നല്ല മനുഷ്യർ കഷ്ടപ്പെടുന്നത് എന്തുകൊണ്ട്?
വർഷം 1914 ആയിരുന്നു, ലോകം യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നു. സേർബിയായിലെ യുദ്ധത്തടവുകാരുടെ ഒരു പാളയത്തിൽ പെട്ടെന്ന് ടൈഫസ് പടർന്നു പിടിച്ചു. എന്നാൽ അതു തുടക്കം മാത്രമായിരുന്നു. ഭയാനകമായ ആ രോഗം പൗരജനങ്ങളിലേക്കു വ്യാപിക്കുകയും വെറും ആറു മാസത്തിനുള്ളിൽ 1,50,000 പേരുടെ മരണത്തിന് ഇടയാക്കുകയും ചെയ്തു. യുദ്ധകാല പരിതഃസ്ഥിതികൾക്കും അതേ തുടർന്നു റഷ്യയിൽ ഉണ്ടായ വിപ്ലവത്തിനുമിടയ്ക്കു മുപ്പതു ലക്ഷം പേർ ടൈഫസ് മൂലം മരണമടഞ്ഞു. അതിന് ഇരയായിത്തീർന്നവരിൽ ധാരാളം നല്ല മനുഷ്യരും സന്തപ്തരായ അവരുടെ കുടുംബാംഗങ്ങളും ഉണ്ടായിരുന്നുവെന്ന് നിങ്ങൾ ശരിയായിത്തന്നെ നിഗമനം ചെയ്തേക്കാം.
ഇതു മാനുഷദുരന്തത്തിന്റെ ഒരു ദൃഷ്ടാന്തം മാത്രമാണ്. പ്രിയപ്പെട്ടവർ, ഒരു തരത്തിൽ അല്ലെങ്കിൽ മറെറാരു തരത്തിലുള്ള രോഗങ്ങൾ, അപകടങ്ങൾ, ദുരന്തങ്ങൾ, എന്നിവയ്ക്ക് ഇരയാകുന്നതിൽനിന്നുളവാകുന്ന കഷ്ടപ്പാടു നിങ്ങൾ തന്നെ അനുഭവിച്ചിട്ടുണ്ടായിരിക്കാം. നീതിമാനായ ഒരു വ്യക്തി ഭേദപ്പെടുത്താനാവാത്ത ഒരു രോഗത്തിന്റെ വേദനയാൽ പീഡിപ്പിക്കപ്പെടുമ്പോൾ സാദ്ധ്യതയനുസരിച്ചു നിങ്ങൾക്കു കൊടിയ ദുഃഖം തോന്നുന്നു. ഒരു നല്ല മനുഷ്യൻ—ഒരു പക്ഷേ കഠിനാദ്ധ്വാനിയായ ഒരു കുടുംബനാഥൻ—ഒരു അപകടത്തിൽ കൊല്ലപ്പെടുമ്പോൾ നിങ്ങൾക്കു വലിയ സങ്കടം തോന്നിയേക്കാം. സന്തപ്തരായ കുടുംബാംഗങ്ങളുടെ ദുഃഖം നിങ്ങളുടെ ഹൃദയം അവരോടൊപ്പം വേദനിക്കാനിടയാക്കിയേക്കാം.
നൻമ ചെയ്യുന്ന ഒരാൾക്കു കഷ്ടപ്പാടിൽ നിന്നുള്ള സ്വാതന്ത്ര്യം പ്രതിഫലമായി ലഭിക്കേണ്ടതാണ് എന്ന് അനേകർ വിചാരിക്കുന്നു. കഷ്ടാനുഭവം അതിന് ഇരയായിത്തീരുന്നവർ തെററുകാരാണ് എന്നതിന്റെ തെളിവായിപ്പോലും ചിലർ കണക്കാക്കുന്നു. ഏതാണ്ട് 3,600 വർഷം മുമ്പു ജീവിച്ചിരുന്ന മൂന്നു പുരുഷൻമാരുടെ വാദം അതായിരുന്നു. അവർ ഇയ്യോബ് എന്നു പേരായ ഒരു നല്ല മമനുഷ്യന്റെ സമകാലികരായിരുന്നു. നല്ല മനുഷ്യർ കഷ്ടമനുഭവിക്കുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഉത്തരം അന്വേഷിച്ചു തുടങ്ങവേ നമുക്ക് അവരുടെ നാളുകളിലേക്ക് ഒന്നു മടങ്ങിപ്പോകാം.
