വാഗ്‌ദത്തദേശത്തുനിന്നുള്ള രംഗങ്ങൾ
ഭക്ഷണം കഴിക്കുക—അപ്പം തിന്നുക
യേശുവും അവന്റെ ശിഷ്യൻമാരും ഒരു വീട്ടിലായിരുന്ന ഒരു സന്ദർഭത്തിൽ ജനക്കൂട്ടം നിമിത്തം “അവർക്കു ഭക്ഷണം കഴിപ്പാൻ പോലും വഹിയാതെ”വന്നു. (മർക്കൊസ് 3:20) മറെറാരു സന്ദർഭത്തിൽ യേശു ഒരു പരീശന്റെ വീട്ടിൽ “ഭക്ഷണം കഴിപ്പാൻ” ചെന്നു. (ലൂക്കോസ് 14:1) ഏതു തരം ഭക്ഷണമാണു നിങ്ങളുടെ മനസ്സിൽ വരുന്നത്?
“ഭക്ഷണം കഴിക്കുക” എന്നതിനുള്ള എബ്രായ, ഗ്രീക്ക് പദപ്രയോഗങ്ങളുടെ അക്ഷരീയാർത്ഥം “അപ്പം തിന്നുക” എന്നാണ്. കോതമ്പുകൊണ്ടോ ബാർലികൊണ്ടോ ഉണ്ടാക്കുന്ന അപ്പമായിരുന്നു അവരുടെ ആഹാരക്രമത്തിലെ മുഖ്യഭാഗം എന്നുള്ളതുകൊണ്ട് ഇതു മനസ്സിലാക്കാവുന്നതാണ്.
അനേകമാളുകൾ ഇന്ന് എബ്രായ ഗോത്രപിതാക്കൻമാർ ഇടയൻമാരായിരുന്നതായും യേശുവിന്റെ ശിഷ്യൻമാർ മീൻപിടുത്തക്കാരായിരുന്നതായും ചിന്തിക്കുന്നു. ചിലർ ആ വിധത്തിൽ ജീവിക്കുകതന്നെ ചെയ്‌തു, എന്നാൽ തീർച്ചയായും എല്ലാവരുമല്ല. അനേകരുടെയും ജീവിതത്തിൽ കോതമ്പു പ്രമുഖമായിരുന്നു. പ്രത്യക്ഷത്തിൽ നമുക്ക് ഉല്‌പത്തി 26:12; 27:37; 37:7 എന്നിവിടങ്ങളിൽനിന്ന് അനുമാനിക്കാൻ കഴിയുന്നതുപോലെ, ചില സമയങ്ങളിൽ ഇസ്‌ഹാക്കിന്റെയും യാക്കോബിന്റെയും കാര്യത്തിൽ അങ്ങനെയായിരുന്നു. യേശുവിന്റെ കാലത്തു ഗലീലയിലെ ഒരു മുഖ്യ തൊഴിൽ കൃഷിയായിരുന്നതുകൊണ്ട് അപ്പൊസ്‌തലൻമാരായിത്തീർന്ന ചിലർ കോതമ്പുകർഷകരായിരിക്കുമായിരുന്നോ?
ആ സാദ്ധ്യത സ്ഥിതിചെയ്യുന്നുണ്ട്, എന്തുകൊണ്ടെന്നാൽ വാഗ്‌ദത്തദേശത്തു കോതമ്പുകൃഷി വിപുലവ്യാപകമായിരുന്നു, അതുസംബന്ധിച്ചുള്ള ബൈബിൾപരാമർശനങ്ങൾ ധാരാളമുണ്ട്. (ആവർത്തനം 8:7-9; 1 ശമുവേൽ 6:13) എന്താണുൾപ്പെട്ടിരുന്നത്?
