ആദിമസഭ ദൈവം ഒരു ത്രിത്വമാണെന്ന് പഠിപ്പിച്ചോ?
ഭാഗം 4—ത്രിത്വോപദേശം എപ്പോൾ, എങ്ങനെ വികാസംപ്രാപിച്ചു?
ഈ പരമ്പരയിലെ ആദ്യത്തെ മൂന്നു ലേഖനങ്ങൾ യേശുവും അവന്റെ ശിഷ്യൻമാരുമോ ആദിമ സഭാപിതാക്കൻമാരോ ത്രിത്വോപദേശം പഠിപ്പിച്ചില്ലെന്നു പ്രകടമാക്കി. (ഫെബ്രുവരി 1, 1992 വാച്ച്ററവർ; മെയ് 1, 1992; ജൂലൈ 1, 1992) ഈ അന്തിമ ലേഖനം ത്രിത്വസിദ്ധാന്തം എങ്ങനെ വളർന്നുവന്നുവെന്നും പൊ.യു. (പൊതുയുഗം) 325-ലെ നിഖ്യാകൗൺസിൽ എന്തു പങ്കു വഹിച്ചുവെന്നും ചർച്ചചെയ്യും.
പൊ.യു. 325-ാമാണ്ടിൽ റോമൻചക്രവർത്തിയായിരുന്ന കോൺസ്ററൻറയ്ൻ ഏഷ്യാമൈനറിലെ നിഖ്യാനഗരത്തിൽ ബിഷപ്പുമാരുടെ ഒരു കൗൺസിൽ വിളിച്ചുകൂട്ടി. അദ്ദേഹത്തിന്റെ ഉദ്ദേശ്യം ദൈവപുത്രന് സർവശക്തനായ ദൈവത്തോടുള്ള ബന്ധം സംബന്ധിച്ചുണ്ടായ തുടർച്ചയായ മതതർക്കങ്ങൾക്കു പരിഹാരംകാണുകയെന്നതായിരുന്നു. ആ കൗൺസിലിന്റെ ഫലങ്ങളെ സംബന്ധിച്ച് എൻസൈക്ലോപ്പീഡിയാ ബ്രിട്ടാനിക്കാ പറയുന്നു:
“കോൺസ്ററൻറയ്ൻതന്നെ ചർച്ചകളെ സജീവമായി നയിച്ചുകൊണ്ട് ആദ്ധ്യക്ഷ്യംവഹിക്കുകയും . . . കൗൺസിൽ പുറപ്പെടുവിച്ച വിശ്വാസപ്രമാണത്തിൽ ‘പിതാവുമായി ഏക സാരാംശം’ [ഹോമോഊസിയോസ്] എന്ന ദൈവത്തോടുള്ള ക്രിസ്തുവിന്റെ ബന്ധത്തെ പ്രകടമാക്കുന്ന നിർണ്ണായക ഫോർമുലാ വ്യക്തിപരമായി നിർദ്ദേശിക്കുകയും ചെയ്തു. . . . ചക്രവർത്തിയെ ഭയന്നു ബിഷപ്പുമാർ, രണ്ടുപേർ ഒഴികെ, വിശ്വാസപ്രമാണത്തിൽ ഒപ്പിട്ടു, അവരിൽ അനേകർ ഏറെയും തങ്ങളുടെ ചായ്വിനെതിരായി തന്നെ.”1
ഈ പുറജാതിഭരണകർത്താവു തന്റെ ബൈബിൾപരമായ ബോദ്ധ്യങ്ങൾനിമിത്തമായിരുന്നോ ഇടപെട്ടത്? അല്ല. ക്രിസ്തീയ ഉപദേശത്തിന്റെ ഒരു ഹ്രസ്വചരിത്രം (ഇംഗ്ലീഷ്) ഇങ്ങനെ പ്രസ്താവിക്കുന്നു: “കോൺസ്ററൻറയ്നിനു ഗ്രീക്കു ദൈവശാസ്ത്രത്തിൽ ചോദിക്കപ്പെടുന്ന ചോദ്യങ്ങൾ സംബന്ധിച്ച് അടിസ്ഥാനപരമായി യാതൊരു ഗ്രാഹ്യവുമുണ്ടായിരുന്നില്ല.”2 അദ്ദേഹത്തിനു മനസ്സിലായിരുന്നത് മതഭിന്നതകൾ തന്റെ സാമ്രാജ്യത്തിന്റെ ഐക്യത്തിന് ഒരു ഭീഷണിയാണെന്നുള്ളതായിരുന്നു, അവ പരിഹരിക്കപ്പെടാൻ അദ്ദേഹം ആഗ്രഹിച്ചു.
അത് ത്രിത്വോപദേശം സ്ഥാപിച്ചോ?
നിഖ്യായിലെ കൗൺസിൽ ത്രിത്വത്തെ ക്രൈസ്തവലോകത്തിന്റെ ഒരു ഉപദേശമായി സ്ഥിരീകരിക്കുകയോ ശരിവെക്കുകയോ ചെയ്തോ? വാസ്തവമതാണെന്ന് അനേകർ ഊഹിക്കുകയാണ്. എന്നാൽ മറിച്ചാണു വസ്തുതകൾ തെളിയിക്കുന്നത്.
