“ഞങ്ങൾ മിശിഹായെ കണ്ടെത്തിയിരിക്കുന്നു”!
“[അന്ത്രെയാസ്] ആദ്യമായി തന്റെ സഹോദരൻ ശിമോനെ കണ്ടു പറഞ്ഞു: ഞങ്ങൾ മിശിഹായെ കണ്ടെത്തിയിരിക്കുന്നു. മിശിഹാ എന്നതിനു ക്രിസ്തു അല്ലെങ്കിൽ അഭിഷിക്തൻ എന്നർത്ഥം.”—യോഹന്നാൻ 1:41, പുതിയ നിയമം ആധുനിക വിവർത്തനം.
1. നസറെത്തിലെ യേശുവിനെക്കുറിച്ചു സ്നാപകയോഹന്നാൻ എന്തു സാക്ഷ്യപ്പെടുത്തി, അന്ത്രെയാസ് അവനെക്കുറിച്ച് എന്തു നിഗമനം ചെയ്തു?
അന്ത്രെയാസ് നസറെത്തിലെ യേശു എന്നു വിളിക്കപ്പെട്ട യഹൂദ മനുഷ്യനെ ദീർഘനേരം സൂക്ഷിച്ചുനോക്കി. അവന് ഒരു രാജാവിന്റെയോ ഒരു ജ്ഞാനിയുടെയോ ഒരു റബ്ബിയുടേയോ പ്രകൃതി ഇല്ലായിരുന്നു. അവനു രാജകീയ പകിട്ടോ നരച്ച മുടിയോ മാർദ്ദവമുള്ള കൈകളും അഴകാർന്ന ത്വക്കുമോ ഇല്ലായിരുന്നു. യേശു യുവാവായിരുന്നു—ഏതാണ്ടു 30 വയസ്സുള്ളവൻ—ഒരു തൊഴിലാളിയുടെ തഴമ്പുള്ള കൈകളും നിറം മങ്ങിയ ത്വക്കുമുണ്ടായിരുന്നവൻതന്നെ. അതുകൊണ്ട് അവൻ ഒരു തച്ചനാണെന്നു മനസ്സിലാക്കിയപ്പോൾ അന്ത്രെയാസ് അതിശയിച്ചിരിക്കാനിടയില്ല. എന്നിരുന്നാലും, സ്നാപകയോഹന്നാൻ ഈ മനുഷ്യനെക്കുറിച്ച് “ഇതാ ദൈവത്തിന്റെ കുഞ്ഞാടു!” എന്നു പറഞ്ഞു. തലേ ദിവസം അതിലും വിസ്മയകരമായ ചിലതു യോഹന്നാൻ പറഞ്ഞിരുന്നു: “അവിടുന്ന് ദൈവപുത്രൻ ആണ്.” ഇതു സത്യമായിരിക്കാൻ കഴിയുമോ? അന്നു യേശുവിനെ ശ്രദ്ധിച്ചുകൊണ്ട് അന്ത്രെയാസ് കുറെ സമയം ചെലവഴിച്ചു. യേശു പറഞ്ഞതെന്താണെന്നു നമുക്കറിവില്ല; അവന്റെ വാക്കുകൾ അന്ത്രെയാസിന്റെ ജീവിതത്തിനു മാററം വരുത്തിയെന്നു നമുക്കു തീർച്ചയായും അറിയാം. അവൻ തന്റെ സഹോദരനായ ശിമോനെ കണ്ടെത്താൻ ദ്രുതഗതിയിൽ പോകുകയും “ഞങ്ങൾ മിശിഹായെ കണ്ടെത്തിയിരിക്കുന്നു” എന്ന് ഉദ്ഘോഷിക്കുകയും ചെയ്തു!—യോഹന്നാൻ 1:34-41, പുതിയ നിയമം ആധുനിക വിവർത്തനം.
2. യേശു വാഗ്ദത്തമിശിഹാ ആണോയെന്നതിന്റെ തെളിവു പരിചിന്തിക്കുന്നതു പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
2 അന്ത്രെയാസും ശിമോനും (അവനു യേശു പത്രോസ് എന്നു മറുപേരിട്ടു) പിൽക്കാലത്തു യേശുവിന്റെ അപ്പോസ്തലൻമാരായിത്തീർന്നു. അവന്റെ ശിഷ്യനായി രണ്ടിലധികം വർഷം ചെലവഴിച്ചശേഷം പത്രോസ് യേശുവിനോട്: “നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു [മിശിഹ] എന്നു ഉത്തരം പറഞ്ഞു.” (മത്തായി 16:16) വിശ്വസ്തരായ അപ്പോസ്തലൻമാരും ശിഷ്യൻമാരും ആ വിശ്വാസത്തിനുവേണ്ടി തങ്ങളുടെ ജീവൻ പണയപ്പെടുത്താൻ സന്നദ്ധരാണെന്ന് ആത്യന്തികമായി തെളിഞ്ഞു. ഇന്ന്, ആത്മാർത്ഥതയുള്ള ദശലക്ഷക്കണക്കിനാളുകൾ തുല്യമായി അർപ്പണബോധമുള്ളവരാണ്. എന്നാൽ തെളിവെന്താണ്? ഏതായാലും തെളിവാണ് വിശ്വാസവും വെറും ക്ഷണികവിശ്വാസവും തമ്മിൽ വ്യത്യാസമുളവാക്കുന്നത്. (എബ്രായർ 11:1 കാണുക.) തന്നിമിത്തം യേശു തീർച്ചയായും മിശിഹാ ആയിരുന്നുവെന്നു പ്രകടമാക്കുന്ന തെളിവിന്റെ മൂന്നു പൊതു സരണികൾ നമുക്കു പരിചിന്തിക്കാം.
യേശുവിന്റെ വംശാവലി
3. മത്തായിയുടെയും ലൂക്കോസിന്റെയും സുവിശേഷങ്ങൾ യേശുവിന്റെ വംശാവലിസംബന്ധിച്ച് എന്തു വിശദാംശങ്ങൾ നൽകുന്നു?
