അന്യോന്യം കെട്ടുപണിചെയ്തുകൊണ്ടിരിക്കുക
“ഒരു ദുഷിച്ച മൊഴി നിങ്ങളുടെ വായിൽനിന്നു പുറപ്പെടാതിരിക്കട്ടെ, എന്നാൽ . . . കെട്ടുപണിചെയ്യുന്നതിനു പ്രയോജനമുള്ള ഏതു മൊഴിയും.”—എഫെസ്യർ 4:29, NW.
1, 2. (എ) സംസാരം ഒരു അത്ഭുതമാണെന്ന് ഉചിതമായി പറയാൻ കഴിയുന്നതെന്തുകൊണ്ട്? (ബി) നാം നമ്മുടെ നാവ് ഉപയോഗിക്കുന്ന വിധത്തിൽ എന്തു ജാഗ്രത ഉചിതമാണ്?
“സംസാരം സുഹൃത്തുക്കളെയും കുടുംബങ്ങളെയും സമുദായങ്ങളെയും കൂട്ടിക്കെട്ടുന്ന മാന്ത്രികചരടാണ് . . . മനുഷ്യമനസ്സിൽനിന്നും [നാവിലെ] മാംസപേശിസമുച്ചയങ്ങളുടെ ഏകോപിത സങ്കോചങ്ങളിൽനിന്നും നാം സ്നേഹവും അസൂയയും ആദരവും—തീർച്ചയായും ഏതു മനുഷ്യവികാരവും—ഉത്തേജിപ്പിക്കുന്ന ശബ്ദങ്ങൾ ഉളവാക്കുന്നു.”—ശ്രവണം, രസന, ഘ്രാണം.
2 നമ്മുടെ നാവ് വിഴുങ്ങുന്നതിനോ രുചിക്കുന്നതിനോ വേണ്ടിയുള്ള ഒരു അവയവത്തേക്കാൾ വളരെ കവിഞ്ഞതാണ്, അതു നാം ചിന്തിക്കുകയും വിചാരിക്കുകയും ചെയ്യുന്നതു പങ്കുവെക്കുന്നതിനുള്ള നമ്മുടെ പ്രാപ്തിയുടെ ഒരു ഭാഗമാണ്. “നാവ് ഒരു ചെറിയ അവയവമാകുന്നു” എന്ന് യാക്കോബ് എഴുതി. “അതിനാൽ നാം യഹോവയെ, പിതാവിനെത്തന്നെ വാഴ്ത്തുന്നു, അതേസമയം നാം അതിനാൽ ‘ദൈവത്തിന്റെ സാദൃശ്യത്തിൽ’ അസ്തിത്വത്തിൽവന്ന മനുഷ്യരെ ശപിക്കുന്നു.” (യാക്കോബ് 3:5, 9, NW.) ഉവ്വ്, നമുക്ക് നമ്മുടെ നാവുകൾ നല്ല രീതിയിൽ ഉപയോഗിക്കാൻ കഴിയും, യഹോവയെ സ്തുതിക്കുന്നതുപോലെ. എന്നാൽ നാം അപൂർണ്ണരാകയാൽ, അനായാസം ദ്രോഹകരമായ അല്ലെങ്കിൽ നിഷേധാത്മക കാര്യങ്ങൾ സംസാരിക്കുന്നതിന് നമ്മുടെ നാവുകൾ ഉപയോഗിച്ചേക്കാം. “എന്റെ സഹോദരൻമാരേ, ഈ കാര്യങ്ങൾ ഈ വിധത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഉചിതമല്ല,” യാക്കോബ് എഴുതി.—യാക്കോബ് 3:10, NW.
3. നാം നമ്മുടെ സംസാരത്തിന്റെ ഏതു രണ്ടു വശങ്ങൾക്കു ശ്രദ്ധ കൊടുക്കണം?
3 യാതൊരു മനുഷ്യനും തന്റെ നാവിനെ പൂർണ്ണമായി നിയന്ത്രിക്കാനാവില്ലെങ്കിലും തീർച്ചയായും നാം മെച്ചപ്പെടാൻ ശ്രമിക്കണം. അപ്പോസ്തലനായ പൗലോസ് നമ്മെ ഇങ്ങനെ ബുദ്ധിയുപദേശിക്കുന്നു: “ഒരു ദുഷിച്ചമൊഴി നിങ്ങളുടെ വായിൽനിന്നു പുറപ്പെടാതിരിക്കട്ടെ, എന്നാൽ കേൾവിക്കാർക്ക് ഗുണകരമായത് പ്രദാനംചെയ്യേണ്ടതിന് ആവശ്യാനുസൃതം കെട്ടുപണിചെയ്യുന്നതിനു പ്രയോജനമുള്ള ഏതു മൊഴിയും.” (എഫെസ്യർ 4:29) ഈ ഉദ്ബോധനത്തിന് രണ്ടു വശങ്ങളുണ്ട് എന്നതു നിരീക്ഷിക്കുക: നാം ഒഴിവാക്കാൻ കഠിനശ്രമംചെയ്യേണ്ടതും ചെയ്യാൻ ശ്രമിക്കേണ്ടതും. നമുക്കു രണ്ടു വശങ്ങളും പരിചിന്തിക്കാം.
ദുഷിച്ച സംസാരം ഒഴിവാക്കൽ
4, 5. (എ) അസഭ്യഭാഷ സംബന്ധിച്ച് ക്രിസ്ത്യാനികൾക്ക് എന്തു പോരാട്ടമുണ്ട്? (ബി) ഏതു പ്രതിബിംബം “ദുഷിച്ച മൊഴി” എന്ന പദപ്രയോഗത്തിനു യോജിച്ചേക്കാം?
4 “യാതൊരു ദുഷിച്ച സംസാരവും നിങ്ങളുടെ വായിൽനിന്നു പുറപ്പെടാതിരിക്കട്ടെ” എന്ന് ആദ്യം എഫെസ്യർ 4:29 (NW) നമ്മെ ശക്തമായി ഉപദേശിക്കുന്നു. അത് എളുപ്പമല്ലായിരിക്കാം. ഒരു കാരണം നമുക്കു ചുററുമുള്ള ലോകത്തിൽ അധാർമ്മികത വളരെ സാധാരണമായിരിക്കുന്നുവെന്നതാണ്. അനേകം ക്രിസ്തീയ യുവാക്കൾ ദിവസവും പുലഭ്യം കേൾക്കുന്നു. കാരണം അത് ദൃഢത കൂട്ടുന്നുവെന്നോ തങ്ങൾ കൂടുതൽ ശക്തരെന്നു കാണപ്പെടാൻ ഇടയാക്കുന്നുവെന്നോ സഹപാഠികൾ വിചാരിച്ചേക്കാം. ചീത്ത വാക്കുകൾ കേൾക്കുന്നതൊഴിവാക്കാൻ നമുക്കു പൂർണ്ണമായി കഴിയാതിരുന്നേക്കാം, എന്നാൽ ഇവ ഉൾക്കൊള്ളാതിരിക്കാൻ നാം ബോധപൂർവമായ ശ്രമം നടത്തണം. അവക്ക് നമ്മുടെ മനസ്സുകളിലോ വായ്കളിലോ സ്ഥാനമില്ല.