ആ കൗൺസിൽ പ്രഖ്യാപിച്ച വിശ്വാസപ്രമാണം ദൈവപുത്രൻ ഒരു പ്രത്യേക വിധത്തിൽ ദൈവത്തോടു സമനാണെന്നു വീക്ഷിക്കാൻ പല വൈദികൻമാരെയും അനുവദിക്കുന്ന കാര്യങ്ങൾ തറപ്പിച്ചുപറയുകതന്നെ ചെയ്തു. എന്നിരുന്നാലും, നിഖ്യാവിശ്വാസപ്രമാണം പറയാഞ്ഞതെന്തെന്നു മനസ്സിലാക്കുന്നതു വെളിച്ചം നൽകുന്നതാണ്. ആദ്യം പ്രസിദ്ധീകരിച്ച വിധത്തിൽ മുഴു വിശ്വാസപ്രമാണവും പ്രസ്താവിച്ചതിങ്ങനെയാണ്:
“ഞങ്ങൾ ദൃശ്യവും അദൃശ്യവുമായ സകലത്തിന്റെയും നിർമ്മാതാവായ സർവശക്തനാം പിതാവായ ദൈവത്തിൽ വിശ്വസിക്കുന്നു;
“പിതാവിൽനിന്ന്, അതായത് പിതാവിന്റെ സാരാംശത്തിൽ നിന്നു ജനിച്ചവനും ഏകജാതനും ദൈവത്തിൽനിന്നുള്ള ദൈവവും പ്രകാശത്തിൽനിന്നുള്ള പ്രകാശവും സത്യദൈവത്തിൽനിന്നുള്ള സത്യദൈവവും ജനിച്ചവനും നിർമ്മിക്കപ്പെടാത്തവനും സകലവും, സ്വർഗ്ഗത്തിലുള്ളവയും ഭൂമിയിലുമുള്ളവയുംതന്നെ, ആരാൽ ആസ്തിക്യത്തിലേക്കു വന്നുവോ ആ പിതാവുമായി ഏക സാരാംശമുള്ളവനും മനുഷ്യർ നിമിത്തവും നമ്മുടെ രക്ഷ നിമിത്തവും ഇറങ്ങിവരുകയും മനുഷ്യനായിത്തീർന്നുകൊണ്ട് അവതരിക്കുകയും കഷ്ടമനുഭവിക്കുകയും മൂന്നാം ദിവസം വീണ്ടും ഉത്നാനം ചെയ്യുകയും സ്വർഗ്ഗങ്ങളിലേക്കു കയറുകയും ചെയ്തവനും ജീവനുള്ളവരെയും മരിച്ചവരെയും ന്യായംവിധിക്കാൻ വരാനിരിക്കുന്നവനുമായ ദൈവപുത്രനായ യേശുക്രിസ്തു എന്ന ഏക കർത്താവിലും;
“പരിശുദ്ധാത്മാവിലും.”3
പിതാവും പുത്രനും പരിശുദ്ധാത്മാവും ഏക ദൈവത്തിലെ മൂന്നാളുകളാണെന്ന് ഈ വിശ്വാസപ്രമാണം പറയുന്നുണ്ടോ? മൂന്നും നിത്യതയിലും ശക്തിയിലും സ്ഥാനത്തിലും ജ്ഞാനത്തിലും സമൻമാരാണെന്ന് അതു പറയുന്നുവോ? ഇല്ല, പറയുന്നില്ല. ഇവിടെ യാതൊരു ത്രിയേകഫോർമുലായുമില്ല. ആദ്യ നിഖ്യാവിശ്വാസപ്രമാണം ത്രിത്വം സ്ഥിരീകരിക്കുകയോ ശരിവെക്കുകയോ ചെയ്തില്ല.
കൂടിയാൽ ആ വിശ്വാസപ്രമാണം പുത്രൻ പിതാവുമായി “ഏക സാരാംശ”മായിരിക്കുന്നതായി സമത്വം കൊടുക്കുകയാണു ചെയ്യുന്നത്. എന്നാൽ അതു പരിശുദ്ധാത്മാവിനെക്കുറിച്ച് അങ്ങനെ യാതൊന്നും പറയുന്നില്ല. ഞങ്ങൾ “പരിശുദ്ധാത്മാവിലും” വിശ്വസിക്കുന്നു എന്നു മാത്രമാണ് അതു പറയുന്നത്. ക്രൈസ്തവലോകത്തിന്റെ ത്രിത്വോപദേശം അതല്ല.
“ഏക സാരാംശം” (ഹോമോഊസിയോസ്) എന്ന മുഖ്യ പദപ്രയോഗംപോലും പിതാവും പുത്രനുമായുള്ള സംഖ്യാപരമായ ഒരു സമത്വത്തിൽ കൗൺസിൽ വിശ്വസിച്ചുവെന്നു അവശ്യം അർത്ഥമാക്കുന്നില്ല. ദി ന്യൂ കാത്തലിക്ക് എൻസൈക്ലോപ്പീഡിയാ ഇങ്ങനെ പ്രസ്താവിക്കുന്നു:
“കൗൺസിൽ പിതാവിന്റെയും പുത്രന്റെയും സാരാംശത്തിന്റെ സംഖ്യാപരമായ ഏകത സ്ഥിരപ്പെടുത്താൻ ഉദ്ദേശിച്ചുവെന്നതു സംശയകരമാണ്.”4
പുത്രനും പിതാവും സംഖ്യാപരമായി ഒന്നാണെന്നു കൗൺസിൽ അർത്ഥമാക്കിയിരുന്നാൽപോലും അപ്പോഴും അത് ഒരു ത്രിത്വമായിരിക്കുമായിരുന്നില്ല. അത് ത്രിത്വോപദേശം ആവശ്യപ്പെടുന്നതുപോലെ ഒരു ത്രിയേക ദൈവമല്ല, പിന്നെയോ ദ്വിത്വൈക ദൈവം മാത്രമായിരിക്കും.
“ഒരു ന്യൂനപക്ഷ വീക്ഷണം”
നിഖ്യായിൽ ബിഷപ്പുമാർ പൊതുവേ പുത്രൻ ദൈവത്തോടു സമനാണെന്നു വിശ്വസിച്ചുവോ? ഇല്ല, മത്സരാത്മക വീക്ഷണങ്ങളാണുണ്ടായിരുന്നത്. ദൃഷ്ടാന്തത്തിന്, അറിയൂസ് ഒരു വീക്ഷണത്തെ പ്രതിനിധാനംചെയ്തു, പുത്രന് കാലസംബന്ധമായി പരിമേയമായ ഒരു തുടക്കമുണ്ടെന്നും തന്നിമിത്തം ദൈവത്തോടു സമനല്ല, പിന്നെയോ സകല വിധത്തിലും താണവനാണെന്നും അദ്ദേഹം പഠിപ്പിച്ചു. മറിച്ച് അത്താനാസ്യോസ് പുത്രൻ ഒരു പ്രത്യേകവിധത്തിൽ പിതാവിനോടു സമനാണെന്നു വിശ്വസിച്ചു. മററു വീക്ഷണങ്ങളുമുണ്ടായിരുന്നു.
