നിങ്ങൾ ജീവനുവേണ്ടിയുള്ള മത്സരയോട്ടത്തിൽ എങ്ങനെ ഓടുന്നു?
“ഓട്ടക്കളത്തിൽ ഓടുന്നവർ എല്ലാവരും ഓടുന്നു എങ്കിലും ഒരുവനേ വിരുതു പ്രാപിക്കുന്നുള്ളു എന്നു അറിയുന്നില്ലയോ? നിങ്ങളും പ്രാപിപ്പാന്തക്കവണ്ണം ഓടുവിൻ.”—1 കൊരിന്ത്യർ 9:24.
1. നമ്മുടെ ക്രിസ്തീയഗതിയെ ബൈബിൾ എന്തിനോട് ഉപമിക്കുന്നു?
നിത്യജീവനുവേണ്ടിയുള്ള നമ്മുടെ അന്വേഷണത്തെ ബൈബിൾ ഒരു മത്സരയോട്ടത്തോട് ഉപമിക്കുന്നു. അപ്പൊസ്തലനായ പൗലോസ് തന്റെ ജീവിതത്തിന്റെ അവസാനത്തോടടുത്ത് തന്നേക്കുറിച്ചുതന്നെ ഇങ്ങനെ പറഞ്ഞു: “ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികെച്ചു, വിശ്വാസം കാത്തു.” “സകല ഭാരവും മുറുകെ പററുന്ന പാപവും വിട്ടു നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക” എന്നു പറഞ്ഞപ്പോൾ അവൻ അതുതന്നെ ചെയ്യാൻ സഹക്രിസ്ത്യാനികളെ പ്രോൽസാഹിപ്പിച്ചു.—2 തിമൊഥെയോസ് 4:7; എബ്രായർ 12:1.
2. ജീവനുവേണ്ടിയുള്ള മത്സരയോട്ടത്തിൽ ഏത് പ്രോൽസാഹജനകമായ തുടക്കം നാം കാണുന്നു?
2 ഒരു മത്സരയോട്ടത്തിൽ ഒരു തുടക്കവും ഒരു നിശ്ചിതപഥവും ഒരു പൂർത്തീകരണരേഖയും അല്ലെങ്കിൽ ലക്ഷ്യവും ഉൾപ്പെടുന്നുവെന്നതുകൊണ്ട് ഈ താരതമ്യം ഉചിതമായ ഒന്നാണ്. ജീവനിലേക്കുള്ള നമ്മുടെ ആത്മീയപുരോഗതിയുടെ പ്രക്രിയയിലും അങ്ങനെതന്നെയാണ്. നാം കണ്ടുകഴിഞ്ഞതുപോലെ, ഓരോ വർഷവും ശതസഹസ്രക്കണക്കിന് ആളുകൾ ജീവനുവേണ്ടിയുള്ള മത്സരയോട്ടത്തിൽ പ്രതീക്ഷാപൂർവകമായ ഒരു തുടക്കമിടുന്നു. ദൃഷ്ടാന്തത്തിന്, കഴിഞ്ഞ അഞ്ചു വർഷത്തിൽ 13,36,429 പേർ സമർപ്പണത്താലും ജലസ്നാപനത്താലും മത്സരയോട്ടത്തിൽ ഔപചാരികമായി തുടക്കമിട്ടിരിക്കുന്നു. അങ്ങനെയുള്ള ഊർജ്ജസ്വലമായ തുടക്കം അത്യന്തം പ്രോൽസാഹജനകമാണ്. എന്നുവരികിലും, പ്രധാന സംഗതി പൂർത്തീകരണരേഖയിലെത്തുന്നതുവരെ ഓട്ടത്തിൽ നിലനിൽക്കുന്നതാണ്. നിങ്ങൾ ഇതു ചെയ്യുന്നുണ്ടോ?
ജീവനുവേണ്ടിയുള്ള മത്സരയോട്ടം
3, 4. (എ) ഓട്ടത്തിൽ ഗതിവേഗം നിലനിർത്തുന്നതിന്റെ പ്രാധാന്യം പൗലോസ് ചൂണ്ടിക്കാട്ടിയതെങ്ങനെ? (ബി) ചിലർ പൗലോസിന്റെ ബുദ്ധിയുപദേശം അനുസരിക്കുന്നതിൽ പരാജയപ്പെട്ടിരിക്കുന്നതെങ്ങനെ?
3 ഓട്ടത്തിൽ തുടരുന്നതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നതിന്, പൗലോസ് ഇങ്ങനെ ബുദ്ധിയുപദേശിച്ചു: “ഓട്ടക്കളത്തിൽ ഓടുന്നവർ എല്ലാവരും ഓടുന്നു എങ്കിലും ഒരുവനേ വിരുതുപ്രാപിക്കുന്നുള്ളു എന്നു അറിയുന്നില്ലയോ? നിങ്ങളും പ്രാപിപ്പാന്തക്കവണ്ണം ഓടുവിൻ.”—1 കൊരിന്ത്യർ 9:24.
4 പുരാതന കളികളിൽ, ഒരാൾക്കുമാത്രമേ സമ്മാനം നേടാൻ കഴിയുമായിരുന്നുള്ളുവെന്നതു സത്യംതന്നെ. എന്നിരുന്നാലും, ജീവനുവേണ്ടിയുള്ള മത്സരയോട്ടത്തിൽ ഓരോരുത്തരും സമ്മാനത്തിന് യോഗ്യരാണ്. അവസാനംവരെ ഓട്ടത്തിൽ നിലനിൽക്കേണ്ടയാവശ്യമുണ്ടെന്നേയുള്ളു! സന്തോഷകരമെന്നു പറയട്ടെ, അപ്പൊസ്തലനായ പൗലോസിനെപ്പോലെ തങ്ങളുടെ ജീവാവസാനംവരെ അനേകർ വിശ്വസ്തമായി ഓടിയിട്ടുണ്ട്. ദശലക്ഷങ്ങൾ ഓട്ടത്തിൽ തുടരുകയാണ്. എന്നിരുന്നാലും, ചിലർ മുന്നേറുന്നതിൽ അല്ലെങ്കിൽ പൂർത്തീകരണരേഖവരെ പുരോഗമിക്കുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു. മറിച്ച്, അവർ ഓട്ടത്തിൽനിന്ന് ഒന്നുകിൽ പിൻമാറുകയോ അല്ലെങ്കിൽ ഏതെങ്കിലും വിധത്തിൽ അയോഗ്യരായിത്തീരുകയോ ചെയ്യത്തക്കവണ്ണം മററു കാര്യങ്ങൾ തങ്ങളെ തടയാൻ അനുവദിച്ചു. (ഗലാത്യർ 5:7) ഇത് ജീവനുവേണ്ടിയുള്ള ഓട്ടത്തിൽ നാം എങ്ങനെ ഓടുന്നുവെന്നു പരിശോധിക്കാൻ നമുക്കെല്ലാം കാരണം നൽകേണ്ടതാണ്.