ഇയ്യോബിന്റെ കഷ്ടപ്പാടുകൾ
ഇയ്യോബിന്റെ സുഹൃത്തുക്കളെന്നു കരുതപ്പെട്ടിരുന്ന മൂന്നു പേർ അവനെ സന്ദർശിച്ചപ്പോൾ അവൻ വേദനയിൽ നിന്നും രോഗത്തിൽനിന്നും അവർണ്ണനീയമായ കഷ്ടം അനുഭവിക്കുകയായിരുന്നു. അവന്റെ പത്തു മക്കൾ മരിച്ചുപോയി, അവന്റെ ഭൗതിക സമ്പത്തെല്ലാം നഷ്ടമാവുകയും ചെയ്തു. ഇയ്യോബിനെ വലിയ ആദരവോടെ കരുതിയിരുന്നവർ അവനെ വെറുത്തു. അവന്റെ ഭാര്യ പോലും അവനെ ഉപേക്ഷിച്ചുപോകയും ദൈവത്തെ ശപിച്ചിട്ടു മരിക്കാൻ അവനെ പ്രേരിപ്പിക്കുകയും ചെയ്തു.—ഇയ്യോബ് 1:1-2:13; 19:13-19.
ഏഴു പകലും രാവും ഇയ്യോബിന്റെ സന്ദർശകർ നിശ്ശബ്ദരായി അവന്റെ കഷ്ടപ്പാടുകൾ നിരീക്ഷിച്ചുകൊണ്ടിരുന്നു. തുടർന്ന് അവരിൽ ഒരാൾ, ഇയ്യോബ് എന്തിനുവേണ്ടി ശിക്ഷിക്കപ്പെടുന്നതായി അയാൾ വിചാരിച്ചോ ആ നീതിയല്ലാത്ത നടത്ത സംബന്ധിച്ച് അവനെ കുററപ്പെടുത്തി. എലീഫസ് എന്ന പുരുഷൻ പറഞ്ഞു: “ഓർത്തു നോക്കുക: നിർദ്ദോഷിയായി നശിച്ചവൻ ആർ? നേരുള്ളവർ എവിടെ മുടിഞ്ഞുപോയിട്ടുള്ളു. ഞാൻ കണ്ടേടത്തോളം അന്യായം ഉഴുതു കഷ്ടത വിതെക്കുന്നവർ അതു തന്നേ കൊയ്യുന്നു. ദൈവത്തിന്റെ ശ്വാസത്താൽ അവർ നശിക്കുന്നു; അവന്റെ കോപത്തിന്റെ ഊത്തിനാൽ മുടിഞ്ഞുപോകുന്നു.”—ഇയ്യോബ് 4:7-9.
അതുകൊണ്ട് ഇയ്യോബിന്റെ പാപങ്ങൾ നിമിത്തം ദൈവം അവനെ ശിക്ഷിക്കുകയാണെന്ന് എലീഫസ് വാദിച്ചു. ദുരന്തങ്ങൾ, ദുഷ്പ്രവൃത്തികൾക്ക് ആളുകളെ ശിക്ഷിക്കാനുള്ള ദൈവത്തിന്റെ പ്രവൃത്തികളാണെന്ന് ഇന്നും ചിലർ വാദിക്കുന്നു. എന്നാൽ നീതികെട്ട പ്രവൃത്തികൾ ചെയ്തതിന്റെ പേരിൽ യഹോവ ഇയ്യോബിനെ ശിക്ഷിക്കുകയായിരുന്നില്ല. ദൈവം പിന്നീട് എലീഫസിനോട് ഇപ്രകാരം പറഞ്ഞതിൽ നിന്ന് നമുക്കതറിയാം. “നിന്നോടും നിന്റെ രണ്ടു സ്നേഹിതൻമാരോടും എനിക്കു കോപം ജ്വലിച്ചിരിക്കുന്നു; എന്റെ ദാസനായ ഇയ്യോബിനെപ്പോലെ നിങ്ങൾ എന്നെക്കുറിച്ചു വിഹിതമായതു സംസാരിച്ചിട്ടില്ല.”—ഇയ്യോബ് 42:7.
ദൈവത്തിന്റെ കുററമല്ല
ഇന്നു—തീർച്ചയായും അനേകം നല്ല മനുഷ്യർ ഉൾപ്പെടെ—ദശലക്ഷങ്ങൾ ദാരിദ്ര്യത്തിലും പട്ടിണിയുടെ വക്കിലുമാണ്. ചില വ്യക്തികൾ തങ്ങളുടെ കഷ്ടപ്പാടുകൾ നിമിത്തം രോഷാകുലരായിത്തീരുകയും ദൈവത്തെ കുററപ്പെടുത്തുകയും ചെയ്യുന്നു. എന്നാൽ ക്ഷാമത്തിന് അവനെ കുററപ്പെടുത്താൻ കഴിയുകയില്ല. വാസ്തവത്തിൽ, മനുഷ്യവർഗ്ഗത്തിന് ആവശ്യമായ ഭക്ഷണം പ്രദാനംചെയ്യുന്നത് അവനാണ്.—സങ്കീർത്തനം 65:9.
