യഹോവ എന്നെ നന്നായി പരിപാലിച്ചിരിക്കുന്നു
ഞാൻ, ഏററവും ചുരുക്കിപ്പറഞ്ഞാൽ, അസാധാരണമായ ഒരു വിധത്തിലാണ് യഹോവയെ സേവിക്കാൻ തുടങ്ങിയത്. ഞാൻ മുഖ്യമായി എന്നേപ്പോലെയുള്ള മാവോറികൾ പാർക്കുന്ന ന്യൂസീലണ്ടിന്റെ വിദൂര വടക്കൻഭാഗത്തുള്ള മനോഹരമായ ഗ്രാമപ്രദേശത്താണ് വളർന്നത്. ഒരു ദിവസം കുതിരപ്പുറത്തു സഞ്ചരിച്ചുകൊണ്ടിരുന്നപ്പോൾ എന്റെ കസിനായ ബെൻ വഴിയിൽ എന്നെ സമീപിച്ചു. അത് 1942-ന്റെ ശരൽക്കാലത്തായിരുന്നു (ദക്ഷിണാർദ്ധ ഗോളത്തിൽ, ഉത്തരാർദ്ധ ഗോളത്തിൽ വസന്തം). എനിക്ക് 27 വയസ്സായിരുന്നു, ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ഒരു സജീവാംഗവുമായിരുന്നു.
അനേക വർഷങ്ങളായി ബെൻ വാച്ച് ററവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററിയുടെ അന്നത്തെ പ്രസിഡണ്ടായിരുന്ന റതർഫോർഡ് ജഡ്ജിയുടെ പുസ്തകങ്ങൾ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇപ്പോൾ കർത്താവിന്റെ സന്ധ്യാഭക്ഷണം ഒന്നിച്ചാഘോഷിക്കാൻ കഴിയത്തക്കവണ്ണം സ്ഥലവാസികളെ ഒരിടത്തു ക്ഷണിച്ചുവരുത്താൻ ആവശ്യപ്പെടുന്ന വാച്ച് ററവർ സൊസൈററിയുടെ ന്യൂസീലണ്ടിലെ മുഖ്യ ആഫീസിൽനിന്നുള്ള ഒരു എഴുത്ത് അയാളുടെ കൈയിലുണ്ടായിരുന്നു. കൂടാതെ, ബെൻ ശുശ്രൂഷ നടത്താൻ ഒരാളെ ഏർപ്പാടുചെയ്യണമായിരുന്നു. എന്നെ നോക്കിക്കൊണ്ടു ബെൻ പറഞ്ഞു: “നീയാണ് ആ ആൾ.” യോഗ്യനായി പരിഗണിക്കപ്പെട്ടതിലുള്ള അഭിമാനത്തോടെ—പള്ളിയിലെ ഒരു പങ്കാളിയായിരുന്നതിനാലും—ഞാൻ സമ്മതിച്ചു.
പ്രസ്തുത സന്ധ്യാസമയത്ത്, ബെന്നിന്റെ വീട്ടിൽ കർത്താവിന്റെ മരണത്തിന്റെ ആഘോഷത്തിനുവേണ്ടി ഏതാണ്ടു 40 പേർ കൂടിവന്നു, അവരിലാരും ഒരു യഹോവയുടെ സാക്ഷിയായിരുന്നില്ല. ഞാൻ ചെന്നപ്പോൾ എന്റെ കസിൻ പ്രസംഗ ബാഹ്യരേഖ എന്നെ ഏൽപ്പിച്ചു. ഞാൻ നിർദ്ദിഷ്ടഗീതം ഒഴിവാക്കുകയും പ്രാർത്ഥനയോടെ ആരംഭിക്കാൻ ബെന്നിന്റെ അളിയനെ ക്ഷണിക്കുകയും ചെയ്തു. അനന്തരം ഞാൻ ബാഹ്യരേഖയിലെ വിവരങ്ങൾ അവതരിപ്പിക്കാൻ തുടങ്ങി, അവയിൽ ചോദ്യങ്ങളുടെ ഒരു പരമ്പരയും തിരുവെഴുത്തധിഷ്ഠിതമായ ഉത്തരങ്ങളുമാണ് അടങ്ങിയിരുന്നത്. ഹാജരായിരുന്ന സ്ഥലത്തെ ഒരു വൈദികൻ ചോദ്യങ്ങൾകൊണ്ടു തടസ്സം സൃഷ്ടിച്ചു, എന്നാൽ ബാഹ്യരേഖയിലെ തിരുവെഴുത്തുപരാമർശങ്ങൾ വായിച്ചുകൊണ്ട് അവക്ക് ഉത്തരം കൊടുക്കപ്പെട്ടു.
ബാഹ്യരേഖയിലെ ചോദ്യങ്ങളിലൊന്ന് ഈ സംഭവം ആഘോഷിക്കേണ്ടിയിരുന്ന സംവത്സരത്തിലെ സമയത്തോടു ബന്ധപ്പെട്ടതായിരുന്നു. സന്നിഹിതരായിരുന്ന എല്ലാവരും ജനാലയിലൂടെ പുറത്തേക്കു നോക്കി പൂർണ്ണചന്ദ്രനെ കണ്ടത് എത്ര സംതൃപ്തിദായകമായിരുന്നു. തീയതി നീസാൻ 14 ആണെന്നു വ്യക്തമായിരുന്നു.