ഒക്‌ടോബറിലെയും നവംബറിലെയും മുൻമഴ മണ്ണിനെ മയപ്പെടുത്തിയശേഷം കോതമ്പുകർഷകൻ നിലമുഴുകയും വിത്തു വിതക്കുകയും ചെയ്യും. പിൻമഴ വിള വളരാനും അനന്തരം വേനൽചൂടിനു മുമ്പ് ഏപ്രിലിലും മെയ്യിലും സുവർണ്ണത്തവിട്ടുനിറമായി വിളയാനും സഹായിക്കുമായിരുന്നു. നിങ്ങൾ കാലത്തിന്റെ ഒരു സൂചനയെന്നോണം കോതമ്പുകൊയ്‌ത്തിനെക്കുറിച്ചു വായിക്കത്തക്കവണ്ണം അതു സുപ്രസിദ്ധമായിരുന്നു. (ഉല്‌പത്തി 30:14; ന്യായാധിപൻമാർ 15:1) ഇടതുവശത്തെ ഫോട്ടോ വർഷത്തിൽ എപ്പോൾ എടുത്തതാണെന്നു നിങ്ങൾക്കു നിർണ്ണയിക്കാൻ കഴിയുമോ?a യേശുവിന്റെ ശിഷ്യൻമാർ കുറെ പച്ച കതിർമണികൾ പറിച്ചത് ഏതു കാലത്തായിരുന്നു?—മത്തായി 12:1.
കോതമ്പുകൊയ്‌ത്തു കർഷകർക്കു വളരെയധികമായ വേലയായിരുന്നു. കൊയ്‌ത്തുകാർ ഒരു അരിവാൾകൊണ്ടു തണ്ടുകൾ മുറിച്ചെടുക്കുകയും കററകളായി കെട്ടുകയും ചെയ്യും, നിങ്ങൾ അടിയിൽ കാണുന്നതുപോലെ. തീർച്ചയായും, കുറെ തണ്ടുകൾ അവഗണിക്കപ്പെടുകയോ താഴെ വീഴുകയോ ചെയ്യുമായിരുന്നു, അതുകൊണ്ടാണു രൂത്തിനു വിജയകരമായി കാലാപെറുക്കാൻ കഴിഞ്ഞത്. (രൂത്ത് 2:2, 7, 23; മർക്കൊസ് 4:28, 29) അടുത്തതായി കോതമ്പുകററകൾ അരവ്‌നായുടേതുപോലെയുള്ള ഒരു മെതിക്കളത്തിലേക്കു കൊണ്ടുപോയി. അവിടെ എന്തു സംഭവിച്ചു? ബൈബിൾ “മെതിവണ്ടികളും കാളക്കോപ്പുകളും” ഉണ്ടായിരുന്നതായി പറയുന്നു. (2 ശമുവേൽ 24:18-22; 1 ദിനവൃത്താന്തം 21:23) കോതമ്പുകററകൾ പരന്ന കല്ലുള്ള പ്രദേശത്തോ ഉറപ്പുള്ള തറയിലോ നിരത്തിയിടുന്നു. ഒരു കാളയോ മററു മൃഗമോ കോതമ്പു മെതിച്ചുകൊണ്ടു വട്ടം കറങ്ങുന്നു. മൃഗം മരംകൊണ്ടുള്ള ഒരു മെതിവണ്ടി വലിച്ചേക്കാം, അത് വൈക്കോൽ മെതിക്കുന്നതിനും ധാന്യമണി കൊഴിയുന്നതിനും സഹായിക്കും—യെശയ്യാവ് 41:15.
ഇപ്പോൾ ധാന്യം പാററാൻ സജ്ജമാണ്, അത് മുകളിൽ കാണപ്പെടുന്നതുപോലെ, ഒരു കോരികകൊണ്ടോ കവരദണ്ഡുകൊണ്ടോ വായുവിലേക്കെറിയുന്നതിനാലാണ് ചെയ്യപ്പെടുന്നത്. (മത്തായി 3:12) കർഷകൻ ഒരു കാററ് പതിരിനെ പറപ്പിച്ചുകൊണ്ടുപോകുന്ന സന്ധ്യാസമയത്തു പാററുകയും വൈക്കോൽ വശത്തേക്കു മാററുകയും ചെയ്‌തേക്കാം. ധാന്യം ശേഖരിച്ചു കല്ലുകൾ നീക്കംചെയ്യുന്നതിന് അരിച്ചുകഴിഞ്ഞാൽ അതു സംഭരിച്ചുവെക്കുന്നതിന്—അല്ലെങ്കിൽ മുഖ്യപ്രാധാന്യമുള്ള ആ ഭക്ഷ്യം, അപ്പം, ഉണ്ടാക്കാൻ—പാകമായിരുന്നു.—മത്തായി 6:11.