സ്വാർത്ഥതയും അത്യാഗ്രഹവും മററു മാനുഷഘടകങ്ങളും വിശക്കുന്നവർക്ക് ഭക്ഷണം എത്തിച്ചുകൊടുക്കുന്നതിൽ തടസ്സം സൃഷ്ടിച്ചേക്കാം. ക്ഷാമത്തിന്റെ കാരണങ്ങളിലൊന്നു യുദ്ധമാണ്. ഉദാഹരണത്തിന്, ദി വേൾഡ് ബുക്ക് എൻസൈക്ലോപ്പിഡിയ ഇപ്രകാരം പറയുന്നു: “ധാരാളം കൃഷിക്കാർ തങ്ങളുടെ വയലുകൾ ഉപേക്ഷിച്ചു സൈന്യത്തിൽ ചേരുന്നുവെങ്കിൽ യുദ്ധം ക്ഷാമത്തിന് ഇടയാക്കിയേക്കാം. ചില സന്ദർഭങ്ങളിൽ ശത്രുക്കളെ പട്ടിണിയിലാക്കി അടിയറവു പറയിക്കുന്നതിനുവേണ്ടി സൈന്യങ്ങൾ മനഃപൂർവ്വം ക്ഷാമത്തിന് ഇടയാക്കിയിട്ടുണ്ട്. സൈന്യങ്ങൾ, ശേഖരിച്ചുവച്ചിരിക്കുന്ന ഭക്ഷണസാധനങ്ങളും വളരുന്ന വിളകളും നശിപ്പിക്കുകയും ശത്രുക്കൾക്ക് ഭക്ഷണം ലഭിക്കുന്നതു തടയാൻവേണ്ടി ഉപരോധം ഏർപ്പെടുത്തുകയും ചെയ്യുന്നു. നൈജീരിയയിലെ ആഭ്യന്തരയുദ്ധകാലത്ത് (1967-70) ബിയാഫ്ര പ്രദേശത്ത് ഭക്ഷ്യവസ്തുക്കൾ എത്തുന്നത് ഉപരോധങ്ങളാൽ തടസ്സപ്പെടുത്തപ്പെട്ടു. അതിന്റെ ഫലമായുണ്ടായ ക്ഷാമത്തിൽ സാദ്ധ്യതയനുസരിച്ച് ഒരു ദശലക്ഷത്തിലേറെ ബിയാഫ്രക്കാർ പട്ടിണികൊണ്ടു മരിച്ചു.”
വിശേഷിച്ചു രണ്ടാം ലോകമഹായുദ്ധകാലത്ത് അനേകം നല്ല മനുഷ്യർ കഷ്ടം അനുഭവിക്കുകയും മരിക്കുകയും ചെയ്തപ്പോൾ ചിലർ ദൈവത്തെ തെററായി കുററം വിധിച്ചു. എന്നിരുന്നാലും പരസ്പരം ദ്വേഷിക്കുകയും യുദ്ധം ചെയ്യുകയും ചെയ്തുകൊണ്ടു മനുഷ്യർ ദൈവത്തിന്റെ നിയമങ്ങൾ ലംഘിക്കുകയാണ്. “എല്ലാററിലും മുഖ്യ” കൽപ്പന എതാണ് എന്ന് യേശുക്രിസ്തുവിനോടു ചോദിച്ചപ്പോൾ അവൻ ഇപ്രകാരം മറുപടി പറഞ്ഞു: “എല്ലാററിലും മുഖ്യകൽപ്പനയോ: ‘യിസ്രയേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു. നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണ മനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം’ എന്നു ആകുന്നു. രണ്ടാമത്തേതോ: ‘കൂട്ടുകാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കേണം’ എന്നത്രേ; ഇവയിൽ വലുതായിട്ടു മറെറാരു കൽപ്പനയും ഇല്ല.”—മർക്കോസ് 12:28-31.
കൂട്ടക്കൊല നടത്തിക്കൊണ്ട് മനുഷ്യർ ദൈവത്തിന്റെ നിയമങ്ങൾ ലംഘിക്കുമ്പോൾ അതിന്റെ ഫലം കഷ്ടപ്പാടാണെങ്കിൽ ആർക്കെങ്കിലും ഉചിതമായി ദൈവത്തെ കുററപ്പെടുത്താൻ കഴിയുമോ? തമ്മിൽ വഴക്കടിക്കരുതെന്ന് ഒരു പിതാവു തന്റെ മക്കളോടു പറയുകയും അവർ അയാളുടെ നല്ല ഉപദേശം അവഗണിക്കുകയും ചെയ്തിട്ട് അവർക്കു പരിക്ക് ഏൽക്കുന്നുവെങ്കിൽ അയാളാണോ അതിന് ഉത്തരവാദി? ആളുകൾ ദിവ്യനിയമം അവഗണിക്കുമ്പോൾ ഉണ്ടാകുന്ന മാനുഷകഷ്ടപ്പാടുകൾക്കു ദൈവം ഉത്തരവാദിയായിരിക്കുന്നതിൽ അധികം ഈ പിതാവും ഉത്തരവാദിയായിരിക്കുന്നില്ല.