അത് എന്തൊരു രാത്രിയായിരുന്നു! ഞങ്ങളുടെ ആഘോഷം നാലു മണിക്കൂർ നീണ്ടുനിന്നു! അനേകം ചോദ്യങ്ങൾ ഉന്നയിക്കപ്പെടുകയും സൊസൈററിയുടെ ബാഹ്യരേഖയിലെ തിരുവെഴുത്തുകളിൽനിന്ന് ഉത്തരം കൊടുക്കപ്പെടുകയും ചെയ്തു. പിന്തിരിഞ്ഞുനോക്കുമ്പോൾ, യഹോവയുടെ സ്നേഹപൂർവകമായ പരിപാലനം കൂടാതെ ആ അനുഭവത്തെ അതിജീവിക്കാൻ എനിക്കു കഴിയുമായിരുന്നില്ലെന്ന് എനിക്കറിയാം—ആ സമയത്ത് ഞാൻ അവന്റെ സമർപ്പിത സാക്ഷികളിലൊരാളല്ലായിരുന്നെങ്കിലും. എന്നിരുന്നാലും, 1942-ലെ ആ സ്മാരകരാത്രിയിൽ, ഞാൻ എന്റെ ജീവിതോദ്ദേശ്യം കണ്ടെത്തി.
ആദ്യകാല ജീവിതം
ഞാൻ 1914-ൽ ആണു ജനിച്ചത്. എന്റെ ജനനത്തിന് ഏതാണ്ട് നാലുമാസം മുമ്പ് എന്റെ പിതാവു മരിച്ചിരുന്നു, തങ്ങളെ സ്നേഹിക്കാൻ പിതാക്കൻമാരുണ്ടായിരുന്ന മററു കുട്ടികളോട് ഒരു കൊച്ചുകുട്ടിയെന്ന നിലയിൽ ഞാൻ അസൂയാലുവായിരുന്നതു ഞാൻ ഓർക്കുന്നു. എനിക്ക് ആ നഷ്ടം വളരെയധികം അനുഭവപ്പെട്ടു. എന്റെ അമ്മക്കു ഭർത്താവില്ലാത്ത ജീവിതം, ഒന്നാം ലോകമഹായുദ്ധത്തിന്റെ ദൂരവ്യാപകമായ ഫലങ്ങളാൽ കൂടുതൽ പ്രയാസകരമാക്കപ്പെട്ടതുകൊണ്ടു കഠിനപോരാട്ടമായിരുന്നു.
ഒരു യുവാവെന്ന നിലയിൽ, ഞാൻ ആഗ്നെസ് കോപ്പ് എന്ന യുവതിയെ വിവാഹം കഴിച്ചു, അവൾ 58-ൽപരം വർഷം എന്റെ ജീവിതപങ്കാളിയായിരുന്നു. തുടക്കത്തിൽ ഞങ്ങൾ ജീവിതവിജയം കണ്ടെത്തുന്നതിന് ഒരുമിച്ചു പോരാടി. കഠിനമായ വരൾച്ച നിമിത്തം ഞാൻ ഒരു കർഷകനെന്ന നിലയിൽ പരാജയപ്പെട്ടു. ഞാൻ സ്പോർട്ട്സിൽ കുറെ ആശ്വാസം കണ്ടെത്തി, എന്നാൽ 1942-ലെ ആ സ്മാരകാനുഭവത്തിനു മുമ്പ് എനിക്കു യഥാർത്ഥ ജീവിതോദ്ദേശ്യം ഇല്ലായിരുന്നു.
ബന്ധുക്കളോടു സാക്ഷീകരിക്കൽ
ആ സ്മാരകത്തിനുശേഷം, ഞാൻ ആത്മാർത്ഥമായി ബൈബിൾ പഠിക്കുകയും വാച്ച് ററവർ സൊസൈററി പ്രസിദ്ധപ്പെടുത്തുന്ന ബൈബിൾസാഹിത്യം എന്റെ ബന്ധുക്കളിൽ ചിലരുമായി ചർച്ചചെയ്യുകയും ചെയ്തു. ആയിരത്തിത്തൊള്ളായിരത്തി നാൽപ്പത്തിമൂന്നിൽ ഒരു വ്യത്യസ്ത പ്രദേശത്തുനിന്നുള്ള യഹോവയുടെ ചില സാക്ഷികൾ ഞങ്ങളുടെ ഒററപ്പെട്ട ജനസമുദായത്തെ സന്ദർശിക്കാൻ വന്നു. ഞങ്ങൾ നാലുമണിക്കൂർനേരത്തെ ഊർജ്ജിതമായ ചർച്ച നടത്തി. പിറെറ ദിവസം രാവിലെ അവർ പോകാനിരിക്കുകയാണെന്നു മനസ്സിലാക്കിയപ്പോൾ “ഇപ്പോൾ സ്നാപനമേൽക്കുന്നതിൽനിന്ന് എന്നെ തടയുന്നതെന്ത്?” എന്നു ഞാൻ ചോദിച്ചു. രാവിലെ ഒന്നര മണിക്ക് ഞാനും എന്റെ ബന്ധുക്കളിൽ രണ്ടുപേരും വെള്ളത്തിൽ നിമജ്ജനം ചെയ്യപ്പെട്ടു.