പുത്രനെ ദൈവത്തിന്റെ അതേ സാരാംശമുള്ളവനായി (ഏകമൂർത്തിയായി) പരിഗണിക്കാനുള്ള കൗൺസിലിന്റെ തീരുമാനം സംബന്ധിച്ചു മാർട്ടിൻ മാർട്ടി ഇങ്ങനെ പ്രസ്താവിക്കുന്നു: “നിഖ്യാ യഥാർത്ഥത്തിൽ ഒരു ന്യൂനപക്ഷ വീക്ഷണത്തെ പ്രതിനിധാനംചെയ്തു; തീരുമാനം അനായാസമായിരുന്നില്ല, അറിയൂസിന്റെ വീക്ഷണമില്ലാഞ്ഞ അനേകർക്ക് അസ്വീകാര്യവുമായിരുന്നു.”5 സമാനമായി, ക്രിസ്തീയവിശ്വാസത്തിലെ നിഖ്യാപിതാക്കൻമാരുടെയും നിഖ്യാനന്തരപിതാക്കൻമാരുടെയും തെരഞ്ഞെടുത്ത ഒരു ഗ്രന്ഥശേഖരം (ഇംഗ്ലീഷ്) എന്ന പുസ്തകം കുറിക്കൊള്ളുന്ന പ്രകാരം “അറിയൂസ്വാദത്തിനു വിരുദ്ധമായി വ്യക്തമായി ആവിഷ്ക്കരിക്കപ്പെട്ട ഒരു ഉപദേശനിലപാട് ഒരു ന്യൂനപക്ഷം മാത്രമാണു സ്വീകരിച്ചത്, ആ ന്യൂനപക്ഷം അന്നു വിജയിച്ചെങ്കിലും.”6 ക്രിസ്തീയ ഉപദേശത്തിന്റെ ഒരു ഹ്രസ്വചരിത്രം (ഇംഗ്ലീഷ്) ഇങ്ങനെ പ്രസ്താവിക്കുന്നു:
“കിഴക്കുള്ള അനേകം ബിഷപ്പുമാർക്കും ദൈവശാസ്ത്രജ്ഞൻമാർക്കും വിശേഷാൽ പ്രതിഷേധാർഹമായി തോന്നിയതു കോൺസ്ററൻറയ്ൻതന്നെ വിശ്വാസപ്രമാണത്തിൽ ചേർത്ത ഹോമോഊസിയോസ് (“ഏക സാരാംശം”) എന്ന സങ്കൽപനമായിരുന്നു, യാഥാസ്ഥിതിക വിശ്വാസവും പാഷണ്ഡവിശ്വാസവും തമ്മിൽ തുടർന്നുണ്ടായ ശണ്ഠയിലെ തർക്കവിഷയം അതായിരുന്നു.”7
കൗൺസിലിനുശേഷം, തർക്കം ദശാബ്ദങ്ങളോളം തുടർന്നു. പുത്രനെ സർവശക്തനായ ദൈവത്തോടു സമനാക്കുന്ന ആശയത്തെ അനുകൂലിച്ചവർക്കു കുറേ കാലത്തേക്കു ജനസമ്മതി നഷ്ടപ്പെടുകപോലും ചെയ്തു. ദൃഷ്ടാന്തത്തിന്, അത്താനാസ്യോസിനെക്കുറിച്ചു മാർട്ടിൻ മാർട്ടി പറയുന്നു: “അദ്ദേഹത്തിന്റെ ജനസമ്മതി വർദ്ധിക്കുകയും കുറയുകയും ചെയ്തു, അദ്ദേഹം ഫലത്തിൽ അങ്ങോട്ടുമിങ്ങോട്ടും സ്ഥിരം യാത്രചെയ്യുന്നയാളായിത്തീരത്തക്കവണ്ണം മിക്കപ്പോഴും [കൗൺസിലിനു ശേഷമുള്ള വർഷങ്ങളിൽ] നാടുകടത്തപ്പെട്ടു.”8 പുത്രനെ ദൈവത്തോടു സമനാക്കിയ അത്താനാസ്യോസിന്റെ വീക്ഷണങ്ങളെ രാഷ്ട്രീയാധികൃതരും സഭാധികൃതരും എതിർത്തതുകൊണ്ടു അദ്ദേഹം വർഷങ്ങളോളം പ്രവാസത്തിൽ കഴിഞ്ഞു.
അതുകൊണ്ടു പൊ.യു. 325-ലെ കൗൺസിൽ ത്രിത്വോപദേശം സ്ഥാപിക്കുകയോ ശരിവെക്കുകയോ ചെയ്തു എന്നു തറപ്പിച്ചുപറയുന്നതു സത്യമല്ല. പിൽക്കാലത്തു ത്രിത്വോപദേശമായിത്തീർന്നത് ആ കാലത്തു നിലവിലില്ലായിരുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവും ഓരോരുത്തരും സത്യദൈവമാണെന്നും നിത്യതയിലും ശക്തിയിലും സ്ഥാനത്തിലും ജ്ഞാനത്തിലും സമൻമാരാണെന്നും എങ്കിലും ഒരു സത്യദൈവം മാത്രമായ ഒരു ത്രിയേകദൈവം ആണെന്നുമുള്ള ആശയം ആ കൗൺസിലോ അതിനു മുമ്പത്തെ സഭാപിതാക്കൻമാരോ വികസിപ്പിച്ചെടുത്തില്ല. ആദ്യത്തെ മൂന്നു നൂററാണ്ടുകളിലെ സഭ (ഇംഗ്ലീഷ്) പ്രസ്താവിക്കുന്നതുപോലെ:
“ജനസമ്മതിയുള്ള ആധുനിക ത്രിത്വോപദേശത്തിനു . . . ജസ്ററിന്റെ [മാർട്ടെർ] ഭാഷയുടെ പിൻബലമില്ല: ഈ നിരീക്ഷണം നിഖ്യായിക്കു മുമ്പത്തെ സകല പിതാക്കൻമാർക്കും ബാധകമാക്കാവുന്നതാണ്; അതായത്, ക്രിസ്തുവിന്റെ ജനനശേഷമുള്ള മൂന്നു നൂററാണ്ടുകളിലെ സകല എഴുത്തുകാർക്കും. അവർ പിതാവിനെയും പുത്രനെയും പ്രാവചനിക അല്ലെങ്കിൽ പരിശുദ്ധ ആത്മാവിനെയും കുറിച്ചു പറയുന്നുവെന്നതു സത്യമാണ്, എന്നാൽ സഹനിത്യൻമാരായിട്ടല്ല, സംഖ്യാപരമായ ഏക സാരമായിട്ടല്ല, ഇപ്പോൾ ത്രിത്വവാദികൾ സമ്മതിക്കുന്ന ഏതെങ്കിലും അർത്ഥത്തിൽ ത്രിയേകനായിട്ടുമല്ല. നേരെമറിച്ചുതന്നെയാണു സത്യം. ഈ പിതാക്കൻമാർ വിശദീകരിച്ച ത്രിത്വോപദേശം ആധുനിക ഉപദേശത്തിൽനിന്നു സാരവത്തായി വ്യത്യസ്തമാണ്. ഞങ്ങൾ ഇതു പറയുന്നതു മനുഷ്യാഭിപ്രായങ്ങളുടെ ചരിത്രത്തിലെ ഏതു വസ്തുതയേയുംപോലെ തെളിവിനു വഴങ്ങുന്ന ഒരു വസ്തുതയായിട്ടാണ്.”
