കൊടുംവേദനയുടെ സമയങ്ങളിൽ നിങ്ങൾക്ക് ആശ്വാസം കണ്ടെത്താൻ കഴിയും
കൊടുംവേദനയുടെ അനുഭവങ്ങളെ നാം എങ്ങനെ വീക്ഷിക്കണം? നാം യഹോവക്കു സമർപ്പണം ചെയ്യപ്പെട്ടിട്ടുള്ളവരാണെങ്കിൽ, നമ്മുടെ അത്ഭുതകരമായ പ്രത്യാശയും ആത്മീയ സമ്പന്നതയും നിമിത്തം നാം അവയെ വിചിത്രമായി വീക്ഷിക്കണമോ? അത്തരം അനുഭവങ്ങൾ ആത്മീയമായി നാം ദൈവസേവനത്തിനു കൊള്ളാത്തവരാണ് എന്ന് അർത്ഥമാക്കുന്നുവോ?
“ഏലിയാവു നമ്മുടേതുപോലുള്ള വികാരങ്ങളുള്ള ഒരു മനുഷ്യനായിരുന്നു” എന്ന് ശിഷ്യനായ യാക്കോബ് എഴുതി. (യാക്കോബ് 5:17, NW) ഒരു അസാധാരണമായ വിധത്തിൽ ദൈവം ഏലിയാവിനെ ഉപയോഗിച്ചുവെങ്കിലും ആ വിശ്വസ്ത പ്രവാചകൻ പോലും കൊടിയ വേദന അനുഭവിച്ചു. “ഇപ്പോൾ മതി, യഹോവേ, എന്റെ പ്രാണനെ എടുത്തുകൊള്ളേണമേ; ഞാൻ എന്റെ പിതാക്കൻമാരേക്കാൾ നല്ലവനല്ലല്ലോ,” എന്ന് ഏലിയാവ് ഒരു സന്ദർഭത്തിൽ നിലവിളിച്ചു പറഞ്ഞു. (1 രാജാക്കൻമാർ 19:4) നിർമ്മലതാപാലകനായിരുന്ന ഇയ്യോബും ഒരു വിശ്വസ്ത സ്ത്രീയായിരുന്ന ഹന്നായും യഹോവയുടെ മററു വിശ്വസ്ത ദാസൻമാരും കൊടുംവേദനകൾ അനുഭവിച്ചു. ദൈവഭക്തനായിരുന്ന സങ്കീർത്തനക്കാരൻ ദാവീദുപോലും ഇപ്രകാരം പ്രാർത്ഥിച്ചു: “എനിക്കു മനഃപീഡകൾ വർദ്ധിച്ചിരിക്കുന്നു; എന്റെ സങ്കടങ്ങളിൽനിന്നു എന്നെ വിടുവിക്കേണമേ.”—സങ്കീർത്തനം 25:17.
യഹോവ തന്റെ സേവനത്തിൽ മനുഷ്യരെ ഉപയോഗിക്കുന്നതു അവരെ എല്ലാ ഉൽക്കണ്ഠകളിൽ നിന്നും തികച്ചും സ്വതന്ത്രരാക്കുന്നില്ല. അവർക്ക് അപ്പോഴും മാനുഷ ബലഹീനതകളും വികാരങ്ങളുമുണ്ട്, പരിശോധനയിൻകീഴിൽ അവർ കൊടുംവേദന അനുഭവിക്കുകയും ചെയ്തേക്കാം. (പ്രവൃത്തികൾ 14:15) എന്നിരുന്നാലും, വൈകാരികമായ സമ്മർദ്ദങ്ങളെ നേരിടാൻ ദൈവത്തിന്റെ ദാസൻമാർക്കു മററുള്ളവരെ അപേക്ഷിച്ച് കൂടുതൽ മെച്ചപ്പെട്ട സഹായം ലഭ്യമാണ്. വിഷാദത്തെയും കൊടും വേദനയുടെ അനുഭവങ്ങളെയും ജയിച്ചടക്കാൻ ചില വ്യക്തികളെ സഹായിച്ചത് എന്തെന്ന് കാണാൻ നമുക്ക് ഏതാനും ചില ബൈബിൾ ദൃഷ്ടാന്തങ്ങൾ പരിഗണിക്കാം.