അതിനുശേഷം, എന്റെ ബന്ധുക്കളോടു സാക്ഷീകരിക്കാൻ ഞാൻ വിപുലമായി സഞ്ചരിച്ചു. ചിലർ സ്വീകാര്യക്ഷമതയുള്ളവരായിരുന്നു, ഇവർക്കുവേണ്ടി ഞാൻ എന്റെ ചർച്ചകൾ മത്തായി 24-ാം അദ്ധ്യായത്തിൽ അടിസ്ഥാനപ്പെടുത്തി. മററുള്ളവർ സ്വീകാര്യക്ഷമതയുള്ളവരല്ലായിരുന്നു, അങ്ങനെയുള്ള കേസുകളിൽ ഞാൻ മത്തായി 23-ാം അദ്ധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന പരീശൻമാരോടുള്ള യേശുവിന്റെ വാക്കുകൾ ഉപയോഗിച്ചു. എന്നിരുന്നാലും, കാലക്രമത്തിൽ ഞാൻ നമ്മുടെ ദയാലുവും സ്നേഹവാനുമായ സ്വർഗ്ഗീയ പിതാവിനെ അനുകരിച്ചു കൂടുതൽ നയമുള്ളവനായിരിക്കാൻ പഠിച്ചു.—മത്തായി 5:43-45.
എന്റെ ഭാര്യ യഹോവയെ സേവിക്കുന്നതിനുള്ള എന്റെ ആഗ്രഹത്തെ ആദ്യം എതിർത്തു. എന്നിരുന്നാലും, അവൾ താമസിയാതെ എന്നോടു ചേർന്നു. ആയിരത്തിത്തൊള്ളായിരത്തി നാൽപ്പത്തിമൂന്ന് ഡിസംബറിൽ അവൾ സമർപ്പിതയും സ്നാപനമേററവളുമായ ഒരു സഹധർമ്മിണിയായിത്തീർന്നു. ആ സ്മരണീയമായ ദിനത്തിൽ ഞങ്ങളുടെ വൈമാഗ്രാമത്തിൽനിന്നുള്ള അഞ്ചുപേരും അവളോടുകൂടെ സ്നാപനമേൽക്കുന്നതിൽ ചേർന്നു, അങ്ങനെ ആ സ്ഥലത്തെ മൊത്തം രാജ്യപ്രസംഗകർ ഒൻപതായി.
എതിർപ്പുണ്ടായിട്ടും അനുഗ്രഹങ്ങൾ
ആയിരത്തിത്തൊള്ളായിരത്തി നാല്പത്തിനാലിൽ വീണ്ടും പുറത്തുനിന്നുള്ള സഹോദരൻമാർ ഞങ്ങളെ സന്ദർശിച്ചു. ഈ പ്രാവശ്യം അവർ വീടുതോറുമുള്ള ശുശ്രൂഷയിൽ ആവശ്യമായ ഔപചാരിക പരിശീലനം നൽകി. ആ ജനസമുദായത്തിലെ ഞങ്ങളുടെ സാന്നിദ്ധ്യം കൂടുതൽ പ്രകടമായപ്പോൾ ക്രൈസ്തവലോകത്തിന്റെ പ്രതിനിധികളിൽനിന്നുള്ള എതിർപ്പു വർദ്ധിച്ചു. (യോഹന്നാൻ 15:20) സ്ഥലത്തെ വൈദികരുമായി ഉപദേശപരമായ നീണ്ട ചർച്ചകളിൽ കലാശിച്ച ആവർത്തിച്ചുള്ള ഏററുമുട്ടലുകൾ നടന്നു. എന്നാൽ യഹോവ വിജയം നൽകി. എന്റെ സഹോദരി ഉൾപ്പെടെ ആ ജനസമുദായത്തിലെ മററു ചില അംഗങ്ങൾ യഹോവയുടെ സ്നേഹപൂർവകമായ പരിപാലനത്തിൻ കീഴിൽ വന്നു.
ആയിരത്തിത്തൊള്ളായിരത്തിനാല്പത്തിനാല് ജൂണിൽ വൈമായിൽ ഒരു സഭ രൂപവൽക്കരിക്കപ്പെട്ടു. മതപരമായ പീഡനവും വിദ്വേഷവും വർദ്ധിച്ചുവന്നു. യഹോവയുടെ സാക്ഷികൾക്കു സ്ഥലത്തെ ശവക്കോട്ടയിൽ ശവസംസ്കാരം നിഷേധിക്കപ്പെട്ടു. ചില സമയങ്ങളിൽ എതിർപ്പു അക്രമാസക്തമായിത്തീർന്നു. ശാരീരികമായ ഏററുമുട്ടലുകളുണ്ടായിരുന്നു. എന്റെ കാറും അതു കിടന്നിരുന്ന ഗരാജും ചുട്ടു ചാമ്പലാക്കപ്പെട്ടു. എന്നിരുന്നാലും, യഹോവയുടെ അനുഗ്രഹത്താൽ മൂന്നു മാസത്തിൽ കുറഞ്ഞ സമയംകൊണ്ടു ഞങ്ങൾക്ക് ഒരു ട്രക്കു വാങ്ങാൻ കഴിഞ്ഞു. വളർന്നുകൊണ്ടിരുന്ന എന്റെ കുടുംബത്തെ യോഗങ്ങൾക്കു കൊണ്ടുപോകാൻ ഞാൻ ഒരു കുതിരവണ്ടി ഉപയോഗിച്ചു.