3 യേശുവിന്റെ മിശിഹാപദവിയുടെ തെളിവിലേക്ക് ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകൾ നൽകുന്ന ഒന്നാമത്തെ തെളിവ് അവന്റെ വംശാവലിയാണ്. മിശിഹാ ദാവീദുരാജാവിന്റെ കുടുംബവംശത്തിൽ വരുമെന്നു ബൈബിൾ മുൻകൂട്ടിപ്പറഞ്ഞു. (സങ്കീർത്തനം 132:11, 12; യെശയ്യാവു 11:1, 10) മത്തായിയുടെ സുവിശേഷം ഇങ്ങനെ തുടങ്ങുന്നു: “അബ്രാഹാമിന്റെ പുത്രനായ ദാവീദിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ വംശാവലി.” മത്തായി യേശുവിന്റെ വളർത്തുപിതാവായ യോസേഫിന്റെ വംശത്തിലുള്ള അവന്റെ ഉത്ഭവം വിവരിച്ചുകൊണ്ട് ഈ ധീരമായ അവകാശവാദത്തെ പിന്താങ്ങുന്നു. (മത്തായി 1:1-16) ലൂക്കോസിന്റെ സുവിശേഷം യേശുവിന്റെ സ്വാഭാവിക മാതാവായ മറിയയിലൂടെ പിമ്പോട്ടു ദാവീദിലൂടെയും അബ്രാഹാമിലൂടെയും ആദാംവരെ വിവരിക്കുന്നു. (ലൂക്കോസ് 3:23-38)a അങ്ങനെ സുവിശേഷ എഴുത്തുകാർ നിയമപരവും സ്വാഭാവികവുമായ അർത്ഥത്തിൽ യേശു ദാവീദിന്റെ ഒരു പുത്രനാണെന്നുള്ള അവരുടെ അവകാശവാദത്തെ രേഖകളാൽ പൂർണ്ണമായും തെളിയിക്കുന്നു.
4, 5. (എ) യേശുവിന്റെ സമകാലികർ ദാവീദിൽനിന്നുള്ള അവന്റെ വംശോല്പത്തിയെ വെല്ലുവിളിച്ചോ, ഇതു സാർത്ഥകമായിരിക്കുന്നതെന്തുകൊണ്ട്? (ബി) ബൈബിൾപരമല്ലാത്ത പരാമർശങ്ങൾ യേശുവിന്റെ വംശാവലിയെ പിന്താങ്ങുന്നതെങ്ങനെ?
4 യേശുവിന്റെ മിശിഹാപദവിയുടെ ഏററവും സംശയാലുവായ എതിരാളിക്കു പോലും താൻ ദാവീദിന്റെ ഒരു പുത്രനാണെന്നുള്ള യേശുവിന്റെ അവകാശവാദത്തെ നിഷേധിക്കാൻ കഴിയില്ല. എന്തുകൊണ്ട്? രണ്ടു കാരണങ്ങളുണ്ട്. ആ അവകാശവാദം പൊ.യു. 70-ൽ യെരൂശലേം നശിപ്പിക്കപ്പെടുന്നതിനുമുമ്പ് ആ നഗരത്തിൽ വ്യാപകമായി ആവർത്തിക്കപ്പെട്ടിരുന്നു. (മത്തായി 21:9 താരതമ്യപ്പെടുത്തുക; പ്രവൃത്തികൾ 4:27; 5:27, 28.) ആ അവകാശവാദം വ്യാജമായിരുന്നെങ്കിൽ, യേശുവിന്റെ എതിരാളികളിൽ ആർക്കു വേണമെങ്കിലും—അവന് അനേകർ ഉണ്ടായിരുന്നു—പൊതുഗ്രന്ഥപ്പുരകളിലെ വംശാവലികളിൽ കേവലം യേശുവിന്റെ വംശം പരിശോധിച്ചുകൊണ്ട് അവൻ ഒരു വഞ്ചകനാണെന്നു തെളിയിക്കാൻ കഴിയുമായിരുന്നു.b എന്നാൽ ദാവീദുരാജാവിൽനിന്നുള്ള യേശുവിന്റെ വംശോത്പത്തിയെ ആരെങ്കിലും വെല്ലുവിളിക്കുന്നതിന്റെ രേഖ ചരിത്രത്തിലില്ല. സ്പഷ്ടമായി ആ അവകാശവാദം ചോദ്യംചെയ്യപ്പെടാവുന്നതായിരുന്നില്ല. മത്തായിയും ലൂക്കോസും നേരിട്ടു പൊതു രേഖകളിൽനിന്നു തങ്ങളുടെ വിവരണങ്ങൾക്കു പ്രസക്തമായ പേരുകൾ പകർത്തിയെന്നുള്ളതിനു സംശയമില്ല.
5 രണ്ടാമത്, ബൈബിളിനു പുറത്തുള്ള തെളിവുകൾ യേശുവിന്റെ വംശാവലിയുടെ പൊതു അംഗീകരണത്തെ സ്ഥിരീകരിക്കുന്നു. ഉദാഹരണത്തിന്, തൽമൂദ് യേശുവിന്റെ അമ്മയായ മറിയ ‘ആശാരിമാരുമായി വേശ്യാവൃത്തിയിലേർപ്പെട്ട’തിനു നാലാം നൂററാണ്ടിലെ ഒരു റബ്ബി ആഭാസമായ ഒരു ആക്രമണം നടത്തിയതായി രേഖപ്പെടുത്തുന്നു; എന്നാൽ അതേ ഗ്രന്ഥഭാഗം “അവൾ രാജാക്കൻമാരുടെയും ഭരണാധിപൻമാരുടെയും സന്തതിയായിരുന്നു” എന്നു സമ്മതിക്കുന്നു. അതിലും നേരത്തെയുള്ള ഒരു ഉദാഹരണമാണു രണ്ടാം നൂററാണ്ടിലെ ഒരു ചരിത്രകാരനായിരുന്ന ഹിജസിപ്പസ്. ദാവീദിന്റെ ഏതു വംശജരെയും നശിപ്പിക്കാൻ റോമൻ കൈസറായ ഡൊമീഷ്യൻ ആഗ്രഹിച്ചപ്പോൾ ആദിമക്രിസ്ത്യാനികളുടെ ചില ശത്രുക്കൾ യേശുവിന്റെ അർദ്ധസഹോദരനായ യൂദായുടെ പൗത്രൻമാർ “ദാവീദിന്റെ കുടുംബത്തിൽ പെട്ടവരാണ്” എന്നു കുററപ്പെടുത്തി എന്ന് അദ്ദേഹം പ്രതിപാദിച്ചു. യൂദാ ദാവീദിന്റെ ഒരു അറിയപ്പെട്ട സന്തതിയായിരുന്നെങ്കിൽ യേശുവും അങ്ങനെയായിരുന്നില്ലേ? അനിഷേധ്യമായിത്തന്നെ!—ഗലാത്യർ 1:19; യൂദാ 1.
മിശിഹൈക പ്രവചനങ്ങൾ
6. എബ്രായ തിരുവെഴുത്തുകളിൽ മിശിഹൈകപ്രവചനങ്ങൾ എത്ര സമൃദ്ധമാണ്?