കൊടുംവേദനയിലായിരുന്ന അപ്പൊസ്തലൻ ആശ്വാസം കണ്ടെത്തുന്നു
വിഷാദം അനുഭവപ്പെടുക എന്നാൽ എന്താണെന്ന് അപ്പൊസ്തലനായ പൗലോസിന് അറിയാമായിരുന്നു. അവൻ പറഞ്ഞു: “ഞങ്ങൾ മക്കെദോന്യയിൽ എത്തിയ ശേഷവും ഞങ്ങളുടെ ജഡത്തിന്നു ഒട്ടും സുഖമല്ല എല്ലാവിധത്തിലും കഷ്ടമത്രേ ഉണ്ടായതു; പുറത്തു യുദ്ധം, അകത്തു ഭയം. എങ്കിലും എളിയവരെ ആശ്വസിപ്പിക്കുന്ന ദൈവം തീതൊസിന്റെ വരവിനാൽ ഞങ്ങളെ ആശ്വസിപ്പിച്ചു.” (2 കൊരിന്ത്യർ 7:5, 6) പൗലോസിന്റെ വിഷാദം പലതരം കഷ്ടതരമായ സാഹചര്യങ്ങൾ ഒരേ സമയം അനുഭവപ്പെട്ടതിനാൽ ഉളവായതായിരുന്നു. “പുറത്തു യുദ്ധം”—ജീവനെത്തന്നെ അപകടത്തിലാക്കുന്ന കഠിന പീഡനം—ഉണ്ടായിരുന്നു. (2 കൊരിന്ത്യർ 1:8 താരതമ്യം ചെയ്യുക.) കൂടാതെ, കൊരിന്തിലേതുപോലുള്ള സഭകളെപ്പററിയുള്ള ഉൽക്കണ്ഠയുടെ രൂപത്തിൽ “അകത്തു ഭയവും” ഉണ്ടായിരുന്നു.
അതിന് ഏതാനും മാസങ്ങൾക്കു മുമ്പ് പൗലോസ് കൊരിന്ത്യ ക്രിസ്ത്യാനികൾക്കുള്ള തന്റെ ആദ്യ ലേഖനം എഴുതിയിരുന്നു. അതിലൂടെ അവൻ സഭയിലെ പല ദുഷിച്ച അവസ്ഥകളെയും കുററം വിധിച്ചിരുന്നു, പ്രത്യക്ഷത്തിൽ കൊരിന്ത്യർ തന്റെ ലേഖനത്തോട് എങ്ങനെ പ്രതികരിക്കും എന്നതു സംബന്ധിച്ച് അവന് ഉൽക്കണ്ഠയുണ്ടായിരുന്നു. എന്നിരുന്നാലും, കൊരിന്തിൽ നിന്ന് അവരുടെ പ്രതികരണം സംബന്ധിച്ച് ഒരു അനുകൂല റിപ്പോർട്ടുമായി തീത്തോസ് വന്നപ്പോൾ പൗലോസിന് ആശ്വാസമായി. സമാനമായി, നമുക്കു നല്ല വാർത്തകൾ എത്തിച്ചുതരുന്നതിനും നമ്മുടെ കൊടുംവേദനകൾ ശമിപ്പിക്കുന്നതിനും യഹോവ തന്റെ ആധുനികകാല ദാസൻമാരിൽ ഒരാളെ ഉപയോഗിച്ചേക്കാം.
ദൈവദത്തമായ നിയമനങ്ങളെ വീക്ഷിക്കേണ്ട വിധം
ചില ക്രിസ്ത്യാനികൾക്കു തങ്ങളുടെ ശുശ്രൂഷ സംബന്ധിച്ച് ഒരളവിലുള്ള വേദനയുണ്ട്. തീർച്ചയായും, ദൈവദത്തമായ നിയമനങ്ങൾ നിവർത്തിക്കുന്നത് തങ്ങളുടെമേൽ വലിയ ഭാരം വരുത്തിവയ്ക്കുന്നു എന്ന് ചില ദൈവദാസൻമാർ ചിന്തിച്ചിട്ടുണ്ട്. ഉദാഹരണമായി, ഈജിപ്ററിലായിരുന്ന ഇസ്രായേല്യർക്കുവേണ്ടിയുള്ള ദൈവത്തിന്റെ പ്രതിനിധിയായിരിക്കുന്നതിന് താൻ യോഗ്യനല്ല എന്ന് മോശെ വിചാരിച്ചു. മററു കാര്യങ്ങളോടൊപ്പം താൻ വാക്സാമർത്ഥ്യമുള്ളവനല്ല എന്നും അവൻ പറഞ്ഞു. (പുറപ്പാട് 3:11; 4:10) എന്നാൽ ദൈവത്തിൽ ആശ്രയിച്ചുകൊണ്ടും അഹരോനെ തന്റെ വക്താവായി ഉപയോഗിച്ചുകൊണ്ടും മോശെ തന്റെ നിയമനം നിറവേററിത്തുടങ്ങി.