വർദ്ധിച്ചുകൊണ്ടിരുന്ന സഹകാരികളുടെ സംഖ്യ ഞങ്ങൾക്കു വലിപ്പമേറിയ ഒരു യോഗസ്ഥലത്തിന്റെ അടിയന്തിരാവശ്യം ഉളവാക്കി. തന്നിമിത്തം വൈമായിൽ ഒരു രാജ്യഹാൾ പണിയാൻ ഞങ്ങൾ തീരുമാനിച്ചു. ന്യൂസീലണ്ടിൽ ആദ്യം പണിത രാജ്യഹാൾ ഇതായിരുന്നു. ആയിരത്തിത്തൊള്ളായിരത്തിനാൽപ്പത്തിയൊൻപത് ഡിസംബർ 1-ന് ആദ്യമരങ്ങൾ വെട്ടിയിട്ട ശേഷം 260 ഇരിപ്പിടങ്ങളോടുകൂടിയ പുതിയ ഹാളിൽ ഒരു സംയുക്ത സമ്മേളനവും സമർപ്പണവും നടത്തപ്പെട്ടു. ആ നാളുകളിൽ അത് ഒരു നേട്ടംതന്നെയായിരുന്നു, യഹോവയുടെ സഹായത്താൽ കിട്ടിയതുതന്നെ.
യഹോവയുടെ പരിപാലനത്തിന്റെ കൂടുതലായ തെളിവുകൾ
ന്യൂസീലണ്ടിന്റെ വിദൂര വടക്കൻഭാഗത്തെ രാജ്യപ്രഘോഷകരുടെ എണ്ണം തുടർന്നു വർദ്ധിച്ചതിനാൽ ആവശ്യം ഏറെയുള്ളടത്തു സേവിക്കാൻ സന്ദർശക സഞ്ചാരമേൽവിചാരകൻമാർ പ്രോൽസാഹിപ്പിച്ചു. പ്രതികരണമായി, 1956-ൽ ഞാൻ എന്റെ കുടുംബത്തെ ഓക്ക്ലാണ്ടിനു തൊട്ടു തെക്കുള്ള പൂക്കേക്കോഹിയിലേക്കു മാററി. ഞങ്ങൾ അവിടെ 13 വർഷം സേവിച്ചു.—പ്രവൃത്തികൾ 16:9 താരതമ്യപ്പെടുത്തുക.
ഈ കാലത്തെ യഹോവയുടെ പരിപാലനത്തിന്റെ രണ്ടു ദൃഷ്ടാന്തങ്ങൾ എന്റെ ഓർമ്മയിൽ മുന്തിനിൽക്കുന്നു. കൗണ്ടി കൗൺസിൽ എന്നെ ഒരു ട്രക്ക്ഡ്രൈവറും മെഷീൻ ഓപ്പറേറററുമായി നിയമിച്ചിരിക്കെ വാച്ച് ററവർ സൊസൈററിയുടെ ഓക്ക്ലാണ്ടിലെ ബ്രാഞ്ചാഫീസിൽ നാലാഴ്ചത്തെ രാജ്യശുശ്രൂഷാസ്കൂൾ കോഴ്സിനു ഞാൻ ക്ഷണിക്കപ്പെട്ടു. ഈ ലക്ഷ്യത്തിൽ ഞാൻ നാലാഴ്ചത്തെ അവധിക്ക് അപേക്ഷിച്ചു. ചീഫ് എൻജിനിയർ ഇങ്ങനെ പറഞ്ഞു: “തീർച്ചയായും. കൂടുതലാളുകൾ നിങ്ങളേപ്പോലെയായിരുന്നെങ്കിൽ എന്നു ഞാൻ ആശിക്കുന്നു. നിങ്ങൾ മടങ്ങിവരുമ്പോൾ എന്റെ ഓഫീസിൽ വന്ന് എന്നെ കാണുക.” തുടർന്നു ഞാൻ അദ്ദേഹത്തിന്റെ ഓഫീസ് സന്ദർശിച്ചപ്പോൾ ഞാൻ ദൂരെയായിരുന്ന നാലാഴ്ചത്തെ ശമ്പളം എനിക്കു കിട്ടി. അങ്ങനെ, എന്റെ കുടുംബത്തിന്റെ ഭൗതികാവശ്യങ്ങൾ സാധിച്ചു.—മത്തായി 6:33.
അതായിരുന്നു ഒന്നാമത്തെ ദൃഷ്ടാന്തം. രണ്ടാമത്തേതു സംഭവിച്ചതു ഞാനും എന്റെ ഭാര്യയും 1968-ൽ നിരന്തര പയനിയർസേവനത്തിൽ പ്രവേശിച്ച ശേഷമായിരുന്നു. വീണ്ടും ഞങ്ങൾ യഹോവയുടെ പിന്തുണയിൽ ആശ്രയിച്ചു, അവൻ ഞങ്ങൾക്കു പ്രതിഫലം നൽകി. ഒരു ദിവസം രാവിലെ പ്രഭാതഭക്ഷണത്തിനു ശേഷം എന്റെ ഭാര്യ റഫ്രിജറേററർ തുറന്നുനോക്കിയപ്പോൾ അര റാത്തൽ ബട്ടറല്ലാതെ യാതൊന്നും കണ്ടില്ല. “സാൺ,” അവൾ പറഞ്ഞു, “നമുക്കൊന്നും തിന്നാനില്ല. നാം ഇന്ന് ഇനിയും സേവനത്തിനു പോകുന്നുണ്ടോ?” എന്റെ മറുപടി എന്തായിരുന്നു? “ഉണ്ട്!”