6 യേശു മിശിഹാ ആയിരുന്നുവെന്നതിന്റെ തെളിവിന്റെ മറെറാരു സരണി നിവൃത്തിയായ പ്രവചനങ്ങളാണ്. മിശിഹായ്ക്കു ബാധകമാകുന്ന പ്രവചനങ്ങൾ എബ്രായ തിരുവെഴുത്തുകളിൽ ധാരാളമുണ്ട്. യേശു മിശിഹായുടെ ജീവിതവും കാലങ്ങളും (The Life and Times of Jesus the Messiah) എന്ന തന്റെ പുസ്തകത്തിൽ ആൽഫ്രെഡ് എഡർഷെയിം മിശിഹായെക്കുറിച്ചുള്ളതെന്നു പുരാതന റബ്ബിമാർ വീക്ഷിച്ച എബ്രായ തിരുവെഴുത്തുകളിലെ 456 ഭാഗങ്ങൾ പട്ടികപ്പെടുത്തി. എന്നിരുന്നാലും, റബ്ബിമാർക്കു മിശിഹായെക്കുറിച്ചു തെററായ അനേകം ആശയങ്ങൾ ഉണ്ടായിരുന്നു; അവർ വിരൽചൂണ്ടിയ അനേകം ഭാഗങ്ങൾ അശേഷം മിശിഹായെക്കുറിച്ചുള്ളവയല്ല. എന്നാലും യേശുവിനെ മിശിഹായായി തിരിച്ചറിയിക്കുന്ന ബഹുദശം പ്രവചനങ്ങളെങ്കിലുമുണ്ട്.—വെളിപ്പാടു 19:10 താരതമ്യപ്പെടുത്തുക.
7. യേശുവിന്റെ ഭൂമിയിലെ ഹ്രസ്വ താമസക്കാലത്ത് അവൻ നിവർത്തിച്ച പ്രവചനങ്ങളിൽ ചിലതേവ?
7 അവയിൽപെട്ടവയാണ്: അവൻ ജനിച്ച പട്ടണം (മീഖാ 5:2; ലൂക്കോസ് 2:4-11); അവന്റെ ജനനശേഷം നടന്ന കൂട്ടശിശുഹത്യാദുരന്തം (യിരെമ്യാവ് 31:15; മത്തായി 2:16-18); അവൻ ഈജിപ്തിൽനിന്നു വിളിക്കപ്പെടും (ഹോശേയ 11:1; മത്തായി 2:15); അവനെ നശിപ്പിക്കാൻ ജനതകളിലെ ഭരണാധിപൻമാർ ഒത്തുകൂടും (സങ്കീർത്തനം 2:1, 2; പ്രവൃത്തികൾ 4:25-28); 30 വെള്ളിക്കാശിനുള്ള അവന്റെ ഒററിക്കൊടുക്കൽ (സെഖര്യാവ് 11:12; മത്തായി 26:15); അവന്റെ മരണവിധം പോലും.—സങ്കീർത്തനം 22:16, NW, അടിക്കുറിപ്പ്; യോഹന്നാൻ 19:18, 23; 20:25, 27.c
അവന്റെ വരവു പ്രവചിക്കപ്പെട്ടു
8. (എ) മിശിഹാ എപ്പോൾ വരുമെന്ന് ഏതു പ്രവചനം ചൂണ്ടിക്കാട്ടുന്നു? (ബി) ഈ പ്രവചനം മനസ്സിലാക്കുന്നതിന് ഏതു രണ്ടു ഘടകങ്ങൾ അറിഞ്ഞിരിക്കണം?
8 നമുക്ക് ഒരു പ്രവചനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാം. ദാനിയേൽ 9:25-ൽ മിശിഹാ എപ്പോൾ വരുമെന്നു യഹൂദൻമാരോടു പറയപ്പെട്ടു. അതിങ്ങനെ വായിക്കപ്പെടുന്നു: “അതുകൊണ്ടു നീ അറിഞ്ഞു ഗ്രഹിച്ചുകൊള്ളേണ്ടതെന്തെന്നാൽ: യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തി പണിവാൻ കല്പന പുറപ്പെടുന്നതുമുതൽ അഭിഷിക്തനായോരു പ്രഭുവരെ (നേതാവായ മിശിഹാ, NW) ഏഴു ആഴ്ചവട്ടം; അറുപത്തിരണ്ടു ആഴ്ചവട്ടം.” ആദ്യനോട്ടത്തിൽ ഈ പ്രവചനം ഗൂഢാർത്ഥമാണെന്നു തോന്നിയേക്കാം. എന്നാൽ വിശാലമായ ഒരു അർത്ഥത്തിൽ രണ്ടു വിവരശകലങ്ങൾ മാത്രം കണ്ടെത്താനാണ് അതു നമ്മോടാവശ്യപ്പെടുന്നത്: ഒരു ആരംഭവും ഒരു കാലഘട്ടവും. ദൃഷ്ടാന്തീകരിക്കുന്നതിന്, “ടൗൺപാർക്കിലെ കിണററിങ്കൽനിന്ന് 50 കമ്പു കിഴക്കുമാറി മണ്ണിനടിയിൽ കിടക്കുന്ന ഒരു നിധി”യിലേക്കു വിരൽചൂണ്ടുന്ന ഒരു ഭൂപടം നിങ്ങൾക്കുണ്ടെങ്കിൽ നിർദ്ദേശങ്ങൾ കുഴപ്പിക്കുന്നതാണെന്നു നിങ്ങൾ കണ്ടെത്തിയേക്കാം—വിശേഷിച്ച് ഈ കിണർ എവിടെയാണെന്നോ ‘കമ്പിന്’ എന്തു നീളമുണ്ടെന്നോ നിങ്ങൾക്കറിയില്ലെങ്കിൽ. നിങ്ങൾക്കു നിധി കണ്ടെത്താൻ കഴിയേണ്ടതിനു നിങ്ങൾ ആ രണ്ടു വസ്തുതകൾ അന്വേഷിച്ചു കണ്ടുപിടിക്കുകയില്ലേ? ശരി, നാം ഒരു ആരംഭം തിരിച്ചറിയുകയും തുടർന്നുവരുന്ന കാലഘട്ടത്തെ അളക്കുകയും ചെയ്യാത്ത പക്ഷം ദാനിയേലിലെ പ്രവചനം അധികമായി അങ്ങനെയാണ്.
9, 10. (എ) അറുപത്തൊൻപത് ആഴ്ച അളക്കുന്നത് ഏതു ആരംഭഘട്ടം മുതലാണ്? (ബി) ഈ 69 ആഴ്ച എത്ര ദീർഘമായിരുന്നു, നാം ഇത് എങ്ങനെ അറിയുന്നു?