5. പൗലോസ് ജീവനുവേണ്ടിയുള്ള മത്സരയോട്ടത്തെ ഒരു മത്സരക്കളിയോടു താരതമ്യപ്പെടുത്തുകയായിരുന്നോ? വിശദീകരിക്കുക.
5 ഈ ചോദ്യം ചോദിക്കാവുന്നതാണ്: “ഒരുവനേ വിരുതു പ്രാപിക്കുന്നുള്ളു” എന്നു പറഞ്ഞപ്പോൾ പൗലോസിന്റെ മനസ്സിൽ എന്താണുണ്ടായിരുന്നത്? നേരത്തെ കണ്ടതുപോലെ, ജീവനുവേണ്ടിയുള്ള ഓട്ടത്തിൽ തുടക്കമിട്ട എല്ലാവരിലുംവെച്ച് ഒരാൾക്കുമാത്രമേ നിത്യജീവന്റെ പ്രതിഫലം ലഭിക്കുകയുള്ളുവെന്ന് അവൻ അർത്ഥമാക്കിയില്ല. പ്രസ്പഷ്ടമായി വാസ്തവമതായിരിക്കാവുന്നതല്ല, എന്തുകൊണ്ടെന്നാൽ സകലതരം ആളുകളും രക്ഷിക്കപ്പെടണമെന്നുള്ളതാണ് ദൈവത്തിന്റെ ഇഷ്ടമെന്ന് അവൻ കൂടെക്കൂടെ വ്യക്തമാക്കി. (റോമർ 5:18; 1 തിമൊഥെയോസ് 2:3, 4; 4:10; തീത്തോസ് 2:11) അല്ല, അവൻ ജീവനുവേണ്ടിയുള്ള മത്സരയോട്ടം പങ്കെടുക്കുന്നവരെല്ലാം മററുള്ളവരെയെല്ലാം തോൽപ്പിക്കാൻ ശ്രമിക്കുന്ന ഒരു മത്സരമാണെന്ന് പറയുകയായിരുന്നില്ല. അക്കാലത്ത് ഒളിമ്പിക്ക് ഗെയിംസിനെക്കാൾ പ്രശസ്തമായിരുന്നതായി പറയപ്പെടുന്ന തങ്ങളുടെ ഇസ്ത്മിയൻ കളികളിൽ മത്സരക്കാരുടെ ഇടയിൽ അത്തരം മത്സരാത്മാവ് സ്ഥിതിചെയ്തിരുന്നുവെന്ന് കൊരിന്ത്യർക്ക് വളരെ നന്നായി അറിയാമായിരുന്നു. അപ്പോൾ പൗലോസിന്റെ മനസ്സിൽ എന്താണുണ്ടായിരുന്നത്?
6. ഓട്ടക്കാരനെയും ഓട്ടത്തെയും സംബന്ധിച്ച പൗലോസിന്റെ ചർച്ചസംബന്ധിച്ച് സന്ദർഭം എന്തു വെളിപ്പെടുത്തുന്നു?
6 ഓട്ടക്കാരന്റെ ദൃഷ്ടാന്തം എടുത്തുപറഞ്ഞതിൽ, പൗലോസ് മുഖ്യമായി സ്വന്തം രക്ഷയുടെ സാദ്ധ്യതകൾ ചർച്ചചെയ്യുകയായിരുന്നു. മുൻവാക്യങ്ങളിൽ, താൻ എങ്ങനെ കഠിനവേല ചെയ്തുവെന്നും അനേകം വിധങ്ങളിൽ എങ്ങനെ തീവ്രയത്നം ചെയ്തുവെന്നും അവൻ വർണ്ണിച്ചു. (1 കൊരിന്ത്യർ 9:19-22) പിന്നീട് 23-ാം വാക്യത്തിൽ അവൻ ഇങ്ങനെ പറഞ്ഞു: “സുവിശേഷത്തിൽ ഒരു പങ്കാളിയാകേണ്ടതിന്നു ഞാൻ സകലവും സുവിശേഷം നിമിത്തം ചെയ്യുന്നു.” താൻ ഒരു അപ്പൊസ്തലനായി തെരഞ്ഞെടുക്കപ്പെട്ടതുകൊണ്ടോ മററുള്ളവരോടു പ്രസംഗിച്ചുകൊണ്ടു അനേകം വർഷം ചെലവഴിച്ചതുകൊണ്ടോ മാത്രം തന്റെ രക്ഷക്ക് ഉറപ്പുലഭിക്കുന്നില്ലെന്ന് അവൻ തിരിച്ചറിഞ്ഞു. സുവാർത്തയുടെ അനുഗ്രഹങ്ങളിൽ പങ്കുപററുന്നതിന് അവൻ സുവാർത്തക്കുവേണ്ടി തന്റെ ശക്തിക്കനുസൃതമായി സകലവും ചെയ്യുന്നതിൽ തുടരണം. “ഒരുവനു മാത്രം സമ്മാനം ലഭിക്കുന്ന” ഇസ്ത്മിയൻ ഗെയിംസിൽ ഓടുന്നതുപോലെതന്നെ കഠിനമായി തീവ്രയത്നം ചെയ്തുകൊണ്ട് വിജയിക്കാനുള്ള പൂർണ്ണനിശ്ചയത്തോടെ അവൻ ഓടണമായിരുന്നു.—1 കൊരിന്ത്യർ 9:24എ, NW.
7. “നിങ്ങളും പ്രാപിപ്പാന്തക്കവണ്ണം ഓടു”ന്നതിന് എന്താണാവശ്യമായിരിക്കുന്നത്?
