഞ്ഞു. അവർക്കു ഉണ്ടായ മീൻപിടുത്തത്തിൽ അവന്നും അവനോടു കൂടെയുള്ളവർക്കു എല്ലാവർക്കും സംഭ്രമം പിടിച്ചിരുന്നു. ശിമോന്റെ കൂട്ടാളികളായ യാക്കോബ് യോഹന്നാൻ എന്ന സെബെദിമക്കൾക്കും അവ്വണ്ണംതന്നേ.” യേശു പത്രോസിനെ ശാന്തനാക്കുകയും അനന്തരം പത്രോസിന്റെ ജീവിതത്തിനു മാററംവരുത്താനിരുന്ന വാക്കുകൾ അവനോടു പറയുകയും ചെയ്തു. “ഭയപ്പെടാതിരിക്കൂ, ഇപ്പോൾ മുതൽ നീ മനുഷ്യരെ ജീവനോടെ പിടിക്കുന്നതായിരിക്കും.”—ലൂക്കോസ് 5:8-10, NW.
മനുഷ്യരെ വീശിപ്പിടിക്കുന്നവർ
8. നാലു മീൻപിടുത്തത്തൊഴിൽക്കാർ ‘മനുഷ്യരെ ജീവനോടെ പിടിക്കാനുള്ള’ ക്ഷണത്തിന് ചെവികൊടുത്തതെങ്ങനെ?
8 യേശു അങ്ങനെ മനുഷ്യരെ മത്സ്യത്തോടു താരതമ്യപ്പെടുത്തി. അവൻ വളരെ മഹത്തരമായ ഒരു മത്സ്യബന്ധനരൂപത്തിനുവേണ്ടി—മനുഷ്യരെ ജീവനോടെ പിടിക്കാൻ—തന്റെ ലൗകികത്തൊഴിൽ ഉപേക്ഷിക്കുന്നതിന് ഈ എളിയ മീൻപിടുത്തക്കാരനെ ക്ഷണിച്ചു. പത്രോസും അവന്റെ സഹോദരനായ അന്ത്രെയൊസും ക്ഷണം സ്വീകരിച്ചു. “ഉടനെ അവർ വല വിട്ടേച്ചു അവനെ അനുഗമിച്ചു.” (മത്തായി 4:18-20) അടുത്തതായി യേശു തങ്ങളുടെ വള്ളത്തിൽ വലകൾ നന്നാക്കിക്കൊണ്ടിരുന്ന യാക്കോബിനെയും യോഹന്നാനെയും വിളിച്ചു. മനുഷ്യരെ വീശിപ്പിടിക്കുന്നവരായിത്തീരാൻ യേശു അവരെയും ക്ഷണിച്ചു. അവർ എങ്ങനെ ചെവികൊടുത്തു? “അവരും ഉടനെ പടകിനെയും അപ്പനെയും വിട്ടു അവനെ അനുഗമിച്ചു.” (മത്തായി 4:21, 22) ദേഹികളെ വീശിപ്പിടിക്കുന്ന ഒരാളെന്ന നിലയിൽ യേശു വൈദഗ്ദ്ധ്യം പ്രകടമാക്കി. ഈ സന്ദർഭത്തിൽ അവൻ നാലു മനുഷ്യരെ ജീവനോടെ പിടിച്ചു.
9, 10. പത്രോസും അവന്റെ സഹപ്രവർത്തകരും എന്തു വിശ്വാസം പ്രകടമാക്കി, അവർ ആത്മീയ മീൻപിടുത്തത്തിൽ എങ്ങനെ പരിശീലിപ്പിക്കപ്പെട്ടു?
