വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
യഹോവയുടെ സാക്ഷികൾ ജൻമദിനാഘോഷങ്ങൾ ഒഴിവാക്കുന്നത് ആ ആചാരത്തിനു പുരാതന കാലങ്ങളിൽ മതപരമായ കുറെ അർത്ഥമുണ്ടായിരുന്നതുകൊണ്ടാണോ?
ജൻമദിനാഘോഷങ്ങൾക്ക് അന്ധവിശ്വാസത്തിലും വ്യാജമതത്തിലും വേരുകളുണ്ട്, എന്നാൽ യഹോവയുടെ സാക്ഷികൾ ആ ആചാരം ഒഴിവാക്കുന്നതിന്റെ ഏക അല്ലെങ്കിൽ മുഖ്യ കാരണം അതല്ല.
ഒരു കാലത്തു മതപരമായ സ്വഭാവമുണ്ടായിരുന്ന ചില ആചാരങ്ങൾ മേലാൽ പല സ്ഥലങ്ങളിലും അങ്ങനെയല്ല. ദൃഷ്ടാന്തത്തിന്, വിവാഹമോതിരത്തിന് ഒരു കാലത്തു മതപരമായ സാർത്ഥകത ഉണ്ടായിരുന്നു, എന്നാൽ ഇന്നു മിക്ക സ്ഥലങ്ങളിലും അതിന് അതില്ല. തന്നിമിത്തം, വ്യക്തി വിവാഹം കഴിഞ്ഞ ആളാണെന്നു തെളിവു നൽകുന്നതിന് ഒരു വിവാഹമോതിരം ധരിക്കുന്ന സ്ഥലപരമായ ആചാരം അനേകം സത്യക്രിസ്ത്യാനികൾ സ്വീകരിക്കുന്നു. അങ്ങനെയുള്ള കാര്യങ്ങളിൽ, പൊതുവേ സ്വാധീനംചെലുത്തുന്നത് ഒരു ആചാരത്തിന് ഇപ്പോൾ വ്യാജമതത്തോടു ബന്ധമുണ്ടോയെന്നതാണ്.—1972 ജനുവരി 15-ലെയും 1991 ഒക്ടോബർ 15-ലെയും വാച്ച്ററവറിലെ “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” കാണുക.
എന്നിരുന്നാലും, നിരവധി പ്രമാണഗ്രന്ഥങ്ങൾ ജൻമദിനാഘോഷങ്ങളുടെ അന്ധവിശ്വാസപരവും മതപരവുമായ കീഴ്നടപ്പുകളെ വെളിപ്പെടുത്തുന്നുണ്ടെന്നുള്ളത് അനിഷേധ്യമാണ്. ദി എൻസൈക്ലോപ്പീഡിയാ അമേരിക്കാനാ (1991-ലെ പതിപ്പ്) ഇങ്ങനെ പ്രസ്താവിക്കുന്നു: “ഈജിപ്ററും ഗ്രീസും റോമായും പേർഷ്യയുമടങ്ങിയ പുരാതന ലോകം ദൈവങ്ങളുടെയും രാജാക്കൻമാരുടെയും പ്രഭുക്കൻമാരുടെയും ജൻമദിനങ്ങൾ ആഘോഷിച്ചു.” റോമാക്കാർ അർത്തേമിസിന്റെ ജനനവും അപ്പോളോയുടെ ദിനവും ആചരിച്ചതായി അതു പറയുന്നു. ഇതിനു വിരുദ്ധമായി, “പുരാതന ഇസ്രയേലികൾ തങ്ങളുടെ പുരുഷപൗരൻമാരുടെ പ്രായത്തിന്റെ രേഖ സൂക്ഷിച്ചിരുന്നുവെങ്കിലും ജൻമദിനവാർഷികത്തിൽ അവർക്ക് എന്തെങ്കിലും ആഘോഷമുണ്ടായിരുന്നതായി തെളിവില്ല.”