7 ഇതിൽനിന്നു നമുക്കു വളരെയധികം പഠിക്കാൻ കഴിയും. മത്സരയോട്ടത്തിൽ ചേരുന്ന എല്ലാവരും വിജയിക്കാനാഗ്രഹിക്കുന്നുവെങ്കിലും വിജയിക്കാൻ പൂർണ്ണമായും ഉറച്ചിട്ടുള്ളവർക്കുമാത്രമേ അതു ചെയ്യുന്നതിനുള്ള പ്രതീക്ഷയുള്ളു. തത്ഫലമായി നാം ഓട്ടത്തിൽ ചേർന്നുവെന്നതുകൊണ്ടുമാത്രം നമുക്ക് അലംഭാവം തോന്നരുത്. നാം ‘സത്യത്തിൽ ആയതുകൊണ്ട്’ എല്ലാം ശുഭമായിരിക്കുമെന്ന് നാം വിചാരിക്കരുത്. നാം ക്രിസ്ത്യാനിയെന്ന പേർ വഹിച്ചേക്കാം, എന്നാൽ നാം ക്രിസ്ത്യാനികളാണെന്ന് തെളിയിക്കുന്നതിനുള്ള വക നമുക്കുണ്ടോ? ദൃഷ്ടാന്തത്തിന്, ഒരു ക്രിസ്ത്യാനി ചെയ്യേണ്ടതാണെന്ന് നമുക്കറിയാവുന്ന കാര്യങ്ങൾ നാം ചെയ്യുന്നുണ്ടോ—യോഗങ്ങൾക്ക് ഹാജരാകുക, വയൽശുശ്രൂഷയിൽ പങ്കെടുക്കുക മുതലായവ? എങ്കിൽ അത് പ്രശംസനീയമാണ്, നാം അങ്ങനെയുള്ള വിശിഷ്ടമായ ശീലങ്ങളിൽ സ്ഥിരത പാലിക്കാൻ കഠിനശ്രമം ചെയ്യേണ്ടതാണ്. എന്നിരുന്നാലും, നാം ചെയ്യുന്നതിൽനിന്ന് നമുക്ക് കൂടുതൽ പ്രയോജനമനുഭവിക്കാൻ കഴിയുമോ? ദൃഷ്ടാന്തത്തിന്, യോഗങ്ങളിൽ ഉത്തരം പറഞ്ഞുകൊണ്ട് പങ്കെടുക്കുക സാദ്ധ്യമാണോ? നാം പഠിക്കുന്നത് നമ്മുടെ വ്യക്തിപരമായ ജീവിതത്തിൽ ബാധകമാക്കാൻ നാം കഠിനശ്രമം ചെയ്യുന്നുണ്ടോ? വയലിൽ നാം തടസ്സങ്ങളെ നേരിടുന്നുണ്ടെങ്കിലും ഒരു പൂർണ്ണസാക്ഷ്യം കൊടുക്കത്തക്കവണ്ണം നാം നമ്മുടെ വൈദഗ്ദ്ധ്യങ്ങളെ മെച്ചപ്പെടുത്തുന്നതിനു ശ്രദ്ധ കൊടുക്കുന്നുണ്ടോ? താത്പര്യക്കാരെ വീണ്ടും സന്ദർശിക്കുന്നതിന്റെയും ഭവന ബൈബിളദ്ധ്യയനങ്ങൾ നടത്തുന്നതിന്റെയും വെല്ലുവിളി സ്വീകരിക്കാൻ നാം സന്നദ്ധരാണോ? “നിങ്ങളും പ്രാപിപ്പാന്തക്കവണ്ണം ഓടുവിൻ” എന്ന് പൗലോസ് ശക്തമായി ഉപദേശിച്ചു.—1 കൊരിന്ത്യർ 9:24ബി.
സകലത്തിലും ആത്മനിയന്ത്രണം പാലിക്കുക
8. ‘സകലത്തിലും ആത്മനിയന്ത്രണം പാലിക്കാൻ’ തന്റെ സഹക്രിസ്ത്യാനികളെ പ്രോൽസാഹിപ്പിക്കുന്നതിന് പൗലോസിനെ പ്രേരിപ്പിച്ചതെന്തായിരിക്കാം?
8 പൗലോസ് തന്റെ ജീവിതകാലത്ത് ജീവനുവേണ്ടിയുള്ള മത്സരയോട്ടത്തിൽ മന്ദീഭവിക്കുകയോ അകന്നുപോകുകയോ വിരമിക്കുകയോ ചെയ്ത അനേകരെ കണ്ടിരുന്നു. (1 തിമൊഥെയോസ് 1:19, 20; എബ്രായർ 2:1) അതുകൊണ്ടാണ് തന്റെ സഹക്രിസ്ത്യാനികൾ കഠിനവും നിരന്തരവുമായ ഒരു പോരാട്ടത്തിലാണെന്ന് അവൻ അവരെ ആവർത്തിച്ച് ഓർമ്മിപ്പിച്ചത്. (എഫേസ്യർ 6:12; 1 തിമൊഥെയോസ് 6:12) അവൻ ഓട്ടക്കാരന്റെ ദൃഷ്ടാന്തത്തെ ഒരു പടികൂടെ മുമ്പോട്ടു കൊണ്ടുപോയി ഇങ്ങനെ പറഞ്ഞു: “അങ്കം പൊരുന്നവൻ ഒക്കെയും സകലത്തിലും വർജ്ജനം [ആത്മനിയന്ത്രണം, NW] ആചരിക്കുന്നു.” (1 കൊരിന്ത്യർ 9:25എ) ഇതു പറഞ്ഞതിൽ പൗലോസ് കൊരിന്ത്യക്രിസ്ത്യാനികൾക്ക് സുപരിചിതമായ ഒന്നിനെ, അതായത് ഇസ്ത്മിയൻ കളികളിൽ മത്സരക്കാർ പിന്തുടർന്ന തീവ്രമായ പരിശീലനത്തെ, പരാമർശിക്കുകയായിരുന്നു.
9, 10. (എ) ഒരു പുസ്തകം ഇസ്ത്മിയൻ കളികളിലെ മത്സരക്കാരെ വർണ്ണിക്കുന്നതെങ്ങനെ? (ബി) വർണ്ണനസംബന്ധിച്ച് പ്രത്യേകാൽ ഗൗനിക്കാൻ അർഹതയുള്ളതെന്താണ്?
