പ്രത്യാശ നിരാശയെ ജയിച്ചടക്കുന്നു!
വെബ്സ്റേറഴ്സ് നയൻത് ന്യൂ കൊളീജിയററ് ഡിക്ഷ്ണറിയിൽ ഡിസ്പെയർ (നിരാശ) “പ്രത്യാശയുടെ തികഞ്ഞ നഷ്ടം” എന്നു നിർവചിക്കപ്പെടുന്നു. അപ്പോൾ നിരാശയെ ജയിച്ചടക്കുന്നതിന് നമുക്ക് പ്രത്യാശ ആവശ്യമാണ്!
ഒരു നടപ്പാതയിൽ താമസിക്കാൻ നിർബദ്ധനായിരിക്കുന്ന ഒരു നിർഭാഗ്യവാനായ വ്യക്തി പ്രത്യാശയുണ്ടെങ്കിൽ തികച്ചും നിരാശനാകുകയില്ല. രോഗനിർണ്ണയപ്രകാരം മാനസികരോഗമുള്ളവർക്കുപോലും സഹിച്ചുനിൽക്കുന്നതിനുള്ള ധൈര്യവും ശക്തിയും കൊടുക്കാൻ പ്രത്യാശക്ക് കഴിയും. എന്നാൽ പ്രത്യാശ ആശ്രയയോഗ്യമായിരിക്കണം! ഇതിന്റെ അർത്ഥമെന്താണ്?
പ്രത്യാശയുടെ അടിസ്ഥാനം
ഗോത്രപിതാവായ അബ്രാഹാമിന്റെ ഭാര്യയായിരുന്ന സാറായിക്ക് എന്തു സംഭവിച്ചുവെന്ന് പരിചിന്തിക്കുക. തൊണ്ണൂറു വയസ്സിനോടടുത്തിട്ടും അവൾ വന്ധ്യയായിരുന്നു, എന്നെങ്കിലും ഒരു കുട്ടിയെ ഉല്പാദിപ്പിക്കുന്നതു സംബന്ധിച്ച് നിരാശിതയുമായിരുന്നു. എന്നിരുന്നാലും, അവളുടെ ഭർത്താവിന് 99 വയസ്സായിരുന്നപ്പോൾ യഹോവ താൻ വർഷങ്ങൾക്കുമുമ്പ് കൊടുത്തിരുന്ന ഒരു വാഗ്ദത്തം ആവർത്തിച്ചു—അബ്രാഹാമിന് തീർച്ചയായും ഒരു “സന്തതി” അഥവാ അവകാശി ഉണ്ടാകും. ഇത് ആശ്രയയോഗ്യമായ ഒരു വാഗ്ദത്തമാണെന്ന് അബ്രാഹാമിന് അറിയാമായിരുന്നു. ഈ സന്തുഷ്ടസംഭവം അത്ഭുതകരമായി നടക്കുകയും സാറാ ഇസ്ഹാക്കിനെ പ്രസവിക്കുകയും ചെയ്തപ്പോൾ അവൾ എത്ര സന്തുഷ്ടയായിരുന്നിരിക്കണമെന്ന് സങ്കൽപ്പിക്കുക. (ഉല്പത്തി 12:2, 3; 17:1-4, 19; 21:2) ദൈവത്തിലുള്ള അബ്രാഹാമിന്റെ ആശ്രയം അസ്ഥാനത്തല്ലായിരുന്നു, അപ്പോസ്തലനായ പൗലോസ്തന്നെ വിശദീകരിച്ച പ്രകാരം: “ദൈവത്തിന്റെ വാഗ്ദത്തത്തിങ്കൽ അവിശ്വാസത്താൽ സംശയിക്കാതെ [അബ്രാഹാം] വിശ്വാസത്തിൽ ശക്തിപ്പെട്ടു ദൈവത്തിന്നു മഹത്വം കൊടുത്തു.”—റോമർ 4:20.