മററു പ്രമാണ ഗ്രന്ഥങ്ങൾ ജൻമദിനാഘോഷങ്ങളുടെ ഉത്ഭവത്തെക്കുറിച്ചു ഗണ്യമായ വിശദാംശങ്ങൾ നൽകുന്നുണ്ട്: ‘ജൻമദിനവിരുന്നുകൾ വർഷങ്ങൾക്കുമുമ്പു യൂറോപ്പിൽ ആരംഭിച്ചു. ആളുകൾ നല്ല ആത്മാക്കളിലും ദുരാത്മാക്കളിലും വിശ്വസിച്ചു, ചി ലപ്പോൾ നല്ല യക്ഷികളും ചീത്ത യക്ഷികളുമെന്നാണ് അവർ വിളിക്കപ്പെട്ടിരുന്നത്. ഈ ആത്മാക്കൾ ജൻമദിനാഘോഷകനു ഉപദ്രവംചെയ്യുമെന്നുള്ള ഭയം എല്ലാവർക്കും ഉണ്ടായിരുന്നു, തന്നിമിത്തം ആരുടെ ആശംസകളും സാന്നിദ്ധ്യംതന്നെയും ജൻമദിനത്തിന്റെ അജ്ഞാതമായ അപകടങ്ങളിൽനിന്ന് അയാളെ സംരക്ഷിക്കുമായിരുന്നോ ആ സുഹൃത്തുക്കളും ബന്ധുക്കളും അയാളെ വലയം ചെയ്തിരുന്നു. സമ്മാനദാനം വർദ്ധിതമായ സുരക്ഷിതത്വം കൈവരുത്തി. ഒരുമിച്ചുള്ള ഭക്ഷണം കൂടുതലായ സുരക്ഷ നൽകുകയും നല്ല ആത്മാക്കളുടെ അനുഗ്രഹങ്ങൾ കൈവരുത്തുകയും ചെയ്തു. അതുകൊണ്ടു ജൻമദിനവിരുന്ന് ഒരു വ്യക്തിയെ പീഡയിൽ നിന്നു സുരക്ഷിതനാക്കാനും വരാനിരിക്കുന്ന ഒരു നല്ല സംവത്സരത്തിന് ഉറപ്പുകൊടുക്കാനുമാണ് ഉദ്ദേശിക്കപ്പെട്ടിരുന്നത്.’—ലോകമാസകലമുള്ള ജൻമദിന വിരുന്നുകൾ, 1967 (Birthday Parties Around the World, 1967).
ഈ പുസ്തകം അനേകം ജൻമദിനാചാരങ്ങളുടെ ഉത്ഭവത്തെയും വിശദീകരിക്കുന്നു. ദൃഷ്ടാന്തത്തിന്: “(മെഴുകുതിരികൾ) ഉപയോഗിക്കുന്നതിന്റെ ന്യായം മെഴുകുതിരികൾക്ക് മാന്ത്രികഗുണങ്ങൾ ഉണ്ടെന്നു വിശ്വസിച്ച ഗ്രീക്കുകാരിലേക്കും റോമാക്കാരിലേക്കും പിന്നോട്ടുപോകുന്നു. അവർ പ്രാർത്ഥനകൾ നടത്തുകയും മെഴുകുതിരിജ്വാലകളിലൂടെ ദൈവങ്ങളിലേക്കെത്തിക്കേണ്ട ആശംസകളർപ്പിക്കുകയും ചെയ്യുമായിരുന്നു. ദൈവങ്ങൾ അപ്പോൾ തങ്ങളുടെ അനുഗ്രഹങ്ങൾ വർഷിക്കുകയും ഒരുപക്ഷേ പ്രാർത്ഥനകൾക്ക് ഉത്തരം കൊടുക്കുകയും ചെയ്യും.” അത്തരം മററു പശ്ചാത്തലവിവരങ്ങൾ വാച്ച്ററവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി പ്രസിദ്ധപ്പെടുത്തിയ തിരുവെഴുത്തുകളിൽനിന്നു ന്യായവാദംചെയ്യൽ എന്ന പുസ്തകത്തിന്റെ 69, 70 എന്നീ പേജുകളിൽ സമാഹരിച്ചിട്ടുണ്ട്.