5 പൗലോസിന്റെ വാക്കുകൾക്ക് അടിവരയിടുന്നതാണ് അഴുകിയ മത്സ്യത്തോട് അല്ലെങ്കിൽ ചീഞ്ഞ പഴത്തോട് ബന്ധമുള്ള ഒരു ഗ്രീക്ക്പദം. ഇതു വിഭാവനചെയ്യുക: ഒരു മനുഷ്യൻ അക്ഷമനാകുന്നതും അനന്തരം തികച്ചും കുപിതനാകുന്നതും നിങ്ങൾ നിരീക്ഷിക്കുന്നു. ഒടുവിൽ അയാൾ പൊട്ടിത്തെറിക്കുന്നു, അയാളുടെ വായിൽനിന്ന് അഴുകിയ ഒരു മത്സ്യം പുറത്തുവരുന്നതു നിങ്ങൾ കാണുന്നു. പിന്നീട് ചീഞ്ഞുനാറുന്ന ഒരു പഴം സമീപത്തുള്ളവരുടെമേലെല്ലാം തെറിപ്പിച്ചുകൊണ്ട് പുറത്തേക്കുവീഴുന്നതു നിങ്ങൾ കാണുന്നു. ആരാണയാൾ? അയാൾ നമ്മിലാരെങ്കിലുമാണെങ്കിൽ അതെത്ര ഭയങ്കരമായിരിക്കും! എന്നിരുന്നാലും നാം ‘ദുഷിച്ച മൊഴികൾ നമ്മുടെ വായിൽനിന്ന് പുറപ്പെടാൻ അനുവദിക്കുന്നുവെങ്കിൽ’ അത്തരമൊരു പ്രതിബിംബം അനുയോജ്യമായിരിക്കാൻ കഴിയും.
6. എഫെസ്യർ 4:29 വിമർശനപരമായ നിഷേധാത്മകസംസാരത്തിനു ബാധകമാകുന്നതെങ്ങനെ?
6 എഫെസ്യർ 4:29-ന്റെ മറെറാരു പ്രയുക്തത നാം നിരന്തര വിമർശകരായിരിക്കുന്നതൊഴിവാക്കുന്നതാണ്. നാം ഇഷ്ടപ്പെടാത്തതോ സ്വീകരിക്കാത്തതോ ആയ കാര്യങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളും മുൻഗണനകളും നമുക്കെല്ലാമുണ്ടെന്നുള്ളതു സത്യംതന്നെ, എന്നാൽ പറയപ്പെട്ട ഏതൊരാളെയും സ്ഥലത്തെയും കാര്യത്തെയും കുറിച്ച് നിഷേധാത്മകമായ ഒരു അഭിപ്രായം (അല്ലെങ്കിൽ പല അഭിപ്രായങ്ങൾ) ഉള്ളതായി തോന്നുന്ന ഒരാളെ നിങ്ങൾ കണ്ടിട്ടുണ്ടോ? (റോമർ 12:9 താരതമ്യപ്പെടുത്തുക; എബ്രായർ 1:9.) അയാളുടെ സംസാരം ഇടിച്ചുകളയുന്നു, ദുഃഖിപ്പിക്കുന്നു, അല്ലെങ്കിൽ നശിപ്പിക്കുന്നു. (സങ്കീർത്തനം 10:7; 64:2-4; സദൃശവാക്യങ്ങൾ 16:27; യാക്കോബ് 4:11, 12) മലാഖി വർണ്ണിച്ച വിമർശകരോട് അയാൾ എത്രയധികം സദൃശനാണെന്ന് അയാൾ തിരിച്ചറിയാതിരുന്നേക്കാം. (മലാഖി 3:13-15) അയാളുടെ വായിൽനിന്ന് അഴുകിയ ഒരു മത്സ്യമോ ചീഞ്ഞ ഒരു പഴമോ പുറത്തുവീഴുന്നുവെന്നു അടുത്തുനിൽക്കുന്ന ഒരാൾ പറഞ്ഞാൽ അയാൾ എത്ര ഞെട്ടിയേക്കാം!
7. നമ്മിലോരോരുത്തരും ഏതു ആത്മപരിശോധന നടത്തണം?
7 മററാരെങ്കിലും നിരന്തരം നിഷേധാത്മകമായ അല്ലെങ്കിൽ വിമർശനാത്മകമായ അഭിപ്രായങ്ങൾ പറയുമ്പോൾ തിരിച്ചറിയുക എളുപ്പമാണെന്നിരിക്കെ, നിങ്ങളോടുതന്നെ ചോദിക്കുക, ‘ഞാൻ അതുപോലെയായിരിക്കാൻ പ്രവണത കാട്ടുന്നുവോ? യഥാർത്ഥത്തിൽ കാട്ടുന്നുവോ?’ നമ്മുടെ വാക്കുകളുടെ ആത്മാവിനെക്കുറിച്ച് ചിലപ്പോഴൊക്കെ വിചിന്തനം ചെയ്യുന്നത് ജ്ഞാനമായിരിക്കും. അവ മുഖ്യമായി നിഷേധാത്കം, വിമർശനപരം, ആണോ? നാം ഇയ്യോബിന്റെ മൂന്നു വ്യാജ ആശ്വാസകരെപ്പോലെ ധ്വനിക്കുന്നുവോ? (ഇയ്യോബ് 2:11; 13:4, 5; 16:2; 19:2) ഒരു ക്രിയാത്മക വശം പറയാൻ കണ്ടെത്തരുതോ? ഒരു സംഭാഷണം മുഖ്യമായി വിമർശനപരമാണെങ്കിൽ, അതിനെ കെട്ടുപണിചെയ്യുന്ന കാര്യങ്ങളിലേക്കു തിരിച്ചുവിടരുതോ?
8. മലാഖി 3:16 സംസാരംസംബന്ധിച്ച് എന്തു പാഠം നൽകുന്നു, നാം പാഠം ബാധകമാക്കുന്നുണ്ടെന്ന് നമുക്ക് എങ്ങനെ പ്രകടമാക്കാൻ കഴിയും?