തന്റെ നാളിൽ ക്രിസ്ത്യാനികളായിത്തീർന്ന യഹൂദൻമാർക്കെഴുതിക്കൊണ്ട് അവർക്ക് രണ്ട് ഈടുററ കാരണങ്ങളാൽ യേശുവിലൂടെയുള്ള രക്ഷയുടെ ദൈവികവാഗ്ദത്തത്തിൽ നമ്പാൻ കഴിയുമെന്ന് പൗലോസ് ന്യായവാദം ചെയ്തു. അബ്രാഹാമിനോടുള്ള ദൈവത്തിന്റെ വാഗ്ദത്തവും അതോടൊപ്പമുള്ള അവന്റെ ദിവ്യ ആണയും എടുത്തു പറഞ്ഞുകൊണ്ട് പൗലോസ് ഇങ്ങനെ ന്യായവാദംചെയ്തു: “തങ്ങളെക്കാൾ വലിയവനെക്കൊണ്ടല്ലോ മനുഷ്യർ സത്യം ചെയ്യുന്നതു; ആണ അവർക്കു ഉറപ്പിന്നായി സകല വാദത്തിന്റെയും തീർച്ചയാകുന്നു. അതുകൊണ്ടു ദൈവം വാഗ്ദത്തത്തിന്റെ അവകാശികൾക്കു തന്റെ ആലോചന മാറാത്തതു എന്നു അധികം സ്പഷ്ടമായി കാണിപ്പാൻ ഇച്ഛിച്ചു ഒരു ആണയാലും ഉറപ്പുകൊടുത്തു. അങ്ങനെ നമ്മുടെ മുമ്പിൽ വെച്ചിട്ടുള്ള പ്രത്യാശ പിടിച്ചുകൊൾവാൻ ശരണത്തിന്നായി ഓടിവന്ന നാം മാറിപ്പോകാത്തതും ദൈവത്തിന്നു ഭോഷ്കു പറവാൻ കഴിയാത്തതുമായ രണ്ടു കാര്യങ്ങളാൽ ശക്തിയുള്ള പ്രബോധനം പ്രാപിപ്പാൻ ഇടവരുന്നു.” (എബ്രായർ 6:16-18) അതെ, ദൈവത്തിന്റെ വാഗ്ദത്തങ്ങൾ സത്യവും ആശ്രയയോഗ്യവുമാകുന്നു. യഹോവ തന്റെ സ്വന്തം വചനത്തിന്റെ നിവൃത്തിക്ക് ഉറപ്പുകൊടുക്കാൻ സർവശക്തനും അസാധാരണമായി പ്രാപ്തനുമാകുന്നു.
പ്രത്യാശ—“നിശ്ചയവും സ്ഥിരവും”
അങ്ങനെ ക്രിസ്തീയ പ്രത്യാശ “നിശ്ചയവും സ്ഥിരവു”മാണെന്ന് അപ്പോസ്തലനായ പൗലോസ് എഴുതി. (എബ്രായർ 6:19) തന്റെ പ്രത്യാശയുടെ അടിവേർ എവിടെയാണെന്ന് പൗലോസിനറിയാമായിരുന്നു. “അത് [പ്രത്യാശ] തിരശ്ശീലക്കകത്തേക്കു കടക്കു”ന്നുവെന്ന് അവൻ വിശദീകരിക്കുന്നു. ഇതിന്റെ അർത്ഥമെന്താണ്? പൗലോസ് സ്പഷ്ടമായി യെരൂശലേമിലെ പുരാതന ആലയത്തെ പരാമർശിക്കുകയായിരുന്നു. അതിൽ കെട്ടിടത്തിന്റെ മററുഭാഗങ്ങളിൽനിന്ന് ഒരു തിരശ്ശീലയാൽ വേർതിരിക്കപ്പെട്ട ഒരു അതിവിശുദ്ധ മുറി ഉണ്ടായിരുന്നു. (പുറപ്പാട് 26:31, 33; മത്തായി 27:51) തീർച്ചയായും, യെരൂശലേമിലെ അക്ഷരീയ ആലയം നശിപ്പിക്കപ്പെട്ടിട്ട് ഏറെ കാലമായിരുന്നു. അതുകൊണ്ട് ഇന്ന് ഈ അതിവിശുദ്ധം എന്തിനോട് അനുരൂപപ്പെടുന്നു?