യഹോവയുടെ നിയമങ്ങൾ അവഗണിക്കുമ്പോൾ അതിന്റെ ഫലമായി കഷ്ടപ്പാടുകൾ ഉണ്ടായേക്കാമെങ്കിലും വിപത്തുകൾ പൊതുവേ ദുഷ്ടൻമാരെ ശിക്ഷിക്കാനുദ്ദേശിച്ചുള്ള ദൈവത്തിന്റെ പ്രവൃത്തികളാണെന്ന് ബൈബിൾ സൂചിപ്പിക്കുന്നില്ല. ആദ്യ മാനുഷജോടി പാപം ചെയ്തപ്പോൾ അവർ അവന്റെ പ്രത്യേക അനുഗ്രഹവും സംരക്ഷണവും നഷ്ടമാക്കി. യഹോവയുടെ ഉദ്ദേശ്യങ്ങൾ നിവർത്തിക്കാൻ വേണ്ടിയുള്ള ദിവ്യ ഇടപെടലുകൾ ഒഴികെ നാൾതോറും മനുഷ്യവർഗ്ഗത്തിനു സംഭവിച്ചിട്ടുള്ളത് ഈ തിരുവെഴുത്തു തത്ത്വത്താൽ ഭരിക്കപ്പെട്ടിരുന്നു: “വേഗതയുള്ളവർ ഓട്ടത്തിലും വീരൻമാർ യുദ്ധത്തിലും നേടുന്നില്ല; ജ്ഞാനികൾക്കു ആഹാരവും വിവേകികൾക്കു സമ്പത്തും സാമർത്ഥ്യമുള്ളവർക്കു പ്രീതിയും ലഭിക്കുന്നില്ല; അവർക്കൊക്കെയും കാലവും ഗതിയുമത്രേ ലഭിക്കുന്നതു.”—സഭാപ്രസംഗി 9:11.
നല്ല ആളുകളും ചീത്തയാളുകളും കഷ്ടപ്പെടുന്നു
വാസ്തവത്തിൽ അവകാശപ്പെടുത്തിയ പാപത്തിന്റെയും അപൂർണ്ണതയുടെയും ഫലമായി നല്ല മനുഷ്യരും ചീത്ത മനുഷ്യരും കഷ്ടമനുഭവിക്കുന്നു. (റോമർ 5:12) ഉദാഹരണമായി നീതിമാൻമാരും ദുഷ്ടൻമാരും ഒരുപോലെ വേദനാകരമായ രോഗങ്ങളാൽ ബാധിക്കപ്പെടുന്നു. വിശ്വസ്ത ക്രിസ്ത്യാനിയായിരുന്ന തിമൊഥെയോസിന് “അജീർണ്ണതയും കൂടെക്കൂടെയുള്ള ക്ഷീണതയും” ഉണ്ടായിരുന്നു. (1 തിമൊഥെയൊസ് 5:23) അപ്പൊസ്തലനായ പൗലോസ് തന്റെ സ്വന്തം “ജഡത്തിലെ ശൂല”ത്തെപ്പററി പറഞ്ഞപ്പോൾ അവൻ ഏതെങ്കിലും ശാരീരിക ക്ലേശത്തെയായിരിക്കാം പരാമർശിച്ചത്. (2 കൊരിന്ത്യർ 12:7-9) തന്റെ വിശ്വസ്ത ദാസൻമാരുടെ സംഗതിയിൽ പോലും, അവകാശമാക്കിയ ബലഹീനതകളും രോഗം ബാധിക്കാനുള്ള സാദ്ധ്യതകളും ദൈവം ഇപ്പോൾ നീക്കം ചെയ്യുന്നില്ല.
തെററായ തീരുമാനങ്ങൾ ചെയ്യുന്നതിനാൽ അല്ലെങ്കിൽ ചിലപ്പോൾ തിരുവെഴുത്തു ബുദ്ധിയുപദേശങ്ങൾ ബാധകമാക്കുന്നതിൽ പരാജയപ്പെടുന്നതിനാൽ ദൈവഭക്തിയുള്ള ആളുകൾ പോലും കഷ്ടമനുഭവിച്ചേക്കാം. ഉദാഹരണത്തിന്: ദൈവത്തോട് അനുസരണക്കേടു കാണിച്ചുകൊണ്ട് ഒരു അവിശ്വാസിയെ വിവാഹം ചെയ്യുന്ന ഒരാൾ തനിക്ക് ഒഴിവാക്കാമായിരുന്ന ചില വൈവാഹിക കഷ്ടങ്ങൾ അനുഭവിക്കേണ്ടി വന്നേക്കാം. (ആവർത്തനം 7:3, 4; 1 കൊരിന്ത്യർ 7:39) ഒരു ക്രിസ്ത്യാനിക്കു ശരിയായ ആഹാരക്രമം ഇല്ലാതിരിക്കുകയോ വേണ്ടത്ര വിശ്രമം ലഭിക്കാതിരിക്കുകയോ ചെയ്യുമ്പോൾ തന്റെ ആരോഗ്യം നശിപ്പിക്കുക വഴി അയാൾ കഷ്ടമനുഭവിച്ചേക്കാം.