“ആധുനിക അർത്ഥത്തിൽ ഈ [ത്രിത്വ] ഉപദേശം വിശ്വസിച്ച ആദ്യത്തെ മൂന്നു യുഗങ്ങളിലെ ഗണനീയനായ ഏതെങ്കിലും എഴുത്തുകാരനെ ഉദ്ധരിക്കാൻ ഞങ്ങൾ ഏതൊരാളെയും വെല്ലുവിളിക്കുകയാണ്.”9
എന്നിരുന്നാലും, നിഖ്യാ ഒരു വഴിത്തിരിവിനെ പ്രതിനിധാനംചെയ്യുകതന്നെ ചെയ്തു. അതു പുത്രൻ പിതാവിനോടു സമനാണെന്നുള്ള ഔദ്യോഗിക അംഗീകാരത്തിനു വാതിൽ തുറന്നിട്ടു, പിൽക്കാലത്തെ ത്രിത്വാശയത്തിനു വഴിയൊരുക്കിയതും അതാണ്. ജെ.എ ബക്ലി രചിച്ച രണ്ടാം നൂററാണ്ടിലെ യാഥാസ്ഥിതികത്വം (ഇംഗ്ലീഷ്) എന്ന പുസ്തകം ഇങ്ങനെ പ്രസ്താവിക്കുന്നു:
“കുറഞ്ഞപക്ഷം രണ്ടാം നൂററാണ്ടിന്റെ അവസാനംവരെ, സാർവത്രികസഭ ഒരു അടിസ്ഥാന അർത്ഥത്തിൽ ഒററക്കെട്ടായി നിലകൊണ്ടു; അവരെല്ലാം പിതാവിന്റെ പരമോന്നതത്വത്തെ അംഗീകരിച്ചു. സർവശക്തനായ പിതാവാം ദൈവം മാത്രം പരമോന്നതനും മാററമില്ലാത്തവനും അവർണ്ണനീയനും ആരംഭമില്ലാത്തവനുമാണെന്നു കരുതി. . . .
“ആ രണ്ടാം നൂററാണ്ടിലെ എഴുത്തുകാരും നേതാക്കൻമാരും മരിച്ചതോടെ, സഭ . . . ആദിമവിശ്വാസത്തിന്റെ ഭാഗംഭാഗമായുള്ള ഈ ക്ഷയിക്കലിന്റെയെല്ലാം പരകോടിയിലെത്തിയ നിഖ്യാ കൗൺസിലിലെ . . . ആ ഘട്ടത്തിലേക്കു സാവധാനത്തിൽ എന്നാൽ വഴക്കമില്ലാതെ നീങ്ങുകയായിരുന്നു. അവിടെ ഒരു ചെറിയ സ്ഫോടനാത്മക ന്യൂനപക്ഷം വഴിപ്പെട്ടുപോകുന്ന ഒരു ഭൂരിപക്ഷത്തെ അതിന്റെ പാഷണ്ഡോപദേശം അടിച്ചേൽപ്പിച്ചു, അവർ തങ്ങളുടെ വിശ്വാസത്തിന്റെ പുരാതനവിശുദ്ധിയെ കളങ്കമേൽക്കാതെ നിലനിർത്താൻ കഠിനശ്രമംചെയ്തവരെ രാഷ്ട്രീയാധികാരികളുടെ പിൻബലത്തോടെ നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും വശീകരിക്കുകയും ചെയ്തു.”10
കോൺസ്ററാൻറിനോപ്പിളിലെ കൗൺസിൽ
പൊ.യു. 381-ൽ കോൺസ്ററാൻറിനോപ്പിളിലെ കൗൺസിൽ നിഖ്യാവിശ്വാസപ്രമാണത്തെ ശരിവെച്ചു. അതു മററു ചിലതുകൂടെ കൂട്ടിച്ചേർത്തു. അതു പരിശുദ്ധാത്മാവിനെ “കർത്താവ്” എന്നും “ജീവദാതാവ്” എന്നും വിളിച്ചു. പൊ.യു. 381-ലെ വിപുലീകൃത വിശ്വാസപ്രമാണം (അതാണ് ഇന്നത്തെ സഭകളിൽ സാരവത്തായി ഉപയോഗിക്കപ്പെടുന്നതും “നിഖ്യാവിശ്വാസപ്രമാണം” എന്നു വിളിക്കപ്പെടുന്നതും) ക്രൈസ്തവലോകം പൂർണ്ണവികസിതമായ ഒരു ത്രിത്വസിദ്ധാന്തം ആവിഷ്ക്കരിക്കുന്നതിന്റെ വക്കോളമെത്തിയിരുന്നുവെന്നു പ്രകടമാക്കുന്നു. എന്നിരുന്നാലും, ഈ കൗൺസിൽപോലും ആ ഉപദേശത്തെ പൂർത്തീകരിച്ചില്ല. ന്യൂ കാത്തലിക്ക് എൻസൈക്ലോപ്പീഡിയാ ഇങ്ങനെ സമ്മതിച്ചുപറയുന്നു:
നിഖ്യാ Iനുശേഷം 60വർഷം കഴിഞ്ഞു കോൺസ്ററാൻറിനോപ്പിൾ കൗൺസിൽ I [പൊ.യു. 381] പരിശുദ്ധാത്മാവിന്റെ ദൈവത്വംസംബന്ധിച്ച അതിന്റെ നിർവചനത്തിൽ ഹോമോഊസിയോസ് ഒഴിവാക്കിയതു കൗതുകകരമാണ്.”11
“ഈ വിശ്വാസപ്രമാണത്തിന്റെ ഭാഗത്തെ ആശയപ്രകാശനത്തിന്റെ പ്രകടമായ മാർദ്ദവം പണ്ഡിതൻമാരെ അന്ധാളിപ്പിച്ചിരിക്കുന്നു; ദൃഷ്ടാന്തത്തിന്, പരിശുദ്ധാത്മാവിനു പിതാവിനോടും പുത്രനോടും ഏകസാരാംശമുള്ളതെന്ന നിലയിൽ ഹോമോഊസിയോസ് എന്ന പദം ഉപയോഗിക്കുന്നതിലുള്ള അതിന്റെ പരാജയം.”12
അതേ എൻസൈക്ലോപ്പീഡിയാ ഇങ്ങനെ സമ്മതിക്കുന്നു: “ഹോമോഊസിയോസ് തിരുവെഴുത്തിൽ കാണപ്പെടുന്നില്ല.”13 പരിശുദ്ധാത്മാവോ പുത്രനോ പിതാവിനോടു ഏകസാരാംശത്തിലായിരിക്കുന്നതായി കാണിക്കാൻ ബൈബിൾ ആ പദം ഉപയോഗിക്കുന്നില്ല. അത് ബൈബിൾപരമല്ലാത്ത, തീർച്ചയായും ബൈബിൾവിരുദ്ധമായ, ത്രിത്വോപദേശത്തിലേക്കു നയിക്കാൻ സഹായിച്ച ബൈബിൾപരമല്ലാത്ത ഒരു പദപ്രയോഗമായിരുന്നു.