ദൈവംതന്നെ സിംഹാസനസ്ഥനായിരിക്കുന്ന സ്വർഗ്ഗത്തോട്! യേശു തന്റെ സ്വർഗ്ഗാരോഹണത്തിനുശേഷം “വാസ്തവമായതിന്റെ പ്രതിബിംബമായി കൈപ്പണിയായ [യെരൂശലേമിലെ] വിശുദ്ധമന്ദിരത്തിലേക്കല്ല, ഇപ്പോൾ നമുക്കു വേണ്ടി ദൈവസന്നിധിയിൽ പ്രത്യക്ഷനാവാൻ സ്വർഗ്ഗത്തിലേക്കത്രേ പ്രവേശിച്ചതു.” (എബ്രായർ 9:24) അതുകൊണ്ട് നിരാശയോടു പൊരുതാൻ നമ്മെ സഹായിക്കുന്ന ക്രിസ്തീയ പ്രത്യാശ മനുഷ്യ രാജ്യതന്ത്രജ്ഞൻമാരെയല്ല, പിന്നെയോ സ്വർഗ്ഗീയ ക്രമീകരണത്തെയാണ് ആശ്രയിച്ചിരിക്കുന്നത്. അത് ദൈവം നിയമിച്ച യേശുക്രിസ്തുവിനെ ആശ്രയിച്ചിരിക്കുന്നു, അവൻ നമ്മുടെ പാപങ്ങൾക്കുവേണ്ടി ഒരു മറുവിലയായി തന്റെ ജീവൻ നൽകിയവനും ഇപ്പോൾ നമുക്കുവേണ്ടി ദൈവമുമ്പാകെ പ്രത്യക്ഷപ്പെടുന്നവനുമാണ്. (1 യോഹന്നാൻ 2:1, 2) കൂടാതെ, ഈ മാസികയുടെ പംക്തികളിൽ കൂടെക്കൂടെ പ്രകടമാക്കപ്പെട്ടിരിക്കുന്ന പ്രകാരം ഇതേ യേശുവാണ് ദൈവത്തിന്റെ സ്വർഗ്ഗീയ രാജ്യത്തിലെ രാജാവായി ഭരിക്കാൻ നിയമിക്കപ്പെട്ടവനും 1914മുതൽ അങ്ങനെ ചെയ്തുകൊണ്ടിരിക്കുന്നവനും. ഈ സ്വർഗ്ഗീയരാജ്യം അനേകരെ നിരാശയിലേക്കു തള്ളിവിടുന്ന കാര്യങ്ങൾക്ക് താമസിയാതെ നീക്കംവരുത്തും.
പ്രത്യാശ—‘ദേഹിക്കു ഒരു നങ്കൂരം’
യേശുവിലൂടെയുള്ള തങ്ങളുടെ രക്ഷയുടെ പ്രത്യാശ നല്ല അടിസ്ഥാനമുള്ളതാണെന്ന് തന്റെ വായനക്കാരെ ബോദ്ധ്യപ്പെടുത്താൻ പൗലോസ് ഒരു സാദൃശ്യം ഉപയോഗിച്ചു. “ആ പ്രത്യാശ നമുക്ക് ആത്മാവിന്റെ (ദേഹിയുടെ, NW) നങ്കൂരമാകുന്നു” എന്ന് അവൻ വിശദീകരിച്ചു.—എബ്രായർ 6:19.