9 ഒരു മത്സ്യത്തൊഴിലാളി തന്റെ മീൻ വിററുകൊണ്ട് അഷ്ടിക്ക് വകയുണ്ടാക്കുന്നു, എന്നാൽ ഒരു ആത്മീയ മീൻപിടുത്തക്കാരന് അതു ചെയ്യാവുന്നതല്ല. അതുകൊണ്ട്, ഈ ശിഷ്യൻമാർ യേശുവിനെ അനുഗമിക്കാൻ സകലവും ഉപേക്ഷിച്ചപ്പോൾ വലിയ വിശ്വാസം പ്രകടമാക്കി. എന്നിരുന്നാലും തങ്ങളുടെ ആത്മീയ മീൻപിടുത്തം വിജയപ്രദമാകുമെന്നതിൽ അവർക്ക് സംശയമില്ലായിരുന്നു. ഫലദായകമല്ലാഞ്ഞ വെള്ളങ്ങളിൽ അക്ഷരീയ മത്സ്യം പെരുകാൻ ഇടയാക്കുന്നതിന് യേശുവിന് കഴിവുണ്ടായിരുന്നു. സമാനമായി, ശിഷ്യൻമാർ ഇസ്രയേല്യജനതയാകുന്ന വെള്ളങ്ങളിലേക്ക് തങ്ങളുടെ വലകളിറക്കിയപ്പോൾ, ദൈവസഹായത്താൽ തങ്ങൾ മനുഷ്യരെ ജീവനോടെ പിടിക്കുമെന്ന് അവർക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയുമായിരുന്നു. അന്ന് തുടങ്ങിയ ആത്മീയ മീൻപിടുത്തവേല തുടരുകയാണ്, യഹോവ ഇപ്പോഴും സമൃദ്ധമായ വിളവുനൽകുന്നുണ്ട്.
10 രണ്ടിൽപരം വർഷം യേശു ആ ശിഷ്യൻമാർക്ക് മനുഷ്യരെ വീശിപ്പിടിക്കുന്നതിൽ പരിശീലനം കൊടുത്തു. ചിലപ്പോൾ അവൻ അവർക്ക് ശ്രദ്ധാപൂർവകമായ നിർദ്ദേശങ്ങൾ കൊടുക്കുകയും പ്രസംഗിക്കുന്നതിന് തനിക്കുമുമ്പായി അവരെ അയക്കുകയും ചെയ്തു. (മത്തായി 10:1-7; ലൂക്കോസ് 10:1-11) യേശു ഒററിക്കൊടുക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തപ്പോൾ, ശിഷ്യൻമാർ ഞെട്ടിപ്പോയി. എന്നാൽ യേശുവിന്റെ മരണം മനുഷ്യരെ പിടുത്തം മേലാൽ ഇല്ലെന്ന് അർത്ഥമാക്കിയോ? സംഭവങ്ങൾ പെട്ടെന്ന് ഉത്തരം നൽകി.
മനുഷ്യവർഗ്ഗമാകുന്ന സമുദ്രത്തിൽ മീൻപിടിക്കൽ
11, 12. തന്റെ പുനരുത്ഥാനത്തിനുശേഷം, യേശു മീൻപിടുത്തത്തോടു ബന്ധമുള്ള ഏതത്ഭുതം ചെയ്തു?
11 യെരൂശലേമിനു പുറത്തെ യേശുവിന്റെ മരണത്തിനും അവന്റെ പുനരുത്ഥാനത്തിനും ശേഷം താമസിയാതെ ശിഷ്യൻമാർ ഗലീലയിലേക്കു തിരിച്ചുപോയി. ഒരു സന്ദർഭത്തിൽ അവരിൽ ഏഴുപേർ ഗലീലക്കടലിനുസമീപം ഒരുമിച്ചുകൂടിയിരിക്കുകയായിരുന്നു. താൻ മീൻപിടിക്കാൻ പോകുകയാണെന്ന് പത്രോസ് പറഞ്ഞു, മററുള്ളവർ അവനോടു ചേർന്നു. പതിവുപോലെ അവർ രാത്രിയിൽ മീൻപിടിച്ചു. യഥാർത്ഥത്തിൽ അവർ വീണ്ടും രാത്രി മുഴുവൻ സമുദ്രത്തിലേക്കു തങ്ങളുടെ വലയെറിഞ്ഞെങ്കിലും യാതൊന്നും കിട്ടിയില്ല. അനന്തരം പ്രഭാതത്തിൽ, കരക്കു നിൽക്കുന്നതായി കാണപ്പെട്ട ഒരു രൂപം വെള്ളത്തിൻമീതെ അവരോടു വിളിച്ചുചോദിച്ചു: “കുഞ്ഞുങ്ങളേ, കൂട്ടുവാൻ വല്ലതുമുണ്ടോ?” “ഇല്ല” എന്ന് ശിഷ്യൻമാർ മറുപടിപറഞ്ഞു. തുടർന്ന് കരക്കു നിന്നിരുന്ന ആൾ അവരോട്: “പടകിന്റെ വലത്തുഭാഗത്തു വല വീശുവിൻ; എന്നാൽ നിങ്ങൾക്കു കിട്ടും” എന്ന് പറഞ്ഞു. “അവർ വീശി, മീനിന്റെ പെരുപ്പം ഹേതുവായി അതു വലിപ്പാൻ കഴിഞ്ഞില്ല.”—യോഹന്നാൻ 21:5, 6.