ഞങ്ങളുടെ ആദ്യസന്ദർശനത്തിൽ വീട്ടുകാരൻ ഞങ്ങൾ സമർപ്പിച്ച സാഹിത്യം സ്വീകരിക്കുകയും ദയാപുരസ്സരം ഏതാനും ഡസൻ മുട്ട സംഭാവനയായി ഞങ്ങൾക്കു നൽകുകയും ചെയ്തു. സന്ദർശിച്ച രണ്ടാമത്തെ ആൾ ഞങ്ങൾക്കു കുറെ പച്ചക്കറികൾ സമ്മാനിച്ചു—കുമരാ, കോളിഫവ്ളർ, കാരററ് എന്നിവ. അന്നേ ദിവസം ഞങ്ങൾ വീട്ടിലേക്കു മടങ്ങിയപ്പോൾ ഉണ്ടായിരുന്ന മററു ഭക്ഷ്യപദാർത്ഥങ്ങൾ മാംസവും ബട്ടറുമായിരുന്നു. യേശുവിന്റെ വാക്കുകൾ ഞങ്ങളുടെ കാര്യത്തിൽ എത്ര വാസ്തവമായിരുന്നു: “ആകാശത്തിലെ പറവകളെ നോക്കുവിൻ; അവ വിതെക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ കൂട്ടിവെക്കുന്നതുമില്ല; എങ്കിലും സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് അവയെ പുലർത്തുന്നു; അവയേക്കാൾ നിങ്ങൾ ഏററവും വിശേഷതയുള്ളവരല്ലയോ?”—മത്തായി 6:26.
ഒരു വിദേശനിയമനം
കുക്ക് ഐലൻഡ്സിലെ രാരോറേറാംഗാ! ഇതായിരുന്നു 1970-ലെ ഞങ്ങളുടെ പ്രത്യേക പയനിയർ നിയമനസ്ഥലം. അടുത്ത നാലുവർഷം അതു ഞങ്ങളുടെ ഭവനമായിരിക്കേണ്ടിയിരുന്നു. ഇവിടത്തെ ആദ്യ വെല്ലുവിളി ഒരു പുതിയ ഭാഷ പഠിക്കുന്നതായിരുന്നു. എന്നിരുന്നാലും ന്യൂസീലണ്ട് മാവോറി ഭാഷയും കുക്ക്ഐലൻഡിലെ മാവോറിയും തമ്മിലുള്ള സമാനതകൾ നിമിത്തം വന്നശേഷം ആറാഴ്ച കഴിഞ്ഞ് എന്റെ ആദ്യത്തെ പരസ്യ പ്രസംഗം നടത്താൻ എനിക്കു കഴിഞ്ഞു.
കുക്ക് ഐലൻഡ്സിൽ രാജ്യപ്രസംഗകർ അധികമില്ലായിരുന്നു, ഞങ്ങൾക്കു കൂടിവരാൻ സ്ഥലവുമില്ലായിരുന്നു. വീണ്ടും പ്രാർത്ഥനക്കുത്തരമായി യഹോവ ഞങ്ങളുടെ ആവശ്യങ്ങൾ സാധിച്ചുതന്നു. ഒരു കടയുടമയുമായുള്ള വെറുമൊരു സംസാരം പററിയ സ്ഥലം ഒററിയായി വാങ്ങുന്നതിൽ കലാശിച്ചു, ഒരു വർഷത്തിനുള്ളിൽ ഞങ്ങൾക്ക് ഒരു ചെറിയ വീടും 140 പേരെ ഇരുത്താവുന്ന ഒരു രാജ്യഹാളും നിർമ്മിക്കാൻ കഴിഞ്ഞു. അന്നുമുതൽ യഹോവയുടെ സ്തുതിക്കായി ഞങ്ങൾക്ക് ഒന്നിനുപുറകേ ഒന്നായി അനുഗ്രഹങ്ങൾ ലഭിച്ചു.
ആ ദ്വീപിൽ ഞങ്ങൾക്കു ലഭിച്ച ആതിഥ്യം വിശേഷാൽ വിലമതിക്കപ്പെട്ടു. ശുശ്രൂഷയിലേർപ്പെട്ടിരിക്കുമ്പോൾ ഞങ്ങൾക്കു കൂടെക്കൂടെ നവോൻമേഷദായകമായ പാനീയങ്ങൾ—ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയിൽ സ്വാഗതാർഹമായവ—വെച്ചുനീട്ടപ്പെട്ടു. മിക്കപ്പോഴും ഞങ്ങൾ വീട്ടിലെത്തുമ്പോൾ ഏത്തപ്പഴവും ഓമക്കായും മാങ്ങായും ഓറഞ്ചും ഞങ്ങളുടെ വാതിൽപ്പടിക്കൽ ആളറിയിക്കാതെ വെച്ചേക്കുന്നതു കാണാമായിരുന്നു.