പൗലോസിനെപ്പോലെയുള്ള സഞ്ചാരികൾക്ക് നങ്കൂരങ്ങളെക്കുറിച്ച് നല്ല അറിവുണ്ടായിരുന്നു. പുരാതന നങ്കൂരങ്ങൾ ആധുനികകാലത്തേതിനോട് വളരെ സാമ്യമുള്ളവയായിരുന്നു, അവ മിക്കപ്പോഴും കടൽത്തട്ടിൽ ഉടക്കിക്കിടക്കാൻ പല്ലുകൾപോലെയുള്ള രണ്ട് അഗ്രങ്ങളോടെ ഇരുമ്പുകൊണ്ടു നിർമ്മിക്കപ്പെട്ടവയായിരുന്നു. പൊ.യു. (നമ്മുടെ പൊതുയുഗം) 58-ാമാണ്ടോടടുത്ത് റോമിലേക്കുള്ള മാർഗ്ഗമദ്ധ്യേ പൗലോസിന്റെ കപ്പൽ കരക്ക് ഉറച്ചുപോകുന്നതിന്റെ അപകടത്തിലായിരുന്നു. എന്നാൽ വെള്ളത്തിന്റെ കുറഞ്ഞുകുറഞ്ഞു വന്നുകൊണ്ടിരുന്ന ആഴങ്ങളിലേക്ക് നീങ്ങിയപ്പോൾ നാവികർ “അമരത്തുനിന്ന് നാലു നങ്കൂരമിട്ടു.” ആ നങ്കൂരങ്ങളുടെ സഹായത്താൽ കപ്പൽ കൊടുങ്കാററിനെ സുരക്ഷിതമായി തരണംചെയ്തു.—പ്രവൃത്തികൾ 27:29, 39, 40, 44.
അപ്പോൾ, നിങ്ങൾക്ക് സാമ്പത്തികപ്രയാസത്തെയോ ശാരീരികമോ വൈകാരികമോ ആയ രോഗത്തെയോ നിങ്ങളുടെ മാർഗ്ഗമദ്ധ്യേ ഉണ്ടായേക്കാവുന്ന മററ് ഏതു “കൊടുങ്കാററുകളെ”യുമോ തരണംചെയ്യാൻ കഴിയത്തക്കവണ്ണം നിങ്ങളുടെ പ്രത്യാശയെ ഒരു നങ്കൂരം പോലെ സുരക്ഷിതമാക്കാൻ നിങ്ങൾ എന്തു ചെയ്യേണ്ടതാണ്? ഒന്നാമതായി, ബൈബിളിലെ വാഗ്ദത്തങ്ങൾ ആശ്രയയോഗ്യമാണെന്ന് നിങ്ങൾക്കുതന്നെ ഉറപ്പുകൊടുക്കുക. “സകലവും നിശ്ചയപ്പെടുത്തുക.” (1 തെസ്സലൊനീക്യർ 5:21, NW) ദൃഷ്ടാന്തത്തിന്, യഹോവയുടെ സാക്ഷികൾ അടുത്ത പ്രാവശ്യം നിങ്ങളോടു സംസാരിക്കുമ്പോൾ അവർ പറയുന്നതു ശ്രദ്ധിക്കുക. അവർ നിങ്ങൾ പാർക്കുന്നടത്ത് അപൂർവമായിട്ടാണ് സന്ദർശിക്കുന്നതെങ്കിൽ, ഏററവും അടുത്തുള്ള രാജ്യഹാളിൽ അവരെ അന്വേഷിച്ചുചെല്ലുക. അവരോടു ചേരാൻ നിങ്ങൾ നിർബന്ധിക്കപ്പെടുകയില്ല, എന്നാൽ നിങ്ങൾക്ക് സൗകര്യപ്രദമായ ഏതു സ്ഥലത്തും സമയത്തും നടത്തപ്പെടാൻ ക്രമീകരിക്കപ്പെടുന്ന ഒരു സൗജന്യ ബൈബിളദ്ധ്യയനപദ്ധതി സ്വീകരിക്കാൻ നിങ്ങൾ ക്ഷണിക്കപ്പെടും.