9 പരിശീലിച്ചുകൊണ്ടിരിക്കുന്ന ഒരു പോരാളിയുടെ ഉജ്ജ്വലമായ ഒരു വർണ്ണന ഇവിടെയുണ്ട്:
“സംതൃപ്തമായും യാതൊരു പിറുപിറുപ്പും കൂടാതെയും അയാൾ തന്റെ പത്തുമാസത്തെ പരിശീലനത്തിന്റെ നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും കീഴ്പ്പെടുന്നു, പരിശീലനമില്ലെങ്കിൽ അയാൾ മത്സരിക്കുകയും വേണ്ട. . . . അയാൾ തന്റെ ചെറിയ പ്രയാസങ്ങളിലും ക്ഷീണങ്ങളിലും ഇല്ലായ്മകളിലും അഭിമാനംകൊള്ളുകയും തന്റെ വിജയസാദ്ധ്യതയെ അത്യല്പമായ അളവിൽപോലും കുറച്ചേക്കാവുന്ന എന്തിനെയും കർശനമായി വർജ്ജിക്കുന്നത് മാന്യതയുടെ ഒരു സംഗതിയായി എണ്ണുകയും ചെയ്യുന്നു. താൻ ശാരീരികാദ്ധ്വാനത്താൽ കിതക്കുമ്പോൾ മററുള്ളവർ ഭക്ഷണത്തോടുള്ള അഭിലാഷത്തിന് കീഴ്പ്പെടുന്നതും, ആഡംബരപൂർവം സ്നാനംനടത്തുന്നതും ഉല്ലാസപൂർവം ജീവിതം ആസ്വദിക്കുന്നതും അയാൾ കാണുന്നു; എന്നാൽ അയാളുടെ ഹൃദയം സമ്മാനത്തിൻമേൽ പതിപ്പിച്ചിരിക്കുന്നതിനാലും കഠിന പരിശീലനം അനുപേക്ഷണീയമാകയാലും അയാൾക്ക് അസൂയയുടെ ഒരു ചിന്ത അപൂർവമായേ ഉള്ളു. ഏതെങ്കിലും ഘട്ടത്തിൽ അല്ലെങ്കിൽ ഏതെങ്കിലും അവസരത്തിൽ തന്റെ ശിക്ഷണത്തിന്റെ വീര്യത്തിൽ അയവു വരുത്തിയാൽ തന്റെ വിജയസാദ്ധ്യത നഷ്ടപ്പെടുമെന്ന് അയാൾക്കറിയാം.”—ദി എക്സ്പോസിറേറഴ്സ് ബൈബിൾ, വാള്യം V, പേജ് 674.
10 പരിശീലിച്ചുകൊണ്ടിരിക്കുന്ന ആൾ അങ്ങനെയുള്ള കഠിനമായ ആത്മപരിത്യജനത്തിന്റെ ദിനചര്യയെ “മാന്യതയുടെ ഒരു സംഗതിയായി എണ്ണുന്നു”വെന്നത് പ്രത്യേകം താത്പര്യജനകമാണ്. യഥാർത്ഥത്തിൽ, അയാൾക്ക് മററുള്ളവർ ആസ്വദിക്കുന്നതായി കാണുന്ന സുഖസൗകര്യംസംബന്ധിച്ച് “അസൂയയുടെ ഒരു ചിന്ത അപൂർവമായേ ഉള്ളു.” നമുക്ക് ഇതിൽനിന്ന് എന്തെങ്കിലും പഠിക്കാൻ കഴിയുമോ? ഉവ്വ്, തീർച്ചയായും.
11. ജീവനുവേണ്ടിയുള്ള ഓട്ടത്തിൽ ഏർപ്പെട്ടിരിക്കുമ്പോൾ ഏത് അനുചിതമായ വീക്ഷണത്തിനെതിരെ നാം ജാഗരിക്കണം?
11 “നാശത്തിലേക്കു പോകുന്ന വാതിൽ വീതിയുള്ളതും വഴി വിശാലവും അതിൽകൂടി കടക്കുന്നവർ അനേകരും ആകുന്നു” എന്ന യേശുവിന്റെ വാക്കുകൾ ഓർക്കുക. (മത്തായി 7:13, 14) ‘ഞെരുക്കമുള്ള വഴി’യിലൂടെ യാത്ര ചെയ്യാൻ നിങ്ങൾ ശ്രമിക്കുമ്പോൾ മറേറ വഴിയിലുള്ളവർ ആസ്വദിക്കുന്നതായി തോന്നുന്ന സ്വാതന്ത്ര്യത്തെയും സുഖത്തെയും കുറിച്ചു നിങ്ങൾ അസൂയപ്പെടുന്നുണ്ടോ? മററുള്ളവർ ചെയ്യുന്ന, അവയിൽതന്നെ വളരെ ചീത്തയാണെന്നു തോന്നാതിരുന്നേക്കാവുന്ന ചില കാര്യങ്ങൾ നിങ്ങൾക്കു നഷ്ടപ്പെടുകയാണെന്നു നിങ്ങൾ വിചാരിക്കുന്നുവോ? നാം ഈ ഗതി സ്വീകരിക്കുന്നതിന്റെ കാരണം ഓർത്തിരിക്കുന്നതിൽ നാം പരാജയപ്പെടുന്നുവെങ്കിൽ നാം ഈ വിധത്തിൽ അനായാസം വിചാരിച്ചേക്കാം. “അതോ, അവർ വാടുന്ന കിരീടവും നാമോ വാടാത്തതും പ്രാപിക്കേണ്ടതിന്നുതന്നെ” എന്നു പൗലോസ് പറഞ്ഞു.—1 കൊരിന്ത്യർ 9:25ബി.
12. (എ) ആളുകൾ തേടിയിരിക്കുന്ന മഹത്വവും കീർത്തിയും ഇസ്ത്മിയൻ കളിയിൽ കൊടുക്കപ്പെട്ടിരുന്ന ക്ഷയിച്ചുപോകുന്ന കിരീടംപോലെയാണെന്ന് പറയാൻ കഴിയുന്നതെന്തുകൊണ്ട്?