പിൽക്കാലത്ത് മോശെ അഹരോനെ ആശ്രയിക്കേണ്ടി വന്നില്ല. സമാനമായി, തുടക്കത്തിൽ ക്രിസ്തീയ ശുശ്രൂഷ പ്രയാസമാണെന്ന് ചിലർ കണ്ടെത്തുന്നു, എന്നാൽ അവർക്കു പരിശീലനം ലഭിക്കുകയും അവർ പ്രാപ്തരായ സുവിശേഷകരായിത്തീരുകയും ചെയ്യുന്നു. ഉദാഹരണത്തിന്, യഹോവയുടെ അനേകം യുവസാക്ഷികൾ പയനിയർമാരും മിഷനറിമാരുമെന്ന നിലയിൽ മുഴുസമയ ശുശ്രൂഷകരായിത്തീരാൻ തക്കവണ്ണം വളർന്നു വന്നിരിക്കുന്നു. ക്രിസ്തീയ ശുശ്രൂഷകരെ യോഗ്യതയുള്ളവരാക്കുന്നതിനും തങ്ങളുടെ ദൈവദത്തമായ നിയമനങ്ങൾ നിറവേററുന്നതിൽ അവരെ ബലിഷ്ഠരാക്കുന്നതിനും യഹോവയിൽ എല്ലായ്പ്പോഴും ആശ്രയിക്കാൻ കഴിയും എന്നറിയുന്നത് ആശ്വാസകരമാണ്.—സെഖര്യാവ് 4:6; 2 കൊരിന്ത്യർ 2:14-17; ഫിലിപ്പിയർ 4:13.
കുററബോധത്താൽ വേദനിക്കുമ്പോൾ ആശ്വാസം
ദൈവസേവനത്തിൽ കൂടുതൽ ചെയ്യാഞ്ഞതിലുള്ള കുററബോധം നിമിത്തം നാം നിരുൽസാഹിതരായിത്തീർന്നേക്കാം. വർഷങ്ങളോളം നിഷ്ക്രിയനായിരുന്ന ഒരു സഹോദരൻ വീണ്ടും വയൽശുശ്രൂഷയിൽ പങ്കെടുക്കാൻ തുടങ്ങി. അതിനുശേഷം താമസിയാതെ തന്നെ അയാൾക്ക് ഗുരുതരമായ രോഗം ബാധിക്കുകയും സ്ഥിരമായി രോഗശയ്യയിലാവുകയും ചെയ്തു. നിരുൽസാഹിതനായ ആ സഹോദരൻ ഇപ്രകാരം പറഞ്ഞു: “നേരത്തെ എനിക്ക് പ്രവർത്തിക്കാൻ കഴിയുമായിരുന്നപ്പോൾ ഞാൻ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറി. ഇപ്പോൾ പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുമ്പോൾ എനിക്ക് അതിനു കഴിയുന്നില്ല.”
കഴിഞ്ഞ കാലത്തു സംഭവിച്ചതിനെച്ചൊല്ലി വൈകാരിക ഊർജ്ജം ചെലവഴിക്കുന്നതിനു പകരം ഇപ്പോൾ ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി ചെയ്യുന്നതു ജ്ഞാനമായിരിക്കുകയില്ലേ? യേശുവിന്റെ അർദ്ധസഹോദരൻമാരായിരുന്ന യാക്കോബും യൂദായും അവന്റെ മരണവും പുനരുത്ഥാനവും കഴിയുന്നതുവരെ വിശ്വാസികളായിത്തീർന്നില്ല. അവർക്ക് അതു സംബന്ധിച്ച് അൽപ്പം കുററബോധം ഉണ്ടായിരുന്നുവെങ്കിൽ തന്നെ ദൈവത്തിന്റെ ദാസൻമാരും ബൈബിളെഴുത്തുകാർ പോലും ആയിരിക്കുന്നതിൽ നിന്ന് അത് അവരെ തടഞ്ഞില്ല.