നാം ബലഹീനതകൾക്ക് അടിപ്പെട്ടുപോകയും തെററായ നടത്തയിൽ ഏർപ്പെടുകയും ചെയ്താൽ ഫലം വൈകാരിക കഷ്ടപ്പാടുകളായിരുന്നേക്കാം. ബത്ത്-ശേബയുമായുള്ള ദാവീദുരാജാവിന്റെ വ്യഭിചാരവൃത്തി അവനു വലിയ കഷ്ടം വരുത്തി. (സങ്കീർത്തനം 51) തന്റെ ദുഷ്പ്രവൃത്തി മറച്ചുവയ്ക്കാനുള്ള ശ്രമത്തിൽ അവൻ കൊടിയ വേദന അനുഭവിച്ചു. “ഞാൻ മിണ്ടാതെയിരുന്നപ്പോൾ നിത്യമായ ഞരക്കത്താൽ എന്റെ അസ്ഥികൾ ക്ഷയിച്ചുപോയി; . . . എന്റെ മജ്ജ വേനൽക്കാലത്തിലെ ഉഷ്ണത്താൽ എന്നപോലെ വററിപ്പോയി,” എന്ന് അവൻ പറഞ്ഞു. (സങ്കീർത്തനം 32:3, 4) വരൾച്ചയുടെ കാലത്തു അല്ലെങ്കിൽ വേനൽക്കാലത്തെ ഉണക്കിൽ ഒരു മരത്തിനു ജീവദായകമായ ജലാംശം നഷ്ടപ്പെടുന്നതുപോലെ ദാവീദിന്റെ തെററു സംബന്ധിച്ച മനഃപീഡ അവന്റെ ശക്തിയെ ക്ഷയിപ്പിച്ചു. പ്രത്യക്ഷത്തിൽ അവൻ മാനസ്സികമായും ശാരീരികമായും കഷ്ടം അനുഭവിച്ചു. എന്നാൽ ഒരു വ്യക്തി അനുതപിച്ചു തന്റെ പാപങ്ങൾ ഏററു പറയുകയും ദൈവത്തിൽ നിന്ന് പൊറുതി നേടുകയും ചെയ്യുന്നതിനാൽ അത്തരം കഷ്ടപ്പാടിൽനിന്ന് ആശ്വാസം ലഭിക്കുമെന്ന് സങ്കീർത്തനം 32 കാണിച്ചുതരുന്നു.—സദൃശവാക്യങ്ങൾ 28:13.
ചീത്ത മനുഷ്യർ മിക്കപ്പോഴും കഷ്ടമനുഭവിക്കുന്നത് അതിരുകടന്ന സ്വാതന്ത്ര്യത്തിന്റെ ഒരു ഗതി പിന്തുടരുന്നതിനാലാണ്, അല്ലാതെ ദിവ്യശിക്ഷയായിട്ടല്ല. മഹാനായ ഹെരോദാവു രോഗിയായത് അയാളുടെ ദുഷിച്ച ശീലങ്ങൾ നിമിത്തമായിരുന്നു. ഹെരോദാവു തന്റെ അവസാന നാളുകളിൽ “കഠിനമായ പീഡ സഹിച്ച”തായി യഹൂദ്യ ചരിത്രകാരനായ ജോസീഫസ് പറഞ്ഞു. “അദ്ദേഹത്തിന് ചൊറിയാനുള്ള ശക്തമായ ആഗ്രഹമുണ്ടായിരുന്നു, കുടലിൽ പരുക്കൾ ബാധിച്ചിരുന്നു, സ്വകാര്യസ്ഥാനങ്ങൾ അർബ്ബുദം ബാധിച്ചതും കൃമികൾ നിറഞ്ഞതുമായിരുന്നു. കലേറോവയിലെ ഉഷ്ണ ഉറവകളിൽ നിന്നു തന്റെ ശ്വാസതടസ്സത്തിനും വലിച്ചുകോച്ചലുകൾക്കും ആശ്വാസം കണ്ടെത്താൻ അദ്ദേഹം വിഫലശ്രമം നടത്തി. വളരെ കഠോരമായ വേദന അനുഭവിച്ചിരുന്നതിനാൽ ഹെരോദാവു തന്നെത്താൻ കുത്തി ചാകാൻ ശ്രമിച്ചു, എന്നാൽ അദ്ദേഹത്തിന്റെ മച്ചുനൻ അദ്ദേഹത്തെ തടഞ്ഞു.”—ജോസീഫസ്: ദി എസ്സൻഷ്യൽ റൈററിംഗ്സ് (Josephus: The Essential Writings) പോൾ. എൻ. മായർ വിവർത്തനവും എഡിററിംഗും നടത്തിയത്.