12 എന്തൊരു വിസ്മയാവഹമായ അനുഭവം! ശിഷ്യൻമാർ മീൻപിടുത്തം ഉൾപ്പെട്ടിരുന്ന ആദ്യ അനുഭവം അനുസ്മരിച്ചിരിക്കാനിടയുണ്ട്. അവരിൽ ഒരാളെങ്കിലും കരക്കുനിന്ന രൂപം ആരാണെന്ന് തിരിച്ചറിഞ്ഞു. “യേശു സ്നേഹിച്ച ശിഷ്യൻ പത്രോസിനോടു: അതു കർത്താവു ആകുന്നു എന്നു പറഞ്ഞു; കർത്താവു ആകുന്നു എന്നു ശിമോൻ പത്രൊസ് കേട്ടിട്ടു, താൻ നഗ്നനാകയാൽ അങ്കി അരയിൽ ചുററി കടലിൽ ചാടി. ശേഷം ശിഷ്യൻമാർ കരയിൽനിന്നു ഏകദേശം ഇരുനൂറു മുഴത്തിൽ അധികം ദൂരത്തല്ലായ്കയാൽ മീൻ നിറഞ്ഞ വല ഇഴെച്ചുകൊണ്ട് ചെറിയ പടകിൽ വന്നു.”—യോഹന്നാൻ 21:7, 8.
13. യേശുവിന്റെ സ്വർഗ്ഗാരോഹണത്തിനുശേഷം, ഏതു സാർവദേശീയ മത്സ്യബന്ധനപരിപാടി തുടങ്ങി?
13 ഈ അത്ഭുതം എന്തു സൂചിപ്പിച്ചു? മനുഷ്യരെ വീശിപ്പിടിക്കുന്ന വേല തീർന്നില്ലെന്ന്. യേശു മൂന്നുപ്രാവശ്യം പത്രോസിനോടും അവനിലൂടെ എല്ലാ ശിഷ്യൻമാരോടും യേശുവിന്റെ ആടുകളെ തീററാൻ പറഞ്ഞപ്പോൾ ഈ വസ്തുത ദൃഢീകരിക്കപ്പെട്ടു. (യോഹന്നാൻ 21:15-17) അതെ, ഒരു ആത്മീയപോഷിപ്പിക്കൽ പരിപാടി മുമ്പിൽ സ്ഥിതിചെയ്തിരുന്നു. തന്റെ മരണത്തിനുമുമ്പ്, “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും” എന്ന് അവൻ പ്രവചിച്ചിരുന്നു. (മത്തായി 24:14) ഇപ്പോൾ ആ പ്രവചനത്തിന്റെ ഒന്നാം നൂററാണ്ടിലെ നിവൃത്തി തുടങ്ങുന്നതിനുള്ള സമയം വന്നിരുന്നു. അവന്റെ ശിഷ്യൻമാർ മനുഷ്യവർഗ്ഗസമുദ്രത്തിലേക്ക് തങ്ങളുടെ വലകളിറക്കാറായിരുന്നു, വലകൾ ശൂന്യമായി പൊങ്ങിവരുകയില്ലായിരുന്നു.—മത്തായി 28:19, 20.
14. യെരൂശലേമിന്റെ നാശത്തിനു മുമ്പത്തെ വർഷങ്ങളിൽ യേശുവിന്റെ അനുഗാമികളുടെ മീൻപിടുത്തം ഏതു വിധത്തിൽ അനുഗ്രഹിക്കപ്പെട്ടു?