പ്രാർത്ഥന ഒരിക്കലും അവഗണിക്കരുത്
വിഷാദം അനുഭവപ്പെടുമ്പോൾ ദൈവത്തിന്റെ ജനം തീക്ഷ്ണതയോടെ പ്രാർത്ഥിക്കണം. വാസ്തവത്തിൽ കൊടുംവേദനയുടെ സമയത്ത് ഉച്ചരിക്കപ്പെട്ട അനേകം പ്രാർത്ഥനകൾ തിരുവെഴുത്തുകളിലുണ്ട്. (1 ശമുവേൽ 1:4-20; സങ്കീർത്തനം 42:8) ‘ഞാൻ വളരെ വിഷണ്ണനായിരിക്കുന്നതിനാൽ എനിക്കു പ്രാർത്ഥിക്കാനേ കഴിയില്ല’ എന്ന് ചിലർ വിചാരിച്ചേക്കാം. അപ്പോൾ എന്തുകൊണ്ടു യോനയെപ്പററി ചിന്തിച്ചുകൂടാ? മൽസ്യത്തിന്റെ വയററിലായിരുന്നപ്പോൾ അവൻ പറഞ്ഞു: “എന്റെ പ്രാണൻ എന്റെ ഉള്ളിൽ ക്ഷീണിച്ചു പോയപ്പോൾ ഞാൻ യഹോവയെ ഓർത്തു. എന്റെ പ്രാർത്ഥന നിന്റെ വിശുദ്ധ മന്ദിരത്തിൽ നിന്റെ അടുക്കൽ എത്തി. . . . ഞാനോ സ്തോത്രനാദത്തോടെ നിനക്കു യാഗം അർപ്പിക്കും; നേർന്നിരിക്കുന്നതു ഞാൻ കഴിക്കും. രക്ഷ യഹോവയുടെ പക്കൽനിന്നു വരുന്നു.” (യോനാ 2:4-9) അതെ, യോനാ പ്രാർത്ഥിച്ചു, ദൈവം അവനെ ആശ്വസിപ്പിക്കുകയും രക്ഷിക്കുകയും ചെയ്തു.
സ്വീഡനിലുള്ള ഒരു സഹോദരി അനേക വർഷക്കാലം ഒരു പയനിയറായിരുന്നെങ്കിലും, പ്രതിഫലദായകമായ ഒരു ശുശ്രൂഷ ഉണ്ടായിരുന്നിട്ടുകൂടി അവൾ പെട്ടെന്ന് നിരുൽസാഹിതയും ക്ഷീണിതയുമായിത്തീർന്നു. തന്റെ ഹൃദയഭാരം അവൾ പ്രാർത്ഥനയിൽ യഹോവയെ അറിയിച്ചു. ഏതാനും ദിവസങ്ങൾക്കു ശേഷം വാച്ച്ടവർ സൊസൈററിയുടെ ബ്രാഞ്ചാഫീസിലുള്ള ഒരു സഹോദരനിൽ നിന്ന് അവൾക്ക് ഒരു ടെലിഫോൺ സന്ദേശം ലഭിച്ചു. ആഴ്ചയിൽ ഒരു ദിവസം അവിടെ വന്നു ബെഥേൽ വിപുലപ്പെടുത്തുന്ന വേലയിൽ സഹായിക്കാമോ എന്നു അദ്ദേഹം ചോദിച്ചു. ആ സഹോദരി പിന്നീട് ഇപ്രകാരം പറഞ്ഞു: “ബെഥേലിലെ അന്തരീക്ഷവും അവിടുത്തെ വിപുലപ്പെടുത്തൽ വേല കാണുന്നതിന് ലഭിച്ച അവസരവും അതിൽ പങ്കെടുക്കുന്നതും എനിക്ക് ആവശ്യമായിരുന്ന അധിക ശക്തി എനിക്ക് പ്രദാനം ചെയ്തു.”
നാം വിഷണ്ണരാണെങ്കിൽ വിഷണ്ണതക്കെതിരെ പോരാടാനുള്ള ഒരു മാർഗ്ഗം പ്രാർത്ഥനയാണ് എന്ന് ഓർത്തിരിക്കുന്നത് നല്ലതാണ്. (കൊലൊസ്സ്യർ 4:2) നമ്മുടെ പ്രാർത്ഥനക്ക് ഉത്തരമായി യഹോവ അവന്റെ സേവനത്തിൽ കൂടുതലായി പ്രവർത്തനത്തിലേക്കു നയിക്കുന്ന വാതിൽ തുറന്നു തന്നേക്കാം, അല്ലെങ്കിൽ വർദ്ധിച്ച ഫലം തന്ന് അവൻ നമ്മുടെ ശുശ്രൂഷയെ അനുഗ്രഹിച്ചേക്കാം. (1 കൊരിന്ത്യർ 16:8, 9) എന്തായിരുന്നാലും, “യഹോവയുടെ അനുഗ്രഹമാണ് സമ്പന്നമാക്കുന്നത്, അവൻ അതിനോട് വേദനയൊന്നും കൂട്ടുന്നില്ല.” (സദൃശവാക്യങ്ങൾ 10:22, NW) ഇത് തീർച്ചയായും നമ്മെ പ്രോൽസാഹിപ്പിക്കും.