8 മലാഖി ഈ വ്യത്യാസം അവതരിപ്പിച്ചു: “യഹോവാഭക്തൻമാർ അന്നു തമ്മിൽ തമ്മിൽ സംസാരിച്ചു; യഹോവ ശ്രദ്ധവെച്ചു കേട്ടു; യഹോവാഭക്തൻമാർക്കും അവന്റെ നാമത്തെ സ്മരിക്കുന്നവർക്കുംവേണ്ടി അവന്റെ സന്നിധിയിൽ ഒരു സ്മരണപുസ്തകം എഴുതിവെച്ചിരിക്കുന്നു.” (മലാഖി 3:16) കെട്ടുപണിചെയ്യുന്ന സംസാരത്തോടു ദൈവം എങ്ങനെ പ്രതികരിച്ചുവെന്ന് നിങ്ങൾ ശ്രദ്ധിച്ചോ? അങ്ങനെയുള്ള സംസാരത്തിന് കൂട്ടാളികളുടെമേൽ സാദ്ധ്യതയുള്ള ഫലമെന്തായിരുന്നു? നമുക്ക് നമ്മുടെ അനുദിനസംസാരം സംബന്ധിച്ച് വ്യക്തിപരമായി ഒരു പാഠം പഠിക്കാൻ കഴിയും. നമ്മുടെ മാതൃകാപരമായ സംസാരം ‘ദൈവത്തിനുവേണ്ടിയുള്ള നമ്മുടെ സ്തുതിയാഗത്തെ’ പ്രതിഫലിപ്പിക്കുന്നുവെങ്കിൽ നമുക്കും മററുള്ളവർക്കും എത്രയധികം നന്നായിരിക്കും.—എബ്രായർ 13:15, NW.
മററുള്ളവരെ കെട്ടുപണിചെയ്യാൻ ശ്രമിക്കുക
9. ക്രിസ്തീയയോഗങ്ങൾ മററുള്ളവരെ കെട്ടുപണിചെയ്യുന്നതിനുള്ള നല്ല അവസരങ്ങളായിരിക്കുന്നതെന്തുകൊണ്ട്?
9 സഭാമീററിംഗുകൾ ‘കേൾവിക്കാർക്ക് ഗുണകരമായത് പ്രദാനംചെയ്യേണ്ടതിന് ആവശ്യാനുസൃതം കെട്ടുപണിചെയ്യുന്ന എന്തും’ സംസാരിക്കുന്നതിനുള്ള വിശിഷ്ടമായ അവസരങ്ങളാണ്. (എഫെസ്യർ 4:29, NW) ബൈബിൾവിവരങ്ങൾസംബന്ധിച്ച ഒരു പ്രസംഗം നടത്തുമ്പോഴോ ഒരു പ്രകടനത്തിൽ പങ്കെടുക്കുമ്പോഴോ ചോദ്യോത്തരഭാഗങ്ങളിൽ അഭിപ്രായങ്ങൾ പറയുമ്പോഴോ നമുക്ക് അതു ചെയ്യാൻ കഴിയും. അങ്ങനെ നാം സദൃശവാക്യങ്ങൾ 20:15-ന്റെ സത്യതയെ സ്ഥിരീകരിക്കുന്നു: “പരിജ്ഞാനമുള്ള അധരങ്ങളോ വിലയേറിയ ആഭരണം.” നാം എത്രയേറെ ഹൃദയങ്ങളെ സ്പർശിക്കുന്നുവെന്ന് അഥവാ കെട്ടുപണിചെയ്യുന്നുവെന്ന് ആർ അറിയുന്നു?
10. നാം സാധാരണയായി സംഭാഷണംനടത്തിയിട്ടുള്ളതാരോടാണെന്ന് വിചിന്തനംചെയ്തശേഷം എന്തു ക്രമീകരണം വരുത്തുന്നത് ഉചിതമായിരിക്കാം? (2 കൊരിന്ത്യർ 6:12, 13)
10 യോഗങ്ങൾക്കു മുമ്പും ശേഷവുമുള്ള സമയം കേൾവിക്കാർക്ക് ഗുണകരമായ സംഭാഷണത്താൽ മററുള്ളവരെ കെട്ടുപണിചെയ്യുന്നതിനു സൗകര്യപ്രദമാണ്. ഈ സമയങ്ങൾ ബന്ധുക്കളും നമുക്ക് സുഖംതോന്നുന്ന ചുരുക്കംചില സുഹൃത്തുക്കളുമായുള്ള ഉല്ലാസപ്രദമായ സംസാരത്തിൽ ചെലവഴിക്കുന്നത് എളുപ്പമായിരിക്കും. (യോഹന്നാൻ 13:23; 19:26) എന്നിരുന്നാലും, എഫെസ്യർ 4:29-നു ചേർച്ചയായി മററു ചിലരെ ചെന്നുകണ്ടു സംസാരിക്കരുതോ? (ലൂക്കോസ് 14:12-14 താരതമ്യപ്പെടുത്തുക.) ചില പുതിയവരോടോ പ്രായമുള്ളവരോടോ ചെറുപ്പക്കാരോടോ ഔപചാരികമായ അല്ലെങ്കിൽ ക്ഷണികമായ ഒരു നമസ്കാരം പറയുന്നതിനതീതമായി പോകാൻ നമുക്കു മുൻകൂട്ടി നിശ്ചയിക്കാവുന്നതാണ്, അല്ലെങ്കിൽ കൂടുതലും ചെറുപ്പക്കാരുടെ തലത്തിലായിരിക്കുന്നതിന് അവരോടുകൂടെ ഇരിക്കാവുന്നതുപോലുമാണ്. നമ്മുടെ യഥാർത്ഥ താത്പര്യവും കെട്ടുപണിചെയ്യുന്ന സംസാരത്തിന്റെ സമയങ്ങളും സങ്കീർത്തനം 122:1-ലെ ദാവീദിന്റെ വികാരങ്ങൾ പ്രതിദ്ധ്വനിപ്പിക്കുന്നതിനു മററുള്ളവരെ കൂടുതൽ പ്രാപ്തരാക്കും.
11. (എ) ഇരിപ്പുസംബന്ധിച്ച് അനേകർ എന്തു ശീലം വികസിപ്പിച്ചിരിക്കുന്നു? (ബി) ചിലർ തങ്ങളുടെ ഇരിപ്പിടം കരുതിക്കൂട്ടി മാറുന്നതെന്തുകൊണ്ട്?
