ആഫ്രിക്കൻ ബൈബിൾഭാഷാന്തരങ്ങൾ
ഒരു ആഫ്രിക്കൻ ഭാഷയിലേക്കുള്ള മുഴുബൈബിളിന്റെയും ഏററവും നേരത്തെയുള്ള വിവർത്തനങ്ങൾ ഈജിപ്ററിൽവെച്ചാണ് നിർവഹിക്കപ്പെട്ടത്. കോപ്ററിക്ക് വേർഷൻസ് എന്നറിയപ്പെടുന്ന അവ പൊ.യു. (പൊതുയുഗം) മൂന്നാം നൂററാണ്ട് അല്ലെങ്കിൽ നാലാം നൂററാണ്ടുമുതലുള്ളതാണെന്ന് വിശ്വസിക്കപ്പെടുന്നു. ഏതാണ്ടു മൂന്നു നൂററാണ്ടിനുശേഷം, ബൈബിൾ എത്യോപ്പിക്കിലേക്കു വിവർത്തനംചെയ്യപ്പെട്ടു.
എത്യോപ്യക്കും സഹാറായ്ക്കും തെക്കു സംസാരിക്കപ്പെടുന്ന അലിഖിതമായ നൂറുകണക്കിനു ഭാഷകൾ 19-ാം നൂററാണ്ടിലെ മിഷനറിമാരുടെ വരവിനുവേണ്ടി കാത്തിരിക്കണമായിരുന്നു. ആയിരത്തിഎണ്ണൂററിഅൻപത്തേഴിൽ റോബർട്ട് മേഫററ് ദക്ഷിണാഫ്രിക്കയിലെ ഒരു ഭാഷയായ ററ്സ്വാനയിലേക്കുള്ള ബൈബിൾവിവർത്തനം പൂർത്തിയാക്കിയപ്പോൾ ഒരു നാഴികക്കല്ലിങ്കലെത്തി. അദ്ദേഹം അത് ഒരു ഹാൻഡ്പ്രസ്സിൽ ഭാഗങ്ങളായി അച്ചടിക്കുകയും ചെയ്തു. ആഫ്രിക്കയിൽ അച്ചടിച്ച ആദ്യത്തെ സമ്പൂർണ്ണബൈബിൾ ഇതായിരുന്നു. മുമ്പ് അലിഖിതമായിരുന്ന ഒരു ആഫ്രിക്കൻഭാഷയിലേക്കുള്ള ആദ്യത്തെ സമ്പൂർണ്ണബൈബിളുമിതായിരുന്നു. കൗതുകകരമായി, മേഫററ് തന്റെ വിവർത്തനത്തിൽ യഹോവ എന്ന ദിവ്യനാമം ഉപയോഗിച്ചു. ബ്രിട്ടീഷ് ആൻഡ് ഫോറിൻ ബൈബിൾ സൊസൈററി പ്രസിദ്ധപ്പെടുത്തിയ 1872-ലെ പരിഭാഷയിൽ മത്തായി 4:10-ലും മർക്കോസ് 12:29, 30-ലും രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം യേശു ചെയ്ത മുഖ്യ പ്രസ്താവനകളിൽ യഹോവ എന്ന നാമം ഉപയോഗിക്കപ്പെട്ടിരിക്കുന്നു.
ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറായതോടെ, മുഴു ബൈബിളും 119 ആഫ്രിക്കൻ ഭാഷകളിലേക്കു വിവർത്തനം ചെയ്തിരുന്നു, അതിന്റെ ഭാഗങ്ങൾ കൂടുതലായി 434 ഭാഷകളിലും ലഭ്യമായിരുന്നു.