ആയിരത്തിത്തൊള്ളായിരത്തി എഴുപത്തൊന്നിൽ എന്റെ ഭാര്യയും ഞാനും രാരാറേറാംഗായിൽനിന്നുള്ള വേറെ മൂന്നു പ്രസംഗകരോടൊത്തു മനോഹരമായ ആഴംകുറഞ്ഞ തടാകത്തിനു കീർത്തിപ്പെട്ട ഐററടാക്കി ദ്വീപിലേക്കു യാത്രചെയ്തു. ഞങ്ങൾ അതിഥിപ്രിയരായ നിവാസികളുടെ ഇടയിൽ ദൈവവചനത്തെ സ്നേഹിക്കുന്നവരെ കണ്ടെത്തുകയും നാലു ബൈബിളദ്ധ്യയനങ്ങൾ തുടങ്ങുകയും ചെയ്തു, ഞങ്ങൾ രാരോറേറാംഗായിലേക്കു മടങ്ങിയശേഷം അവ ഞങ്ങൾ എഴുത്തുകുത്തു മുഖേന തുടർന്നു. കാലക്രമത്തിൽ ഐററടാക്കിയിലെ ആ അദ്ധ്യേതാക്കൾ സ്നാപനമേററു, ഒരു സഭ സ്ഥാപിക്കപ്പെടുകയും ചെയ്തു. ആയിരത്തിത്തൊള്ളായിരത്തിഎഴുപത്തിയെട്ടിൽ അവിടെ കുക്ക്ഐലൻഡ്സിലെ രണ്ടാമത്തെ രാജ്യഹാൾ നിർമ്മിക്കപ്പെട്ടു. ഞങ്ങളുടെ നടീലിനോടും നനക്കലിനോടുമുള്ള പ്രതികരണമായി യഹോവ കാര്യങ്ങൾ വളർത്തിക്കൊണ്ടിരുന്നു.—1 കൊരിന്ത്യർ 3:6, 7.
കുക്ക് ഐലൻഡ് സമൂഹത്തിൽ, മിക്കപ്പോഴും പീഡാകരമായ സാഹചര്യങ്ങളിൽ, പത്തു ദ്വീപുകൾ സന്ദർശിക്കുന്നതിനുള്ള പദവി എനിക്കു ലഭിച്ചു. നൂററിയെൺപത് കിലോമീററർ ദൂരെയുള്ള ആററിയൂവിലേക്കുള്ള ഒരു ബോട്ടുയാത്രക്ക് ഉഗ്രമായ കാററും പ്രക്ഷുബ്ധമായ സമുദ്രവും നിമിത്തം ആറിലധികം ദിവസം വേണമായിരുന്നു. (2 കൊരിന്ത്യർ 11:26 താരതമ്യപ്പെടുത്തുക.) ഭക്ഷ്യവിഭവങ്ങൾ പരിമിതമായിരുന്നതിനാലും എന്നോടുകൂടെയുണ്ടായിരുന്ന അനേകർക്കും കടൽച്ചൊരുക്കു ബാധിച്ചതിനാലും യഹോവയുടെ പരിപാലനം ലഭിച്ചതിൽ എനിക്കു നന്ദിയുണ്ടായിരുന്നു, അത് എന്റെ ലക്ഷ്യസ്ഥാനത്തു സുരക്ഷിതമായി എത്തുന്നതിൽ കലാശിച്ചു.
ആയിരത്തിത്തൊള്ളായിരത്തിഎഴുപത്തിനാലിൽ കുക്ക്ഐലൻഡ്സിൽ തങ്ങുന്നതിനുള്ള അനുവാദം ഞങ്ങൾക്കു നിഷേധിക്കപ്പെട്ടു, തന്നിമിത്തം ന്യൂസീലണ്ടിലേക്കു മടങ്ങേണ്ടിവന്നു. ആ സമയമായപ്പോഴേക്ക് ആ ദ്വീപുകളിൽ മൂന്നു സഭകളുണ്ടായിരുന്നു.
കൂടുതലായ സേവനപദവികൾ—ഒരു പരിശോധനയും
ന്യൂസീലണ്ടിൽ തിരിച്ചുചെന്നപ്പോൾ അവസരത്തിന്റെ പുതിയ വാതിലുകൾ തുറന്നുകിട്ടി. (1 കൊരിന്ത്യർ 16:9) കുക്ക് ഐലൻഡ് മാവോറിയിലേക്ക് വീക്ഷാഗോപുരവും മററു ബൈബിൾ സാഹിത്യവും ഭാഷാന്തരം ചെയ്യാൻ ഒരാളെ സൊസൈററിക്ക് ആവശ്യമുണ്ടായിരുന്നു. എനിക്ക് ആ പദവി ലഭിച്ചു, ഇന്നോളം അത് എന്റേതായി തുടർന്നിരിക്കുന്നു. പിന്നീടു കുക്ക് ഐലൻഡ്സിലെ എന്റെ സഹോദരങ്ങൾക്ക് ക്രമമായ മടക്കസന്ദർശനങ്ങൾ നടത്താനുള്ള പദവി എനിക്കു ലഭിച്ചു, ആദ്യം സർക്കിട്ട് മേൽവിചാരകനായും പിന്നീട് ഒരു പകര ഡിസ്ട്രിക്ററ് മേൽവിചാരകനായും.