സംശയങ്ങളാൽ കൊടുംവേദനയോ?
ചിലപ്പോൾ യഹോവയുടെ ദാസൻമാരിൽ ഒരാൾക്ക് സംശയങ്ങൾ തോന്നിയേക്കാം. നമുക്ക് അത് സംഭവിക്കുന്നുവെങ്കിൽ ദൈവത്തിന്റെ പ്രീതി നമുക്കു നഷ്ടമായിരിക്കുന്നു എന്ന നിഗമനത്തിൽ നാം പെട്ടെന്നു എത്തിച്ചേരരുത്. തന്റെ യജമാനന്റെ പുനരുത്ഥാനം സംബന്ധിച്ച് ദൃക്സാക്ഷികളുടെ റിപ്പോർട്ട് സംശയിച്ചതിന് യേശു അപ്പൊസ്തലനായ തോമസിനെ തള്ളിക്കളഞ്ഞില്ല, മറിച്ച്, തോമസിന്റെ സംശയങ്ങളെ കീഴടക്കാൻ യേശു സ്നേഹപൂർവ്വം അവനെ സഹായിച്ചു. യേശു ജീവനോടിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞപ്പോൾ തോമസ് എത്ര പുളകിതനായിത്തീർന്നു!—യോഹന്നാൻ 20:24-29.
ഒന്നാം നൂററാണ്ടിലെ ക്രിസ്തീയ സഭയിലേക്ക് നുഴഞ്ഞു കടന്ന “അഭക്തരായ ചില മനുഷ്യർ” തങ്ങളുടെ വ്യാജോപദേശത്താലും പിറുപിറുപ്പിനാലും മററും ചിലർക്ക് ദുഃഖകരമായ സംശയങ്ങൾ ഉണ്ടായിരിക്കാൻ ഇടയാക്കിയിരുന്നു. അതുകൊണ്ട് ശിഷ്യനായ യൂദാ ഇപ്രകാരം എഴുതി: “സംശയമുള്ള ചിലരോട് കരുണ കാണിക്കുന്നതിൽ തുടരുവിൻ; തീയിൽ നിന്ന് വലിച്ചെടുത്തുകൊണ്ട് അവരെ രക്ഷിപ്പിൻ.” (യൂദാ 3, 4, 16, 22, 23, NW) ദൈവത്തിന്റെ കരുണാപൂർവ്വമായ പരിഗണന തുടർന്നു ലഭിക്കുന്നതിന്, യൂദായുടെ സഹാരാധകർ—പ്രത്യേകിച്ചും സഭാ മൂപ്പൻമാർ—അർഹരായ സംശയാലുക്കളോട് കരുണ കാണിക്കേണ്ടിയിരുന്നു. (യാക്കോബ് 2:13) അവരുടെ നിത്യജീവനാണ് അപകടത്തിലായിരുന്നത്, എന്തുകൊണ്ടെന്നാൽ അവർ നിത്യനാശത്തിന്റെ “തീയിൽ” നിന്നുള്ള അപകടത്തിലായിരുന്നു. (മത്തായി 18:8, 9; 25:31-33, 41-46 താരതമ്യം ചെയ്യുക.) സംശയങ്ങളുള്ള സഹവിശ്വാസികൾക്ക് ദയാപൂർവ്വം സഹായം നൽകപ്പെടുകയും അവർ ആത്മീയമായി ശക്തരായിത്തീരുകയും ചെയ്യുമ്പോൾ അത് എത്ര വലിയ സന്തോഷമാണ്!