9 ഒന്നാമതായി, നമുക്ക് ആരംഭഘട്ടം, ‘യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തി പണിയാൻ കല്പന പുറപ്പെട്ട’ സമയം, ആവശ്യമാണ്. അടുത്തതായി, ആ ഘട്ടത്തിൽനിന്നുള്ള ദൈർഘ്യം നാം അറിയേണ്ടതുണ്ട്, അതായത്, ഈ 69 (7-ഉം 62-ഉം) ആഴ്ചകൾ എത്ര ദീർഘമായിരുന്നുവെന്ന്. ഈ രണ്ടു വിവരശകലങ്ങളും ലഭിക്കുക പ്രയാസമല്ല. യെരുശലേമിനെ ഒടുവിൽ പുനഃസ്ഥാപിക്കപ്പെട്ട ഒരു നഗരമാക്കിക്കൊണ്ട് അതിനു ചുററുമുള്ള മതിൽ പണിയാൻ “അർത്ഥഹ്ശഷ്ടാരാജാവിന്റെ ഇരുപതാമാണ്ടിൽ” കല്പന പുറപ്പെട്ടതായി നെഹെമ്യാവു സുവ്യക്തമായി നമ്മോടു പറയുന്നു. (നെഹെമ്യാവു 2:1, 5, 7, 8) അതു നമ്മുടെ ആരംഭഘട്ടത്തെ പൊ.യു.മു. (പൊതുയുഗത്തിനു മുമ്പ്) 455 ആക്കുന്നു.d
10 ഇപ്പോൾ, ഈ 69 ആഴ്ചകളെ സംബന്ധിച്ചാണെങ്കിൽ അവ ഏഴുദിവസമടങ്ങിയ അക്ഷരീയ ആഴ്ചകളായിരിക്കുമോ? അല്ല, എന്തെന്നാൽ മിശിഹാ പൊ.യു.മു. 455-നുശേഷം കേവലം ഒരു വർഷവും അല്പകാലവുംകൂടെ കഴിഞ്ഞപ്പോൾ പ്രത്യക്ഷപ്പെട്ടില്ല. തന്നിമിത്തം ഈ ആഴ്ചകൾ “വർഷങ്ങളുടേത്” ആണെന്നു മിക്ക ബൈബിൾ പണ്ഡിതൻമാരും (ഈ വാക്യത്തിന്റെ ഒരു അടിക്കുറിപ്പിൽ യഹൂദ താനാക്ക് ഉൾപ്പെടെ) നിരവധി ഭാഷാന്തരങ്ങളും സമ്മതിക്കുന്നു. ‘വർഷങ്ങളുടെ ആഴ്ച’ അല്ലെങ്കിൽ ഒരു സപ്തവർഷ ചക്രം എന്ന ഈ ആശയം പുരാതന യഹൂദൻമാർക്കു പരിചിതമായിരുന്നു. അവർ ഓരോ എഴു ദിവസത്തിലും ഒരു ശബത്തുദിവസം ആചരിച്ചതുപോലെ, ഓരോ ഏഴാം വർഷത്തിലും ഒരു ശബത്തുവർഷവും ആചരിച്ചിരുന്നു. (പുറപ്പാട് 20:8-11; 23:10, 11) അതുകൊണ്ടു വർഷങ്ങളുടെ 69 ആഴ്ചകൾ 7 വർഷത്തിന്റെ 69 മടങ്ങായിരിക്കും, അല്ലെങ്കിൽ 483 വർഷം. നാം ചെയ്യാൻ ശേഷിച്ചിരിക്കുന്നത് എണ്ണുക മാത്രമാണ്. പൊ.യു.മു. 455മുതൽ 483 വർഷങ്ങൾ എണ്ണുമ്പോൾ നാം പൊ.യു. 29-ൽ വന്നെത്തുന്നു—ആ വർഷത്തിൽതന്നെയായിരുന്നു യേശു സ്നാപനമേൽക്കുകയും മശിയാഹ്, മിശിഹാ, ആയിത്തീരുകയും ചെയ്തത്!—“എഴുപത് ആഴ്ചകൾ” കാണുക, തിരുവെഴുത്തുകളിൽനിന്നുള്ള ഉൾക്കാഴ്ച, വാള്യം 2, പേജ് 899 കാണുക.
11. ഇതു ദാനിയേലിന്റെ പ്രവചനത്തെ വ്യാഖ്യാനിക്കുന്ന ഒരു ആധുനികരീതി മാത്രമാണെന്നു പറയുന്നവർക്കു നമുക്ക് എങ്ങനെ ഉത്തരം കൊടുക്കാം?
11 ഇതു ചരിത്രത്തോടു യോജിക്കാൻ തക്കവണ്ണം കേവലം പ്രവചനത്തെ വ്യാഖ്യാനിക്കുന്ന ഒരു ആധുനികരീതിയാണെന്നു ചിലർ തടസ്സവാദം പറഞ്ഞേക്കാം. അങ്ങനെയാണെങ്കിൽ, യേശുവിന്റെ നാളുകളിലെ ആളുകൾ ആ കാലത്തു മിശിഹാ പ്രത്യക്ഷപ്പെടാൻ പ്രതീക്ഷിച്ചതെന്തുകൊണ്ട്? ക്രിസ്തീയ ചരിത്രകാരനായ ലൂക്കോസും റോമൻചരിത്രകാരൻമാരായ ററാസിററസും സ്യൂട്ടോണിയസും യഹൂദ ചരിത്രകാരനായ ജൊസീഫസും യഹൂദ തത്ത്വചിന്തകനായ ഫിലോയും ഈ കാലത്തോടടുത്തു ജീവിക്കുകയും ഈ പ്രതീക്ഷയുടെ അവസ്ഥക്കു സാക്ഷ്യംവഹിക്കുകയും ചെയ്തു. (ലൂക്കൊസ് 3:15) ആ നാളുകളിൽ യഹൂദൻമാർ മിശിഹായെ കാംക്ഷിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യാനിടയാക്കിയതു റോമൻമർദ്ദനമായിരുന്നുവെന്നു ചില പണ്ഡിതൻമാർ ഇന്നു ശഠിക്കുന്നു. എന്നാൽ നൂററാണ്ടുകൾക്കു മുമ്പു മൃഗീയമായ ഗ്രീക്കു പീഡനം നടന്നപ്പോൾ യഹൂദൻമാർ മിശിഹായെ പ്രതീക്ഷിക്കാതെ അന്നു പ്രതീക്ഷിച്ചതെന്തുകൊണ്ട്? “ദുർഗ്രഹങ്ങളായ പ്രവചനങ്ങ”ളായിരുന്നു ശക്തരായ ഭരണാധികാരികൾ യഹൂദ്യയിൽനിന്നു വരാനും “സാർവത്രിക സാമ്രാജ്യം കരഗതമാക്കാനും” യഹൂദൻമാർ പ്രതീക്ഷിക്കുന്നതിലേക്കു നയിച്ചതെന്നു ററാസിററസ് പറഞ്ഞതെന്തുകൊണ്ട്? അബ്ബാ ഹില്ലേൽ സിൽവർ ഇസ്രയേലിലെ മിശിഹൈക അഭ്യൂഹം (A History of Messianic Speculation in Israel) എന്ന തന്റെ പുസ്തകത്തിൽ “മിശിഹാ പൊ.യു. ഒന്നാം നൂററാണ്ടിന്റെ രണ്ടാം ചതുരംശത്തോടടുത്തു വരാൻ പ്രതീക്ഷിക്കപ്പെട്ടിരുന്നു” എന്നു സമ്മതിക്കുന്നു, റോമൻ പീഡനം നിമിത്തമല്ല, ഭാഗികമായി ദാനിയേലിന്റെ പുസ്തകത്തിൽനിന്നു നിഗമനംചെയ്ത “അന്നത്തെ ജനകീയ കാലഗണന” നിമിത്തം.