11 കെട്ടുപണിചെയ്യുന്ന സംഭാഷണത്തിനുള്ള മറെറാരു സഹായം നാം യോഗങ്ങളിൽ ഇരിക്കുന്ന സ്ഥാനങ്ങൾക്കു മാററം വരുത്തുന്നതാണ്. മുലയൂട്ടുന്ന ഒരു മാതാവിന് വിശ്രമമുറിയോടടുത്ത് ഇരിക്കേണ്ടതുണ്ടായിരിക്കാം, അല്ലെങ്കിൽ ദുർബലനായ ഒരാൾക്ക് വഴിസൗകര്യമുള്ള ഒരു ഇരിപ്പിടം ആവശ്യമായിരിക്കാം, എന്നാൽ മററുള്ള നമ്മേസംബന്ധിച്ചെന്ത്? വെറും ശീലം പിമ്പിലെ ഒരു പ്രത്യേക ഇരിപ്പിടത്തിലേക്ക് അഥവാ ഭാഗത്തേക്ക് നമ്മെ നയിച്ചേക്കാം; ഒരു പക്ഷി പോലും അതിന്റെ കൂട്ടിലേക്ക് സഹജജ്ഞാനത്താൽ മടങ്ങിച്ചെല്ലുന്നു. (യെശയ്യാവ് 1:3; മത്തായി 8:20) എന്നിരുന്നാലും തുറന്നുപറയട്ടെ, നമുക്ക് എവിടെയും ഇരിക്കാമെന്നുള്ളതുകൊണ്ട് വലതുവശത്തോ ഇടതുവശത്തോ മുൻഭാഗത്തോടടുത്തോ ഒക്കെ ഇരുന്നുകൊണ്ട് നമ്മുടെ സ്ഥാനത്തിനു മാററംവരുത്താനും അങ്ങനെ വ്യത്യസ്ത വ്യക്തികളുമായി മെച്ചമായി പരിചയപ്പെടാനും പാടില്ലേ? നമ്മൾ ഇതു ചെയ്യണമെന്നു നിയമമൊന്നുമില്ലെങ്കിലും തങ്ങളുടെ ഇരിപ്പിടം മാറുന്ന മൂപ്പൻമാരും മററു പക്വതയുള്ളവരും താരതമ്യേന ചുരുക്കംചില അടുത്ത സുഹൃത്തുക്കൾക്കു പകരം അനേകർക്ക് ഗുണകരമായത് പ്രദാനംചെയ്യുന്നത് കൂടുതൽ എളുപ്പമാണെന്ന് കണ്ടെത്തിയിരിക്കുന്നു.
ഒരു ദൈവികരീതിയിൽ കെട്ടുപണിചെയ്യുക
12. ചരിത്രത്തിലുടനീളം ഏത് അനഭിലഷണീയ പ്രവണത പ്രകടമായിട്ടുണ്ട്?
12 മററുള്ളവരെ കെട്ടുപണിചെയ്യാനുള്ള ഒരു ക്രിസ്ത്യാനിയുടെ ആഗ്രഹം ഈ കാര്യത്തിൽ ഒട്ടേറെ നിയമങ്ങൾ ഉണ്ടാക്കാനുള്ള മനുഷ്യപ്രവണതയെ പിന്തുടരുന്നതിനു പകരം ദൈവത്തെ അനുകരിക്കാൻ അയാളെ പ്രേരിപ്പിക്കേണ്ടതാണ്.a അപൂർണ്ണമനുഷ്യർ തങ്ങൾക്കു ചുററുമുള്ളവരെ ഭരിക്കാൻ ദീർഘനാളുകളായി പ്രവണത കാട്ടിയിട്ടുണ്ട്. ദൈവദാസൻമാരിൽ ചിലർ പോലും ഈ ചായ്വിനു വഴങ്ങിപ്പോയിട്ടുണ്ട്. (ഉല്പത്തി 3:16; സഭാപ്രസംഗി 8:9) യേശുവിന്റെ കാലത്ത് യഹൂദ നേതാക്കൻമാർ ‘മററുള്ളവരുടെമേൽ ഭാരിച്ച ചുമടുകൾ കെട്ടിവെക്കുകയും അവയെ സ്വയം എടുത്തുമാററാൻ മനസ്സില്ലാത്തവരായിരിക്കുകയും ചെയ്തു.’ (മത്തായി 23:4, NW) അവർ നിരുപദ്രവകരമായ ആചാരങ്ങളെ നിർബന്ധിതപാരമ്പര്യങ്ങളാക്കി മാററി. മനുഷ്യനിയമങ്ങൾസംബന്ധിച്ച അവരുടെ അമിത താത്പര്യത്തിൽ ദൈവം പ്രാധാന്യമേറിയ കാര്യങ്ങളായി തിരിച്ചറിയിച്ചവയെ അവർ അവഗണിച്ചു. അവർ വേദവിരുദ്ധമായ അനേകം നിയമങ്ങൾ ഉണ്ടാക്കിയതുകൊണ്ട് ആരും കെട്ടുപണിചെയ്യപ്പെട്ടില്ല; അവരുടെ വഴി കേവലം ദൈവത്തിന്റെ വഴിയായിരുന്നില്ല.—മത്തായി 23:23, 24; മർക്കോസ് 7:1-13.
13. സഹക്രിസ്ത്യാനികൾക്കുവേണ്ടി നിരവധി നിയമങ്ങൾ ഉണ്ടാക്കുന്നത് അനുചിതമായിരിക്കുന്നതെന്തുകൊണ്ട്?
13 ക്രിസ്ത്യാനികൾ ദിവ്യനിയമങ്ങളോടു പററിനിൽക്കാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. എന്നാൽ, നാം പോലും ഭാരമുള്ള നിരവധി നിയമങ്ങൾ ഉണ്ടാക്കാനുള്ള പ്രവണതക്ക് ഇരയായേക്കാം. എന്തുകൊണ്ട്? ഒരു സംഗതി അഭിരുചികളും മുൻഗണനകളും വ്യത്യസ്തമാണെന്നുള്ളതാണ്, തന്നിമിത്തം മററുള്ളവർ ഇഷ്ടപ്പെടാത്തതും തള്ളിക്കളയേണ്ടതാണെന്നു വിചാരിക്കുന്നതും ചിലർക്ക് സ്വീകാര്യമായിരിക്കാം. ക്രിസ്ത്യാനികൾ തങ്ങളുടെ ആത്മീയ പക്വതയിലേക്കുള്ള പുരോഗമനത്തിൽ വ്യത്യസ്തരാണ്. എന്നാൽ പക്വതയിലേക്കു പുരോഗമിക്കുന്നതിനു മറെറാരാളെ സഹായിക്കുന്നതിനുള്ള ദൈവികവിധം അനേകം നിയമങ്ങളുണ്ടാക്കുന്നതാണോ? (ഫിലിപ്പിയർ 3:15; 1 തിമൊഥെയോസ് 1:19; എബ്രായർ 5:14) ഒരു വ്യക്തി യഥാർത്ഥത്തിൽ അങ്ങേയററത്തേതോ അപകടകരമോ ആയ ഒരു ഗതി പിന്തുടരുമ്പോൾപോലും ഒരു നിരോധനാത്മകമായ നിയമമാണോ ഏററം നല്ല പരിഹാരം? തെററു ചെയ്ത ഒരാളോട് സൗമ്യമായി ന്യായവാദംചെയ്തുകൊണ്ട് അയാളെ യോഗ്യതയുള്ളവർ പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നതാണ് ദൈവത്തിന്റെ വഴി.—ഗലാത്യർ 6:1.