നിങ്ങൾ ആ ജോലിയുള്ള ഒരു വീട്ടമ്മയാണെങ്കിൽ ഓരോ ദിവസവും നിങ്ങൾ ധാന്യം പൊടിച്ചു മാവാക്കുന്നതിന്, ഒരുപക്ഷേ ഏറെക്കുറെ പരുക്കനായ കോതമ്പുപൊടി ഉണ്ടാക്കുന്നതിന്, ഒരു ഉരലും ഉലക്കയും ഉപയോഗിക്കും. അല്ലെങ്കിൽ നിങ്ങൾക്കു ശരീരം ധരിച്ച ദൂതൻമാർക്കുവേണ്ടി “വട്ടയപ്പം” ഉണ്ടാക്കാൻ സാറാ ഉപയോഗിച്ചതോ യഹോവക്കുള്ള ധാന്യവഴിപാടുകളിൽ ഇസ്രയേല്യർ ഉപയോഗിച്ചതോ ആയ “നേരിയ [ഗുണമേൻമയുള്ള] മാവ്” പൊടിച്ചുണ്ടാക്കാവുന്നതാണ്. (ഉല്‌പത്തി 18:6; പുറപ്പാട് 29:2; ലേവ്യപുസ്‌തകം 2:1-5; സംഖ്യാപുസ്‌തകം 28:12) സാറാ കോതമ്പുപൊടി വെള്ളംകൊണ്ടു നനച്ചു കുഴച്ച മാവാക്കി.
താഴെ നിങ്ങൾക്കു കുഴച്ച മാവിന്റെ ഉരുളകളും ചുടാൻ പോകുന്ന പരന്ന, ലോലമായ ഒരു അപ്പം വെച്ചിരിക്കുന്നതും കാണാൻ കഴിയും. അങ്ങനെയുള്ള വട്ടത്തിലുള്ള വലിയ അപ്പം കല്ലുകളിലോ ദോശക്കല്ലുകളിലോ ചുടാൻ കഴിയും, ആ സ്‌ത്രീ ചെയ്‌തുകൊണ്ടിരിക്കുന്നതുപോലെ. സാറാ ദൂത സന്ദർശകർക്കുവേണ്ടി അടുത്തതായി ചെയ്‌തതും പിന്നീട് ലോത്തിന്റെ കുടുംബം ചെയ്‌തതും വിഭാവനചെയ്യുന്നതിന് ഇതു നിങ്ങളെ സഹായിക്കുന്നുവോ? നാം ഇങ്ങനെ വായിക്കുന്നു: “[ദൂതൻമാർ] അവന്റെ അടുക്കൽ തിരിഞ്ഞു അവന്റെ വീട്ടിൽ ചെന്നു; അവൻ അവർക്കു വിരുന്നൊരുക്കി, പുളിപ്പില്ലാത്ത അപ്പം ചുട്ടു; അവർ ഭക്ഷണം കഴിച്ചു.”—ഉല്‌പത്തി 19:3.
[അടിക്കുറിപ്പ്]
a യഹോവയുടെ സാക്ഷികളുടെ 1992-ലെ കലണ്ടർ താരതമ്യം ചെയ്യുക.
[24-ാം പേജിലെ ചിത്രത്തിനു കടപ്പാട്]
Pictorial Archive (Near Eastern History) Est.
[24-ാം പേജിലെ ചിത്രത്തിനു കടപ്പാട്]
Pictorial Archive (Near Eastern History) Est.
[25-ാം പേജിലെ ചിത്രത്തിനു കടപ്പാട്]
Pictorial Archive (Near Eastern History) Est.
[25-ാം പേജിലെ ചിത്രത്തിനു കടപ്പാട്]
Garo Nalbandian