14 സ്വർഗ്ഗത്തിലെ തന്റെ പിതാവിന്റെ സിംഹാസനത്തിലേക്ക് കയറിപ്പോകുന്നതിനുമുമ്പ് യേശു തന്റെ അനുഗാമികളോട് ഇങ്ങനെ പറഞ്ഞു: “പരിശുദ്ധാത്മാവു നിങ്ങളുടെമേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അററത്തോളവും എന്റെ സാക്ഷികളാകും.” (പ്രവൃത്തികൾ 1:8) പൊ.യു. 33ലെ പെന്തെക്കോസ്തിൽ ശിഷ്യൻമാരുടെമേൽ പരിശുദ്ധാത്മാവ് പകരപ്പെട്ടപ്പോൾ ആത്മീയ മീൻപിടുത്തമാകുന്ന വലിയ വേല സാർവദേശീയമായി തുടങ്ങി. പെന്തെക്കോസ്ത്ദിവസംതന്നെ മൂവായിരം ദേഹികൾ ജീവനോടെ പിടിക്കപ്പെട്ടു. തദനന്തരം പെട്ടെന്നുതന്നെ “പുരുഷൻമാരുടെ എണ്ണംതന്നേ അയ്യായിരത്തോളം ആയി.” (പ്രവൃത്തികൾ 2:41; 4:4) വർദ്ധനവു തുടർന്നു. രേഖ നമ്മോടു പറയുന്നു: “മേല്ക്കുമേൽ അനവധി പുരുഷൻമാരും സ്ത്രീകളും കർത്താവിൽ വിശ്വസിച്ചു ചേർന്നുവന്നു.” (പ്രവൃത്തികൾ 5:14) പെട്ടെന്ന്, ശമര്യക്കാർ സുവാർത്തക്കു ചെവികൊടുത്തു. അതിനുശേഷം താമസിയാതെ പരിച്ഛേദനയേൽക്കാത്ത വിജാതീയരും അങ്ങനെ ചെയ്തു. (പ്രവൃത്തികൾ 8:4-8; 10:24, 44-48) പെന്തെക്കോസ്തിനുശേഷം ഏതാണ്ട് 27വർഷം കഴിഞ്ഞ്, സുവാർത്ത “ആകാശത്തിൻകീഴെ സകല സൃഷ്ടികളുടെയും ഇടയിൽ ഘോഷി”ക്കപ്പെട്ടിരുന്നതായി അപ്പോസ്തലനായ പൗലോസ് കൊലൊസ്സ്യക്രിസ്ത്യാനികൾക്ക് എഴുതി. (കൊലൊസ്സ്യർ 1:23) വ്യക്തമായി, യേശുവിന്റെ ശിഷ്യൻമാർ ഗലീലയിലെ വെള്ളങ്ങളിൽനിന്ന് ബഹുദൂരത്തിൽ മീൻപിടുത്തം നടത്തിയിരുന്നു. റോമൻ സാമ്രാജ്യത്തിനുചുററും ചിതറിക്കിടന്നിരുന്ന യഹൂദൻമാരുടെ ഇടയിലും അതുപോലെതന്നെ യഹൂദേതര ജനങ്ങളാകുന്ന പ്രതീക്ഷയില്ലാഞ്ഞ സമുദ്രങ്ങളിലും അവർ തങ്ങളുടെ വലകൾ ഇറക്കിയിരുന്നു. അവരുടെ വലകൾ നിറഞ്ഞു പൊങ്ങിവന്നു. ഒന്നാം നൂററാണ്ടിലെ ക്രിസ്ത്യാനികളുടെ ആവശ്യങ്ങൾക്ക്, മത്തായി 24:14ലെ യേശുവിന്റെ പ്രവചനം പൊ.യു. 70ൽ യെരൂശലേം നശിപ്പിക്കപ്പെടുന്നതിനുമുമ്പ് നിവർത്തിക്കപ്പെട്ടു.
“കർത്താവിന്റെ ദിവസ”ത്തിൽ മനുഷ്യരെ വീശിപ്പിടിക്കൽ
15. വെളിപ്പാടു പുസ്തകത്തിൽ, കൂടതലായ ഏതു മീൻപിടുത്തവേലയെക്കുറിച്ചു പ്രവചിക്കപ്പെട്ടു, അത് എപ്പോൾ നിർവഹിക്കപ്പെടേണ്ടതായിരുന്നു?