14. ദൈവം ഇസ്രയേലിനു കൊടുത്ത നിയമങ്ങൾ എന്തുദ്ദേശ്യങ്ങൾ സാധിച്ചു?
14 ഇസ്രയേലിനെ തന്റെ ജനമായി ഉപയോഗിച്ചുകൊണ്ടിരുന്നപ്പോൾ, ആലയാരാധനയും യാഗങ്ങളും ശുചിത്വംപോലും സംബന്ധിച്ച് ദൈവം നൂറുകണക്കിനു നിയമങ്ങൾ ഏർപ്പെടുത്തിയെന്നതു സത്യംതന്നെ. ഒരു വ്യതിരിക്ത ജനതയുടെ കാര്യത്തിൽ ഇതു ഉചിതമായിരുന്നു. അനേകം നിയമങ്ങൾക്ക് പ്രാവചനികപ്രാധാന്യമുണ്ടായിരുന്നു, അവ യഹൂദൻമാരെ മശിഹയിലേക്കു നയിക്കാൻ സഹായിക്കുകയും ചെയ്തു. പൗലോസ് ഇങ്ങനെ എഴുതി: “നാം വിശ്വാസത്താൽ നീതീകരിക്കപ്പെടേണ്ടതിന്നു ന്യായപ്രമാണം ക്രിസ്തുവിന്റെ അടുക്കലേക്ക് നടത്തുവാൻ നമുക്കു ശിശുപാലകനായി ഭവിച്ചു. വിശ്വാസം വന്നശേഷമോ നാം ഇനി ശിശുപാലകന്റെ കീഴിലല്ല.” (ഗലാത്യർ 3:19, 23-25) ന്യായപ്രമാണം ദണ്ഡനസ്തംഭത്തിൽ റദ്ദുചെയ്യപ്പെട്ട ശേഷം ദൈവം ക്രിസ്ത്യാനികളെ വിശ്വാസത്തിൽ കെട്ടുപണിചെയ്യപ്പെട്ടവരായി നിലനിർത്താനുള്ള മാർഗ്ഗമെന്ന മട്ടിൽ അവർക്ക് മിക്ക ജീവിതവശങ്ങളുംസംബന്ധിച്ച് നിയമങ്ങളുടെ ഒരു വിപുലമായ പട്ടിക കൊടുത്തില്ല.
15. ദൈവം ക്രിസ്തീയാരാധകർക്ക് ഏതു മാർഗ്ഗനിർദ്ദേശം പ്രദാനംചെയ്തിരിക്കുന്നു?
15 തീർച്ചയായും നാം നിയമമില്ലാത്തവരല്ല. വിഗ്രഹാരാധനയും ദുർമ്മാർഗ്ഗവും വ്യഭിചാരവും രക്തത്തിന്റെ ദുരുപയോഗവും വർജ്ജിക്കാൻ ദൈവം നമ്മോടു കല്പിക്കുന്നു. അവൻ കൊലപാതകവും നുണപറച്ചിലും ആത്മവിദ്യയും മററു വിവിധ പാപങ്ങളും പ്രത്യേകമായി വിലക്കുന്നു. (പ്രവൃത്തികൾ 15:28, 29; 1 കൊരിന്ത്യർ 6:9, 10; വെളിപ്പാട് 21:8) അവൻ തന്റെ വചനത്തിൽ അനേകം കാര്യങ്ങൾ സംബന്ധിച്ച വ്യക്തമായ ബുദ്ധിയുപദേശം നൽകുന്നു. എന്നിരുന്നാലും, ഇസ്രയേല്യരെക്കാൾ വളരെ കൂടിയ തോതിൽ ബൈബിൾതത്വങ്ങൾ പഠിക്കാനും ബാധകമാക്കാനും നമുക്ക് ഉത്തരവാദിത്തമുണ്ട്. കേവലം നിയമങ്ങൾ അന്വേഷിക്കുകയോ നിർമ്മിക്കുകയോ ചെയ്യാതെ ഈ തത്വങ്ങൾ കണ്ടെത്താനും പരിചിന്തിക്കാനും മററുള്ളവരെ സഹായിച്ചുകൊണ്ട് മൂപ്പൻമാർക്ക് അവരെ കെട്ടുപണിചെയ്യാൻ കഴിയും.
കെട്ടുപണിചെയ്യുന്ന മൂപ്പൻമാർ
16, 17. അപ്പൊസ്തലൻമാർ സഹക്രിസ്ത്യാനികൾക്കുവേണ്ടി നിയമങ്ങൾ ഉണ്ടാക്കുന്നതുസംബന്ധിച്ച് ഏതു നല്ല മാതൃക വെച്ചു?
16 പൗലോസ് എഴുതി: “എന്നാൽ നാം പുരോഗതിവരുത്തിയിരിക്കുന്ന പരിധിയോളം നമുക്ക് അതേ നടപടിക്രമത്തിൽ തുടർന്നു ക്രമമായി നടക്കാം.” (ഫിലിപ്പിയർ 3:16, NW) ആ ദൈവികവീക്ഷണഗതിക്കു ചേർച്ചയായി, അപ്പൊസ്തലൻ കെട്ടുപണിചെയ്ത ഒരു വിധത്തിൽ മററുള്ളവരോട് ഇടപെട്ടു. ദൃഷ്ടാന്തത്തിന്, വിഗ്രഹക്ഷേത്രത്തിൽനിന്നു വന്നിരിക്കാവുന്ന മാംസം തിന്നാമോയെന്ന ഒരു ചോദ്യം പൊന്തിവന്നു. ഈ മൂപ്പൻ ഒരുപക്ഷേ പൂർവാപരയോജിപ്പിന്റെ അല്ലെങ്കിൽ ലാളിത്യത്തിന്റെ വീക്ഷണത്തിൽ ആദിമസഭകളിലെ എല്ലാവർക്കുംവേണ്ടി ഏതെങ്കിലും ചട്ടം വെച്ചോ? ഇല്ല. പരിജ്ഞാനത്തിലെയും പക്വതയിലേക്കുള്ള പുരോഗതിയിലെയും വൈവിധ്യം ആ ക്രിസ്ത്യാനികളെ വ്യത്യസ്ത തീരുമാനങ്ങളിലേക്കു നയിച്ചേക്കാമെന്ന് അവൻ സമ്മതിച്ചു. അവനെ സംബന്ധിച്ചടത്തോളം ഒരു നല്ല ദൃഷ്ടാന്തം വെക്കാൻ അവൻ ഉറച്ചിരുന്നു.—റോമർ 14:1-4; 1 കൊരിന്ത്യർ 8:4-13.