മേലിൽനിന്നു തിരിച്ചറിയിക്കപ്പെടുന്നു
12. യഹോവ യേശുവിനെ എങ്ങനെ മിശിഹായായി തിരിച്ചറിയിച്ചു?
12 യേശുവിന്റെ മിശിഹാപദവിയുടെ മൂന്നാമത്തെ തരത്തിലുള്ള തെളിവു ദൈവത്തിന്റെതന്നെ സാക്ഷ്യമാണ്. ലൂക്കോസ് 3:21, 22 അനുസരിച്ച്, യേശു സ്നാപനമേററ ശേഷം അവൻ അഖിലാണ്ഡത്തിലെ ഏററവും പാവനവും പ്രബലവുമായ ശക്തിയാൽ, യഹോവയുടെ സ്വന്തം പരിശുദ്ധാത്മാവിനാൽ, അഭിഷേകംചെയ്യപ്പെട്ടു. തന്റെ പുത്രനായ യേശുവിനെ താൻ അംഗീകരിച്ചിരിക്കുന്നുവെന്ന് തന്റെ സ്വന്തം ശബ്ദത്തിൽ യഹോവ സമ്മതിച്ചുപറഞ്ഞു. വേറെ രണ്ടു സന്ദർഭങ്ങളിൽ യഹോവ സ്വർഗ്ഗത്തിൽനിന്നു യേശുവിനോടു നേരിട്ടു സംസാരിക്കുകയും അങ്ങനെ തന്റെ അംഗീകാരത്തെ സൂചിപ്പിക്കുകയും ചെയ്തു: ഒരു പ്രാവശ്യം യേശുവിന്റെ അപ്പോസ്തലൻമാരിൽ മൂന്നുപേരുടെ മുമ്പാകെയും മറെറാരു പ്രാവശ്യം കാണികളുടെ ഒരു കൂട്ടത്തിന്റെ മുമ്പാകെയും. (മത്തായി 17:1-5; യോഹന്നാൻ 12:28, 29) കൂടാതെ, ക്രിസ്തു അഥവാ മിശിഹാ ആയുള്ള യേശുവിന്റെ പദവിയെ സ്ഥിരീകരിക്കാൻ ദൂതൻമാർ മേലിൽനിന്ന് അയക്കപ്പെട്ടു.—ലൂക്കോസ് 2:10, 11.
13, 14. യഹോവ മിശിഹാ എന്ന നിലയിലുള്ള യേശുവിന്റെ അംഗീകാരത്തെ പ്രകടമാക്കിയതെങ്ങനെ?
13 യഹോവ വീര്യപ്രവൃത്തികൾ ചെയ്യാൻ തന്റെ അഭിഷിക്തനെ അധികാരപ്പെടുത്തിക്കൊണ്ടു തന്റെ അംഗീകാരം പ്രകടമാക്കി. ദൃഷ്ടാന്തത്തിന്, യേശു മുൻകൂട്ടി ചരിത്രത്തിന്റെ വിശദാംശങ്ങൾ നൽകിയ പ്രവചനങ്ങൾ പറഞ്ഞു—ചിലത് നമ്മുടെ സ്വന്തം നാൾവരെ നീളുന്നത്.e അവൻ വിശന്ന ജനക്കൂട്ടങ്ങളെ പോഷിപ്പിക്കുകയും രോഗികളെ സൗഖ്യമാക്കുകയും ചെയ്യുന്നതുപോലെയുള്ള അത്ഭുതങ്ങളും ചെയ്തു. അവൻ മരിച്ചവരെ ഉയിർപ്പിക്കുക പോലും ചെയ്തു. അവന്റെ അനുഗാമികൾ യാഥാർത്ഥ്യമെന്നു തോന്നിക്കത്തക്കവണ്ണം ഈ വീര്യപ്രവൃത്തികളുടെ കഥകൾ കെട്ടിച്ചമക്കുകയായിരുന്നോ? ശരി, യേശു തന്റെ അത്ഭുതങ്ങളിലനേകവും ദൃക്സാക്ഷികളുടെ മുമ്പാകെയാണു ചെയ്തത്, ചില സമയങ്ങളിൽ ആയിരങ്ങൾക്കു മുമ്പാകെ. യേശു യഥാർത്ഥത്തിൽ ഈ കാര്യങ്ങൾ ചെയ്തുവെന്നതിനെ അവന്റെ ശത്രുക്കൾക്കുപോലും നിഷേധിക്കാനായില്ല. (മർക്കോസ് 6:2; യോഹന്നാൻ 11:47) കൂടാതെ, യേശുവിന്റെ അനുഗാമികൾ അങ്ങനെയുള്ള വിവരണങ്ങൾ കെട്ടിച്ചമക്കാൻ ചായ്വുള്ളവരായിരുന്നെങ്കിൽ, അവർ തങ്ങളുടെ സ്വന്തം വീഴ്ചകളുടെ കാര്യത്തിൽ ഇത്ര തുറന്നു സംസാരിക്കുന്നവരായിരുന്നതെന്തുകൊണ്ട്? യഥാർത്ഥത്തിൽ, അവർ വ്യക്തിപരമായി കെട്ടിച്ചമച്ച വെറും കെട്ടുകഥകളിലധിഷ്ഠിതമായ വിശ്വാസത്തിനുവേണ്ടി മരിക്കാൻ അവർ സന്നദ്ധരാകുമായിരുന്നോ? ഇല്ല. യേശുവിന്റെ അത്ഭുതങ്ങൾ ചരിത്രവസ്തുതകളാണ്.