15 ഏതായാലും കൂടുതൽ സംഭവിക്കാനിരുന്നു. ഒന്നാം നൂററാണ്ടിന്റെ അവസാനത്തോടടുത്ത് യഹോവ അപ്പൊസ്തലൻമാരിൽ ഒടുവിൽ ജീവിച്ചിരുന്ന യോഹന്നാന് “കർത്താവിന്റെ ദിവസ”ത്തിൽ സംഭവിക്കാനിരുന്ന കാര്യങ്ങളുടെ ഒരു ഒരു വെളിപാട് കൊടുത്തു. (വെളിപ്പാട് 1:1, 10) ഒരു മുന്തിയ സവിശേഷത ലോകവ്യാപകമായുള്ള സുവാർത്തയുടെ അറിയിക്കലായിരിക്കേണ്ടിയിരുന്നു. നാം ഇങ്ങനെ വായിക്കുന്നു: “വേറൊരു ദൂതൻ ആകാശമദ്ധ്യേ പറക്കുന്നതു ഞാൻ കണ്ടു; ഭൂവാസികളായ സകല ജാതിയും ഗോത്രവും ഭാഷയും വംശവും ആയവരോടു അറിയിപ്പാൻ അവന്റെ പക്കൽ ഒരു നിത്യസുവിശേഷം ഉണ്ടായിരുന്നു.” (വെളിപ്പാട് 14:6) ദൂത മാർഗ്ഗനിർദ്ദേശത്തിൽ ദൈവദാസൻമാർ റോമാസാമ്രാജ്യത്തിലെങ്ങും മാത്രമല്ല, പിന്നെയോ അക്ഷരീയമായി നിവസിതഭൂമിയിലെല്ലാം സുവാർത്ത പ്രസംഗിക്കും. ദേഹികൾക്കുവേണ്ടിയുള്ള ഒരു ആഗോള വലവീശൽവേല ഏറെറടുക്കേണ്ടിയിരുന്നു, നമ്മുടെ നാളിൽ ആ ദർശനത്തിന്റെ ഒരു നിവൃത്തി കണ്ടിരിക്കുന്നു.
16, 17. അവസാനനാളിലെ ആത്മീയ മീൻപിടുത്തവേല എപ്പോൾ തുടങ്ങി, യഹോവ അതിനെ എങ്ങനെ അനുഗ്രഹിച്ചിരിക്കുന്നു?
16 ഈ 20-ാംനൂററാണ്ടിലെ വലവീശൽ എങ്ങനെയായിരിക്കുന്നു? പ്രാരംഭത്തിൽ മീൻപിടുത്തക്കാർ താരതമ്യേന ചുരുക്കമായിരുന്നു. ഒന്നാം ലോകമഹായുദ്ധം അവസാനിച്ചശേഷം സുവാർത്തയുടെ ഏതാണ്ട് നാലായിരം സജീവ പ്രസംഗകരേ ഉണ്ടായിരുന്നുള്ളു, അധികവും അഭിഷിക്തരായിരുന്ന തീക്ഷ്ണതയുള്ള സ്ത്രീപുരുഷൻമാർ തന്നെ. യഹോവ വഴിതുറന്നടത്തെല്ലാം അവർ തങ്ങളുടെ വല വീശി, അനേകം ദേഹികൾ ജീവനോടെ പിടിക്കപ്പെട്ടു. രണ്ടാം ലോകമഹായുദ്ധത്തെ തുടർന്ന് യഹോവ മത്സ്യബന്ധനത്തിന് പുതിയ വെള്ളങ്ങൾ തുറന്നു. വാച്ച്ററവർ ഗിലയദ് ബൈബിൾസ്കൂളിൽ സംബന്ധിച്ചിരുന്ന മിഷനറിമാർ അനേകം രാജ്യങ്ങളിലെ വേലക്ക് നേതൃത്വം വഹിച്ചു. പ്രാരംഭത്തിൽ തീർത്തും ഫലശൂന്യമെന്നു തോന്നിയ ജപ്പാൻ, ഇററലി, സ്പെയിൻ എന്നിങ്ങനെയുള്ള രാജ്യങ്ങൾ ഒടുവിൽ ദേഹികളുടെ സമൃദ്ധമായ വിളവുകൾ നൽകി. പൂർവയൂറോപ്പിലെ മീൻപിടുത്തം എത്ര വിജയപ്രദമാണെന്നും നാം സമീപകാലത്ത് മനസ്സിലാക്കി.