17 വസ്ത്രധാരണവും ചമയവുംപോലെയുള്ള ചില കാര്യങ്ങളിൽ അപ്പൊസ്തലൻമാർ തീർച്ചയായും സഹായകമായ ബുദ്ധിയുപദേശം പ്രദാനംചെയ്തുവെന്നതു സത്യംതന്നെ, എന്നാൽ അവർ എല്ലാ സന്ദർഭങ്ങളിലും ബാധകമാക്കാവുന്ന ചട്ടങ്ങൾ വെച്ചില്ല. ഇന്ന് ആട്ടിൻകൂട്ടത്തെ കെട്ടുപണിചെയ്യുന്നതിൽ തത്പരരായ ക്രിസ്തീയമേൽവിചാരകൻമാർക്ക് ഇത് നല്ല മാതൃകയാണ്. അത് പുരാതന ഇസ്രയേലിനുവേണ്ടിപോലും ദൈവം പിന്തുടർന്ന ഒരു അടിസ്ഥാന ഇടപെടൽരീതിയെ യഥാർത്ഥത്തിൽ വികസിപ്പിക്കുകയാണ് ചെയ്യുന്നത്.
18. യഹോവ ഇസ്രയേലിന് വസ്ത്രധാരണംസംബന്ധിച്ച് ഏതു നിയമങ്ങൾ കൊടുത്തു?
18 ദൈവം ഇസ്രയേല്യർക്ക് വേഷംസംബന്ധിച്ച് വിപുലമായ നിയമങ്ങൾ കൊടുത്തില്ല. പ്രത്യക്ഷത്തിൽ പുരുഷൻമാരും സ്ത്രീകളും സമാനമായ മേലങ്കികളോ പുറങ്കുപ്പായങ്ങളോ ഉപയോഗിച്ചു, എന്നിരുന്നാലും ഒരു സ്ത്രീയുടേത് അലങ്കാരത്തയ്യലും കൂടുതൽ നിറപ്പകിട്ടുമുള്ളതായിരുന്നിരിക്കാം. ഇരു ലിംഗവർഗ്ഗങ്ങളും സാധിൻ അഥവാ അടിയുടുപ്പു ധരിച്ചിരുന്നു. (ന്യായാധിപൻമാർ 14:12; സദൃശവാക്യങ്ങൾ 31:24; യെശയ്യാവ് 3:23) വസ്ത്രധാരണംസംബന്ധിച്ച് ദൈവം ഏതു നിയമങ്ങൾ കൊടുത്തു? പുരുഷൻമാരോ സ്ത്രീകളോ വിപരീതലിംഗവർഗ്ഗത്തിന്റേതായി തിരിച്ചറിയപ്പെടുന്ന വസ്ത്രങ്ങൾ, പ്രത്യക്ഷത്തിൽ സ്വവർഗ്ഗസംഭോഗപരമായ ഉദ്ദേശ്യത്തോടെ, ധരിക്കാൻപാടില്ലായിരുന്നു. (ആവർത്തനം 22:5) ഇസ്രയേല്യർ ചുററുപാടുമുള്ള ജനതകളിൽനിന്ന് വേറിട്ടവരാണെന്ന് പ്രകടമാക്കാൻ അവർ തങ്ങളുടെ വസ്ത്രത്തിന് തൊങ്ങലുള്ള അരികു പിടിപ്പിക്കുകയും അതിനുമീതെ ഒരു നീലചരടും ഒരുപക്ഷേ പുറങ്കുപ്പായങ്ങളുടെ കോണുകളിൽ തൊങ്ങലുകളും കെട്ടുകയും ചെയ്യണമായിരുന്നു. (സംഖ്യാപുസ്തകം 15:38-41) അടിസ്ഥാനപരമായി അതു മാത്രമായിരുന്നു ന്യായപ്രമാണം വസ്ത്രധാരണരീതിസംബന്ധിച്ച് കൊടുത്ത മാർഗ്ഗനിർദ്ദേശം.
19, 20. (എ) ബൈബിൾ ക്രിസ്ത്യാനികൾക്ക് വസ്ത്രവും ചമയവും സംബന്ധിച്ച് ഏതു മാർഗ്ഗനിർദ്ദേശം നൽകുന്നു? (ബി) വ്യക്തിപരമായ ആകാരം സംബന്ധിച്ച് നിയമങ്ങൾ ഉണ്ടാക്കുന്നതുസംബന്ധിച്ചു മൂപ്പൻമാർക്ക് ഏതു വീക്ഷണം ഉണ്ടായിരിക്കണം?
19 ക്രിസ്ത്യാനികൾ ന്യായപ്രമാണത്തിൻകീഴിലല്ലെങ്കിലും ബൈബിളിൽ നമുക്കുവേണ്ടി വസ്ത്രധാരണത്തെയോ അലങ്കാരത്തെയോ സംബന്ധിച്ച് വിശദമായ മററു നിയമങ്ങൾ നൽകിയിട്ടുണ്ടോ? യഥാർത്ഥത്തിൽ ഇല്ല. നമുക്കു ബാധകമാക്കാവുന്ന സന്തുലിതമായ തത്വങ്ങൾ ദൈവം നൽകി. പൗലോസ് ഇങ്ങനെ എഴുതി: “അവ്വണ്ണം സ്ത്രീകളും യോഗ്യമായ വസ്ത്രം ധരിച്ചു ലജ്ജാശീലത്തോടും സുബോധത്തോടുംകൂടെ തങ്ങളെ അലങ്കരിക്കേണം. പിന്നിയ തലമുടി, പൊന്നു, മുത്തു, വിലയേറിയ വസ്ത്രം എന്നിവ കൊണ്ടല്ല.” (1 തിമൊഥെയോസ് 2:9) ശാരീരികാലങ്കാരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം ക്രിസ്തീയ സ്ത്രീകൾ “സൗമ്യതയും സാവധാനതയുമുള്ള മനസ്സു എന്ന അക്ഷയഭൂഷണമായ ഹൃദയത്തിന്റെ ഗൂഢമനുഷ്യ”നിൽ കേന്ദ്രീകരിക്കണമെന്ന് പത്രോസ് ശക്തമായി ഉപദേശിച്ചു. (1 പത്രോസ് 3:3, 4) അങ്ങനെയുള്ള ബുദ്ധിയുപദേശം രേഖപ്പെടുത്തപ്പെട്ടുവെന്ന വസ്തുത ഒന്നാം നൂററാണ്ടിലെ ചില ക്രിസ്ത്യാനികൾ തങ്ങളുടെ വസ്ത്രധാരണത്തിലും ചമയത്തിലും കൂടുതൽ വിനീതരും നിയന്ത്രിതരുമായിരിക്കേണ്ടതുണ്ടായിരുന്നുവെന്നു സൂചിപ്പിക്കുന്നു. എന്നിരുന്നാലും, ചില സ്റൈറലുകൾ ആവശ്യപ്പെടുന്നതിനു—അല്ലെങ്കിൽ വിലക്കുന്നതിനു—പകരം കെട്ടുപണിചെയ്യുന്ന ബുദ്ധിയുപദേശം കൊടുക്കുക മാത്രമാണ് അപ്പൊസ്തലൻമാർ ചെയ്തത്.