14 യേശു മിശിഹാ ആണെന്നുള്ള ദൈവത്തിന്റെ സാക്ഷ്യം കൂറേക്കൂടെ മുൻപോട്ടുപോയി. യേശുവിന്റെ മിശിഹാപദവിയുടെ തെളിവ് എഴുതപ്പെടുന്നതിലും, സകല ചരിത്രത്തിലുംവെച്ച് അതിവ്യാപകമായി വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നതും വിതരണംചെയ്യപ്പെട്ടിരിക്കുന്നതുമായ പുസ്തകത്തിന്റെ ഭാഗമായിത്തീരുന്നതിലും അവൻ പരിശുദ്ധാത്മാവുമുഖേന ശ്രദ്ധിച്ചു.
യഹൂദൻമാർ യേശുവിനെ സ്വീകരിക്കാഞ്ഞതെന്തുകൊണ്ട്?
15. (എ) യേശുവിനെ മിശിഹാ എന്ന നിലയിൽ തിരിച്ചറിയിക്കുന്ന സാക്ഷ്യങ്ങൾ എത്ര വിപുലമാണ്? (ബി) യഹൂദൻമാരുടെ ഏതു പ്രതീക്ഷകൾ അവരിലനേകർ മിശിഹാ എന്ന നിലയിൽ അവനെ തള്ളിക്കളയുന്നതിലേക്കു നയിച്ചു?
15 അപ്പോൾ, തെളിവിന്റെ ഈ മൂന്നു വിഭാഗങ്ങളിൽ യേശുവിനെ മിശിഹായായി തിരിച്ചറിയിക്കുന്ന, അക്ഷരീയമായി ശതക്കണക്കിനു വസ്തുതകൾ ഉൾക്കൊണ്ടിരിക്കുന്നു. അതു പോരേ? ഒരു ഡ്രൈവറുടെ ലൈസൻസിനുവേണ്ടിയോ ഒരു ക്രെഡിററ് കാർഡിനുവേണ്ടിയോ അപേക്ഷിക്കുന്നുവെന്നും വ്യക്തിയെ തിരിച്ചറിയിക്കുന്ന മൂന്നു തെളിവുകൾ മതിയാകയില്ലെന്ന്—നിങ്ങൾ നൂറുകണക്കിനു തെളിവുകൾ ഹാജരാക്കണമെന്ന്—പറയുന്നുവെന്നും സങ്കൽപ്പിക്കുക. എത്ര ന്യായരഹിതം! അപ്പോൾ യേശു ബൈബിളിൽ മതിയാംവണ്ണം തിരിച്ചറിയിക്കപ്പെട്ടിരിക്കുന്നു. എന്നാൽ യേശുവിന്റെ സ്വന്തം ജനത്തിൽപ്പെട്ട അനേകർ അവൻ മിശിഹാ ആണെന്നുള്ള ഈ സകല തെളിവുകളും നിഷേധിച്ചതെന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ യഥാർത്ഥ വിശ്വാസത്തിനു തെളിവു പ്രധാനമാണെങ്കിലും അതു വിശ്വാസത്തിന് ഉറപ്പു നൽകുന്നില്ല. സങ്കടകരമെന്നു പറയട്ടെ, അനേകർ തങ്ങൾ വിശ്വസിക്കാനാഗ്രഹിക്കുന്നതാണു വിശ്വസിക്കുന്നത്, സുവ്യക്തമായ തെളിവിനെ അവഗണിച്ചുകൊണ്ടുപോലും. മിശിഹായുടെ കാര്യത്തിൽ, തങ്ങൾക്കു വേണ്ടതെന്താണെന്നുള്ളതിൽ സുനിശ്ചിതമായ ആശയങ്ങൾ മിക്ക യഹൂദൻമാർക്കും ഉണ്ടായിരുന്നു. അവർ ആഗ്രഹിച്ചതു റോമൻ മർദ്ദനത്തിന് അറുതിവരുത്തുന്നവനും ഒരു ഭൗതികരീതിയിൽ ശലോമോന്റെ നാളുകളിലെ മഹത്വത്തിൽ ഇസ്രയേലിനെ പുനഃസ്ഥാപിക്കുന്നവനുമായ ഒരു രാഷ്ട്രീയ മിശിഹായെ ആയിരുന്നു. അപ്പോൾ ഒരു തച്ചന്റെ ഈ എളിയ മകനെ, രാഷ്ട്രീയത്തിലോ ധനത്തിലോ യാതൊരു താത്പര്യവും കാണിക്കാഞ്ഞ ഈ നസറായനെ, അവർക്ക് എങ്ങനെ സ്വീകരിക്കാൻ കഴിയും? വിശേഷിച്ച് അവൻ കഷ്ടമനുഭവിക്കുകയും ലജ്ജാകരമായി ഒരു ദണ്ഡനസ്തംഭത്തിൽ മരിക്കുകയും ചെയ്തശേഷം അവനു മിശിഹായായിരിക്കാൻ എങ്ങനെ കഴിയുമായിരുന്നു?
16. യേശുവിന്റെ അനുഗാമികൾ മിശിഹായെസംബന്ധിച്ച തങ്ങളുടെ സ്വന്തം പ്രതീക്ഷകളെ നേരേയാക്കേണ്ടിയിരുന്നതെന്തുകൊണ്ട്?
16 യേശുവിന്റെ സ്വന്തം ശിഷ്യൻമാർ അവന്റെ മരണത്തിൽ അന്ധാളിച്ചുപോയി. അവന്റെ മഹത്വമാർന്ന പുനുരുത്ഥാനശേഷം അവർ പ്രത്യക്ഷത്തിൽ ഉടൻതന്നെ അവൻ ‘ഇസ്രയേലിനു രാജ്യം പുനഃസ്ഥാപിക്കു’മെന്ന് ആശിച്ചു. (പ്രവൃത്തികൾ 1:6) എന്നാൽ ഈ വ്യക്തിപരമായ പ്രത്യാശ സാക്ഷാത്ക്കരിക്കപ്പെടാഞ്ഞതുകൊണ്ടുമാത്രം അവർ യേശുവിനെ മിശിഹായെന്ന നിലയിൽനിന്നു തള്ളിക്കളഞ്ഞില്ല. അവർ ലഭ്യമായിരുന്ന സമൃദ്ധമായ തെളിവിനെ അടിസ്ഥാനപ്പെടുത്തി അവനിൽ വിശ്വാസം പ്രകടമാക്കി. അവരുടെ ഗ്രാഹ്യം ക്രമേണ വളർന്നു; മർമ്മങ്ങൾ വ്യക്തമായി. ഈ ഭൂമിയിൽ ഒരു മനുഷ്യനായിരുന്ന ചുരുങ്ങിയ കാലത്തു മിശിഹായ്ക്ക് അവനെക്കുറിച്ചുള്ള സകല പ്രവചനങ്ങളും നിവർത്തിക്കാൻ കഴിയുമായിരുന്നില്ലെന്ന് അവർ മനസ്സിലാക്കാനിടയായി. എന്തിന്, അവൻ എളിയ രീതിയിൽ ഒരു കഴുതക്കുട്ടിപ്പുറത്തു കയറിവരുന്നതിനെക്കുറിച്ച് ഒരു പ്രവചനം പറഞ്ഞു, അതേസമയം മറെറാന്ന് അവൻ മേഘങ്ങളിൽ മഹത്വത്തിൽ വരുന്നതിനെക്കുറിച്ചു പറഞ്ഞു! രണ്ടും എങ്ങനെ സത്യമായിരിക്കാൻ കഴിയും? അവൻ രണ്ടാം പ്രാവശ്യം വരേണ്ടിയിരുന്നുവെന്നു സ്പഷ്ടമായിരുന്നു.—ദാനിയേൽ 7:13; സെഖര്യാവു 9:9.