ദൈവത്തിന്റെ നിയമത്തോടു പററിനിൽക്കുന്നതു ലൈംഗികമായി പകരുന്ന രോഗങ്ങൾ പോലെയുള്ള ചില കാര്യങ്ങളിൽ നിന്നുള്ള സംരക്ഷണം പ്രദാനം ചെയ്യുന്നു. എന്നിരുന്നാലും, അവന്റെ പ്രീതി തേടുന്ന നല്ല മനുഷ്യർക്കു കഷ്ടപ്പാടിൽ ഒരു കൂടിയ ഓഹരിതന്നെ ലഭിക്കുന്നതായി തോന്നുന്നത് എന്തുകൊണ്ടാണ്?
ദൈവികഭക്തിയുള്ള മനുഷ്യർ കഷ്ടപ്പെടുന്നതിന്റെ കാരണം
ദൈവിക ഭക്തിയുള്ള ആളുകൾ കഷ്ടമനുഭവിക്കുന്നതിന്റെ മുഖ്യ കാരണങ്ങളിലൊന്ന് അവർ നീതിമാൻമാരാണ് എന്നതാണ്. ഇതു ഗോത്ര പിതാവായ യാക്കോബിന്റെ പുത്രനായ യോസേഫിന്റെ സംഗതിയിൽ ദൃഷ്ടാന്തീകരിച്ചിരിക്കുന്നു. താനുമായി ലൈംഗിക ബന്ധങ്ങളിലേർപ്പെടാൻ പോത്തീഫറിന്റെ ഭാര്യ യോസേഫിനെ തുടർച്ചയായി നിർബന്ധിച്ചുവെങ്കിലും “ഞാൻ ഈ മഹാദോഷം പ്രവർത്തിച്ചു ദൈവത്തോടു പാപം ചെയ്യുന്നതു എങ്ങനെ?” എന്ന് അവൻ ചോദിച്ചു. (ഉൽപത്തി 39:9) ഇതു അന്യായമായ തടവുശിക്ഷയിലേക്കു നയിക്കുകയും നീതിമാനായിരുന്നതുകൊണ്ടു യോസേഫ് കഷ്ടമനുഭവിക്കുകയും ചെയ്തു.
എന്നാൽ തന്റെ വിശ്വസ്ത ദാസൻമാർ കഷ്ടം അനുഭവിക്കാൻ ദൈവം അനുവദിക്കുന്നത് എന്തുകൊണ്ടാണ്? അതിനുള്ള ഉത്തരം കിടക്കുന്നതു മത്സരിയായ ദൂതൻ, പിശാചായ സാത്താൻ, ഉന്നയിച്ച ഒരു വിവാദത്തിലാണ്. ഈ വിവാദത്തിൽ ദൈവത്തോടുള്ള നിർമ്മലത ഉൾപ്പെട്ടിരിക്കുന്നു. നമുക്കെങ്ങനെ അറിയാം? എന്തുകൊണ്ടെന്നാൽ നേരത്തെ പ്രസ്താവിച്ച നീതിമാനായ ഇയ്യോബിന്റെ സംഗതിയിൽ ഇതു പ്രകടമാക്കപ്പെട്ടു.
ദൈവത്തിന്റെ ദൂതപുത്രൻമാരുടെ സ്വർഗ്ഗത്തിലെ ഒരു സമ്മേളനത്തിൽ വച്ചു യഹോവ സാത്താനോട് ഇപ്രകാരം ചോദിച്ചു: “എന്റെ ദാസനായ ഇയ്യോബിന്റെ മേൽ നീ ദൃഷ്ടിവച്ചുവോ? അവനെപ്പോലെ നിഷ്ക്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയിൽ ആരുമില്ലല്ലോ.” പരിശോധിക്കപ്പെട്ടാൽ മനുഷ്യർ യഹോവയോടു നിർമ്മലത പാലിക്കുമോ എന്നതു സംബന്ധിച്ച് ഒരു തർക്കമുണ്ടായിരുന്നു എന്നതാണ് സാത്താന്റെ മറുപടി തെളിയിക്കുന്നത്. ഇയ്യോബ് ദൈവത്തെ സേവിക്കുന്നതു സ്നേഹം നിമിത്തമല്ല എന്നും അവൻ ആസ്വദിക്കുന്ന ഭൗതിക അനുഗ്രഹങ്ങൾ നിമിത്തമാണെന്നും സാത്താൻ ശഠിച്ചു. തുടർന്നു സാത്താൻ ഇപ്രകാരം പറഞ്ഞു: “തൃക്കൈ നീട്ടി അവനുള്ളതൊക്കെയും ഒന്നു തൊടുക; അവൻ നിന്നെ മുഖത്തു നോക്കി ത്യജിച്ചു പറയും.” മറുപടിയായി യഹോവ: “ഇതാ, അവനുള്ളതൊക്കെയും നിന്റെ കയ്യിൽ ഇരിക്കുന്നു; അവന്റെമേൽ മാത്രം കയ്യേററം ചെയ്യരുതു.”—ഇയ്യോബ് 1:6-12.