ഗുരുതരമായ പരിശോധനകൾ ദൈവം നമ്മോടുകൂടെ ഉണ്ട് എന്നതിനെ നാം സംശയിക്കാനിടയാക്കുന്നുവെങ്കിൽ നമ്മുടെ പ്രാർത്ഥനയിൽ നാം അതു എടുത്തു പറയേണ്ടതാണ്. അത്തരം സാഹചര്യങ്ങളിൽ ജ്ഞാനത്തിനുവേണ്ടി യഹോവയോടു യാചിക്കുന്നതിൽ നമുക്കു സ്ഥിരോൽസാഹം കാണിക്കാം. ജ്ഞാനം കുറവായിരിക്കുന്നതുകൊണ്ടും അതിനുവേണ്ടി യാചിക്കുന്നതുകൊണ്ടും നമ്മെ ഭർത്സിക്കാതെ അവൻ ഔദാര്യമായി നൽകുന്നു. നാം “ഒട്ടും സംശയിക്കാതെ വിശ്വാസത്തോടെ യാചിച്ചുകൊണ്ടിരിക്കണം,” എന്തുകൊണ്ടെന്നാൽ സംശയിക്കുന്നവൻ എല്ലാ ദിശയിലേക്കും “കാററിനാൽ അടിച്ചു പായിക്കപ്പെടുന്ന ഒരു കടൽത്തിരപോലെ”യാണ്. അത്തരമാളുകൾക്ക് ദൈവത്തിൽ നിന്ന് ഒന്നും ലഭിക്കുന്നില്ല. എന്തുകൊണ്ടെന്നാൽ അവർ ഇരുമനസ്സുള്ളവരും പ്രാർത്ഥനയിലും അവരുടെ എല്ലാ വഴികളിലും “അസ്ഥിരരു”മാകുന്നു. (യാക്കോബ് 1:5-8, NW) അതുകൊണ്ട് നമ്മുടെ പരിശോധനകളെ ഉചിതമായി വീക്ഷിക്കുന്നതിനും അവയിൽ സഹിച്ചു നിൽക്കുന്നതിനും യഹോവ നമ്മെ സഹായിക്കുമെന്ന് നമുക്ക് വിശ്വാസമുണ്ടായിരിക്കാം. സഹവിശ്വാസികളാലോ ബൈബിൾ പഠന സമയത്തോ തിരുവെഴുത്തുകൾ നമ്മുടെ ശ്രദ്ധയിലേക്ക് വരുത്തപ്പെട്ടേക്കാം. ദൈവപരിപാലനയാൽ നയിക്കപ്പെടുന്ന സംഭവങ്ങൾ നാം എന്തു ചെയ്യണമെന്ന് കാണാൻ നമ്മെ സഹായിച്ചേക്കാം. നമ്മെ നയിക്കുന്നതിൽ ദൂതൻമാർ പങ്കുചേർന്നേക്കാം, അല്ലെങ്കിൽ പരിശുദ്ധാത്മാവിനാൽ നമുക്കു മാർഗ്ഗനിർദ്ദേശം ലഭിച്ചേക്കാം. (എബ്രായർ 1:14) നമ്മുടെ സ്നേഹവാനായ ദൈവത്തിൽ പൂർണ്ണ വിശ്വാസമർപ്പിച്ചുകൊണ്ട് ജ്ഞാനത്തിനുവേണ്ടി പ്രാർത്ഥിക്കുക എന്നതാണ് മുഖ്യസംഗതി.—സദൃശവാക്യങ്ങൾ 3:5, 6.
യഹോവ ആശ്വാസം നൽകുന്നു എന്ന് ഓർമ്മിക്കുക
പൗലോസ് പ്രാർത്ഥനാപൂർവ്വം യഹോവയിൽ ആശ്രയിക്കുകയും അവൻ ആശ്വാസത്തിന്റെ ഉറവാണ് എന്ന് അറിയുകയും ചെയ്തിരുന്നു. അപ്പൊസ്തലൻ ഇപ്രകാരം എഴുതി: “മനസ്സലിവുള്ള പിതാവും സർവ്വാശ്വാസവും നൽകുന്ന ദൈവവുമായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം വാഴ്ത്തപ്പെട്ടവൻ. ദൈവം ഞങ്ങളെ ആശ്വസിപ്പിക്കുന്ന ആശ്വാസം കൊണ്ട് ഞങ്ങൾ യാതൊരു കഷ്ടത്തിലുമുള്ളവരെ ആശ്വസിപ്പിപ്പാൻ ശക്തരാകേണ്ടതിന്നു ഞങ്ങൾക്കുള്ള കഷ്ടത്തിൽ ഒക്കെയും അവൻ ഞങ്ങളെ ആശ്വസിപ്പിക്കുന്നു.”—2 കൊരിന്ത്യർ 1:3, 4.