മിശിഹാ മരിക്കേണ്ടിയിരുന്നതിന്റെ കാരണം
17. ദാനിയേലിന്റെ പ്രവചനം മിശിഹാ മരിക്കേണ്ടതാണെന്നു വ്യക്തമാക്കിയതെങ്ങനെ, അവൻ ഏതു കാരണത്തിനാണു മരിക്കുന്നത്?
17 മാത്രവുമല്ല, മിശിഹാ മരിക്കേണ്ടതാണെന്നു മിശിഹൈകപ്രവചനങ്ങൾ വ്യക്തമാക്കി. ഉദാഹരണത്തിന്, മിശിഹാ വരുന്നതെപ്പോഴെന്നു മുൻകൂട്ടിപ്പറഞ്ഞിരുന്ന പ്രവചനംതന്നെ അടുത്ത വാക്യത്തിൽ ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞു: “[ഏഴാഴ്ചയെ തുടർന്നുള്ള] അറുപത്തിരണ്ടു ആഴ്ചവട്ടം കഴിഞ്ഞിട്ടു അഭിഷിക്തൻ (മിശിഹാ, NW) ഛേദിക്കപ്പെടും.” (ദാനിയേൽ 9:26) “ഛേദിക്കപ്പെടുക” എന്നതിന് ഇവിടെ ഉപയോഗിക്കപ്പെട്ടിരിക്കുന്ന കരാത്ത് എന്ന എബ്രായ പദം മോശൈകന്യായപ്രമാണത്തിൽ വധശിക്ഷക്ക് ഉപയോഗിക്കപ്പെട്ടിരിക്കുന്ന അതേ പദമാണ്. നിസ്സംശയമായി മിശിഹാ മരിക്കണമായിരുന്നു. എന്തുകൊണ്ട്? 24-ാം വാക്യം നമുക്ക് ഉത്തരം നൽകുന്നു: “അതിക്രമത്തെ തടസ്ഥംചെയ്തു പാപങ്ങളെ മുദ്രയിടുവാനും അകൃത്യത്തിന്നു പ്രായശ്ചിത്തംചെയ്തു നിത്യനീതി വരുത്തുവാനും.” അകൃത്യത്തിനു പരിഹാരം വരുത്തുവാൻ ഒരു യാഗത്തിന്, ഒരു മരണത്തിന്, മാത്രമേ കഴികയുള്ളുവെന്നു യഹൂദൻമാർക്കു നന്നായി അറിയാമായിരുന്നു.—ലേവ്യപുസ്തകം 17:11; എബ്രായർ 9:22 താരതമ്യംചെയ്യുക.
18. (എ) മിശിഹാ കഷ്ടമനുഭവിക്കുകയും മരിക്കുകയും ചെയ്യേണ്ടതാണെന്നു യെശയ്യാവു 53-ാം അദ്ധ്യായം പ്രകടമാക്കുന്നതെങ്ങനെ? (ബി) ഈ പ്രവചനം വിരോധാഭാസമെന്നു തോന്നുന്ന എന്തു സംഗതി ഉന്നയിക്കുന്നു?
18 മററുള്ളവരുടെ പാപങ്ങൾ മറയ്ക്കുന്നതിനു കഷ്ടപ്പെടുകയും മരിക്കയും ചെയ്യേണ്ട യഹോവയുടെ ഒരു പ്രത്യേക ദാസനായിട്ടാണു യെശയ്യാവു 53-ാം അദ്ധ്യായം മിശിഹായെക്കുറിച്ചു പറയുന്നത്. 5-ാം വാക്യം പറയുന്നു: “അവൻ നമ്മുടെ അതിക്രമങ്ങൾ നിമിത്തം മുറിവേററും നമ്മുടെ അകൃത്യങ്ങൾ നിമിത്തം തകർന്നുമിരിക്കുന്നു.” ഇതേ പ്രവചനം ഈ മിശിഹാ “ഒരു അകൃത്യയാഗമായി” മരിക്കേണ്ടതാണെന്നു നമ്മോടു പറഞ്ഞശേഷം അവൻതന്നെ “ദീർഘായുസ്സു പ്രാപിക്കുകയും യഹോവയുടെ ഇഷ്ടം അവന്റെ കയ്യാൽ സാധിക്കുകയും ചെയ്യും” എന്നു വെളിപ്പെടുത്തുന്നു. (വാക്യം 10) അത് ഒരു വിരോധാഭാസമല്ലേ? മിശിഹായ്ക്കു മരിക്കാനും അനന്തരം “ദീർഘായുസ്സു പ്രാപിക്കാനും” എങ്ങനെ കഴിയും. അവന് ഒരു യാഗമായി അർപ്പിക്കപ്പെടാനും പിന്നീട് ‘യഹോവയുടെ ഇഷ്ടം സാധിപ്പിക്കാനും’ എങ്ങനെ കഴിയും? തീർച്ചയായും അവനു മരിക്കാനും അവനെക്കുറിച്ചുള്ള അതിപ്രധാന പ്രവചനങ്ങൾ, അതായത് അവൻ രാജാവായി എന്നേക്കും വാഴുമെന്നും മുഴു ലോകത്തിലും സമാധാനവും സന്തുഷ്ടിയും കൈവരുത്തുമെന്നുമുള്ള പ്രവചനങ്ങൾ, നിവർത്തിക്കാതെ മരിച്ചവനായിരിക്കാനും എങ്ങനെ കഴിയുമായിരുന്നു?—യെശയ്യാവു 9:6, 7.