സാത്താൻ ഇയ്യോബിനോട് അത്രയെല്ലാം ചെയ്തിട്ടും അവൻ നീതിയുടെ ഗതിയിൽ നിലനിൽക്കുകയും സ്നേഹം നിമിത്തമാണു താൻ യഹോവയെ സേവിക്കുന്നത് എന്നു തെളിയിക്കുകയും ചെയ്തു. വാസ്തവത്തിൽ തന്നിൽ കുററം ആരോപിച്ചവരോട് ഇയ്യോബ് ഇപ്രകാരം പറഞ്ഞു: “നിങ്ങളുടെ വാദം ഞാൻ ഒരു നാളും സമ്മതിക്കയില്ല; മരിക്കുവോളം എന്റെ നിഷ്ക്കളങ്കത്വം ഉപേക്ഷിക്കയുമില്ല.” (ഇയ്യോബ് 27:5) അതെ, അത്തരം നിർമ്മലതാപാലകർ എന്നും നീതിക്കുവേണ്ടി കഷ്ടം അനുഭവിക്കാൻ തയ്യാറായിട്ടുണ്ട്. (1 പത്രോസ് 4:14-16) ദൈവത്തോട് അഭേദ്യമായ സ്നേഹമുണ്ടായിരുന്നവരും, അവനെ ബഹുമാനിക്കാൻ വേണ്ടിയും എല്ലാ മനുഷ്യരെയും യഹോവയിൽ നിന്ന് അകററാൻ കഴിയുമെന്നുള്ള സാത്താന്റെ അവകാശവാദം തെററാണെന്നു തെളിയിക്കാൻ വേണ്ടിയും നീതിയായ ജീവിതം നയിച്ചവരുമായ അനേകരെപ്പററി ബൈബിൾ പ്രസ്താവിക്കുന്നു. ദൈവത്തോടുള്ള നിർമ്മലത പാലിക്കുക നിമിത്തം കഷ്ടം അനുഭവിക്കേണ്ടിവരുന്ന ഓരോ വ്യക്തിക്കും പിശാച് ഒരു ഭോഷ്ക്കാളിയാണെന്നു തെളിയിക്കുന്നതിനാലും യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നതിനാലും സന്തുഷ്ടനായിരിക്കാൻ കഴിയും.—സദൃശവാക്യങ്ങൾ 27:11.
തന്റെ വിശ്വസ്ത ദാസൻമാരുടെ കഷ്ടപ്പാടുകൾ സംബന്ധിച്ചു ദൈവം അശ്രദ്ധനല്ല. സങ്കീർത്തനക്കാരനായ ദാവീദ് ഇപ്രകാരം പറഞ്ഞു: “വീഴുന്നവരെ ഒക്കെയും യഹോവ താങ്ങുന്നു; കുനിഞ്ഞിരിക്കുന്നവരെ ഒക്കെയും അവൻ നിവർത്തുന്നു.” (സങ്കീർത്തനം 145:14) ജീവിതത്തിലെ കഷ്ടപ്പാടുകളും യഹോവയുടെ ജനം എന്ന നിലയിൽ തങ്ങൾക്ക് അനുഭവപ്പെടുന്ന പീഡനങ്ങളും സഹിക്കാൻ, അവനു സമർപ്പിക്കപ്പെട്ടവർക്ക് വ്യക്തിപരമായി വേണ്ടത്ര ശക്തി ഇല്ലാതിരുന്നേക്കാം. എന്നാൽ ദൈവം അവരെ ശക്തിപ്പെടുത്തുകയും അവരെ താങ്ങുകയും അവരുടെ പരിശോധനകളെല്ലാം സഹിക്കുന്നതിനാവശ്യമായ ജ്ഞാനം നൽകുകയും ചെയ്യുന്നു. (സങ്കീർത്തനം 121:1-3; യാക്കോബ് 1:5, 6) പീഡകർ യഹോവയുടെ വിശ്വസ്ത ദാസൻമാരിൽ ചിലരെ കൊല്ലുന്നുവെങ്കിൽ അവർക്കു ദൈവദത്തമായ പുനരുത്ഥാന പ്രത്യാശയുണ്ട്. (യോഹന്നാൻ 5:28, 29; പ്രവൃത്തികൾ 24:15) തന്നെ സ്നേഹിക്കുന്നവർ അനുഭവിക്കുന്ന ഏതു കഷ്ടപ്പാടിന്റെയും ഫലങ്ങളെ ആ അളവോളം മാററിമറിക്കാൻ ദൈവത്തിനു കഴിയും. അവൻ ഇയ്യോബിന്റെ കഷ്ടപ്പാടുകൾ അവസാനിപ്പിക്കുകയും നീതിമാനായ ആ മനുഷ്യനെ സമൃദ്ധമായി അനുഗ്രഹിക്കുകയും ചെയ്തു. നമ്മുടെ നാളിലും യഹോവ തന്റെ ജനത്തെ ഉപേക്ഷിച്ചുകളയുകയില്ല എന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും.—ഇയ്യോബ് 42:12-16; സങ്കീർത്തനം 94:14.