20 യഹോവയുടെ സാക്ഷികൾ തങ്ങളുടെ വിനീതമായ ചമയംനിമിത്തം ആദരിക്കപ്പെടണം, പൊതുവേ ആദരിക്കപ്പെടുന്നുമുണ്ട്. എന്നിരുന്നാലും, രാജ്യംതോറും മാത്രമല്ല ഒരു പ്രദേശത്തിനോ ഒരു സഭക്കോ ഉള്ളിൽപോലും സ്റൈറലുകൾ ഭിന്നമാണ്. തീർച്ചയായും, ശക്തമായ അഭിപ്രായങ്ങളോ വസ്ത്രവും ചമയവും സംബന്ധിച്ച ഒരു പ്രത്യേക അഭിരുചിയോ ഉള്ള ഒരു മൂപ്പനു തനിക്കും തന്റെ കുടുംബത്തിനുംവേണ്ടി അപ്രകാരം തീരുമാനിക്കാവുന്നതാണ്. എന്നാൽ ആട്ടിൻകൂട്ടത്തെ സംബന്ധിച്ചടത്തോളം അയാൾ പൗലോസിന്റെ ആശയം ഓർത്തിരിക്കേണ്ടതുണ്ട്: “നിങ്ങളുടെ വിശ്വാസത്തിൻമേൽ ഞങ്ങൾ കർത്തൃത്വം ഉള്ളവർ എന്നല്ല, നിങ്ങളുടെ സന്തോഷത്തിന്നു ഞങ്ങൾ സഹായികൾ അത്രേ; വിശ്വാസസംബന്ധമായി നിങ്ങൾ ഉറെച്ചുനിൽക്കുന്നുവല്ലോ.” (2 കൊരിന്ത്യർ 1:24) അതെ, സഭക്കുവേണ്ടി നിയമങ്ങൾ വെക്കാനുള്ള ഏതു പ്രേരണയെയും ചെറുത്തുനിന്നുകൊണ്ട് മൂപ്പൻമാർ മററുള്ളവരുടെ വിശ്വാസത്തെ കെട്ടുപണിചെയ്യാൻ ശ്രമിക്കുന്നു.
21. ആരെങ്കിലും വസ്ത്രധാരണത്തിൽ അങ്ങേയററം പോകുന്നുവെങ്കിൽ എങ്ങനെ മൂപ്പൻമാർക്ക് ആത്മികവർദ്ധന വരുത്തുന്ന സഹായം പ്രദാനംചെയ്യാൻ കഴിയും?
21 ഒന്നാം നൂററാണ്ടിലേതുപോലെ, ചിലപ്പോൾ പുതിയ അല്ലെങ്കിൽ ആത്മീയമായി ദുർബലനായ ഒരാൾ വസ്ത്രധാരണത്തിലോ മേക്കപ്പിന്റെയോ ആഭരണത്തിന്റെയോ ഉപയോഗത്തിലോ ചോദ്യംചെയ്യത്തക്ക അല്ലെങ്കിൽ ബുദ്ധിപൂർവമല്ലാത്ത ഒരു ഗതി പിന്തുടർന്നേക്കാം. അപ്പോൾ എന്ത്? വീണ്ടും ഗലാത്യർ 6:1 സഹായിക്കാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ക്രിസ്തീയമൂപ്പൻമാർക്ക് മാർഗ്ഗനിർദ്ദേശം സമർപ്പിക്കുന്നു. ബുദ്ധിയുപദേശം കൊടുക്കാൻ ഒരു മൂപ്പൻ തീരുമാനിക്കുന്നതിനു മുമ്പ് അയാൾക്ക് ജ്ഞാനപൂർവം ഒരു സഹമൂപ്പനോട് ആലോചന ചോദിക്കാവുന്നതാണ്, തന്റെ അഭിരുചി അല്ലെങ്കിൽ ചിന്ത പങ്കിടുന്നതായി തനിക്കറിവുള്ള ഒരു മൂപ്പന്റെ അടുക്കൽ പോകാതെ തന്നെ. വസ്ത്രധാരണത്തിലെയോ ചമയത്തിലെയോ ഒരു ലൗകികപ്രവണത സഭയിലെ അനേകരെ ബാധിക്കുന്നതായി തോന്നുന്നുവെങ്കിൽ ദയാപൂർവകവും കെട്ടുപണിചെയ്യുന്നതുമായ ഒരു യോഗഭാഗത്താലോ വ്യക്തിപരമായ സഹായം കൊടുത്തുകൊണ്ടോ എങ്ങനെ മെച്ചമായി സഹായിക്കാമെന്ന് മൂപ്പൻമാരുടെ സംഘത്തിന് ചർച്ചചെയ്യാൻ കഴിയും. (സദൃശവാക്യങ്ങൾ 24:6; 27:17) അവരുടെ ലക്ഷ്യം 2 കൊരിന്ത്യർ 6:3-ൽ പ്രതിഫലിച്ചിരിക്കുന്ന വീക്ഷണത്തെ പ്രോൽസാഹിപ്പിക്കുകയെന്നതായിരിക്കും: “ശുശ്രൂഷെക്കു ആക്ഷേപം വരാതിരിക്കേണ്ടതിന്നു ഞങ്ങൾ ഒന്നിലും ഇടെർച്ചക്കു ഹേതു കൊടു”ക്കുന്നില്ല.
22. (എ) വീക്ഷണത്തിലെ ചെറിയ വ്യത്യാസങ്ങൾ നിലവിലുണ്ടെങ്കിൽ അത് ശല്യകരമായിരിക്കരുതാത്തതെന്തുകൊണ്ട്? (ബി) പൗലോസ് ഏതു നല്ല മാതൃക നൽകി?