19. യേശുവിന്റെ പുനരുത്ഥാനം പരസ്പരവിരുദ്ധമെന്നു തോന്നുന്ന മിശിഹായെക്കുറിച്ചുള്ള പ്രവചനങ്ങളെ പൊരുത്തപ്പെടുത്തുന്നതെങ്ങനെ?
19 ഈ വിരോധാഭാസമെന്നു തോന്നുന്ന സംഗതി പകിട്ടാർന്ന ഒരൊററ അത്ഭുതത്താൽ പരിഹരിക്കപ്പെട്ടു. യേശു ഉയിർപ്പിക്കപ്പെട്ടു. പരമാർത്ഥഹൃദയികളായ നൂറുകണക്കിനു യഹൂദൻമാർ ഈ മഹത്തായ യാഥാർത്ഥ്യത്തിനു ദൃക്സാക്ഷികളായി. (1 കൊരിന്ത്യർ 15:6) അപ്പോസ്തലനായ പൗലോസ് പിൽക്കാലത്ത് ഇങ്ങനെ എഴുതി: “യേശുവോ [ക്രിസ്തു] പാപങ്ങൾക്കുവേണ്ടി ഏകയാഗം കഴിച്ചിട്ടു എന്നേക്കും ദൈവത്തിന്റെ വലതുഭാഗത്തു ഇരുന്നുകൊണ്ടു തന്റെ ശത്രുക്കൾ തന്റെ പാദപീഠമാകുവോളം കാത്തിരിക്കുന്നു.” (എബ്രായർ 10:10, 12, 13) അതെ, യേശു സ്വർഗ്ഗീയ ജീവനിലേക്കു പുനരുത്ഥാനം പ്രാപിച്ച ശേഷവും “കാത്തിരി”പ്പിന്റെ ഒരു കാലഘട്ടത്തിനുശേഷവുമാണ് അവൻ ഒടുവിൽ രാജാവായി സിംഹാസനസ്ഥനാക്കപ്പെടുകയും തന്റെ പിതാവായ യഹോവയുടെ ശത്രുക്കൾക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യുന്നത്. സ്വർഗ്ഗീയ രാജാവെന്ന തന്റെ റോളിൽ മിശിഹായായ യേശു ഇപ്പോൾ ജീവിക്കുന്ന ഓരോ വ്യക്തിയുടെയും ജീവിതത്തെ ബാധിക്കുന്നുണ്ട്. ഏതു വിധത്തിൽ? നമ്മുടെ അടുത്ത ലേഖനം അതു പരിചിന്തിക്കും.
[അടിക്കുറിപ്പുകൾ]
a “യോസേഫ് ഹേലിയുടെ മകൻ” എന്നു ലൂക്കൊസ് 3:24 പറയുമ്പോൾ, ഹേലി മറിയയുടെ സ്വാഭാവികപിതാവായിരുന്നതിനാൽ സ്പഷ്ടമായി “മരുമകൻ” എന്ന അർത്ഥത്തിലാണു “പുത്രൻ” എന്ന് അതു പറയുന്നത്.—തിരുവെഴുത്തുകളിൽനിന്നുള്ള ഉൾക്കാഴ്ച, വാല്യം 1, പേജുകൾ 913-17.
b യഹൂദചരിത്രകാരനായ ജൊസീഫസ് തന്റെ സ്വന്തം വംശാവലി അവതരിപ്പിക്കുമ്പോൾ അങ്ങനെയുള്ള രേഖകൾ പൊ.യു. 70-നു മുമ്പു ലഭ്യമായിരുന്നുവെന്നു വ്യക്തമാക്കുന്നു. ഈ രേഖകൾ പ്രത്യക്ഷത്തിൽ യെരൂശലേം നഗരത്തോടുകൂടെ നശിപ്പിക്കപ്പെടുകയും മിശിഹാപദവി സംബന്ധിച്ചുള്ള പിൽക്കാല അവകാശവാദങ്ങൾ തെളിയിക്കാൻ കഴിയാത്തവയാക്കുകയും ചെയ്തു.
c തിരുവെഴുത്തുകളിൽനിന്നുള്ള ഉൾക്കാഴ്ച, വാള്യം 2, പേജ് 387.
d പുരാതന ഗ്രീക്ക്, ബാബിലോന്യ, പേർഷ്യൻ, പ്രമാണങ്ങളിൽ അർത്ഥഹ്ശഷ്ടാരാജാവിന്റെ വാഴ്ചയുടെ ഒന്നാം വർഷം പൊ.യു.മു. 474 ആയിരുന്നുവെന്നു സൂചിപ്പിക്കുന്ന ഈടുററ തെളിവുണ്ട്. തിരുവെഴുത്തുകളിൽനിന്നുള്ള ഉൾക്കാഴ്ച, വാള്യം 2, പേജുകൾ 614-16, 900 കാണുക.
e അങ്ങനെയുള്ള ഒരു പ്രവചനത്തിൽ, തന്റെ നാളിനുശേഷം വ്യാജ മിശിഹാമാർ എഴുന്നേൽക്കുമെന്ന് അവൻ മുൻകൂട്ടിപ്പറഞ്ഞു. (മത്തായി 24:23-26) മുൻ ലേഖനം കാണുക.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
◻ യേശു വാഗ്ദത്തമിശിഹാ ആണോയെന്നതിന്റെ തെളിവു പരിശോധിക്കുന്നതെന്തിന്?
◻ യേശുവിന്റെ വംശാവലി അവന്റെ മിശിഹാപദവിയെ പിന്താങ്ങുന്നതെങ്ങനെ?
◻ യേശു മിശിഹാ ആയിരുന്നുവെന്നു തെളിയിക്കാൻ ബൈബിൾപ്രവചനങ്ങൾ സഹായിക്കുന്നതെങ്ങനെ?
◻ മിശിഹാ എന്ന നിലയിലുള്ള യേശുവിന്റെ തിരിച്ചറിയലിനെ ഏതു വിധങ്ങളിൽ യഹോവ വ്യക്തിപരമായി സ്ഥിരീകരിച്ചു?
◻ വളരെയധികം യഹൂദൻമാർ മിശിഹാ എന്ന നിലയിൽ യേശുവിനെ തള്ളിക്കളഞ്ഞതെന്തുകൊണ്ട്, ഈ കാരണങ്ങൾ ഈടുററതല്ലാഞ്ഞതെന്തുകൊണ്ട്?
[12-ാം പേജിലെ ചിത്രം]
യേശുവിന്റെ അനേകം അത്ഭുതങ്ങളിൽ ഓരോന്നും അവന്റെ മിശിഹാപദവിയുടെ കൂടുതലായ തെളിവു നൽകി