12 ഇസ്ത്മിയൻ കളികളിലെ ജേതാവ് ഇസ്ത്മിയൻ പൈനോ മറേറതെങ്കിലും ചെടിയോ കൊണ്ടുള്ള ഒരു റീത്ത് സ്വീകരിച്ചിരുന്നു, അത് ചുരുക്കംചില ദിവസങ്ങൾകൊണ്ടോ വാരങ്ങൾകൊണ്ടോ വാടിപ്പോകാനിടയുണ്ടായിരുന്നു. തീർച്ചയായും, നശിച്ചുപോകുന്ന റീത്തിനുവേണ്ടിയല്ല കായികാഭ്യാസികൾ മത്സരിച്ചത്, പിന്നെയോ അതോടുകൂടെ കൈവന്ന മഹത്വത്തിനും മാനത്തിനും പ്രശസ്തിക്കും വേണ്ടിയായിരുന്നു. ജേതാവ് വീട്ടിലേക്ക് മടങ്ങുമ്പോൾ അയാൾ ഒരു വീരജേതാവായി സ്വാഗതം ചെയ്യപ്പെട്ടിരുന്നുവെന്ന് ഒരു പുസ്തകം പ്രതിപാദിക്കുന്നു. മിക്കപ്പോഴും അയാളുടെ ഘോഷയാത്രക്ക് കടന്നുപോകാൻ നഗരമതിലുകൾ പൊളിക്കപ്പെടുകയും അയാളുടെ ബഹുമാനാർത്ഥം പ്രതിമകൾ ഉയർത്തപ്പെടുകയും ചെയ്തു. എന്നിരുന്നാലും, ഇതെല്ലാമുണ്ടായിരുന്നിട്ടും അയാളുടെ മഹത്വം അപ്പോഴും ക്ഷയിച്ചുപോകുന്നതായിരുന്നു. ഇന്ന് ആ വീരജേതാക്കൾ ആരായിരുന്നുവെന്നതുസംബന്ധിച്ച് അധികംപേർക്ക് അറിവില്ല, മിക്കവരും അതു യഥാർത്ഥത്തിൽ കൂട്ടാക്കുന്നുമില്ല. ലോകത്തിലെ അധികാരവും പ്രശസ്തിയും ധനവും നേടാൻ തങ്ങളുടെ സമയവും ഉർജ്ജവും ആരോഗ്യവും കുടുംബസന്തുഷ്ടി പോലും ബലിചെയ്യുന്നവരെങ്കിലും ദൈവികമായി സമ്പന്നരല്ലാത്തവർ തങ്ങളുടെ ഭൗതികത്വ “കിരീടം”, തങ്ങളുടെ ജീവിതത്തെപ്പോലെ ക്ഷണഭംഗുരമാണെന്ന് കണ്ടെത്തും.—മത്തായി 6:19, 20; ലൂക്കോസ് 12:16-21.
13. ജീവനുവേണ്ടിയുള്ള മത്സരയോട്ടത്തിലായിരിക്കുന്ന ഒരുവന്റെ ജീവിതഗതി ഒരു കായികാഭ്യാസിയുടേതിൽനിന്ന് വ്യത്യസ്തമായിരക്കുന്നത് എങ്ങനെയാണ്?
13 ഒരു കളിയിലെ പോരാളികൾ മുകളിൽ വർണ്ണിച്ചതുപോലെയുള്ള കഠിനമായ പരീശീലന നിബന്ധനകൾ സ്വീകരിക്കാൻ മനസ്സുള്ളവരായിരിക്കാം, എന്നാൽ ഒരു പരിമിതമായ കാലത്തേക്കു മാത്രമാണ്. കളികൾ തീർന്നുകഴിയുമ്പോൾ, അവർ സാധാരണ ജീവിതരീതിയിലേക്കു മടങ്ങുന്നു. തങ്ങളുടെ വൈദഗ്ദ്ധ്യങ്ങൾ നിലനിർത്താൻ അവർ ചിലപ്പോഴൊക്കെ പരിശീലനം നടത്തിയേക്കാം. എന്നാൽ അടുത്ത മത്സരത്തിന്റെ സമയമാകുന്നതുവരെയെങ്കിലും കഠിനമായ ആത്മപരിത്യജനത്തിന്റെ അതേ ഗതി മേലാൽ പിന്തുടരുന്നില്ല. ജീവനുവേണ്ടിയുള്ള ഓട്ടത്തിലായിരിക്കുന്നവരുടെ കാര്യത്തിൽ അങ്ങനെയല്ല. അവരെ സംബന്ധിച്ചടത്തോളം പരിശീലനവും ആത്മപരിത്യജനവും ഒരു ജീവിതഗതിയായിരിക്കണം.—1 തിമൊഥെയോസ് 6:6-8.
14, 15. ജീവനുവേണ്ടിയുള്ള ഓട്ടത്തിലെ ഒരു മത്സരക്കാരൻ തുടർച്ചയായി ആത്മനിയന്ത്രണം പാലിക്കേണ്ടതെന്തുകൊണ്ട്?
14 ശിഷ്യൻമാരും മററുള്ളവരുമടങ്ങിയ ഒരു കൂട്ടത്തോട് യേശുക്രിസ്തു ഇങ്ങനെ പറഞ്ഞു: “ഒരുവൻ എന്റെ പിന്നാലെ വരാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവൻ തന്നെത്താൻ ത്യജിക്കുകയും (അല്ലെങ്കിൽ, “അയാൾ തന്നോടുതന്നെ ‘ഇല്ല’ എന്നു പറയണം,” ചാൾസ് ബി. വില്യംസ്) തന്റെ ദണ്ഡനസ്തംഭം എടുക്കുകയും എന്നെ തുടർച്ചയായി അനുഗമിക്കുകയും ചെയ്യട്ടെ.” (മർക്കോസ് 8:34) നാം ഈ ക്ഷണം സ്വീകരിക്കുമ്പോൾ, നാം “തുടർച്ചയായി” അങ്ങനെ ചെയ്യാൻ ഒരുക്കമായിരിക്കണം, ആത്മപരിത്യജനത്തിൽ എന്തെങ്കിലും പ്രത്യേക പുണ്യമുള്ളതുകൊണ്ടല്ല, പിന്നെയോ ഒരു നിമിഷത്തെ അവിവേകം, നല്ല വിവേചനയിലെ ഒരു വീഴ്ച, പടുത്തുയർത്തിയതിനെയെല്ലാം നിഷ്ഫലമാക്കിയേക്കാമെന്നുള്ളതുകൊണ്ടാണ്, നമ്മുടെ നിത്യക്ഷേമത്തെ അപകടപ്പെടുത്തിക്കൊണ്ടുപോലും. സാധാരണയായി ആത്മീയ പുരോഗതി സാവധാനത്തിലാണ് വരുത്തപ്പെടുന്നത്, എന്നാൽ നാം നിരന്തരം ജാഗ്രതപുലർത്തുന്നില്ലെങ്കിൽ അത് എത്ര പെട്ടെന്ന് നിർവീര്യമാക്കപ്പെടാൻ കഴിയും!