17 ഇന്ന്, അനേകം രാജ്യങ്ങളിൽ വലകൾ മിക്കവാറും കീറുകയാണ്. ദേഹികളുടെ വലിയ കൊയ്ത്ത് പുതിയ സഭകളുടെയും സർക്കിട്ടുകളുടെയും സംഘടിപ്പിക്കൽ ആവശ്യമാക്കിത്തീർത്തിരിക്കുന്നു. ഇവക്ക് ഇടംകൊടുക്കാൻ പുതിയ രാജ്യഹാളുകളും സമ്മേളനഹാളുകളും സദാ പണിയപ്പെട്ടുകൊണ്ടിരിക്കുകയാണ്. വർദ്ധനവ് കൈകാര്യംചെയ്യുന്നതിന് കൂടുതൽ മൂപ്പൻമാരും ശുശ്രൂഷാദാസൻമാരും ആവശ്യമാണ്. മുമ്പ് 1919-ൽ ആ വിശ്വസ്തർ ഒരു ശക്തമായ വേല ആരംഭിച്ചു. യെശയ്യാവ് 60:22 ഒരു അക്ഷരീയ വിധത്തിൽ നിറവേറിയിരിക്കുന്നു. ആ നാലായിരം മീൻപിടുത്തക്കാർ ഇന്ന് നാല്പതു ലക്ഷത്തിലധികമായിത്തീർന്നിരിക്കുമ്പോൾ ‘ചെറിയവൻ ഒരു ആയിരം ആയിത്തീർന്നിരിക്കുന്നു.’ ഇതുവരെയും അവസാനമായിട്ടില്ല.
18. ഒന്നാം നൂററാണ്ടിലെ ആത്മീയ മീൻപിടുത്തക്കാരുടെ നല്ല ദൃഷ്ടാന്തത്തെ നമുക്ക് എങ്ങനെ അനുകരിക്കാൻ കഴിയും?
18 വ്യക്തികളെന്ന നിലയിൽ ഇതെല്ലാം നമ്മേസംബന്ധിച്ച് എന്തർത്ഥമാക്കുന്നു? മനുഷ്യരെ വീശിപ്പിടിക്കുന്നവരായിത്തീരാൻ പത്രോസും അന്ത്രയോസും യാക്കോബും യോഹന്നാനും ക്ഷണിക്കപ്പെട്ടപ്പോൾ അവർ “സകലവും വിട്ടു [യേശുവിനെ] അനുഗമിച്ചു” എന്നു തിരുവെഴുത്തു പറയുന്നു. (ലൂക്കോസ് 5:11) വിശ്വാസത്തിന്റെയും സമർപ്പണത്തിന്റെയും എത്ര നല്ല ദൃഷ്ടാന്തം! എന്തു നഷ്ടംവന്നാലും യഹോവയെ സേവിക്കുന്നതിന് അതേ ആത്മത്യാഗത്തിന്റെ ആത്മാവ്, അതേ സന്നദ്ധത, നട്ടുവളർത്താൻ കഴിയുമോ? കഴിയുമെന്ന് ദശലക്ഷങ്ങൾ ഉത്തരം നൽകിയിരിക്കുന്നു. ഒന്നാം നൂററാണ്ടിൽ യഹോവ അനുവദിച്ചടത്തെല്ലാം ശിഷ്യൻമാർ മനുഷ്യർക്കുവേണ്ടി വലവീശി. യഹൂദൻമാരുടെ ഇടയിലായാലും വിജാതീയരുടെ ഇടയിലായാലും അവർ മടികൂടാതെ വലവീശി. നമുക്കും യാതൊരു നിയന്ത്രണവും അല്ലെങ്കിൽ മുൻവിധിയും കൂടാതെ എല്ലാവരോടും പ്രസംഗിക്കാം.
19. നാം മീൻപിടുത്തം നടത്തുന്ന വെള്ളങ്ങൾ ഉല്പാദകമല്ലെന്ന് തോന്നുന്നുവെങ്കിൽ നാം എന്തു ചെയ്യണം?
19 എന്നിരുന്നാലും നിങ്ങളുടെ പ്രദേശം ഇപ്പോൾ ഫലോല്പാദകമല്ലെന്നു തോന്നുന്നുവെങ്കിലോ? നിരുത്സാഹപ്പെടരുത്. ശിഷ്യൻമാർ രാത്രിമുഴുവൻ ഫലമില്ലാതെ മീൻപിടുത്തം നടത്തിയശേഷം യേശു അവരുടെ വലകൾ നിറച്ചുവെന്നോർക്കുക. അതുതന്നെ ഒരു ആത്മീയവിധത്തിൽ സംഭവിക്കാം. ദൃഷ്ടാന്തത്തിന്, അയർലണ്ടിൽ വിശ്വസ്തസാക്ഷികൾ വർഷങ്ങളോളം പരിമിതമായ ഫലങ്ങളോടെ അദ്ധ്വാനിച്ചു. എന്നിരുന്നാലും അടുത്ത കാലത്ത് അതിനു മാററമുണ്ടായിട്ടുണ്ട്. ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറിലെ സേവനവർഷം അവസാനിച്ചതോടെ അയർലണ്ട് തുടർച്ചയായി 29 അത്യുച്ചങ്ങൾ ആസ്വദിച്ചിരുന്നതായി യഹോവയുടെ സാക്ഷികളുടെ 1991ലെ വാർഷികപ്പുസ്തകം റിപ്പോർട്ടുചെയ്യുന്നു! ഒരുപക്ഷേ നിങ്ങളുടെ പ്രദേശം ഒരു നാൾ സമാനമായി ഫലം പുറപ്പെടുവിച്ചേക്കാം. യഹോവ അനുവദിക്കുന്നടത്തോളം കാലം മീൻപിടുത്തം നടത്തിക്കൊണ്ടിരിക്കുക!