കോൺസ്ററാൻറിനോപ്പിളിനുശേഷം പോലും, ക്രൈസ്തവലോകത്തിലുടനീളം ത്രിത്വോപദേശം സ്വീകരിക്കപ്പെടുന്നതിനു നൂററാണ്ടുകളെടുത്തു. ന്യൂ കാത്തലിക്ക് എൻസൈക്ലോപ്പീഡിയ ഇങ്ങനെ പറയുന്നു: “പടിഞ്ഞാറ് . . . കോൺസ്ററാൻറിനോപ്പിൾ Iനെയും അതിന്റെ വിശ്വാസപ്രമാണത്തെയും സംബന്ധിച്ച് ഒരു പൊതു മൗനം വ്യാപിച്ചിരുന്നതായി തോന്നുന്നു.”14 ഏഴാം അല്ലെങ്കിൽ എട്ടാം നൂററാണ്ടുവരെ ഈ കൗൺസിലിന്റെ വിശ്വാസപ്രമാണം പരക്കെ അംഗീകരിക്കപ്പെട്ടില്ല എന്ന് ഈ ഗ്രന്ഥം പറയുന്നു.
ത്രിത്വോപദേശത്തിന്റെ മാതൃകാപരമായ നിർവചനവും തെളിവുമായി മിക്കപ്പോഴും ഉദ്ധരിക്കപ്പെടുന്ന അത്താനാസ്യോസിന്റെ വിശ്വാസപ്രമാണം അദ്ദേഹത്താലല്ല, പിന്നെയോ വളരെക്കാലശേഷം ഒരു അജ്ഞാത ഗ്രന്ഥകാരനാലാണ് എഴുതപ്പെട്ടതെന്നും പണ്ഡിതൻമാർ സമ്മതിക്കുന്നു. ന്യൂ എൻസൈക്ലോപ്പീഡിയാ ബ്രിട്ടാനിക്കാ ഇങ്ങനെ അഭിപ്രായപ്പെടുന്നു:
“ഈ വിശ്വാസപ്രമാണം 12-ാം നൂററാണ്ടുവരെ പൗരസ്ത്യസഭക്ക് അറിയപ്പെട്ടിരുന്നില്ല. പതിനേഴാം നൂററാണ്ടുമുതൽ, അത്താനാസ്യോസിന്റെ വിശ്വാസപ്രമാണം അത്താനാസ്യോസിനാൽ (373-ൽ മരിച്ചു) എഴുതപ്പെട്ടതല്ല, എന്നാൽ അതു 5-ാം നൂററാണ്ടിൽ തെക്കൻ ഫ്രാൻസിൽവെച്ച് എഴുതപ്പെട്ടതായിരിക്കാൻ ഇടയുണ്ടെന്നു പണ്ഡിതൻമാർ പൊതുവേ സമ്മതിച്ചിട്ടുണ്ട്. . . . ഈ വിശ്വാസപ്രമാണത്തിന്റെ സ്വാധീനം 6ഉം 7ഉം നൂററാണ്ടുകളിൽ മുഖ്യമായി തെക്കൻ ഫ്രാൻസിലും സ്പെയിനിലും ആയിരുന്നു എന്നു തോന്നുന്നു. അത് 9-ാം നൂററാണ്ടിൽ ജർമ്മനിയിലെ സഭയുടെ നമസ്കാരക്രമത്തിലും കൂറേക്കൂടെ കഴിഞ്ഞു റോമിലും ഉപയോഗിക്കപ്പെട്ടിരുന്നു.”15
അതു വികാസംപ്രാപിച്ച വിധം
ത്രിത്വോപദേശം നൂററാണ്ടുകളടങ്ങിയ ഒരു കാലഘട്ടത്തിലെ അതിന്റെ സാവധാനത്തിലുള്ള വികാസത്തിനു തുടക്കമിട്ടു. ക്രിസ്തുവിനു പല നൂററാണ്ടുകൾക്കു മുമ്പു ജീവിച്ചിരുന്ന പ്ലേറേറായെപ്പോലുള്ള ഗ്രീക്ക്തത്വചിന്തകൻമാരുടെ ത്രിത്വാശയങ്ങൾ ക്രമേണ സഭോപദേശങ്ങളിലേക്കു നുഴഞ്ഞുകയറി. ആദ്യത്തെ മൂന്നു നൂററാണ്ടുകളിലെ സഭ (ഇംഗ്ലീഷ്) പറയുന്ന പ്രകാരം:
“ത്രിത്വോപദേശം ക്രമേണയും താരതമ്യേന താമസിച്ചും രൂപംകൊണ്ടതാണെന്നും നാം വിശ്വസിക്കുന്നു; അത് യഹൂദ്യ, ക്രിസ്തീയ തിരുവെഴുത്തുകളിൽനിന്നു തികച്ചും ഭിന്നമായ ഒരു ഉറവിൽനിന്നാണ് ഉത്ഭവിച്ചതെന്നും അതു വളർന്നുവന്നു പ്ലേറേറായുടെ ചിന്തകൾ സ്വീകരിച്ചുകൊണ്ടിരുന്ന പിതാക്കൻമാരുടെ കൈകളാൽ ക്രിസ്ത്യാനിത്വത്തോടു ചേർക്കപ്പെട്ടുവെന്നും ജസ്ററിന്റെ കാലത്തും പിന്നീടു ദീർഘകാലവും പുത്രന്റെ വ്യതിരിക്ത പ്രകൃതിയും താണ പദവിയും സാർവലൗകികമായി പഠിപ്പിക്കപ്പെട്ടിരുന്നുവെന്നും ത്രിത്വത്തിന്റെ മങ്ങിയ ആദ്യ ബാഹ്യരൂപം മാത്രമാണ് അന്ന് ദൃശ്യമായിരുന്നതെന്നും ഞങ്ങൾ വിശ്വസിക്കുന്നു.”16