സർവ്വാശ്വാസത്തിന്റെയും ദൈവം തന്റെ ദാസൻമാർ അനുഭവിക്കുന്ന കൊടുംവേദനകൾ മനസ്സിലാക്കുകയും അവരെ ആശ്വസിപ്പിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. കൊരിന്ത്യരെക്കുറിച്ചുള്ള പൗലോസിന്റെ ഉൽക്കണ്ഠയുടെ സംഗതിയിൽ തന്റെ സഹക്രിസ്ത്യാനിയായിരുന്ന തീത്തോസിലൂടെ ആശ്വാസം ലഭിച്ചു. ഇന്ന് നമുക്ക് ആശ്വാസം ലഭിച്ചേക്കാവുന്ന ഒരു മാർഗ്ഗം ഇതാണ്. അതുകൊണ്ട് നാം വേദനപ്പെട്ടിരിക്കുമ്പോൾ നാം നമ്മെത്തന്നെ ഒററപ്പെടുത്തുന്നത് ഒഴിവാക്കണം. (സദൃശവാക്യങ്ങള 18:1) ദൈവം നമ്മെ ആശ്വസിപ്പിക്കാനുപയോഗിക്കുന്ന മാർഗ്ഗങ്ങളിലൊന്ന് സഹക്രിസ്ത്യാനികളുമായുള്ള സഹവാസമാണ്. നാം ഇങ്ങനെ ചിന്തിച്ചേക്കാം: ‘എന്റെ ക്രിസ്തീയ സുഹൃത്തുക്കളോടൊപ്പമായിരിക്കാനുള്ള ശക്തി ഇല്ലാതിരിക്കത്തക്കവണ്ണം ഞാൻ അത്ര നിരുൽസാഹിതനാണ്.’ എന്നാൽ നാം അത്തരം വികാരങ്ങൾക്കെതിരെ പോരാടുകയും സഹവിശ്വാസികൾക്കു വച്ചുനീട്ടാൻ കഴിയുന്ന ആശ്വാസം നമുക്കുതന്നെ നഷ്ടമാക്കാതിരിക്കയും വേണം.
ഉപേക്ഷിച്ചുകളയരുത്!
കഠിനമായ വിഷാദത്താൽ നാം കഷ്ടമനുഭവിക്കാനിടയാക്കത്തക്ക ആഘാതമേൽപ്പിച്ചിട്ടുള്ള ഒരു പരിശോധന നമ്മിൽ ചിലർക്ക് അനുഭവപ്പെട്ടിട്ടില്ലായിരിക്കാം. എന്നാൽ ദുർബലീകരിക്കുന്ന രോഗം, ഒരു വിവാഹ ഇണയുടെ മരണം അല്ലെങ്കിൽ മറേറതെങ്കിലും പരിശോധനാത്മകമായ സാഹചര്യം വൈകാരികമായ കൊടിയ ദുഃഖം കൈവരുത്തിയേക്കാം. അങ്ങനെ സംഭവിക്കുന്നുവെങ്കിൽ നാം അവശ്യം ആത്മീയ രോഗികളാണെന്ന് നമുക്ക് നിഗമനം ചെയ്യാതിരിക്കാം. വിഷാദമഗ്നനായ ഒരു വ്യക്തി മററുള്ളവരെ ആത്മീയമായി സഹായിക്കാൻപോലും പ്രാപ്തനായിരുന്നുകൊണ്ട് ദൈവസേവനത്തിന് തികച്ചും യോഗ്യനായിരുന്നേക്കാം. “വിഷാദമഗ്നരായ ദേഹികളെ ആശ്വസിപ്പിക്കാൻ” പൗലോസ് സഹോദരൻമാരെ പ്രോൽസാഹിപ്പിച്ചു, അവർ എന്തെങ്കിലും തെററു ചെയ്തുവെന്നോ ആത്മീയ രോഗികളാണെന്നോ അവരെപ്പററി സംശയിക്കാതെ തന്നെ. (1 തെസ്സലൊനീക്യർ 5:14, NW) വിഷാദരോഗം ചിലപ്പോൾ കുററകൃത്യത്തോടും അപരാധബോധത്തോടും ബന്ധപ്പെട്ടിരുന്നേക്കാമെങ്കിലും, ശുദ്ധഹൃദയത്തോടെ യഹോവയെ സേവിക്കുന്നവരുടെ കാര്യത്തിൽ സംഗതി അങ്ങനെയായിരിക്കുന്നില്ല. ഒരുപക്ഷേ അങ്ങേയററത്തെ പ്രയാസം സഹിച്ചുകൊണ്ട്, അവർ അർപ്പിക്കുന്ന ആരാധന യഹോവക്ക് സ്വീകാര്യമാണ്. അവൻ അവരെ സ്നേഹിക്കുകയും അവർക്ക് ആവശ്യമായ സഹായവും ആശ്വാസവും കൊണ്ട് അവരെ തുണക്കുകയും ചെയ്യുന്നു.—സങ്കീർത്തനം 121:1-3.