ഏതായാലും, സൂചിപ്പിക്കപ്പെട്ടതുപോലെ, ജൻമദിനാഘോഷങ്ങൾ മതപരമായിരുന്നോ അല്ലെങ്കിൽ ഇപ്പോഴുമങ്ങനെയാണോ എന്നതിലധികം ഈ പ്രശ്നത്തിൽ ഉൾപ്പെട്ടിരിക്കുന്നു. ബൈബിൾ ജൻമദിനങ്ങളുടെ സംഗതി ഉന്നയിക്കുന്നുണ്ട്, പക്വതയുള്ള ക്രിസ്ത്യാനികൾ ജ്ഞാനപൂർവം അതു നൽകുന്ന ഏതു സൂചനകളോടും സംവേദനമുള്ളവരാണ്.
പുരാതന കാലത്തെ ദൈവദാസൻമാർ വ്യക്തികൾ ജനിച്ചതെപ്പോഴെന്ന് ശ്രദ്ധിച്ചിരുന്നു, അത് പ്രായം കണക്കുകൂട്ടാൻ അവരെ അനുവദിച്ചിരുന്നു. നാം ഇങ്ങനെ വായിക്കുന്നു: “നോഹെക്കു അഞ്ഞൂറു വയസ്സായ ശേഷം നോഹ ശേമിനെയും ഹാമിനെയും യാഫെത്തിനെയും ജനിപ്പിച്ചു.” “നോഹയുടെ ആയുസ്സിന്റെ അറുനൂറാം സംവത്സരത്തിൽ . . . ആഴിയുടെ ഉറവുകൾ ഒക്കെയും പിളർന്നു.”—ഉല്പത്തി 5:32; 7:11; 11:10-26.
യേശു പറഞ്ഞതുപോലെതന്നെ, ദൈവജനത്തിന്റെ ഇടയിൽ ശിശുജനനം അനുഗൃഹീതമായ, സന്തുഷ്ടമായ, ഒരു സംഭവമായിരുന്നു. (ലൂക്കോസ് 1:57, 58; 2:9-14; യോഹന്നാൻ 16:21) എന്നിരുന്നാലും, യഹോവയുടെ ജനം ജൻമദിനത്തിന്റെ സ്മാരകമാഘോഷിച്ചില്ല; അവർ മററു വാർഷികങ്ങളാഘോഷിച്ചു, എന്നാൽ ജൻമദിനത്തിന്റേതില്ല. (യോഹന്നാൻ 10:22, 23) എൻസൈക്ലോപ്പീഡിയാ ജൂഡായിക്കാ പറയുന്നു: “ജനനദിവസങ്ങളുടെ ആഘോഷം പരമ്പരാഗത യഹൂദകർമ്മങ്ങളിൽ അറിയപ്പെടുന്നില്ല.” ഇസ്രയേലിന്റെ ആചാരങ്ങളും പാരമ്പര്യങ്ങളും (Customs and Traditions of Israel) ഇങ്ങനെ പ്രസ്താവിക്കുന്നു: “ജനനദിവസങ്ങളുടെ ആഘോഷം മററു ജനതകളുടെ ആചാരങ്ങളിൽനിന്നു കടമെടുത്തിട്ടുള്ളതാണ്, കാരണം യഹൂദൻമാരുടെ ഇടയിൽ ബൈബിളിലോ തൽമൂദിലോ പിൽക്കാല ജ്ഞാനികളുടെ എഴുത്തുകളിലോ ഈ ആചാരത്തെക്കുറിച്ചു പറയപ്പെട്ടിട്ടില്ല. യഥാർത്ഥത്തിൽ അത് പുരാതന ഈജിപ്ററിലെ ഒരു ആചാരമായിരുന്നു.”