പെട്ടെന്നുതന്നെ—മേലാൽ കഷ്ടപ്പാടുകൾ ഉണ്ടായിരിക്കയില്ല!
അതുകൊണ്ട് അവകാശപ്പെടുത്തിയ അപൂർണ്ണത നിമിത്തവും ഈ ദുഷ്ടവ്യവസ്ഥിതിയിൻമദ്ധ്യേ ജീവിക്കുന്നതിനാലും എല്ലാവരും കഷ്ടപ്പാടുകൾ അനുഭവിക്കുന്നു. യഹോവയോടു നിർമ്മലത പാലിക്കുന്നതുകൊണ്ടും ദൈവഭക്തിയുള്ള വ്യക്തികൾക്കു കഷ്ടാനുഭവം പ്രതീക്ഷിക്കാൻ കഴിയും. (2 തിമൊഥെയോസ് 3:12) എന്നാൽ പെട്ടെന്നുതന്നെ ദൈവം കണ്ണീരും മരണവും ദുഃഖവും മുറവിളിയും വേദനയും അവസാനിപ്പിക്കും എന്നുള്ളതിനാൽ അവർക്കു സന്തോഷിക്കാൻ കഴിയും. ഇതു സംബന്ധിച്ചു അപ്പോസ്തലനായ യോഹന്നാൻ ഇപ്രകാരം എഴുതി:
“ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞുപോയി; സമുദ്രവും ഇനി ഇല്ല. പുതിയ യെരുശലേം എന്ന വിശുദ്ധ നഗരം ഭർത്താവിനായി അലങ്കരിച്ചിട്ടുള്ള മണവാട്ടിയെപ്പോലെ ഒരുങ്ങി സ്വർഗ്ഗത്തിൽനിന്നു, ദൈവസന്നിധിയിൽ നിന്നുതന്നെ, ഇറങ്ങുന്നതും ഞാൻ കണ്ടു. സിംഹാസനത്തിൽ നിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും. അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി; സിംഹാസനത്തിൽ ഇരിക്കുന്നവൻ: ഇതാ, ഞാൻ സകലവും പുതുതാക്കുന്നു എന്നു അരുളിച്ചെയ്തു. എഴുതുക, ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു എന്നും അവൻ കൽപിച്ചു.”—വെളിപ്പാടു 21:1-5.
സമാനമായി, അപ്പോസ്തലനായ പത്രോസ് ഇപ്രകാരം പ്രഖ്യാപിച്ചു: “എന്നാൽ നാം അവന്റെ വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിനും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു.” (2 പത്രോസ് 3:13) എന്തോരു മഹത്തായ ഭാവിപ്രതീക്ഷയാണ് നമ്മുടെ മുന്നിലുള്ളത്! പറുദീസാഭൂമിയിലെ ജീവിതം നിങ്ങളുടെ സന്തോഷകരമായ പദവിയായിരിക്കാൻ കഴിയും. (ലൂക്കോസ് 23:43) അതുകൊണ്ട്, ഇന്നത്തെ കഷ്ടപ്പാടുകൾ നിങ്ങളെ രോഷാകുലരാക്കാൻ അനുവദിക്കരുത്. മറിച്ച്, ശുഭാപ്തിവിശ്വാസത്തോടെ ഭാവിയിലേക്കു നോക്കുക. നിങ്ങളുടെ പ്രത്യാശയും വിശ്വാസവും ഇപ്പോൾ വളരെ ആസന്നമായിരിക്കുന്ന ദൈവത്തിന്റെ പുതിയ ലോകത്തിൽ അർപ്പിക്കുക. യഹോവയാം ദൈവത്തിനു സ്വീകാര്യമായ ഒരു ഗതി പിന്തുടരുക, എല്ലാ കഷ്ടപ്പാടുകളിൽനിന്നും സ്വതന്ത്രമായ ഒരു ലോകത്തിൽ നിങ്ങൾക്ക് എന്നേക്കും ജീവിക്കാൻ കഴിയും.
[4-ാം പേജിലെ ചിത്രം]
ഇയ്യോബ് കഷ്ടം അനുഭവിച്ചുവെങ്കിലും അവൻ ദൈവത്തിനു സ്വീകാര്യമായ ഒരു ഗതി പിൻതുടർന്നു
[7-ാം പേജിലെ ചിത്രം]
എല്ലാ കഷ്ടപ്പാടുകളിൽ നിന്നും സ്വതന്ത്രമായ ഒരു ലോകത്തിൽ നിങ്ങൾക്കു ജീവിക്കാൻ കഴിയും
[3-ാം പേജിലെ ചിത്രത്തിനു കടപ്പാട്]
Collier’s Photographic History of the European War