15 കൂടാതെ, നാം “സകലത്തിലും” ആത്മനിയന്ത്രണം പാലിക്കാൻ പൗലോസ് പ്രോൽസാഹിപ്പിച്ചു, അതായത് നാം സകല ജീവിതവശങ്ങളിലും സ്ഥിരമായി അങ്ങനെ ചെയ്യേണ്ടതാണ്. അത് ബുദ്ധിപൂർവകമാണ്, എന്തുകൊണ്ടെന്നാൽ പരിശീലനം സ്വീകരിക്കുന്ന ഒരാൾ അമിത സുഖാസക്തനായാൽ അല്ലെങ്കിൽ കാമാസക്തമായി ജീവിച്ചാൽ അയാൾ സഹിക്കുന്ന ശാരീരികവേദനയും ക്ഷീണവുംകൊണ്ടെല്ലാം എന്തു പ്രയോജനമാണുള്ളത്? അതുപോലെതന്നെ ജീവനുവേണ്ടിയുള്ള നമ്മുടെ ഓട്ടത്തിൽ നാം സകലത്തിലും ആത്മനിയന്ത്രണം പാലിക്കണം. ഒരു വ്യക്തി മദ്യാസക്തിയും ദുർവൃത്തിയും പോലെയുള്ള കാര്യങ്ങളിൽ തന്നേത്തന്നെ നിയന്ത്രിച്ചേക്കാം. എന്നാൽ അയാൾ അഹങ്കാരിയും കലഹക്കാരനുമാണെങ്കിൽ അതിന്റെ മൂല്യം കുറഞ്ഞുപോകുന്നു. അല്ലെങ്കിൽ അയാൾ മററുള്ളവരോടു ദീർഘക്ഷമയും ദയയുമുള്ളവനാണെങ്കിലും തന്റെ സ്വകാര്യജീവിതത്തിൽ എന്തെങ്കിലും രഹസ്യപാപം ചെയ്തുകൊണ്ടിരിക്കുന്നുവെങ്കിലോ? ആത്മനിയന്ത്രണം പൂർണ്ണമായും പ്രയോജനകരമായിരിക്കുന്നതിന്, അത് “സകലത്തിലും” പ്രയോഗിക്കപ്പെടണം.—യാക്കോബ് 2:10, 11 താരതമ്യപ്പെടുത്തുക.
ഓടുക, “നിശ്ചയമില്ലാത്തവണ്ണമല്ല”
16. “നിശ്ചയമില്ലാത്തവണ്ണ”മല്ലാതെ ഓടുകയെന്നാൽ അർത്ഥമെന്ത്?
16 ജീവനുവേണ്ടിയുള്ള ഓട്ടത്തിൽ വിജയിക്കുന്നതിനാവശ്യമായ കഠിനമായ ശ്രമങ്ങൾ മനസ്സിലാക്കിക്കൊണ്ട് പൗലോസ് ഇങ്ങനെ തുടർന്നുപറഞ്ഞു: “ആകയാൽ ഞാൻ നിശ്ചയമില്ലാത്തവണ്ണമല്ല ഓടുന്നതു; ആകാശത്തെ (വായുവിനെ, NW) കുത്തുന്നതുപോലെയല്ല ഞാൻ മുഷ്ടിയുദ്ധം ചെയ്യുന്നതു.” (1 കൊരിന്ത്യർ 9:26) “നിശ്ചയമില്ലാത്തവണ്ണമല്ല” എന്നതിന്റെ ഇംഗ്ലീഷായ അൺസെർട്ടൻലി എന്ന പദത്തിന്റെ അക്ഷരീയാർത്ഥം “തെളിവില്ലാതെ,” (കിംഗ്ഡം ഇൻറർലീനിയർ) “നിരീക്ഷിക്കപ്പെടാതെ,” “അടയാളപ്പെടുത്തപ്പെടാതെ” (ലാംഗെയുടെ കമൻററി) എന്നാണ്. അതുകൊണ്ട് “നിശ്ചയമില്ലാത്തവണ്ണ”മല്ലാതെ ഓടുക എന്നതിന്റെ അർത്ഥം സകല നിരീക്ഷകർക്കും ഓട്ടക്കാരൻ എങ്ങോട്ടു ഗതിചെയ്യുന്നുവെന്ന് വളരെ തെളിവായിരിക്കണമെന്നാണ്. ദി ആങ്കർ ബൈബിൾ “വളഞ്ഞുപുളഞ്ഞ ഗതിയിൽ അല്ല” എന്ന് അതു പരിഭാഷപ്പെടുത്തുന്നു. അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞും, അങ്ങിങ്ങായി വട്ടത്തിൽ ചുററിയും ചില സമയങ്ങളിൽ പിറകോട്ടുപോലും പൊയ്ക്കൊണ്ടും നീങ്ങുന്ന കുറെ പാദമുദ്രകളുടെ കൂട്ടം നിങ്ങൾ കാണുന്നുവെങ്കിൽ വ്യക്തി ഓടുകയായിരുന്നുവെന്ന് നിങ്ങൾ അശേഷം ചിന്തിക്കുകയില്ല, തീർച്ചയായും അയാൾക്ക് എവിടെ പോകുന്നുവെന്ന് അല്പമെങ്കിലും വിവരമുണ്ടായിരുന്നതായി വിചാരിക്കയില്ല. എന്നാൽ നീണ്ട ഒരു ഋജുരേഖയിൽ ഓരോന്നും പിമ്പിലത്തേതിന്റെ മുമ്പിലായി തുല്യ അകലത്തിൽ ഒരു കൂട്ടം പാദമുദ്രകൾ നിങ്ങൾ കാണുകയാണെങ്കിൽ അവ കൃത്യമായി എവിടേക്ക് പോകുന്നുവെന്നറിയാവുന്ന ഒരാളിന്റേതാണെന്ന് നിങ്ങൾ നിഗമനം ചെയ്യും.