ഈജിപ്ററിനോടുള്ള ആ ബന്ധം ബൈബിളിൽ പ്രതിപാദിച്ചിരിക്കുന്ന ഒരു ജനനദിനാഘോഷത്തിൽനിന്നു വ്യക്തമാണ്, അത് സത്യാരാധകർ അനുഷ്ഠിച്ചിരുന്ന ഒന്നായിരുന്നില്ല. അത് യോസേഫ് തടവിലായിരുന്നപ്പോൾ ഭരിച്ചിരുന്ന ഫറവോന്റെ ജൻമദിനവിരുന്നായിരുന്നു. ഈ വിരുന്നിൽ ആ പുറജാതികളിൽ ചിലർ സന്തുഷ്ടരായിരുന്നിരിക്കാം, എന്നിരുന്നാലും ആ ജൻമദിനം ഫറവോന്റെ അപ്പക്കാരുടെ പ്രമാണിയുടെ ശിരഃച്ഛേദത്തോടു ബന്ധപ്പെട്ടിരുന്നു.—ഉല്പത്തി 40:1-22.
തിരുവെഴുത്തുകളിൽ വർണ്ണിക്കപ്പെട്ടിരിക്കുന്ന മറേറ ജൻമദിനാഘോഷത്തിൻമേലും—മഹാനായ ഹെരോദാവിന്റെ പുത്രനായ ഹെരോദ് അന്തിപ്പാസിന്റെ ജൻമദിനത്തിൻമേൽ—സമാനമായ ഒരു പ്രതികൂല വെളിച്ചമാണ് വീഴുന്നത്. ഈ ജൻമദിനാഘോഷം തീർച്ചയായും കേവലം നിർദ്ദോഷമായ ഒരു ഉത്സവമായിട്ടല്ല തിരുവെഴുത്തുകളിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. മറിച്ച്, ആ അവസരത്തിലായിരുന്നു യോഹന്നാൻ സ്നാപകന്റെ ശിരച്ഛേദം നടന്നത്. പിന്നീട് “അവന്റെ ശിഷ്യൻമാർ ചെന്നു ഉടൽ എടുത്തു കുഴിച്ചിട്ടു: പിന്നെ വന്നു യേശുവിനെ അറിയിച്ചു.” അവൻ ‘ഒരു നിർജ്ജനസ്ഥലത്തേക്കു ഏകാന്തതക്കുവേണ്ടി അവിടെനിന്നു പിൻവാങ്ങി.’ (മത്തായി 14:6-13) ആ ശിഷ്യൻമാരോ യേശുവോ ജനനദിനാഘോഷങ്ങളുടെ ആചാരത്തിലേക്ക് ആകർഷിക്കപ്പെട്ടതായി നിങ്ങൾ സങ്കല്പിക്കുന്നുവോ?
ജൻമദിനാഘോഷങ്ങളുടെ അറിയപ്പെടുന്ന ഉത്ഭവത്തിന്റെ വീക്ഷണത്തിലും, അതിലും പ്രധാനമായി, അത് ബൈബിളിൽ പ്രതിപാദിക്കപ്പെട്ടിരിക്കുന്ന പ്രതികൂല വെളിച്ചത്തിന്റെ കാഴ്ചപ്പാടിലും ഈ ആചാരത്തിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ യഹോവയുടെ സാക്ഷികൾക്കു മതിയായ കാരണമുണ്ട്. അവർ ഈ ലോകാചാരം പിന്തുടരേണ്ട ആവശ്യമില്ല, എന്തെന്നാൽ അവർക്കു വർഷത്തിൽ ഏതു സമയത്തും സന്തുഷ്ട ഭോജനങ്ങൾ ആസ്വദിക്കാൻ കഴിയും, ആസ്വദിക്കുന്നുമുണ്ട്. അവരുടെ സമ്മാനദാനം കടപ്പാടല്ല അല്ലെങ്കിൽ ഒരു സാമൂഹികകൂട്ടത്തിന്റെ സമ്മർദ്ദത്തിൻ കീഴിലല്ല; അത് ഔദാര്യത്തിൽനിന്നും യഥാർത്ഥ പ്രീതിയിൽനിന്നുമുള്ള ഏതു സമയത്തെയും സ്വതഃപ്രേരിതമായ സമ്മാനപങ്കുവെക്കലാണ്.—സദൃശവാക്യങ്ങൾ 17:8; സഭാപ്രസംഗി 2:24; ലൂക്കോസ് 6:38; പ്രവൃത്തികൾ 9:36, 39; 1 കൊരിന്ത്യർ 16:2, 3.