പ്ലേറേറായ്ക്കു മുമ്പു ത്രയങ്ങൾ അല്ലെങ്കിൽ ത്രിത്വങ്ങൾ ബാബിലോണിലും ഈജിപ്ററിലും സാധാരണമായിരുന്നു. റോമൻലോകത്തിലെ അവിശ്വാസികളെ ആകർഷിക്കാനുള്ള പള്ളിക്കാരുടെ ശ്രമങ്ങൾ ആ ആശയങ്ങളിൽ ചിലതു ക്രമേണ ക്രിസ്ത്യാനിത്വത്തോടു കൂട്ടിച്ചേർക്കുന്നതിലേക്കു നയിച്ചു. ഇതു കാലക്രമത്തിൽ പുത്രനും പരിശുദ്ധാത്മാവും പിതാവിനോടു സമൻമാരാണെന്നുള്ള വിശ്വാസത്തിന്റെ അംഗീകരണത്തിലേക്കു നയിച്ചു.a
“ത്രിത്വം” എന്ന പദംപോലും സാവധാനത്തിൽ മാത്രമാണ് സ്വീകരിച്ചത്. രണ്ടാം നൂററാണ്ടിന്റെ ഒടുവിലത്തെ പകുതിയിലാണ് സിറിയൻ അന്ത്യോക്യയിലെ ബിഷപ്പായിരുന്ന തിയോഫെലസ് ഗ്രീക്കിലെഴുതുകയും “ത്രയം” എന്നോ “ത്രിത്വം” എന്നോ അർത്ഥമുള്ള ട്രയസ് എന്ന പദം അവതരിപ്പിക്കുകയും ചെയ്തത്. പിന്നീട് വടക്കേ ആഫ്രിക്കയിൽ കാർത്തേജിലെ ലത്തീൻഎഴുത്തുകാരനായ തെർത്തുല്യൻ ട്രിനിററസ് എന്ന പദം തന്റെ എഴുത്തുകളിൽ അവതരിപ്പിച്ചു, അതിന്റെ അർത്ഥം “ത്രിത്വം” എന്നാണ്.b എന്നാൽ ട്രയസ് എന്ന പദം നിശ്വസ്ത ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിൽ കാണപ്പെടുന്നില്ല. ട്രിനിററസ് എന്ന പദം വൾഗേററ് എന്നു വിളിക്കപ്പെടുന്ന ബൈബിളിന്റെ ലത്തീൻപരിഭാഷയിൽ കാണപ്പെടുന്നില്ല. രണ്ടു പദപ്രയോഗങ്ങളും ബൈബിൾപരമല്ല. എന്നാൽ പുറജാതി സങ്കൽപ്പനങ്ങളിലധിഷ്ഠിതമായ “ത്രിത്വം” എന്ന പദം സഭകളുടെ സാഹിത്യത്തിലേക്കു നുഴഞ്ഞുകടക്കുകയും നാലാം നൂററാണ്ടിനുശേഷം അവയുടെ സിദ്ധാന്തത്തിന്റെ ഭാഗമായിത്തീരുകയും ചെയ്തു.
അങ്ങനെ, ബൈബിളിൽ ഇങ്ങനെയൊരു ഉപദേശം പഠിപ്പിക്കുന്നുണ്ടോയെന്നു കാണാൻ പണ്ഡിതൻമാർ ബൈബിൾ പൂർണ്ണമായി പരിശോധിച്ചില്ല. മറിച്ച്, മതേതര രാഷ്ട്രീയവും സഭാരാഷ്ട്രീയവുമാണ് ഈ ഉപദേശം അധികമായി ഉറപ്പിച്ചത്. ക്രിസ്തീയപാരമ്പര്യം എന്ന പുസ്തകത്തിൽ ഗ്രന്ഥകർത്താവായ യാരോസ്ലാഫ് പെലിക്കൻ “വാദപ്രതിവാദത്തിലെ ദൈവശാസ്ത്രപരമല്ലാത്ത ഘടകങ്ങളിലേക്കു” ശ്രദ്ധ ക്ഷണിക്കുന്നു, “അവയിൽ അനേകവും അതിന്റെ ഫലം നിർണ്ണയിക്കുന്നതിനു വീണ്ടും വീണ്ടും തയ്യാറായിരുന്നതായും തോന്നുന്നു, തുല്യപ്രാധാന്യമുള്ള മററു ശക്തികൾ അതു റദ്ദാക്കിയെന്നു മാത്രം. ഉപദേശം മിക്കപ്പോഴും സഭാരാഷ്ട്രീയത്തിന്റെയും വ്യക്തിത്വഭിന്നതകളുടെയും ഇര—അല്ലെങ്കിൽ ഉത്പന്നം—ആണെന്നു തോന്നി.”17 യേയ്ൽ പ്രൊഫസ്സറായ ഇ. വാഷ്ബേൺ ഹോപ്ക്കിൻസ് അത് ഈ വിധത്തിൽ പ്രസ്താവിക്കുന്നു: “ത്രിത്വത്തിന്റെ അന്തിമ യാഥാസ്ഥിതിക നിർവചനം ഏറെയും സഭാരാഷ്ട്രീയത്തിന്റെ ഒരു സംഗതിയായിരുന്നു.”18
ദൈവം പരമോന്നതനും അതുല്യനുമാണെന്നുള്ള ലളിതമായ ബൈബിളുപദേശത്തോടു താരതമ്യപ്പെടുത്തുമ്പോൾ ത്രിത്വോപദേശം എത്ര യുക്തിഹീനമാണ്! ദൈവം പറയുന്നതുപോലെ: “നിങ്ങൾ എന്നെ ആരോടു ഉപമിച്ചു സദൃശമാക്കും? തമ്മിൽ ഒത്തുവരത്തക്കവണ്ണം എന്നെ ആരോടു തുല്യമാക്കും?”—യെശയ്യാവ് 46:5.