അങ്ങനെയുള്ള ഒരു അദ്ധ്യയനം ദൈവം “തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു” എന്നു നിങ്ങൾക്ക് ഉറപ്പുനൽകും. (എബ്രായർ 11:6) താമസിയാതെ രാജാവായ ക്രിസ്തുയേശുവിൻകീഴിലെ ദൈവരാജ്യം അനേകർ ഇന്നു നിരാശപ്പെടാനിടയാക്കുന്ന അഴിമതിയെയും അസമത്വങ്ങളെയും നീക്കംചെയ്യും. ആ രാജ്യത്തിൻകീഴിൽ ഈ ഭൂമി ഒരു പറുദീസായായി പുനഃസ്ഥാപിക്കപ്പെടും, ദൈവം തന്നെ സ്നേഹിക്കുന്നവർക്ക് നിത്യജീവൻ കൊടുക്കുകയും ചെയ്യും. (സങ്കീർത്തനം 37:29; വെളിപ്പാട് 21:4) മഹത്തായ എന്തൊരു പ്രത്യാശ!
ഈ പ്രത്യാശ യഥാർത്ഥമാണെന്നു കാണാൻ ബൈബിൾ ശ്രദ്ധാപൂർവം വായിക്കുക. അനന്തരം ദൈവത്തോടു വ്യക്തിപരമായി ഒരു അടുത്ത ബന്ധം വളർത്തിയെടുക്കാൻ ശ്രമിക്കുകയും അബ്രാഹാമിനെപ്പോലെ അവന്റെ ഒരു സ്നേഹിതനായിത്തീരുകയും ചെയ്യുക. (യാക്കോബ് 2:23) യഹോവ “പ്രാർത്ഥന കേൾക്കുന്നവൻ” ആയതുകൊണ്ട് നിങ്ങളുടെ ഉത്ക്കണ്ഠകളെക്കുറിച്ച് അവനോടു പറയുക. നിങ്ങളുടെ സമീപനം ആത്മാർത്ഥമായിരിക്കുമ്പോൾ, നിങ്ങളുടെ പ്രാർത്ഥന നിങ്ങളുടെ ഭാരങ്ങൾ ഇറക്കുന്നതിനും നിങ്ങളുടെ നിരാശയെ ജയിച്ചടക്കുന്നതിനും നിങ്ങളെ സഹായിക്കും. ദൈവത്തിന്റെ ആത്മാവ് നിങ്ങളെ ദുഃഖിപ്പിക്കുന്ന സാഹചര്യത്തിന് മാററമുണ്ടാക്കാനുള്ള ഒരു വഴി തുറന്നുതരികപോലും ചെയ്തേക്കാം.—സങ്കീർത്തനം 55:22; 65:2; 1 യോഹന്നാൻ 5:14, 15.
“മുറുകെപ്പിടിക്കുക”!