20. നാം മനുഷ്യർക്കുവേണ്ടിയുള്ള വലവീശലിൽ എപ്പോൾ ഏർപ്പെടണം?
20 ഇസ്രയേലിൽ, മററുള്ള എല്ലാവരും തങ്ങളുടെ കിടക്കയിലെ ചൂടിൽ സുഖമനുഭവിക്കുന്ന സമയമായ രാത്രിയിൽ മീൻപിടുത്തക്കാർ മീൻപിടിക്കാൻ പോയിരുന്നു. അവർ തങ്ങൾക്ക് സൗകര്യപ്രദമായിരുന്നപ്പോഴല്ല, പിന്നെയോ തങ്ങൾക്ക് ഏററവുമധികം മത്സ്യം പിടിക്കാൻ കഴിയുന്ന സമയത്തായിരുന്നു പോയത്. നാമും ഭൂരിപക്ഷമാളുകളും വീട്ടിലുള്ളപ്പോഴും സ്വീകാര്യക്ഷമതയുള്ളവരായിരിക്കുമ്പോഴും മീൻപിടുത്തത്തിനു പോകത്തക്കവണ്ണം നമ്മുടെ പ്രദേശത്തെക്കുറിച്ചു പഠിക്കേണ്ടതാണ്. ഇത് വൈകുന്നേരങ്ങളിലോ വാരാന്തങ്ങളിലോ മറേറതെങ്കിലും സമയത്തോ ആയിരിക്കാം. അത് എപ്പോഴായാലും നീതിഹൃദയമുള്ള ആളുകളെ കണ്ടെത്താൻ നമുക്ക് കഴിയുന്നതെല്ലാം ചെയ്യാം.
21. നമ്മുടെ പ്രദേശം കൂടെക്കൂടെ പ്രവർത്തിക്കപ്പെടുന്നുവെങ്കിൽ നാം എന്ത് ഓർക്കണം?
21 നമ്മുടെ പ്രദേശം കൂടെക്കൂടെ പ്രവർത്തിച്ചുതീർക്കുന്നുവെങ്കിലെന്ത്? മീൻപിടുത്ത തൊഴിൽക്കാർ തങ്ങളുടെ മത്സ്യബന്ധനസ്ഥലങ്ങളിൽ അമിത മത്സ്യബന്ധനം നടക്കുന്നെന്ന് മിക്കപ്പോഴും പരാതി പറയുന്നു. എന്നാൽ നമ്മുടെ ആത്മീയ മത്സ്യബന്ധന സ്ഥലങ്ങളിൽ അമിത മത്സ്യബന്ധനം നടത്താൻ കഴിയുമോ? യഥാർത്ഥത്തിൽ ഇല്ല! അനേകം പ്രദേശങ്ങൾ കൂടെക്കൂടെ പ്രവർത്തിച്ചുതീർക്കുമ്പോൾപോലും വർദ്ധനവു നൽകുന്നു. നന്നായി പ്രവർത്തിക്കുകനിമിത്തം ചില പ്രദേശങ്ങൾ മെച്ചമായി ഫലമുളവാക്കുന്നു. എന്നിരുന്നാലും വീടുകളിൽ കൂടെക്കൂടെ സന്ദർശിക്കുമ്പോൾ ആളില്ലാവീടുകളെല്ലാം കുറിച്ചിടുന്നുവെന്നും പിന്നീടു സന്ദർശിക്കുന്നുവെന്നും കൂടുതലായി ഉറപ്പുവരുത്തുക. സംഭാഷണത്തിന് വിവിധ വിഷയങ്ങൾ പഠിക്കുക. ആരെങ്കിലും താമസിയാതെ സന്ദർശിക്കുമെന്നു ഓർക്കുക, തന്നിമിത്തം നിങ്ങൾക്ക് സ്വാഗതംകിട്ടിയാൽ അമിതമായി സമയം ചെലവഴിക്കരുത് അല്ലെങ്കിൽ വീട്ടുകാരെ അറിയാതെ പിണക്കരുത്. തെരുവുവേലയിലും അതുപോലെതന്നെ അനൗപചാരിക സാക്ഷീകരണത്തിലും നിങ്ങളുടെ വൈദഗ്ദ്ധ്യങ്ങൾ വികസിപ്പിക്കുക. നിങ്ങളുടെ ആത്മീയവലകൾ ഓരോ സന്ദർഭത്തിലും സാദ്ധ്യമാകുന്ന ഏതു വിധത്തിലും ഇറക്കുക.