ആത്മീയ ഇസ്രായേലിലെ ശേഷിപ്പിന്റെ ഭാഗമായിരിക്കുന്നവർ 1918 എന്ന വർഷത്തിൽ പരിശോധനകളാൽ കൊടിയ ദുഃഖത്തിലായിരുന്നു. (ഗലാത്യർ 6:16 താരതമ്യം ചെയ്യുക.) പ്രസംഗപ്രവർത്തനത്തിനുവേണ്ടിയുള്ള അവരുടെ സ്ഥാപനം മിക്കവാറും നശിപ്പിക്കപ്പെട്ടു, അവരിൽ ചിലർ അന്യായമായി ജയിലിലടക്കപ്പെട്ടു, അവരുടെ മുൻ സഹപ്രവർത്തകരിൽ അനേകർ അവിശ്വസ്തരും എതിർക്കുന്ന വിശ്വാസത്യാഗികളുമായിത്തീർന്നു. മാത്രവുമല്ല, ദൈവം എന്തുകൊണ്ടാണ് ഇതെല്ലാം സംഭവിക്കാൻ അനുവദിച്ചതെന്ന് വിശ്വസ്തരായ അഭിഷിക്തർക്ക് മനസ്സിലായതുമില്ല. കുറേക്കാലത്തേക്ക് അവർ ‘കണ്ണുനീരോടെ വിതച്ചു,’ എന്നാൽ അവർ ശ്രമം ഉപേക്ഷിച്ചു കളഞ്ഞില്ല. അവർ യഹോവയെ സേവിക്കുന്നതിൽ തുടരുകയും തങ്ങളെത്തന്നെ പരിശോധിക്കുകയും ചെയ്തു. ഫലമോ? ‘അവർ കററ ചുമന്നും ആർത്തുകൊണ്ടും വന്നു.’ (സങ്കീർത്തനം 126:5, 6) ആസന്നമായിരുന്ന അന്താരാഷ്ട്ര കൊയ്ത്തു വേലക്കു വേണ്ടി അവരെ ശുദ്ധീകരിക്കാനാണ് ദൈവം അത്തരം പരിശോധനകൾ അനുവദിച്ചത് എന്ന് അഭിഷിക്തർ ഇപ്പോൾ തിരിച്ചറിയുന്നു.
വിവിധ പരിശോധനകളാൽ ആക്രമിക്കപ്പെട്ടിട്ട് നാം വിഷാദമഗ്നരായിത്തീരുന്നുവെങ്കിൽ അഭിഷിക്ത ശേഷിപ്പിന്റെ അനുഭവത്തിൽ നിന്ന് നമുക്ക് പ്രയോജനം അനുഭവിക്കാൻ കഴിയും. ശ്രമം ഉപേക്ഷിച്ചു കളയുന്നതിനു പകരം, കരഞ്ഞുകൊണ്ട് അങ്ങനെ ചെയ്യേണ്ടി വരുന്നെങ്കിൽ പോലും, നമുക്ക് ശരിയായതു ചെയ്യുന്നതിൽ തുടരാം. കാലക്രമത്തിൽ നമുക്ക് നമ്മുടെ പരിശോധനകളിൽനിന്നുള്ള പോംവഴി ഉണ്ടാകും, നാം ‘ആർത്തുംകൊണ്ട് വരികയും’ ചെയ്യും. അതെ, പരിശോധനകളിൽ സഹിച്ചു നിന്നതിനാൽ ദൈവാത്മാവിന്റെ ഫലങ്ങളിൽ ഒന്നായ സന്തോഷം നമ്മുടേതായിരിക്കും. നമ്മെ സംബന്ധിച്ചടത്തോളം യഹോവ തീർച്ചയായും “സർവ്വാശ്വാസത്തിന്റെയും ദൈവ”മാണെന്ന് തെളിയും.