തന്റെ സഹശിഷ്യൻമാരോടു “സകലവും നിശ്ചയപ്പെടു”ത്താൻ ശുപാർശചെയ്തശേഷം “നല്ലതിനെ മുറുകെപ്പിടിക്കുക” എന്ന് പൗലോസ് കൂട്ടിച്ചേർത്തു. (1 തെസ്സലൊനീക്യർ 5:21) ഇതു ചെയ്യാനുള്ള ഒരു മാർഗ്ഗം ക്രിസ്തീയ പ്രത്യാശയെ മുറുകെപ്പിടിക്കുന്നവർതന്നെയായ ആളുകളോട് സഹവസിക്കുകയാണ്. ജ്ഞാനിയായ ശലോമോൻരാജാവ് ഇങ്ങനെ മുന്നറിയിപ്പുനൽകി: “ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും; ഭോഷൻമാർക്കു കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും.” (സദൃശവാക്യങ്ങൾ 13:20) മുൻവിധിയോ വൈദഗ്ദ്ധ്യമില്ലായ്മയുടെ വികാരങ്ങളോ നല്ല സഹവാസങ്ങൾ തേടുന്നതിൽനിന്ന് നിങ്ങളെ തടയാൻ അനുവദിക്കരുത്. ദൃഷ്ടാന്തത്തിന്, യഹോവയുടെ സാക്ഷികളുടെ ഇടയിൽ കഴിഞ്ഞകാലത്ത് പ്രത്യാശയില്ലാഞ്ഞ ആളുകളുണ്ട്. എന്നാൽ അവരുടെ ബൈബിൾപഠനവും ഒപ്പം സഹവിശ്വാസികളുമായുള്ള സന്തുഷ്ടസഹവാസവും യഹോവയുമായുള്ള അവരുടെ ബന്ധത്തെ ബലിഷ്ഠമാക്കുകയും അവർക്ക് നങ്കൂരതുല്യവും ആശ്രയയോഗ്യവുമായ ഒരു പ്രത്യാശ പ്രദാനംചെയ്യുകയും ചെയ്യുന്നു. ഇത് യഥാർത്ഥത്തിൽ നിരാശയെ ജയിച്ചടക്കുന്നുണ്ടോ? തീർച്ചയായുമുണ്ട്.
ഭർത്താവിന്റെ കൈയാൽ മൃഗീയമായ പെരുമാററം സഹിക്കുകനിമിത്തം നിരാശയിലേക്കു തള്ളിവിടപ്പെട്ട ആൻമേരിയുടെ കേസ് എടുക്കുക. “ഞാൻ എന്റെ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചു,” അവൾ വിശദീകരിക്കുകയാണ്, “എന്നാൽ ആദ്യം ദൈവത്തോടു പ്രാർത്ഥിക്കാൻ ഞാൻ ഏതോ കാരണത്താൽ തീരുമാനിച്ചു. ‘നിനക്ക് എന്നെ സഹായിക്കാൻ പാടില്ലാത്തതെന്ത്? ഞാൻ ഇത്രയും കാലം നിന്നിൽ പ്രത്യാശവെച്ചു, പക്ഷേ ഫലമുണ്ടായില്ല’ എന്നു പറയുന്നത് ഞാൻ ഓർക്കുന്നു. ജീവിതത്തിന് ഉദ്ദേശ്യമില്ലെന്നും ഞാൻ മരിക്കുന്നതു നല്ലതാണെന്നും ചിന്തിച്ചുകൊണ്ട് ഞാൻ എന്റെ പ്രാർത്ഥന ഉപസംഹരിച്ചു. ആ സമയത്ത് വാതിൽക്കൽ ഒരു മുട്ടു കേട്ടു. ആരായാലും ഒടുവിൽ പൊയ്ക്കൊള്ളുമെന്ന് ആശിച്ചുകൊണ്ട് ഞാൻ അത് അവഗണിക്കാൻ തീരുമാനിച്ചു.