22 ‘തങ്ങളുടെ സംരക്ഷണയിലുള്ള ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയിക്കുന്ന’ ക്രിസ്തീയമൂപ്പൻമാർ പത്രൊസ് വിവരിച്ച പ്രകാരം ചെയ്യാനാഗ്രഹിക്കുന്നു, അതായത്, ‘ദൈവത്തിന്റെ അവകാശമായിരിക്കുന്നവരുടെമേൽ കർത്തൃത്വം നടത്താതിരിക്കാൻ.’ (1 പത്രൊസ് 5:2, 3) അവരുടെ സ്നേഹപൂർവകമായ വേലയിലേർപ്പെട്ടിരിക്കെ, വിഭിന്നമായ ഇഷ്ടങ്ങൾ ഉണ്ടായിരിക്കാൻ കഴിയുന്ന കാര്യങ്ങൾ സംബന്ധിച്ച് ചോദ്യങ്ങൾ ഉയർന്നുവന്നേക്കാം. ഒരുപക്ഷേ വീക്ഷാഗോപുര അദ്ധ്യയനസമയത്ത് ഖണ്ഡികകൾ വായിക്കാൻ നിൽക്കുന്നതു സ്ഥലപരമായ ഒരു പതിവ് ആയിരിക്കാം. വയൽസേവനത്തിനുവേണ്ടിയുള്ള കൂട്ട ക്രമീകരണങ്ങളും ശുശ്രൂഷ സംബന്ധിച്ച മററനേകം വിശദാംശങ്ങളും ഒരു പതിവുവിധത്തിൽ കൈകാര്യം ചെയ്യപ്പെട്ടേക്കാം. എന്നാലും, ആർക്കെങ്കിലും അല്പം വ്യത്യസ്തമായ ഒരു വിധം ഉണ്ടായിരുന്നാൽ അത് ഒരു വിപത്തായിരിക്കുമോ? സ്നേഹമുള്ള മേൽവിചാരകൻമാർ “സകലവും ഉചിതമായും ക്രമമായും നട”ക്കാൻ ആഗ്രഹിക്കുന്നു, ആ പദപ്രയോഗം പൗലോസ് അത്ഭുതവരങ്ങളെസംബന്ധിച്ചാണ് ഉപയോഗിച്ചത്. എന്നാൽ പൗലോസിന്റെ മുഖ്യതാത്പര്യം “സഭയുടെ കെട്ടുപണി”യായിരുന്നുവെന്ന് സന്ദർഭം പ്രകടമാക്കുന്നു. (1 കൊരിന്ത്യർ 14:12, 40, NW) സമ്പൂർണ്ണമായ ഐകരൂപ്യമോ തികഞ്ഞ കാര്യക്ഷമതയോ ആണ് തന്റെ മുഖ്യലക്ഷ്യമെന്ന മട്ടിൽ അവൻ അനന്തമായ നിയമങ്ങൾ ഉണ്ടാക്കാൻ ചായ്വുകാണിച്ചില്ല. അവൻ എഴുതി: “നിങ്ങളെ ഇടിച്ചുകളവാനല്ല, പണിവാനത്രേ കർത്താവു ഞങ്ങൾക്കു തന്ന അധികാരം.”—2 കൊരിന്ത്യർ 10:8.
23. മററുള്ളവരെ കെട്ടുപണിചെയ്യുന്നതിൽ പൗലോസിന്റെ ദൃഷ്ടാന്തം നമുക്ക് അനുകരിക്കാൻ കഴിയുന്ന ചില മാർഗ്ഗങ്ങളേവ?
23 ക്രിയാത്മകവും പ്രോൽസാഹകവുമായ സംസാരത്താൽ മററുള്ളവരെ കെട്ടുപണിചെയ്യാൻ പൗലോസ് പ്രവർത്തിച്ചുവെന്നതിനു സംശയമില്ല. ചെറിയ ഒരു സുഹൃദ്വലയവുമായിമാത്രം കൂട്ടായ്മ അനുഭവിക്കുന്നതിനുപകരം അനേകം സഹോദരീസഹോദരൻമാരെ, ആത്മീയമായി ശക്തരായവരെയും വിശേഷാൽ കെട്ടുപണിചെയ്യേണ്ട ആവശ്യമുള്ളവരെയും, സന്ദർശിക്കാൻ അവൻ അസാധാരണശ്രമം ചെയ്തു. അവൻ നിയമങ്ങളെയല്ല, സ്നേഹത്തെ ഊന്നിപ്പറഞ്ഞു, എന്തുകൊണ്ടെന്നാൽ “സ്നേഹം കെട്ടുപണിചെയ്യുന്നു.”—1 കൊരിന്ത്യർ 8:1.
[അടിക്കുറിപ്പ്]
a ഒരു കുടുംബത്തിനുള്ളിൽ സാഹചര്യങ്ങളെ ആശ്രയിച്ച് വിവിധ നിയമങ്ങൾ ബുദ്ധിപൂർവകമാണെന്ന് തോന്നിയേക്കാം. തങ്ങളുടെ മൈനർകുട്ടികൾക്കുവേണ്ടി കാര്യങ്ങൾ തീരുമാനിക്കാൻ ബൈബിൾ മാതാപിതാക്കൻമാരെ അധികാരപ്പെടുത്തുന്നു.—പുറപ്പാട് 20:12; സദൃശവാക്യങ്ങൾ 6:20; എഫേസ്യർ 6:1-3.
പുനരവലോകനത്തിനുള്ള ആശയങ്ങൾ
◻ നാം നിഷേധാത്മകമോ വിമർശനാത്മകമോ ആയ സംസാരത്തിലേക്കുള്ള പ്രവണത കാട്ടുന്നുവെങ്കിൽ മാററം ഉചിതമായിരിക്കുന്നതെന്തുകൊണ്ട്?
◻ സഭയിൽ കൂടുതൽ ആത്മികവർദ്ധന വരുത്തുന്നവരായിരിക്കാൻ നമുക്ക് എന്തു ചെയ്യാൻ കഴിയും?
◻ മററുള്ളവർക്കുവേണ്ടി അനേകം നിയമങ്ങൾ ഉണ്ടാക്കുന്നതുസംബന്ധിച്ച ദൈവിക മാതൃക എന്താണ്?
◻ ആട്ടിൻകൂട്ടത്തിനുവേണ്ടി മനുഷ്യചട്ടങ്ങൾ ഉണ്ടാക്കുന്നത് ഒഴിവാക്കാൻ മൂപ്പൻമാരെ എന്തു സഹായിക്കും?