ഈ സന്ദർശനങ്ങളിലൊന്നിൽ രാരാറേറാംഗായിൽനിന്നുള്ള ഒരു പ്രത്യേക പയനിയറായ അലക്സ് നാപാ സഹോദരൻ വടക്കൻ കുക്ക്സിലെ ദ്വീപുകളായ മനാഹിക്കിയിലും രാക്കഹാംഗയിലും പെൻറൈനിലും ഞങ്ങളെ എത്തിച്ച 23 ദിവസത്തെ ഒരു സമുദ്രയാത്രക്ക് എന്റെ കൂടെ പോന്നു. ഓരോ ദ്വീപിലും ഞങ്ങൾക്കു താമസസൗകര്യങ്ങൾ നൽകുന്നതിനും ധാരാളം ബൈബിൾ സാഹിത്യം സ്വീകരിക്കുന്നതിനും യഹോവ അതിഥിപ്രിയരായ സ്ഥലവാസികളുടെ ഹൃദയങ്ങളെ പ്രേരിപ്പിച്ചു. (പ്രവൃത്തികൾ 16:15 താരതമ്യംചെയ്യുക.) ഈ ദ്വീപുകളിൽ മുത്തുച്ചിപ്പികൾ ധാരാളമുണ്ട്. അനേകം സന്ദർഭങ്ങളിൽ ലോകവ്യാപക പ്രസംഗപ്രവർത്തനത്തിന്റെ ചെലവിലേക്കുള്ള സംഭാവനയായി ആളുകൾ മുത്തുകൾ നൽകി. അങ്ങനെ, നമുക്ക് ആത്മീയമുത്തുകൾ ഉള്ളതുപോലെ, ഞങ്ങൾക്കു കുറെ അക്ഷരീയമുത്തുകൾ ലഭിച്ചു.—മത്തായി 13:45, 46 താരതമ്യംചെയ്യുക.
ലോകത്തിന്റെ ആ ഒററപ്പെട്ട ഭാഗം എത്ര മനോഹരമാണ്! വലിയ വെള്ളസ്രാവുകൾ ഒരു ആഴംകുറഞ്ഞ കടൽഭാഗത്ത് കുട്ടികളോടൊത്തു നീന്തുന്നതിനെക്കുറിച്ചു സങ്കൽപ്പിക്കുക! നിശാനഭസ്സ് എന്തു ഗംഭീരമായ കാഴ്ചയാണ് പ്രദാനംചെയ്തത്! സങ്കീർത്തനക്കാരന്റെ വാക്കുകൾ എത്ര സത്യം: “പകൽ പകലിന്നു വാക്കു പൊഴിക്കുന്നു; രാത്രി രാത്രിക്കു അറിവു കൊടുക്കുന്നു.”—സങ്കീർത്തനം 19:2.
അങ്ങനെയിരിക്കെ, ഒൻപതുവർഷം മുമ്പ്, നിർമ്മലതയുടെ ഒരു യഥാർത്ഥ പരിശോധന ഉണ്ടായി. എന്റെ ഭാര്യ ഒരു മസ്തിഷ്ക രക്തസ്രവത്തോടെ ആശുപത്രിയിലാക്കപ്പെട്ടു. ശസ്ത്രക്രിയ ആവശ്യമായിരുന്നു. എന്നാൽ രക്തം ഉപയോഗിക്കാതെ അതു ചെയ്യാൻ ഡോക്ടർ സമ്മതിക്കുമായിരുന്നില്ല. ദൈവനിയമത്തെ ലംഘിക്കുന്ന ഒരു നടപടിക്ക് എന്റെ ഭാര്യക്കും എനിക്കും മനഃസാക്ഷിപൂർവം സമ്മതിക്കാൻ കഴിയുമായിരുന്നില്ല. എന്നാൽ ശസ്ത്രക്രിയാവിദഗ്ദ്ധന്റെ മനഃസാക്ഷി ജീവൻ രക്ഷിക്കാൻ രക്തം ഉൾപ്പെടെ സാദ്ധ്യമായ ഏതു മാർഗ്ഗവും ഉപയോഗിക്കണമെന്ന് ആജ്ഞാപിച്ചു.
എന്റെ ഭാര്യയുടെ ആരോഗ്യം മോശമായി, അവൾ ഒരു ഇൻറൻസീവ് കെയർ വാർഡിലാക്കപ്പെട്ടു. പരിമിതമായ സന്ദർശനങ്ങളേ അനുവദിക്കപ്പെട്ടുള്ളു. കർണ്ണപുടങ്ങളിലെ സമ്മർദ്ദം നിമിത്തം അവൾക്കു ശ്രവണനഷ്ടം അനുഭവപ്പെട്ടു. അതു പ്രതിസന്ധിയായിത്തീർന്നു. ഒരു സന്ദർശനത്തിനുശേഷം ഡോക്ടർ എന്റെ കാറിങ്കലേക്കു എന്നെ അനുഗമിക്കുകയും എന്റെ ഭാര്യയെ സംബന്ധിച്ചടത്തോളം ഏക ഭാഗ്യപരീക്ഷണം രക്തം ഉപയോഗിച്ചുള്ള ശസ്ത്രക്രിയ ആണെന്നു ശഠിക്കുകയും അതിനു സമ്മതിക്കാൻ എന്നോട് അഭ്യർത്ഥിക്കുകയും ചെയ്തു. എന്നുവരികിലും എന്റെ ഭാര്യയും ഞാനും യഹോവയിൽ ആശ്രയിച്ചു—അവന്റെ നിയമം അനുസരിക്കുന്നത് ഇപ്പോഴത്തെ ജീവിതത്തിൽ ഏതാനും ചില വർഷങ്ങളുടെ നഷ്ടത്തിൽ കലാശിച്ചാലും.