“മുട്ട് നീണ്ടുനിന്നു, ഞാൻ അസ്വസ്ഥയായി. ഞാൻ കണ്ണുനീർ തുടച്ചുകൊണ്ട് വാതിൽക്കൽ ആരാണെന്ന് കാണാൻ പോയി, ഞാൻ ഉദ്ദേശിച്ചിരുന്നതു ചെയ്യാൻ കഴിയേണ്ടതിന് എന്നെത്തന്നെ പെട്ടെന്ന് സ്വാതന്ത്രയാക്കാൻ ആശിച്ചുകൊണ്ടുതന്നെ. എന്നാൽ” ആൻമേരി പറയുന്നു, “യഹോവയുടെ സഹായത്താൽ അത് അങ്ങനെ സംഭവിച്ചില്ല, കാരണം ഞാൻ വാതിൽ തുറന്നപ്പോൾ രണ്ടു സ്ത്രീകൾ അവിടെ നിൽക്കുന്നതു കണ്ടു. ഞാൻ വളരെ കുഴഞ്ഞുപോയിരുന്നുവെന്നതു സത്യംതന്നെ, അവർ പറഞ്ഞത് യഥാർത്ഥത്തിൽ മനസ്സിലായുമില്ല. എന്നാൽ ജീവിതത്തിന് ഒരു ഉദ്ദേശ്യമുണ്ടെന്നു വിശദീകരിക്കുന്ന ഒരു പുസ്തകം അവർ എനിക്കു വാഗ്ദാനംചെയ്തു. എന്റെ ജീവിതത്തിലെ താത്പര്യത്തെ പുനർജ്ജ്വലിപ്പിക്കാൻ എനിക്കാവശ്യമായിരുന്നതുതന്നെയായിരുന്നു അത്.” അവളുടെ സന്ദർശകർ അവളുമായി ഒരു ക്രമമായ ബൈബിളദ്ധ്യയനം ഏർപ്പാടുചെയ്തു. ആൻമേരി ദൈവത്തിന്റെ ഒരു സ്നേഹിതയായിത്തീരാൻ പഠിച്ചു. ഇത് ന്യായയുക്തമായി അവൾക്ക് ഒരു ജീവിതോദ്ദേശ്യം നൽകി. ഇപ്പോൾ അവൾ ദൈവത്തിൽ വിശ്വാസം വളർത്തുന്നതിന് മററുള്ളവരെ സഹായിക്കുന്നു.
ഒരുപക്ഷേ ഉൾപ്പെട്ടിരിക്കുന്നതെല്ലാം തിരിച്ചറിയാതെ നിരാശക്ക് ഒരു അവസാനമുണ്ടാകാൻ നിങ്ങൾ പ്രത്യാശിച്ചിരിക്കും. എന്നാൽ “നിന്റെ രാജ്യംവരേണമേ. നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ” എന്നു നിങ്ങൾ എന്നെങ്കിലും പ്രാർത്ഥിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾ നീതിഹൃദയികളെ നിരാശയിലേക്കു തള്ളിവിടുന്ന കാര്യങ്ങളെ നീക്കംചെയ്യുന്ന യേശുക്രിസ്തുവിൻകീഴിലെ ദൈവരാജ്യത്തിന്റെ വരവിനുവേണ്ടി പ്രാർത്ഥിച്ചിരിക്കുന്നു. (മത്തായി 6:10) നിങ്ങളുടെ വ്യക്തിപരമായ ബൈബിൾപഠനവും അതേ വിശ്വാസമുള്ള മററുള്ളവരുമായുള്ള നിരന്തര സഹവാസവും യഹോവയുടെ രാജ്യം വരാനും നമ്മുടെ ഭൂമിയിൽ പറുദീസാ കൊണ്ടുവരാനുമുള്ള പ്രത്യാശയിലുള്ള നിങ്ങളുടെ പിടിയെ ബലിഷ്ഠമാക്കും. (1 തിമൊഥെയോസ് 6:12, 19) ഈ മഹത്തായ പ്രത്യാശയാണ് ഈ മാസിക ഓരോ ലക്കത്തിലും പ്രഖ്യാപിക്കുന്നത്. നിരാശയോടു പോരാടാൻ ഈ പ്രത്യാശ ഹൃദയപൂർവം സ്വീകരിക്കുക. സത്യത്തിൽ, “പ്രത്യാശക്കോ ഭംഗംവരുന്നില്ല.”—റോമർ 5:5.
[7-ാം പേജിലെ ചിത്രം]
ബൈബിളിന്റെ പഠനം “ദേഹിയുടെ ഒരു നങ്കൂര”മായി പ്രവർത്തിക്കുന്ന ഒരു പ്രത്യാശ നമുക്കു നൽകുന്നു