22. നാം ഈ കാലത്ത് ഏതു മഹത്തായ പദവി ആസ്വദിക്കുന്നു?
22 ഈ മത്സ്യബന്ധനത്തിൽ മീൻപിടുത്തക്കാർക്കും മത്സ്യങ്ങൾക്കും പ്രയോജനംകിട്ടുന്നുവെന്നോർക്കുക. നാം പിടിക്കുന്നവർ പിടിച്ചുനിൽക്കുന്നുവെങ്കിൽ, അവർക്ക് എന്നേക്കും ജീവിക്കാൻ കഴിയും. പൗലോസ് തിമൊഥെയോസിനെ ഇങ്ങനെ പ്രോൽസാഹിപ്പിച്ചു: “ഇതിൽ ഉറെച്ചുനില്ക്ക; അങ്ങനെ ചെയ്താൽ നീ നിന്നെയും നിന്റെ പ്രസംഗം കേൾക്കുന്നവരെയും രക്ഷിക്കും.” (1 തിമൊഥെയോസ് 4:16) ആത്മീയ മീൻപിടുത്തത്തിൽ തന്റെ ശിഷ്യൻമാരെ ആദ്യം പരിശീലിപ്പിച്ചത് യേശു ആയിരുന്നു, അവന്റെ മാർഗ്ഗനിർദ്ദേശത്തിൽ ഈ വേല ഇപ്പോഴും നടത്തപ്പെട്ടുകൊണ്ടിരിക്കുന്നു. (വെളിപ്പാട് 14:14-16 താരതമ്യപ്പെടുത്തുക.) അതു ചെയ്തുതീർക്കാൻ അവന്റെ കീഴിൽ പ്രവർത്തിക്കുന്നതിന് നമുക്ക് എത്ര മഹത്തായ പദവിയാണുള്ളത്! യഹോവ അനുവദിക്കുന്നടത്തോളം കാലം നമുക്ക് നമ്മുടെ വലകൾ ഇറക്കിക്കൊണ്ടിരിക്കാം. ദേഹികളെ ജീവനോടെ പിടിക്കുന്നതിനേക്കാൾ മഹത്തരമായ ഏതു വേല ഉണ്ടായിരിക്കാൻ കഴിയും?
നിങ്ങൾക്ക് ഓർക്കാൻ കഴിയുമോ?
◻ ഏതു വേല ചെയ്യാൻ യേശു തന്റെ അനുഗാമികളെ പരിശീലിപ്പിച്ചു?
◻ തന്റെ മരണത്തോടെ ആത്മീയ മീൻപിടുത്തവേല അവസാനിച്ചില്ലെന്ന് യേശു എങ്ങനെ പ്രകടമാക്കി?
◻ യഹോവ ഏതു വിധത്തിൽ ഒന്നാം നൂററാണ്ടിൽ ആത്മീയ മീൻപിടുത്തവേലയെ അനുഗ്രഹിച്ചു?
◻ “കർത്താവിന്റെ ദിവസ”ത്തിൽ ഏതു സമൃദ്ധമായ മത്സ്യക്കൊയ്ത്ത് നടന്നിരിക്കുന്നു?
◻ വ്യക്തികളെന്ന നിലയിൽ നമുക്ക് എങ്ങനെ പൂർവാധികം വിജയപ്രദമായി മനുഷ്യരെ വലവീശുന്നവരായിത്തീരാൻ കഴിയും?
[15-ാം പേജിലെ ചിത്രം]
യേശുവിന്റെ പുനരുത്ഥാനശേഷം, അവന്റെ അപ്പോസ്തലൻമാർ മനുഷ്യർക്കുവേണ്ടി വലവീശുന്ന വേല വിപുലപ്പെടുത്തി