പെട്ടെന്നുതന്നെ, എന്റെ ഭാര്യയുടെ അവസ്ഥയിൽ ഗണ്യമായ പുരോഗതി ഉണ്ടായി. ഒരു ദിവസം ഞാൻ ചെന്നപ്പോൾ അവൾ വായിച്ചുകൊണ്ടു കിടക്കയിൽ ഇരിക്കുന്നതാണു കണ്ടത്. തുടർന്നുള്ള ദിവസങ്ങളിൽ അവൾ രോഗികളോടും നേഴ്സുമാരോടും സാക്ഷീകരിച്ചുതുടങ്ങി. പിന്നീട് എന്നെ സർജന്റെ ഓഫീസിലേക്കു വിളിച്ചുവരുത്തി. “മി. വ്ഹ്വാറെറോ, നിങ്ങൾ തീർച്ചയായും ഭാഗ്യവാനായ ഒരു മനുഷ്യനാണ്! നിങ്ങളുടെ ഭാര്യയുടെ പ്രശ്നത്തിനു സൗഖ്യംവന്നുവെന്നു ഞങ്ങൾ വിശ്വസിക്കുന്നു” എന്നു അദ്ദേഹം പറഞ്ഞു. അപ്രതീക്ഷിതമായി അവളുടെ രക്തസമ്മർദ്ദം ക്രമത്തിലായിത്തീർന്നിരുന്നു. ഞാനും ഭാര്യയും ഒത്തുചേർന്നു യഹോവക്കു നന്ദികൊടുക്കുകയും അവന്റെ സേവനത്തിൽ പരമാവധി ചെയ്യാനുള്ള ഞങ്ങളുടെ തീരുമാനത്തെ പുതുക്കുകയും ചെയ്തു.
ഇപ്പോൾ ഞാൻ കുക്ക്ഐലൻഡ്സിൽ വീണ്ടും നിയമിക്കപ്പെട്ടിരിക്കുകയാണ്, ഒരിക്കൽകൂടെ രാരോറേറാംഗായിൽ സേവിക്കുകയുമാണ്. എന്തൊരു അനുഗൃഹീത പദവി! പിന്തിരിഞ്ഞുനോക്കുമ്പോൾ എന്റെ ഭാര്യയും ഞാനും യഹോവയുടെ സേവനത്തിന്റെ ഏതാണ്ട് അഞ്ചിലധികം ദശാബ്ദങ്ങളിലെ അവന്റെ പരിപാലനത്തിനു നന്ദിയുള്ളവരാണ്. ഭൗതികമായി ഞങ്ങൾക്ക് ഒരിക്കലും ജീവിതാവശ്യങ്ങൾ സാധിക്കാതെ വന്നിട്ടില്ല. ഒരു ആത്മീയാർത്ഥത്തിൽ അനുഗ്രഹങ്ങൾ വിവരിക്കാൻ കഴിയതെവണ്ണം നിരവധിയാണ്. ശ്രദ്ധേയമായ ഒന്നു സത്യം സ്വീകരിച്ച എന്റെ ജഡിക ബന്ധുക്കളുടെ എണ്ണമാണ്. ഇപ്പോൾ സ്നാപനമേററ യഹോവയുടെ 200-ൽപരം സാക്ഷികളെ എനിക്ക് എണ്ണാൻ കഴിയും, നേരിട്ടുള്ള 65 സന്തതികൾ ഉൾപ്പെടെ. ഒരു പൗത്രൻ ന്യൂസീലണ്ട് ബെഥേൽകുടുംബത്തിലെ ഒരു അംഗമാണ്, അതേസമയം ഒരു പുത്രിയും അവളുടെ ഭർത്താവും രണ്ടു പുത്രൻമാരും ബ്രാഞ്ചുകളിൽ കെട്ടിടനിർമ്മാണത്തിലേർപ്പെട്ടിരിക്കുകയാണ്.—3 യോഹന്നാൻ 4.
ഭാവിയിലേക്കു നോക്കുമ്പോൾ ഞാൻ ജനിച്ച ഹരിതമനോഹരമായ താഴ്വരയേക്കാൾപോലും മികച്ച മനോഹാരിത ഉള്ള ഭൂവ്യാപകമായ ഒരു പറുദീസയിൽ ജീവിക്കുന്നതിനുള്ള പ്രതീക്ഷയെ ഞാൻ വിലമതിക്കുന്നു. പുനരുത്ഥാനത്തിൽ എന്റെ അമ്മയേയും അപ്പനേയും തിരികെ സ്വാഗതംചെയ്യുന്നതും അവരെ മറുവിലയെക്കുറിച്ചും രാജ്യത്തെക്കുറിച്ചും യഹോവയുടെ മറെറല്ലാ പരിപാലനത്തിന്റെയും തെളിവുകളെക്കുറിച്ചും അറിയിക്കുന്നതും എന്തൊരു പദവിയായിരിക്കും.
ദൈവം എനിക്കുവേണ്ടി കരുതുന്നുവെന്ന അറിവിനാൽ നിലനിർത്തപ്പെടുന്ന എന്റെ തീരുമാനം സങ്കീർത്തനം 104:33-ൽ സങ്കീർത്തനക്കാരൻ പ്രസ്താവിച്ചതുപോലെയാണ്: “എന്റെ ആയുഷ്ക്കാലത്തൊക്കെയും ഞാൻ യഹോവെക്കു പാടും; ഞാൻ ഉള്ളേടത്തോളം എന്റെ ദൈവത്തിന്നു കീർത്തനം പാടും.”—സാൻ വ്ഹ്വാറെറോ പറഞ്ഞത്.
[26-ാം പേജിലെ സാൻ വ്ഹ്വാറെറോയുടെ ചിത്രം]
[28-ാം പേജിലെ ചിത്രം]
ന്യൂസീലണ്ടിൽ പണിത ആദ്യത്തെ രാജ്യഹാൾ, 1950