17. (എ) താൻ “നിശ്ചയമില്ലാത്തവണ്ണമല്ല” ഓടിയതെന്ന് പൗലോസ് പ്രകടമാക്കിയതെങ്ങനെ? (ബി) ഈ കാര്യത്തിൽ നമുക്ക് എങ്ങനെ പൗലോസിനെ അനുകരിക്കാൻ കഴിയും?
17 പൗലോസ് “നിശ്ചയമില്ലാത്തവണ്ണമല്ല” ഓടിയിരുന്നതെന്ന് അവന്റെ ജീവിതം പ്രകടമാക്കുന്നു. താൻ ഒരു ക്രിസ്തീയ ശുശ്രൂഷകനും ഒരു അപ്പൊസ്തലനുമാണെന്ന് തെളിയിക്കാൻ അവന് വേണ്ടത്ര തെളിവുണ്ടായിരുന്നു. അവന് ഒരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു, അതു നേടുന്നതിന് അവൻ ആജീവനാന്തം ഊർജ്ജസ്വലമായി അദ്ധ്വാനിച്ചു. അവൻ പ്രശസ്തിയാലോ അധികാരത്താലോ ധനത്താലോ സുഖത്താലോ ഒരിക്കലും വ്യതിചലിപ്പിക്കപ്പെട്ടില്ല, അവന് ഇവയിലേതും നേടാൻ ഒരുപക്ഷേ കഴിയുമായിരുന്നെങ്കിലും. (പ്രവൃത്തികൾ 20:24; 1 കൊരിന്ത്യർ 9:2; 2 കൊരിന്ത്യർ 3:2, 3; ഫിലിപ്പിയർ 3:8, 13, 14) നിങ്ങളുടെ ജീവിതഗതിയെ നിങ്ങൾ പിന്തിരിഞ്ഞുനോക്കുമ്പോൾ, ഏതുതരം പഥമാണ് നിങ്ങൾ കാണുന്നത്? വ്യക്തമായ ദിശയുള്ള ഒരു ഋജുരേഖയോ അതോ ലക്ഷ്യമില്ലാതെ കറങ്ങിത്തിരിയുന്ന ഒന്നോ? നിങ്ങൾ ജീവനുവേണ്ടിയുള്ള മത്സരയോട്ടത്തിൽ മത്സരിക്കുകയാണെന്നുള്ളതിന് തെളിവുണ്ടോ? നാം ഈ മത്സരയോട്ടത്തിലായിരിക്കുന്നത് കേവലം ഉത്സാഹമില്ലാതെ ഓടാൻവേണ്ടിയല്ല, പിന്നെയോ പൂർത്തീകരണരേഖയ്ക്കൽ എത്താൻവേണ്ടിയാണെന്നോർക്കുക.
18. (എ) നമ്മുടെ ഭാഗത്ത് എന്ത് “വായുവിനെ കുത്തുന്നതി”നോടു താരതമ്യപ്പെടുത്താവുന്നതായിരിക്കും? (ബി) അത് പിന്തടരുന്നതിന് അപകടകരമായ ഒരു ഗതിയായിരിക്കുന്നതെന്തുകൊണ്ട്?
18 മറെറാരു കായികാഭ്യാസ സംഭവത്തോടുള്ള സമാന്തരം കാണിച്ചുകൊണ്ട് പൗലോസ് കൂടുതലായി ഇങ്ങനെ പറഞ്ഞു: “വായുവിനെ കുത്താൻ തക്കവണ്ണമല്ല ഞാൻ എന്റെ പ്രഹരങ്ങളെ ലക്ഷീകരിക്കുന്നത്.” (1 കൊരിന്ത്യർ 9:26ബി, NW) ജീവനുവേണ്ടിയുള്ള നമ്മുടെ മത്സരത്തിൽ സാത്താനും ലോകവും നമ്മുടെ സ്വന്തം അപൂർണ്ണതയും ഉൾപ്പെടെ അനേകം ശത്രുക്കൾ നമുക്കുണ്ട്. ഒരു പുരാതന ബോക്സറെപ്പോലെ നല്ല ലക്ഷ്യംവെച്ചുള്ള പ്രഹരങ്ങളാൽ അവരെ വീഴിക്കാൻ നാം പ്രാപ്തരായിരിക്കണം. സന്തോഷകരമെന്നു പറയട്ടെ, യഹോവയാം ദൈവം പോരാട്ടത്തിൽ നമ്മെ പരിശീലിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്നു. അവൻ തന്റെ വചനത്തിലും ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങളിലും ക്രിസ്തീയയോഗങ്ങളിലും പ്രബോധനങ്ങൾ നൽകുന്നു. എന്നിരുന്നാലും നാം ബൈബിളും പ്രസിദ്ധീകരണങ്ങളും വായിക്കുകയും യോഗങ്ങൾക്കു പോകുകയും നാം പഠിക്കുന്നത് പ്രായോഗികമാക്കാതിരിക്കുകയും ചെയ്യുന്നുവെങ്കിൽ നാം “വായുവിനെ കുത്തി”ക്കൊണ്ട് നമ്മുടെ ശ്രമങ്ങളെ പാഴാക്കുകയല്ലയോ? അങ്ങനെ ചെയ്യുന്നത് നമ്മെ വളരെ അപകടകരമായ ഒരു നിലയിലാക്കുന്നു. നാം ഒരു പോരാട്ടം നടത്തുകയാണെന്നു വിചാരിക്കുകയും അങ്ങനെ ഒരു വ്യാജസുരക്ഷിതത്വബോധം നേടുകയും ചെയ്യുന്നു, എന്നാൽ നാം നമ്മുടെ ശത്രുക്കളെ തോൽപ്പിക്കുന്നില്ല. അതുകൊണ്ടാണ് ശിഷ്യനായ യക്കോബ് ഇങ്ങനെ ബുദ്ധിയുപദേശിച്ചത്: “എങ്കിലും വചനം കേൾക്കമാത്രം ചെയ്തുകൊണ്ടു തങ്ങളെ തന്നേ ചതിക്കാതെ അതിനെ ചെയ്യുന്നവരായും ഇരിപ്പിൻ.” “വായുവിനെ കുത്തുന്നത്” നമ്മുടെ ശത്രുക്കളെ തളർത്തുകയില്ലാത്തതുപോലെ, “കേൾക്കുന്നവർ മാത്രം” ആയിരിക്കുന്നതും നാം ദൈവേഷ്ടം ചെയ്യുകയാണെന്ന് ഉറപ്പുനൽകുകയില്ല.—യാക്കോബ് 1:22; 1 ശമുവേൽ 15:22; മത്തായി 7:24, 25.