അതു സൂചിപ്പിച്ചത്
ത്രിത്വാശയത്തിന്റെ ക്രമേണയുള്ള വികാസം എന്തു സൂചിപ്പിച്ചു? അതു യേശു മുൻകൂട്ടിപ്പറഞ്ഞ സത്യക്രിസ്ത്യാനിത്വത്തിൽനിന്നുള്ള വീഴ്ചയുടെ ഭാഗമായിരുന്നു. (മത്തായി 13:24-43) അപ്പൊസ്തലനായ പൗലോസും വരാനിരുന്ന വിശ്വാസത്യാഗത്തെ മുൻകൂട്ടിപ്പറഞ്ഞിരുന്നു:
“വിശ്വാസയോഗ്യമായ പഠിപ്പിക്കലിൽ അശേഷം തൃപ്തിപ്പെടാതെ ആളുകൾ ഏററവും ഒടുവിലത്തെ പുതുമയിൽ അത്യാർത്തിയുള്ളവരായി തങ്ങളുടെ സ്വന്തം അഭിരുചികൾക്കനുസൃതമായി ഉപദേഷ്ടാക്കളുടെ ഒരു മുഴു പരമ്പരയെയും കൂട്ടുന്ന കാലം തീർച്ചയായും വരും; പിന്നീട് സത്യം കേട്ടനുസരിക്കുന്നതിനു പകരം അവർ കെട്ടുകഥകളിലേക്കു തിരിയും.”—2 തിമൊഥെയോസ് 4:3, 4, കാത്തലിക്ക് ജറൂസലം ബൈബിൾ.
ഈ കെട്ടുകഥകളിലൊന്ന് ത്രിത്വോപദേശമായിരുന്നു. ക്രമേണ വികാസംപ്രാപിച്ച, ക്രിസ്ത്യാനിത്വത്തിനു വിരുദ്ധമായ മററു ചില കെട്ടുകഥകൾ ആയിരുന്നു: മനുഷ്യദേഹിയുടെ സഹജമായ അമർത്യത, ശുദ്ധീകരണസ്ഥലം, ലിംബോ, നരകാഗ്നിയിലെ നിത്യദണ്ഡനം എന്നിവ.
അങ്ങനെ, ത്രിത്വോപദേശം എന്താണ്? അതു യഥാർത്ഥത്തിൽ ക്രിസ്തീയ ഉപദേശമായി കപടവേഷമണിഞ്ഞ ഒരു പുറജാതി ഉപദേശമാണ്. അതു ദൈവത്തെ ആളുകൾക്കു കുഴപ്പിക്കുന്നവനും ദുർജ്ഞേയനുമാക്കാൻ സാത്താൻ പ്രോൽസാഹിപ്പിച്ചതായിരുന്നു. ഇതു മററു വ്യാജമതാശയങ്ങളും തെററായ ആചാരങ്ങളും സ്വീകരിക്കാൻ അവർ കൂടുതൽ സന്നദ്ധരാകുന്നതിലും കലാശിക്കുന്നു.
“അവരുടെ ഫലങ്ങളാൽ”
മത്തായി 7:15-19-ൽ നിങ്ങൾക്കു വ്യാജമതത്തെ സത്യമതത്തിൽനിന്ന് ഈ വിധത്തിൽ തിരിച്ചറിയാൻ കഴിയുമെന്നു യേശു പറഞ്ഞു:
“കള്ളപ്രവാചകൻമാരെ സൂക്ഷിച്ചുകൊൾവിൻ; അവർ ആടുകളുടെ വേഷം പൂണ്ടു നിങ്ങളുടെ അടുക്കൽ വരുന്നു; അകമെയോ കടിച്ചുകീറുന്ന ചെന്നായ്ക്കൾ ആകുന്നു. അവരുടെ ഫലങ്ങളാൽ നിങ്ങൾക്കു അവരെ തിരിച്ചറിയാം; മുള്ളുകളിൽനിന്നു മുന്തിരിപ്പഴവും ഞെരിഞ്ഞിലുകളിൽനിന്നു അത്തിപ്പഴവും പറിക്കുമാറുണ്ടോ? നല്ല വൃക്ഷം ഒക്കെയും നല്ല ഫലം കായ്ക്കുന്നു; ആകാത്ത വൃക്ഷമോ ആകാത്ത ഫലം കായ്ക്കുന്നു. . . . നല്ല ഫലം കായ്ക്കാത്ത വൃക്ഷം ഒക്കെയും വെട്ടി തീയിൽ ഇടുന്നു.”
ഒരു ദൃഷ്ടാന്തം പരിചിന്തിക്കുക. “നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹമുണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യൻമാർ എന്നു എല്ലാവരും അറിയും” എന്നു യോഹന്നാൻ 13:35-ൽ യേശു പറഞ്ഞു. കൂടാതെ, 1 യോഹന്നാൻ 4:20, 21-ൽ ദൈവത്തിന്റെ നിശ്വസ്തവചനം ഇങ്ങനെ പ്രഖ്യാപിക്കുന്നു:
“ഞാൻ ദൈവത്തെ സ്നേഹിക്കുന്നു എന്നു പറയുകയും തന്റെ സഹോദരനെ പകെക്കയും ചെയ്യുന്നവൻ കള്ളനാകുന്നു. താൻ കണ്ടിട്ടുള്ള സഹോദരനെ സ്നേഹിക്കാത്തവന്നു കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിപ്പാൻ കഴിയുന്നതല്ല. ദൈവത്തെ സ്നേഹിക്കുന്നവൻ സഹോദരനെയും സ്നേഹിക്കണം എന്നീ കല്പന നമുക്കു അവങ്കൽനിന്നു ലഭിച്ചിരിക്കുന്നു.”