19. നാം എങ്ങനെയെങ്കിലും അംഗീകാരമില്ലാത്തവരായിത്തീരാതിരിക്കുന്നുവെന്ന് എങ്ങനെ നമുക്ക് ഉറപ്പുവരുത്താൻ കഴിയും?
19 ഒടുവിൽ, പൗലോസ് തന്റെ വിജയരഹസ്യം നമ്മോടു പറഞ്ഞു: “മററുള്ളവരോടു പ്രസംഗിച്ച ശേഷം ഞാൻ തന്നേ കൊള്ളരുതാത്തവനായി പോകാതിരിക്കേണ്ടതിന്നു എന്റെ ശരീരത്തെ ദണ്ഡിപ്പിച്ചു അടിമയാക്കുകയത്രേ ചെയ്യുന്നതു.” (1 കൊരിന്ത്യർ 9:27) പൗലോസിനെപ്പോലെ, നാമും നമ്മുടെ അപൂർണ്ണ ജഡത്തെ നമ്മുടെ യജമാനനായിരിക്കാൻ അനുവദിക്കാതെ അതിനെ അധീനമാക്കണം. നാം ജഡികപ്രവണതകളെയും അഭീഷ്ടങ്ങളെയും മോഹങ്ങളെയും പിഴുതുമാറേറണ്ടതുണ്ട്. (റോമർ 8:5-8; യാക്കോബ് 1:14, 15) അങ്ങനെ ചെയ്യുന്നത് വേദനാജനകമായിരിക്കാൻ കഴിയും, കാരണം “പമൽ” (ദണ്ഡിപ്പിക്കുക) എന്ന് ഇംഗ്ലീഷിൽ വിവർത്തനംചെയ്തിരിക്കുന്ന വാക്കിന്റെ അക്ഷരീയ അർത്ഥം ‘കണ്ണിന്റെ കീഴിൽ ഇടിക്കുക’ (കിംഗ്ഡം ഇൻറർലീനിയർ) എന്നാണ്. വീഴ്ചഭവിച്ച ജഡത്തിന്റെ മോഹങ്ങൾക്ക് വഴിപ്പെടുകയും മരിക്കുകയും ചെയ്യുന്നതിനെക്കാൾ നല്ലത് ചതഞ്ഞു കറുത്ത ഒരു കണ്ണുണ്ടായിരിക്കുന്നതും ജീവിക്കുന്നതുമല്ലേ?—മത്തായി 5:28, 29; 18:9; 1 യോഹന്നാൻ 2:15-17 താരതമ്യപ്പെടുത്തുക.
20. നാം ജീവനുവേണ്ടിയുള്ള ഓട്ടത്തിൽ എങ്ങനെ ഓടുന്നുവെന്ന് ഇപ്പോൾ പരിശോധിക്കുന്നത് വിശേഷാൽ അടിയന്തിരമായിരിക്കുന്നതെന്തുകൊണ്ട്?
20 ഇന്ന് നാം ഓട്ടത്തിന്റെ പൂർത്തീകരണരേഖയോട് അടുക്കുകയാണ്. സമ്മാനവിതരണത്തിന്റെ സമയം സമീപിച്ചിരിക്കുന്നു. അഭിഷിക്തക്രിസ്ത്യാനികൾക്ക് അത് “ക്രിസ്തുയേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ വിരുതാ”ണ്. (ഫിലിപ്പിയർ 3:14) മഹാപുരുഷാരത്തിന്, അത് ഒരു പറുദീസാഭൂമിയിലെ നിത്യജീവനാണ്. വളരെയധികം അപകടങ്ങളുള്ളതിനാൽ നമുക്ക് പൗലോസിനെപ്പോലെ, ‘കൊള്ളരുതാത്തവരായി പോകാതിരിക്കാൻ’ ദൃഢനിശ്ചയമുള്ളവരായിരിക്കാം. “നിങ്ങളും പ്രാപിപ്പാൻ തക്കവണ്ണം ഓടുവിൻ” എന്ന അനുശാസനം നമ്മിലോരോരുത്തർക്കും കാര്യമായി എടുക്കാം.—1 കൊരിന്ത്യർ 9:24, 27.
നിങ്ങൾ ഓർമ്മിക്കുന്നുവോ?
◻ ഒരു ക്രിസ്ത്യാനിയുടെ ജീവിതത്തെ ഒരു മത്സരയോട്ടത്തോടു താരതമ്യപ്പെടുത്തുന്നത് ഉചിതമായിരിക്കുന്നതെന്തുകൊണ്ട്?
◻ ജീവനുവേണ്ടിയുള്ള മത്സരയോട്ടം പാദങ്ങൾകൊണ്ടുള്ള ഓട്ടത്തിൽനിന്ന് വ്യത്യസ്തമായിരക്കുന്നതെങ്ങനെ?
◻ നാം തുടർച്ചയായും “സകലത്തിലും” ആത്മനിയന്ത്രണം പാലിക്കേണ്ടതെന്തുകൊണ്ട്?
◻ ഒരുവൻ “നിശ്ചയമില്ലാത്തവണ്ണ”മല്ലാതെ ഓടുന്നതെങ്ങനെ?
◻ കേവലം “വായുവിനെ കുത്തുന്നത്” അപകടകരമായിരിക്കുന്നതെന്തുകൊണ്ട്?
[16-ാം പേജിലെ ചിത്രം]
ചാമ്പ്യന്റെ റീത്ത് മഹത്വത്തെയും ബഹുമാനത്തെയുംപോലെതന്നെ മങ്ങിപ്പോകുന്ന ഒന്നാണ്