സത്യക്രിസ്ത്യാനികൾക്കു അവരുടെ ഇടയിൽത്തന്നെ സ്നേഹമുണ്ടായിരിക്കണമെന്നുള്ള അടിസ്ഥാന തത്വം ഈ നൂററാണ്ടിലെ രണ്ടു ലോകയുദ്ധങ്ങളിലും അതുപോലെതന്നെ മററു പോരാട്ടങ്ങളിലും സംഭവിച്ചതിനു ബാധകമാക്കുക. ക്രൈസ്തവലോകത്തിലെ ഒരേ മതങ്ങളിൽപെട്ട ആളുകൾ ദേശീയ ഭിന്നതകൾ നിമിത്തം യുദ്ധക്കളങ്ങളിൽ ഏററുമുട്ടുകയും അന്യോന്യം സംഹരിക്കുകയും ചെയ്തു. ഓരോ പക്ഷവും ക്രിസ്തീയമെന്നവകാശപ്പെട്ടു, ഓരോ പക്ഷവും ദൈവം തങ്ങളുടെ പക്ഷത്താണെന്നവകാശപ്പെട്ട അതിന്റെ വൈദികരാൽ പിന്താങ്ങപ്പെട്ടു. “ക്രിസ്ത്യാനി”യാലുള്ള “ക്രിസ്ത്യാനി”യുടെ ആ സംഹാരം ആകാത്ത ഫലമാണ്. അതു ക്രിസ്തീയസ്നേഹത്തിന്റെ ഒരു ലംഘനമാണ്, ദൈവനിയമങ്ങളുടെ നിഷേധംതന്നെ.—1 യോഹന്നാൻ 3:10-12കൂടെ കാണുക.
കണക്കുതീർക്കലിന്റെ ഒരു ദിവസം
അങ്ങനെ, ക്രിസ്ത്യാനിത്വത്തിൽനിന്നുള്ള വീഴ്ച ത്രിത്വോപദേശംപോലെയുള്ള ഭക്തികെട്ട വിശ്വാസങ്ങളിലേക്കു മാത്രമല്ല, ഭക്തികെട്ട ആചാരങ്ങളിലേക്കും നയിച്ചു. എന്നിരുന്നാലും കണക്കുതീർക്കലിന്റെ ഒരു ദിവസം വരാനിരിക്കുകയാണ്, എന്തുകൊണ്ടെന്നാൽ “നല്ല ഫലം കായ്ക്കാത്ത വൃക്ഷം ഒക്കെയും വെട്ടി തീയിൽ ഇടുന്നു” എന്നു യേശു പറഞ്ഞു. അതുകൊണ്ടാണ് ദൈവവചനം ഇങ്ങനെ ശക്തമായി പ്രോൽസാഹിപ്പിക്കുന്നത്:
“എന്റെ ജനമായുള്ളോരേ, അവളുടെ [വ്യാജമതത്തിന്റെ] പാപങ്ങളിൽ കൂട്ടാളികളാകാതെയും അവളുടെ ബാധകളിൽ ഓഹരിക്കാരാകാതെയുമിരിപ്പാൻ അവളെ വിട്ടു പോരുവിൻ. അവളുടെ പാപം ആകാശത്തോളം കുന്നിച്ചിരിക്കുന്നു; അവളുടെ അകൃത്യം ദൈവം ഓർത്തിട്ടുമുണ്ടു.”—വെളിപ്പാടു 18:4, 5.
പെട്ടെന്നുതന്നെ ദൈവം വ്യാജമതത്തിനെതിരെ തിരിയാൻ രാഷ്ട്രീയ അധികാരികളുടെ ‘ഹൃദയത്തിൽ തോന്നിക്കും.’ അവർ “വേശ്യയെ . . .ശൂന്യവും നഗ്നവുമാക്കി അവളുടെ മാംസം തിന്നുകളയും; അവളെ തീകൊണ്ടു ദഹിപ്പിക്കുകയുംചെയ്യും.” (വെളിപ്പാടു 17:16, 17) ദൈവത്തെ സംബന്ധിച്ച വ്യാജമതത്തിന്റെ പുറജാതീയ തത്വശാസ്ത്രങ്ങൾ സഹിതം അതു എന്നേക്കുമായി നശിപ്പിക്കപ്പെടും. ഫലത്തിൽ, യേശു തന്റെ നാളിൽ പറഞ്ഞതുപോലെ ദൈവം വ്യാജമതം ആചരിക്കുന്നവരോടു പറയുന്നതായിരിക്കും: “നിങ്ങളുടെ ഭവനം ശൂന്യമായിത്തീരും.”—മത്തായി 23:38.
സത്യമതം ദൈവത്തിന്റെ ന്യായവിധിയെ അതിജീവിക്കും, തന്നിമിത്തം ഒടുവിൽ സകല മാനവും മഹത്വവും “ഏകസത്യദൈവ”മെന്നു യേശു പറഞ്ഞവനു കൊടുക്കപ്പെടും. “യഹോവ എന്നു നാമമുള്ള നീ മാത്രം അത്യുന്നതൻ” എന്നു പ്രഖ്യാപിച്ചുകൊണ്ട് സങ്കീർത്തനക്കാരൻ തിരിച്ചറിയിച്ച ഏകൻ അവനാണ്.—യോഹന്നാൻ 17:3; സങ്കീർത്തനം 83:18.
[അടിക്കുറിപ്പുകൾ]
a കൂടുതൽ വിവരങ്ങൾക്ക് വാച്ച്ററവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി പ്രസിദ്ധപ്പെടുത്തിയ നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ? എന്ന ലഘുപത്രിക കാണുക.
b ഈ പരമ്പരയിലെ മുൻലേഖനങ്ങളിൽ പ്രകടമാക്കപ്പെട്ട പ്രകാരം തിയോഫെലസും തെർത്തുല്യനും ഈ പദങ്ങൾ ഉപയോഗിച്ചെങ്കിലും ഇന്നു ക്രൈസ്തവലോകം വിശ്വസിക്കുന്ന ത്രിത്വം അവരുടെ മനസ്സിൽ ഉണ്ടായിരുന്നില്ല.
[22-ാം പേജിലെ ചിത്രം]
രാഷ്ട്രീയ അധികാരികൾ വ്യാജമതത്തിനെതിരെ തിരിയാൻ ദൈവം ഇടയാക്കും
[24-ാം പേജിലെ ചിത്രം]
സത്യമതം ദൈവത്തിന്റെ ന്യായവിധികളെ അതിജീവിക്കും